Friday, April 26, 2024
Novel

ഒറ്റയാൻ : ഭാഗം 2

Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

“ഒറ്റയാൻ”

ഞാൻ മനസിൽ പലപ്രാവശ്യം ആ ഇരട്ടപ്പേര് ചൊല്ലി നോക്കി…

“ഒറ്റയാന്റെ യഥാർത്ഥ പേരെന്താണ് ചേച്ചി”

അതിനു രൂക്ഷമായിട്ടുളള നോട്ടമായിരുന്നു മറുപടി.

“അത് ഞാനെങ്ങനെ അറിയാനാ.ആവശ്യക്കാർ ചെന്ന് തിരക്ക്”

അമ്മിണി ചേച്ചി കലിപ്പോടെ പറഞ്ഞിട്ട് നടന്നു…

ഇത് അമ്മിണി.എന്റെ വീടിന്റെ വടക്ക് വശത്ത് താമസിക്കുന്നു. നാട്ടിലെ റേഡിയോ ആണ് കക്ഷി.ചേച്ചി അറിയാത്തൊരു കാര്യവും ഞങ്ങളുടെ നാട്ടിലില്ല…

ചേച്ചി ഒറ്റയാനെ കുറിച്ച് പറഞ്ഞതോടെ ആ വീരനെ കാണാൻ എനിക്കും കൊതി തോന്നി.അമ്മയോട് കവലയിൽ പോകേണ്ട ആവശ്യം വല്ലതുമുണ്ടോന്ന് ഞാൻ തിരക്കി….

വീട്ടിലെ ആവശ്യത്തിന് സാധനങ്ങൾ വാങ്ങാൻ ഞാനാണ് കടയിൽ പോകാറുളളത്…

“അമ്മേ കടയിൽ പോകണോ”

“പഞ്ചസാരയും തേയിലയും തീർന്നു വാങ്ങീട്ട് വാ”

അമ്മ തന്ന മുഷിഞ്ഞ നോട്ടുകൾ കൈപ്പടയിലൊതുക്കി സന്തോഷത്തോടെ ഞാൻ മുറിയിൽ വന്നു.

അയയിൽ നിന്ന് ഒരുവിധം നല്ലതെന്ന് തോന്നിച്ച പാവാടയും നീളമുള്ള ബ്ലൗസും എടുത്തിട്ടു.

ഇപ്പോഴത്തെ കുട്ടികളെല്ലാം ചുരിദാറൊക്കെയാണ് ധരിക്കുന്നത്. ഞാനാണെങ്കിൽ ദാവണിയും പാവാടയും ബ്ലൗസുമൊക്കെയാണ് ഇടുന്നത്…

കണ്ണാടിക്കു മുമ്പിൽ ഞാനെന്റെ സൗന്ദര്യം ആസ്വദിച്ചു. നന്നേ വെളുത്തിട്ടല്ലെങ്കിലും ഇരുനിറമാണ്.നല്ല സൗന്ദര്യമുണ്ട്.അഞ്ചടി ആറിഞ്ച് പൊക്കം.നീർക്കോലിയല്ല എങ്കിലും ആവശ്യത്തിനു വണ്ണമൊക്കെയുണ്ട്.

കഴുത്തിൽ ഒരു കറുപ്പ് ചരട് കെട്ടിയട്ടുണ്ട്.അതിലൊരു ഏലസ്സും.കാതിലുളളത് വരവാണ് ജിമുക്കി.കയ്യിൽ കുപ്പിവളകൾ.വലത് കയ്യിൽ കറപ്പു ചരടും കെട്ടിയട്ടുണ്ട്….

ഞാൻ വീടിനു വെളിയിൽ ചെന്ന് കിണറ്റിൽ നിന്ന് വെള്ളം കോരി തണുത്ത വെളളത്തിൽ മുഖം കഴുകി.പിന്നെ സോപ്പിട്ടും.

അയയിൽ കിടന്ന തോർത്തെടുത്ത് മുഖമൊപ്പി വീണ്ടും കണ്ണാടിക്ക് മുമ്പിൽ വന്നു. കണ്മഷിയെടുത്ത് കണ്ണെഴുതി. സിങ്കാറിനാലൊരു ഗോപിപ്പൊട്ട് തൊട്ടു.കുറച്ചു പൗഡർ കൂടി വാരിയെടുത്തു പൂശി…

“ആഹാ ഇപ്പോൾ അടിപൊളി ആയിട്ടുണ്ട്. ആണുങ്ങളുടെ ഭാഷയിൽ നാടൻ പെണ്ണ്”

ഒന്നുകൂടി ലുക്ക് നേക്കിയട്ട് പണവുമായി ഞാൻ കവലയിലേക്ക് നടന്നു.കവലയെന്ന് പറഞ്ഞാൽ നാലും കൂടിയ റോഡൊന്നുമല്ല ഒരു വയസ്സൻ ആൽമരവും കുറച്ചു കടകളും കൂടിയ ജംക്ഷൻ.അതായത് ബസ് അവിടെ വന്ന് അവസാനിക്കുന്നു…

അവിടെത്തന്നെ ചെറിയൊരു അമ്പലമുണ്ട്.ഒരു ടെക്സ്റ്റൈൽ ഷോപ്പ്,ഫെഡറൽ ബാങ്കിന്റെയൊരു ശാഖ.

