ജീവരാഗം: ഭാഗം 21

Spread the love

എഴുത്തുകാരി: SKR

“അച്ചായാ കതക് തുറക്കൂ പ്ലീസ്” ഞാൻ കതകിൽ ആഞ്ഞടിച്ചു. “പ്ലീസ് കതക് തുറക്കൂ.സോറി …സോറി..പ്ലീസ്” വാതിലിൽ മുട്ടി മുട്ടി എന്റെ കൈ വേദനിക്കാൻ തുടങ്ങി. എന്റെ പുറകിൽ വന്ന പപ്പ എന്നെ മാറ്റി നിർത്തിയിട്ട് വാതിലിൽ മുട്ടി. “ജീവാ വാതിൽ തുറക്ക്”. “മോനേ നീ വാതില് തുറന്നേ”.മമ്മിയും വിളിച്ചു. വാതിൽ തുറക്കുന്ന ലക്ഷണം കാണാഞ്ഞത്കൊണ്ടാവും പപ്പ കുറച്ചു കൂടി ശബ്ദത്തിൽ വാതിലിൽ മുട്ടാൻ തുടങ്ങി. കുറച്ചു നിമിഷങ്ങൾക്ക് ശേഷം വാതിൽ തുറക്കപ്പെട്ടു.

അച്ചായന്റെ മുഖം കണ്ട് പേടി തോന്നി. പള്ളിപ്പെരുന്നാളിന്റന്നു കണ്ട അതേ മുഖം. “എന്താ പപ്പയ്ക്കും മമ്മിയ്ക്കും വേണ്ടത്??” ജീവച്ചായൻ അവരോട് ദേഷ്യത്തിൽ ചോദിച്ചു. “നീയെന്തിനാ മോളെ പുറത്താക്കി കതകടച്ചത്???” പപ്പയും ദേഷ്യത്തിലായിരുന്നു. “ഞാൻ പറഞ്ഞാൽ അനുസരിക്കാത്ത ഒരുവളെ എനിക്ക് വേണ്ട.കൂടുതൽ ഒന്നും എനിക്ക് പറയാനില്ല.Just leave me alone…” അദ്ദേഹം അതുപറഞ്ഞതും അതുവരെ പിടിച്ചുനിർത്തിയിരുന്ന എന്റെ കണ്ണീർ അണപൊട്ടിയൊഴുകി…

ആ വാക്കുകളുടെ കഠിന്യത്തിൽ എന്റെ ഹൃദയം പിടഞ്ഞു. “ജീവാ.mind your words.എന്തൊക്കെയാ നീ വിളിച്ചുകൂവുന്നതെന്ന് അറിയാമോ.ഇത്രയ്ക്ക് പറയാനുംവേണ്ടി ഇവിടെന്താ നടന്നത്” പപ്പ ദേഷ്യം കൊണ്ട് വിറച്ചു. “എനിക്കൊന്നും പറയാനില്ല.”അതും പറഞ്ഞു അച്ചായൻ വീണ്ടും ഡോർ അടച്ചു. “മോള് വിഷമിക്കണ്ട.അവന്റെ ദേഷ്യം മാറുമ്പോൾ എല്ലാം ശരിയാവും.”പപ്പ എന്നെ ചേർത്തുപിടിച്ചുകൊണ്ടാശ്വസിപ്പിച്ചു. “മോള് വാ അവന്റെ ചൂടാറുമ്പോൾ തന്നെത്താനെ വന്നോളും.അവനങ്ങനെ ഒരുപാട് നേരമൊന്നും മോളോട് പിണങ്ങിയിരിക്കാൻ പറ്റില്ല.”

ജയ്‌നിമമ്മി എന്റെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു. “അതേടാ നീയിങ്ങു പോര്.കടുവ ഇന്നൊറ്റയ്ക്കു കിടക്കട്ടെ.” ജിനുവും വിളിച്ചു. ജോബിച്ചായൻ മാത്രം ഒന്നും മിണ്ടിയില്ല. “ഞാനില്ല മമ്മി അച്ചായൻ വാതില് തുറക്കുമ്പോൾ എന്നെ കണ്ടില്ലേൽ വീണ്ടും പിണങ്ങും.നിങ്ങള് പൊയ്ക്കോ.ഞാനിവിടെ ഇരുന്നോളാo.” “എന്നാൽ ഈ ഡ്രസ് എങ്കിലും മാറു.വല്ല അസുഖവും വരും.” മമ്മി പറഞ്ഞതുകേട്ടു ഞാൻ നിഷേധാത്മകമായി തലയാട്ടി. “അച്ചായൻ കതക് തുറക്കാതെ ഞാനെങ്ങോട്ടും ഇല്ല മമ്മീ.”

