Friday, April 12, 2024
Novel

കവചം 🔥: ഭാഗം 2

Spread the love

രചന: നിഹ

Thank you for reading this post, don't forget to subscribe!

” നീ പറഞ്ഞത് എനിക്ക് വിശ്വാസമായി ആതീ ….അവിടെ ആരോ ഉണ്ടായിരുന്നു. നിന്നെ തട്ടിയിട്ടതാ … പക്ഷേ ഇപ്പോൾ നീ റെസ്റ്റ് എടുക്ക്. എൻറെ കൂടെ വാ ….” ആതിരയെ സമാധാനിപ്പിക്കാൻ മാത്രം അങ്ങനെ പറഞ്ഞുകൊണ്ട് അവൻ അവളെ അവരുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അപ്പോഴും അവ്യക്തമായി അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു. അനന്തന് ഇത്തരം കാര്യങ്ങളിലൊന്നും വിശ്വാസമില്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആതിര ഒന്നുകൂടി അവൾ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കാനായി പറഞ്ഞു.

” അനന്തേട്ടാ… ഞാൻ പറഞ്ഞത് സത്യമാ അവിടെ അസാധാരണമായി എന്തോ ഉണ്ട് . ” “ഞാൻ പറഞ്ഞല്ലോ ആതീ …. നിന്നെ എനിക്ക് വിശ്വാസമാണ് .അവിടെ എന്തോ ഉണ്ട്. സാരമില്ല നമുക്ക് നാളെ എന്തെങ്കിലും ചെയ്യാം … ” അതും പറഞ്ഞുകൊണ്ട് അനന്തൻ ആതിരയെ നിർബന്ധിച്ച് പിടിച്ചു കിടത്തി. അവളും ആകെ തളർന്നിരുന്നു. അപ്പോഴും അവളുടെ ഹൃദയം വല്ലാതെ പിടച്ചു കൊണ്ടിരുന്നു.

“നീ കിടന്നോ ഞാൻ അപ്പുറത്തുണ്ടാകും ….” അനന്തൻ തിരിഞ്ഞു പോകാൻ ശ്രമിച്ചതും ആതിര അവന്റെ കൈയിൽ പിടിച്ചു. “പോകല്ലേ ഏട്ടാ ….എനിക്ക് ഒറ്റയ്ക്ക് പേടിയാ ….അത് വീണ്ടും വരും …. കൊല്ലാൻ ……എന്നെ ഒറ്റയ്ക്കാക്കല്ലേ … ” കരച്ചിലിന്റെയോ അപേക്ഷയുടെയോ സ്വരത്തിൽ അവൾ തേങ്ങിക്കൊണ്ട് പറഞ്ഞു .ഒരു ദിവസം കൊണ്ട് അവൾക്കു വന്ന മാറ്റം കണ്ട് അനന്തൻ അത്ഭുതപ്പെട്ടു.

” ഉം ….നീ കിടന്നോ …. നീ ഉറങ്ങിയിട്ടെ ഞാൻ പോകൂ … ” ആതിര കിടന്ന ബെഡിന്റെ അരികിലായി അനന്തൻ ഇരുന്നു . അവൾ അവന്റെ കൈപിടിച്ച് ഓരോന്നും പറഞ്ഞുകൊണ്ടിരുന്നു . അനന്തൻ അവളെ തന്നെ നോക്കിക്കൊണ്ടിരുന്നു . പതിയെ പതിയെ അവളുടെ കണ്ണുകളടയുന്നതും അവൾ ഉറക്കത്തിലേക്ക് വഴുതിവീഴുന്നതുമെല്ലാം അവൻ ശ്രദ്ധാപൂർവ്വം വീക്ഷിച്ചു കൊണ്ടിരുന്നു.

ആ നിമിഷം അനന്തന് അവളോട് സ്നേഹവും വാത്സല്യവും തോന്നി. പക്ഷേ കുറച്ചു മുമ്പുള്ള അവളുടെ പ്രവർത്തികൾ ഓർത്തപ്പോൾ അവന്എന്തോ വല്ലായ്മ തോന്നി. പതിയെ അവളുടെ നെറുകയിൽ തലോടി അവനെ മുറുകെ പിടിച്ചിരുന്ന അവളുടെ കൈകൾ പതിയെ വിടുവിച്ച് വാതിൽ ചാരി അവൻ പുറത്തേക്കിറങ്ങി. 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 ”

