Sunday, December 22, 2024
Novel

ഒറ്റയാൻ : ഭാഗം 16

എഴുത്തുകാരി: വാസുകി വസു


തളർച്ചയോടെ ഞാൻ മുത്തശ്ശന്റെയും ഒറ്റയാന്റെയും ജോസേട്ടന്റെയും മുഖത്ത് നോക്കി..

“എന്തൊക്കെയാണ് ഞാൻ കേൾക്കുന്നത്”

“സത്യമായ കാര്യങ്ങൾ”

“ഒരുപാട് കാര്യങ്ങളുണ്ട് എന്റെ കുട്ടി അറിയാൻ. മുത്തശ്ശൻ എല്ലാം വഴിയേ പറഞ്ഞു തരാം”

ഭിത്തിയിലെ ഫോട്ടോയിൽ എന്റെ മുഖം കുറച്ചു നേരം തങ്ങി നിന്നു…

“അച്ഛൻ.. ഞാൻ പിറുപിറുത്തു..

അച്ഛനെ കൊത്തിവെച്ചത് പോലെയുണ്ട് ഞാൻ. ശരിക്കും രാജരക്തമാണ് ഞാൻ…

എന്റെ കണ്ണുകൾ മുറിയാകെ അരിച്ചു പെറുക്കി.നല്ല വൃത്തിയും വെടിപ്പുമായി ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്…

അച്ഛന്റെ ഫോട്ടോയിലേക്ക് വീണ്ടും ഞാൻ നോക്കി.ആ മുഖം മനസ്സിൽ പതിഞ്ഞു കഴിഞ്ഞു..

” വാ നമുക്ക് ഹാളിലിരിക്കാം”

മുത്തശ്ശൻ വിളിച്ചതോടെ ഞങ്ങൾ മുറിയിൽ നിന്നിറങ്ങി… ഹാളിലേക്ക് എല്ലാവരും വന്നിരുന്നു…

ഓരോ കാര്യങ്ങളും എങ്ങനെയൊക്കെ ചെയ്യണമെന്ന് ഒറ്റയാൻ എനിക്ക് വിശദീകരിച്ചു തന്നു.ഇടക്കിടെ എന്റെ കണ്ണുകൾ കുസൃതി കാണിക്കുന്നത് ഏട്ടൻ കണ്ടില്ലെന്ന് നടിച്ചു..

നിരവധി എക്സ്പോർട്ടിങ്ങ് കമ്പിനികൾ,ടെക്സ്റ്റയിൽസ് ഷോറും പെട്രോൾ ബങ്ക്,സിനിമാ തിയേറ്റർ നിരവധിയാണ് കൊട്ടാരമുറ്റം എന്ന പേരിൽ…

“അതേ രുദ്രൻ എങ്ങനെയാണ് നീക്കങ്ങൾ”

“ആദ്യം നമുക്ക് എക്സ്പോർട്ടിങ്ങ് കമ്പിനിയിലേക്കാകട്ടെ”

“ഓക്കെ”

എല്ലാവരും കൂടി ആദ്യം എക്സ്പോർട്ടിങ്ങ് കമ്പിനിയുടെ ഹെഡ് ഓഫീസിലെത്തി..വിനയിന്റെ അച്ഛനും സഹോദരങ്ങളും ഞങ്ങളെ കണ്ടു ഞെട്ടി…

“ഭരിച്ചതും നടത്തിപ്പ് അവകാശവും വിട്ടൊഴിഞ്ഞ് പുറത്തേക്ക് പൊയ്ക്കോളൂ.. കൊട്ടാരമുറ്റത്തിന്റെ യഥാർത്ഥ അവകാശിയെത്തി.വസുമതി.ഹരിവർമ്മയുടെ ഏകമകൾ”

അവർക്ക് മുമ്പിലേക്ക് എന്നെ മാറ്റി നിർത്തി ഒറ്റയാൻ പറഞ്ഞു..

