Friday, January 17, 2025
Novel

നിഴൽ പോലെ : ഭാഗം 19

എഴുത്തുകാരി: അമ്മു അമ്മൂസ്‌


എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്നുള്ള പേടി ഉള്ളിൽ നിറയുന്നു. പക്ഷേ ആരോടാ ഒന്ന് പറയുക. അച്ഛനോടും അമ്മയോടും പറഞ്ഞാൽ വെറുതെ ടെൻഷൻ ആകും. ഗൗതമേട്ടന് പിന്നെ ഇപ്പോൾ നിന്നു തിരിയാൻ വയ്യാത്ത തിരക്കാണ്.

അല്ലെങ്കിലും ഇതൊക്കെ പറഞ്ഞാൽ കളിയാക്കുകയായിരിക്കും ചെയ്യുക.
ആലോചിച്ചു നടക്കുന്ന അവളുടെ സകല ഭാവങ്ങളും ദർശൻ ഒപ്പി എടുക്കുന്നുണ്ടായിരുന്നു.

“നിന്നേ ഞാൻ മറ്റാർക്കും വിട്ടുകൊടുക്കില്ല മാളു. ദർശൻ ആഗ്രഹിച്ചതൊന്നും മറ്റാരുടെയും സ്വന്തം ആകാൻ സമ്മതിക്കില്ല ഞാൻ”. കൈയിൽ ഇരിക്കുന്ന താലി ഒന്നുകൂടി മുറുകെ പിടിച്ചു അവൻ പറഞ്ഞു.

അവളുടെ അരികിലേക്ക് നടക്കുമ്പോളാണ് പുറകിൽ നിന്നും ആരോ തട്ടി വിളിച്ചത്. “ഹലോ എങ്ങോട്ടാ ഈ പോക്ക്. ”

തിരിഞ്ഞു നോക്കിയപ്പോൾ നന്ദനാണ്.

നന്ദനെ കണ്ടപ്പോൾ ദർശൻ ഒന്ന് പതറി. അവനെ ഒരിക്കലും അവിടെ പ്രതീക്ഷിച്ചിരുന്നില്ല. ഗൗതം ഏതോ മീറ്റിങ്ങിൽ പെട്ട് തിരക്കിൽ ആണെന്ന് പ്രിയ പറഞ്ഞിരുന്നു. ആ ഒരു ഉറപ്പിൽ ആണ് ഇങ്ങോട്ട് വന്നത്. മാളുവിനെ ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞു കൊണ്ട് പോകാം എന്ന് വിചാരിച്ചു.

ദർശന്റെ മുഖത്തെ പതർച്ച നന്ദന് മനസ്സിലായിരുന്നു. തന്നെ അവൻ അവിടെ പ്രതീക്ഷിച്ചിരുന്നില്ല എന്ന് വ്യക്‌തം. ദർശന്റെ കൈയിൽ മുറുകെ പിടിച്ചിരിക്കുന്ന താലിയിലേക്ക് നന്ദന്റെ നോട്ടം ചെന്നു.

“ആഹാ താലി ഒക്കെ സംഘടിപ്പിച്ചല്ലോ. അപ്പോ എങ്ങനാ വഴിയിൽ വച്ചു കെട്ടുന്നോ അതോ തട്ടിക്കൊണ്ടു പോയി കെട്ടാനാണോ”. നന്ദൻ പരിഹാസം കലർന്ന സ്വരത്തിൽ പറഞ്ഞു.

“ഡാ നീ… “ദർശൻ ദേഷ്യം കൊണ്ട് വിറച്ചു. “ഈ ദർശനെ നിനക്കറിയില്ല. അവളെ എന്റെ സ്വന്തം ആക്കണം എന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് നടത്താനും എനിക്കറിയാം”.

അവന്റെ മറുപടി കേട്ട് നന്ദൻ ചിരിച്ചു. എനിക്കതിലൊന്നും പറയാനില്ല. “ധാ ആ വരുന്ന ആളോട് പറഞ്ഞാൽ മതി. പുള്ളിയാ എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്. ”

ദർശൻ തിരിഞ്ഞു നോക്കിയപ്പോൾ കമ്പനിയിൽ നിന്നും പുറത്തേക്ക് വരുന്ന ഗൗതമിനെ ആണ് കണ്ടത്. അവന്റെ പിന്നാലെ വരുന്ന പ്രിയയുടെ മുഖം പരിഭ്രമം കൊണ്ട് നിറഞ്ഞിരുന്നു.

