നല്ല പാതി : ഭാഗം 12
നോവൽ
*******
എഴുത്തുകാരി: ധന്യ സുജിത്ത്
എ സോണ് കലോത്സത്തിന് തിരി തെളിയാറായി..
ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെയാണ് മത്സരങ്ങള്. ഞായര്, തിങ്കള് ദിവസങ്ങളില് സ്റ്റേജിതര മത്സരങ്ങളും ചൊവ്വാഴ്ചമുതല് വ്യാഴാഴ്ച വരെ സ്റ്റേജ് മത്സരങ്ങളും.. കലോത്സവം.. ക്യാമ്പസ്സിന് ലഹരിയാകുന്ന 5 ദിനങ്ങൾ.. എല്ലാവരും അതിന്റെ ഉത്സാഹത്തിലാണ്.. അവസാനവട്ട റിഹേഴ്സൽ പൊടി പൊടിയ്ക്കുന്നുണ്ട്.. നന്ദുവും കൂട്ടുകാരും കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായതിനാൽ തിരക്കിലാണ്…
ഞായറാഴ്ച രാവിലെ ഒന്പതു മുതല് രജിസ്‌ട്രേഷന് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം.
ചൊവ്വാഴ്ച വൈകീട്ട് നാലിന് സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം.. നന്ദുവും പാറുവും സ്റ്റേജ് മത്സരങ്ങളുടെ കോർഡിനേറ്റർമാരായതിനാൽ ചൊവ്വാഴ്ച രാവിലെ ചിറ്റൂർ എത്തിയാൽ മതി.. ഉദ്ഘാടനദിവസം പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു നന്ദുവിന്..
അന്ന് അഭിയ്ക്ക് ചിത്രരചനാ മത്സരമുള്ളതിനാൽ ഉദ്ഘാടനത്തിന് ചെന്നാലും അഭിയെ കാണാൻ കിട്ടില്ല..
പിന്നെന്തിനാ ഈ ഒരു മണിക്കൂറോളം യാത്ര ചെയ്ത് അങ്ങോട്ടേക്ക് പോകണത്.. പോരാത്തതിന് കോളേജിൽ നിന്നും മാറി നിന്നാൽ കാർത്തിയുടെ വായിലുള്ളതു മുഴുവനും കേൾക്കേണ്ടി വരും..ആ കാര്യം ഓർത്തപ്പോൾ തന്നെ നന്ദു തീരുമാനം മാറ്റി..
കോളേജിൽ നിന്നും ബസ്സ് ഏർപ്പെടുത്തിയിട്ടുണ്ട്.. രാവിലെ ആറുമണിക്ക്.. വൈകീട്ട് ഒമ്പതിനും.. വൈകീട്ട് വരാൻ മിക്കവാറും ആരും കാണില്ല..കാരണം ആ നേരത്ത് പരിപാടി തുടങ്ങോ എന്ന സംശയമേയുള്ളൂ.. അതുകൊണ്ട് തന്നെ മിക്കവാറും എല്ലാ ബോയ്സും സംഘാടക സമിതി തയ്യാറാക്കിയ അക്കോമഡേഷനിൽ നിൽക്കാമെന്ന തീരുമാനത്തിലാണ്..
“കാർത്തി എന്തായാലും കാറെടുക്കും..
നമുക്ക് രാവിലെ ബസ്സിൽ അടിച്ചു പൊളിച്ചു പോകാം.. വൈകീട്ട് കാർത്തിയോടു കൊണ്ടുവിടാൻ പറയാം.. ”
പാറുവിന്റേതാണ് ബുദ്ധി..
“ഉം..പറഞ്ഞു നോക്കാം..സമ്മതിച്ചാൽ മതിയായിരുന്നു. ചിലപ്പോൾ അവൻ ജാഡയിറക്കും..”
സ്റ്റേജിതര മത്സരങ്ങളുടെ കൂടി കോർഡിനേറ്റർ ആയതിനാൽ
കാർത്തി ഞായറാഴ്ച മുതൽ പോയി വരുന്നുണ്ട്.. അഭിയ്ക്ക് ചിത്രരചനാ മത്സരത്തിന് ഫസ്റ്റ് ഉണ്ടെന്നറിഞ്ഞപ്പോ കാണാൻ തോന്നിയതാണ്. അഭിയോട് പറഞ്ഞപ്പോൾ കാർത്തിയുടെ കൂടെ വരാൻ പറഞ്ഞു.. തന്നെ കൂടെകൂട്ടാൻ പറഞ്ഞാൽ കാർത്തി പറയും പ്രേമിച്ചു നടക്കാനുള്ള ലൈസൻസ് അല്ല ഈ ടാഗും ബാഡ്ജും എന്ന്… വൃത്തികെട്ടവൻ…
എന്തായാലും ചൊവ്വാഴ്ച രാവിലെ തന്നെ പോകാമല്ലോ.. അതിന്റെ ആശ്വാസത്തിലാണ് നന്ദു.
ചൊവ്വാഴ്ച രാവിലെ തന്നെ നന്ദുവും പാറുവും തയ്യാറായി കോളേജിൽ എത്തിയപ്പോൾ തന്നെ ബസ്സ് ഏകദേശം നിറയാറായി. വൈകിയതിന് പാറുവിന് വയറു നിറയെ കൊടുത്തു ബസ്സിൽ കയറി.
ആദ്യമായാണ് ചിറ്റൂരിലേയ്ക്ക് ഒരു യാത്ര. ബസ്സിൽ ഇരിക്കുമ്പോൾ നന്ദുവിനു തോന്നി
മലയാളിയുടെ സ്വപ്നത്തിലെ കേരളത്തിന് പാലക്കാടൻ ഛായയാണ് കൂടുതൽ ഇണങ്ങുന്നതെന്ന്.. കന്നുകാലികളും കൊയ്ത്തു പാടങ്ങളും വൈക്കോലും കാളവണ്ടികളും പാൽമണവും നിറഞ്ഞ നാട്ടുവഴികൾ..
പഴക്കം ചെല്ലുംതോറും അഴക് കൂടുന്ന പഴമ നിറഞ്ഞ തറവാടുകൾ… പാലക്കാടിന്റെ ഗ്രാമീണ കാഴ്ചകൾ അത്രയേറെ മനോഹരമാണ്.
ഒരുമണിക്കൂർ യാത്രക്കു ശേഷം ചിറ്റൂർ എത്തി…ശോകനാശിനീപുഴയുടെ തീരത്ത് വര്ണങ്ങള് ചാര്ത്തി ഒരുങ്ങി നിൽക്കുന്ന ഗവ: ചിറ്റൂർ കോളേജ്- പ്രിയ സുഹൃത്തുക്കള്ക്ക് ഏവര്ക്കും സ്വാഗതം… എന്ന ബാനറുകൾ.. എല്ലായിടവും തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.. ആകെയൊരു ഉത്സവപ്രതീതി..
എത്താറായപ്പോഴേ നന്ദു അഭിയെ വിളിച്ചു പറഞ്ഞതിനാൽ അഭി കാത്തു നിൽപ്പുണ്ടായിരുന്നു.. കൂടെ കുറച്ച് സുഹൃത്തുക്കളും.