എത്രപറഞ്ഞിട്ടും കാര്യമില്ലെന്ന് കണ്ടപ്പോൾ മമ്മി പോയി ഒരു ടവൽ കൊണ്ടുവന്നു എന്റെ തല തോർത്തി തന്നു. എല്ലാരും താഴേക്കു പോയി.ജിനു പോകാൻ നേരവും കുറേ വിളിച്ചു. അവസാനം ദേഷ്യം വന്ന് നിങ്ങൾ ചക്കിയും ചങ്കരനും കൂടെ എന്തേലും കാണിക്കെന്നു പറഞ്ഞു അവളും പോയി. എല്ലാരും പോയിക്കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും അച്ചായനെ വിളിക്കാൻ തുടങ്ങി. ഒരു റെസ്പോണ്സും ഉണ്ടായില്ല.അവസാനം ക്ഷീണിച്ചു വാതിലിൽ ചാരിയിരുന്നു. സമയം കുറേ ആയെന്നു തോന്നുന്നു….. അകത്തു നിന്ന് യാതൊരനക്കവും ഇല്ല. ഉറങ്ങിപ്പോയോ കാട്ടുമാക്കാൻ..

കുറച്ചുകൂടി കഴിഞ്ഞപ്പോൾ ജിനു ഒരു പാത്രവും ഗ്ലാസ്സും കൊണ്ട് വന്നു. “കഴിക്ക്” പാത്രം മുന്നിൽ വച്ചു തന്നുകൊണ്ടു അവൾ പറഞ്ഞു.ഗ്ലാസ്സിലെ വെള്ളം അരികിലായി വച്ചു. ചപ്പാത്തിയും ചിക്കൻ കറിയും…. വിശപ്പ് നല്ലോണം ഉണ്ട്.പക്ഷേ അച്ചായനെക്കുറിച്ചാലോചിക്കുമ്പോൾ കഴിക്കാൻ തോന്നുന്നില്ല. “എനിക്ക് വേണ്ടടാ” എന്റെ സ്വരം വല്ലാതെ ക്ഷീണിച്ചിരുന്നു. ” ആഹ്. അതു നിന്നെ കണ്ടാലും പറയും.ദേ പെണ്ണേ എന്റെ കയ്യിൽ നിന്ന് ചവിട്ട് കിട്ടേണ്ടെങ്കിൽ ജാഡഎടുക്കാതെ മര്യാദയ്ക്ക് കഴിച്ചോ”. ജിനു ഭീഷണിപ്പെടുത്തി.

“അച്ചായൻ കഴിച്ചില്ലല്ലോടാ .നീയൊന്നു വിളിച്ചുനോക്കു.” “പിന്നേ എനിക്ക് വേറൊരു പണിയും ഇല്ലല്ലോ വെറുതെ കടുവയുടെ വായിൽ കൊണ്ടു തലവയ്ക്കാൻ.” “നീ കഴിക്ക്”.അവൾ നിർബന്ധിച്ചു. സത്യത്തിൽ വിശപ്പും ദാഹവും എന്നെ തളർത്തുന്നുണ്ടായിരുന്നു.എങ്കിലും അച്ചായൻ പറഞ്ഞ വാക്കുകളുടെ കാഠിന്യം അതിനും മുകളിലായിരുന്നു . ജിനു ഒരുപാട് നിർബന്ധിച്ചെങ്കിലും ഞാൻ കഴിക്കാൻ കൂട്ടാക്കിയില്ല.അവസാനം ഒരു പാത്രം എടുത്തുകൊണ്ടുവന്ന് ഭക്ഷണം അടച്ചുവച്ചു അവൾ. “നീയെ നിനക്ക് തോന്നുമ്പോൾ തിന്ന്.

