Sunday, December 22, 2024
Novel

നവമി : ഭാഗം 15

എഴുത്തുകാരി: വാസുകി വസു


“ധനേഷ് എനിക്കൊന്ന് കാണണം…എത്ര നാളായി കണ്ടിട്ട്..രാവിലെ കോളേജിൽ വാ..നവിയുടെ കണ്ണുവെട്ടിച്ച് ഞാൻ ചാടാം”

നീതിയുടെ സ്വരം കാതിലേക്ക് ഒഴുകി എത്തിയതോടെ നവി തറഞ്ഞു നിന്നു..കേട്ടത് വിശ്വസിക്കാൻ കഴിയാതെ..

പടുത്തുയർത്തിയ സ്വപ്ന സൗധം ചീട്ടു കൊട്ടാരമായി തകർന്ന് അടിയുന്നത് അവളറിഞ്ഞു..

“മാറില്ല ഇവളൊരിക്കലും മാറാൻ കഴിയില്ല അവൾക്ക്…സൈക്കോ ആണിവൾ..മനോരോഗി…

” ഡാ നീതി വെളുപ്പിനെ വിളിച്ചിരുന്നു..ഒന്ന് കാണണമെന്ന്”

മുന്നിലിരിക്കുന്ന വില കുറഞ്ഞ മദ്യം പൊട്ടിച്ച് ഗ്ലാസിലേക്ക് ഒഴിക്കുന്നതിനിടയിൽ ധനേഷ് പുലമ്പി.കൂടെ ഉണ്ടായിരുന്ന ധനുവിന്റെയും ഷിബിന്റെയും മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു.നാവ് നൊട്ടി നനഞ്ഞ് ചുണ്ടുകൾ അമർത്തി കടിച്ചു.

തണുത്ത വെള്ളം ഗ്ലാസിൽ മദ്യവുമായി മിക്സ് ചെയ്തു വലിച്ചു കൊണ്ടിരുന്ന സിഗരറ്റിന്റെ ചാരം അതിലേക്കിട്ടു.

മൂവരും ഗ്ലാസ് ഉയർത്തി ചിയേഴ്സ് പറഞ്ഞിട്ട് ഒറ്റവലിക്ക് അകത്താക്കി.

ചുണ്ടുകൾ വിരലാൽ തുടച്ചിട്ട് ധനേഷ് അച്ചാറിലേക്ക് ചൂണ്ടുവിരലിട്ട് നാക്കിൽ തൊട്ടു.

“ചേച്ചിയെങ്കിൽ ചേച്ചി.ഈ പ്രാവശ്യം ഒന്നും മിസാകരുത്.അനിയത്തിയെ പതിയെ പൊക്കാം”

അവൻ തന്റെ പദ്ധതികൾ കൂട്ടുകാർക്ക് മുമ്പിൽ വിവരിച്ചു.അവർ തലയാട്ടി സമ്മതിച്ചു.

“ഞാദ്യമൊന്ന് നീതിയുമായി മീറ്റ് ചെയ്യട്ടെ.എന്നിട്ട് ബാക്കിയെല്ലാം വിശദമായി സംസാരിക്കാം”

മൂവരും കൂടി ധനേഷിന്റെ വീട്ടിൽ മദ്യസേവ നടത്തുക ആയിരുന്നു.

ഹോസ്പിറ്റൽ നിന്ന് ഡിസ്ചാർജ് ആയിട്ട് അധികം ദിവസങ്ങൾ ആയിരുന്നില്ല.രാത്രിയിൽ ചെറിയ ഒരു മോഷണമൊക്കെ നടത്തിയിരുന്നു.

കയറിയത് ഒരു വീട്ടിൽ ആയിരുന്നു. വല്ലതും തടയുമെന്ന് കരുതിയെങ്കിലും ഒന്നും കിട്ടിയില്ല.

ആകെ കണ്ടത് വില കുറഞ്ഞ മദ്യക്കുപ്പി.അതെങ്കിലത് അവിടെ നിന്ന് പൊക്കി.വീട്ടിൽ രാവിലെ കമ്പിനി കൂടി.