അഭി അവർക്കെല്ലാം നന്ദുവിനെ പരിചയപ്പെടുത്തി. സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം ഉച്ചയ്ക്ക് ശേഷം ആയതിനാൽ രാവിലെ നന്ദുവിന്പണി കുറവായിരുന്നു. ഉള്ളത് പാറുവിനെ ഏൽപ്പിച്ചു കൊടുത്തു..
“പാവല്ലേന്ന് വച്ചീട്ടാ ഞാൻ സമ്മതിച്ചേ…രണ്ടാളും നനഞ്ഞിടം കുഴിയ്ക്കരുത് കേട്ടല്ലോ…??”
“ഒരേ കോളേജിൽ ആണെങ്കിൽ ഞങ്ങൾക്ക് ഈ ബുദ്ധിമുട്ട് ഇല്ലല്ലോ…രണ്ടു മൂന്നു ദിവസത്തെ കാര്യല്ലേയുള്ളൂ… പാറുക്കുട്ടി ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ.. പ്ലീസ്..”
അഭി പറഞ്ഞതു കേട്ട് പാറു ചിരിച്ചു.
നന്ദു അന്ന് പകൽ മുഴുവൻ സമയവും അഭിയോടൊപ്പമുണ്ടായിരുന്നു..
വിശാലമായ തന്റെ ക്യാമ്പസ് മുഴുവനും അവളെയും കൊണ്ടുനടന്നു കാണിച്ച്..ഓരോയിടവും പരിചയപ്പെടുത്തി…
അവന്റെ വാക്കുകളിൽ നിറഞ്ഞു നിന്ന അവന്റെ ക്യാമ്പസിൽ അവന്റെ കയ്യും പിടിച്ചു നടക്കാൻ അവളും ഒരുപാട് ആഗ്രഹിച്ചിരുന്നു. അവളും അത് ആസ്വദിക്കുകയായിരുന്നു..
ഉദ്ഘാടനം കഴിഞ്ഞപ്പോൾ നന്ദു പാറുവിന് അടുത്തയ്ക്ക പോയി.. രാത്രി തിരികെ കോളേജിൽ പോകാൻ നേരം കാണാമല്ലോ… പിറ്റേദിവസം വൈകിട്ട് നന്ദുവിനു പണിയുണ്ടായിട്ടും
മുഴുവൻ സമയവും അഭിയോടൊപ്പം നടന്നതിന് കാർത്തിയുടെയും പാറുവിന്റെയും ചീത്ത വിളി കേട്ടില്ല എന്നമട്ടിൽ ഇരിക്കുകയാണ് നന്ദു..
“ഇന്നൊരു ദിവസത്തേയ്ക്ക് ഞാൻ ക്ഷമിച്ചിരിയ്ക്കുന്നു..
ഇനി നാളെ ഒരു ദിവസം കൂടിയേ ഉള്ളൂ..നാളെയും ഇതു തന്നെയാണ് മാഡത്തിന്റെ ഉദ്ദേശമെങ്കിൽ എന്റെ കയ്യീന്ന് വാങ്ങും..
സ്വയം ഒരു പണീം ചെയ്യില്ല..ആ അഭിയെ ചെയ്യാനും സമ്മതിയ്ക്കേമില്ല..നിന്നെ പോലെ തന്നെയല്ലേ ബാക്കിയുള്ളവരും.. ഉച്ചയ്ക്ക് മുങ്ങിയതാ.. പിന്നെ ഇപ്പോഴാ കാണുന്നേ…”
കാർത്തി ചീത്ത വിളിയ്ക്കുന്നത് ഉച്ചസ്ഥായിയിലാണ്.
“നീ ആരോടാണ് കാർത്തി ഈ പറയുണേ… ഒന്ന് ഉറങ്ങിയെണീറ്റാൽ ഒക്കെ മറക്കുന്ന ഇവളുടെ അടുത്തോ.. നന്നായി.. അല്ലെങ്കിലും ഇവളെയൊക്കെ ഇത് ഏൽപ്പിച്ച നമ്മളെ പറഞ്ഞാ മതി..ഈ ലൈനടി ടീംസിനെയൊന്നും ഈ വക ഉത്തരവാദിത്ത്വം ഏൽപിയ്ക്കരുതെന്ന് ഇപ്പോ മനസിലായില്ലേ..??”
അടുത്തത് പാറുവിന്റെ വക..
ഇനിയാരെങ്കിലും ഉണ്ടോ ചീത്ത വിളിയ്ക്കാൻ എന്നു ചുറ്റും നോക്കി നന്ദു. വേറെ ഏതോ ഒരു കോളേജിലെ പിള്ളേര് നന്ദുവിന്റെ അവസ്ഥ കണ്ട് ചിരിക്കുകയാണ്.
അവരോടൊന്ന് കണ്ണടച്ച് കാണിച്ചു പാറുവിന്റെ നേർക്ക് കൈ ഞൊടിച്ചു പറഞ്ഞു..
“ഡീ..മതി..മതി പറഞ്ഞത്..പാവല്ലേന്ന് കരുതി മിണ്ടാതിരുന്നപ്പോഴേയ്ക്കും രണ്ടും കൂടി… തെറ്റ് ആരും ചെയ്താലും തെറ്റാ.. ഞാൻ സമ്മതിച്ചല്ലോ..സോറി..
അതുകൊണ്ട് ഞാൻ ഒരു കാര്യം പറയാം..നാളെ മൊത്തം ഞാൻ നോക്കിക്കൊള്ളാം.. അഭിയുടെ കൂടെ കറങ്ങി നടക്കൂല്ല..പോരെ.. എല്ലാം കഴിഞ്ഞു വൈകിട്ട് ഒരു അരമണിക്കൂർ അനുവദിച്ചു തരോ..”
“ആ…അതു വേണമെങ്കിൽ പരിഗണിയ്ക്കാം..അല്ലേ കാർത്തി..”
“ഉം.. നോക്കട്ടെ…ഇവളെ വിശ്വസിക്കാൻ പറ്റില്ല..
അഭി വന്നു വിളിച്ചാമതി..മാഡം ചാടിത്തുള്ളി പോകാൻ..”
“എന്താണിവിടെ പരിപാടി…??”
അതും ചോദിച്ചു കൊണ്ടാണ് അഭി വന്നത്..
“നമുക്കിട്ട് എങ്ങനെ പാരവയ്ക്കാമെന്ന് കണ്ടുപിടിയ്ക്കാ രണ്ടും കൂടി.. നാളത്തെ പ്ലാനൊന്നും നടക്കൂലാട്ടോ.. നാളെ ഫുൾ ചാർജ് എന്റെ തലയിലിട്ടു ഈ മഹാപാപികള്…
ഇന്ന് സ്കൂട്ടായതിന്റെ ശിക്ഷയാത്രേ…”
“ഹ..ഹ..അതു നന്നായി..
പാവം ന്റെ നന്ദൂട്ടി..
എന്തൊക്കെ ആയിരുന്നു..??
സാരല്യ.. വൈകിട്ടു കാണാം നമുക്ക്…
ഞാൻ ഹോസ്റ്റലിൽ പോകാണെന്ന് പറയാൻ വന്നതാ… അപ്പോ നിങ്ങളിപ്പോൾ ഇറങ്ങുവല്ലേ… കാർത്തി..”