പിന്നെ സ്വർണ്ണം പണയം വെച്ചിട്ട് പൈസ കൊടുക്കുന്നൊരു ഫൈനാൻസും.ഒരു പലചരക്ക് കടയും കുറച്ചു പെട്ടിക്കടയും.ശരിക്കുമൊരു കുഗ്രാമം…ഇതാണെന്റെ നാട്….

ഞാൻ ജോസേട്ടന്റെ പലചരക്ക് കടയിലേക്ക് ചെന്നു.ആളുകൾ കുറവാണ്. കുറച്ചു പ്രായമുള്ള മനുഷ്യനാണ് ജോസേട്ടൻ.എന്നോടും അമ്മയോടും കുറച്ചു സഹതാപം കാണിക്കുന്ന അപൂർവ്വം ചിലരിലൊരാൾ…

“എന്താ മോളേ വേണ്ടത്”

എന്നെ കണ്ടതോടെ ജോസേട്ടൻ തിരക്കി…

“കാൽക്കിലോ പഞ്ചസാരയും നൂറു ഗ്രാം തേയിലയും”

“ഇതുകൊണ്ട് എന്താകാനാ കുട്ടിയേ ഇത്രയും കൊണ്ട്”

പറിഞ്ഞിട്ട് ജോസേട്ടൻ ഞാൻ പറഞ്ഞ സാധനങ്ങൾ എടുത്തു വെച്ചു.

“ദാ പഞ്ചസാര ഒരുകിലോയും തേയില കാൽക്കിലോയുമുണ്ട്”

“എന്റെ കയ്യിൽ അത്രയും പൈസയില്ല ജോസേട്ടാ.ഇനിയും പണം തരാനുണ്ടല്ലോ ഇവിടെ”

“അതൊന്നും സാരമില്ല മോളേ നിങ്ങളുടെ അവസ്ഥ എനിക്ക് നന്നായിട്ട് അറിയാലൊ.എനിക്കാണെങ്കിൽ മക്കളുമില്ല”

ജോസേട്ടനു പണ്ടൊരു പ്രണയമുണ്ടായിരുന്നു.അവരെ കെട്ടുകയുള്ളൂന്ന് വാശിയിൽ നിന്നു.നല്ലൊരു ആലോചന വന്നപ്പോൾ അവർ നൈസായിട്ട് തേച്ചു.അതിന്റെ സങ്കടത്തിൽ ജോസേട്ടൻ കല്യാണം വേണ്ടെന്ന് പറഞ്ഞു നിന്നു….

ഭദ്രനെ തല്ലിയ ആളെ കാണാൻ ആഗ്രഹമുണ്ടെങ്കിലും ജോസേട്ടനോട് ഞാൻ ചോദിക്കാന്‍ മടിച്ചു.സാധനങ്ങൾ എടുത്തു ഞാൻ വീട്ടിലേക്ക് നടന്നു…

“എടീ നിന്റെ മറ്റവൻ ആശുപത്രിയിൽ ആണല്ലോ. ഞങ്ങളൊക്കെ ആണുങ്ങൾ തന്നെയാണ്”

ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. ടെയിലറിംഗ് കടയിൽ നിന്ന് മനുവും കൂട്ടുകാരും കൂടി വഷളച്ചിരിയുമായി നിൽക്കുന്നു…

ഭദ്രനുളളപ്പോൾ പഞ്ച പുച്ഛമടക്കി നിന്നവനൊക്കയാ ഇപ്പോൾ അയാൾ താഴെ വീണെന്ന് മനസിലായതോടെ ഞാഞ്ഞൂലുകൾ തലപൊക്കി…

തിരിച്ച് പറഞ്ഞില്ലെങ്കിൽ പിന്നെയും ഇവന്മാർ അശ്ലീലം പറയും.

“മീശയുണ്ടെന്ന് കരുതി ആണാകില്ലെടാ”

തന്റേടത്തോടെ ഞാൻ പറഞ്ഞു.പിന്നെ ഞാൻ പ്രതീക്ഷിക്കാത്തതാണു നടന്നത്.മനുവും കൂട്ടുകാരും കൂടി ഓടിവന്ന് എന്നെ തടഞ്ഞു നിർത്തി.

“മറ്റവന്റെ ധൈര്യത്തിലല്ലേ നീയൊക്കെ നടന്നത്.അവൻ തീർന്നെടി.അമ്മയും മോളും ഭദ്രനു കിടന്നു കൊടുക്കാമെങ്കിൽ ഞങ്ങളുടെ കൂടെയും പറ്റുമെടി.തിരിച്ച് പോകുമ്പോൾ പത്തഞ്ഞൂറ് രൂപയും തരാം”

മനുവിന്റെ ഒരു കൂട്ടുകാരൻ എന്റെ കയ്യിൽ മുറുക്കി പിടിച്ചു. കയ്യിലിരുന്ന പഞ്ചസാരയും തേയിലയും താഴെ വീണു ചിതറി.ഇല്ലാത്ത പൈസയുണ്ടാക്കി വാങ്ങിയതാണ്.എനിക്ക് കരച്ചിൽ വന്നു.എന്റെ കരച്ചിൽ കേട്ട് അവിടെ ഉളളവരെല്ലാം ഓടിവന്നു…

“ആ കൊച്ച് പാവമാണെടാ അതിനെ വിട്”

ഇടയിൽ കയറിയ ജോസേട്ടനെ പിടിച്ചവർ തള്ളി..