അച്ഛനും അമ്മക്കും മകനെ ഭയമാണ്. എന്തു കണ്ടാലും അവർ ഒന്നും മിണ്ടില്ല.എതിർത്താൽ അച്ഛനും അമ്മക്കും ശരിക്കും മകൻ സമ്മാനം കൊടുക്കും.

ഇതവന് നല്ലൊരു വളവുമാണ്.എന്തിനും ഏതിനും ഇടം വലമായി ഷിബിനും ധനുവും ഉളളതിനാൽ ചില്ലറ മോഷണങ്ങളും അടിപിടിയുമായി നടക്കുകയാണ് ധനേഷ്.മാന്യമായൊരു തൊഴിൽ ചെയ്യാൻ അവർക്ക് ഇഷ്ടമില്ല.

മോഷണം കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോഴാണ് നീതി അവനെ വിളിക്കുന്നത്. ആരാണെന്ന് ചോദിച്ചപ്പോൾ പിന്നീട് പറയാം എന്നാണ് ധനേഷ് കൂട്ടുകാരോട് പറഞ്ഞത്.

സംസാരത്തിനിടയിൽ കുപ്പി അവർ കാലിയാക്കി.ഓരോ സിഗരറ്റിനു തീ കൊടുത്തു ഒന്നുകൂടി ആത്മാവിനു ശാന്തി കൊടുത്തു.

“ശരിയെടാ ഇന്ന് രാവിലെ അവളെ കണ്ടിട്ട് വിളിക്കാം”

കലാപരിപാടികൾ കഴിഞ്ഞതോടെ അവർ യാത്ര പറഞ്ഞു പോയി.ധനേഷിലൊരു കുളിരുണ്ടായി.

“ആദ്യം ചേച്ചി അതുകഴിഞ്ഞ് നീതിയിലൂടെ അനിയത്തി അങ്ങനെ മതി.ഇല്ലെങ്കിൽ പണി പാളും”

അങ്ങനെ ചിന്തിച്ചിട്ട് അവൻ മാറി കിടന്നു.

💃💃💃💃💃💃💃💃💃💃💃💃💃💃🏼💃

ഫോൺ സംസാരം കഴിഞ്ഞു നീതി മുറിയിലേക്ക് കയറും മുമ്പ് നവമി അവിടെ നിന്ന് വലിഞ്ഞു.അവളിപ്പോൾ തന്നെ കാണാതിരിക്കുന്നതാണ് ഭംഗി.നവി വേഗം ഉറങ്ങി കിടക്കുന്നതു പോലെ അഭിനയിച്ചു.

നീതി മുറിയിൽ കയറിയട്ട് കിടക്കുന്ന നവമിയെ സൂക്ഷിച്ചു നോക്കി. അവൾ ഗാഢമായ ഉറക്കത്തിലാണെന്ന് തോന്നി.നീതിയുടെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു കൊണ്ടിരുന്നു.

അവൾ മേശപ്പുറത്ത് ഫോൺ പതിയെ വെച്ചു.തിരികെ വന്ന് നവിയുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി. അവളൊന്ന് ഞെട്ടി.

ഒഴുകിയിറങ്ങിയ ചുടുനീർ നവിയുടെ നെറ്റിയിലേക്ക് വീണു കൊണ്ടിരുന്നു.

നവമിയുടെ ഹൃദയം ചുട്ടു നീറി.കരഞ്ഞു കൊണ്ട് അവൾ നീതിയെ ആലിംഗനം ചെയ്തു. ഒരുനിമിഷത്തേക്ക് ചേച്ചിയെ തെറ്റിദ്ധരിച്ചതിൽ പശ്ചാത്താപം തോന്നി.

നവിയുടെ പെട്ടന്നുളള കരച്ചിലിൽ നീതിയൊന്ന് ഞെട്ടി.ങേ ഇവൾ ഉറങ്ങിയട്ട് ഇല്ലായിരുന്നോ? താൻ പറയുന്നതെല്ലാം കേട്ടിരുന്നോ? അവൾക്കാകെ സംശയമായി.

