Sunday, December 22, 2024
Novel

നിഴലായ് മാത്രം : ഭാഗം 18

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

ബാലു നിര്വികാരതയോടെ പാറുവിനെ നോക്കി. ഒരു ഭാവ ഭേദവുമില്ലാതെയുള്ള പാറുവിന്റെ നിൽപ്പു അവനെ കൂടുതൽ വേദനിപ്പിച്ചു.

“മോളെ… മോളിത്‌ എന്താ ഇങ്ങനെ പറയുന്നേ” രവീന്ദ്രൻ മാഷിനും കൂടെ മറ്റുള്ളവർക്കും അത്ഭുതമായിരുന്നു.

കാരണം പാറു അത്രയേറെ ബാലുവിനെ സ്നേഹിക്കുന്നുണ്ടെന്നു അവിടെ നിന്നിരുന്ന ഓരോ മനസ്സുകൾക്കും അറിയാമായിരുന്നു. ബാലുവിന് സങ്കടം ഒന്നും തോന്നിയില്ല.

പാറു ആരോടും മറുപടി പറയാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ഹർഷൻ മുന്നിൽ നിന്നു തടസമായി.

“നിനക്കു ഈ കല്യാണത്തിന് ഇഷ്ടമില്ലാത്തത്തിന്റെ കാരണം പറയാതെ ഇവിടെ നിന്നും പോകാൻ കഴിയില്ല.”

ഹർഷന്റെ ചോദ്യത്തിൽ അല്പം നീരസവും ദേഷ്യവും കലർന്നിരുന്നു. തന്റെ കുഞ്ഞു പെങ്ങൾക്കു ഇങ്ങനെ വിഷമിപ്പിക്കാൻ കഴിയില്ല ആരെയും.

“അവൾക്കു ബാലുവിനെ ഇഷ്ടമായി കാണില്ല. പ്രാക്ടിക്കൽ ആയി അവളും ചിന്തിച്ചിട്ടുണ്ടാകും… നീയിനി ചോദ്യം ചെയ്തു അവളുടെ മനസ്സു മാറ്റാതെ മോനെ..”

യാമിയുടെ അമ്മയുടെ വാക്കുകൾ ആയിരുന്നു. അവർക്ക് ശ്രീരാജ് ആയിട്ടുള്ള ബന്ധം എങ്ങനെയെങ്കിലും ഉറപ്പിച്ചാൽ മതിയെന്നുള്ള ചിന്തയായിരുന്നു അധികവും.

അതുവഴി ഈ വീട്ടിൽ കുറച്ചധികാരം സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയും.

യാമിയുടെ അമ്മയുടെ വാക്കുകൾക്കുള്ള മറുപടി രൂക്ഷമായ നോട്ടത്തിൽ ഒതുക്കി ഹർഷൻ. തിരിഞ്ഞു പാറുവിന്റെ കൈകൾ പിടിച്ചു കൊണ്ടു പറഞ്ഞു തുടങ്ങി.

“നീയിവനെ സ്നേഹിച്ചിട്ടില്ലേ…. പറയു… പിന്നെ എല്ലാ രാത്രികളിലും അടക്കി പിടിച്ചുള്ളനിന്റെ തേങ്ങലുകൾ എന്തിന് വേണ്ടിയായിരുന്നു.

അവനോടുള്ള സ്നേഹമല്ലേ നീ ഒഴുക്കിയിരുന്നത്….”

പാറുവിനു മറുപടി ഒന്നുമുണ്ടായിരുന്നില്ല. പക്ഷെ അടക്കി പിടിച്ചിരുന്ന തേങ്ങലുകൾ…. ചുണ്ടുകളിലൂടെ വിതുമ്പലായി പുറത്തേക്കു വരാൻ തുടങ്ങിയിരുന്നു.

എല്ലാവരും അവരെ തന്നെ നോക്കുകയായിരുന്നു. ഉണ്ണിയും പാറുവിനു അരികെ ചെന്നു അവളുടെ കൈകളിൽ പിടിച്ചു ആശ്വാസം ഏകാനായി നിന്നു.

