ഒറ്റയാൻ : ഭാഗം 18
എഴുത്തുകാരി: വാസുകി വസു
പൊടുന്നനെ വാഹനത്തിന്റെ ലൈറ്റ് അണഞ്ഞു.എന്നാലും ആരുടെയൊക്കയോ നിലവിളികൾ ഞാൻ കേട്ടു.തപ്പി തടഞ്ഞു ഞാൻ എഴുന്നേറ്റു. ശരീരത്തിനു നല്ല പെയിൻ പോലെ….
കുറെസമയം കഴിഞ്ഞു.
ഇരുട്ടിൽ അലർച്ചകൾ നിന്നു.നിർത്തിയിട്ടിരുന്ന വാഹനം സ്റ്റാർട്ടായി അകന്നു പോകുന്നു.
“ഒറ്റയാനെവിടെ”
എനിക്കാകെ വെപ്രാളമായി….
“ഏട്ടാ ഏട്ടാ… ഞാൻ നിലവിളിക്കാൻ തുടങ്ങി..
” ഞാൻ ഇവിടെയുണ്ട്.. വസു”
കുറച്ചകലേന്ന് ഏട്ടന്റെ ശബ്ദം ഞാൻ കേട്ടു…ഞാൻ മുന്നോട്ടു നീങ്ങാൻ ഭാവിച്ചു…
“വസൂ നീയവിടെ നിന്നോ ഞാനങ്ങ് വരാം”
ഒരുനിമിഷം സമയം എടുത്തു ഒറ്റയാൻ എനിക്ക് അരികിലെത്താൻ.ഒറ്റയാൻ എത്തിയതും ഞാൻ അടുത്ത് ചെന്നു…
“ഏട്ടനെന്തെങ്കിലും പറ്റിയോ”
എന്റെയുള്ളിലെ വേദന ഒറ്റയാൻ തിരിച്ചറിഞ്ഞു..
“എനിക്ക് കുഴപ്പമൊന്നുമില്ല..നിനക്കോ”
“വണ്ടിയിൽ നിന്ന് വീണതിനാൽ ശരീരത്തിനു നല്ല വേദനയുണ്ട്”
“നമുക്ക് ഹോസ്പിറ്റൽ പോകാം”
മറിഞ്ഞു കിടന്ന യമഹ ഒറ്റയാൻ പൊക്കിയെടുത്തു.പെട്രോളിന്റെ ഗന്ധം അവിടെ തങ്ങി നിൽക്കുന്നു… വണ്ടി താഴേക്ക് മറിഞ്ഞു കിടന്നതിൽ പെട്രോൾ അവിടെമാകെ വീണിട്ടുണ്ട്…
ബൈക്ക് കുറച്ചു കൂടി മുമ്പോട്ട് നീക്കിയാണു ഒറ്റയാൻ സ്റ്റാർട്ട് ചെയ്തത്…
ബൈക്ക് സ്റ്റാർട്ടായതും ഞാൻ പിന്നിൽ കയറി ഇരുന്നു.സഹിക്കാൻ വയ്യാത്ത വേദന.ശരീരം എവിടെയോ മുറിഞ്ഞിട്ടുണ്ട്…
ഹോസ്പിറ്റലിൽ ബൈക്ക് നിർത്തി ലൈറ്റിന്റെ പ്രകാശത്തിൽ ഞാൻ ഒറ്റയാനെ കണ്ടുഞെട്ടി…
ശരീരം നിറയെ ബ്ലഡ് ആണ്.. ഷർട്ടിലും പാന്റിലും അഴുക്കുമുണ്ട്…
“ഏട്ടാ..ബ്ലഡ്”
ഒറ്റയാൻ ചിരിച്ചു…
“ഇതൊക്കെ എന്ത്.അടിക്കിടയിൽ പറ്റിയതാണല്ലൊ”
“ഏട്ടനു അങ്ങനെയൊക്കെ പറയാം.. എന്തെങ്കിലും പറ്റിയാൽ എനിക്കല്ലെ നഷ്ടം”
ആർത്തലച്ചു പെയ്ത മഴപോലെ എന്റെ മിഴികൾ പെയ്തു കൊണ്ടിരുന്നു…