“ഞാനെല്ലാം കേട്ടു ചേച്ചി.ഒരുനിമിഷം തെറ്റിദ്ധരിച്ചു പോയി” തേങ്ങലിനിടയിൽ നവമി പറഞ്ഞു കൊണ്ടിരുന്നു.

“സാരമില്ല കേട്ടോ” അനിയത്തിയെ ചേർത്തു പിടിച്ചു മുടിയിഴകളിൽ തലോടി.

“ശരിയാണെന്ന് ധരിക്കാൻ മാത്രം ചേച്ചി ഇതുവരെ നന്മയൊന്നും ചെയ്തട്ടില്ലല്ലോ..അതുകൊണ്ട് അല്ലേ..പോട്ടേ”

“എന്നാലും..”

“അതൊക്കെ വിട് നീ.ചെയ്ത തെറ്റുകൾക്ക് പശ്ചാത്താപം ചെയ്യണം.കടിച്ച പാമ്പിനെ വിളിച്ചു വരുത്തി വിഷമിറക്കണം” അവസാനത്തെ വാചകം പറയുമ്പോൾ നീതിയുടെ മിഴികളിൽ തീപ്പൊരി ചിതറി.

അവളുടെ മനസ്സിൽ കോളേജ് ഡേയുടെ അന്നത്തെ ദിവസം ആയിരുന്നു ഓർമ്മ വന്നത്.

സ്വന്തം അനിയത്തിയെ കാമുകനും കൂട്ടുകാർക്കും മുമ്പിലേക്ക് എറിഞ്ഞു കൊടുക്കുന്ന നീചയായ പെൺകുട്ടി.

ആ പെൺകുട്ടി താനായിരുന്നു.ചെയ്ത തെറ്റുകൾ കൂട്ടി യോജിപ്പിക്കാൻ കഴിയില്ലെങ്കിലും ശരികൾ ചേർത്തു വെയ്ക്കാൻ കഴിയും..കഴിയണം..

“ഇതൊന്നും അച്ഛനും അമ്മയും അറിയരുത് കേട്ടോ മോളേ” നീതി അനിയത്തിയെ ഓർമ്മിപ്പിച്ചു. ഇല്ലെന്ന് അവൾ തലയാട്ടി.

“പക്ഷേ ചേച്ചിയുടെ കൂടെ ഞാനും വരും” നവമി പറഞ്ഞു.

“അതൊന്നും വേണ്ടെടീ..ഇതൊക്കെ എനിക്ക് ഒറ്റക്ക് ഹാൻഡിൽ ചെയ്യാവുന്നതേയുള്ളൂ”

എത്രയൊക്കെ പറഞ്ഞിട്ടും നവി സമ്മതിച്ചില്ല.അനിയത്തി കൂടെ വന്നാൽ പണി പാളുമെന്ന് നീതിക്ക് അറിയാം.അതാണ് കഴിവതും അവളെ ഒഴിവാക്കാൻ ശ്രമിക്കുന്നത്.

“ചേച്ചിക്കൊന്നും വരാൻ ഞാൻ സമ്മതിക്കില്ല.എനിക്കാകെയുള്ളൊരു കൂടപ്പിറപ്പ് ഇത് മാത്രമാണ്”

നവമിയുടെ കരച്ചിൽ നീതിയുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി മുറിവേൽപ്പിച്ചു.

തന്നെ ഇത്രയധികം സ്നേഹിക്കുന്ന കൂടപ്പിറപ്പിനെയാണ് താനിത്രയും നാളും അപമാനിക്കാൻ ശ്രമിച്ചത്.സ്വയം ഒരുക്കിയ ഉമിത്തീയിൽ നീതി നീറിപ്പുകഞ്ഞു കൊണ്ടിരുന്നു..

“ശരി..ഞാൻ സിഗ്നൽ നൽകാതെ നീ എന്റെ അടുത്ത് വരരുത്” നീതി മുന്നറിയിപ്പ് നൽകി. അത് നവിക്ക് സ്വീകാര്യമായി.

“എഗ്രീഡ്” അവൾ ചേച്ചിക്ക് വാക്ക് കൊടുത്തു.