പാറുവിന്റെ വിതുമ്പൽ കുറച്ചൊന്നു അടങ്ങിയപ്പോൾ ഹർഷൻ പിന്നെയും അവളുടെ കൈകളിൽ പിടിച്ചു നിന്നു. അവളുടെ താടിയിൽ പിടിച്ചു ഉയർത്തി.

“നിന്റെ ഈ കണ്തടങ്ങളിലെ കറുപ്പ് പറയുന്നത്…. അവനോടുള്ള നിന്റെ പ്രണയത്തിന്റെ… വേദനയുടെ …. നൊമ്പരത്തിന്റെ ബാക്കിയാണ്… എന്താ കാര്യം.

ഇപ്പൊ ഏറ്റവും അധികം സന്തോഷികേണ്ടത് നീയല്ലേ മോളെ… എന്താ കല്യാണം അവനുമായി വേണ്ടയെന്നു പറയുന്നത്.”

ഹർഷൻ പാറുവിന്റെ കണ്തടങ്ങളിൽ മനസിലെ വേദനയോടെ തഴുകി കൊണ്ടു അവളോട്‌ ചോദിച്ചു കൊണ്ടിരുന്നു.

അവളുടെ ആ ക്ഷീണം നിറഞ്ഞ മുഖവും തിളക്കം കെട്ടകണ്ണുകളും ഹർഷനെ വേദനിപ്പിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായിരിക്കുന്നു.

“ഏട്ടാ…. കുഞ്ഞേട്ട… ന്റെ വല്യേട്ടന് ഇഷ്ടമില്ലാത്തത് ഒന്നും ഞാൻ ചെയ്യില്ല. ന്റെ വല്യേട്ടനെ വേദനിപ്പിച്ചുകൊണ്ടു എനിക്കൊരു ജീവിതവും വേണ്ട…

എന്റെ എല്ലാം ഗോപേട്ടൻ ആണ്. അച്ഛനേക്കാളും എനിക്ക് എന്റെ മനസ്സിൽ ന്റെ ഗോപേട്ടൻ ആണ് സ്ഥാനം.

ഇപ്പൊ ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചാൽ ഞാനായി ഗോപേട്ടനെ തോൽപ്പിക്കുന്ന പോലെയാകും.

ആരുടെ മുന്നിലും ഗോപേട്ടൻ തോൽക്കുന്നത് എനിക്കിഷ്ടമല്ല.

ഗോപേട്ടൻ മനസ്സോടെ സമ്മതിക്കുന്ന ഒരു ജീവിതം മാത്രേ എനിക്ക് വേണ്ടു…. ബാലുവിന് എന്നെ മനസ്സിലാകും”

പാറു പറഞ്ഞു നിർത്തികൊണ്ടു ബാലുവിനെ വേദനയോടെ നോക്കി.

ബാലുവിന് ആ നിമിഷത്തിൽ അവന്റെ കണ്ണുകളിൽ വേദനയോടൊപ്പം ഒരു തിളക്കവും ഉണ്ടായി. അവൻ സന്തോഷത്തോടെ തന്നെ തലയാട്ടി.

തനിക്കുള്ള ഉത്തരം കിട്ടിയിരിക്കുന്നു. വളരെ ന്യായമായ ഒരു ഉത്തരം. ശരിയാണ്…. അവളുടെ എല്ലാത്തിന്റെയും അവസാനത്തെയും ആദ്യത്തെയും വാക്കു അവളുടെ ഗോപേട്ടൻ ആണ്.

പാറു എല്ലാവരെയും ഒന്നു കൂടി നോക്കി അകത്തേക്ക് പോകാൻ തുനിഞ്ഞു. ഗോപൻ കൈ പിടിച്ചു നിർത്തി. അവളെ പൊതിഞ്ഞു പിടിച്ചു.

സന്തോഷ കണ്ണീർ അവളുടെ മൂർധാവിൽ വീണിരുന്നു. ഒരച്ഛന്റെ …. ഏട്ടന്റെ… അനിയന്റെ…കൂട്ടുകാരന്റെ… അവളുടെ മുന്നിൽ ഇത്രയധികം വേഷങ്ങൾ ഗോപൻ അണിയുന്നുണ്ട്. കുറച്ചു നിമിഷങ്ങൾ ആ നിൽപ്പു തുടർന്നു….

