Saturday, January 18, 2025
Novel

നല്ല‍ പാതി : ഭാഗം 10

നോവൽ

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

പിന്നീടുള്ള ദിവസങ്ങൾ വലിയ പ്രശ്നങ്ങളില്ലാതെ കടന്നുപോയി കൊണ്ടിരുന്നു.. കിരണിന്റെ കോഴ്സ് തീരാൻ രണ്ടു മാസം..ഒരു മാസം കൂടിയേ ക്ലാസുണ്ടാകൂ..

പിന്നെ യൂണിവേഴ്സിറ്റി പരീക്ഷ..
ഇത്രയും കാലം നല്ല പിള്ള ചമഞ്ഞു നടന്നതു കൊണ്ട് ടീച്ചേഴ്സിനിടയിൽ ഒരു ക്ലീൻ ഇമേജ് ഉണ്ടാക്കിയെടുക്കാൻ കിരണിന് കഴിഞ്ഞിട്ടുണ്ട്..

പക്ഷേ ആ കപടമാന്യതയുടെ മൂടുപടം മാറ്റിയാൽ അവന് തനി ആഭാസനാണ്. അവന്റെ മാന്യതയുടെ മറവിൽ രാഹുലും സമീറും പല കൊള്ളരുതായ്മകളും കാമ്പസിൽ നടത്തുന്നുമുണ്ട്. എല്ലാത്തിനും പിറകിൽ കിരൺ തന്നെയായിരുന്നു.

അന്നത്തെ മാപ്പു പറച്ചിലിനു ശേഷം സാമും രഞ്ജിത്തും മാത്രം ഒന്ന് ഒതുങ്ങി. അവർ രണ്ടു പേരും നന്ദുവിന്റെ ബാച്ച് ആയിരുന്നു.. ഒരു കൊല്ലം കൂടി കോളേജിൽ നിന്നു പോകണമല്ലോ..

💥💥💥💥💥💥💥💥💥💥💥💥💥💥💥

ഒരു ദിവസം കാർത്തിയും നന്ദുവും കൂട്ടുകാരും കാന്റീനിൽ ഇരിയ്ക്കുന്ന സമയത്താണ് കാർത്തിയെ അഭി വിളിയ്ക്കുന്നത്..

കൂട്ടുകാരുമായി കത്തിയടിയിൽ ആയതിനാൽ നന്ദു അത് ശ്രദ്ധിച്ചില്ല.

“എന്താണ് പതിവില്ലാതെ എന്റെ ഫോണിലോട്ട്…??
നിന്റെ പെണ്ണിനെ വിളിച്ചിട്ട് കിട്ടിയില്ലേ..?? കിട്ടി കാണില്ലല്ലേ…?? അല്ലാതെ എന്നെ വിളിയ്ക്കില്ലല്ലോ…?? എന്താ
കൊടുക്കണോ..??”

“കാർത്തീ…എന്നെയൊന്ന് പറയാൻ സമ്മതിയ്ക്കെടാ….
ഹൊ.. രണ്ടും കണക്കാ.. ഒരു നുകത്തിൽ കെട്ടാം..”

“ഹാ.. നിർത്തി..ഇനി അളിയൻ പറഞ്ഞോ.. എന്താ വിളിച്ചത്..??”

“നന്ദു ഉണ്ടോ അടുത്ത്..?? ഉണ്ടെങ്കിൽ അവിടുന്ന് മാറി നിന്നു സംസാരിക്ക്..”

“ആ.. ഒരു മിനിറ്റ്..
ഇനി പറയ്..”

“ഡാ.. നാളെയല്ലേ നന്ദൂന്റെ
ബർത്ത്ഡേ.. നമുക്കൊരു സർപ്രൈസ് കൊടുക്കണ്ടേ..ഇനി അവളെങ്ങാനും വീട്ടിൽ പോകോ..??”

“ഏയ്.. വീട്ടിൽ പോവാൻ ചാൻസ് കുറവാ.. കാരണം കഴിഞ്ഞ ആഴ്ച പോയല്ലേ ഉള്ളൂ.. ചോദിക്കണോ..?? ഞാൻ ചോദിച്ചിട്ട് പറയാം..”

“ആ ബെസ്റ്റ്.. പൊട്ടൻ..
എടാ കഴുതേ.. നീ ഇപ്പോൾ ചോദിച്ചാ അവൾ അറിയില്ലേ..??”

“ഓ അത് ശരിയാണല്ലോ.. ഞാനത് വിട്ടു..”

“ആ നീ പറ.. എന്താ സർപ്രൈസ്..”

“അതൊക്കെ ഞാൻ ഇവിടെ പ്ലാൻ ചെയ്തു വെച്ചിട്ടുണ്ട്.. നാളെ നീ അവളെയും കൂട്ടി വന്നാൽ മതി..”

“അയ്യട മോനെ.. അപ്പൊ പിന്നെ ഇതെങ്ങനെ നമ്മുടെ സർപ്രൈസ് ആകും നിൻറെ സർപ്രൈസ് അല്ലേ..??”

“അങ്ങനെയെങ്കിൽ അങ്ങനെ..
നീ വരോ..”

“നോക്കട്ടെ ഉറപ്പു പറയാൻ ഒന്നും പറ്റില്ല..”

“എന്താടാ കാർത്തി പ്ലീസ്.. നീയില്ലെങ്കിൽ അവൾ തന്നെ വരില്ല.. അതും തനിച്ച് ഇത്ര ദൂരം..
പ്ലീസ് ഡാ അവളെ എങ്ങനെയെങ്കിലും കൊണ്ടുവാ..”

“കൊണ്ടുവന്നാൽ എനിക്ക് ട്രീറ്റ് തരോ..??”

“അതൊക്കെ തരാം നീ വാ..”

“റൂട്ട് ഞാൻ മെസ്സേജ് ചെയ്യാം..”

“അപ്പോ..ഓ. കെ. ഡൺ..”

ഫോൺ ചെയ്തു കഴിഞ്ഞു ചെന്നപ്പോൾ പ്ലേറ്റൊക്കെ കാലി..

