Saturday, April 27, 2024
Novel

നിൻ നിഴലായ് : ഭാഗം 6

Spread the love

എഴുത്തുകാരി: ശ്രീകുട്ടി

Thank you for reading this post, don't forget to subscribe!

” അവസാനം നീ തന്നെ ജയിച്ചുവല്ലേ ???? ” മന്ത്രകോടി മാറിയുടുത്ത് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ ജാനകിയോടായി വാതിൽക്കലെത്തിയ ശ്രദ്ധ ചോദിച്ചു. അവളുടെ ചുണ്ടുകളിൽ പുഞ്ചിരിയുണ്ടായിരുന്നുവെങ്കിലും ആ മിഴികളിൽ പകയെരിഞ്ഞിരുന്നു. മറുപടിയൊന്നും പറയാതെ അവളെത്തന്നെ നോക്കി ജാനകി വെറുതെ നിന്നു. ” എനിക്കൊരു പിഴവ് പറ്റിയതെവിടെയാണെന്ന് നിനക്കറിയോ അഭിയിൽ അവന്റെ അച്ഛന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ ഞാൻ വൈകിപ്പോയി.

പക്ഷേ സാരമില്ല ഇപ്പോ വിജയിച്ചെന്ന് കരുതി നിന്റെ വിജയമൊരിക്കലും പൂർണമാകാൻ ഞാൻ സമ്മതിക്കില്ല. ഭാര്യയെന്ന നിലയിൽ അഭി നിന്നെയൊന്ന് തൊടുകപോലുമില്ല. പിന്നെ നിന്റെ കഴുത്തിലീ കിടക്കുന്ന താലിയില്ലേ ഇത് അവനെക്കൊണ്ട് തന്നെ ഞാനഴിപ്പിക്കും ” അവളുടെ മിഴികളിലേക്ക് നോക്കി ഒരുന്മാദിനിയെപ്പോലെ ശ്രദ്ധ പറഞ്ഞു. ആ വാക്കുകൾ ജാനകിയുടെ ഹൃദയത്തിലേക്കാഴ്ന്നിറങ്ങി. അറിയാതെ അവളുടെ കൈകൾ മാറോട്‌ ചേർന്ന് കിടക്കുന്ന അഭിജിത്തിന്റെ പേര് കൊത്തിയ താലിയിലേക്ക് നീണ്ടു. അവളതിനെ ഉള്ളംകയ്യിൽ വച്ചമർത്തി . ” എന്താഡീ ഇത്ര വേഗത്തിൽ നീ തളർന്നുപോയോ ??? “

ജാനകിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിയോടെ അവൾ ചോദിച്ചു. ” എന്റെ താലി പൊട്ടിച്ചത് കൊണ്ട് തീരുന്നതാണോ നിന്റെ പ്രശ്നങ്ങൾ ??? ” ജാനകി. ” അല്ലായിരിക്കാം പക്ഷേ നീയെന്നും എന്റെ വഴിയിലൊരു തടസ്സമായിരുന്നു. കോളേജിൽ വച്ച് ആദ്യം നീ സൗഹൃദത്തിന്റെ ചങ്ങലകൾക്കൊണ്ട് എന്റെ കാലുകളെ ബന്ധിച്ചു. പിന്നീടെപ്പോഴോ ശത്രുവായപ്പോഴും നീയെനിക്കൊരു തലവേദന തന്നെയായിരുന്നു. ” ജാനകിയുടെ ചോദ്യത്തിന് മറുപടിയായി അവൾ പറഞ്ഞു. ” ഞാനൊരിക്കലും നിന്റെ നാശത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല.