“ആ..അഭി..ഇറങ്ങാൻ തുടങ്ങുവാ..
ഇവളുമാരെ ഹോസ്റ്റലിൽ ആക്കണ്ടേ…
അതുകൊണ്ട് ഇനിയും വൈകിയാൽ ശരിയാകില്ല..”
“അപ്പോ ശരി ട്ടോ..നാളെ കാണാം..
ഡീ..പോത്തേ.. എത്തിയാൽ വിളിച്ചോണം.. കേട്ടോ..??”
അഭി പറഞ്ഞതിന് തലയാട്ടി മറുപടി പറഞ്ഞു നന്ദു..
“പിന്നെ.. അവിടെയിവിടെയൊക്കെ അടിപിടി തുടങ്ങിട്ടുണ്ട്.. രണ്ടു പാർട്ടിക്കാരും തമ്മിൽ.. ആദ്യ ദിവസം തന്നെ തുടങ്ങിയതാ.. ഒക്കെ സോൾവായി വന്നതാ..ദേ ഇപ്പോ അതിന്റെ ബാക്കി തുടങ്ങി വച്ചിട്ടുണ്ട്.. എപ്പോ വേണമെങ്കിലും പൊട്ടി പുറപ്പെടാം.. സൂക്ഷിക്കണം കേട്ടല്ലോ.. അപ്പോ ഒരുമിച്ച് ഇറങ്ങാം..വായോ…”
ഒരുവിധം സാധനങ്ങളെല്ലാം ബസ്സിൽ കയറ്റി വിട്ടതിനാൽ ലഗേജ് കുറവായിരുന്നു.. കാർത്തി യും പാറുവും മുന്നിൽ നടന്നു.. ഇടയ്ക്കിടെ കാർത്തി പിന്നിലോട്ടു തിരിഞ്ഞു നോക്കുന്നത് കണ്ടിട്ടാകണം അവരു വന്നോളും നീ ഇങ്ങു വാ എന്നും പറഞ്ഞു പാറു അവനെ വിളിച്ചത്..
“വേഗം നടക്ക് അഭീ.. അവര് വണ്ടിയുടെ അടുത്തെത്തി ക്കാണും.. അവന്റെ വക ഒരു ഡോസ് കഴിഞ്ഞേയുള്ളൂ…വാ..”
“നിൽക്ക്.. പതിയെ പോയാ മതി..
അവനറിയാന്ന്..”
“എന്തറിയാന്ന്..??”
“നീ വരാൻ വൈകുമെന്ന്..”
“ഏ..വൈകുമെന്ന് നീ പറഞ്ഞോ..”
“ഇല്ല.. എന്നാലും അവനു മനസ്സിലായി കാണും..”
“എന്തൂട്ടാ നീ പറയണേ അഭീ..
എനിക്ക് മനസ്സിലായില്ല..”
“നീയെന്റൊപ്പം അല്ലേ.. ഒരഞ്ചു മിനിറ്റ് വൈകിയാലും സാരമില്ല.. അവനോട് ഞാൻ പറഞ്ഞോളാം..”
“ഉം..” നന്ദു ഒന്നു മൂളി കൊടുത്തു.
“എങ്കിൽ വേഗം തന്നിട്ട് പൊയ്ക്കോ..”
മേഘങ്ങൾ മറയ്ക്കാൻ തുടങ്ങുന്ന നിലാവിനെ നോക്കി കൊണ്ട് ഒരു കള്ള ചിരിയോടെ അഭി പറഞ്ഞു..
“ആഹാ.. ഇപ്പൊ മനസ്സിലായി എവിടേയ്ക്കാണീ വണ്ടിയുടെ പോക്കെന്ന്..”
“മനസ്സിലായല്ലോ.. എങ്കിൽ വേഗം തന്നിട്ട് പൊയ്ക്കോ..”
“അയ്യടാ..ഇപ്പോഴോ..നെവർ ..
ആരെങ്കിലും കാണും..”
“ഇവിടെ ഇപ്പോ ആരുമില്ല..
ആരും കാണില്ല..ഒരു ചെറുതല്ലേ..
പ്ലീസ് നന്ദൂ..ന്റെ നന്ദൂട്ടിയല്ലേ.. ലാസ്റ്റ് വൺ..ഇനി ഞാൻ ചോദിക്കില്ല.. ”
നടക്കാൻ തുടങ്ങിയ അവളുടെ കൈ പിടിച്ചു അഭി പറഞ്ഞു..
അഭിയുടെ ആഗ്രഹം അവഗണിച്ച് പോകാൻ അവൾക്ക് കഴിഞ്ഞില്ല..
അഭി തനിക്ക് അഭിമുഖമായവളെ തിരിച്ചു നിർത്തി.. അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തു..
അവളുടെ നെറുകയിൽ ചുംബിച്ചു.
..അതിനു മറുപടി എന്നോണം അവന്റെ ഉള്ളം കൈയിൽ ഒരു ഉമ്മ തിരികെ നൽകി..കൂടെ ഒരു കടിയും..
“ഡീ.. പിശാചേ..
പതിയെ..വേദനിച്ചൂട്ടാ..”
“നിനക്ക് ചെറുതല്ലേ വേണ്ടത്.. അതുകൊണ്ടാ ഇതിലൊതുക്കീത്…വാ..നടക്ക്.. ഇനിയും വൈകിയാൽ കാർത്തി അന്വേഷിച്ചു വരും..”
അഭിയുടെ കൈയ്യിൽ തൂങ്ങി നടക്കുമ്പോൾ നന്ദു സ്വപ്ന ലോകത്തായിരുന്നു..
“ഹാ.. എത്തിയോ..
എന്താടീ നിങ്ങൾ നടക്കുന്നത് പിന്നിലോട്ടാണോ…???
ഒരുമിച്ചിറങ്ങീട്ട് അവിടുന്ന് ഇവിടെ വരെയെത്താൻ ഇത്രേം നേരം..”
“ക്ഷമിയ്ക്ക് അളിയാ.. ഒരഞ്ചു മിനിറ്റല്ലേ വൈകിയുള്ളൂ…”
കാർത്തിയുടെ ചോദ്യത്തിന് അഭിയാണ് മറുപടി പറഞ്ഞത്.
“ഉം..ശരി..ശരി..മനസ്സിലായി എന്താ വൈകിയതെന്ന്…
നാളത്തെ കാര്യം അപ്പോൾ രണ്ടുപേരും മറക്കണ്ട കേട്ടല്ലോ..??”
“ഇല്ലേ.. മറക്കില്ല..
അപ്പോ ഇനി രാത്രി യാത്രയില്ല.. ഗുഡ് നൈറ്റ്..”
നന്ദുവിനെ നോക്കി ഫോൺ വിളിക്കാം എന്ന് ആംഗ്യം കാണിച്ചു
ഒന്ന് കണ്ണടച്ചു അഭി..
⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡
പിറ്റേദിവസം രാവിലെ ബസ്സിൽ പോകാതെ കാർത്തിയോടൊപ്പമാണ് നന്ദുവും പാറുവും കോളേജിൽ നിന്ന് പുറപ്പെട്ടത്..