അത് നോക്കിയേ കുഞ്ഞി…” പറന്നു പോകുന്ന കാക്കയെ ചൂണ്ടിക്കൊണ്ട് ഗൗരി വേദയുടെ നെറ്റിയിൽ ചുംബിച്ചു. കാക്ക പറന്നുപോകുന്നത് കൗതുകത്തോടെ വേദ നോക്കി നിന്നു . ആതിരയുടെയും അനന്തന്റെയും മകളാണ് വേദ എങ്കിലും സ്വന്തം മോളെ പോലെയാണ് ഗൗരി അവളെ നോക്കുന്നത്. ഗൗരിയെ വേദയ്ക്കും ഒരുപ്പാട് ഇഷ്ടമാണ്. അനന്തൻ ഉമ്മറത്തേയ്ക്ക് വന്നതും വേദ അവന്റെ അടുത്തേയ്ക്ക് പോകാനായി തിടുക്കം കൂട്ടി. ഗൗരി അവളെയും കൊണ്ട് അനന്തന്റെ അടുത്തേക്ക് പോയി.

“ഏട്ടത്തിക്ക് എന്താ ഏട്ടാ പറ്റിയേ….” ഗൗരിയുടെ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്ന് അനന്തന് അറിയില്ലായിരുന്നു. ” അവൾക്ക് എന്താ പറ്റിയേന്ന് അറിയില്ല ഗൗരി … എന്തോ പിച്ചും പേയും പറയുന്നത് പോലെ …. ” ” കുറച്ചു മുന്നേയുള്ള ഏട്ടത്തിയുടെ പെരുമാറ്റം കണ്ടിട്ട് എനിക്കാകെ പേടിയായി … ഏട്ടത്തിയേ ആരോ തള്ളിയിട്ടു … മുകളിലത്തെ മുറിയിലാരോ ഉണ്ടെന്നൊക്കെയാ ഏട്ടത്തി എന്നോട് പറഞ്ഞേ …” ചെറിയൊരു പേടിയോടെ അവൾ അനന്തനോട് പറഞ്ഞു. ”

അവൾക്ക് വെറുതേ തോന്നിയതാ . ഇതിന് മുന്നെയും ഇവിടെ ആളുകൾ താമസിച്ചോണ്ടിരുന്നതല്ലേ … ” ചെറിയൊരു ആശങ്കയോടെ അനന്തൻ ഗൗരിയെ നോക്കി. ” ചിലപ്പോൾ ഇത്രയും വലിയ വീടല്ലേ എട്ടാ … ഏട്ടത്തിയ്ക്ക് ഒറ്റക്കായത് പോലെ തോന്നി കാണും. അതുമാത്രമല്ല മുകളിലത്തെ നിലയൊന്നും വൃത്തിയാക്കിട്ടുമില്ലല്ലോ… ” ഗൗരി പറഞ്ഞത് ശരിയാണെന്ന് അനന്തനും തോന്നി.

അവർ സംസാരിച്ചോണ്ടിരുന്നപ്പോഴാണ് അയാൾ ഇടവഴിയിലൂടെ മന ലക്ഷ്യമാക്കി നടന്നു വന്നത്. അയാളെ കണ്ടതും അവർ സംസാരം നിർത്തി അയാൾ തന്നെ നോക്കിക്കൊണ്ടിരുന്നു. ഏകദേശം 56 വയസ്സോളം പ്രായമുള്ള നീണ്ട മെലിഞ്ഞ വൃദ്ധനായ അയാൾ മുറ്റത്തു വന്നു നിന്നതും പുഞ്ചിരിയോടെ അനന്തൻ ചോദിച്ചു. ” ആരാ … ” ” എന്റെ പേര് രാമൻ . ഞാൻ വന്നത് എന്തെങ്കിലും ജോലി കിട്ടുമോന്നറിയാനാ …”

അയാൾ പറഞ്ഞത് കേട്ട് ഗൗരിയും അനന്തനും പരസ്പരം നോക്കി. ” എന്റെ അച്ഛനപ്പൂന്മാർ തൊട്ട് വർഷങ്ങളായി ഞങ്ങൾ ഇവിടത്തെ കാര്യസ്ഥരാ .. തമ്പുരാൻ ഈ മന വിറ്റപ്പോൾ ഞങ്ങളുടെ അന്നം മുട്ടിപ്പോയി . മറ്റു മാർഗ്ഗങ്ങളില്ലാത്ത കൊണ്ടാ ഇവിടെ എന്തെങ്കിലും ജോലി…. ” അയാൾ വളരെ വിനീതനായി അവരോട് പറഞ്ഞു. ” രാമേട്ടൻ ഇവിടത്തെ കാര്യസ്ഥനായിരുന്നുവല്ലേ. ഞാനും ഒരാളെ അന്വേഷിക്കുകയായിരുന്നു. ഇത്രയും വലിയ വീടും പരിസരവുമാക്കെയല്ലേ …