“ആരാടാ.. ഇതൊക്കെ വെട്ടി വിഴുങ്ങിയ പെരുമ്പാമ്പ്.. മര്യാദയ്ക്ക് പറഞ്ഞോ..??”

അതോ.. ദാണ്ടേ ആ ഫോണിൽ കുത്തി കൊണ്ടിരിക്കുന്നു.. നന്ദുവിനെ ചൂണ്ടിക്കാട്ടി പാറു പറഞ്ഞു.

“ഡീ.. മര്യാദയ്ക്ക് ഓർഡർ ചെയ്താൽ നിനക്ക് കൊള്ളാം..അല്ലേൽ നിനക്കിട്ടു കൊള്ളുംട്ടാ..
എനിക്ക് വിശക്കുന്നൂ..”

“ഓ..ഇനി തൊണ്ട പൊട്ടിയ്ക്കണ്ട..
വാങ്ങിത്തരാം..
ചന്ദ്രേട്ടോ.. ഒരു പ്ലേറ്റ് കൂടെ…
കാന്റീനിലെ ചേട്ടനോട് അവൾ വിളിച്ചു പറഞ്ഞു..
വേണങ്കിൽ പോയി വാങ്ങിക്കോ…”

അവളേം ചീത്ത വിളിച്ചു കൗണ്ടറിലോട്ട് പോയി.ഫുഡും കൊണ്ട് ചെല്ലുമ്പോൾ
ബാക്കിയെല്ലാവരും കഴിച്ചു കഴിഞ്ഞു പോയിരുന്നു.
നന്ദു അവിടെ തന്നെയിരുന്നു ഫോണിൽ കുത്തുന്നുണ്ട്.

കണ്ണൊക്കെ ആകെ കലങ്ങിയിരിക്കുന്നു.
മുഖമാകെ കടന്നൽ കുത്തിയ പോലുണ്ടല്ലോ…

ഇവൾക്ക് പെട്ടന്ന് ഇതെന്ത് പറ്റി..??
ഇതുവരെ ഒരു പ്രശ്നോം ഇല്ലായിരുന്നല്ലോ…

അവൻ ഫുഡ് കഴിച്ചു കൈ കഴുകി വന്നിട്ടും കണ്ണ് ഫോണിൽ തന്നെ..

“ഡീ… നന്ദൂ..
കുറേ നേരമായല്ലോ.. ഇങ്ങനെ വീർപ്പിച്ച് കെട്ടി ഇരിയ്ക്കുന്നൂ..
എന്താ നിന്റെ പ്രശ്നം..???”

“കാർത്തീ..ഈ അവർ ഞാനില്ല…നീ പൊയ്ക്കോ..
ഞാനവിടെ ആൽത്തറയിൽ കാണും..”

“പിന്നേ… എങ്ങനെ ഈ അവർ ചാടാം എന്നാലോചിച്ചിരിയ്ക്കുന്ന എന്നോടോ ബാലാ..”

“നീ വന്നേ…
എന്നോടു പറ.. എന്താ പറ്റീത്..??
കുറേ നാളായി കാർമേഘം കാണാറിലല്ലോ…ഇന്നാകെ ആകെ ഇരുണ്ടു കൂടിയിരിക്കുന്നു..”

“ഏയ്..നത്തിംഗ്..”

“ദേ..എന്നെ ദേഷ്യം പിടിപ്പിയ്ക്കാതെ പറ നന്ദൂ..”

“ഡാ.. നാളെയാ എന്റെ ബർത്ത്ഡേ..”

“അതെനിക്കറിയാലോ..
അതാണോ കാര്യം..
അതിന് നീയല്ലല്ലോ ഞങ്ങളല്ലേ സങ്കടപ്പെടണ്ടേ..”

“പോടാ..ഡാഷേ..
കാര്യം പറയുമ്പോൾ നിനക്കൊക്കെ തമാശ…”

“ഇല്ലടീ.. ഞാൻ നിന്റെ മൂഡ് മാറ്റാൻ പറഞ്ഞതാ…
നീ പറയ് ..”

“സ്വന്തം ബർത്ത്ഡേയ്ക്ക് എങ്കിലും അച്ഛന്റെം അമ്മേടം കൂടെ ഇരിക്കാൻ എനിക്കും ഉണ്ടാകില്ലേടാ ആഗ്രഹം..
ഞാൻ ഇന്ന് വൈകിട്ട് വീട്ടിൽ പോവാനിരുന്നതാ…

അവർക്കെത്ര തിരക്കുണ്ടെങ്കിലും നാളെ ഒരു ദിവസം കുറച്ചു നേരം എനിയ്ക്കു വേണ്ടി അതൊന്ന് മാറ്റി വച്ചൂടെ.. ആർക്കു വേണ്ടിയാ അവരീ ഓടണെ… ആർക്കുവേണ്ടിയാ ഈ സമ്പാദിച്ചു കൂട്ടണെ…

ചോദിച്ചാൽ എനിക്കു വേണ്ടിയാണെന്ന് ഉത്തരം… അച്ഛന്റെ ബിസിനസ്സും അമ്മടെ ജോലി തിരക്കും കാണുമ്പോൾ ഞാൻ ചിന്തിയ്ക്കാറുണ്ട് ഏതെങ്കിലും കൂലിപ്പണിക്കാരന്റെ മകളായി ജനിച്ചാൽ മതിയായിരുന്നു എന്ന്..

അതാകുമ്പോൾ വൈകിട്ട് ജോലി കഴിഞ്ഞ് കയ്യിൽ ഒരു പലഹാര പൊതിയുമായി…

മനസ്സുനിറയെ സ്നേഹവുമായി മോളേന്ന് വിളിച്ചു വരുന്ന ഒരു അച്ഛൻ ഉണ്ടാവുമായിരുന്നു..
സ്കൂളിൽ നിന്നു വന്നാൽ ഓടിയെത്തി അന്നന്നത്തെ വിശേഷങ്ങൾ പറയാൻ ഒരു അമ്മ ഉണ്ടാവുമായിരുന്നു..