ഞാൻ എപ്പോഴെങ്കിലും നിനക്കൊരു തടസ്സമായിരുന്നുവെങ്കിൽ അത് നിന്റെ വഴി തെറ്റായിരുന്നത് കൊണ്ട് മാത്രമാണ്. ” അത് കേട്ടതും ശ്രദ്ധ ചുണ്ടുകൾ വക്രിച്ചൊന്ന് ചിരിച്ചു. ” ജനിച്ചപ്പോൾ മുതൽ പണത്തിന് മുകളിൽ കിടന്ന് വളർന്ന ജാനകീമഹാദേവനെന്ന കോടീശ്വരപുത്രിക്ക് എന്റെ വഴികളൊക്കെ തെറ്റായിരിക്കാം. പക്ഷേ സ്വത്തും പണവുമില്ലാത്തത് കൊണ്ട് മാത്രം എന്നും എവിടെയും പരിഹാസപാത്രമായി നിൽക്കേണ്ടി വന്നിട്ടുള്ള എന്നെപ്പോലൊരാൾക്ക് ഒരിക്കലും എന്റെ വഴി തെറ്റല്ല.

ഇനി അഥവാ ഞാൻ തെറ്റാണെങ്കിൽ പോലും എന്നെ ഈ തെറ്റുകളിലേക്കൊക്കെ വലിച്ചിട്ടതെന്റെ ജീവിതം തന്നെയാണ്. ” ആവേശത്തോടെ ശ്രദ്ധ പറഞ്ഞുനിർത്തുമ്പോൾ ഒരുതരം അവജ്ഞയായിരുന്നു ജാനകിയുടെ മുഖം നിറയെ. ” നീ പറഞ്ഞതൊക്കെ ഒരുപക്ഷേ ശരിയായിരിക്കാം. പക്ഷേ അതൊന്നും നിന്റെ തെറ്റുകൾക്ക് ന്യായീകാരണങ്ങളല്ല . പിന്നെ ശ്രദ്ധ… നിന്റെ ജീവിതത്തിന്റെ പരിമിതികളെ മറികടക്കേണ്ടത് പാവപ്പെട്ട കുടുംബങ്ങളിൽ നിന്നും വരുന്ന പെൺകുട്ടികളെ നിന്നെപ്പോലെ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും അഴുക്കുചാലുകളിലേക്ക് വലിച്ചിട്ടിട്ടല്ല.

നിന്റെ ആ രീതികളാണ് എന്നെ നിന്റെ സുഹൃത്തിൽ നിന്നും ശത്രുവിലെക്ക് വഴിമാറാൻ പ്രേരിപ്പിച്ചതും എവിടെയും നിന്റെ എതിരാളിയാക്കിയതും. ” ” മതിയെഡീ നിന്റെ പ്രസംഗം എന്തൊക്കെ പറഞ്ഞാലും നിന്നെ ഞാൻ വെറുതെ വിടില്ല. എന്റെ കയ്യിൽ നിന്നും നീ തട്ടിയെടുത്ത ഈ ജീവിതം നിന്റെകയ്യിൽ നിന്നും വീണുടയും വരെ നിന്നെ ഞാൻ വേട്ടയാടും. ” അവൾ വീറോടെ പറഞ്ഞു. അപ്പോഴും ജാനകിയുടെ മുഖം ശാന്തമായിരുന്നു. ” അഭിയേട്ടനും നീയും തമ്മിൽ ഇഷ്ടത്തിലായിരുന്നു പക്ഷേ നിന്റെയീ വൃത്തികെട്ട മുഖം തിരിച്ചറിഞ്ഞാൽ ഒരിക്കലും ആ മനുഷ്യൻ നിന്നെ സ്നേഹിക്കില്ല എന്നെനിക്കുറപ്പാണ്. “