എതിർക്കാൻ അവർ ശ്രമിച്ചപ്പോൾ മുത്തശ്ശൻ കോടതിവിധിയുടെ അനുകൂല പകർപ്പെടുത്തു കാണിച്ചു. ഇന്നുവരെ സ്വന്തമായി വെച്ചത് ഒരുനാൾ കൊണ്ടില്ലാതാകുന്നതിന്റെ വൈരാഗ്യം അവരുടെ മുഖത്ത് ഉണ്ടായിരുന്നു…

അവസാനം ഇറങ്ങിയത് വിനയ് ആയിരുന്നു. ഒറ്റയാൻ അവനെ തടഞ്ഞു നിർത്തി…

“വസൂ..ഒരു പഴയ കണക്ക് തീർക്കാനില്ലേ അതങ്ങ് തീർത്തേക്ക്”

എന്നോട് ചെയ്തതും ഒറ്റയാനോട് അവർ ചെയ്തതെല്ലാം തീർത്ത് അവന്റെ കരണം തീർത്തൊന്നു ഞാൻ കൊടുത്തു…

“എന്നെയെന്നല്ല മേലിൽ ഏത് പെണ്ണിനെയും കാണുമ്പോൾ നീ ഈ അടി ഓർത്തിരിക്കണം”

പല്ലുഞെരിച്ച് അവനിറങ്ങി പോകുന്നത് ഞാൻ നോക്കി നിന്നു…

“വസൂ..നീയിനി ആ കസേരയിലേക്കിരുന്നേ മുത്തശ്ശനൊന്ന് കാണട്ടെ”

മുത്തശ്ശൻ ആവശ്യപ്പെട്ടതോടെ അഭിമാനത്തോടെ ഞാൻ കസേരയിൽ ഇരുന്നു…

മുത്തശ്ശന്റെ കണ്ണുകളിൽ അഭിമാനം തെളിയുന്നത് ഞാൻ കണ്ടു.ഉച്ചവരെ ഞങ്ങൾ കമ്പനിയിൽ തങ്ങി.പുതിയ എംഡിയെ മുത്തശ്ശൻ എല്ലാവർക്കും പരിചയപ്പെടുത്തി…

“ഇവളാണ് നിങ്ങളുടെ ബോസ്..കൊട്ടാരമുറ്റത്തെ ഹരിവർമ്മയുടെ ഏകമകൾ വസുമതി”

എല്ലാവർക്കും അച്ഛനെ വലിയ കാര്യമാണെന്ന് എനിക്ക് മനസ്സിലായി.കോടതിയുടെ അനുകൂല വിധിയുളളതിനാൽ കാര്യങ്ങൾ കൂടുതൽ എളുപ്പത്തിലായി.സർവ്വസ്വത്തുക്കളും മുത്തശ്ശന്റെ എന്റെ പേരിൽ രജിസ്റ്റർ ചെയ്തിരുന്നു…

ഉച്ചയോടെ ഞങ്ങൾ വീട്ടിലെത്തി.. ഊണു കഴിച്ചു വീണ്ടും മടങ്ങി. ഏകദേശം ഒരു മാസമെടുത്തു എല്ലാം മനസിലാക്കിയെടുക്കാൻ.പിന്നീട് ബിസിനസ്സ് ഞാൻ തന്നെ നേരിട്ട് നടത്തി.എന്റെ കൂടെ നിഴൽ പോലെ ഒറ്റയാൻ ഉണ്ടായിരുന്നു….

ഒരുദിവസം കൊട്ടാര മുറ്റത്ത് ഞാനും ഒറ്റയാനും മാത്രം. മുത്തശ്ശനും ജോസേട്ടനും കൂടി ഓഫീസിൽ പോയിരുന്നു….

“ഏട്ടാ എനിക്ക് ഇപ്പോഴും പൂർണ്ണമായും ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല”

“നിനക്ക് ശരിക്കും വട്ടാണെടീ”

“പോടാ കുറുമ്പാ…”

ഞാൻ ഒറ്റയാന്റെ മൂക്കിൽ പിടിച്ചു വലിച്ചു..

