Friday, April 12, 2024
Novel

നിനക്കായ്‌ : ഭാഗം 18

Spread the love

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

Thank you for reading this post, don't forget to subscribe!

” അഭിയെവിടമ്മേ അവളിതുവരെ റെഡിയായില്ലേ ? ”

പോകാൻ റെഡിയായി താഴേക്ക് വരുമ്പോൾ ഷർട്ടിന്റെ കൈ മടക്കി വച്ചുകൊണ്ട് ഗീതയോടായി അജിത്ത് ചോദിച്ചു.

” അവൾ പോയല്ലോ ഇന്നുമുതൽ കുറച്ച് നേരത്തെ പോണം അതുകൊണ്ട് ബസ്സിൽ പൊക്കോളാമെന്ന് പറഞ്ഞു. നിന്നോട് പറഞ്ഞില്ലേ ? ”

കയ്യിലിരുന്ന കാസറോൾ ഡൈനിങ് ടേബിളിലേക്ക് വച്ചുകൊണ്ട് അവർ ചോദിച്ചു.

” ഇല്ല ”

എന്തോ ആലോചിച്ചുകൊണ്ട് അജിത്ത് പറഞ്ഞു.

” നീ കഴിക്കുന്നില്ലേ ? ”

പുറത്തേക്ക് നടക്കാൻ തുടങ്ങിയ അവനോടായി പിന്നിൽ നിന്നും ഗീത ചോദിച്ചു.

” വേണ്ടമ്മേ എനിക്കും പോയിട്ട് അത്യാവശ്യമുണ്ട് ”

പറഞ്ഞുകൊണ്ട് അവൻ ബൈക്കിന്റെ കീയുമെടുത്ത് ധൃതിയിൽ പുറത്തേക് നടന്നു.

” ഞാനെന്തിനാണോ എന്തോ കാലത്തേ കിടന്നിതൊക്കെ ഉണ്ടാക്കി വെക്കുന്നത്. ഒരു പെൺകൊച്ചാണെങ്കിൽ ഒന്നും കഴിക്കാതെ ധൃതി പിടിച്ചോടി. ഇപ്പൊ ദാ ഇവനും ഒന്നും വേണ്ട. ആർക്കും വേണ്ടേൽ പിന്നെ ഞാനെന്തിനാ ഈ കിടന്ന് പാട് പെടുന്നത് ? ”

ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പുറത്തേക്ക് ഓടിക്കുമ്പോൾ പിന്നിൽ നിന്നുമുള്ള ഗീതയുടെ പിറുപിറുക്കൽ കേട്ടെങ്കിലും വക വയ്ക്കാതെ അവൻ പുറത്തേക്ക് കടന്നു.

ഇന്നലത്തെ വഴക്കിന്റെ ബാക്കിപത്രമാണ് ഈ ബസ്സിൽ പോക്കെന്നത് വ്യക്തമായിരുന്നു. ഇന്നലത്തെ തിരക്കുകളും ജോലിത്തിരക്കുകളുമെല്ലാം കൊണ്ട് ഭ്രാന്ത്‌ പിടിച്ചിരുന്ന നേരത്താണ് അവളോട് ദേഷ്യപ്പെട്ടത്. അത് പക്ഷേ ഇത്രക്കും പ്രശ്നമാകുമെന്ന് കരുതിയില്ല. എപ്പോഴത്തേയും പോലെ കുറച്ച് കഴിയുമ്പോൾ ചിണുങ്ങിക്കോണ്ട് വരുമെന്നാണ് കരുതിയത്. ബൈക്ക് ഓടിക്കുമ്പോൾ അവനോർത്തു. ധൃതിയിൽ അവളുടെ ഓഫീസിന് മുന്നിലെത്തിയെങ്കിലും അവളെ കാണാൻ കഴിയാതെ നിരാശയോടെ അവൻ ബൈക്ക് മുന്നോട്ടെടുത്തു. ബൈക്കിലിരുന്നു തന്നെ അവളുടെ ഫോണിലേക്ക് വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഓഫീസിലെത്തിയിട്ടും അവളുടെ ഒഴിഞ്ഞുമാറ്റം അവനെ ഭ്രാന്ത് പിടിപ്പിച്ചു കൊണ്ടിരുന്നു.