ഞാനെന്റെ വേദന മറന്നു. ഏട്ടനെ പരിചരിക്കുന്നതിലായി എന്റെ ശ്രദ്ധ മുഴുവനും…
ഒരുമണിക്കൂറോളം ഞങ്ങൾ ഹോസ്പിറ്റലിൽ ചിലവഴിച്ചു. മുത്തശ്ശനെയും ജോസേട്ടനെയും വിവരം അറിയിച്ചില്ല.അവർ പേടിക്കണ്ടെന്ന് കരുതി…
ഏട്ടന്റെ കയ്യിലും നെറ്റിയിലും മുറിവുണ്ട്.വെച്ചുകെട്ടുമായി ഞങ്ങൾ വീട്ടിലെത്തിയപ്പോൾ ജോസേട്ടനും മുത്തശ്ശനും ഞെട്ടുന്നത് കണ്ടു…
“എന്തുപറ്റി”
പരിഭ്രമിച്ചു അവർ ഞങ്ങൾക്ക് അരികിലെത്തി… ഞാൻ നടന്നതെല്ലാം അവരോട് പറഞ്ഞു…
“ശരി രണ്ടു പേരും പോയി റെസ്റ്റെടുക്ക്”
ഞാനും ഏട്ടനും കൂടി ഏട്ടന്റെ ബഡ് റൂമിലേക്ക് പോയി…
“ഏട്ടാ ഭക്ഷണം കഴിച്ചിട്ട് മരുന്ന് കഴിക്കാം.”
ഞാൻ കിച്ചണിൽ നിന്ന് ഫുഡ് എടുത്തിട്ട് വന്നും…
“നീ കൂടി കഴിക്ക്”
ഞാനും ഏട്ടനും കൂടി ഭക്ഷണം കഴിച്ചു. ഏട്ടനു ടാബലെറ്റ് കൊടുത്തിട്ട് മുത്തശ്ശനും ജോസേട്ടനും ഉള്ള ഭക്ഷണം ഡൈനിങ് ടേബിളിൽ എടുത്തു വെച്ചു അവരെ വിളിച്ചു….
അവരും കൂടി കഴിച്ചതോടെ പാത്രങ്ങൾ കിച്ചണിൽ കൊണ്ട് ചെന്ന് വെച്ചു…
“ഇന്നെനിക്ക് കഴുകാൻ വയ്യ..നാളെയാകട്ടെ”
ജോലിക്കാരി പകൽ മാത്രമേയുള്ളൂ.. രാത്രി അവർ വീട്ടിൽ പോകും…
ഞാൻ ഹാളിൽ വരുമ്പോൾ മുത്തശ്ശനും ജോസേട്ടനും കൂടി കത്തിവെക്കുവാണ്…
“നാളെ കേസ് കൊടുക്കണം…ഇനിയിങ്ങനെ അവരെ വിട്ടാൽ പറ്റില്ല”
“അതൊക്കെ വേണ്ട രീതിയിൽ രുദ്രപ്രതാപ് കൈകാര്യം ചെയ്തോളും”
മുത്തശ്ശന്റെ തീരുമാനത്തെ ഞാൻ ചോദ്യം ചെയ്തില്ല.ഗുഡ്നൈറ്റ് ആശംസിച്ചു ഞാനെന്റെ മുറിയിലേക്ക് വന്നു.എനിക്കുളള ടാബ്‌ലെറ്റ് എടുത്തു കഴിച്ചിട്ട് കിടന്നു….
വെറുതെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് എനിക്ക് ഉറക്കം വന്നില്ല.ഞാൻ എഴുന്നേറ്റു ഒറ്റയാന്റെ മുറിയിലെത്തി…
മുറിയിൽ ലൈറ്റ് അണച്ചിരുന്നില്ല…
“ഏട്ടൻ ഉറങ്ങിയില്ലേ..”
“ഇല്ല..നീ കിടന്നില്ലേ”
“ഇല്ല ഏട്ടാ..ഉറക്കം വരുന്നില്ല”..