“വാ കുറച്ചു നേരം കൂടി കിടക്കാം”

അനിയത്തിയെ തന്നിലേക്ക് ചേർത്തണച്ചു അവൾ.തളളപ്പക്ഷിയുടെ ചിറകിലേക്ക് അനിയത്തി ഒതുങ്ങി..

💃💃💃💃💃💃💃💃💃💃💃💃💃💃💃

രാവിലെ എട്ടുമണിയോടെ കോളേജിലേക്ക് പോകാനായി ചേച്ചിയും അനിയത്തിയും ഒരുങ്ങി.

രാധ വെളുപ്പിനെ ഉണർന്ന് അടുക്കളയിൽ കയറി മക്കൾക്ക് കൊണ്ടു പോകാനുളളത് റെഡിയാക്കി.

ഇപ്പോൾ വലിയ ഉത്സാഹമാണ് എല്ലാം ചെയ്യാനായിട്ട്.

“അമ്മേ ഞങ്ങൾ ഇറങ്ങുവാണ്” ഒരേ സ്വരത്തിൽ ഇരുവരും അടുക്കളയിലേക്ക് നോക്കി പറഞ്ഞു. അത് കേട്ടതും ഇലയിൽ പൊതിഞ്ഞ് കെട്ടിയ ചോറുപൊതിയുമായി രാധ ഓടി വന്നു.അത് അവരെ ഏൽപ്പിച്ചു.

“ഭക്ഷണം വെറുതെ കളയാതെ വയറ് നിറയെ കഴിക്കണം” മക്കളുടെ മൂർദ്ധാവിൽ ചുംബിക്കുമ്പോൾ അവരുടെ കണ്ണു നിറഞ്ഞ് തുളുമ്പി.

“അച്ഛനോട് പറഞ്ഞോ”

“അച്ഛനോടാ ആദ്യം പറഞ്ഞത്” നീതി ചിരിച്ചു.

മക്കൾ യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അവരുടെ മനസ് സന്തോഷത്താൽ തുടിച്ചു.

“ഭഗവാനേ എന്നും ഇങ്ങനെ ഈ സന്തോഷം നില നിർത്തണേ” അവർ കൈകൂപ്പി പ്രാർത്ഥിച്ചു..

💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼

കോളേജ് സ്റ്റോപ്പിൽ നീതിയും നവിയും ബസ് ഇറങ്ങിയട്ട് നിശ്ചിത അകലമിട്ടാണ് നടന്നത്. അനിയത്തിയെ ധനേഷ് കാണണ്ടാന്ന് അവൾ കരുതി.

അനിയത്തിയുടെ ഫോൺ ചേച്ചി വാങ്ങിച്ചിരുന്നു.ധനേഷിനെ കണ്ടില്ലെങ്കിൽ വിളക്കണം.അതിനായിരുന്നു.

റോഡിൽ നിന്ന് കുറച്ച് ഉള്ളിലേക്ക് നടക്കണം.അവർ പതിയെ മുമ്പോട്ട് നടന്നു.കോളേജ് ഗേറ്റിനു അടുത്ത് ധനേഷിനെ കണ്ടില്ല.

നീതി ചുറ്റിനും നോക്കി.ആളെ കാണാൻ കഴിഞ്ഞില്ല.

കയ്യിലിരുന്ന ഫോൺ എടുത്തു അവൾ ധനേഷിനെ വിളിച്ചു.

“ഡീ ഞാനിവിടെയുണ്ട്” തൊട്ട് പിന്നിലൊരു സ്വരം. നോക്കുമ്പോൾ അടുത്തുള്ള കടയിൽ നിന്ന് സിഗരറ്റ് വലിച്ചു കൊണ്ട് അവൻ ഇറങ്ങി വരുന്നു. അതുകണ്ട് നീതി കാൾ കട്ട് ചെയ്തു.

“അങ്ങോട്ട് മാറി നിന്നു സംസാരിക്കാം” നീതി ആവശ്യപ്പെട്ടതോടെ കോളേജ് ഗേറ്റിനു മുന്നിൽ നിന്ന് കുറച്ചു തെക്ക് ഭാഗത്തേക്ക് അവർ നീങ്ങി നിന്നു.ഇതെല്ലാം ശ്രദ്ധിച്ച് നവമി ഓർണമെന്റ്സ് കടയുടെ മുന്നിൽ നിന്നു.