ജാനകി പറഞ്ഞത് കേട്ട് എന്തോ തമാശ കേട്ടത് പോലെ അവൾ പൊട്ടിച്ചിരിച്ചു. ഒന്നും മനസ്സിലാവാതെ ജാനകിയവളെ മിഴിച്ചുനോക്കി. ” നീയെന്താ കരുതിയത് നിന്നെപ്പോലെ അഭിയോടെനിക്ക് ആത്മാർത്ഥ പ്രണയമാണെന്നോ ??? എങ്കിൽ നിനക്ക് തെറ്റിപ്പോയി ജാനകി ” അവളുടെ ഓരോ വാക്കുകളും അമ്പരപ്പോടെ കേട്ട് നിൽക്കുകയായിരുന്നു അപ്പോൾ ജാനകി. ” എടീ … നീയും വിഡ്ഢിയായ നിന്റെ ഭർത്താവും വിചാരിക്കുന്നത് പോലെ എന്റെയുള്ളിൽ ഒരു തരിമ്പ് സ്നേഹം പോലും അവനോടില്ല. നീയെന്താ കരുതിയത് എന്റെ ഭൂതകാലം മറച്ചുവച്ച് സ്വസ്ഥമായ ഒരു കുടുംബജീവിതം സ്വപ്നം കണ്ടിട്ടാണ് ഞാനവന്റെ ലൈഫിലേക്ക് വന്നതെന്നാണോ ???

ഒരിക്കലുമല്ല ശ്രീമംഗലത്തിന്റെ അകത്തളത്തിലേക്ക് എനിക്കുള്ള ഒരു ചവിട്ട് പടി മാത്രമായിരുന്നു അഭിജിത്ത്. എന്റെ ലക്ഷ്യം ഒരിക്കലും അവനായിരുന്നില്ല മറിച്ച് അവന്റെ അച്ഛൻ അഡ്വക്കേറ്റ് ബാലചന്ദ്രമേനോനാണ്. നിനക്കോർമയുണ്ടോ കുറച്ച് നാൾ മുൻപ് നടന്ന ഒരു സമീരാ റേപ്പ് കേസ്. അതിലെ ഒന്നാം പ്രതിയായത് എന്റെ ഒരേയൊരു ചേട്ടനായിരുന്നു. അന്ന് അഡ്വക്കേറ്റ് ബാലചന്ദ്രമേനോനെന്ന നിന്റെ അമ്മായിയപ്പൻ വിചാരിച്ചിരുന്നുവെങ്കിൽ എന്റേട്ടനിന്ന് ഞങ്ങളോടൊപ്പമുണ്ടായേനെ. ലഹരിയുടെ പുറത്ത് പറ്റിപ്പോയ തെറ്റിന് എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്തോളാമെന്ന് അയാളുടെ കാലുപിടിച്ചുപറഞ്ഞതാണെന്റച്ഛൻ.

പക്ഷേ അയാളതൊന്നും ചെവിക്കൊണ്ടില്ല. അവസാനം സമീരക്ക് അയാൾ നീതി വാങ്ങിക്കൊടുത്തപ്പോൾ ഞങ്ങൾക്ക് ഞങ്ങടെ അച്ഛനെ നഷ്ടമായി. ഏട്ടന്റെ വിധിയറിഞ്ഞ് അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. അവസാനം ഞാനും എന്റമ്മയും ഒറ്റപെട്ടു. അന്ന് ഞാൻ തീരുമാനിച്ചതാ ബാലചന്ദ്രമേനോന്റെ കുടുംബം ഞാൻ കുളം തോണ്ടുമെന്ന്. അങ്ങനെ ആ കുടുംബത്തിൽ കയറിപ്പറ്റാനൊരു വഴി തേടിക്കോണ്ടിരിക്കുമ്പോഴാണ് നിന്റഭിക്കെന്നോട് ദിവ്യപ്രേമം മുളച്ചത്.. പക്ഷേ എന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടായിരുന്നു നീ എന്റെ പാസ്ററ് മേനോന്റെ മുന്നിൽ തുറന്നുകാണിച്ചത്.