ദർശനെ കത്തുന്ന ഒരു നോട്ടം നോക്കിയിട്ട് ഗൗതം നേരേ മാളുവിന്റെ അടുത്തേക്ക് നടന്നു. അവൾ അപ്പോഴേക്ക് വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങുകയായിരുന്നു. ദർശൻ കുറച്ചു ദൂരെ ആയിരുന്നതിനാൽ അവൾ അവനെ കണ്ടില്ല.

“നീ പോയി എന്റെ കാറിൽ ഇരിക്ക്”. ഗൗതം കീ അവളുടെ വണ്ടിയിൽ നിന്നും ഊരിക്കൊണ്ടു പറഞ്ഞു.

മാളു കാര്യം മനസ്സിലാകാതെ അവനെ നോക്കി. “ഇപ്പൊ അതിന് മഴയൊന്നും ഇല്ലല്ലോ. എനിക്ക് വണ്ടിയുണ്ട് അതിൽ പൊയ്ക്കോളാം”. അവൾ താക്കോലിന് കൈ നീട്ടി.

“നിനക്കെന്താ പറഞ്ഞാൽ മനസ്സിലാകില്ലേ. കാര്യം ഉണ്ടെന്ന് കൂട്ടിക്കോ. നന്ദൻ എത്തിച്ചോളും നിന്റെ വണ്ടി. ഇപ്പൊ കാറിൽ പോയി ഇരിക്ക്. ”
ഗൗതം ദേഷ്യത്തോടെ പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു സ്കൂട്ടിയിൽ നിന്നും ഇറങ്ങി.

“ഹ്മ്മ്… വെട്ടുപോത്ത്‌ എങ്ങാണ്ട് ആണെന്നാ തോന്നുന്നേ ഒന്നും അങ്ങോട്ട് പറയാൻ പറ്റില്ല. പറയുന്നതെല്ലാം കേട്ടോണം.” അവൾ ദേഷ്യത്തോടെ പറഞ്ഞു നടന്നു.

മാളു കാറിൽ കയറി എന്ന് കണ്ടതും ഗൗതം കീ ഉപയോഗിച്ച് കാർ ലോക്ക് ആക്കി. എന്നിട്ട് ദർശന്റെ അടുത്തേക്ക് ചെന്നു.

“ആഹാ ദർശൻ സർ എന്താ എന്റെ ഓഫീസിൽ. ജോലിക്ക് വല്ലോം അപേക്ഷിക്കാൻ വന്നതാണോ.” ഗൗതം ചോദിച്ചു.

“അപ്പോ നീ അറിഞ്ഞില്ലേ. സാറിന്റെ കല്യാണം ആയിരുന്നു ഇന്ന്. പക്ഷേ അവസാന നിമിഷം പെണ്ണ് കൈവിട്ട് പോയി”. നന്ദൻ ദർശനെ ആക്കിക്കൊണ്ട് പറഞ്ഞു.

ഗൗതം വിരൽ മടക്കി താടിയിൽ വച്ചു. “ശോ കഷ്ടമായിപ്പോയല്ലോ. ”

പെട്ടെന്ന് ചിരി മാറി ഗൗതമിന്റെ മുഖത്തു ദേഷ്യം നിറഞ്ഞു. “നിന്നോട് ഞാൻ ബാംഗ്ലൂർ വച്ചേ പറഞ്ഞതാ അവളുടെ പിന്നാലെ മേലാൽ ചെല്ലരുതെന്ന്. താലി കെട്ടിക്കോളാം എന്ന് വാക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അത് പാലിക്കാനും ഗൗതമിനറിയാം. ഇനി ഇങ്ങനെ ആയിരിക്കില്ല ഞാൻ പ്രതികരിക്കുന്നത്”. ദർശന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു നിർത്തി അവൻ പറഞ്ഞു

“ഡാ… “ഗൗതമിനെ ഇടിക്കാൻ വേണ്ടി അവൻ കൈ ഉയർത്തി എങ്കിലും നന്ദൻ പെട്ടെന്ന് തന്നെ ആ കൈയിൽ പിടിച്ചു അവനെ തടഞ്ഞു. “അത് വേണ്ട ദർശാ.. ”

ദർശനെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചിട്ട് ഗൗതം അവനെ തള്ളി മാറ്റി.