“ധനേഷ് കഴിഞ്ഞതെല്ലാം മറക്കാമെന്ന് ഞാൻ പറയുന്നില്ല” ഉമിനീർ നാവിനാൽ തൊട്ട് നനച്ചു കൊണ്ട് അവൾ തുടക്കമിട്ടു. അവൾ പറയുന്നത് അവൻ അലസമായി കേട്ടു നിന്നു.

“ധനേഷ് ഇതുവരെയുള്ള തൊഴിൽ നിർത്തിയട്ട് മാന്യമായൊരു ജോലി സമ്പാദിക്കണം.

അതുകഴിഞ്ഞ് വീട്ടിൽ വന്ന് പെണ്ണ് ചോദിക്കണം” അവന്റെ ചുണ്ടിലൊരു പരിഹാസ പുഞ്ചിരി വിരിഞ്ഞു.

“നിന്റെ വീട്ടുകാർ സമ്മതിച്ചില്ലെങ്കിലോ?” അവന്റെ മുഖത്തെ പരിഹാസം മനസിലായെങ്കിലും കണ്ടില്ലെന്ന് അവൾ നടിച്ചു.

“ഇതെല്ലാം നേടി വന്നാൽ അവർ സമ്മതിച്ചില്ലെങ്കിൽ ഞാൻ കൂടെ ഇറങ്ങി വരും”

“നടക്കുന്ന കാര്യം പറയെടീ” അവൻ അവളെ പുച്ഛിച്ചു.

“മറ്റൊരു പ്രധാനപ്പെട്ട കാര്യം. നവിയെ ഇനി ഉപദ്രവിക്കരുത്.അവൾ പാവമാണ്” അതുകേട്ട് ധനേഷ് അമ്പരന്നു. എന്താണ് ഇവൾക്ക് പെട്ടന്നിത്ര കൂടപ്പിറപ്പ് സ്നേഹം.

“നീ പറഞ്ഞിട്ടല്ലേ ഞാൻ ഓരോന്നും ചെയ്തത്”

“അതൊക്കെ വിടൂ ധനേഷ്..നിനക്ക് എന്റെ അനിയത്തിയിൽ കണ്ണുണ്ടെന്ന് നീ പറയാതെ എനിക്ക് അറിയാം‌.അല്ലെങ്കിൽ നീ ചാടിപ്പുറപ്പെടില്ല” അതുകേട്ട് ധനേഷിന്റെ കണ്ണുകൾ മഞ്ഞളിച്ചു.

നവമി സുന്ദരിയാണ്.നല്ലൊരു സ്ട്രക്ച്ചർ ബോഡിയുളളവൾ ..പെട്ടെന്ന് അങ്ങനെ വിടാൻ കഴിയില്ല.

“ശരി നിന്റെ ഇഷ്ടം അതാണെങ്കിൽ ഞാൻ ഒന്നിനുമില്ല.പക്ഷേ നീയെന്നെ തനിച്ചാക്കരുത്” പ്രണയാർദ്രനായി അവൻ മൊഴിഞ്ഞു.അവന്റെ ഭാവമാറ്റം തിരിച്ചറിഞ്ഞിട്ടും അവളും അതുപോലെ അഭിനയിച്ചു.

“ഇല്ല ധനേഷ്…എനിക്കും നിന്നെ മറക്കാൻ കഴിയില്ല”

ധനേഷിന്റെ പക്കൽ നീതി സ്വകാര്യമായി അയച്ചു കൊടുത്ത നഗ്നചിത്രങ്ങളുണ്ട്.അതുവെച്ച് അവളെയും അനിയത്തിയെയും ബ്ലാക്ക് മെയിൽ ചെയ്യാം.അവനങ്ങനെ മനസ്സിൽ കരുതി..