” ഇവൾക്കിതെന്ത്‌ പറ്റിയെന്ന് എനിക്കറിയില്ലെടാ ”

കാന്റീനിലെ ടേബിളിന് ഇരുവശവുമായി ഇരിക്കുമ്പോൾ മനുവിനോടായി അജിത്ത് പറഞ്ഞു.

” നീ വിഷമിക്കാതെ ഞാൻ അനൂനോട്‌ പറയാം അഭിയെ വിളിച്ച് സംസാരിക്കാൻ ”

ടേബിളിൽ വച്ചിരുന്ന അജിത്തിന്റെ വലത് കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് ആശ്വാസിപ്പിക്കാനെന്നപോലെ മനു പറഞ്ഞു.
പക്ഷേ അതൊന്നും അവനെ ആശ്വസിപ്പിക്കാൻ പോന്നതായിരുന്നില്ല. അഭിരാമിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. എല്ലാം ചെയ്യുന്നുണ്ടെങ്കിലും അവളുടെ ശ്രദ്ധ മറ്റെവിടെയോ ആയിരുന്നു. വീണ ഒരുപാട് തവണ ചോദിച്ചെങ്കിലും ഒരു വാടിയ പുഞ്ചിരിയിൽ അവൾ മറുപടിയൊതുക്കി.

” നീയിതെന്താ അഭീ ഈ ആലോചിച്ചു കൂട്ടുന്നത് നീ കഴിക്കുന്നില്ലേ ? ”

ലഞ്ച് ടൈമിൽ തുറന്നുവച്ച പാത്രത്തിന് മുന്നിൽ എന്തോ ആലോചിച്ചിരിക്കുന്ന അഭിരാമിയെ തട്ടി വിളിച്ചുകൊണ്ട് വീണ ചോദിച്ചു.

” എന്താന്നറിയില്ലെടാ വിശപ്പില്ല ”

അവൾ പതിയെ പറഞ്ഞു.

” എന്താടാ അജിത്തേട്ടനോട്‌ വഴക്കിട്ടോ ? ”

അവളുടെ അരികിലേക്ക് ഇരുന്നുകൊണ്ട് വീണ വീണ്ടും ചോദിച്ചു.

” എന്തിന് വഴക്കിടാനൊക്കെ ഞാനാരാ ”

അവളുടെ മുഖത്ത് നോക്കാതെ പാത്രവുമടച്ചെടുത്ത് വാഷ് റൂമിലേക്ക് നടക്കുമ്പോൾ അഭിരാമി പതിയെ പറഞ്ഞു. ഒന്നും മനസ്സിലാവാതെ അന്തം വിട്ടിരിക്കുകയായിരുന്നു അപ്പോൾ വീണ. പെട്ടന്നാണ് ടേബിളിലിരുന്ന അഭിരാമിയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്. ഡിസ്പ്ലേയിൽ അനുവെന്ന പേരിനിനൊപ്പം അവളുടെ ചിരിക്കുന്ന മുഖവും തെളിഞ്ഞുവന്നു.

” എടീ ദാ അനു വിളിക്കുന്നു ”

വാഷ്ബേസിനരികിൽ നിന്ന അഭിരാമിയുടെ നേരെ ഫോൺ നീട്ടിക്കോണ്ട് വീണ പറഞ്ഞു. കയ്യും മുഖവും തുടച്ചുകൊണ്ട് അവൾ വേഗം ഫോൺ വാങ്ങി കാതിൽ വച്ചു.

” ആഹ് പറ മോളേ ”

” ഞാനെന്ത് പറയാനാ ചേച്ചിക്കിതെന്താ പറ്റിയത് ? അജിത്തേട്ടന് നല്ല വിഷമമായിട്ടുണ്ട്. ”

അനുവിന്റെ ചോദ്യത്തിന് എന്ത് മറുപടി കൊടുക്കുമെന്നറിയാതെ അവളൊന്നാലോചിച്ചു.

” എനിക്കെന്ത് പറ്റാനാ എനിക്കൊരു പ്രശ്നവുമില്ല ”

ഒരൊഴുക്കൻ മട്ടിൽ അവൾ പറഞ്ഞു.

” വെറുതെ ആവശ്യമില്ലാത്തതൊക്കെ മനസ്സിലിട്ട് ഊതി വീർപ്പിക്കുന്നതെന്തിനാ ചേച്ചി ? ”

അനു വീണ്ടും ചോദിച്ചു.