സ്നേഹത്തോടെ അമ്മ പറയുന്ന കഥ കേട്ട് രാത്രി കെട്ടി പിടിച്ചു കിടന്നുറങ്ങാമായിരുന്നു..
സ്കൂളിൽ പോകാൻ നേരം.. ഇതും കൂടി കഴിച്ചിട്ട് പോ മോളേന്നും പറഞ്ഞു ഭക്ഷണം വാരി തരുന്ന ഒരമ്മയുടെ മോളായാൽ മതിയായിരുന്നു എനിക്ക്..

ആ വലിയ വീട്ടിൽ ഒറ്റപ്പെട്ട് അച്ഛന്റെയും അമ്മയുടെയും പരസ്പരമുള്ള കലഹങ്ങൾക്കിടയിൽ പേടിച്ചു മാറി ഒരു മൂലയിൽ കണ്ണും പൂട്ടി ഇരിക്കുന്ന ഒരു അഞ്ചു വയസ്സുകാരി.. അതാണ് കാർത്തി ബാല്യകാലത്തെ കുറിച്ച് ഉള്ള എന്റെ ഓർമ്മ..

അവൾക്ക് കൂട്ട് കുറെ കളിപ്പാട്ടങ്ങൾ മാത്രമായിരുന്നു. ആ വലിയ വീട്ടിൽ അവളോട് സംസാരിച്ചത് ആ കളിപ്പാട്ടങ്ങൾ മാത്രമായിരുന്നു.. അവൾ അവധി ആഘോഷിച്ചത് അത് അവരോടൊപ്പം ആയിരുന്നു.. നിസ്സാര തെറ്റുകൾക്ക് പോലും ദേഷ്യപ്പെടുന്ന അച്ഛനും അമ്മയും..

അവർ അങ്ങനെ എങ്കിലും തന്നോട് സംസാരിക്കും എന്ന് കരുതി മനപൂർവ്വം ചെറിയ തെറ്റുകൾ ചെയ്തിരുന്നു അവൾ.. അമ്മയെ അച്ഛനെയും ആവശ്യമുള്ള സന്ദർഭങ്ങൾ അവളുടെ ജീവിതത്തിലും ഉണ്ടായിരുന്നു.

പക്ഷേ അവളോടൊപ്പം അന്നൊന്നും അവർ ഉണ്ടായിരുന്നില്ല പകരം അവർ പണം കൊടുത്ത് ഏൽപ്പിച്ച ജോലിക്കാർ ആയിരുന്നു. കാണുമ്പോഴെല്ലാം വഴക്കു പറയും എങ്കിലും അവൾക്ക് അവരെ ഒരുപാട് ഇഷ്ടമായിരുന്നു..
അവളും കൊതിച്ചിട്ടുണ്ട്..

അവരുടെ സ്നേഹത്തോടെയുള്ള വാക്കുകൾക്കായി..
അവരിൽനിന്ന് കെട്ടിപ്പിടിച്ച് ഒരു ഉമ്മ കിട്ടാൻ..

കിട്ടാതായപ്പോൾ ആദ്യമൊക്കെ ഭയങ്കര സങ്കടമായിരുന്നു.. പിന്നെ അത് ശീലമായി.. എങ്കിലും മനസ്സിന്റെ ഒരു കോണിൽ ഒരു വിങ്ങലായി തന്നെ കിടക്കും കാർത്തി..

സ്നേഹമുണ്ടെന്ന് പറയാൻ എല്ലാവർക്കും എളുപ്പമാണ്.. പക്ഷേ പ്രകടിപ്പിക്കാതെ പോകുന്ന സ്നേഹം കൊണ്ട് എന്താ ഗുണം..??
മാധവിക്കുട്ടി പറഞ്ഞത് പോലെ പ്രകടിപ്പിക്കാത്ത സ്നേഹം പിശുക്കന്റെ കയ്യിലെ നാണയത്തുട്ട് പോലെയാണ്..

സത്യമാണത്. സ്നേഹം സ്വാർത്ഥത ഇല്ലാത്തതാണ് എന്ന് പറയുന്നതൊക്കെ വെറുതെയാണ് കാർത്തി.. കാരണം സ്നേഹിക്കുന്നവരും സ്നേഹിക്കപ്പെടുന്നവരും ഒക്കെ ആഗ്രഹിക്കുന്നത് അത് തിരിച്ചു കിട്ടണം എന്ന് തന്നെയല്ലേ.. എല്ലാവരും അങ്ങനെ തന്നെയാണ്.

താൻ സ്നേഹിക്കുന്നവർ തന്നെ സ്നേഹിക്കണം എന്ന് എല്ലാം മനുഷ്യൻ ആഗ്രഹിക്കിലേ..
അതുകൊണ്ടാണ് തിരിച്ചു കിട്ടാത്ത സ്നേഹം നമ്മെ മുറിവേൽപ്പിക്കുന്നത്.
നിസ്വാർത്ഥമായി സ്നേഹിക്കുന്നവർ ഉണ്ടാവുമായിരിയ്ക്കും.. ഞാനിതുവരെ കണ്ടിട്ടില്ല…”

തന്റെ വീട്ടിൽ അങ്ങനെ ഒരാൾ ഉണ്ടെന്ന് പറയണം എന്നുണ്ടായിരുന്നു കാർത്തിക്ക്.. കിട്ടില്ല എന്ന് ഉറപ്പുണ്ടായിട്ടും മനസ്സു നിറയെ നിന്നെ സ്നേഹിക്കുന്ന ഒരാൾ..
പക്ഷേ അവന്റെ ഉത്തരം ഒരു നെടുവീർപ്പായാണ് പുറത്തുവന്നത്.

“എന്താടാ നീ ഒന്നും മിണ്ടാത്തെ ഇതൊക്കെ കേട്ടു തല പെരുത്തോ..??”