ഇതിൽ കൂടുതൽ പറയാൻ എനിക്കറിഞ്ഞുകൂടാ.അവനവന്റെ ശരീരമാണ്.അതോർത്താൽ നന്ന്.” അതുംപറഞ്ഞു അവൾ ദേഷ്യത്തിൽ നടന്നുപോയി. കുറച്ചുകഴിഞ്ഞു മമ്മിയും പപ്പയും ജോബിച്ചായനും വന്നു.അവരും കഴിക്കാൻ നിർബന്ധിച്ചു. അവസാനം കുറച്ചു കഴിഞ്ഞു കഴിച്ചോളാo എന്നു പറഞ്ഞു അവരെ സമാധാനിപ്പിച്ചുവിട്ടു. കടൽവെള്ളത്തിൽ വീണിട്ടാവും നല്ല ചൊറിച്ചിൽ…സാരി മാറിയാൽ മതിയായിരുന്നു. ദാഹവും വിശപ്പും ശരീരത്തിന്റെ ക്ഷീണം കൂട്ടി.എങ്കിലും അച്ചായൻ വാതിൽ തുറക്കാതെ ജലപാനം പോലും ചെയ്യില്ല എന്ന വാശി വിജയിച്ചു.കണ്ണുകൾ പതിയെ അടഞ്ഞുവന്നു. 🌼🌼🌼

ജോബിൻ പതിയെ വാതിൽ തുറന്നു. ജീവന്റെ മുറിവാതിലിലേക്കു നോക്കി.താഴെ വാതിലിൽ ചാരിയിരിക്കുന്ന നീതുവിനെ കണ്ടതും അവന്റെ ഹൃദയത്തിൽ ഒരു വേദന അനുഭവപ്പെട്ടു. അവളെ ആശ്വസിപ്പിക്കാൻ അവന്റെ മനസ് വെമ്പൽ കൊണ്ടെങ്കിലും ഏതോ ആലോചനയിൽ അവൻ അതു വേണ്ടെന്നു വച്ചു. ഒരിക്കൽകൂടി അവളെ ഒന്ന് നോക്കിയിട്ട് അവൻ വാതിൽ അടച്ചു. 🌼🌼🌼🌼

ജീവൻ ഞെട്ടി കണ്ണു തുറന്നു.മൊബൈൽ എടുത്തു നോക്കി.സമയം പതിനൊന്ന് രണ്ട്. ഇത്രയും സമയം ആയോ.??ദേഷ്യവും സങ്കടവും കൊണ്ടു ഡ്രസ് പോലും മാറ്റാതെ കിടന്നതാണ്‌. നീതുവിനെക്കുറിച്ചുള്ള ഓർമ വന്നതും അവൻ പിടഞ്ഞെണീറ്റു. അവൾ എവിടെ??പറഞ്ഞത് അല്പം കടുത്തുപോയില്ലേ??? ദേഷ്യം വരുമ്പോൾ പറയുന്നതെന്താണെന്നു ഒരു ബോധവും ഉണ്ടാവില്ല. എന്തെല്ലാമാ പറഞ്ഞത് അവൾക്ക് സങ്കടം ആയിട്ടുണ്ടാവും… അവന് അവളെ കാണാൻ തോന്നി. പതിയെ വാതിൽ തുറന്നു. 🌼🌼🌼🌼

അഗാധമായ ഒരു ഗർത്തത്തിലേക്ക് ഞാൻ വീണു.പക്ഷേ അടിത്തട്ടിൽ എത്തുന്നതിനു മുൻപ് ആരുടെയോ കൈകൾ എന്നെ വലിച്ചുയർത്തി. കണ്ണുകൾ തുറന്നു. സ്വപ്നമായിരുന്നോ??? തൊട്ടു മുന്നിൽ ജീവച്ചായന്റെ മുഖം.ആ കൈകൾ എന്നെ താങ്ങിയിരിക്കുന്നെന്നു കണ്ടതും ഞാൻ പിടഞ്ഞുമാറി. അച്ചായൻ എന്നെ ആ മാറോട് ചേർത്തു.ഞാൻ കുതറി മാറാൻ ശ്രമിച്ചു. എന്നിലുള്ള പിടി മുറുകി.ചുണ്ടുകൾ നെറ്റിയിൽ വീണ്ടും വീണ്ടും പതിഞ്ഞു. എന്തെല്ലാമാ പറഞ്ഞത്…അതോർത്തപ്പോൾ വീണ്ടും അകന്നുമാറാൻ ശ്രമിച്ചെങ്കിലും അച്ചായൻ കൂടുതൽ ചേർത്തുപിടിക്കുകയാണ് ചെയ്തത്. ഞാൻ മുഖമുയർത്തി നോക്കി .