“ടീ വസൂ എനിക്ക് നന്നായി വേദനിക്കുന്നുണ്ട്”

“നോവട്ടെ അതിനാ പിച്ചിയത്”

“നിന്നെ ഞാൻ ശരിയാക്കി തരാടി”

ഒറ്റയാൻ എന്റെ പിറകെ ഓടി വന്നതും ഞാനൊരൊറ്റ ഓട്ടമായിരുന്നു.മുറിയിൽ കയറി കതകടക്കും മുമ്പേ ഒറ്റയാൻ ഓടിയെത്തി എന്നെ പൊക്കിയെടിത്തു….

“വിടെടാ ടാ വിടാനാ പറഞ്ഞത്”

“വിട്ടില്ലെങ്കിൽ നീയെന്ത് ചെയ്യുമെടി വസുക്കുട്ടി”

ഒറ്റയാൻ എന്നെ വരിഞ്ഞു മുറുക്കി..

“എനിക്ക് ശ്വാസം മുട്ടുന്നുണ്ട്”

ഞാൻ അങ്ങനെ പറഞ്ഞതോടെ ഒറ്റയാൻ എന്നെ താഴെ നിർത്തി…

ഞാൻ കഴുത്തിൽ കൂടി കയ്യിട്ട് ഒറ്റയാനെ എന്റെ മുഖത്തിനു നേരെ അടുപ്പിച്ചു..

“അതേ ഏട്ടനായിട്ട് പറയേണ്ടതാണ്.ഒന്നും മിണ്ടാത്തതിനാൽ ഞാനായിട്ടങ്ങ് പറയുവാ”

“എന്നതാണ്”

“ഈ കൈകൾ കൊണ്ട് എന്റെ കഴുത്തിലൊരു താലി..അതെന്റെ സ്വപ്നമാണ്.ഇനിയും കാത്തിരിക്കാൻ എനിക്ക് വയ്യ”

ഒറ്റയാന്റെ മുഖം മങ്ങുന്നത് ഞാൻ കണ്ടു…

“അതുവേണോ വസു.നീയിപ്പോൾ കോടീശ്വരിയാണ്..ഞാനോ”

“എനിക്ക് കോടീശ്വരിയൊന്നും ആകേണ്ടാ..ഈ ഒറ്റയാന്റെ പെണ്ണായി,ഏട്ടന്റെ മക്കളുടെ അമ്മയായി എനിക്ക് കഴിഞ്ഞാൽ മതി”

എന്നിൽ നിന്നൊഴുകിയ കണ്ണുനീർ ഒറ്റയാന്റെ മാറിലേക്ക് വീണു…

“നീയിങ്ങനെ സില്ലിയാകാതെ വസൂ…ഒറ്റയാന്റെ പെണ്ണ് തന്നെയാണ് നീ..അത് പോരേ”

“പോരാ എത്രയും പെട്ടെന്ന് എന്നെ വിവാഹം കഴിക്കണം.”

“സമ്മതിച്ചു”

“അങ്ങനെ വഴിക്ക് വാടാ കളളത്തെമ്മാടി”..

ഒറ്റയാന്റെ ചുണ്ടത്ത് ഉമ്മവെച്ചിട്ട് ഞാൻ അവനിലേക്ക് ചാഞ്ഞു.കുറെനേരമങ്ങനെ നിന്നു.പുറത്ത് കാറിന്റെ ഇരമ്പൽ കേട്ടതോടെ ഞാൻ ഒറ്റയാനിൽ നിന്ന് അകന്നു മാറി…

മുത്തശ്ശനും ജോസേട്ടനും മടങ്ങി വന്നിരുന്നു….ഞങ്ങൾ ഹാളിലേക്ക് തിരികെ വന്നു…

” എങ്ങനെയുണ്ട് മുത്തശ്ശാ”

“എല്ലാം സുമഗമായി നടക്കുന്നു. എങ്കിലും അവരെ സൂക്ഷിക്കണം.വിഷപാമ്പുകളാണെല്ലാം”

“മം”

“ശരി മോളേ മുത്തശ്ശനൊന്ന് കിടക്കട്ടെ..നാലുമണി കഴിയുമ്പോൾ മോൾ മുത്തശ്ശന്റെ മുറിയിലേക്കൊന്ന് വരണം”

“ശരി മുത്തശ്ശാ”

മുത്തശ്ശൻ കിടക്കാനായി പോയി..ജോസേട്ടനും ഹാളിൽ ഞാനും ഒറ്റയാനും മാത്രം. കുസൃതി കാട്ടിയും വഴക്കിട്ടും ഞങ്ങൾ സമയം ചിലവഴിച്ചു….