എന്റെ നഗ്ന ചിത്രങ്ങൾ ഉപയോഗിച്ചാലും അനിയത്തിയെ വിട്ട് നൽകില്ലെന്ന് നീതിയും തീരുമാനം എടുത്തു.

ഇതുവരെ മനസ്സിലാക്കിയെടുത്തോളം എന്ത് വൃത്തികെട്ട കളിക്കും അവൻ തയ്യാറാകുമെന്ന് നീതിക്ക് ഉറപ്പുണ്ട്..

“എങ്കിൽ ശരി ഞാൻ പോകുവാ” യാത്ര ചോദിച്ചു നിരാശയോടെ അവൻ മടങ്ങിപ്പോയി.ധനേഷ് പോയതോടെ നവമി അവൾക്ക് അരികിലെത്തി.

“അവനെന്ത് പറഞ്ഞു ചേച്ചി”

“നിന്നെയിനി അവൻ ഉപദ്രവിക്കില്ല..ഇത് നീതിയുടെ വാക്ക്” അന്നുവരെ കാണാതിരുന്ന ചേച്ചിയുടെ മുഖം അവൾ കണ്ടു.

വാക്കുകൾക്ക് കാരിരുമ്പിന്റെ ശക്തി.മുഖത്ത് കല്ലിച്ച ഭാവം.നവമിക്ക് പിന്നെയൊന്നും ചോദിക്കാന് തോന്നിയില്ല.അവർ ക്ലാസിലേക്ക് മടങ്ങി..

ഫ്രീ ടൈമിൽ നീതി കെമിസ്ട്രി ബാച്ചിലെ കൂട്ടുകാരി സ്വേദയുടെ അനിയത്തി സതിയുടെ സഹായം തേടിച്ചെന്നു.

“ഹായ് ചേച്ചി..എന്തുണ്ട് വിശേഷം” നീതിയെ കണ്ടിട്ട് സതി ക്ലാസിൽ നിന്ന് ഇറങ്ങി വന്നു.

“എനിക്ക് നിന്റെയൊരു സഹായം വേണം.. ആരും അറിയരുത്” നീതി രഹസ്യമായി അവളുടെ കാതിൽ പറഞ്ഞു..

“ലാബിൽ നിന്ന് എടുക്കുന്നത് റിസ്ക്കാണ് ചേച്ചി..എന്നാലും ഞാൻ എടുത്ത് തരാം”

സതിയുടെ ഉറപ്പും വാങ്ങി നീതി ക്ലാസിലേക്ക് പോയി. വൈകുന്നേരം മടങ്ങുമ്പോൾ സതി ലാബിൽ നിന്ന് എടുത്ത് കൊടുത്ത ആസിഡ് നീതിയുടെ ബാഗിൽ ഭദ്രമായിരുന്നു.ആ കാര്യം നവമി പോലും അറിഞ്ഞില്ല….

ഒരുവശത്ത് നീതിയോട് പക വീട്ടാനായി മിഴിയുടെ ഭർത്താവ് ജിത്തും മറ്റൊരു വശത്ത് നീതിയെയും അനിയത്തിയെയും ഇല്ലായ്മ ചെയ്യാൻ ധനേഷും കൂട്ടുകാരും..

ഇവർക്കെല്ലാം നടുവിൽ അനിയത്തിയെ രക്ഷിക്കാൻ നീതിയും..

തനിക്ക് എന്ത് സംഭവിച്ചാലും നവമിയെ ബലിയാടാക്കാൻ പറ്റില്ലെന്ന് നീതി തീരുമാനിച്ചിരുന്നു..ഇതൊന്നും അറിയാതെ നവമിയും…

ഇവിടെ യുദ്ധം ആരംഭിക്കുകയാണ്…ഇതിൽ ആരു ജയിക്കുമെന്ന് കാണാൻ നമുക്ക് അടുത്ത പാർട്ടിനായി ക്ഷമയോടെ കാത്തിരിക്കാം…

തുടരും….

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8

നവമി : ഭാഗം 9

നവമി : ഭാഗം 10

നവമി : ഭാഗം 11

നവമി : ഭാഗം 12

നവമി : ഭാഗം 13

നവമി : ഭാഗം 14