“നാളെ അങ്ങോട്ട് ചെല്ലണ്ടന്ന്.. അവിടെ ഉണ്ടാവില്ലെന്ന്.. പപ്പയ്ക്ക് എന്തോ കോൺഫറൻസ് അമ്മയ്ക്ക് എന്തോ പുതിയ കേസ്.. നാളെ അല്ല എന്ന് ചെന്നാലും എന്റെ റൂമും പിന്നെ ഞാനും മാത്രം.. ”

“പിന്നെ എന്തിനാ കഷ്ടപ്പെട്ട് നീ അവിടെ വരെ പോണത്.. നമുക്കിവിടെ അടിച്ചുപൊളിക്കാം.. നാളെ നമുക്ക് ഒരു സ്ഥലം വരെ പോകാം..”

“എവിടെ..??”

“അതൊക്കെയുണ്ട്.. നീ രാവിലെ ഒരു 10 മണിയാകുമ്പോൾ റെഡിയായി നിൽക്ക് ഞാൻ വരാം..”

“എവിടെക്കാണ് പോണെ…?? ഹോസ്റ്റലിൽ പറയണ്ടേ..”

“ആ അത് ശരിയാണല്ലോ…
മലമ്പുഴ യ്ക്ക്…”

“മലമ്പുഴയ്ക്കോ…”

“ആ അത് ഇവിടെ അടുത്തല്ലേ
പിന്നെന്താ പ്രശ്നം..??”

“അതല്ല പൊട്ടാ.. ഞാൻ ഒറ്റയ്ക്ക് മലമ്പുഴയ്ക്കോ എന്ന് ചോദിക്കില്ലേ അവര്..??

“ആ പാറുനേം വിളിച്ചോടി..
എനിക്കൊരു കമ്പനി ആയല്ലോ..??”

“അപ്പോൾ നിനക്ക് ഞാൻ പോരേ കമ്പനിക്ക്..??”

“അല്ലാ.. നിന്നെ ബോറടിക്കുമ്പോൾ അവളെ ബോറടിക്കുമ്പോ നീ..
എങ്ങനുണ്ട് ഐഡിയ…’

“എന്താ ബുദ്ധി.. ആ തല വെയിൽ കൊളളിക്കരുത്..’

“അപ്പൊ പറഞ്ഞപോലെ നാളെ രാവിലെ പത്തു മണി.”

💕💕💕💕💕💕💕💕💕💕💕💕💕

പിറ്റേദിവസം കാർത്തി പറഞ്ഞപോലെ പത്തു മണിക്ക് നന്ദുവും പാറുവും തയ്യാറായി നിന്നു. വെള്ള നിറത്തിലുള്ള ഒരു പ്ലെയിൻ അംബ്രല്ല ചുരിദാർ ആയിരുന്നു നന്ദുവിന്റെ വേഷം..മുടി കെട്ടാതെ
വിടർത്തിയിട്ടിരിക്കുകയായിരുന്നു.
നെറ്റിയിൽ ഒരു കുഞ്ഞു വെള്ളകല്ലു പതിച്ച പൊട്ട്.

കൃത്യ സമയത്ത് തന്നെ കാർത്തി എത്തി.. നന്ദുവിനെ കണ്ടതും കാർത്തി ചിരിയടക്കാൻ പാടുപെടുകയായിരുന്നു..

“എന്താടാ പൊട്ടാ..ഇത്ര കിണിയ്ക്കാൻ..??”

“ഓ.. യക്ഷി ഇതെങ്ങോട്ടാ… ഔദ്യോഗിക വേഷത്തിൽ…
മലമ്പുഴയ്ക്കാണെങ്കിൽ അവിടെ ഓൾറെഡി ഒരെണ്ണം ഉണ്ട്.. ഇനി നീയും കൂടി പോയിട്ടെന്തിനാ.. കമ്പനി കൊടുക്കാനാണോ..

ഞാൻ പറഞ്ഞത് സത്യമല്ലേ പാറൂ.. നീ നോക്കിയേ..
ആദ്യം സ്വഭാവം മാത്രം ഉണ്ടായിരുന്നുള്ളു.. ഇപ്പോ വേഷം കൂടി ആയപ്പോ.. അടിപൊളി..”

കാർത്തിയുടെ കൂടെ പാറുവും കളിയാക്കാനായി കൂടിയപ്പോൾ നന്ദുവിന് ഹാലിളകി.

“എങ്കിൽ ഈ യക്ഷിയില്ല.. നിങ്ങൾ അപ്സരസും ഗന്ധർവ്വനും കൂടി പോയിട്ട് വാ.. അല്ല പിന്നെ..”

“സാരമില്ല ടി അവൻ നിന്നെ വെറുതെ ചൂടാക്കാൻ പറയുന്നതല്ലേ.. നിനക്ക് അറിഞ്ഞുകൂടേ അവനെ..?? നല്ലൊരു ദിവസമായിട്ട് വെറുതെ ഉടക്കാൻ നിക്കല്ലേ.. വായോ..”

പാറുവാണ് നന്ദുവിനെ സമാധാനിപ്പിച്ചു കാറിൽ കയറ്റി യത്.

“ഉം..കയറാം.. പക്ഷേ ഈ ഗന്ധർവനെ എന്നോട് മിണ്ടരുത്.. കേട്ടല്ലോ..”

“ഉം.. ശരി ശരി നീ കേറ്..”

കാറിൽ കയറിയിട്ടും കാർത്തി നന്ദുവിനെ നോക്കും ചിരിയ്ക്കും..

“ദേ..പാറൂ നീ മുന്നിലിരുന്നോ… അല്ലെങ്കിൽ ചിലപ്പോൾ നാളെ കോളേജിന് അവധിയായിരിക്കും..”

“അതെന്താടി..??”

“ഇവിടെ ഇരുന്നാൽ ചിലപ്പോ ഞാൻ ഇവനെ കൊല്ലും.. അപ്പൊ പിന്നെ നാളെ ദുഃഖാചരണം ആവില്ലേ അതാ പറഞ്ഞത്…”

“ഹ..ഹ.. എൻറെ നന്ദു നിന്റെ ഒരു കാര്യം… തമാശ പോലും പറയാൻ പറ്റില്ലേ നിന്നോട്..??”

