Tuesday, April 23, 2024
Novel

ഒറ്റയാൻ : ഭാഗം 12

Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

കോളേജിൽ നിന്ന് മടങ്ങുമ്പോൾ അത്ഭുതത്തോടെ ഞങ്ങളെ എല്ലാവരും നോക്കി നിന്നു.വണ്ടിയിൽ കയറി ഒറ്റയാന്റെ കൂടെ വരുമ്പോഴും കോളേജിലെ സംഭവങ്ങളായിരുന്നു മനസ്സിൽ…

ഒറ്റയാന്റെ മിന്നൽ പ്രകടനങ്ങൾ…

ഞാൻ പിന്നെയും പിന്നെയും കേൾക്കാൻ കൊതിച്ചത്.ഒറ്റയാന്റെ വായിൽ നിന്ന് പലപ്പോഴായി..

“വസുമതി ഒറ്റയാന്റെ പെണ്ണാണ്”

എല്ലാവർക്കും മുമ്പിലാണ് വിളിച്ചു പറഞ്ഞതെങ്കിലും ശരിക്കും അഭിമാനം തോന്നിയ നിമിഷങ്ങൾ…

ഒരുകാലത്ത് അടിമകളായിരുന്നു ഞാനും അമ്മയും.. ഇപ്പോൾ ഞങ്ങൾക്കും ഒരു ബന്ധു..

…ശരിക്കും രക്ഷകൻ….

ഒറ്റയാൻ ജീവിതത്തിലേക്ക് കടന്നുവന്ന അന്നുമുതലുളളതെല്ലാം എന്റെ ഓർമ്മയിൽ കൂടു കൂട്ടാനെത്തി…

എനിക്ക് ഒറ്റയാനോട് ഇപ്പോൾ വല്ലാതെ സ്നേഹമങ്ങു കൂടി. ഇരുകയ്യുമെടുത്ത് ഇടുപ്പിലൂടെയിട്ട് വയറിനോട് ചേർത്തു ഒറ്റയാനിലേക്ക് ചാഞ്ഞു.ഹെൽമെറ്റ് ഇല്ലായിരുന്നെങ്കിൽ ആ കവിളിലൊരു ഉമ്മ കൊടുത്തേനെ എന്റെ ഒറ്റയാനെ….

ബുളളറ്റ് ഓടി ചെന്ന് നിന്നത് ഒരു ഐസ്ക്രീം പാർലറിൽ ആയിരുന്നു. എന്തിനാണെന്ന് ഞാൻ ചോദിച്ചില്ല. ഐസ്ക്രീം കഴിക്കണമെന്ന് തോന്നിയ നിമിഷങ്ങളിൽ ഒറ്റയാൻ എന്റെ മനസ്സ് അറിഞ്ഞിരിക്കുന്നു…

പാർലറിൽ കയറി ഐസ്ക്രീമിനു ഓർഡർ കൊടുത്തു. ഞാൻ ഒറ്റയാന്റെ മുഖത്ത് നോക്കിയിരുന്നു..

“അതേ ഇപ്പോഴെങ്കിലും ഒന്ന് ശ്വാസം വിട്ടിട്ട് ഒന്ന് റൊമാന്റിക് ആയിക്കൂടെ”

ആ മുഖത്തൊരു ചിരി വിരിഞ്ഞു..

“ഹാവൂ ഇത്രയെങ്കിലും മതി..ആശ്വാസം”

ഐസ്ക്രീം കഴിച്ചിട്ട് അവിടെ നിന്ന് നേരെ വീട്ടിലേക്ക്..

ഞങ്ങൾ ചെല്ലുമ്പോൾ ജോസേട്ടൻ ബേക്കറിയിൽ പോകാനായി റെഡിയായി നിൽക്കുന്നു. എന്നെ വീട്ടിൽ വിട്ടിട്ട് ഒറ്റയാനും ജോസേട്ടനും കൂടി പോയി….

വൈകുന്നേരമാണ് രണ്ടും കൂടി തിരിച്ചെത്തിയത്..

“പോയ കാര്യമെന്തായി”

അവരെ കണ്ടയുടെനെ ഞാൻ തിരക്കി..

“സക്സസ്”

ജോസേട്ടനാണു ഉത്തരം നൽകിയത്..