അവിടെ എനിക്ക് പിഴച്ചു. പക്ഷേ മോളെ…. നിന്റെ ഭർത്താവിന്റെ കുടുംബം അത് ഞാനൊരുപിടി ചാരമാക്കിയിരിക്കും. ” പറഞ്ഞുനിർത്തുമ്പോൾ നിറഞ്ഞുതുളുമ്പിയ അവളുടെ ചുവന്ന മിഴികളിൽ പകയെരിഞ്ഞിരുന്നു. ഒരു നിമിഷത്തേ അമ്പരപ്പിന് ശേഷം ജാനകിയുടെ ചുണ്ടുകളിലും ഒരു പുഞ്ചിരി വിരിഞ്ഞു. ” നീയീ അണയാൻ പോകുന്ന ദീപം ആളിക്കത്തുമെന്ന് കേട്ടിട്ടുണ്ടോ ശ്രദ്ധ… നിന്റെയീ പോർവിളി അത്തരമൊരു ആളിക്കത്തലായി മാത്രമേ ഞാൻ കണ്ടിട്ടുള്ളു. നിനക്കിങ്ങനെയൊരു ഫ്ലാഷ്ബാക്ക് കൂടിയുള്ളത് എനിക്കറിയില്ലായിരുന്നു. അറിഞ്ഞപ്പോ ഞാൻ ചെയ്തതിൽ ഒരു തരിമ്പ് പോലും കുറ്റബോധവും എനിക്കില്ല.

പിന്നെ സ്വന്തം ജീവിതംകൊണ്ട് പോലും പ്രതികാരം മാത്രം ലക്ഷ്യം വച്ച് ജീവിക്കുന്ന നിന്നെ പറഞ്ഞ് മനസ്സിലാക്കാമെന്ന തെറ്റിദ്ധാരണയൊന്നും എനിക്കില്ല. അതുകൊണ്ട് എന്റെ താലി പൊട്ടിക്കാനും ശ്രീമംഗലം കുളം തൊണ്ടാനും വേണ്ടി നിനക്ക് ചെയ്യാൻ കഴിയുന്നതൊക്കെ നീ ചെയ്യ്. നീ നേരത്തെ പറഞ്ഞത് പോലെ ഇനി നിന്റെ വഴിയിലെല്ലാം ഒരു തടസ്സമായി ഞാനുമുണ്ടാവും. ഇന്നെന്നെ വെറുക്കുന്ന അഭിയേട്ടൻ നാളെ നിന്നെ വെറുക്കുകയും എന്നെ ചേർത്ത് പിടിക്കുകയും ചെയ്യും. ജാനകിയാ പറയുന്നത് . ” ശ്രദ്ധയുടെ മിഴികളിലേക്ക് നോക്കി പതിഞ്ഞതെങ്കിലും ദൃഡസ്വരത്തിൽ പറഞ്ഞിട്ട് അവളെക്കടന്ന് ജാനകി പുറത്തേക്ക് പോയി.

പിന്നിൽ നിന്നും അവളെ നോക്കിനിന്ന ശ്രദ്ധയുടെ പല്ലുകൾ ഞെരിഞ്ഞമർന്നു. അവിടുത്തെ ചടങ്ങുകളെല്ലാം കഴിഞ്ഞ് ശ്രീമംഗലത്തേക്ക് പോകാൻ കാറിലേക്ക് കയറുമ്പോഴും അഭിജിത്തിന്റെ കണ്ണുകൾ തേടിക്കോണ്ടിരുന്നത് ശ്രദ്ധയെ മാത്രമായിരുന്നു. അടുത്തിരിക്കുന്ന ജാനകിയെ ഒന്ന് നോക്കാൻ പോലും അവൻ ശ്രമിച്ചില്ല. ” വലതുകാൽ വച്ച് കയറി വാ മോളേ… ” ശ്രീമംഗലത്തിന്റെ പൂമുഖത്ത് നിന്നും കത്തിച്ച നിലവിളക്ക് ജാനകിയുടെ കയ്യിലേക്ക് കൊടുത്ത് നിറഞ്ഞ പുഞ്ചിരിയോടെ ശ്രീജ പറഞ്ഞു. അവരുടെ പിന്നിലായി നിന്നിരുന്ന അപർണയുടെ മുഖത്തും സന്തോഷം നിറഞ്ഞുനിന്നിരുന്നു.