“ഓ..തമാശയായിരുന്നല്ലേ.. അറിഞ്ഞില്ലായിരുന്നു.. എത്ര നേരായി.. ഇതുവരെ നിനക്ക് എന്നെ ഒന്ന് വിഷ് ചെയ്യാൻ പറ്റിയോ..?? ഇല്ലല്ലോ..?? ഇനി വലിയ കാര്യം പറയണ്ടട്ടാ..”

“അയ്യോ മറന്നതാ മോളേ… സോറി..

Many many happy returns of the day my dear..

ഡീ… കാശൊക്കെ കയ്യിലുണ്ടല്ലോ..
ഇനി അവിടെ ചെന്ന് എന്റെ കയ്യിൽ പൈസയില്ല.. ഹോസ്റ്റലിൽ വച്ച് മറന്നു.. ട്രീറ്റ് പിന്നെ തരാം എന്നൊക്കെ പറഞ്ഞാൽ.. രണ്ടെണ്ണത്തിനെ അവിടെ ഇട്ടു ഞാൻ ഇങ്ങോട്ട് പോരും.. നോക്കിക്കോട്ടാ..”

“അതിന് ഞാൻ കാർത്തി അല്ല നന്ദിതയാണ്.. നിന്റെ പോലത്തെ എച്ചി സ്വഭാവം എനിക്കില്ല..”

“ഒന്ന് നിർത്തണുണ്ടോ രണ്ടാളും.. കണ്ടപ്പോ തൊട്ടു തുടങ്ങിയതാ.. ഇത് അവിടെ എത്തുന്ന വരെ സഹിക്കാൻ എന്നെക്കൊണ്ട് പറ്റില്ല.. കേട്ടല്ലോ..”

“ഓക്കേ.. ഇന്നത്തെക്ക് ഇത്ര മതി അല്ലേ…നന്ദൂ..”
കാർത്തി ചിരിച്ചുകൊണ്ട് നന്ദുവിനെ നോക്കി..നന്ദു ചിരിച്ചു കൊണ്ട് അവന്റെ തലയ്ക്ക് ഒരു കൊട്ടുകൊടുത്തു..

“ഞങ്ങളെപ്പോലെ ഞങ്ങളേയുള്ളൂ മോളെ പാറൂ..”

“മതി ഡയലോഗ്.. മര്യാദയ്ക്ക് ശ്രദ്ധിച്ചു ഓടിയ്ക്ക്..”

“ഡീ.. നന്ദൂ..
അഭിയോടു പറഞ്ഞില്ലേ..
അങ്ങോട്ടേക്ക് വരുന്നെന്ന്..”

“എങ്ങോട്ട്..??”

“ഛെ..പണി പാളിയേനെ..”
അമളി പറ്റിയല്ലോന്ന് ഓർത്ത് കാർത്തി പറഞ്ഞത് തിരുത്തി.

“അത്.. പറഞ്ഞിട്ടില്ലേ അവിടേക്ക് വരാൻ… എന്നാ ഉദ്ദേശിച്ചത്..”

“അവൻ അവിടെ കാണും എന്നാ പറഞ്ഞിരിക്കുന്നെ..”

കുറേ ദൂരം പോയിട്ടും നന്ദുവിന് സ്ഥലം ഒന്നും മനസ്സിലാവുന്നില്ലായിരുന്നു..

“കാർത്തി.. വഴി തെറ്റീന്നാ തോന്നണേ… എവിടേക്കാ നീ പോണേ.. ഡാമിലേയ്ക്ക് ഈ വഴിയല്ലേ…??”

“എനിക്ക് വഴി തെറ്റീട്ടില്ല.. ഒരു അഞ്ച് മിനിറ്റ് കൂടെ.. ഇപ്പൊ എത്തും..”

“ദാ.. എത്തിപ്പോയി…
ഇനി മക്കൾ ഇറങ്ങി നടന്നോ… ഞാൻ വണ്ടി ഒതുക്കി നിർത്തീട്ട് വരാം..”

ഇതേതാ സ്ഥലം..??
പാറു നന്ദുവിനെ നോക്കി..

അവർ ഇറങ്ങി. നോക്കിയപ്പോൾ ഗേറ്റിന്റെ അടുത്ത് ഒരു വലിയ ബോർഡിൽ എഴുതിയിരിക്കുന്നു..

“ആനന്ദ് ഭവൻ..”

നന്ദുവിന്റെ മുഖത്ത് ചെറുതായി ഒരു പുഞ്ചിരി വിടർന്നു. പാർവതിയുടെ മുഖത്ത് ആണെങ്കിൽ ഇതേതാ സ്ഥലം എന്ന് ഭാവം..

അഭിയുടെ വാക്കുകളിലൂടെ കേട്ടറിഞ്ഞ സ്ഥലം..

ഗേറ്റിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലേക്ക് നീങ്ങിയാണ് ആനന്ദ് ഭവൻ… അങ്ങോട്ടുള്ള നടപ്പാതയുടെ ഇരു സൈഡിലും തുളസി ചെടികൾ വരിവരിയായി നിൽക്കുന്നു.. ഇരുവശത്തും ഓരോ വലിയ മാവുകൾ..തറകെട്ടിയിട്ടിരിക്കുന്നു..

അവിടിവിടെയായി നിൽക്കുന്ന മറ്റു മരങ്ങളിലെല്ലാം ഊഞ്ഞാലുകൾ.. അങ്ങിങ്ങായി ഒന്നു രണ്ടു പേർ പണിയെടുക്കുന്നു… കുറച്ച് കുട്ടികൾ ഊഞ്ഞാലാടുന്നുണ്ടായിരുന്നു.
നന്ദുവിനെയും പാറുവിനെയും കണ്ടതും മാഷേ നന്ദേച്ചി വന്നു എന്നും പറഞ്ഞ് ഒരു ഓട്ടം..

“നിന്നെ ഇവർക്ക് എങ്ങനെ അറിയാം..” പാറുവിന് സംശയമായി.

“ഇത്..ഇത് അഭി വളർന്ന സ്ഥലമാണ്..
ഞാനും ആദ്യമായിട്ടാ ഇവിടെ…”

“ഏത് അഭി.. നമ്മുടെ അഭിജിത്തോ..
ചിറ്റൂര്…”

“ഉം..അതന്നെ..”