ഒറ്റയാനെ അവസരത്തിൽ കിട്ടിയ ടൈമിൽ ഞാനൊരു ആഗ്രഹം പറഞ്ഞു..

“അതേ,എനിക്ക് ക്ഷേത്രത്തിലൊന്ന് പോയാൽ കൊളളാമെന്നുണ്ട്”

“ഏത് ക്ഷേത്രമാണ്”

“മഹാദേവനും പാർവ്വതിയും കൂടി ഒരുമിച്ചിരിക്കുന്ന ക്ഷേത്രം മതി”

“അത് ഇവിടെ നിന്ന് ഏകദേശം പത്ത് കിലോമീറ്റർ അകലെയാണ് അങ്ങനെയൊരു ക്ഷേത്രമുളളത്”

“സാരമില്ല സമയം കിട്ടുന്നത് പോലെയൊന്ന് കൊണ്ട് പോകാമോ?”

ഒറ്റയാൻ വാച്ചിലേക്ക് നോക്കി..

“ഇപ്പോൾ അഞ്ചുമണി കഴിഞ്ഞു. നീയൊന്ന് ഫ്രഷാകൂ പെട്ടെന്ന് ഇപ്പോൾ തന്നെ പോയേക്കാം”

അത് കേൾക്കേണ്ട താമസം.. ഞാൻ കുളിമുറിയിലേക്കോടി..പെട്ടെന്ന് കുളിച്ചിറങ്ങി.മെറൂൺ കളറിലെയൊരു ചുരീദാർ എടുത്തിട്ടു.മേക്കപ്പൊന്നും ഇല്ലാത്തതിനാൽ ഇറങ്ങാൻ താമസം ഉണ്ടായില്ല…

ഒറ്റയാൻ ഇറങ്ങി വന്നപ്പോൾ ആകാംഷയോടെ ഞാൻ നോക്കി..

മുണ്ടും ഷർട്ടും ധരിച്ചിരിക്കുന്നു..

“എന്തൊരു change .ഇപ്പോൾ സൂപ്പറായിട്ടുണ്ട്.ഈ വേഷത്തിൽ സുന്ദരനാണ്”

‘നിന്റെ മുന്നിൽ ഞാനൊന്നുമല്ല വസു”

“ഓ..പിന്നേ പിന്നേ”

“എന്തായാലും വാ പോയേക്കാം..

പ്രിയ വാഹനമായ യമഹയിൽ തന്നെയാണ് യാത്ര.ഇരുപത് മിനിറ്റ് എടുത്തു ക്ഷേത്രമെത്താൻ…

അമ്പലത്തിൽ അധികം തിരക്കൊന്നുമില്ല.വലിയ ക്ഷേത്രമല്ലെങ്കിൽ കൂടി അത്ര ചെറുതുമല്ല…

” എന്തായാലും വന്നതല്ലെ.നമുക്ക് ദീപാരാധന കണ്ടു തൊഴണം”

എവിടെയോ വായിച്ച ഓർമ്മയുണ്ടെനിക്ക്.ശിവനും പാർവ്വതിയും ഒരുമിച്ച് പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ പോയിട്ട് സ്നേഹിക്കുന്നയാളെ കൂടെകൂട്ടി ദീപാരാധന കണ്ടു തൊഴുതാൽ ആ ആളെ ലൈഫിൽ പാർട്നറായി കിട്ടുമെന്ന്…

“ആയിക്കോളൂ”

ദീപാരാധന തുടങ്ങുന്നതുവരെ ഞങ്ങൾ അവിടെ നിന്നു.ദീപാരാധനയും കണ്ടു തൊഴുതിറങ്ങിയപ്പോൾ മനസ്സിനു വല്ലാത്ത ശാന്തത്…

അമ്പലത്തിൽ നിന്ന് വരുന്ന വഴി പൊറോട്ടയും ബീഫും കഴിക്കാൻ ആഗ്രഹം തോന്നി.അടക്കിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും ഞാനെന്റെ കൊതി ഒറ്റയാന്റെ അടുത്ത് പറഞ്ഞു.അടുത്ത് കണ്ട തട്ടുകടയിൽ കയറി പൊറോട്ടയും ബീഫ് ഫ്രൈയും കഴിച്ചു..