ആരെങ്കിലും സഹായത്തിനില്ലെങ്കിൽ നോക്കി നടത്താൻ ബുദ്ധിമുട്ടായിരിക്കും. ഇത്രയും വർഷത്തെ പരിചയമുണ്ടെങ്കിൽ കാര്യസ്ഥനായി തന്നെ ഇവിടെ തുടർന്നോളൂ … ” അനന്തന്റെ വാക്കുകൾ കേട്ടതും സന്തോഷം കൊണ്ട് അയാളുടെ ‘ മുഖം വിടർന്നു. കുട്ടിക്കാലം മുതൽ ആ മന കൊണ്ടായിരുന്നു അയാൾ കഴിഞ്ഞിരുന്നത്. അവർ അയാളെ അകത്തേയ്ക്ക് ക്ഷണിച്ചിരുത്തി. ” ഇത്രയും വർഷങ്ങളായി ഈ ‘ മനയുമായി പരിചയമുണ്ടല്ലേ .. അപ്പോൾ ഇവിടത്തെ കഥകളും ചരിത്രവുമൊക്കെ രാമേട്ടന് അറിയായിരിക്കുമല്ലോ .

വർഷങ്ങൾ പഴക്കമുള്ള മനയല്ലേ അപ്പോൾ എന്തെലും ചരിത്രം ഈ മനയ്ക്കും ഉണ്ടാവില്ലേ …” വളരെ കൗതുകത്തോടെ ഗൗരി ചോദിച്ചു. അവളുടെ ചോദ്യം കേട്ടപ്പോൾ രാമൻ ഒന്നു നടുങ്ങി. ആ മനയെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ അറിയാതെയാണ് അവർ അത് വാങ്ങിച്ചതെന്നറിഞ്ഞപ്പോൾ രാമന് വല്ലാത്ത ഭയം തോന്നി. അയാൾ വാടിയ ഒരു പുഞ്ചിരി അവൾക്ക് നേരെ സമ്മാനിച്ചു .

” സമയമുണ്ടല്ലോ കുഞ്ഞേ ..എല്ലാം വഴിയും മനസ്സിലായിക്കോളും … ” രാമൻ നെടുവീർപ്പെട്ടു കൊണ്ട് പറഞ്ഞു. ” ആ …പിന്നെ രാമേട്ടാ …. ഇവിടെ അകത്ത് ജോലി ചെയ്യാനും ഒരാളെ വേണം. വീടും പരിസരവും മുഴുവൻ കാടാണല്ലോ …ഇത് വെട്ടി തെളിക്കാനും കുറച്ചു പണിക്കാരെ ഏർപ്പാടാക്കണം. ” അനന്തൻ വളരെ ഗൗരവത്തോടെ രാമനോട് പറഞ്ഞു. ” അതൊക്കെ ഞാൻ ശരിയാക്കാം ..ഞാനിവിടെയുള്ളപ്പോൾ ഇനി തമ്പുരാൻ അതൊന്നും ഓർത്ത് വിഷമിക്കേണ്ട …”

കീഴാറ്റൂർ മനയിലേക്കാണെന്ന് പറഞ്ഞാൽ ഒരാളും അവിടെ ജോലിക്ക് വരില്ലെന്ന് അറിയാവുന്നതാണെങ്കിലും മനസ്സിലെ സംഘർഷം മറച്ചുവച്ചു കൊണ്ട് അയാൾ ചിരിക്കാൻ ശ്രമിച്ചു. ” രാമേട്ടാ എന്റെ പേര് അനന്തൻ .ഇത് ഗൗരി .എന്റെ പെങ്ങളാ ..ഇത് വേദ എന്റെ മോളാ…” അവരെ പരിചയപ്പെടുത്തി കൊണ്ട് അനന്തൻ പറഞ്ഞു. ” എന്നെ തമ്പുരാൻ എന്നൊന്നും വിളിക്കേണ്ട . അനന്തനെന്ന് വിളിച്ചാൽ മതി . നാളെ മുതൽ രാമേട്ടൻ ഇവിടത്തെ ജോലി ഏറ്റെടുത്തോ….”