“താൻ പോടോ കിളവാ” ജോസേട്ടൻ മലർന്നടിച്ചു വീണു.മറ്റുളളവർ കാഴ്ചക്കാരായി ചിരിച്ചു നിന്നു…

എന്റെ ബ്ലൗസിന്റെ പിൻ ഭാഗം അവർ വലിച്ചു കീറി.അലറിക്കരഞ്ഞ ഞാൻ എല്ലാവർക്കും കൗതുക വസ്തുവായി….

അകലെന്ന് യമഹയുടെ ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞ് നോക്കി. ആ ശബ്ദം അടുത്തു വന്നു.ആ വണ്ടി മുരണ്ട് വന്ന് നിന്നത് ഞങ്ങളുടെ അടുത്താണ്.

അതിൽ നിന്ന് എന്നെക്കാൾ നല്ല ഉയരമുള്ളൊരാൾ ഹെൽമെറ്റ് വെച്ച് സ്റ്റൈലിഷായി കാൽ വീശിയിറങ്ങി.ബൈക്ക് സൈഡ് സ്റ്റാൻഡിൽ അയാൾ വെച്ചു…

തലയിൽ നിന്ന് അയാൾ ഹെൽമറ്റ് ഊരി…

നല്ല കട്ടിമീശയും കട്ടിപ്പിരികവും കുറ്റിത്തലമുടിയുള്ളൊരു ചെറുപ്പക്കാരൻ. മുഖത്ത് ഗൗരവഭാവം.ഏകദേശം ആറടിയുടെ അടുത്ത് പൊക്കമുണ്ട്.നീളത്തിനൊത്ത വണ്ണം.കറുത്തിട്ടാണ് ആൾ….

അയാൾ ഞങ്ങളുടെ അടുത്തെത്തി.എന്നിട്ടും അവർ എന്റെ കയ്യിൽ നിന്ന് പിടിവിട്ടട്ടില്ല..

“എന്നതാ ചേട്ടന്മാരെ പ്രശ്നം”

അയാൾ തിരക്കി…

“അത് ചോദിക്കാന്‍ ഒരു വരുത്തനും വരണ്ട.ഇവിടെ നടക്കുകയുമില്ലത്”

മനു വല്ലാതെ മുരണ്ടു…

“ഞാൻ വന്നു പോയല്ലോ ചേട്ടന്മാരെ പ്രശ്നത്തിലും ഇടപെട്ടു പോയല്ലോ..”

പിന്നെ അവിടെ നടന്നത് വലിയൊരു സംഘട്ടനമായിരുന്നു.വന്നയാളുടെ കയ്യിൽ നിന്ന് അടിയും തൊഴിയുമേറ്റ് മനുവും കൂട്ടുകാരും ഓടിക്കളഞ്ഞു….

അയാൾ ധരിച്ചിരുന്ന കോട്ടൂരി എനിക്ക് ഇടാൻ തന്നു.മടി കൂടാതെ ഞാൻ കോട്ട് ധരിച്ചു….എന്നിട്ട് ജോസേട്ടന്റെ കടയിൽ നിന്ന് പഞ്ചസാരയും തേയിലയും വാങ്ങിത്തന്നു…

ഞാൻ നന്ദിസൂചകമായി അയാളെ നോക്കി.

“എന്താണ് ചേട്ടന്റെ പേര്”

“എന്റെ പേരറിഞ്ഞിട്ട് എന്ത് ചെയ്യാനാ നിനക്ക്”

ഘനഗാംഭീര്യ സ്വരത്തിൽ അയാൾ ചോദിച്ചു. എനിക്കാണെങ്കിൽ പേടിയും തോന്നി…

“ശരി നീ ചോദിച്ചതിനാൽ ഞാൻ പറയാം”

ഞാൻ ആ ചെറുപ്പക്കാരന്റെ മുഖത്ത് ആരാധനയോടെ നോക്കി.മാനം രക്ഷിച്ചവനാണു.റൊമാന്റിക് തോന്നേണ്ടതാണു.അയാളുടെ മുഖത്തെ ഗൗരവം കണ്ടാൽ അതും തോന്നില്ല….

“ഒറ്റയാൻ…അങ്ങനെയാണ് എല്ലാവരും വിളിക്കുന്നത്…

ഞെട്ടലോടെ അതിലുപരി അവിശ്വസനീയതോടെ ഞാൻ ഒറ്റയാന്റെ മുഖത്ത് ദൃഷ്ടികൾ ഉറപ്പിച്ചു…

“(തുടരും”)

ഒറ്റയാൻ : ഭാഗം 1