വീണ്ടും വീട്ടിലേക്ക്. സ്നേഹിക്കുന്ന പുരുഷന്റെ കൂടെ ചില നിമിഷങ്ങൾ. ഞാനത്രയെ ആഗ്രഹിച്ചുളളൂ…

ഒരുദിവസത്തെ ഗ്യാപ്പിനു ശേഷം ഞാൻ വീണ്ടും കോളേജിലെത്തി.ഈ പ്രാവശ്യം സ്വീകരണം വ്യത്യസ്തമായിരുന്നു. എല്ലാവരും നല്ല ഡീസന്റായിട്ടാണു പെരുമാറിയത്…

അപമാനിക്കാൻ ശ്രമിച്ച സീനിയേഴ്സ് വന്നു ക്ഷമ പറഞ്ഞു. എനിക്ക് അങ്ങനെ ആരോടും ദേഷ്യമൊന്നും തോന്നിയില്ല.ഇപ്പോൾ കിട്ടിയ ജീവിതത്തിൽ അഹങ്കരിച്ചുമില്ല.ഞാൻ ജനിച്ചു വളർന്ന ചുറ്റുപാടുകൾ എനിക്ക് നന്നായിട്ടറിയാം…

അങ്ങനെ ഞാൻ ഡിഗ്രി അവസാന വർഷത്തിലേക്ക് കടന്നു.എല്ലാ വിഷയങ്ങൾക്കും നല്ലമാർക്ക് വാങ്ങിയാണു പാസായത്.ഒറ്റയാനു കൊടുത്ത വാക്കെനിക്ക് പാലിക്കണം.ആ മനുഷ്യൻ ആരുമായിക്കോട്ടേ എനിക്ക് ഇശ്വര തുല്യനാണ്.പഴയ വസുവിൽ നിന്ന് എന്നെ ഈ നിലയിൽ എത്തിച്ച വലിയ മനുഷ്യൻ..എന്നെ മാത്രമല്ല ജോസേട്ടനെയും അമ്മയേയുമെല്ലാം….

നല്ല മാർക്ക് കിട്ടിയതൊക്കെ അറിഞ്ഞ് ഒറ്റയാനും അമ്മയും ജോസേട്ടനും എന്നെ അഭിനന്ദിക്കാൻ മറന്നില്ല..കൂടെ നൃത്ത പഠനവും തുടർന്നു…

അങ്ങനെ ജീവിതം സന്തോഷകരമായി ഒഴുകിക്കൊണ്ടിരുന്നു…

ഒരുദിവസം പകൽ…. അന്ന് ക്ലാസില്ലായിരുന്നു…ഒറ്റയാൻ എവിടെയോ പോയിരുന്നു. അന്നത്തെ പകൽ എനിക്ക് വിരസമായിരുന്നു…

ഒറ്റയാൻ എത്തുമ്പോൾ പാതിരാത്രിയായി.ഞാൻ ഹാളിൽ കാത്തിരുന്നു…

“എവിടെ ആയിരുന്നു. കാത്തിരുന്നു മടുത്തു”

ഹാളിലേക്ക് കയറിയ ഒറ്റയാനെ കണ്ടു ഞാനൊന്ന് ഞെട്ടി…

“അയ്യോ ഇതെന്തു പറ്റി ശരീരം നിറയെ അഴുക്കും ചോരയും”. സംസാരത്തോടൊപ്പം ഞാൻ കരഞ്ഞു തുടങ്ങി…

ഒറ്റയാൻ വിരൽ ചുണ്ടോട് ചേർത്തു..

” പതുക്കെ ആരും ഒന്നും അറിയരുത്..”

ഒറ്റയാൻ നല്ല അവശനാണ്.നന്നായിട്ട് എവിടെ നിന്നോ കിട്ടിയട്ടുണ്ട്.അതെനിക്ക് ഉറപ്പായി…

“എനിക്കൊന്ന് ഫ്രഷാകണം”

“ഞാൻ വെളളം ചൂടാക്കാം.”

ഞാൻ കിച്ചണിൽ കയറി വെള്ളം ചൂടാക്കി ബാത്ത് റൂമിലെ ബക്കറ്റിൽ പച്ചവെളളം കൂടി മിക്സ് ചെയ്തു ഒഴിച്ചു… ചൂടിന്റെ പരുവം നോക്കി ടാപ്പ് തുറന്നു കുറച്ചു വെള്ളം കൂടി അതിൽ നിറച്ചു….