“ഈ സ്നേഹം കണ്ടില്ല എന്നു വയ്ക്കാൻ എനിക്കാകില്ല മോളെ…

ഏട്ടൻ അത്രയും ദുഷ്ടൻ ഒന്നുമല്ല. ഇതുവരെയും ഒരു മനുഷ്യന് ഉണ്ടാകുന്ന സ്വാർത്ഥ താത്പര്യത്തിന്റെ പുറത്തായിരുന്നു എനിക്ക് ബാലുവിനോട് എതിർപ്പ് തോന്നിയിരുന്നത്.

പക്ഷെ…. അവന്റെ കൈകളെക്കാൾ സുരക്ഷിതമായി നിന്നെ ഏൽപ്പിക്കാൻ വേറെ കൈകൾ ഇല്ല.

അവന്റെ ശബ്ദമാകാൻ നിനക്കെ കഴിയു.. പണ്ടും അതു അങ്ങനെ തന്നെ ആയിരുന്നല്ലോ…

ഒരുമിച്ചു കളിച്ചു നടക്കുന്ന പ്രായത്തിലും നീയായിരുന്നില്ലേ അവന്റെ ശബ്‌ദം…

എന്നും ഒരു വാലുപോലെ അവന്റെ കൂടെത്തന്നെ നീയുണ്ടായിരുന്നു. ഹർഷനെയും ഉണ്ണിയേയും പോലും നീ അടിപ്പിക്കാറില്ലായിരുന്നു.

ഏട്ടന് മോളുടെ സന്തോഷമാണ് ഏറ്റവും വലുതു. പിന്നെ നിന്നെ അമേരിക്കയിലേക്ക് പറഞ്ഞു വിടാനൊന്നും ഏട്ടന് പറ്റില്ല…. മോളെ ഏട്ടന്റെ കണ്മുന്നിൽ തന്നെ കാണണം.”

ഗോപൻ പറഞ്ഞു നിർത്തിയതും അവരെ പൊതിഞ്ഞു ഉണ്ണിയും ഹർഷനും കൂടെ കൂടി. നാലുപേരും ഒന്നിച്ചു നിന്നു സന്തോഷം പങ്കുവച്ചു.

ബാലു മിഴിനീർ വന്നു മൂടി ഒരു താങ്ങിനെന്നോണം രാധാകൃഷ്ണന്റെ തോളിൽ മുഖം അമർത്തി നിന്നു. രാധാകൃഷ്ണൻ അവനെ തലയിൽ തലോടി.

ഒരു അച്ഛന്റെ തലോടൽ പലപ്പോഴായി അയാളിൽ നിന്നും കിട്ടിയിരുന്നു…. എങ്കിലും ആ നിമിഷത്തിൽ അയാളിലെ തലോടലിന് ഒരു തണുപ്പ് അനുഭവപ്പെട്ടിരുന്നു.

കുറച്ചു നിമിഷങ്ങൾക്ക് ശേഷം പാറു ബാലുവിനെ രൂക്ഷമായി നോക്കി കൊണ്ട് അകത്തേക്ക് പോയി….

അവളുടെ പരിഭവം മനസിലാക്കിയ ബാലു ചിരിയോടെ നിന്നു.

“അപ്പോൾ കാര്യങ്ങൾ അങ്ങനെയാണോ തീരുമാനിക്കുന്നത്…. ഇതു ഞങ്ങളെ നാണം കെടുത്തുന്ന പോലെയായി”

യാമിയുടെ അമ്മ തന്റെ വിദ്വേഷം അടക്കാനാകാതെ പറഞ്ഞു.

ഹർഷൻ എന്തോ പറയാൻ ആഞ്ഞതും ഗോപൻ കണ്ണുകൾ കൊണ്ട് തടഞ്ഞു.