“ഡീ.. നമ്മുടെ അഭി അല്ല… അവളുടെ.. അവളുടെ മാത്രം അഭി..”

പിറകിൽനിന്ന് കാർത്തിയാണ്..

“ഓഹോ അപ്പോ അവിടെ വരെ എത്തി കാര്യങ്ങൾ.. നമ്മളൊന്നും അറിഞ്ഞില്ല.. ഇപ്പൊ നടന്നോ… ഇതിനുള്ളത് ഞാൻ പിന്നെ തരാം..”

“സോറി പാറു ഞാനൊക്കെ പറയാം..”

“ഉം..ശരി..ശരി.. ഇപ്പൊ നടക്ക് യക്ഷി..”

“ഡീ…വേണ്ടാ ട്ടോ..”

മൂന്നു പേരും ചിരിച്ചു നടന്നെത്തുമ്പോഴേയ്ക്കും അകത്തു നിന്നും രണ്ടു പേർ ഇറങ്ങി വന്നു.
മധ്യവയസ്കരായ രണ്ടു പേർ..

സത്യനാഥൻ മാഷും ഉമ ടീച്ചറും ആകാനാണ് സാധ്യത.. ഞങ്ങൾ അഭിയുടെ മാഷും ടീച്ചറമ്മയും.. അവർ സ്വയം പരിചയപ്പെടുത്തി.. എപ്പോഴും പുഞ്ചിരിയോടെയുള്ള സംസാരം..ഏവർക്കും ഇഷ്ടപ്പെടുന്ന പ്രകൃതം..ഒറ്റ നോട്ടത്തിൽ തന്നെ നന്ദുവിനെ അവർക്കു മനസ്സിലായി.

“ഇത് നന്ദു.. കാർത്തി.. പക്ഷേ ഇത്..?? ആരാ.. മനസ്സിലായില്ലല്ലോ..” പാറുവിനെ ഉദ്ദേശിച്ചാണ്.

“ടീച്ചറെ ഇതാണ് പാർവതി.. പാറു എന്ന് വിളിക്കും..” കാർത്തിയുടെ വകയാണ് പരിചയപ്പെടുത്തൽ.

“ഇവൾക്ക് ഒറ്റയ്ക്ക് എന്നോടൊപ്പം വരാൻ പെർമിഷൻ കിട്ടില്ലല്ലോ… അപ്പോ ഇവളെയും കൂടി ചാടിച്ചു..”

അത് നന്നായി..
“കാർത്തി ഭയങ്കര വാചകമടി ആണല്ലോ..”

“ഞാനൊക്കെ ശിശു.. ടീച്ചറിനി കാണാൻ പോകുന്നേ ഉള്ളൂ.. ഇവിടെന്ന് ഓടിയ്ക്കാതിരുന്നാൽ ഭാഗ്യം…”

“നിങ്ങൾക്ക് വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് ഉണ്ടായില്ലല്ലോ..??”

“ഏയ് ഇല്ല ടീച്ചറെ…”

“ഓഹോ.. അപ്പോ പ്ലാനിങ് ആയിരുന്നു അല്ലേ… നിനക്ക് ഞാൻ വെച്ചിട്ടുണ്ട്..”

നന്ദു കാർത്തിയെ നോക്കി തലയാട്ടി..

“നിങ്ങൾ ഇങ്ങനെ വന്ന കാലിൽ നിൽക്കാതെ ഇങ്ങോട്ടൊക്കെ ഇരിക്ക്.. ഇവിടെ അങ്ങനെ പ്രത്യേകിച്ച് നിയമങ്ങൾ ഒന്നുമില്ല ഒരു വീട് എങ്ങനെയാണോ അങ്ങനെ..”ടീച്ചർ ആണത് പറഞ്ഞത്..

മൂന്നുപേരും അവിടെയുള്ള തിണ്ണയിലേക്ക് ഇരുന്നു.. അകത്തോട്ടു നോക്കിയപ്പോൾ ചുമരിൽ ഒരു ചെറിയ ആൺകുട്ടിയുടെ പടം മാലചാർത്തിയിട്ടിരിക്കുന്നു..

നന്ദുവും കാർത്തിയും നോക്കുന്നത് കണ്ടപ്പോൾ അപ്പോൾ മാഷ് പറഞ്ഞു തുടങ്ങി.

“ഇതാണ് ആനന്ദ്.. ഞങ്ങളുടെ ഒരേയൊരു മകൻ ആയിരുന്നു.. അഞ്ചുവയസ്സു വരെ മാത്രേ ഞങ്ങളോടൊപ്പം
അവനുണ്ടായിരുന്നുള്ളൂ…

പിന്നീടാണ് ഇവരൊക്കെ വന്നത്..
ഒരു മകനെ നഷ്ടപ്പെട്ടപ്പോൾ അപ്പോൾ ദൈവം ഞങ്ങൾക്ക് ഒരുപാട് മക്കളെ തന്നു… ഇപ്പോ അവർക്കുവേണ്ടിയാണ് എല്ലാം…

ഇവർക്കും ആരെങ്കിലുമൊക്കെ വേണ്ടേ…ഇവിടെനിന്ന് പോയവരിൽ പതിവായി വരുന്ന കുറച്ചുപേരുണ്ട്… അവരിലൊരാളാണ് അഭി..പി.ജി കഴിഞ്ഞ് പിള്ളേരെ പഠിപ്പിക്കാൻ ഇവിടെ കൂടാം.. കൃഷിയും നോക്കാം..

എന്നൊക്കെ ആയിരുന്നു ഇതുവരെ ഉണ്ടായിരുന്ന തീരുമാനം.. പക്ഷേ ഇപ്പോ അതിനൊക്കെ ചെറിയൊരു മാറ്റം വന്നിട്ടുണ്ട്.. ജോലി വേണം.. കുടുംബം വേണം എന്നൊക്കെ ആയിട്ടുണ്ട്.. അല്ലേ നന്ദൂ..”