ഗൗതവും നന്ദനും കണ്ണിൽ നിന്നും മറയുന്നത് വരെ ദർശൻ പകയോടെ നോക്കി നിന്നു.

“നീ ജീവനോടെ ഉണ്ടെങ്കിൽ അല്ലാ അവളുടെ കഴുത്തിൽ താലി കെട്ടു. ചെയ്യേണ്ടതെന്താ എന്നെനിക്കറിയാം. “കാറിന്റെ ബോണറ്റിൽ ആഞ്ഞടിച്ചു കൊണ്ട് അവൻ പറഞ്ഞു.

പെട്ടെന്ന് തന്നെ ഫോൺ എടുത്തു അവസാനം വിളിച്ച നമ്പറിലേക്ക് ഒന്ന് കൂടി വിളിച്ചു. ആ കാൾ കട്ട്‌ ചെയ്യുമ്പോൾ ക്രൂരമായ ഒരു ചിരി ഉണ്ടായിരുന്നു അവനിൽ.

മുഖം വീർപ്പിച്ചു അവനെ നോക്കാതെ പുറത്തേക്ക് നോക്കി ഇരിക്കുന്ന മാളുവിനെ നോക്കുംതോറും ഗൗതത്തിന് ചിരി വന്നു.

വണ്ടിയിൽ കയറിയപ്പോൾ മുതൽ തുടങ്ങിയതാണ് എന്തെങ്കിലും ചോദിച്ചാൽ മറുപടി മൂളൽ മാത്രം.

“എടി പൊട്ടി പെണ്ണേ നമ്മുടെ രണ്ടിന്റെയും അമ്മമാർ അവിടെ textile ഷോറൂമിൽ നിൽക്കുവാ. അതിനാ നിന്നോട് എന്റെ കൂടെ വരാൻ പറഞ്ഞത്. നീ പറഞ്ഞിട്ട് കേൾക്കാഞ്ഞിട്ടല്ലേ ഞാൻ ദേഷ്യപ്പെട്ടത്.വിളിച്ചാൽ വന്നൂടെ നിനക്ക്”.

തിരിച്ചൊന്നും പറഞ്ഞില്ലെങ്കിലും പിണക്കത്തിന് അല്പം അയവു വന്നെന്ന് ഗൗതത്തിന് മനസ്സിലായി.

മനസ്സുകൊണ്ട് അവൻ അമ്മക്ക് നന്ദി പറഞ്ഞു. മാളു പുറത്തേക്ക് ഇറങ്ങിയ ഉടനേ ആയിരുന്നു അമ്മ വിളിച്ചത്. മാളുവിനെയും കൂട്ടി ചെല്ലാൻ വേണ്ടി.

അവളെ തിരഞ്ഞു റോഡിലേക്ക് നോക്കിയപ്പോളാണ് ദർശനെ കണ്ടത്. അവന്റെ ഉദ്ദേശം എന്താണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമായതാണ്. നന്ദനെ അവന്റെ അരികിലേക്ക് പറഞ്ഞയക്കുമ്പോളും ഉള്ളിൽ തീ ആയിരുന്നു. എത്രയും പെട്ടെന്ന് മീറ്റിംഗ് അവസാനിപ്പിച്ചു പുറത്തേക്കിറങ്ങിയപ്പോളാണ് സമാധാനം ആയത്.

ദർശൻ അവളുടെ അടുത്തേക്ക് എത്തിയപ്പോൾ അമിതമായി മിടിച്ച തന്റെ നെഞ്ചിടിപ്പും ടെൻഷനും മാളു തന്റെ ആരാണെന്ന് അവന് മനസ്സിലാക്കി കൊടുത്തിരുന്നു. അവൾക്കെന്തെങ്കിലും സംഭവിക്കുമോ എന്നുള്ള ആ പേടി മാളുവില്ലാത്ത ഒരു ജീവിതം സാധ്യമല്ല എന്നവന് തോന്നി. ശ്വാസം പോലും നേരേ വീണത് പുറത്തേക്കിറങ്ങി അവളെ കണ്ടതിനു ശേഷം മാത്രമാണ്.