ആ കണ്ണുകൾ നിറഞ്ഞിരുന്നു.കണ്ടപ്പോൾ സഹിച്ചില്ല.എന്റെ പ്രാണൻ.. എന്റെ കൈകളും അച്ചായനെ ചുറ്റിവരിഞ്ഞു.ആ നെഞ്ചിൽ അമർത്തി ചുംബിച്ചു.കണ്ണുനീർ അദ്ദേഹത്തിന്റെ ഷർട്ടിനെ നനയിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അച്ചായൻ എന്നെ ദേഹത്തു നിന്നും അടർത്തി മാറ്റി. “എന്താ എന്റെ വാവ ഈ നനഞ്ഞ ഡ്രസ് ഒന്നും മാറ്റാഞ്ഞത്??” അലിവോടെയുള്ള ആ ചോദ്യം കേട്ടതും ഞാൻ ആളെ കൂർപ്പിച്ചു നോക്കി. “ഞാൻ മാറ്റിതരട്ടേ??”കുസൃതിയോടെ അദ്ദേഹം അതു പറഞ്ഞതും കയ്യിൽ കളിയായി അടിച്ചുകൊണ്ടു ബാത്റൂമിന്റെ നേർക്ക് നടന്നു. ഞാൻ കയറുന്നതിനു മുൻപ് തന്നെ ആള് ബാത്റൂമിന്റെ അകത്തുകടന്നിരുന്നു.ശങ്കിച്ചു നിന്ന എന്നെ ഒരു നിമിഷം കൊണ്ടു വലിച്ചകത്തിട്ടു ഡോർ ലോക്ക് ചെയ്തു. 🌼🌼🌼🌼

രാവിലെ എഴുന്നേറ്റതും പല്ല് തേക്കാതെ തന്നെ ജിനു മുകളിലേക്ക് പാഞ്ഞു.ഇന്നലെ എന്തായോ എന്തോ. അടച്ചുവച്ച ഭക്ഷണം അതുപോലെയുണ്ട്.നീതുവിനെ അവിടെയൊന്നും കാണാനില്ല. ഡോർ കുറച്ചു തുറന്നു കിടക്കുന്നത് കണ്ട് ആശങ്കയോടെയാണ് അകത്തേക്ക് നോക്കിയത്. തുറന്ന അതേ സ്പീഡിൽ അവൾ കതക് തിരിച്ചടച്ചു.കണ്ണുകൾ ഇറുകെ പൂട്ടി ചമ്മിയ മുഖത്തോടെ കുറച്ചു നേരം നിന്നു. പതിയെ തിരിയെ നടന്നപ്പോൾ മുന്നിൽ ജോബിച്ചായൻ. “ന്താടീ ഒരു കള്ളത്തരം”.അവളെ കൂർപ്പിച്ചു നോക്കിക്കൊണ്ട് ജോബി ചോദിച്ചു. “ഒന്നുമില്ല.

അല്ല ജോബിച്ചാൻ എങ്ങോട്ടാ??” “ഞാൻ നീതൂനെ നോക്കാൻ .ആ കടുവ ഇന്നലെ എന്താക്കിയോ എന്തോ??” “ഒന്നും ആക്കിയില്ല.അവര് നല്ല സന്തോഷത്തിലാ.ജോബിച്ചാൻ പോയി ചായ കുടിക്ക്.” “നിനക്കെങ്ങനറിയാം അവര് സന്തോഷത്തിലാണെന്നു.എന്തോ ഉടായിപ്പ് മണക്കുന്നുണ്ടല്ലോ??” ജോബി സംശയത്തിൽ നെറ്റി ചുളിച്ചു. ജിനു എന്തു പറയണമെന്നറിയാതെ നിന്നു. “അത്….അതുറപ്പാ ജോബിച്ചായാ.” “മ്” അവളുടെ പറച്ചിലിൽ എന്തോ ഉണ്ടെന്ന് തോന്നിയത് കൊണ്ടാവും ഒന്നമർത്തി മൂളി അവൻ തിരിഞ്ഞു മുറിയിലേക്ക് പോയി.