ശ്രീരാജ് ദേഷ്യം അടക്കി ഒതുക്കി ഇരിക്കുകയാണെന്നു അവന്റെ വിമ്മിഷ്ടപ്പെട്ടു കാണുന്ന മുഖഭാവം പറയുന്നുണ്ടായിരുന്നു.

ഗോപൻ ബാലുവിന് നേരെ തിരിഞ്ഞു. ഒരു നിമിഷം കൊണ്ട് ആ മുഖത്തു മിന്നിയത് സ്നേഹമായിരുന്നു.

“പാറുവിനെ കുറച്ചു വിഷമിപ്പിച്ചതല്ലേ…ചെല്ലു അവളുടെ അടുത്തേക്ക്…നിനക്കുതന്നെ അറിയാലോ ദേഷ്യംകൊണ്ടു അവൾ എന്താ ചെയ്യാന്നു.

നിന്നോട് ഇപ്പൊ കുറച്ചു ദേഷ്യവും പരിഭവവും ഉണ്ട്. പോയി തീർത്തിട്ടു വായോ”

ഗോപൻ ബാലുവിനെ തോളിൽ തട്ടി പാറുവിന്റെ അരികിലേക്ക് പറഞ്ഞു വിട്ടു. ഒരുതരത്തിൽ പറഞ്ഞാൽ ബാലുവിനെ ഒഴുവാക്കിയതാണെന്നും പറയാം.

അവിടുത്തെ മുന്നോട്ടുള്ള സംസാരങ്ങളിൽ യാമിയുടെ അമ്മയുടെ വായിൽ നിന്ന് ക്രൂരമായ വാക്കുകൾ വന്നാലോ ബാലുവിനെ കുറിച്ചു.

അതു അവൻ കേൾക്കാതിരിക്കാൻ ആയി….

“ശ്രീരാജ് ആയിട്ടുള്ള ആലോചന വന്നതെയുള്ളൂ…. ഞങ്ങൾ വാക്കു പറയുകയോ ഉറപ്പു പറയുകയോ ചെയ്തിരുന്നില്ല. പിന്നെ നിങ്ങൾ ഇവിടെ വന്നു ഇങ്ങനെ ക്ഷോഭിക്കേണ്ട കാര്യമില്ല”

ഗോപൻ അനിഷ്ടത്തോടെ പറഞ്ഞു.

“നിങ്ങൾക്ക് ഒന്നുകൂടി ചിന്തിച്ചു കൂടെ… പ്രാക്ടിക്കൽആയി ചിന്തിക്കു… അവനു സംസാരിക്കാനുള്ള ശേഷിയില്ല… പാറു നല്ല കുട്ടിയല്ലേ…

പിന്നെ ശ്രീരാജിന് എന്താ ഒരു കുറവ്… അവൻ അമേരിക്കയിൽ…” ശ്രീരാജിന്റെ ഗുണങ്ങൾ നിരത്താൻ തുടങ്ങുമ്പോഴേക്കും ഗോപൻ കൈകൾ ഉയർത്തി തടുത്തു.

അവന്റെ മുഖം ദേഷ്യം കൊണ്ടു വലിഞ്ഞു മുറുകിയിരുന്നു. കണ്ടാൽ ശരിക്കും പോലീസുകാരന്റെ ആ പേടിപ്പെടുത്തുന്ന മുഖം.

“നിങ്ങൾ എന്താ കരുതിയത്…. അമേരിക്ക എന്നു കേൾക്കുമ്പോൾ ഞങ്ങൾ കണ്ണും പൂട്ടി സമ്മതിക്കുമെന്നോ…

അമേരിക്കയിൽ ആയതുകൊണ്ട് ഇവന്റെ പൂർവ്വകാല ചരിത്രം ഒന്നും അറിയില്ല എന്നു കരുതിയോ….

എനിക്ക് അങ്ങു അമേരിക്കയിലും ഉണ്ട് പിടിപാട്.

ഇവൻ അവിടെ ചെയ്യാത്ത തരികിട പരിപാടികൾ ഇല്ല… നിന്റെ എല്ലാ സ്വഭാവ വിശേഷങ്ങളും ഞാൻ അറിഞ്ഞു കഴിഞ്ഞു.

