Sunday, December 22, 2024
Novel

Mr. കടുവ : ഭാഗം 6

എഴുത്തുകാരി: കീർത്തി


“ഞങ്ങൾക്ക് വീട് മാറീന്ന് തോന്നണു ”
അച്ഛനായിരുന്നു.
ഞങ്ങളെ ഇങ്ങനെ ഒരുമിച്ചു കണ്ടതിന്റെ അത്ഭുതമായിരുന്നു അമ്മയുടെ മുഖത്തു. പക്ഷെ അച്ഛന്റെ മുഖത്തു വിരിഞ്ഞ ഭാവം എന്തായിരുന്നു എന്ന് ഒട്ടും മനസിലായില്ല. പെട്ടന്ന് അവരെ കണ്ട വെപ്രാളത്തിൽ കടുവ ചോദിച്ചു.

“നിങ്ങളെന്താ ഈ നേരത്ത്. ”

ഇയാളിത് എന്തൊക്കെയാ ചോദിക്കുന്നെ ന്നുള്ള രീതിയിൽ ഞാൻ കടുവയെ നോക്കി. ആ ചോദ്യം കേട്ട് അച്ഛനും അമ്പരന്നു.

“എന്താ…? ”

“അല്ല… അത്… നിങ്ങൾ ഇപ്പൊ അങ്ങോട്ട്‌ പോയതല്ലേ ഉള്ളൂ. ഇത്ര പെട്ടന്ന് തിരിച്ചു വന്നത് കണ്ടപ്പോൾ…. ”
കടുവ വിശദീകരിച്ചു.

“പെട്ടന്ന് വന്നത് മോന് ബുദ്ധിമുട്ടായോ.? ”

“ബുദ്ധിമുട്ടോ? ഏയ്‌….. എനിക്കെന്ത് ബുദ്ധിമുട്ട്.? എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. ”

“അവരെ വൈകീട്ട് ഡിസ്ചാർജ് ചെയ്തുത്രെ. ഹോസ്പിറ്റൽ വരെ പോകേണ്ടിവന്നില്ല. വീട്ടിൽ പോയി കണ്ടു . ”

പറയുന്നതൊന്നും മനസിലാവാതെ ഞാൻ അമ്മയെ നോക്കിയപ്പോൾ എന്നോടായി തുടർന്നു .

“നമ്മുടെ സീതേടെ അമ്മ ഒന്ന് തലകറങ്ങി വീണു. മോള് രാവിലെ ഇവിടുന്ന് ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ വന്നു .

സീതയെ ഞാൻ അപ്പൊത്തന്നെ പറഞ്ഞയച്ചു . ഇപ്പൊ കുഴപ്പമില്ല പ്രഷർ കുറഞ്ഞതാണ് . ഒരുപാട് പ്രായമായതല്ലേ. സീത ഇനി രണ്ടുദിവസം കഴിഞ്ഞേ വരൂ. വേറെ ആരുമില്ലല്ലോ കൂട്ടിന്. ”

നാല്‌ വർഷം മുൻപാണ് സീത ചേച്ചിയുടെ ഭർത്താവ് ഷോക്കടിച്ചു മരിച്ചത്.പ്രായമായ അമ്മയും 5ആം ക്ലാസ്സിൽ പഠിക്കുന്ന മകനുമാണ് സീതച്ചേച്ചിക്കുള്ളത്.
അച്ഛന്റെ ചോദ്യമാണ് ചിന്തകൾക്ക് വിരാമമിട്ടത്.

“അല്ല… ഇതെന്ത്‌ പറ്റി ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ചോ. എന്റെ മോന്റെ കൈയിൽ ചായയൊക്കെയുണ്ടല്ലോ? ”

അപ്പോഴാണ് ഇത്രയും നേരം ചായ ഗ്ലാസും കൈയിൽ പിടിച്ചാണ് നിന്നിരുന്നതെന്ന ബോധം കടുവക്കുണ്ടായത്.

പുള്ളി വേഗം ഗ്ലാസ്‌ ടീപോയിടെ മേലെ വെച്ചു. ഞാൻ വേഗം ഓടിച്ചെന്നു അമ്മയെ കെട്ടിപിടിച്ചു , കടുവയെ ഒന്ന് ഉഴിഞ്ഞുനോക്കി.

എന്റെ ആ നോട്ടത്തിൽ നിന്നും എന്തോ പണി വരുന്നുണ്ടെന്ന് കടുവക്ക് മനസിലായി. ശാന്തമായിരുന്ന മുഖം സംശയത്തോടെ എന്നെ നോക്കി.

“നിയയെന്തിനാടി എപ്പഴും എന്റെ അമ്മയെ പോയി കെട്ടിപ്പിക്കുന്നെ? ”

ഓർമയുണ്ട് !ഇതുപോലൊന്ന് കെട്ടിപിടിച്ചത് കൊണ്ടാണ് അന്ന് രഹസ്യവാതിൽ പരസ്യമായത്.