ജിനു താഴേക്ക് പോകുമ്പോളാണ് ജയ്‌നി സ്റ്റയേഴ്‌സ് കയറി വരുന്നത് കണ്ടത്. ഓഹ് മരുമോളുടെ സുഖവിവരം അന്വേഷിക്കാൻ പോകുവായിരിക്കും. “മമ്മി എങ്ങോട്ടാ??” “ഞാൻ എന്റെ കൊച്ചിനെ നോക്കാൻ .ഇന്നലെ മൊത്തം ആ മുറിയ്ക്ക് പുറത്തായിരുന്നോ എന്നറിയണ്ടേ.പിന്നെ അവനോടു രണ്ട് വർത്താനം പറയണം.” ജയ്‌നി അരിശം പൂണ്ടു. “മമ്മി ഈ വയ്യാത്ത കാലും കൊണ്ടു എങ്ങോട്ടും പോകണ്ട.അവര് തമ്മിൽ ഒരു പ്രശ്നവുമില്ല.നല്ല സ്നേഹത്തിലാ.” “ങാ അതെനിക്കൂടെ ബോധ്യമാവട്ടെ.അവളെ എന്നെ ഏല്പിച്ചിട്ടാ നാൻസി പോയേക്കുന്നത്.

നീ അങ്ങോട്ടു മാറി നിൽക്ക് പെണ്ണേ” ജിനുവിനെ വകഞ്ഞുമാറ്റി ജയ്‌നി സ്റ്റെപ് കയറാൻ തുടങ്ങി. “ആഹ് എന്നാ പോയി കാണാൻ ഉള്ളത് കണ്ടിട്ട് വാ” ജിനു ദേഷ്യത്തിൽ പറഞ്ഞു. അവളുടെ പറച്ചിൽ കേട്ട് ജയ്‌നി ഞെട്ടിതിരിഞ്ഞു പത്രം വായിച്ചുകൊണ്ടിരുന്ന ജേക്കബിനെ നോക്കി. അയാൾ മുഖത്തു വിരിഞ്ഞ ചിരി മറയ്ക്കാനായി പത്രത്താളിൽ മുഖം പൂഴ്ത്തി. “പെണ്ണിന് വന്ന് വന്ന് എന്താ എവിടെയാ പറയേണ്ടതെന്ന് ഒരു ബോധവുമില്ല.” ജയ്‌നി അവളുടെ ചെവി പിടിച്ചു കിഴുക്കിയിട്ട് താഴേക്ക് നടന്നു. “അത് ശരി ഇപ്പൊ എനിക്കായോ കുറ്റം??” ജിനു പിറുപിറുത്തു കൊണ്ട് അവളുടെ മുറിയിലേക്കും. 🌼🌼🌼🌼🌼

കണ്ണുതുറന്നപ്പോൾ കണ്ടത് എന്നോട് ചേർന്ന്കിടന്നുറങ്ങുന്ന അച്ചായന്റെ മുഖമാണ്. ഉറങ്ങുമ്പോൾ എന്തു പാവമാ ഈ കാട്ടുമാക്കാൻ… മനസിൽ പ്രണയവും വാത്സല്യവും നിറഞ്ഞു. മുഖമൊന്നുയർത്തി ആ കണ്ണുകളിൽ ഉമ്മ വച്ചു. കണ്ണടച്ചു പിടിച്ചു തന്നെ ആളെന്നെ അടക്കിപ്പിടിച്ചു. ഞാൻ ആ പിടി വിടുവിച്ചു ചുണ്ടിൽ അമർത്തി ഉമ്മ വച്ചിട്ട് ഓടി ബാത്‌റൂമിൽ കയറി. കുളി കഴിഞ്ഞിറങ്ങിയപ്പോഴും ആള് കണ്ണടച്ചു കിടക്കുകയാണ്. ഇനി അടുത്ത് പോയാൽ പണി കിട്ടും എന്നുറപ്പുള്ളത് കൊണ്ട് നേരെ വാതിലിനടുത്തേക്ക് നടന്നു.

വാതിലിന്റെ ലോക്ക് എടുക്കാൻ നോക്കിയപ്പോഴാണ് അറിയുന്നത് വാതിൽ തുറന്നിട്ടിരിക്കുവാരുന്നെന്ന്… കർത്താവേ ആരേലും കണ്ടിട്ടുണ്ടാവുമോ?? രാവിലത്തെ കിടപ്പ് ഓർത്തപ്പോൾ തന്നെ ഒരു തരിപ്പനുഭവപ്പെട്ടു… തിരിഞ്ഞച്ചായനെ നോക്കി.വീണ്ടും ഉറങ്ങിയെന്നു തോന്നുന്നു.എന്നാലും ഈ അച്ചായൻ വല്ലാത്ത പണിയായി പോയി കാണിച്ചത് വാതില് കുറ്റിയിടാതെ…. വാതിൽ ചാരിയിട്ടു നേരെ താഴേക്കു പോയി. മമ്മി കണ്ടയുടൻ കെട്ടിപ്പിടിച്ചു നിങ്ങള് തമ്മിലുള്ള പിണക്കമെല്ലാം മാറിയോന്നു ചോദിച്ചു. അടുക്കളയുടെ സ്ലാബിൽ കയറിയിരുന്ന് ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് ജിനു അങ്ങോട്ട് വന്നത്.