അങ്ങനെയുള്ള ഇവന് എന്തു യോഗ്യതയുണ്ടു ബാലുവുമായി താരതമ്യപെടുത്താൻ.

കാര്യമൊക്കെ കൊള്ളാം…. നമ്മൾ ഇപ്പൊ ബന്ധുക്കൾ ആകുവാൻ പോകുന്നവരാണ്. അതൊന്നു കൊണ്ടു മാത്രമാണ് മുഖം കറുപ്പിച്ചു വേറെയൊന്നും പറയാത്തത്.

ഹർഷൻ താലി കെട്ടിയില്ലഎങ്കിലും യാമിയെ ഈ വീട്ടിലെ കുട്ടിയായികണ്ടിരിക്കുന്നെ…. യാമിയുടെ ബന്ധുക്കളും ഞങ്ങൾക്ക് അങ്ങനെ തന്നെ… എന്നു കരുതി അതു കൂടുതൽ മുതലെടുക്കാൻ ശ്രമിക്കരുത്”

ഗോപൻ വർധിച്ചു വന്ന ദേഷ്യത്തോടെയാണ് അത്രയും പറഞ്ഞു നിർത്തിയത്. അവിടെയുള്ളവരുടെ എല്ലാവരുടെയും മുഖത്തു ഒരു അവജ്ഞത ഉണ്ടായി.

ഹർഷനും വല്ലായ്മ തോന്നി… യാമിയുടെ വീട്ടുകാർ പറ്റിക്കുകയായിരുന്നോഎന്നുപോലും….

ഗോപൻ പറഞ്ഞു നിർത്തിയപ്പോൾ പിന്നെ അധികം സമയം അവർ അവിടെ നിന്നില്ല.

വിവാഹത്തിന്റെ ബാക്കി കാര്യങ്ങൾ ഫോണിലൂടെ അറിയിക്കാമെന്നു പറഞ്ഞുകൊണ്ട് അവർ തല കുമ്പിട്ടു തന്നെ ആ വീടിന്റെ പടികൾ ഇറങ്ങി.

ശ്രീരാജിന്റെ കണ്ണിലെ രക്തവർണം ആരും ശ്രദ്ധിച്ചില്ല.

പാറു അവളുടെ മുറിയിൽ ടേബിളിൽ പുസ്തകവുമായി ഇരിക്കുകയായിരുന്നു. വായനാശീലം നന്നായിട്ടുണ്ട് അവൾക്കു. ബാലു തന്നെയാണ് അതു ശീലിപ്പിച്ചതും.

പണ്ട് …. കുറച്ചു നാളുകൾ മുൻപ് വരെ ബാലു ആയിരുന്നു പുസ്തകങ്ങൾ അവൾക്കു വായനശാലയിൽ നിന്നും എത്തിച്ചു കൊടുത്തിരുന്നത്.

ഇപ്പൊ കുറച്ചായി അവളോടൊന്നു സംസാരിച്ചിട്ടു കൂടി.

ബാലു വന്നത് അറിഞ്ഞിട്ടും അവൾ പുസ്തകത്തിൽ നിന്നും മുഖമുയർത്താതെ പുസ്തകത്തിൽ തന്നെ കണ്ണും നട്ടു ഇരുന്നു.

കുറച്ചു നേരം അവൽക്കരികിൽ അവൻ നിന്നു.

അവൾ നോക്കുക കൂടി ചെയ്യാതെ തന്റെ പരിഭവം മുഴുവൻ കാണിച്ചു.

ബാലുവും എങ്ങനെ സംസാരിച്ചു തുടങ്ങുമെന്ന ശങ്കയിലായിരുന്നു. പെട്ടന്ന് അവൾ എഴുനേറ്റു അവനെ കടന്നു പോയി…

അവനും പുറകെ ചെന്നു. വാതിൽ എത്തും മുന്നേ പാറുവിന്റെ കൈകളിൽ അവൻ പിടുത്തമിട്ടു.