” നീ വിചാരിക്കുന്നത് പോലെ ഒന്നുമില്ലെഡീ നീ വച്ചോ എനിക്ക് കുറച്ച് തിരക്കുണ്ട് ”

പെട്ടന്ന് പറഞ്ഞവസാനിപ്പിച്ച് ഫോൺ വച്ച് അവൾ കസേരയിലേക്ക് ഇരുന്നു. അപ്പോഴും എല്ലാം കണ്ടും കെട്ടും അവളെത്തന്നെ നോക്കി വീണയവിടെയിരുന്നിരുന്നു.

” എടീ ഇത്ര വലിയ ആനക്കാര്യമെന്തോന്നാ ഒന്ന് തുറന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നത്തിനാണോ നീയിങ്ങനെയിരുന്ന് തല പുകയ്ക്കുന്നത് ? ”

അൽപ്പനേരം അവളെത്തന്നെ നോക്കിയിരുന്നിട്ട് വീണ ചോദിച്ചു.

” അതിന് സംസാരിക്കാൻ നിന്ന് തന്നിട്ട് വേണ്ടേ ? ഞാൻ സംസാരിക്കാൻ ശ്രമിച്ചപ്പോഴെല്ലാം എന്നെ ചാടി കടിക്കാൻ വരുവാ. അപ്പോപ്പിന്നെ ഞാനെന്താ വേണ്ടേ എന്നോട് സംസാരിക്കാൻ താല്പര്യമില്ലാത്ത ആളിന്റെ കാല് പിടിക്കണോ.? ”

അൽപ്പം ദേഷ്യത്തിൽ പറഞ്ഞിട്ട് അഭിരാമി അകത്തേക്ക് നടന്നു.

” അഭീ എനി പ്രോബ്ലം ? ”

അകത്തേക്ക് വരുമ്പോൾ മുഖം വീർപ്പിച്ച് തന്റെ സീറ്റിൽ ഇരുന്നിരുന്ന അഭിരാമിയോടായി ഗോകുൽ ചോദിച്ചു.

” നതിങ് സാർ ”

താല്പര്യമില്ലാത്തത് പോലെ അവൾ പറഞ്ഞു.

” ദെൻ ഓക്കേ അഭീ ”

പറഞ്ഞുകൊണ്ട് ഒരു ഊറിയ ചിരിയോടെ അവൻ തന്റെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു. നാല് മണിയോടെ ഓഫീസിൽ നിന്നിറങ്ങിയ അഭിരാമി വീണയോടൊപ്പം ബസ്സ്റ്റോപ്പിലേക്ക് നടന്നു.
ഏകദേശം അഞ്ചുമിനുട്ട് കഴിഞ്ഞപ്പോൾ അജിത്തിന്റെ ബൈക്ക് അവർക്ക് മുന്നിലായി വന്നുനിന്നു.

” വന്ന് കേറഭീ ”

കണ്ടിട്ടും കാണാത്തത് പോലെ നിക്കുന്ന അവളോടായി അവൻ പറഞ്ഞു.

” ചെല്ലെഡീ ”

മുഖം വീർപ്പിച്ച് നിൽക്കുന്ന അവളുടെ തോളിൽ തട്ടിക്കോണ്ട് പതിയെ വീണ പറഞ്ഞു. അവളെയൊന്ന് കനപ്പിച്ച് നോക്കി അവളൊന്നും മിണ്ടാതെ വന്ന് ബൈക്കിന് പിന്നിൽ കയറി. വീണയെ ഒന്ന് കണ്ണിറുക്കി കാട്ടി അജിത്ത് വണ്ടി മുന്നോട്ടെടുത്തു. അവളും പതിയെ പുഞ്ചിരിച്ചു.

” എന്താ പ്രശ്നം ? ”

മിണ്ടാതെ തന്നെ സ്പർശിക്കാതെ പോലും എങ്ങോട്ടോ മിഴി നട്ടിരിക്കുന്ന അവളെ നോക്കി അജിത്ത് ചോദിച്ചു.

” എനിക്കെന്ത് പ്രശ്നം എന്നോടല്ലേ എല്ലാർക്കും പ്രശ്നം ”

എങ്ങോട്ടോ നോക്കിയിരുന്ന് അവൾ പറഞ്ഞു.

” എന്റഭീ നിനക്കിതെന്താ അപ്പോഴത്തെ ടെൻഷനിലും ദേഷ്യത്തിലും ഞാനെന്തെങ്കിലും പറഞ്ഞെന്ന് കരുതി നീയതും കൊണ്ട് നടക്കുവാണോ ”

അനുനയത്തിൽ അവൻ ചോദിച്ചു.