അവരുടെ കയ്യിൽ നിന്നും വിളക്ക് വാങ്ങി ഉള്ള് നിറയെ പ്രാർഥനകളോടെ അഭിയോടൊപ്പം അവൾ അകത്തേക്ക് കയറി. വൈകുന്നേരം അഭിയുടെ നിസ്സഹകരണം കൊണ്ട് റിസപ്ഷനൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും അയൽവക്കങ്ങളിലുള്ളവരൊക്കെ ഒറ്റയായും കൂട്ടമായും വന്നുപോയ്‌ക്കോണ്ടിരുന്നു. സന്ധ്യയോടെ മഹാദേവനും സിന്ധുവും യാത്ര പറഞ്ഞിറങ്ങി. അവർ പോയതും എന്തുകൊണ്ടോ ജാനകിയുടെ മിഴികൾ നിറഞ്ഞു. ” ആഹാ നീയിവിടെ നിക്കുവാണോ വാ വന്നിതൊക്കെയൊന്ന് മാറ്റ്. ” അരികിലേക്ക് വന്ന് ജാനകിയുടെ കയ്യിൽ പിടിച്ചുകൊണ്ട് അപർണ പറഞ്ഞു.

അപർണയുടെ മുറിയിലെത്തി കുളിച്ച് ഫ്രഷായി പുറത്തേക്ക് വരുമ്പോൾ ബെഡിൽ അവൾക്കുടുക്കാനുള്ള സെറ്റ് സാരിയുമായി അപർണ കാത്തിരിക്കുന്നുണ്ടായിരുന്നു. ” എന്തിനാടാ ഇതൊക്കെ എല്ലാമറിഞ്ഞിട്ടും ഞാൻ വെറുതെ വേഷം കെട്ടണോ ??? ” അവളുടെയരികിൽ ബെഡിലേക്കിരുന്നുകൊണ്ട് ജാനകി ചോദിച്ചു. ” വേണം. നീയിപ്പോഴേ ഇങ്ങനെ തളർന്നാലോ എല്ലാമറിഞ്ഞിട്ടല്ലേ നീ അഭിയേട്ടന്റെ ജീവിതത്തിലേക്ക് വന്നത്. ഇന്നല്ലെങ്കിൽ നാളെ ആ മനസ്സിൽ നിനക്കൊരിടമുണ്ടാകും. അതുവരെ നീ തളരരുത്. ഇപ്പൊ ഇങ്ങോട്ടൊന്നും പറയാതെ ഈ സാരിയെടുത്തുടുക്കാൻ നോക്ക് ” ജാനകിയിൽ നിന്നും തോർത്ത്‌ വാങ്ങി അവളുടെ തലമുടിയിലെ ജലകണങ്ങളൊപ്പിയെടുത്തുകൊണ്ട് അപർണ പറഞ്ഞു.

സാരിയുടുത്ത് കഴിഞ്ഞതും അവൾത്തന്നെ ജാനകിയുടെ തലമുടി ചീകിക്കെട്ടി മുല്ലപ്പൂവും വച്ചുകൊടുത്തു. ” മ്മ്മ് ഇപ്പൊ കണ്ടാൽ ഏട്ടനല്ല ആരുമൊന്ന് മോഹിച്ചുപോകും ” അല്പം മാറിനിന്ന് ജാനകിയെ മൊത്തത്തിലൊന്ന് നോക്കി ചിരിച്ചുകൊണ്ട് അപർണ പറഞ്ഞു. ജാനകിയുമൊന്ന് ചിരിക്കാൻ ശ്രമിച്ചു. അവർ അടുക്കളയിലെത്തുമ്പോൾ തിളപ്പിച്ച പാൽ ഗ്ലാസിലേക്ക് പകരുകയായിരുന്നു ശ്രീജ. ” ആഹാ സുന്ദരിക്കുട്ടിയായിട്ടുണ്ടല്ലോ എന്റെ കാന്താരി ” ജാനകിയെക്കണ്ട് പുഞ്ചിരിയോടെ അവളുടെ അരികിലേക്ക് വന്ന് മുടിയിൽ തലോടിക്കൊണ്ട് ശ്രീജ പറഞ്ഞു. ചിരിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ജാനകിയുടെ മുഖത്ത് ഇനിയെന്തെന്ന ആശങ്ക പ്രകടമായിരുന്നു.