പാറു പക്ഷെ ആ കൈകൾ തട്ടി മാറ്റി മുന്നോട്ടു നടന് വാതിൽ പടി പുറത്തു കടന്നു വാതിൽ ശക്തമായി വലിച്ചു അടച്ചു തിരിഞ്ഞു നോക്കാതെ…

മുന്നോട്ടു ഒന്നു രണ്ടു അടി വച്ചു അവൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ബാലുവിന്റെ കൈ വിരലുകളായിരുന്നു.

വല്ലാത്തൊരു ഉൾക്കിടിലത്തോടെ പാഞ്ഞു ചെന്നു അവൾ വാതിൽ തുറന്നു.

അവൻ കൈ വിരലുകൾ കുടഞ്ഞു… നല്ല വേദനയിൽ കണ്ണുകൾ നിറഞ്ഞിരുന്നു.

അതിനും മുന്നേ പാറു കരച്ചിൽ തുടങ്ങിയിരുന്നു.

അവളുടെ കണ്ണുകൾ നിറഞ്ഞപ്പോൾ കൈ വേദനെയെക്കാൾ അവന്റെ ഹൃദയത്തിനായിരുന്നു വേദനിച്ചത്.

ബാലു കണ്ണുകൾ കൊണ്ടു തനിക്കൊന്നുമില്ല…

വേദനിക്കുന്നില്ല എന്നൊക്കെ പറയുന്നുണ്ടെങ്കിലും പാറുവിനു അതൊന്നു സമാധാനം നൽകിയില്ല.

അവൾ വേഗം അവന്റെ കൈകൾ വിടർത്തി പതുക്കെ ഊതുവാൻ തുടങ്ങി.

ആ കുളിർക്കാറ്റ് തന്റെ ഹൃദയത്തിൽ പതിക്കുന്നപോലെ ബാലുവിന് തോന്നി.

പ്രണയതോടെ തന്നെ പാറുവിനെ ഉറ്റുനോക്കി നിന്നു. അവളുടെ ശ്രദ്ധ മുഴുവനും അവന്റെ കൈകളിലായിരുന്നു.

ഒരുവേള പാറുവിന്റെ കണ്ണുകൾ ബാലുവിന്റെ മിഴികളിൽ ഉടക്കി.

മറു കൈകൊണ്ടു ബാലു പാറുവിന്റെ കഴുത്തിലേക്കു ചേർത്തു പിടിച്ചു കണ്ണുകൾ കൊണ്ടു കരയരുതെന്നു തലയാട്ടി. എങ്ങുനിന്നോ ഒരു പുഞ്ചിരി അവളുടെ ചുണ്ടുകളിൽ തത്തി കളിച്ചു.

ബാലു പാറുവിന്റെ മുഖം കൈകളിൽ കോരി എടുത്തു തന്റെ നെഞ്ചോരം ചേർത്തു വച്ചു. പാറുവും ആ നെഞ്ചിലെ ചൂടിൽ തന്റെ മുഖം പൂഴ്ത്തി…

അവരുടെ ഹൃദയമിടിപ്പുപോലും ഒന്നായി തീർന്ന നിമിഷങ്ങൾ….

ആ നിമിഷം ഈ ലോകത്തെ മുഴുവൻ തന്റെ കൈകൾകുള്ളിൽ പൊതിഞ്ഞു നിൽക്കുന്നപോലെ അവനു തോന്നി…..!

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 3

നിഴലായ് മാത്രം : PART 4

നിഴലായ് മാത്രം : PART 5

നിഴലായ് മാത്രം : PART 6

നിഴലായ് മാത്രം : PART 7

നിഴലായ് മാത്രം : PART 8

നിഴലായ് മാത്രം : PART 9

നിഴലായ് മാത്രം : PART 10

നിഴലായ് മാത്രം : PART 11

നിഴലായ് മാത്രം : PART 12

നിഴലായ് മാത്രം : PART 13

നിഴലായ് മാത്രം : PART 14

നിഴലായ് മാത്രം : PART 15

നിഴലായ് മാത്രം : PART 16

നിഴലായ് മാത്രം : PART 17