” ഞാനൊന്നും കൊണ്ട് നടക്കുന്നില്ല ”

അവളുടെ മറുപടി കേട്ട് അജിത്ത് പിന്നീടൊന്നും പറഞ്ഞില്ല. വീടിന്റെ മുന്നിൽ വണ്ടി നിർത്തുമ്പോൾ ഒന്നും മിണ്ടാതെ അവൾ വേഗം അകത്തേക്ക് നടന്നു. നിരാശയോടെ അവളുടെ പോക്ക് നോക്കിയിരുന്ന അജിത്ത് പതിയെ വണ്ടിയിൽ നിന്നിറങ്ങി അകത്തേക്ക് നടന്നു.

” അവിടെ നിക്കെഡീ അടക്കാക്കുരുവീ ”

അത്താഴം കഴിഞ്ഞ് മുകളിലേക്ക് വന്ന അഭിരാമിയെ ചുറ്റിപ്പിടിച്ചുകൊണ്ട് അജിത്ത് പറഞ്ഞു. അവളവന്റെ കയ്യിൽ കിടന്ന് കുതറി.

” വിട് എനിക്കുറങ്ങണം ”

അവന്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു.

” ഞാൻ പറയുന്നത് കേട്ടിട്ട് നീയുറങ്ങിയാൽ മതി ”

അവളെ ഒന്നൂടെ തന്നോട് ചേർത്തമർത്തിക്കോണ്ട് അവൻ പറഞ്ഞു. എത്ര ശ്രമിച്ചാലും അവന്റെ കൈകളയയില്ലെന്ന് മനസ്സിലായപ്പോൾ അവൾ പ്രതിരോധമവസാനിപ്പിച്ച് അനങ്ങാതെ നിന്നു.

” എടീ മണ്ടൂസേ അന്നെന്റെ കൂടെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അത് പക്ഷേ നീ വിചാരിക്കുന്നത് പോലെ ആരുമല്ല എന്റെ ഓഫീസിലെ സ്വാതിയാണ്. അന്ന് ബസ് ലേറ്റയതുകൊണ്ട് ഞാനാകുട്ടിക്കൊരു ലിഫ്റ്റ് കൊടുത്തു അത്രേയുള്ളൂ ”

അവളെ നോക്കി ഒരു ചെറു ചിരിയോടെ അവൻ പറഞ്ഞു.

” പിന്നെന്തിനാ അന്ന് നുണ പറഞ്ഞത് ? ”

അതുവരെ മുഖം കുനിച്ച് നിന്ന അഭിരാമി പെട്ടന്ന് മുഖമുയർത്തിക്കൊണ്ട് ചോദിച്ചു.

” അതുപിന്നെ അന്നത്തെ ഓവർ വർക്കൊക്കെ കഴിഞ്ഞ് വന്ന വഴി നീയൊരുമാതിരി സംശയരോഗി പെണ്ണുങ്ങളെപ്പോലെ സംസാരിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു.”

ഒരു കള്ളച്ചിരിയോടെ അവൻ പറഞ്ഞു.

” ഓ നിങ്ങളാണുങ്ങൾക്കെ ദേഷ്യവും ടെൻഷനുമൊക്കെ ഉള്ളല്ലോ ”

ചുണ്ട് കോട്ടി വീർത്ത മുഖത്തോടെ അവൾ പറഞ്ഞു.

” പോട്ടെഡീ…. ”

അവളെ നെഞ്ചോട് ചേർത്തുകൊണ്ട് ഒരു ചിരിയോടെ അവൻ പറഞ്ഞു. അഭിരാമിയുടെ ചുണ്ടിലും പതിയെ ഒരു പുഞ്ചിരി വിരിഞ്ഞു.

പിറ്റേദിവസം അവധി ദിവസമായത് കൊണ്ട് അജിത്ത് എണീക്കാൻ നന്നേ താമസിച്ചിരുന്നു. താഴെ ഏതോ വണ്ടിയുടെ ഹോണടി കേട്ടപ്പോഴാണ് അവൻ പതിയെ എണീറ്റ് താഴേക്ക് വന്നത്. സ്റ്റെയർകേസിറങ്ങുമ്പോഴേ കണ്ടു പോർച്ചിൽ നിർത്തിയിട്ട കാറിൽ നിന്നും പൊന്നുമോളേയും കൊണ്ടിറങ്ങുന്ന അനഘയെ.