അവരുടെ പെരുമാറ്റവും സ്വഭാവവും രാമന് ഇഷ്ടമായി. അതിലുപരി നല്ലവരായ അവർക്ക് എന്തെങ്കിലും പറ്റുമോന്നുള്ള ഭയമായിരുന്നു. പിന്നെയും അവർ ഓരോന്നും സംസാരിച്ചു കൊണ്ടിരുന്നു. നേരം ഇരുട്ടും തോറും അയാളുടെ മനസ്സിൽ ആധി നിറഞ്ഞു. അധികം വൈകാതെ തന്നെ അയാൾ മന വിട്ട് വീട്ടിലേയ്ക്ക് തിരിച്ചു . രാത്രി സമയത്ത് ആ മനയിൽ നിൽക്കാൻ അയാൾക്കും ഭയമായിരുന്നു. 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

സന്ധ്യ മയങ്ങിയപ്പോഴേക്കും ഗൗരി കുളി കഴിഞ്ഞ് വിളക്ക് വച്ചു. സന്ധ്യ മയങ്ങിയതോടെ പാലപ്പൂവിന്റെ ഗന്ധം അവിടെയാകെ വ്യാപിച്ചു. വിളക്ക് വച്ച് തിരിഞ്ഞതും തിരി അണഞ്ഞതും ഒപ്പമായിരുന്നു. ദുശകുനമായതു കൊണ്ട് തന്നെ അവളുടെ ഉള്ളിൽ ചെറിയൊരു ഭയം നിറഞ്ഞു. പരിസരത്തെങ്ങും നിറയുന്ന പാലപ്പൂ ഗന്ധവും കൂടിയായത്തോടെ അവൾക്ക് ഒരു വല്ലായ്മ തോന്നി തുടങ്ങി.

” യക്ഷികളാണത്രേ പാലപ്പൂക്കളെ പ്രണയിക്കുന്നത്. അവരുടെ സാന്നിധ്യമാണത്രേ പാലപ്പൂ ഗന്ധം …” പണ്ട് അച്ഛമ്മ പറഞ്ഞ വാക്കുകൾ ഗൗരിയുടെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു. അവൾ ഭയം കൊണ്ട് ഓടി അകത്ത് കയറി. സമയം മുന്നോട്ട് പോയിക്കൊണ്ടിരുന്നു . വെളിച്ചത്തെ മറച്ചു കൊണ്ട് പൂർണ്ണ അന്ധകാരമെത്തി. രാത്രിയുടെ യാമങ്ങളിൽ ചെമ്പകത്തിന്റെയും പാലപ്പൂവിന്റെയും മറ്റു കാട്ടുപൂക്കളുടെയും മോഹിപ്പിക്കുന്ന ഗന്ധം ഉയർന്നു ക്കൊണ്ടിരുന്നു .

അത്താഴം കഴിച്ച് അവരെല്ലാം കിടക്കാനായി പോയി. മുകളിലത്തെ മുറികളൊന്നും വൃത്തിയാക്കാത്തതു കൊണ്ട് എല്ലാവരും താഴത്തെ മുറികളാണ് ഉപയോഗിച്ചത്. വേദ വാശി പിടിച്ച് ഗൗരിയുടെ കൂടെയാണ് കിടന്നത്. ആതിരയ്ക്ക് നല്ലതുപോലെ പേടി ഉണ്ടായിരുന്നു. ഗൗരിയ്ക്കും ചെറിയ രീതിയിൽ പേടി തോന്നി. രാത്രിയുടെ നാലാം യാമം ആയപ്പോഴേക്കും എല്ലാവരും ഗാഢനിദ്രയിലാണ്ടിരുന്നു.

തുറന്നിട്ട ജനലിലൂടെ പാലപ്പൂ ഗന്ധമുള്ള കാറ്റ് മുറിയെ തഴുകി കൊണ്ടിരുന്നു. ” ആതിരേ ….. വരൂ …. ഞാനാ വിളിക്കുന്നത് …….. പാലമരച്ചുവട്ടിലേയ്ക്ക് വരൂ …. എത്ര വർഷമായി ഞാൻ നിന്നെ കാത്തിരിക്കുന്നു…. വാ….. ” അശരീരിയായ ആ ശബ്ദം വീണ്ടും വീണ്ടും ആവർത്തിച്ച് ആതിരയുടെ കാതുകളിൽ പതിച്ചു. വശ്യമായ ആ വാക്കുകൾ കേട്ടതും യാന്ത്രികമായി ആതിര എഴുന്നേറ്റു.

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…