തലേദിവസത്തെ ചുറ്റിക്കറങ്ങലിനുള്ള ശിക്ഷ എന്നോണം നന്ദുവിനെ ഇടംവലം വിടാതെ പിടിച്ചു വെച്ചിരിക്കുകയായിരുന്നു കാർത്തിയും പാറുവും..
ഉച്ച ഭക്ഷണം കഴിക്കാൻ പോകുന്ന സമയത്ത് സംസാരിച്ചതൊഴിച്ചാൽ നന്ദുവും അഭിയും പിന്നെ കണ്ടതേയില്ല..
അവസാന പരിപാടിയുടെ സമയത്ത് ഫ്രീയാകുമ്പോൾ കാണാമെന്ന് അഭി മെസേജ് ചെയ്തിരുന്നതു കൊണ്ട് പിന്നെ പാറുവിനൊപ്പം തന്നെയായിരുന്നു നന്ദു.
വേദി ഒന്നിലെ അവസാന പരിപാടിയായ ഭരതനാട്യത്തിൽ തങ്ങളുടെ കോളേജിന്റെ പെർഫോമൻസിനു ശേഷം പോകാമെന്ന് പാറു പറഞ്ഞത് കൊണ്ട് അവിടെ തന്നെയിരുന്നു പാറുവിന്റെ ഫോണിൽ കുത്തുന്നുണ്ട് നന്ദു.
അപ്പോഴാണ് ഒരു പയ്യൻ വന്നു നന്ദുവിനെ തട്ടി വിളിച്ചത്.
“നന്ദിതയല്ലേ…എൻ.എസ്.എസ്.ൽ നിന്ന് വന്ന..”
“അതേലോ.. എന്താ..??”
“അഭിജിത്ത്..പി.ജി. യ്ക്കു പഠിക്കുന്ന… ആ ചേട്ടൻ പി.ജി ബ്ലോക്കിൽ ഉണ്ടാകും. വിളിച്ചിട്ട് കിട്ടണില്ലാന്ന്.. അങ്ങോട്ടേക്ക് ചെന്നാ മതിയെന്ന് പറഞ്ഞു..”
“വിളിച്ചിട്ട് കിട്ടണില്ലെന്നോ…??”
ഫോണെടുത്തു നോക്കിയപ്പോ.. ശരിയാണ് അതിലൊരു തരി ചാർജ്ജ് ഇല്ല…
“ശരി ട്ടോ .. താങ്ക്സ്..”
“ഓക്കേ..” ഒന്ന് ചിരിച്ചു ആളങ്ങ് പോയി.
അഭി അവിടെ കാത്തിരിക്കുകയാണല്ലോ എന്നോർത്തപ്പോൾ നന്ദുവിന് അവിടെ ഇരിപ്പുറച്ചില്ല.. പാറുവിനോട് അഭിയെ കണ്ട് ഇപ്പോ വരാമെന്നും പറഞ്ഞു അവളെണീറ്റു.. കാർത്തിയും കൂട്ടരും വേദി മൂന്നിന്റെ അടുത്ത് കാണും..
അവിടെയാണ് ബോയ്സിന്റെ പരിപാടികൾ നടക്കുന്നത്..പി.ജി ബ്ലോക്കിലേയ്ക്കാണ് പോകുന്നതെന്നും
കാർത്തിയോട് പറയണമെന്നും പാറുവിനോട് പറഞ്ഞേൽപ്പിച്ച് നന്ദു പി.ജി ബ്ലോക്ക് ലക്ഷ്യമാക്കി നടന്നു.. മെയിന് ക്യാമ്പസിൽ നിന്നും അകന്ന് കുറച്ച് പുറകിലേയ്ക്ക് നീങ്ങിയാണ് പി.ജി ബ്ലോക്ക്… ക്യാമ്പസ് നിറയെ മരങ്ങളായതിനാൽ ഒറ്റപ്പെട്ടു നിൽക്കുകയാണ് ഓരോ ബ്ലോക്കുകളും..
ഇരുവശത്തും ലൈറ്റുകൾ ഉള്ളതിനാൽ നന്ദുവിന് പേടിയൊന്നും തോന്നിയതേയില്ല..
പക്ഷേ ഇവനെന്തിനാ ഈ കാട്ടുമുക്കിൽ പോയിരിക്കുന്നത്. വിളിച്ചു നോക്കാനാണെങ്കിൽ ഫോണിൽ ചാർജ്ജില്ലല്ലോ..
കുറച്ചു ദൂരം നടന്നപ്പോൾ പി.ജി. ബ്ലോക്കിന്റെ വരാന്തയിൽ ആരോ കയ്യുയർത്തി നന്ദുവിനെ വിളിച്ചു..
വരാന്തയിൽ ലൈറ്റില്ലാത്തതിനാൽ മുഖം വ്യക്തമല്ലായിരുന്നു..ആളുടെ വേഷം മുണ്ടും ഷർട്ടും ആയിരുന്നു..ആ അത് അഭി തന്നെ.. നന്ദു അഭിയുടെ അടുത്തേക്ക് നടന്നു..
വരാന്തയുടെ അടുത്തെത്തിയപ്പോൾ അഭിയെ കാണുന്നില്ല…
വരാന്തയിലൂടെ കുറച്ച് നടന്നപ്പോൾ വരാന്തയോട് ചേർന്ന രണ്ട് മുറികൾ തുറന്നു കിടക്കുന്നത് കണ്ടപ്പോൾ സമാധാനമായി.. ആദ്യത്തെ മുറിയിൽ നന്ദു കയറി നോക്കി..
അഭി ഇവിടെ കാണുമല്ലോ…
“അഭീ..”
തിരിച്ചു മറുപടി കിട്ടാതായപ്പോൾ.. തന്നെ പറ്റിക്കാനാണെന്നു കരുതി തൊട്ടടുത്ത മുറിയിലേക്ക് കയറി..ഒരു വലിയ ഹാൾ..
സെമിനാർ ഹാളാണെന്നു തോന്നുന്നു.കസേരകൾ ഒന്നിനുമേലെ ഒന്നായി അടുക്കി വച്ചിരിക്കുന്നു..അഭി അതിനിടയിൽ മറഞ്ഞിരിക്കുകയായിരിക്കും..
“അഭീ..
അഭീ..എവിടാ നീ..കളി മതിയാക്കി വരണുണ്ടോ..
മതീട്ടോ.. പറ്റിച്ചത്.. ഇനി എനിക്ക് ദേഷ്യം വരൂട്ടോ…”
അതും പറഞ്ഞു കസേരകൾക്കിടയിലേയ്ക്ക് ചെന്നവൾ അഭിയെ തിരഞ്ഞു..
“ഇപ്പോഴും നിന്റെ ദേഷ്യത്തിന് ഒട്ടും കുറവു വന്നിട്ടില്ല അല്ലേ…??”
ശബ്ദം കേട്ട് പകപ്പോടെ അവൾ നോക്കി..
“കിരൺ.. നീയെവിടെ..??”
“അതേ ഡീ.. കിരൺ തന്നെ..
കിരൺ പ്രതാപ്..”