അത് മനസ്സിലാക്കിയിട്ടെന്ന പോലെ ശ്രീജ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു. ” ആഹാ ഇതിപ്പോ ഇന്നുതന്നെ നാത്തൂൻ പോര് തുടങ്ങണമെന്ന് തോന്നുന്നല്ലോ. ” അത് കണ്ടുനിന്ന അപർണ ചിരിയോടെ പറഞ്ഞു. ” പോടീ കുശുമ്പിപ്പാറൂ…. ” ചിരിയോടെ പറഞ്ഞുകൊണ്ട് ശ്രീജ മറുകൈകൊണ്ട് അവളെയും തന്നോട് ചേർത്തു. അഭിജിത്ത് മേനോന്റെ മുറിയുടെ മുന്നിലെത്തുമ്പോൾ ബെഡിൽ ചാരിക്കിടക്കുകയായിരുന്നു അദ്ദേഹം. അവനെ കണ്ടതും ചോദ്യഭാവത്തിൽ അവനെ നോക്കിക്കൊണ്ട് അയാൾ ബെഡിൽ എണീറ്റിരുന്നു. ” അച്ഛൻ പറഞ്ഞതെല്ലാം ഞാനനുസരിച്ചു.

എന്റെ പ്രാണനായവളെ ഉപേക്ഷിച്ച് ജാനകിയുടെ കഴുത്തിൽ താലികെട്ടി. പക്ഷേ ഇനിയെങ്കിലും എനിക്കറിയണം എന്തായിരുന്നു ഞാൻ ശ്രദ്ധയെ വിവാഹം കഴിക്കുന്നതിൽ അച്ഛനെതിർപ്പെന്ന് ” അല്പനേരം അവനെത്തന്നെ നോക്കിയിരുന്നിട്ട് മേനോൻ പതിയെ തലയിണയുടെ അടിയിൽ നിന്നും ഒരു പേപ്പറെടുത്ത് അവന്റെ നേരെ നീട്ടി. ഒന്നും മനസ്സിലാകാതെ അയാളെയൊന്ന് നോക്കി അവന്റെ കണ്ണുകൾ അതിനുള്ളിലേക്ക് നീണ്ടു. ” മകന്റെ ജീവിതത്തിലേക്ക് വരാൻ പോകുന്ന പെൺകുട്ടിയെക്കുറിച്ച് എല്ലാമറിഞ്ഞിട്ട് തന്നെയാണോ നിങ്ങളീ തീരുമാനമെടുത്തതെന്ന് എനിക്കറിയില്ല.

ഇനിയൊരുപക്ഷേ അറിഞ്ഞിട്ടില്ല എങ്കിൽ മൂന്നാറിലെ സെന്റ് സ്റ്റീഫൻസ് കോളേജിലും പരിസരങ്ങളിലും ഒന്നന്വേഷിക്കുകകൂടി ചെയ്തിട്ട് കാര്യങ്ങൾ മുന്നോട്ട് നീക്കുന്നതിൽ നിങ്ങൾക്ക് നഷ്ടങ്ങളൊന്നും ഉണ്ടാകാൻ പോകുന്നില്ല. ഒരുപക്ഷെ അത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെട്ടേക്കും. ” ഒറ്റശ്വാസത്തിൽ അവനത് വായിച്ചുതീർത്തു. പിന്നെ മേനോന്റെ മുഖത്തേക്ക് നോക്കി. ” ഇങ്ങനെയൊരു ഊമക്കത്ത് വിശ്വസിച്ച് സ്വന്തം മകന്റെ ജീവിതം നശിപ്പിക്കാൻ മാത്രം വിഡ്ഢിയാണോ എന്റെയച്ഛൻ ??? ” ” ഈയൊരു കത്ത് മാത്രം വിശ്വസിച്ച് ഒരു തീരുമാനമെടുക്കുന്ന ഒരു എടുത്തുചാട്ടക്കാരനാണ് നിന്റച്ഛനെന്ന് നിനക്ക് തോന്നുന്നുണ്ടോ അഭീ. ???