റോഡിൽ നോക്കിയതിനേക്കാൾ കൂടുതൽ മാളുവിൽ ആയിരുന്നു അവന്റെ കണ്ണുകൾ.

Textiles ഇൽ എത്തിയതും മാളു പെട്ടെന്നിറങ്ങി അകത്തേക്ക് നടന്നു. ബീനയും ദിവ്യയും അവരെ നോക്കി താഴെ തന്നെ നിൽപ്പുണ്ടായിരുന്നു.

ആദ്യം പോയത് മന്ത്രകോടി എടുക്കാനാണ്. ഏത് നിറം വേണമെന്നുള്ള ബീനയുടെ ചോദ്യത്തിന് റെഡ് ചില്ലി കളർ മതി എന്ന് മാളുവിനേക്കാൾ മുൻപേ ഉത്തരം പറഞ്ഞത് ഗൗതം ആയിരുന്നു. പറഞ്ഞു കഴിഞ്ഞിട്ട് എല്ലാവരും തന്നെ നോക്കുന്നത് കണ്ടപ്പോളാണ് എന്താ പറഞ്ഞതെന്ന് അവന് ഓർമ വന്നത്.

ചമ്മൽ കാരണം പെട്ടെന്ന് തന്നെ ഫോണും എടുത്തു പുറത്തേക്ക് നടന്നു.

അവൻ തിരികെ വന്നപ്പോൾ മാളു ഷർട്ട്‌ നോക്കുകയായിരുന്നു. അമ്മമാർ രണ്ടും അടുത്തൊന്നും ഇല്ല.

“ആർക്കാ ഇപ്പൊ ഷർട്ട്‌”. അടുത്തുള്ള കസേരയിൽ ഇരുന്ന് അവൻ ചോദിച്ചു.

“എന്റെ ഏട്ടനാ.” അവൾ വീണ്ടും ഷർട്ട്‌ തിരയാൻ തുടങ്ങി.

“നിന്റെ ഏട്ടനാണെങ്കിൽ ഗ്രീൻ എടുത്തോ. പച്ച നിറം അസൂയക്ക് നല്ലോണം ചേരും.” ഗൗതം പുച്ഛത്തോടെ പറഞ്ഞു.

മാളു കണ്ണ് കൂർപ്പിച്ചു അവനെ നോക്കി.” ദേ എന്റെ ഏട്ടനെ എന്തെങ്കിലും പറഞ്ഞാലുണ്ടല്ലോ. ”

“പിന്നേ അവളുടെ ഒരു ഏട്ടൻ”. ഗൗതം പിറുപിറുത്തു.
അവൻ കൈയിൽ കരുതിയ കവർ അവൾക്ക് നേരേ നീട്ടി. ദാ നിനക്ക് വാങ്ങിയതാ.

വാങ്ങി തുറന്നു നോക്കിയ മാളു ഞെട്ടി. സാരിയാണ് അതും ഒരു ഏഴെട്ടെണ്ണം ഉണ്ട്. എല്ലാം ഡാർക്ക്‌ ഷെയ്ഡിൽ ഉള്ളത്.

“ഞാൻ സാരീ ഉടുക്കില്ല.” അവൾ ആ കവർ അവന് തന്നെ തിരിച്ചു നൽകി.

ഗൗതം നെറ്റി ചുളിച്ചു അവളെ നോക്കി. “അതെപ്പോ മുതലാ. നീ ഉടുത്തു ഞാൻ കണ്ടിട്ടുണ്ടല്ലോ.”

“ഓഹ് നമ്മളൊക്കെ സാരി ഉടുത്താൽ കഥകളി വേഷം പോലെ ആണെന്ന് ചിലരൊക്കെ പറഞ്ഞായിരുന്നു. നമ്മളില്ലേ….. വെറുതെ എന്തിനാ” അവൾ അവനെ ഗൗനിക്കാതെ ഷർട്ട്‌ തിരഞ്ഞുകൊണ്ട് പറഞ്ഞു.