ഞാൻ ചെന്ന് കതക് അടച്ചിട്ട് ഏട്ടന്റെ അടുത്ത് ഇരുന്നു.ഒറ്റയാന്റെ നെറ്റിയിൽ തലോടി.അറിയാതെ എന്റെയുള്ളിൽ സങ്കടം ഇരച്ചെത്തി.ഞാൻ കുനിഞ്ഞ് ഏട്ടന്റെ നെറ്റിയിൽ ചുംബിച്ചു.കണ്ണിൽ നിന്നും രണ്ടു തുള്ളി അടർന്നു ഒറ്റയാന്റെ നെറ്റിയിൽ വീണു…
” എന്താടി വസു..കുട്ടികളെപ്പോലെ കരയുന്നത് ”
ഏട്ടൻ എന്നെ ശാസിച്ചു…
സങ്കടം വന്ന് അങ്ങനെ തികട്ടി നിൽക്കുകയാണ്…
“ഏട്ടാ എനിക്ക് പ്രതികാരമൊന്നും വേണ്ട..ഏട്ടനെക്കൂടിയെനിക്ക് നഷ്ടപ്പെടാൻ വയ്യ”
അനുസരണയില്ലാത്ത മിഴികൾ ഒഴുകിക്കൊണ്ടിരുന്നു…ഏട്ടന്റെ കൈവിരലുകൾ എന്റെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു…
“ഞാനും കൂടി കിടന്നോട്ടെയിവിടെ”
ഏട്ടന്റെ അനുവാദത്തിനായി ഞാൻ കാത്തു നിന്നു…
“കിടന്നോളൂ”
സമ്മതം ലഭിച്ചതോടെ ഞാൻ ഏട്ടനെ കെട്ടിപ്പിടിച്ചു കിടന്നു….
“ഏട്ടാ….”
“എന്തുവാടീ”
“ഒന്നൂല്ല…”
“നിന്നെക്കൊണ്ട് ഞാൻ തോറ്റു”
ഞാൻ തിരിഞ്ഞ് ഏട്ടന്റെ മുഖത്ത് നോക്കി. കുനിഞ്ഞ് ഞാനൊരുമ്മ കൊടുത്തു…
എനിക്കങ്ങ് വല്ലാതെ സ്നേഹമങ്ങ് കൂടിപ്പോയി…ഉമ്മ കൊടുത്തിട്ട് ചുണ്ടുകൾ വേർപ്പെടുത്താൻ ശ്രമിച്ചെങ്കിലും എന്നെ ചുറ്റിയിരുന്ന കരങ്ങൾക്ക് ശക്തിയേറി….
ഒടുവിൽ ഏട്ടൻ തന്നെ ചുണ്ടുകൾ പിൻ വലിച്ചു.. ഞാൻ അപ്പോഴും മറ്റേതോ ലോകത്തായിരുന്നു….
“വസൂ…”
ഏട്ടനെന്നെ തട്ടിവിളിച്ചു….
“നീയേത് ലോകത്താണ്..ഞാൻ ഓരോന്നും ഓർത്ത്…”
വാക്കുകൾ പകുതി നിർത്തി ഞാൻ…
“അതൊക്കെ വിട്ടുകളയ് വസൂ..കളി എന്താണെന്ന് നാളെ ഞാൻ അവന്മാരെ അറിയിക്കുന്നുണ്ട്”
“വഴക്കിനൊന്നും പോകണ്ട..പരാതി കൊടുത്താൽ മതി”
“ഓ..അങ്ങനെയെങ്കിൽ അങ്ങനെ”
ഞങ്ങൾ കുറച്ചു നേരം കൂടി സംസാരിച്ചു.അങ്ങനെ ഏട്ടനെ കെട്ടിപ്പിടിച്ചു ഞാൻ ഉറങ്ങിപ്പോയി…
രാവിലെ ഏട്ടനാണ് എന്നെ വിളിച്ചു ഉണർത്തിയത്…
“എടീ എഴുന്നേൽക്ക്…സമയം ഒരുപാടായി”
ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റതിനാൽ പെട്ടന്നെനിക്ക് സ്ഥലകാലബോധം കിട്ടിയില്ല. എഴുന്നേറ്റു കാൽ നിലത്തേക്ക് വെച്ചതും കാലിനു ബലമില്ലാതെ വീഴാൻ പോയി.ഏട്ടനാണ് എന്നെ താങ്ങി നിർത്തിയത്…..
മുഖം കഴുകി ഞാൻ എന്റെ മുറിയിലേക്ക് വന്നു.ഭാഗ്യം മുത്തശ്ശനും ജോസേട്ടനും കണ്ടില്ല.കണ്ടാലിനി അതുമതി കൊല്ലാൻ…
കിച്ചണിൽ വന്നപ്പോൾ ജോലിക്കാരി ചേച്ചി വന്നിട്ടുണ്ട്… ചൂടോടെയൊരു ചായ കുടിച്ചതും ഉന്മേഷം തേന്നി..