“ചൂടുവെളളം റെഡിയാക്കി കുളിമുറിയിൽ വെച്ചിട്ടുണ്ട്. കുളിച്ചിട്ട് വാ..കഴിക്കാനുള്ളത് എടുത്തു വെക്കാം.”

നോർത്ത് നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു. ഒറ്റയാൻ തളർച്ചയോടെ ബാത്ത് റൂമിലേക്ക് നടന്നു.ന്റെ കണ്ണു നിറഞ്ഞു..

“പാവം..വല്ലാതെ അവശനാണ്”

ഒറ്റയാൻ കുളി കഴിഞ്ഞു വന്നപ്പോൾ ഞാൻ ചപ്പാത്തിയും വെജിറ്റബിൾ കുറുമയും എടുത്തു വെച്ചു..

പാവത്തിനു വിരലുകൾക്ക് നല്ല വേദനയുണ്ടെന്ന് എനിക്ക് തോന്നി…

“അതേ ഞാൻ കഴിപ്പിക്കാം..മര്യാദരാമനായി അവിടെ ഇരുന്നാൽ മതി”

പ്ലേറ്റ് കയ്യിലെടുത്ത് ചപ്പാത്തി ചെറിയ പീസുകളാക്കി ഞാൻ കുറുമയിൽ മുക്കി ഒറ്റയാന്റെ വായിൽ വെച്ചു കൊടുത്തു.ഒറ്റയാൻ മെല്ലെ കഴിച്ചു തുടങ്ങി…

ഇടക്ക് ഒറ്റയാന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു…

“അയ്യേ വസൂന്റെ ഒറ്റയാൻ കരയുന്നോ പാടില്ല നിങ്ങൾ ധീരനാണ്”

ഒറ്റയാൻ ചിരിച്ചിട്ട് ബാക്കി കൂടി കഴിച്ചു….

“വസൂ മുറിയിലേക്കൊന്ന് വരുവോ”

“വരാലോ”

ഞാനും ഒറ്റയാന്റെ കൂടെ മുറിയിലേക്ക് ചെന്നു.ഒറ്റയാൻ ഷർട്ട് അഴിച്ചതും ഞാൻ ഞെട്ടി..

നെഞ്ചിലും പുറത്തുമെല്ലാം അടിയേറ്റ് കരുവാളിച്ച പാടുകൾ. ചിലയിടങ്ങളിൽ ചോര പൊടിയുന്നുണ്ട്…

“ഏട്ടാ എന്തായിത് എന്തുപറ്റി”

സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. കരഞ്ഞു ഞാൻ…

“ചതിയായിരുന്നു വസൂ കൊടും ചതി.നേരിട്ടു തളക്കാൻ കഴിയില്ലെന്ന് ഉറപ്പായപ്പോൾ ശത്രുക്കൾ വാരിക്കുഴി ഒരുക്കി കാത്തിരുന്നു. അടിപതറി ഞാനാ വാരിക്കുഴിയിൽ വീണുപോയി”

ഒറ്റയാന്റെ സംസാരം കേട്ടെന്റെ നെഞ്ച് പൊട്ടി..

ആരാണവരെന്ന് ഞാൻ ചോദിച്ചില്ല..ചോദിച്ചാലും ഉത്തരം കിട്ടില്ല…

“ഞാൻ മരിച്ചെന്ന് കരുതിക്കാണും അവർ.അല്ലെങ്കിൽ വീണുപോയെന്ന്….”