എങ്കിൽ അങ്ങനെയല്ല ഞാൻ നേരിട്ട് നടത്തിയ അന്വേഷണത്തിൽ ഒരിക്കലും വിശ്വസിക്കാൻ പോലും കഴിയാത്തത്ര മോശമായ വിവരങ്ങളാണ് ശ്രദ്ധയെക്കുറിച്ചറിഞ്ഞത്. ” മേനോൻ പറയുന്നതെല്ലാം കേട്ട് അയാളെത്തന്നെ നോക്കിനിൽക്കുകയായിരുന്നു അപ്പോൾ അഭിജിത്ത്. ” ഇതൊന്നും ഞാൻ വിശ്വസിക്കില്ലച്ഛാ ഇത്രയും മാസങ്ങൾക്കൊണ്ട് ഞാനറിഞ്ഞ ശ്രദ്ധയൊരിക്കലും ഇങ്ങനെയൊന്നുമുള്ള ഒരു പെണ്ണല്ല. പിന്നെ മൂന്നാറിലെ കോളേജിൽ പഠിച്ച അവളെപ്പറ്റി ഇവിടെ അച്ഛന് ഊമക്കത്തയക്കണമെങ്കിൽ ഇതെല്ലാം ആരുടെയെങ്കിലും പ്ലാനാണെന്ന് വിശ്വസിക്കാൻ ഏത് കൊച്ചുകുട്ടിക്കും കഴിയും.

മാത്രമല്ല ഞാൻ സ്നേഹിച്ച പെണ്ണിനെ മനസ്സിലാക്കാൻ എനിക്കിത്തരമൊരു ഊമക്കത്തിന്റെ ആവശ്യമില്ല. ഇതിന്റെ സത്യം ഒരിക്കൽ ഞാനച്ഛന്റെ മുന്നിൽ തെളിയിച്ചിരിക്കും ” പറഞ്ഞിട്ട് അവൻ മുറിയിൽ നിന്നും പുറത്തേക്ക് പോയി. മേനോൻ എന്തോ പറയാനാഞ്ഞെങ്കിലും പിന്നീടത് വേണ്ടെന്ന് വച്ച് പതിയെ കിടക്കയിലേക്ക് തന്നെയിരുന്നു. അഭി മുറിയിലെത്തുമ്പോൾ ജാനകി കട്ടിലിൽ ഇരുന്നിരുന്നു. സെറ്റ്സാരിയുടുത്ത് മുല്ലപ്പൂവ് ചൂടിയിരുന്ന അവളെ കണ്ടതും അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി. ” ആരെക്കാണിക്കാനാടി ഈ വേഷംകെട്ടൊക്കെ ???? ” അവന്റെ ചോദ്യം കേട്ടതും ബെഡിൽ നിന്നും അവൾ പിടഞ്ഞെണീറ്റു. ” അഭിയേട്ടാ ഞാൻ….. ” ” കഴുത്തിൽ ഞാനൊരു താലി കെട്ടിയെന്ന് കരുതി ആദ്യരാത്രിയാഘോഷിച്ച് എന്റെ ഭാര്യയായി കഴിയാമെന്ന് കരുതിയെങ്കിൽ ആ മോഹമങ്ങ് മുളയിലേ നുള്ളിയേക്ക്.