നാലുമണി കഴിഞ്ഞതോടെ ഞാൻ മുത്തശ്ശന്റെ മുറിയിലെത്തി. മുത്തശ്ശൻ ഉണർന്നു കിടക്കുകയാണ്…

“മോളെത്തിയോ.വാ മുത്തശ്ശന്റെ അടുത്തിരിക്ക്”

ഞാൻ മുത്തശ്ശന്റെ കൂടെയിരുന്നു…

മുത്തശ്ശൻ അലമാരയിൽ നിന്ന് ഒരു ആൽബമെടുത്തിട്ട് വന്ന് എന്നെ കാണിച്ചു. അച്ഛൻ കുഞ്ഞായിരിക്കുമ്പോൾ മുതൽ അച്ഛന്റെ യവ്വനം വരെയുള്ള ഓരോ ഫോട്ടോസുകളും ഞാൻ കണ്ടു…കൊതിയോടെ…

പൊടുന്നനെ എന്റെ മനസ്സിൽ വന്നൊരു സംശയം ഞാൻ മുത്തശ്ശനോട് ചോദിച്ചു…

അപ്പോൾ അമ്മ കാണിച്ചു തന്ന ഫോട്ടോയിലെ അച്ഛനാരാണ്?”

മുത്തശ്ശന്റെ മുഖമൊന്ന് വിളറിയത് ഞാൻ കണ്ടു..

“വാ നമുക്ക് ഹാളിലേക്ക് പോകാം.സത്യങ്ങളെല്ലാം അറിയാവുന്നൊരു മനുഷ്യൻ അവിടെയുണ്ട്”

അത് ജോസേട്ടനാണെന്ന് മുത്തശ്ശൻ പറയാതെ എനിക്ക് മനസ്സിലായിരുന്നു ….

ഹാളിൽ വരുമ്പോൾ ഒറ്റയാനും ജോസേട്ടനും ഇരിപ്പുണ്ട്…

“ജോസേ മോളിതുവരെ അറിയാത്ത സത്യങ്ങളെല്ലാം തുറന്നു പറയണം”

ജോസേട്ടൻ എന്റെ മുഖത്തേക്ക് നോക്കി…

“സത്യങ്ങളെല്ലാം അറിയുമ്പോൾ മോൾ മുത്തശ്ശനെ വെറുക്കരുത്”

അപേക്ഷയായിരുന്നു മുത്തശ്ശന്റെ സ്വരത്തിൽ….

“മോളിവിടിരിക്ക് ”

ജോസേട്ടൻ പറഞ്ഞത് കേട്ട് ഞാൻ കുഷ്യനിൽ ഇരുന്നു.കൂടെ മുത്തശ്ശനും..എല്ലാവരുടെയും കണ്ണുകൾ ജോസേട്ടനിലായിരുന്നു..അദ്ദേഹം പറയാൻ പോകുന്ന വാക്കുകൾക്കായി ഞാൻ ചെവിയോർത്തു….

“ഒരുപാട് വർഷങ്ങൾക്ക് മുമ്പുള്ളതാണ് ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം…

എന്റെ ചെറുപ്പകാലം കൊട്ടാരമുറ്റത്ത് ആയിരുന്നു. ഈ വീടിന്റെ തെക്ക് ഭാഗത്ത് ചെറിയൊരു വീടുണ്ടായിരുന്നു.അവിടെയായിരുന്നു ഞാൻ വളർന്നത്…

കുട്ടിക്കാലം മുതലേ പട്ടിണി നിറഞ്ഞ നാളുകൾ.കൊട്ടാരമുറ്റത്തെ തടിയാണ് എന്റെ.ഇവിടുത്തെ ആഹാരം കഴിച്ചാണ് ഞാൻ വളർന്നത്..