നീണ്ട നാളുകൾക്ക് ശേഷം ഒറ്റയാന്റെ മുഖത്ത് വളരെ ക്രൂരമായ ചിരി പ്രത്യക്ഷമായി.. ഞാൻ ശരിക്കും ഭയന്നു…ഇങ്ങനെയൊരു ചിരി വന്നാലാകും ഒറ്റയാൻ വളരെയധികം അപകടകാരിയാകുന്നത്…

“മുറിച്ചിട്ടാൽ മുറി കൂടുന്ന ഇനമാണ് ഒറ്റയാൻ”

ഒറ്റയാൻ പല്ലിറുമ്മി…

“കിടക്ക് ഞാൻ വെള്ളം ചൂടാക്കി ചൂടുപിടിക്കാം”

സ്നേഹപൂർവ്വം പറഞ്ഞു ഒറ്റയാനെ കിടത്തി.ചെറിയ ചൂടുവെളളത്തിൽ വിക്സിട്ട് നെഞ്ചിലും പുറത്തും ഞാൻ ചൂടുവെച്ചു.ഇടക്ക് നീറ്റലിൽ ഒറ്റയാൻ പല്ലിറുമ്മുന്നുണ്ട്…

അന്ന് രാത്രി ഉറങ്ങാതെ ഞാൻ ഒറ്റയാന്റെ മുറിയിൽ കാവലിരുന്നു.ഒറ്റയാൻ ഉറങ്ങുന്നതും നോക്കി…

കാലത്തെ ജോസേട്ടനെ കൊണ്ട് ഒറ്റയാൻ പറഞ്ഞ ഡോകടറെ വീട്ടിലേക്ക് വിളിപ്പിച്ചു.ഡോക്ടർ വന്ന് ഇഞ്ചക്ഷൻ കൊടുത്തു.കുറച്ചു ടാബലറ്റും തന്നു..

“ദാ ഇതിലൊന്ന് പെയിൻ കില്ലറാണ്.വേദനയുളളപ്പോൾ കൊടുക്കുക.മറ്റ് ടാബലറ്റ് മൂന്ന് നേരമായിട്ടും”

മരുന്ന് കൊടുക്കേണ്ട വിധം ഡോക്ടർ പറഞ്ഞു..

“ഒരാഴ്ച പൂർണ്ണമായും ബെഡ് റെസ്റ്റ് എടുക്കണം”

ഡോക്ടർ പോയിക്കഴിഞ്ഞു ഒറ്റയാനെ ഞാൻ ഇടംവലം തിരിച്ചില്ല..

“മര്യാദക്ക് അനങ്ങാതെ അവിടെ കിടന്നോണം”

ഒരാഴ്ചത്തേക്ക് ഞാൻ കോളേജിൽ പോകുന്നില്ലെന്ന് ഞാൻ തീരുമാനിച്ചു. പക്ഷേ ഒറ്റയാൻ സമ്മതിച്ചില്ല…

“വസൂ എനിക്ക് നീ തന്ന വാക്ക് മറക്കരുത്”

ഒറ്റയാന്റെ വാക്കുകൾ കേട്ട് ഞാൻ ധർമ്മ സങ്കടത്തിലായി…

“ജോസേട്ടനും അമ്മയും ഇവിടെ ഉണ്ട്. നീ പഠനത്തിൽ ശ്രദ്ധിച്ചാൽ മതി”

“മം”

ഞാൻ തല കുലുക്കി…

ജോസേട്ടനെ ചട്ടം കെട്ടി ഒറ്റയാൻ ഷോറൂമിൽ നിന്ന് പുതിയ സ്കൂട്ടർ വാങ്ങിച്ചു…

“ഹോണ്ടാ ഡിയോ”

“നിനക്ക് നാളെ മുതൽ കോളേജിൽ പോകാനാണ്”

“മം”

എനിക്ക് സന്തോഷം തോന്നിയില്ല. സമ്മാനം കിട്ടിയട്ടും.ഒറ്റയാൻ ഇങ്ങനെ കിടക്കുമ്പോൾ എനിക്ക് എങ്ങനെ സന്തോഷം വരും..

ജോസേട്ടനെ ഒറ്റയാൻ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചിരുന്നു.അതിനാൽ അന്നത്തെ ദിവസം മുഴുവനും ജോസേട്ടൻ എന്നെ ഡിയോ ഓടിക്കാൻ പഠിപ്പിച്ചു.. വൈകുന്നേരത്തോടെ സ്കൂട്ടർ പൂർണ്ണമായും എന്റെ വരുതിയിലായി…

പിറ്റേന്ന് മുതൽ ഞാൻ ഡിയോയിൽ കോളേജിൽ പോയി.എനിക്ക് പിന്നാലെ ബൈക്കിൽ ജോസേട്ടനും കാവലായി അനുഗമിച്ചു…

ഡിയോ പാർക്കിൽ വെക്കുന്ന ടൈമിൽ ഡെവിൾസ് സ്കൂട്ടറിനു മുന്നിൽ കയറി നിന്നു…

“എവിടേടീ നിന്റെ മറ്റവൻ…ചത്തോ..അതോ കിടപ്പിലാണോ?)