“ഇവിടെ എന്നെ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ…”
ഒരു വഷളൻ ചിരിയോടെ അവൻ അവളെയും നോക്കി അവൻ പറഞ്ഞു..അവനോടൊപ്പം വേറെ രണ്ടു മൂന്നു പേർ കൂടി ഉണ്ട്..
അവരെയെല്ലാം ഒരുമിച്ച് കണ്ടപ്പോൾ തന്നെ നന്ദുവിന്റെ ധൈര്യമെല്ലാം പോയി തുടങ്ങിയിരുന്നു..മുഖമെല്ലാം വിളറി വെളുത്തു.. പക്ഷേ ഭയം പുറത്ത് കാട്ടാതെ അവൾ അവനെ തന്നെ നോക്കി പറഞ്ഞു..
“മാറി നിൽക്കടാ… എനിക്ക് പോകണം..”
“ഓ.. ശൗര്യത്തിനൊട്ടും കുറവില്ല..
ഇപ്പോഴും പുലിക്കുട്ടി തന്നെ..”
അവൻ തന്നിലേക്ക് അടുക്കുന്തോറും നന്ദിത അപകടം മണത്തു.. ഇവിടെ ഇങ്ങനെ നിന്നാൽ അപകടം ഒഴിവാകില്ലല്ലോ…
എത്ര മനോധൈര്യം ഉണ്ടെന്ന് പറഞ്ഞാലും രണ്ടു മൂന്നു പേർ കൂടി ഉപദ്രവിക്കാൻ നിൽക്കുമ്പോൾ ധൈര്യം ഭയത്തിന് വഴി മാറും..
ഭയം കൊണ്ട് നന്ദുവിനെ ശബ്ദംപോലും പുറത്തോട്ട് വരുന്നില്ല..
“എന്താടി…#*$%© മോളേ… നിന്റെ നാവിറങ്ങിപ്പോയോ… അല്ലെങ്കിൽ നീ എന്റെ വായടപ്പിക്കാൻ കുറെ നിന്ന് പ്രസംഗിക്കാറുള്ളതാണല്ലോ… എവിടെപ്പോയെടീ നിന്റെ ശൗര്യം..
നീ എന്താടി പുല്ലേ കരുതിയത്.. ഞാൻ നന്നായെന്നോ.. കഷ്ടപ്പെട്ട് നിന്റെ മുന്നിൽ ഇമേജ് ഉണ്ടാക്കാൻ വേണ്ടി നടന്നതാ… ഞാൻ മാറിയെന്ന് ആരും വിശ്വസിച്ചാലും നീ വിശ്വസിക്കില്ല എന്ന് എനിക്കറിയാമായിരുന്നു..
നിന്നെ കെട്ടി കൂടെ പൊറുപ്പിക്കാൻ അല്ലെടി ഞാൻ നിന്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചത്.. കിരൺ ആരാണെന്ന് നിനക്കറിയില്ല…തന്നതിന് പലിശയും കൂട്ടു പലിശയും ചേർത്ത് കൊടുത്തേ ഈ കിരണിന് ശീലമുള്ളൂ..
എല്ലാവരുടെയും മുന്നിൽ വെച്ച് നീ അടിച്ച ആ അടി.. എനിക്ക് ഏറ്റ അപമാനം.. അതിന് നിന്നെ കൊണ്ട് തന്നെ ഞാൻ മറുപടി പറയിയ്ക്കും.. നീ അടിച്ച ഈ കവിളിൽ നിന്നെക്കൊണ്ട് തന്നെ തലോടിയ്ക്കും ഈ കിരൺ..”
അവനവളെ അടിമുടിയൊന്നു നോക്കി..
“കിരൺ… എന്നെ… എന്നെ ഒന്നും ചെയ്യരുത്.. പ്ലീസ്..”
ശബ്ദം പുറത്തു വരാതിരുന്നിട്ടും നന്ദു എങ്ങനെയോ പറഞ്ഞൊപ്പിച്ചു..
“കോളേജ് മൊത്തം മുഴങ്ങി കേട്ട നിന്റെ ശബ്ദം എവിടെപ്പോയി..?? എന്താടി പേടിച്ചു പോയോ നീ..??
തൊട്ടാൽ കുത്തുന്ന കടന്നൽ.. അങ്ങനെയല്ലേ നിന്നെ പ്രിൻസി പുകഴ്ത്തിയത്… ഇപ്പൊ എന്താ പെട്ടെന്ന് മോള് പൂമ്പാറ്റയായി മാറിയോ..??
പേടിക്കണ്ട ഞാൻ നിന്നെ ഉപദ്രവിക്കാൻ പോകുന്നില്ല… നീ ഒന്ന് സഹകരിച്ചാൽ മതി.. എന്താ പറ്റോ നിനക്ക്..”
അവൻ അവളുടെ കവിളിൽ കുത്തി പിടിച്ചു..
“ഡീ.. ഇവിടെ നിന്ന് രക്ഷിക്കാൻ ഒരു പട്ടികളും വരില്ല… ഇതിലും നല്ലൊരു ദിവസം വേറെ എനിക്ക് കിട്ടില്ല..”
അവനവളെ തലങ്ങും വിലങ്ങും മർദ്ദിച്ചു.. ദേഷ്യം തീരാതെ മുഖത്തടിച്ചു കൊണ്ടേയിരുന്നു..ചുണ്ടെല്ലാം പൊട്ടി ചോര വരുന്നുണ്ടായിരുന്നു.. അവിടെയുള്ള ഡസ്കിലേയ്ക്കവളുടെ തല ആഞ്ഞിടിക്കുമ്പോഴും കിരണിന്റെ കണ്ണിൽ പകയായിരുന്നു..
തീർത്തിട്ടും തീരാതെ നിൽക്കുന്ന പക..താൻ തളർന്നു പോകുന്നതവൾ അറിയുന്നുണ്ടായിരുന്നു.. തന്റെ രക്ഷയ്ക്ക് ആരും വരില്ലേ ഇവിടേക്ക്..
അഭീയോ കാർത്തിയോ.. ആരെങ്കിലും..വന്നാമതിയെന്ന പ്രാർത്ഥനയോടെ..അവൾ നിലത്തേക്ക് ഊർന്നു വീണു..
⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡
നന്ദുവിനെ കാണാനാണ് അഭി വേദി ഒന്നിലേക്ക് എത്തിയത്…
“പാറൂ..നന്ദു എവിടെ..ഇത്രയും നേരമായിട്ടും കണ്ടില്ല..”
“ഏ.. കണ്ടില്ലേ…അഭിയെ കാണാനാണെന്നും പറഞ്ഞ് ഇറങ്ങിയല്ലോ…പി.ജി ബ്ലോക്കിലേയ്ക്കാണെന്നു തോന്നുന്നു. പോയത്..”
“പി.ജി ബ്ലോക്കിലേയ്ക്കോ…
ശരി..ഞാൻ പൊയ്ക്കോളാം..
ആ.. അടിയുടെ ബാക്കി തുടങ്ങി വച്ചിട്ടുണ്ട്.. അതിനിടയിൽ ചെന്ന് പെടുമോ..ആവോ..നോക്കീട്ടു വരാം..”
“നിങ്ങളങ്ങോട്ടു വന്നാൽ മതീട്ടോ… വണ്ടിയുടെ അടുത്തേക്ക്…
പിന്നെ ഇന്നലെത്തെ പോലെ വൈകണ്ട…”
“പോടീ.. ഞങ്ങൾ വന്നോളാം..”