ഹരീന്ദ്രവർമ്മയും ഞാനും സമപ്രായക്കാരായിരുന്നു.ഏറ്റവും അടുത്ത കൂട്ടുകാരും..പഠിച്ചതും ഒരെ സ്കൂളിൽ….

പത്താം ക്ലാസ് കഴിഞ്ഞതോടെ ഞാൻ പഠനം നിർത്തി.ഹരീന്ദ്രവർമ്മ പഠിക്കാൻ മിടുക്കനായിരുന്നു.പ്രീഡിഗ്രിയും ഡിഗ്രിയുമെടുത്ത് ഹരീന്ദ്രവർമ്മ കൊട്ടാരമുറ്റത്ത് മടങ്ങിയെത്തി..(ഹരിവർമ്മയുടെ യഥാർത്ഥ പേര് ഹരീന്ദ്രവർമ്മയെന്നാണ്)

നിന്റെ അച്ഛൻ വരുമ്പോൾ കൊട്ടാര മുറ്റത്തെ അടുക്കളപ്പണിക്ക് ഒരമ്മയും മകളും ഉണ്ടായിരുന്നു.ദൂരെ നിന്നെങ്ങോ പട്ടിണി സഹിക്കാതെ വന്നതായിരുന്നു ആ അമ്മയും മകളും.മകൾക്ക് പ്രായം ഇരുപത് വയസ്സ്..സുന്ദരിയാണ്….

ഹരിക്ക് പതിയെ ആ പെൺകുട്ടിയെ ഇഷ്ടമായി.അന്നത്തെ കൊട്ടാരമുറ്റത്തെ പ്രതാപശാലി രാജേന്ദ്രവർമ്മയെന്ന ഈ മുത്തശ്ശനാണ്…

അച്ഛനെ വലിയ പേടിയാണ് ഹരിക്ക്.എന്നിട്ടും അവർ തമ്മിൽ സ്നേഹത്തിലായി.പാവങ്ങളാണെന്നും ഒരിക്കലും കൊട്ടാരമുറ്റത്തുകാർ ഈ ബന്ധം അംഗീകരിക്കില്ലെന്നും അവൾ പറഞ്ഞപ്പോൾ ഹരി ധൈര്യം നൽകി…

കൊട്ടാരമുറ്റത്തെ ഹരിയിൽ നിന്ന് അവർ പ്രഗ്നന്റ് അയതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. വീട്ടുജോലിക്കാരിയിൽ മകന്റെ കുഞ്ഞ് വളരുന്നെന്ന് അറിഞ്ഞ രാജേന്ദ്രവർമ്മ ഹരീന്ദ്രവർമ്മയെ വിദഗ്ധമായി ഇവിടെ നിന്നും മാറ്റി…

മകളുടെ അവിഹിതബന്ധം അറിഞ്ഞതോടെ അമ്മ ആത്മഹത്യ ചെയ്തു. ആ പെൺകുട്ടിയെ കൊട്ടാരമുറ്റത്തെ ഒരുപണിക്കാരനെ കൊണ്ട് കെട്ടിച്ചിട്ട് നാടുകടത്തി..

അവർ വന്നുപെട്ടത് നമ്മുടെ ഗ്രാമത്തിൽ ആയിരുന്നു. അപ്പോഴേക്കും എനിക്കും ഒരുപ്രണയം ഉണ്ടായതിനാൽ ഞാനും സ്ഥലം കാലിയാക്കി നേരെ ഗ്രാമത്തിൽ വന്നു.അമ്മയുടെ വീടാണ് ഞാൻ ഇപ്പോൾ താമസിക്കുന്നത്…

അന്നത്തെ ആ പെൺകുട്ടിയും ഭർത്താവും തമ്മിൽ എപ്പോഴും വഴക്കായിരുന്നു.അവരുടെ വയറ്റിൽ വളർന്ന കുട്ടിയെ കുറിച്ച് പറഞ്ഞു തന്നെയാണ് സ്ഥിരം വഴക്കും….

എല്ലാ യാതനകൾക്കും ഒടുവിൽ അവർ ഒരുപെൺകുട്ടിയെ പ്രസവിച്ചു.ആ കുട്ടിക്ക് അഞ്ച് വയസ്സ് കഴിഞ്ഞതോടെ വളർത്തച്ഛൻ ഉപേക്ഷിച്ചു പോയി…..