എന്റെ ജീവിതത്തിൽ ഒരേയൊരു പെണ്ണേയുള്ളൂ അത് ശ്രദ്ധയാണ് . ” പറഞ്ഞിട്ട് അവളെയൊന്ന് നോക്കുക പോലും ചെയ്യാതെ അവൻ ബെഡിൽ കയറി കൈത്തണ്ട കണ്ണിന് മുകളിൽ വച്ച് കിടന്നു. അല്പനേരം അവനെത്തന്നെ നോക്കിനിന്നിട്ട് മുറിയിലെ ലൈറ്റണച്ച് ജാനകിയും ബെഡിന്റെ ഓരം ചേർന്ന് കിടന്നു. അപ്പോഴും അവളുടെ കൈവെള്ളയിൽ ആ ആലിലത്താലി സുരക്ഷിതമായിരുന്നു. മനസ്സിനെ കല്ലാക്കാൻ ശ്രമിക്കുമ്പോഴും അറിയാതെ അവളുടെ മിഴിക്കോണിലൂടെ ഒരിറ്റ് കണ്ണുനീർ ഒലിച്ചിറങ്ങി. കാലത്ത് ജാനകിയുണരുമ്പോഴും അഭിജിത്ത് ഉറക്കത്തിൽ തന്നെയായിരുന്നു. കുറച്ചുനേരം ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന ശേഷം അവൾ പതിയെ ബാത്‌റൂമിലേക്ക് കയറി.

വേഗത്തിൽ കുളിച്ചു. കുളികഴിഞ്ഞ് വരുമ്പോഴും അഭി ഉറക്കമുണർന്നിരുന്നില്ല. അവൾ പതിയെ കണ്ണാടിക്ക് മുന്നിൽ നിന്ന് കണ്ണിലൽപ്പം കണ്മഷിയിട്ട് നെറുകയിൽ അല്പം സിന്ദൂരവും തൊട്ടു. പിന്നെ വേഗം താഴേക്ക് ചെന്നു. അടുക്കളയിൽ രാവിലത്തെ കാപ്പിക്കുള്ള ഒരുക്കത്തിലായിരുന്ന ശ്രീജ അവളെക്കണ്ട് ചിരിച്ചു ” ആഹാ എന്റെ കാന്താരി അടുക്കളയിലേക്കൊക്കെ വരാൻ തുടങ്ങിയോ ??? ” അവളെ കളിയാക്കിക്കൊണ്ട് ശ്രീജ ചോദിച്ചു. ” അതൊക്കെ പഴയ ജാനകി ഇതേ ആള് വേറെയാ എന്റെ ടീച്ചറമ്മേ എന്നെക്കൊണ്ട് പോരെടുപ്പിക്കാതെ സൂക്ഷിച്ചോ ” ചിരിച്ചുകൊണ്ടുള്ള അവളുടെ വർത്തമാനം കേട്ട് ശ്രീജയും ചിരിച്ചു. ” ജാനകി……. ” പെട്ടന്നാണ് മുകളിൽ നിന്നും അഭിയുടെ വിളി കേട്ടത്. ജാനകി വേഗം മുകളിലേക്കോടി. ” എന്താ അഭിയേട്ടാ ??? ” ഓടിക്കിതച്ച് അവന്റെ അരികിലേക്ക് വന്നുകൊണ്ട് അവൾ ചോദിച്ചു. പെട്ടന്ന് അഭിജിത്തിന്റെ വലത് കരം ശക്തമായി ജാനകിയുടെ കവിളിൽ പതിച്ചു .

തുടരും…..

നിൻ നിഴലായ് : ഭാഗം 1

നിൻ നിഴലായ് : ഭാഗം 2

നിൻ നിഴലായ് : ഭാഗം 3

നിൻ നിഴലായ് : ഭാഗം 4

നിൻ നിഴലായ് : ഭാഗം 5