” ആഹാ ഏടത്തി കാലത്തേയിങ്ങ് വന്നോ ? ”

പുഞ്ചിരിയോടെ പൂമുഖത്തേക്ക് വന്നുകൊണ്ട് അജിത്ത് ചോദിച്ചു.

” മോനേ അജിത്തേ നിനക്ക് നേരം വെളുത്തത് ഇപ്പോഴാണെന്നേയുള്ളു സമയം പതിനൊന്ന് കഴിഞ്ഞു ”

കുഞ്ഞിനെ ഗീതയുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് ചിരിയോടെ അനഘ പറഞ്ഞു. അത് കേട്ട് എല്ലാവരും ചിരിച്ചു. അജിത്തിന്റെ മുഖത്തും ഒരു ചമ്മിയ ചിരി വിടർന്നു.

” അച്ഛമ്മേടെ മുത്തേ എന്താടീ നോക്കുന്നേ നീയച്ഛമ്മേ മറന്നോ ”

കുഞ്ഞിക്കണ്ണുകൾ മിഴിച്ച് നോക്കുന്ന പൊന്നുമോളുടെ കുഞ്ഞികൈകളിൽ പിടിച്ചുകൊണ്ട് ഗീത ചോദിച്ചു. അവരുടെ മുഖത്തേക്ക് നോക്കി പല്ലില്ലാത്ത മോണകാട്ടി അവൾ കൊഞ്ചിച്ചിരിച്ചു. പൊന്നുമോൾ വന്നതിൽ പിന്നെ പാലക്കൽ വീട് ഉണർന്നു. എപ്പോഴും മോളുടെ ചിരിയും കരച്ചിലും വീട്ടിൽ ഉയർന്ന് കേട്ടുകൊണ്ടിരുന്നു. അനഘയും പതിയെ ഓഫീസിൽ പോയിത്തുടങ്ങിയിരുന്നു. കുഞ്ഞിനെ കാണാനായി അനുവും സമയം കിട്ടുമ്പോഴെല്ലാം പാലക്കലേക്ക് വരുമായിരുന്നു. പിണക്കവുമിണക്കവുമൊക്കെയായി അജിത്തിന്റെയും അഭിരാമിയുടെയും പ്രണയവും മുന്നോട്ട് പോയ്‌ക്കോണ്ടിരുന്നു.സന്തോഷവും കൊച്ചുകൊച്ച് ദുഃഖങ്ങളുമൊക്കെയായി വീണ്ടും നാല് മാസങ്ങൾ കൂടി കടന്ന് പോയി.

” പാലക്കൽ പോയിട്ട് മടങ്ങുമ്പോഴെല്ലാം വല്ലാത്തൊരു വിഷമം തൊന്നും ”

സക്കറിയായോടായുള്ള റീത്തയുടെ സംസാരം കേട്ട് ചായയുമായി ഹാളിലേക്ക് വരികയായിരുന്ന അനു പെട്ടന്ന് അവിടെത്തന്നെ തറഞ്ഞ് നിന്നു. കാരണമില്ലാത്ത ഒരു വിറയൽ അവൾക്ക് തോന്നി.

” അതെന്താടോ അങ്ങനെ ? ”

സക്കറിയ പതിയെ ചോദിച്ചു.

” അല്ലിച്ചായാ പൊന്നുമോളെ കാണുമ്പോൾ ഒരു കൊതി . ഇവിടെ രണ്ടിനും ആ ഒരു വിചാരമൊട്ടില്ലേന്താനും. ഞാൻ ചിലപ്പോൾ വിചാരിക്കും അനുമോളോടൊന്ന് സൂചിപ്പിച്ചാലോന്ന് . പിന്നൊരു മടി ”

റീത്ത പതിയെ പറഞ്ഞു.

” ഇപ്പോഴത്തേ പിള്ളേരല്ലേഡോ അവർക്ക് അവരുടേതായ തീരുമാനങ്ങൾ കാണും. മാത്രമല്ല അവരുടെ കല്യാണം കഴിഞ്ഞിട്ട് അധികം നാളൊന്നുമായിട്ടില്ലല്ലോ ആറോഏഴോ മാസമല്ലേ ആയിട്ടുള്ളു. അതിനിടയിൽ താനിങ്ങനെ ധൃതി കൂട്ടാതെഡോ ”

അവരുടെ തോളിൽ മൃദുവായി തട്ടി പുഞ്ചിരിയോടെ സക്കറിയ പറഞ്ഞു. എല്ലാം കേട്ടുകൊണ്ട് നിന്ന അനുവിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു. അറിയാതെ അവളുടെ കൈത്തലം തന്റെ വയറിലമർന്നു.