അന്നത്തെ ആ പെൺകുട്ടിയാണ് ഇവിടിരിക്കുന്ന വസു എന്ന വസുമതി…

ജോസേട്ടൻ പറയും മുമ്പേ ഞാനെല്ലാം ഊഹിച്ചിരുന്നെങ്കിലും അറിയാതെ ഞാനൊന്ന് പൊള്ളിപ്പിടഞ്ഞു പോയി…

എന്റെ കണ്മുന്നിൽ ഒരിക്കൽ കൂടി എന്റെ അമ്മയുടെ ദയനീയമുഖം കടന്നുപോയി.ഓരോ രാത്രികളിലും അമ്മ തനിച്ചിരുന്നു കരയുന്നത് കണ്ടിട്ടുണ്ട്. ഉള്ളം പിടഞ്ഞാണ് അമ്മ തേങ്ങിയതെന്ന് ഞാനിന്ന് മനസ്സിലാക്കുന്നു. അപ്പോഴൊക്കെയും അമ്മയെ ഞാൻ കുറ്റപ്പെടുത്തിയട്ടെയുള്ളൂ….

രണ്ടു തുള്ളി കണ്ണുനീർ ഞാൻ താഴേക്കൊഴുക്കി..എന്റെ അമ്മക്കായിട്ട്…

“പിന്നെയെന്താണ് ഒരിക്കൽ പോലും ജോസേട്ടൻ അമ്മയോട് പരിചയം കാണിക്കാതിരുന്നത്”

എന്റെ മനസ്സിലെ സംശയം തീർക്കണമായിരുന്നു…

“അന്ന് നിന്റെ അമ്മ ഹരിയെ ഏൽപ്പിക്കാനായൊരു കത്തു തന്നിരുന്നു.ഞാനത് ഒരിക്കലും ഹരിയെ കാണിച്ചില്ല.അതിന്റെ തെറ്റിദ്ധാരണ അമ്മക്ക് ഉണ്ടായിരുന്നു”

“അതെന്താ ആ കത്ത് ജോസേട്ടൻ അമ്മയെ കാണിക്കാതിരുന്നത്?”

ഞാൻ സംശയം ആവർത്തിച്ചു…

മുത്തശ്ശന്റെയും ജോസേട്ടന്റെയും കണ്ണുകൾ നിറഞ്ഞു…

“ആ കത്ത് ഞാൻ ഹരിയെ ഏൽപ്പിക്കും മുമ്പ് നിന്റെ അച്ഛൻ കൊല്ലപ്പെട്ടു ”

“ങേ … ഞാൻ അതിശകതമായി നടുങ്ങിപ്പോയി…

” ആരാണെന്റെ അച്ഛനെ കൊന്നത്..ആരാണെന്ന്.. ആരായാലും എനിക്ക് അറിയണം”

എന്റെ കണ്ണുകളിൽ തീപ്പൊരി ചിതറി..ആ അഗ്നിക്ക് എല്ലാം ദഹിപ്പിക്കാനുളള ശക്തി ഉണ്ടായിരുന്നു…

തുടരും

ഒറ്റയാൻ : ഭാഗം 1

ഒറ്റയാൻ : ഭാഗം 2

ഒറ്റയാൻ : ഭാഗം 3

ഒറ്റയാൻ : ഭാഗം 4

ഒറ്റയാൻ : ഭാഗം 5

ഒറ്റയാൻ : ഭാഗം 6

ഒറ്റയാൻ : ഭാഗം 7

ഒറ്റയാൻ : ഭാഗം 8

ഒറ്റയാൻ : ഭാഗം 9

ഒറ്റയാൻ : ഭാഗം 10

ഒറ്റയാൻ : ഭാഗം 11

ഒറ്റയാൻ : ഭാഗം 12

ഒറ്റയാൻ : ഭാഗം 13

ഒറ്റയാൻ : ഭാഗം 14

ഒറ്റയാൻ : ഭാഗം 15