അവൾ തന്നെ കളിയാക്കുവാണെന്ന് ഗൗതമിന് മനസ്സിലായി. “നിനക്ക് ഉടുക്കാൻ പറ്റുമോ ഇല്ലിയോ.” അവൻ ഗൗരവത്തിൽ ചോദിച്ചു.

“പറ്റില്ല… “അവളും അതേ കനത്തിൽ മറുപടി പറഞ്ഞു.

“വേണ്ട… എനിക്കറിയാം എന്റെ ഭാര്യയെ എങ്ങനെ ഉടുപ്പിക്കണം എന്ന്. ഞാൻ ഉടുപ്പിച്ചോളാം”. അതും പറഞ്ഞു പിണങ്ങി എണീറ്റു പോകുന്ന ഗൗതമിനെ അവൾ വാ തുറന്നു നോക്കി ഇരുന്നു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഇനി ഒരാഴ്ചയേ ഉള്ളൂ കല്യാണത്തിന്. ഗൗതം ജോലി കഴിഞ്ഞു ഇറങ്ങുവാൻ രാത്രി വൈകിയിരുന്നു. ഇന്നലെ മുതൽ മാളു ലീവിൽ ആണ്. ഒരു വർഷത്തിന് ശേഷം ആദ്യമായിട്ടാണ് മാളു ഇല്ലാതെ ഓഫീസിൽ. ഓരോ നിമിഷവും കാരണമില്ലാതെ ഫയലുകളുമായി ക്യാബിനിലേക്ക് വരുന്ന മാളു ആയിരുന്നു മനസ്സിൽ.

തന്റെ മാറ്റം ഓർത്ത് അവന് തന്നെ ചിരി വന്നു. പ്രണയത്തിനു ഇത്രയൊക്കെ ഒരാളെ മാറ്റാൻ കഴിയുമോ…..കഴിയുമായിരിക്കും…. അസുരനെ പോലും സ്വപ്നം കാണിക്കാൻ ഉള്ള കഴിവ് പ്രണയത്തിനുണ്ടെന്നാണല്ലോ പറയാറ്.

കുറച്ചു ദൂരം വണ്ടി ഓടിച്ചപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങി.

മാളുവിന്‌ കിടന്നിട്ട് ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. നെഞ്ചിൽ എന്തോ ഒരു ഭാരം. ഒരു കല്ല് കേറ്റി വച്ചത് പോലെ. അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ. ഗൗതമിന്റെ മുഖമാണ് ആദ്യം മനസ്സിലേക്ക് വന്നത്. പെട്ടെന്ന് തന്നെ ഫോൺ എടുത്തു നമ്പർ dial ചെയ്തു.

മാളുവിന്റെ പേര് ഡിസ്‌പ്ലേയിൽ കണ്ട ഗൗതം ചിരിയോടെ ഫോൺ എടുക്കാൻ തുടങ്ങിയപ്പോളേക്ക് കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം തന്റെ നേരേ പാഞ്ഞു വരുന്നത് കണ്ടു.

തുടരും…

നിഴൽ പോലെ : ഭാഗം 1

നിഴൽ പോലെ : ഭാഗം 2

നിഴൽ പോലെ : ഭാഗം 3

നിഴൽ പോലെ : ഭാഗം 4

നിഴൽ പോലെ : ഭാഗം 5

നിഴൽ പോലെ : ഭാഗം 6

നിഴൽ പോലെ : ഭാഗം 7

നിഴൽ പോലെ : ഭാഗം 8

നിഴൽ പോലെ : ഭാഗം 9

നിഴൽ പോലെ : ഭാഗം 10

നിഴൽ പോലെ : ഭാഗം 11

നിഴൽ പോലെ : ഭാഗം 12

നിഴൽ പോലെ : ഭാഗം 13

നിഴൽ പോലെ : ഭാഗം 14

നിഴൽ പോലെ : ഭാഗം 15

നിഴൽ പോലെ : ഭാഗം 16

നിഴൽ പോലെ : ഭാഗം 17

നിഴൽ പോലെ : ഭാഗം 18