അതും പറഞ്ഞ് നന്ദുവിനെ നോക്കി നടക്കുമ്പോഴും..എന്തിനാ അവൾ പി.ജി. ബ്ലോക്കിലേയ്ക്ക് പോയതെന്ന ചിന്തയായിരുന്നു അഭിയുടെ മനസ്സു നിറയെ..
പി.ജി ബ്ലോക്കിലേയ്ക്ക് ഓരോ അടി വയ്ക്കുമ്പോഴും തന്റെ മനസ്സിലെന്തോ ദുഷ്ചിന്തകൾ.. നന്ദുവിനെന്തോ അപകടം പറ്റിയെന്ന തോന്നൽ .. അതെല്ലാം കൊണ്ട് മനസ്സ് നിറയുന്നു…
ഈശ്വരാ..ന്റെ നന്ദൂട്ടി..
എന്നുപറഞ്ഞ് വരാന്തയിലൂടെ നടക്കുമ്പോഴാണ് അപ്പുറത്ത് ശബ്ദം കേട്ടത്.. അങ്ങോട്ട് ഓടികയറുമ്പോൾ നന്ദുവിനെ കണ്ട് ഒരു നിമിഷം തറഞ്ഞു നിന്നു അഭി.. ചുറ്റും നോക്കി ആരെയും കാണുന്നില്ല.. പക്ഷെ ആരൊക്കെയോ ചുറ്റും ഉണ്ടെന്ന തോന്നൽ.. ഉണ്ട്.. ആരൊക്കെയോ ഉണ്ട്.. മറഞ്ഞിരിക്കുന്നതാകാം..
ഓടിയെത്തി നന്ദുവിന്റെ മുഖം കയ്യിലെടുത്തു കവിളിൽ തട്ടി..
“നന്ദൂ…നന്ദൂട്ടീ.. കണ്ണുതുറക്ക്..
അഭിയാടീ വിളിയ്ക്കണേ..കണ്ണു തുറക്കെടീ..”
അഭിയുടെ ശബ്ദം കേട്ടതും പകുതി തളർന്ന കണ്ണുകൾ പതിയെ തുറക്കാനവൾ ശ്രമിച്ചു..
അഭീയെന്നു വിളിയ്ക്കാൻ പോലും പറ്റാത്ത വിധം വേദന അവളെ അവളെ കാർന്നു തിന്നുന്നുണ്ടായിരുന്നു..
തലയൊക്ക ആകെ പൊട്ടിപൊളിയുന്ന വേദന..
ഒരു പകപ്പോടെ..കണ്ണൊക്കെ മറഞ്ഞു പോകുന്ന പോലെ.. തന്റെ നെഞ്ചോട് ചേർത്ത് അവളെ ഉണർത്താൻ ശ്രമിക്കുകയാണ് അഭി…
“എന്താ പറ്റിയത്..പറ നന്ദൂ..
വാ..എണീയ്ക്ക്..പോവാം നമുക്ക്..”
എന്ന അഭിയുടെ ചോദ്യത്തിന് ഉത്തരം നൽകിയത് അവനാണ്.. കിരൺ..
“അങ്ങനെയങ്ങ് പോകാൻ പറ്റില്ലല്ലോ…ഞങ്ങൾ കൊണ്ടു വന്ന കാര്യം കഴിയണ്ടേ… പിന്നെ ഇതുവരെ ഒന്നും പറ്റീട്ടില്ല ഇല്ല ഇനി പറ്റാൻ പോകുന്നേ ഉള്ളൂ…
അപ്പോ നീയാണ് അഭിജിത്ത്.. അല്ലേ.. നമ്മൾ ആദ്യമായിട്ടാണ് കാണുന്നത്.. അതും ഇങ്ങനെ ഒരു സിറ്റുവേഷനിൽ കാണാം എന്ന് പോലും വിചാരിച്ചില്ല…
എനി വേ ഐ ആം കിരൺ..
കിരൺ പ്രതാപ്.. എല്ലാം കഴിഞ്ഞ് അവളോട് ചോദിച്ചാൽ മതി.. വിശദമായി പറഞ്ഞുതരും…”
കിരൺ പ്രതാപ് എന്ന പേര് കേട്ടതും നന്ദു പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം അഭിയുടെ മനസ്സിലേക്ക് ഓടിയെത്തി…
“ഡാ.. നീ” എന്ന് വിളിച്ചു അവന്റെ നെഞ്ചിൽ അഭി ആഞ്ഞു ചവിട്ടി അഭി.
അഭിയുടെ ചവിട്ടു തികച്ചും അപ്രതീക്ഷിതമായിരുന്നു..
പുറകോട്ടു വീഴാൻ പോയ കിരൺ വേണ്ട എന്ന് ആംഗ്യം കാണിച്ചത് കണ്ടപ്പോഴാണ് പുറകിൽ നിൽക്കുന്നവരെ അഭി കണ്ടത്…
“ഡോണ്ട് വറി അഭിജിത്ത്.. അവരെന്നെ സഹായിക്കാന് വന്നവരാ.. ഞാൻ വളർത്തിയെടുത്ത നേർച്ചക്കോഴിയാ ദേ ഇവൾ.. ആ നേർച്ച കഴിഞ്ഞേ അവളെ വിടൂ…
വെറുതെ നീ തടി കേടാക്കണ്ട..
നിനക്കും വേണമെങ്കിൽ ഒരു പങ്ക് തരാം.. ഞങ്ങടെ കൂടെ കൂടിയ്ക്കോ…”
“പ്ഫ..ചെറ്റേ…
നീയാരെ പറ്റിയാണ് ഇപ്പൊ പറഞ്ഞേന്നറിയോ നിനക്ക്…
എന്റെ പെണ്ണാണെടാ ഇവൾ.. എന്റെ മാത്രം… എന്റെ പെണ്ണിനെ എനിക്ക് വച്ചു നീട്ടുന്നോടാ നാറീ…
ഞാൻ ജീവനോടെയുള്ളപ്പോ അവളെ നിനക്കൊന്നു തൊടാൻ പോലും സാധിയ്ക്കില്ല..”
“ഓഹോ.. അത്രയ്ക്കൊക്കെ വാശി വേണോ.. ഞങ്ങൾക്ക് അവളോടേ പകയുള്ളൂ.. നിന്റെ പേര് ഞങ്ങളുടെ ലിസ്റ്റിൽ പോലും ഇല്ല.. വെറുതെ അതിൽ ചേർക്കരുത്..”
അഭിയുടെയും കിരണിന്റെയും വാക്പോരിനിടെ നന്ദു എഴുന്നേൽക്കാൻ ശ്രമിയ്ക്കുന്നുണ്ടായിരുന്നു..
പതിയെ എണീറ്റു ഡസ്കിൽ പിടിച്ചു നിൽക്കാൻ നോക്കുന്ന അവളെ ഓടിയെത്തി പിടിയ്ക്കുമ്പോഴേയ്ക്കും അഭിയ്ക്കുമേൽ കിരണിന്റെ ചവീട്ടേറ്റിരുന്നു..അഭി തിരിച്ചടിക്കാൻ ശ്രമിയ്ക്കുന്നതിനിടെ നന്ദുവിനോട് രക്ഷപ്പെടാൻ പറയുന്നുണ്ടായിരുന്നു..