പണി വന്ന വഴി പെട്ടെന്ന് എനിക്ക് മനസ്സിലായി…

” ഞങ്ങളെ തല്ലിയാൽ ക്ഷമിച്ചു കളയുമെന്ന് നീയും മറ്റവനും കരുതിയല്ലേ..പുറത്ത് നിന്ന് ആളുകളെ ഇറക്കി തന്നെയാടി കളിച്ചത്.ഇനിയവൻ എഴുന്നേറ്റു നടക്കില്ല”

ഞാൻ ഭയന്നില്ല..പകരം ചുണ്ടിലൊരു പരിഹാസച്ചിരി ഞാൻ ഫിറ്റ് ചെയ്തു…

“നീയൊക്കെ എന്ത് കരുതിയെടാ പിറകിലൂടെ കുത്തിയാൽ അദ്ദേഹം വീണുപോകുമെന്നോ.എങ്കിൽ നിനക്കൊക്കെ തെറ്റിയെടാ എത്ര വലിയ വാരിക്കുഴി നീയൊക്കെ ഒരുക്കിയാലും എന്റെ ഏട്ടൻ തിരികെ വന്നിരിക്കും”

ഡെവിൾസ് ഞെട്ടുന്നത് കണ്ടെനിക്ക് ആവേശം കൂടി…

“ഏട്ടൻ തിരികെ വരുമ്പോൾ നിന്റെയൊക്കെ അവസ്ഥ ഓർക്കുമ്പോഴാടാ എനിക്ക് പേടി…നീയൊക്കെ ഇനിയും വാരിക്കുഴി ഒരുക്കി കാത്തിരുന്നോ എന്റെ ഏട്ടൻ വരും വന്നിരിക്കും…ഒറ്റയാനാടാ എന്റെ ഏട്ടൻ…അതുകൊണ്ട്…”

അവന്മാർ ഭയന്ന് പിന്നോക്കം ഒരുചുവട് വെച്ചതോടെ വിജയിയെപ്പോലെ ഞാൻ ക്ലാസിലേക്ക് നടന്നു….

എന്റെയും ഒറ്റയാന്റെയും ലൈഫ് ഡെവിൾസിൽ കൂടിയാണ് ഇനിയുള്ള കാലം കടന്നുപോകുന്നതെന്ന് ഞാൻ അറിഞ്ഞിരുന്നില്ല…

അല്ല ഞങ്ങളുടെ ലൈഫിൽ കൂടിയാണ് ഡെവിൾസിന്റെ ശേഷിച്ച ജീവിതം എന്ന് പറയുന്നതാകും കൂടുതൽ ശരി….

ഒരാഴ്ച പെട്ടെന്ന് കടന്നുപോയി..പൂർണ്ണ ആരോഗ്യവാനായി ഒറ്റയാൻ തിരികെ വരുമ്പോൾ ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളിലൂടെയാണു എന്റെ ജീവിതം കടന്ന് പോയത്…

അതിന്റെ ആദ്യത്തെ ഒരുക്കമായിരുന്നു ഒറ്റയാൻ അന്നത്തെ ദിവസം എന്റെ കൂടെ കോളേജിൽ എത്തിയപ്പോൾ അരങ്ങേറിയത്..

തുടരും

ഒറ്റയാൻ : ഭാഗം 1

ഒറ്റയാൻ : ഭാഗം 2

ഒറ്റയാൻ : ഭാഗം 3

ഒറ്റയാൻ : ഭാഗം 4

ഒറ്റയാൻ : ഭാഗം 5

ഒറ്റയാൻ : ഭാഗം 6

ഒറ്റയാൻ : ഭാഗം 7

ഒറ്റയാൻ : ഭാഗം 8

ഒറ്റയാൻ : ഭാഗം 9

ഒറ്റയാൻ : ഭാഗം 10

ഒറ്റയാൻ : ഭാഗം 11