” എന്നാപ്പിന്നെ നമുക്ക് മമ്മീടെ ആ ആഗ്രഹമങ്ങ് സാധിച്ചു കൊടുത്താലോ ? ”

പെട്ടന്ന് പിന്നിൽ വന്ന് അവളെ ചുറ്റി വരിഞ്ഞ് പിൻകഴുത്തിൽ ചുണ്ടമർത്തിക്കോണ്ട് ശബ്ദമമർത്തി മനു ചോദിച്ചു.

” അയ്യടാ അങ്ങനിപ്പോ മമ്മീക്ക് വേണ്ടി മോൻ ത്യാഗം ചെയ്യണ്ട വേഗം റെഡിയായി ഓഫീസിൽ പോകാൻ നോക്ക് ”

അവനെ തള്ളി മാറ്റി ചായയുമായി അവൾ പുറത്തേക്ക് നടന്നു.

” ഇവളെന്നെയൊരു ജോസ്പ്രകാശാക്കും ”

പിന്നിൽ നിന്നും അവൻ പറഞ്ഞത് കേട്ട് ചിരിയടക്കി അവൾ ഹാളിലേക്ക് പോയി. ഒരു മൂളിപ്പാട്ടും പാടി മനു മുകളിലേക്കും നടന്നു. എല്ലാവരും കൂടി കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു പെട്ടന്ന് അനു എണീറ്റ് വാഷ്ബേസിന് നേരെ ഓടിയത്.

” അയ്യോ എന്താ മോളേ എന്തുപറ്റി ? ”
പിന്നാലെ എണീറ്റ് വന്ന റീത്തയത് ചോദിക്കുമ്പോൾ അനു വാഷ്ബേസിനിൽ കുനിഞ്ഞ് നിന്ന് ഛർദിക്കുകയായിരുന്നു.

” എന്റെ കർത്താവേ നീയെന്റെ പ്രാർത്ഥന കേട്ടോ ”

അവളുടെ പുറം തടവുമ്പോൾ മുകളിലേക്ക് നോക്കി കുരിശ് വരച്ചുകൊണ്ട് റീത്ത പറഞ്ഞു. സന്തോഷം കൊണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വാത്സല്യത്തോടെ അവരവളെ ചേർത്തുപിടിച്ച് നെറുകയിൽ മുകർന്നു.

അനു അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം മുളങ്കുന്നേലും പാലക്കലും ഒരുപോലെ നിറഞ്ഞ് നിന്നിരുന്നു. അവൾക്ക് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കിക്കൊടുക്കാനുള്ള മത്സരത്തിലായിരുന്നു ഗീതയും റീത്തയും. സന്തോഷം നിറഞ്ഞ ദിനങ്ങൾ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു.

” എടീ നമുക്ക് പോയിട്ട് നാളെയെങ്ങാനും വന്നാൽ പോരേ. ഇതെത്ര നേരായി. ഇരുന്നിരുന്ന് മനുഷ്യന്റെ മൂട്ടിൽ വേരുമുളച്ചു. ”

അഭിരാമിയുടെ കൈത്തണ്ടയിൽ നുള്ളി വീണ പതിയെ പറഞ്ഞു.

” ഒന്നടങ്ങ് പെണ്ണേ കുറച്ചൂടെയല്ലേയുള്ളു ”

അവളെ സമാധാനിപ്പിച്ചുകൊണ്ട് അഭിരാമി പറഞ്ഞു.

ബാങ്കിൽ ടോക്കണെടുത്ത് കാത്തിരിക്കുകയായിരുന്നു അവരിരുവരും.

” ശരി ശരി പക്ഷേ വിശന്ന് തളർന്ന് കാത്തിരിക്കുന്ന എന്നെ നീ വേണ്ട പോലെ പരിഗണിക്കേണ്ടി വരും. ”

അവളെയൊന്ന് പാളി നോക്കി വീണ പറഞ്ഞു.