ഞാൻ അവളെ കണ്ടതും മനോഹരമായി ചിരിച്ചു കൊടുത്തു. പെണ്ണ് അപ്പോ തുടങ്ങിയതാ ഒരുമാതിരി ആക്കിയുള്ള മൂളല്.. അവസാനം പിടിച്ചപിടിയാലെ അവളെ അവളുടെ മുറിയിൽ കൊണ്ടു വന്നു ചോദ്യം ചെയ്തു. “അതേ ഇവിടെ പ്രായപൂർത്തിയായ കല്യാണം കഴിക്കാത്ത രണ്ടു പിഞ്ചുപൈതങ്ങൾ ഉണ്ടെന്ന ഓർമ വേണം നിനക്കും നിന്റെ കെട്ടിയോനും.” കൂടുതൽ കേൾക്കാനുള്ള ശക്തിയില്ലാത്തത് കൊണ്ടു ഞാൻ അവിടുന്ന് പതുക്കെ വലിഞ്ഞു. 🌼🌼🌼🌼🌼

പ്രാക്ടിക്കൽ എക്സാം കഴിഞ്ഞ് ഇന്നാണ് തിരിച്ചെത്തിയത്. സത്യത്തിൽ ഇന്നലേ എക്സാം കഴിഞ്ഞതാണ്. ഇന്ന് ഞങ്ങൾ ഫ്രണ്ട്‌സ് ഒരുമിച്ച് ഞങ്ങളുടെ കലാലയ ജീവിതത്തിലെ അവസാനത്തെ ട്രീറ്റ് നടത്തി. ഞങ്ങൾ നാലു പേരും പിന്നെ അലെക്സിയും വിപിയും… ഞങ്ങൾക്ക് മാത്രം സ്വന്തമായ കുറേ ഓർമകൾ അയവിറക്കിയൊരു ഒത്തുചേരൽ… സുന്ദരമായ ഓർമകളെ മറവിയ്ക്ക് വിട്ട് കൊടുക്കില്ലെന്നും എന്നും ഈ സൗഹൃദം കാത്തുസൂക്ഷിക്കും എന്നും മനസിൽ ഊട്ടിയുറപ്പിച്ചു കൊണ്ട് ഞങ്ങൾ പിരിഞ്ഞു. ഞാനും ഡെയ്സിയും ബസിലാണ് വന്നത്.

ഇന്നു രാവിലെ ഫൈനൽ എക്സാം കഴിഞ്ഞ് ജിനുവും എത്തിയിട്ടുണ്ട്. ബസ് സ്റ്റേഷനിൽ നിന്നും പിക്ക് ചെയ്യാൻ ഡെന്നിയാണ് എത്തിയത്.അവൻ വന്നിട്ട് ഒരാഴ്ചയായി. ഞങ്ങളുടെ കല്യാണത്തിന് എക്സാം ആയിരുന്നത് കൊണ്ട് അവന് വരാൻ പറ്റിയിരുന്നില്ല. ആ കുറവ് തീർക്കാൻ എല്ലാരും ഒന്നിച്ച് ടൂർ പോകണമെന്നാണ് അവന്റെ ഡിമാൻഡ്. ഞങ്ങൾക്ക് ഹണിമൂൺ ട്രിപ്പും ആവുമത്രേ…

ചെക്കന്റെ ഒരു തമാശ… പിറ്റേന്ന് ജോബിച്ചായൻ എത്തി. അന്ന് വൈകുന്നേരം ഡെയ്‌സി ആൻഡ് ഫാമിലിയും വന്നു. രാത്രി ഭക്ഷണത്തിന് ശേഷം എല്ലാരും ലോണിൽ ഒത്തുകൂടി. “എല്ലാരോടുമായി പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്” ഡേവി അങ്കിൾ പറഞ്ഞു. അതെന്താണെന്നറിയാൻ ഞങ്ങൾ ആകാംഷയോടെ അങ്കിളിനെ നോക്കി.

…..”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

ജീവരാഗം: ഭാഗം 20

-

-

-

-

-