നന്ദുവിനെ ആകെ ചമ്മൽ ആയി.. കേട്ടതും നാണം കൊണ്ട് മുഖം കുനിച്ച് ഇരിക്കുകയായിരുന്നു നന്ദു…

“എന്റെ അമ്മോ.. നിനക്ക് നാണം വരും.. അല്ലേടീ..”

“മാഷേ.. നിങ്ങളെ പേടിച്ചിട്ടാ ഒരാൾ ഇത്ര ഡീസെൻറ് ആയി ഇരിക്കണത്..
അല്ലെങ്കിൽ തനി കൂതറ സ്വഭാവമാണ്..”

“ദേ ഇവർ ഉള്ളതുകൊണ്ട് നീ രക്ഷപെട്ടു.. കേട്ടല്ലോ..”

കാർത്തിയുടെ ചെവിയിൽ അതുപറഞ്ഞ് ടീച്ചറെയും മാഷിനെയും നോക്കി ഒന്ന് ചിരിച്ചു നന്ദു…

നന്ദുവിന്റെ കണ്ണുകൾ അപ്പോഴും ചുറ്റും പരതുകയായിരുന്നു അഭിയ്ക്കുവേണ്ടി..

“ഇവൻ ഇതെവിടെ പോയി കിടക്കുന്നു… വന്നിട്ട് എത്ര നേരമായി.. ഇവിടെങ്ങും കാണാനില്ലല്ലോ..??”

“മോള് അഭിയെയാണോ നോക്കണേ..?? അവൻ അവിടെ ഹാളിൽ പിള്ളേരുടെ കൂടെ ഉണ്ട്.. വാ നമുക്ക് അങ്ങോട്ട് പോകാം…”

ടീച്ചറുടെ പിന്നാലെ എല്ലാവരും ഹാളിലേക്ക് നടന്നു..

പാറു.. ഇത് എടുത്തോ..
കാർത്തി അവിടെ മാറ്റി വച്ചിരുന്ന ഒരു കവർ എടുത്ത് പാറുവിനെ ഏൽപ്പിച്ചു..

ഹാളിൽ എത്തിയപ്പോൾ മൂന്ന് പേരും ആകെ വണ്ടർ അടിച്ചു നിൽക്കുകയാണ്… ഹാൾ മൊത്തം അലങ്കരിച്ചിരിക്കുന്നു…

താഴെ നിറയെ വെള്ളയും ചുവപ്പും ബലൂണുകൾ… ചുവരിലാകെ നന്ദുവിന്റ ചെറിയ ചെറിയ പടങ്ങൾ.. അതും വരച്ചത്.. ചുമരെല്ലാം ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.. എല്ലാവരുടെ കൈയ്യിലും ഓരോ ചുവന്ന റോസാപ്പൂ…

ഇതെന്താ സംഭവം…നന്ദുവും പാറു മുഖത്തോട് മുഖം നോക്കി അമ്പരന്നു നിൽക്കുകയാണ്.. നന്ദുവിന് സന്തോഷംകൊണ്ട് കരയണോ ചിരിക്കണോ എന്നറിയാത്ത ഒരവസ്ഥ..

ഇത് കണ്ടതും കാർത്തി അളിയാ പൊളിച്ച്… എന്നും പറഞ്ഞു അഭിയെ ഓടിപോയി കെട്ടിപ്പിടിച്ചു…

“പതിയെ വാടാ… ഇവനിന്ന് ആ ബലൂണൊക്കെ ഇപ്പൊ പൊട്ടിക്കും.. ഈ പിള്ളേരെ എത്ര കഷ്ടപ്പെട്ടാ ഇതൊക്കെ ചെയ്തേന്നറിയോ…??”

“അയ്യോ സോറി മക്കളെ..”കാർത്തി പിള്ളേരോട് പറഞ്ഞു.

“നന്ദേച്ചി വായോ കേക്ക് മുറിക്കാം…”

പ്ലസ് ടു പഠിക്കാൻ പ്രായത്തിലുള്ള ഒരു പെൺകുട്ടി വന്നു നന്ദുവിനെ വിളിച്ചു..
ഞാൻ ഗായത്രി.. അഭിയേട്ടന്റെ പെങ്ങളൂട്ടിയാ.. അവൾ സ്വയം പരിചയപ്പെടുത്തി..

നന്ദുവിനെം കൊണ്ട് അഭിയുടെ അടുത്തേക്ക് ചെല്ലുമ്പോൾ അഭി നന്ദുവിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. പക്ഷേ കണ്ണീർ നന്ദുവിന്റെ കാഴ്ചയെ മറയ്ക്കുന്നുണ്ടായിരുന്നു…

“ഒരു മയത്തിലൊക്കെ നോക്ക് അളിയാ.. ഇങ്ങനെ നോക്കിയാൽ ഇപ്പോൾ തന്നെ അവള് ഉരുകി ഒലിച്ചു പോകും…”

കാർത്തി അഭിയുടെ ചെവിയിൽ പറഞ്ഞു. അതിനുള്ള മറുപടി എന്നോണം അഭി കാർത്തിയുടെ കാലിൽ ആഞ്ഞൊരു ചവിട്ടു കൊടുത്തു..

“സോറി.. ഇനി പറയൂല..ക്ഷമി…”

“അപ്പോ ഇനി നമുക്ക് കേക്ക് മുറിച്ചാലോ…??”
മാഷ് കുട്ടികളോടായി ചോദിച്ചു..

“ആ… മുറിക്കാം.. മുറിക്കാം..”
അവർ ഉച്ചത്തിൽ ഒരുമിച്ചു പറഞ്ഞു.. അതിനു മുമ്പേ ഓരോരുത്തരും വന്നു അവരുടെ കയ്യിലിരുന്ന റോസാപ്പൂ എല്ലാം നന്ദുവിന് കൊടുത്തു.. ആശംസകൾ നേർന്നു…

കാർത്തി പാറുവിന്റെ കയ്യിൽ നിന്ന് കവർ വാങ്ങി നന്ദുവിനു കൊടുത്തു..
“ഇതെന്റെ വക…”

“അയ്യോ.. ഞാനൊന്നും എടുത്തില്ലല്ലോ…” പാറു സങ്കടപ്പെട്ടു..