” ഓഹ് ശരി ഇങ്ങനൊരു തീറ്റപണ്ടാരം. ഈ വലിച്ചുവാരി തിന്നുന്നതൊക്കെ എങ്ങോട്ട് പോണോ എന്തോ ”

അവളെ നോക്കി ആരോടെന്നില്ലാതെ അഭിരാമി സ്വയം പറഞ്ഞു.

” ഇതൊക്കെ ഒരു കഴിവല്ലേ മോളേ അസൂയപ്പെട്ടിട്ട് കാര്യമില്ല കേട്ടോ ”

അഭിരാമിയുടെ നുണക്കുഴി കവിളിൽ വിരൽ കൊണ്ട് കുത്തി വീണ പറഞ്ഞു.

” ഓ എന്നാലും ഇതൊരു വല്ലാത്ത കഴിവായിപ്പോയി ”

ചിരിയടക്കിപ്പിടിച്ചുകൊണ്ട് അഭിരാമി പറഞ്ഞു.

” ഇങ്ങനിരുന്നാൽ ഞാൻ വയലന്റാകും എല്ലാം കഴിയുമ്പോൾ വിളിച്ചാമതി ”

പറഞ്ഞിട്ട് ഹെഡ്സെറ്റും ചെവിയിൽ തിരുകി കസേരയിലേക്ക് ചാരി അവൾ കണ്ണുകളടച്ചു. അഭിരാമി വീണ്ടും കൗണ്ടറിലേക്ക് നോക്കി അക്ഷമയായ് കാത്തിരുന്നു. പെട്ടന്ന് പത്തിരുപത്തഞ്ചുവയസിനടുത്ത് പ്രായം വരുന്ന ഒരു പെൺകുട്ടി കയറി വന്ന് അവളുടെ അടുത്തായുള്ള സീറ്റിലിരുന്നു.

പൂച്ചകണ്ണുകളും സ്മൂത്ത്‌ ചെയ്ത മുടിയിഴകളും ചായം പുരട്ടിയ ചുണ്ടുകളുമൊക്കെയുള്ള അവൾ ഒരു ജീൻസും ഇറുകിയ ടീഷർട്ടുമായിരുന്നു ധരിച്ചിരുന്നത്. അടുത്ത് വന്നിരുന്നതും അവളിൽ നിന്നും മാസ്മരമായ ഒരു സുഗന്ധം മൂക്കിലേക്കടിച്ചുകയറി.

അവളുടെ ആകർഷണമുള്ള രൂപവും മനോഹരമായ അംഗചലനങ്ങളും കണ്ട് അഭിരാമിയുടെ കണ്ണുകൾ അവളിൽ തറഞ്ഞ് നിന്നു. ഫോണിൽ എന്തോ തിരിഞ്ഞുകൊണ്ടിരുന്ന അവൾ പെട്ടന്ന് തല ഉയർത്തി നോക്കി തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്ന അഭിരാമിയെ കണ്ട് പതിയെ പുഞ്ചിരിച്ചു. അറിയാതെ അഭിരാമിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു. പെട്ടന്ന് അവളുടെ കയ്യിലിരുന്ന ഫോൺ വഴുതി അഭിരാമിയുടെ മുന്നിലായിട്ട് തറയിലേക്ക് വീണു. പെട്ടന്നതെടുക്കാനായി അതിനടുത്തേക്ക് കുനിഞ്ഞ അഭിരാമി ഒന്ന് ഞെട്ടി. അവൾക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിനക്കായ്‌ : ഭാഗം 1

നിനക്കായ്‌ : ഭാഗം 2

നിനക്കായ്‌ : ഭാഗം 3

നിനക്കായ്‌ : ഭാഗം 4

നിനക്കായ്‌ : ഭാഗം 5

നിനക്കായ്‌ : ഭാഗം 6

നിനക്കായ്‌ : ഭാഗം 7

നിനക്കായ്‌ : ഭാഗം 8

നിനക്കായ്‌ : ഭാഗം 9

നിനക്കായ്‌ : ഭാഗം 10

നിനക്കായ്‌ : ഭാഗം 11

നിനക്കായ്‌ : ഭാഗം 12

നിനക്കായ്‌ : ഭാഗം 13

നിനക്കായ്‌ : ഭാഗം 14

നിനക്കായ്‌ : ഭാഗം 15

നിനക്കായ്‌ : ഭാഗം 16

നിനക്കായ്‌ : ഭാഗം 17