പുറത്തോട്ടിറങ്ങിയാൽ ആരെയെങ്കിലും കണ്ടാൽ അവരുടെ സഹായം കിട്ടിയാൽ രക്ഷപ്പെടാമെന്ന ചിന്തയായിരുന്നു അഭിയ്ക്ക്…ആ നാലു പേർക്ക് മുന്നിൽ അധിക നേരം പിടിച്ചു നിൽക്കാൻ തന്നെ കൊണ്ട് ഒറ്റയ്ക്ക് സാധിയ്ക്കില്ലെന്ന് അവനുറപ്പായിരുന്നു..
നന്ദു പുറത്തോട്ടിറങ്ങാൻ നോക്കിയതും നാലു ഗുണ്ടകളിലൊരുവൻ അവളുടെ തലയിൽ കയ്യിലിരിന്ന ഇരുമ്പു വടി കൊണ്ട് അടിച്ചു..
അടിയേറ്റു തലയ്ക്ക് കയ്യും കൊടുത്ത് സഹായത്തിനായി അഭീ എന്നും വിളിച്ച് വീണ നന്ദുവിനെ കണ്ട് ആർത്തലച്ചു വന്ന അഭിയെയും അ ഇരുമ്പു ദണ്ഡു കൊണ്ട് മുഖമടച്ചൊരു പ്രഹരം കൊടുത്തയാൾ വീഴ്ത്തി..
അഭിയുടെ വായിൽ നിന്നും ചോര ചുറ്റുപാടും ചിന്നിച്ചിതറി.. അവന്റെ ബോധം പാതി മറയുമ്പോഴും തന്റെ പേരും വിളിച്ച് തളർന്നു വീഴുന്ന നന്ദുവിനെ മുഖമായിരുന്നു അവന്റെ മനസ്സ് നിറയെ..
“ഇനിയിവനെ ജീവനോടെ വിട്ടാൽ ഞാൻ പിടിക്കപ്പെടും.. അതുകൊണ്ട് അവനെ അങ്ങ് തീർത്തേര്.. അവളെ യും..കഴിയുമ്പോൾ അങ്ങ് വന്നാൽ മതി… ഞാനവിടെ കാണും..
സൂക്ഷിക്കണം..എങ്ങാനും പിടിയ്ക്കപ്പെട്ടാൽ എന്റെ പേരോ പപ്പയുടെ പേരോ പുറത്തറിയരുത്..കേട്ടല്ലോ..”
അവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു കിരൺ പിജി ബ്ലോക്കിന് പുറകിലുള്ള മതിൽ ചാടി രക്ഷപ്പെട്ടു..
തങ്ങൾക്ക് കിട്ടിയ നിർദ്ദേശമനുസരിച്ച് അവർ അവന്റെ വയറ്റിൽ നീളത്തിലുള്ള കത്തി കുത്തിയിറക്കുമ്പോഴും നന്ദൂ രക്ഷപ്പെട്.. എന്ന രണ്ടു വാക്കായിരുന്നു അവൻ പറഞ്ഞിരുന്നത്.. തന്റെ മരണം വരെ കൂടെ ഉണ്ടാകും എന്ന് പറഞ്ഞ വാക്ക് അവൻ പാലിച്ചിരിക്കുന്നു..
പാതി മറഞ്ഞ ബോധത്തിലും പ്രാണന്റെ ഒരു ഭാഗം ശരീരത്തിൽ നിന്നും കൊഴിഞ്ഞു പോകുന്ന പോലെ… നന്ദു അറിയുന്നുണ്ടായിരുന്നു..
പതിയെ കാഴ്ചകളും ശബ്ദങ്ങളും അവൾക്കു നഷ്ടപ്പെട്ടു… അഭീ എന്നു വിളിച്ചുകൊണ്ട് അവൾ ബോധമറ്റു വീണു…
അവരുടെ അടുത്ത ലക്ഷ്യം അവളായിരുന്നു.. അവൾക്കടുത്തേയ്ക്ക് അവരെത്തുമ്പോഴേയ്ക്കും ആരൊക്കെയോ അവിടേക്ക് ഓടി വരുന്ന ശബ്ദം കേട്ടവർ പിന്മാറി..
പക്ഷേ തീർക്കാതെ ചെന്നാൽ എന്നാൽ പ്രശ്നം ആകുമല്ലോ എന്ന് കരുതിയാകണം കയ്യിലിരുന്ന ആ വടി കൊണ്ട് അത് വരുവാൻ അവളുടെ തലയിൽ വീണ്ടും ഒരടി കൊടുത്തത്..
തലപൊട്ടി ചോരയൊലിയ്ക്കുന്നതു കണ്ടപ്പോൾ അവരുറപ്പിച്ചിരുന്നു അവളിനി രക്ഷപ്പെടില്ലെന്ന്..
ആ ഒരു വിശ്വാസത്തോടെയാണവർ പോയത്..
⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡
നേരം ഇത്രയായിട്ടും അവയെയും നന്ദുവിനെയും കാണാതെ ക്ഷമ നശിച്ച് വണ്ടിയുടെ അടുത്ത് നിൽക്കുകയായിരുന്നു പാറു…
“അവൾ ഇങ്ങു വരട്ടെ ശരിയാക്കി കൊടുക്കുന്നുണ്ട്…
ഇപ്പോ വരാം എന്നും പറഞ്ഞു മുങ്ങിയതാ… ഈ കാർത്തിയേയും കാണാനില്ലല്ലോ..??”
മനസ്സിൽ അങ്ങനെ ഓരോന്ന് പറഞ്ഞു നിൽക്കുമ്പോഴാണ്.. കാർത്തി ഓടിവരുന്നത് കണ്ടത്..
“എന്താ..എന്താടാ പ്രശ്നം…??”
“ഏയ് അടിയുടെ ബാക്കിയാ.. പാർട്ടി പ്രശ്നം… എല്ലാം കൂടി ആ പിജി ബ്ലോക്ക് പോയിട്ടുണ്ട്.. മിക്കവാറും ആരെങ്കിലുമൊക്കെ ആശുപത്രിയിൽ ആവും… നീ കേറി വണ്ടിയിൽ ഇരുന്നോ… ഞാൻ ഇപ്പോൾ വരാം.. എവിടെ നന്ദു…??”
“നീ അവിടെ കണ്ടീല്ലേ..?? ഇത്ര നേരമായിട്ടും വന്നിട്ടില്ല.. പ്രോഗ്രാം നടക്കുന്ന സമയത്ത് അഭിയെ കാണാൻ എന്നും പറഞ്ഞു പോയതാ…
കുറച്ചു കഴിഞ്ഞപ്പോ അഭി വന്നു ചോദിച്ചു അവളെകണ്ടില്ലല്ലോന്ന്.. അവനും പി ജി ബ്ലോക്കിലേയ്ക്കാ പോയത്…
അടിപിടിയുടെ ഇടയിൽ ചെന്ന് പെടേണ്ട എന്ന് കരുതി മാറി നിൽക്കുന്നുണ്ടാവും… നീ ഒന്നു വിളിച്ചു നോക്കിയേ…”
പാറു പറഞ്ഞതനുസരിച്ച് നന്ദുവിനെ വിളിച്ചു നോക്കിയപ്പോൾ അപ്പോൾ ഫോൺ ഓഫ് ആയിരുന്നു..