“ഇപ്പോ നീ ഇതുകൊണ്ട് സമാധാനപ്പെട്..”

നന്ദുവിന്റെ കവിളിൽ ഒരു ഉമ്മ നൽകിയിട്ട് പാറു പറഞ്ഞു..
പാറുവിനു പുറകേ മാഷും ടീച്ചറും നന്ദുവിന് നെറുകയിൽ ഓരോ മുത്തം നൽകി..

“അപ്പോ..അഭിയും ഒന്നും എടുത്തു കാണാൻ വഴിയല്ല…അല്ലേ അഭീ…??”

കാർത്തി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു…

“നേരത്തെ കിട്ടിയത് പോരല്ലേ നിനക്ക്…?? ”

ഒന്നു ചമ്മിയെങ്കിലും ചമ്മൽ മുഖത്ത് കാണിക്കാതെയാണ് അഭി ചോദിച്ചത്..

“അയ്യോ.. ഞാൻ ചുമ്മാ പറഞ്ഞതല്ലേ…”

നിറയെ റോസാപ്പൂക്കളുള്ള പൂച്ചെണ്ടും.. ഒപ്പം അഭി വരച്ച നന്ദുവിന്റെ പടവുമായിരുന്നു അഭി അവൾക്ക് സമ്മാനമായി നൽകിയത്…
കണ്ണ് നിറഞ്ഞു കൊണ്ടാണ് എല്ലാവരുടെയും സമ്മാനം നന്ദു വാങ്ങിയത്..

“നിനക്കല്ലേ പിറന്നാളിന് അച്ഛനും അമ്മയും കൂടെ ഇല്ലെന്ന സങ്കടം…
ദേ നിൽക്കുന്നു..ഒരച്ഛനും ഒരമ്മയും..കൂടെ കുറെ അനിയൻമാരും അനിയത്തിമാരും..ഇനിയെങ്കിലും കരച്ചിൽ നിർത്തി സന്തോഷത്തോടെ കേക്ക് മുറിക്ക്..”
അവളെ ചേർത്തു പിടിച്ചു അഭി പറഞ്ഞു..

കേക്ക് കട്ട് ചെയ്യുമ്പോഴും അഭിക്കും ടീച്ചർക്കും മാഷിനും എല്ലാവർക്കും കൊടുക്കുമ്പോഴും നന്ദു ചിരിച്ചുകൊണ്ട് കരയുകയായിരുന്നു…
കേക്ക് മുറിക്കലിനും… കുട്ടികളുടെ പരിപാടികൾക്കും ശേഷം ഉച്ചഭക്ഷണം കഴിഞ്ഞാണവർ മടങ്ങിയത്..

സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അഭിയോട് നന്ദുവിന് ഒന്നും പറയാനുണ്ടായിരുന്നില്ല… കണ്ണും മനസ്സും നിറഞ്ഞ് അഭിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു… അത്രമാത്രം..

പോകാൻ നേരം കാറിൽ കയറുമ്പോൾ നന്ദു ടീച്ചറോടും മാഷിനോടുമായി ചോദിച്ചു..

“ഞാനിവിടെ.. ഇടയ്ക്കിടയ്ക്ക് വന്നോട്ടെ…ടീച്ചറേ..??”

“വന്നോളൂ എന്നല്ല വരണം… ഇത് അഭിയുടെ വീടാണ്.. ഇപ്പോ മോളുടെം..
എപ്പോ വേണമെങ്കിലും മോൾക്ക് ഇവിടെ വരാം.. ഇവിടെ നിൽക്കാം..
മോളെ കാത്തിരിക്കാൻ ഇവിടെയും ഒരു അച്ഛനും അമ്മയും ഉണ്ട്…”

ടീച്ചറുടെ വാത്സല്യം നിറഞ്ഞ വാക്കുകൾ അവളുടെ മനസ്സിൽ അത്രയേറെ ആഴത്തിൽ പതിഞ്ഞിരുന്നു…തനിക്കും ഒരു അമ്മയുടെ വാത്സല്യവും ഒരു അച്ഛൻറെ കരുതലും ഒരൊറ്റ ദിവസം കൊണ്ട് ലഭിച്ചിരിക്കുന്നു..

“thanks abhiii… എല്ലാത്തിനും..”

“പോയി വാ..നന്ദൂ… ഞാൻ വിളിയ്ക്കാം..” എന്ന് കൈപിടിച്ച് അഭി പറയുമ്പോൾ… നന്ദു അറിയുകയായിരുന്നു.. എവിടെയോ വായിച്ചതു പോലെ…

“പറയാതെ കേൾക്കുകയും…
കേൾക്കാതെ കാണുകയും.. കാണാതെ മനസ്സിലാക്കുകയും.. ചെയ്യുന്നതാണ് പ്രണയം..” എന്ന്..

(കാത്തിരിയ്ക്കൂട്ടോ…)

പെട്ടെന്നൊരു ദുരന്തം എഴുതാൻ ഒരു വിഷമം… അഭിയെയും നന്ദൂനെയും പെട്ടെന്ന് അങ്ങോട്ട് പിരിക്കാൻ പറ്റാത്ത പോലെ… അനിവാര്യമാണ് എന്നറിയാം എങ്കിലും.. ഒരു വിഷമം.. അതാണ് ഈ പാർട്ട് ഇത്തിരി സന്തോഷം ആകാം എന്ന് വിചാരിച്ചത്… എല്ലാവർക്കും
ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു…

നല്ല‍ പാതി : ഭാഗം 1

നല്ല‍ പാതി : ഭാഗം 2

നല്ല‍ പാതി : ഭാഗം 3

നല്ല‍ പാതി : ഭാഗം 4

നല്ല‍ പാതി : ഭാഗം 5

നല്ല‍ പാതി : ഭാഗം 6

നല്ല‍ പാതി : ഭാഗം 7

നല്ല‍ പാതി : ഭാഗം 8

നല്ല‍ പാതി : ഭാഗം 9