ചെറു ചൂടുവെളളത്തിൽ അടിപൊളിയൊരു കുളിയും പാസ്സാക്കി ഞാൻ തിരികെ വന്നു.അപ്പോഴേക്കും ഒറ്റയാൻ ഒരുങ്ങിയെത്തി…
“എവിടേക്കാ..ഇന്നെങ്കിലു റെസ്റ്റ് എടുക്കരുതോ ഏട്ടാ”
“കുറച്ചു പണിയുണ്ട് വസു'”
ഞാൻ കാണാൻ തുടങ്ങിയപ്പോൾ മുതൽ ഈ ഓട്ടമാണ് ഒറ്റയാൻ. പകൽ കൂടുതലും ബിസിയാണ്.എന്തെങ്കിലും അത്യാവശ്യമാണെങ്കിൽ മാത്രമേ പുള്ളിയെ കിട്ടൂ…
പഠിക്കാൻ പോയിരുന്ന ടൈമിൽ കൊണ്ട് വിടാനും വിളിക്കാനും വരും.അത്രയെ അറിയൂ….
“പറ്റില്ല..ഇന്ന് ഞാനെങ്ങും വിടില്ല.ഇന്നുകൂടി റെസ്റ്റ് എടുക്കണമെന്നല്ലേ ഡോക്ടർ പറഞ്ഞത്.ഞാനും ഓഫീസിൽ പോകുന്നില്ല ഇന്ന്”
നിർബന്ധിച്ച് ഞാൻ ഒറ്റയാനെ അന്ന് വീട്ടിൽ നിർത്തി…ഏട്ടന്റെ സാന്നിദ്ധ്യം ഞാനിപ്പോൾ കൂടുതൽ ആഗ്രഹിക്കുന്നു….
പിറ്റേന്ന് മുതൽ ഞാൻ ഓഫീസിലേക്ക് പോയിത്തുടങ്ങി…ഒറ്റയാന്റെ സാന്നിദ്ധ്യം കൂടെയില്ലെങ്കിലും ഫോൺ വിളിച്ചാൽ എപ്പോൾ വേണമെങ്കിലും ഓടിയെത്തും….
ഒരുമാസം പെട്ടന്നാണ് കഴിഞ്ഞത്…കമ്പിനിയും ഷോറൂമുമൊക്കെ നഷ്ടത്തിൽ നിന്നും ലാഭത്തിലേക്ക് എത്തി തുടങ്ങി….
ഒരിക്കൽ എല്ലാവരും കൂടി ഇരുന്നപ്പോൾ മുത്തശ്ശൻ ഒരുവിഷയം എടുത്തിട്ടത്…
“എന്റെ വിവാഹക്കാര്യം”
എന്റെ മുഖം നാണത്താൽ ചുവന്നു….
“രുദ്രനെ നിനക്ക് ഇഷ്ടമാണെന്ന് എനിക്ക് അറിയാം…നിന്റെ ഇഷ്ടത്തിനാ മോളേ ഞാൻ പ്രാധാന്യം നൽകുന്നത്.ഒരിക്കൽ ചെയ്ത തെറ്റ് എനിക്ക് തിരുത്തണം”
എനിക്ക് അച്ഛന്റെയും അമ്മയുടെയും മുഖം ഓർമ്മവന്നു…പാവങ്ങൾ ഇപ്പോഴുണ്ടായിരുന്നെങ്കിൽ എന്ത് സന്തോഷമായേനേ ഞാൻ നെടുവീർപ്പെട്ടു….
അന്നത്തെ രാത്രിയും വിട പറഞ്ഞ് പുതിയ പുലരി വിടർന്നു…
കൈലാത്ത് കൈമൾ പണിക്കരുടെ കൊച്ചുമകൻ വിനയിന്റെ മരണവാർത്തയുമായിട്ടായിരുന്നെന്ന് മാത്രം…..
വിവരം അറിഞ്ഞതും ഞാൻ ഒറ്റയാന്റെ അടുത്ത് പറഞ്ഞു…
“ഞാനല്ല വസു അവനെ കൊന്നത്…”
“ഒറ്റയാനല്ലെങ്കിൽ പിന്നെയാരാണ്…
തുടരും