അഭിയെ വിളിച്ചപ്പോൾ ഫോൺ ബെല്ലടിക്കുന്നു എടുക്കുന്നില്ല…
“രണ്ടിനേം കിട്ടുന്നില്ലല്ലോ ഈ രണ്ടും കൂടി എവിടെ പോയി കിടക്കുവാ ഈ പാതിരാത്രിക്ക്…
ബെസ്റ്റ്… ഇനി അതിനിടയിൽ എങ്ങാനും പെട്ടു ആവോ… ഞാൻ പോയി നോക്കിയിട്ട് വരാം…”
“ഞാനും വരാം.. അല്ലെങ്കിൽ നിങ്ങൾ വരണ വരെ ഞാൻ തനിച്ചിരിക്കണ്ടേ…”
പാറുവും കാർത്തികയും പി ജി ബ്ലോക്കിലേക്ക് നടക്കുന്നതിനിടെയാണ് മിക്ക കുട്ടികളും കൂട്ടംകൂട്ടമായി അങ്ങോട്ട് ഓടുന്നത് അവർ കണ്ടത്…
“എന്താ.. എന്താ പറ്റിയത് എങ്ങോട്ടാ എല്ലാവരും കൂടി ഓടണത്..??”
കാർത്തി അവരിൽ ഒരാളോട് ചോദിച്ചു…
അടിപിടിയുടെ ഇടയിൽ ആണെന്നു തോന്നുന്നു ആർക്കോ കുത്തേറ്റിട്ടുണ്ട്…
“ആർക്കാ കുത്തേറ്റത്… ഏതു കോളേജ്..”
“ഈ കോളേജിലെ തന്നെയാ.. അങ്ങനെ പറഞ്ഞത്.. പി ജി യ്ക്കു പഠിക്കുന്ന ചേട്ടനാന്ന് തോന്നുന്നു..
അഭിജിത്ത് എന്നാ പേര് പറഞ്ഞത്.. പിന്നെ ആർക്കൊക്കെയോ പരിക്കുണ്ട്… എന്തായാലും നാളത്തെ ചടങ്ങ് സ്വാഹ… അല്ലേടാ..”
കൂടെയുണ്ടായിരുന്ന കുട്ടിയോടവൻ സംശയനിവാരണം നടത്തി.
അഭിജിത്ത് എന്ന പേര് കേട്ടതും കാർത്തി തലയിൽ കൈവെച്ച് അവിടെയിരുന്നു പോയി..
“കാർത്തീ… ഇങ്ങനെ ഡൗൺ ആകാതെ… എണീറ്റു വാ..നന്ദു അവിടെ ഒറ്റയ്ക്ക്…വാടാ..”
പാറു പിടിച്ചുവലിച്ച് എണീപ്പിച്ചു.
രണ്ടും പേരും കൂടി അവിടെത്തുമ്പോൾ പി.ജി.ബ്ലോക്ക് നിറയെ ജനക്കൂട്ടം…അതിനിടയിലൂടെ ഇടിച്ചു കയറി ആ ക്ലാസ്സിലേക്ക് കടന്നപ്പോൾ കണ്ട് കാഴ്ച…ആ ക്ലാസ്സ് റൂമിൽ അവിടവിടെയായി ചോര തളം കെട്ടി നിൽക്കുന്നു..
കാർത്തിയുടെ തലയാകെ മരവിച്ച അവസ്ഥയായിരുന്നു…പാറുവിനും ആ കാഴ്ച താങ്ങാവുന്നതിലും അപ്പുറമായിരുന്നു…
എന്തു ചെയ്യണമെന്നറിയാതെ കാർത്തിയും പാറുവും ഓടിയെത്തി നന്ദുവിന്റെ അടുത്തേക്ക്…അഭിയുടെ കൂട്ടുകാരും ഈ അവസ്ഥയിൽ തന്നെയായിരുന്നു… ആരാ ഇതു ചെയ്തേയെന്ന് ആർക്കും ഒരു പിടിയുമില്ല…
കോളേജിലെ അടിപിടിയ്ക്കിടയിൽ കയ്യാങ്കളിയും കുത്തും ഒക്കെ പതിവുള്ളതിനാൽ എല്ലാവരുടെയും സംശയം ആ വഴിയ്ക്ക് തന്നെയായിരുന്നു..
കാർത്തിയും പാറുവും എന്ത് ചെയ്യണം എന്ന് പോലും അറിയാത്ത ഒരു അവസ്ഥയിലായിരുന്നു…
പോലീസ് എത്തുമ്പോഴും രണ്ടു പേരെയും ഹോസ്പിറ്റലിലേക്ക് മാറ്റുമ്പോഴും കാർത്തി പലപ്പോഴും തകർന്നു പോകുന്നുണ്ടായിരുന്നു..
തനിക്കൊരു ഒരു മെന്റൽ സപ്പോർട്ടിനു വേണ്ടിയാണ് കാർത്തി സഞ്ജുവിനെ വിളിച്ചത്..
സഞ്ജു വീട്ടിൽനിന്നും ആശുപത്രിയിൽ എത്തുമ്പോൾ..
ഏട്ടാ അഭി..അഭി പോയെടാ.. എന്നു പറഞ്ഞു ഓടിവരുന്ന കാർത്തിയെയാണ് കണ്ടത്..
നന്ദുവോ എന്ന ചോദ്യത്തിന് അവൻ ഐ.സി.യു വിലേയ്ക്ക് വിരൽ ചൂണ്ടി..
ജീവനറ്റ വെറുമൊരു ശരീരം മാത്രമായി അഭിയെ ഐ.സി.യു വിൽ നിന്നും പുറത്തേയ്ക്ക് കൊണ്ടുവരുമ്പോഴാണ് സഞ്ജയ് അഭിയെ കാണുന്നത്….
ആദ്യമായും അവസാനമായും….
(മരണം രംഗ ബോധം ഇല്ലാത്ത കോമാളിയാണെന്ന് പറയുന്നത് എത്ര സത്യമാണല്ലേ…?? പ്രണയം പോലെ തന്നെ… !! ജീവിക്കാന് ഒരുപാട് ആഗ്രഹിക്കുന്നവരെ തിരഞ്ഞു പിടിച്ച് കൊണ്ടുപോകും … എവിടെയോ വായിച്ചതാണ് ട്ടോ…)
അഭിയെ കൊല്ലാൻ മനസ്സുണ്ടായിട്ടല്ല…
കഥയുടെ തുടർച്ചയ്ക്കത് അനിവാര്യമായതു കൊണ്ട് മാത്രമാണ് ഞാൻ ഈ കടുംകൈ ചെയ്തത്…
പിന്നെ ഈ ഫൈറ്റ് സീൻ എഴുതാനുള്ള അറിവുമില്ല….
അഭിപ്രായങ്ങൾ കാത്തിരിക്കുകയാണ്…
സ്നേഹത്തോടെ…. ധന്യ