“പിന്നെ അവളെന്താ നിന്നെ കെട്ടിപിടിക്കണോ? ”
അച്ഛനിതെങ്ങോട്ടാ ഈ കത്തിക്കയറുന്നേ? ഞാനും കടുവയും കോറസ്സായി അച്ഛനെ വിളിച്ചു.

“അതിനെന്താ ചന്ദ്രൂ… ഞാൻ നിന്റെ അമ്മയല്ലാതാവൊന്നും ഇല്ലല്ലോ. മോള് കൊറേ നേരെയോ വന്നിട്ട്. പോവുമ്പോൾ പറയാൻ പറ്റീല. ”

അമ്മ പറഞ്ഞു.

എന്നെക്കൊണ്ട് ചായയിടീപ്പിക്കും ലേ? ഞാനുണ്ടാക്കിയില്ലെങ്കി നമ്മളുണ്ടാക്കും ലേ? ഇപ്പൊ ശെരിയാക്കിത്തരാ ട്ടാ.

“ഞാൻ അച്ഛനെ അന്വേഷിച്ചു വന്നതാണ് അമ്മേ. ഹെഡ് മാഷ് ഒരു ഫയൽ തന്നിരുന്നു. അത് തരാൻ. അപ്പഴാ ഈ…… ”

ഇത്തിരി നാണമൊക്കെ മുഖത്തു വരുത്തി ഞാൻ കടുവയെ നോക്കിക്കൊണ്ട് ഒന്ന് നിർത്തി. ഉടനെ അച്ഛനും അമ്മയും സംശയത്തോടെ കടുവയെ നോക്കി ചോദിച്ചു.

“ഈ…….? “അച്ഛൻ

“ഈ……..? “അമ്മ

“ഈ………?ബാക്കി കൂടി പറയടി. ”
കടുവ അലറി. ഒന്ന് ഞെട്ടിയെങ്കിലും അച്ഛനും അമ്മയും ഉള്ള ധൈര്യത്തിൽ ഞാൻ പറഞ്ഞു.

“ഈ ചന്ദ്രുവേട്ടൻ നല്ലോണം മധുരമിട്ട് ഒരു ചായ ഉണ്ടാക്കിത്തരുമോന്ന് ചോദിച്ചത്. ”

“ചന്ദ്രു ഏട്ടനോ? ”
അച്ഛന് വീണ്ടും സംശയം.

“മ്മ്….. അങ്ങനെ വിളിച്ചാൽ മതീന്ന് പറഞ്ഞു. ”

“ആര്? ”

തല താഴ്ത്തി നാണത്തോടെ ഞാൻ കടുവയെ ചൂണ്ടികാണിച്ചു.

“ഞാനോ? ഞാനെപ്പഴാടി അങ്ങനെ പറഞ്ഞത് ? ”

“ശോ… ഇത്ര പെട്ടന്ന് മറന്നോ. കുറച്ചു മുന്നെയല്ലേ പറഞ്ഞത്. അച്ഛാ… ഈ ചന്ദ്രുവേട്ടന് ഓർമ്മയ്ക്ക് എന്തോ കുഴപ്പമുണ്ട്. ഞാനൊരു ബോട്ടിൽ സന്തോഷ്‌ ബ്രഹ്മി വാങ്ങിത്തരട്ടെ ഏട്ടാ.? ”

“എടി നിന്നെ ഞാൻ…. ”

“വേണ്ടട മോനെ. ഞങ്ങളുടെയൊക്കെ മുമ്പിൽ കീരിയും പാമ്പും തനിച്ചാവുമ്പോ അടയും ചക്കരയും. മ്മ്മ്……. ”

“അച്ഛാ ഇവള് വെറുതെ പറയുന്നതാ. അമ്മേ അമ്മയെങ്കിലും ഒന്ന് വിശ്വസിക്ക്…. ”

“എന്റെ ലക്ഷ്മി താനിതൊന്നും ശ്രദ്ധിക്കണ്ട. അവസാനം വാദി പ്രതിയാകും. ”

“അപ്പൊ എന്നെ ആർക്കും വിശ്വാസമില്ല. ഇവളാ നിങ്ങൾക്കൊക്കെ വലുത് ലേ? നിനക്കുള്ളത് ഞാൻ വെച്ചിട്ടുണ്ടടി.”

കടുവ മുകളിലേക്ക് പോവാൻ തിരിഞ്ഞു നടന്നു.

“അയ്യോ ഏട്ടാ ചായ കുടിക്കുന്നില്ലേ? ഏട്ടൻ പറഞ്ഞത് പോലെ നല്ലോണം പഞ്ചാര ഇട്ടിട്ടുണ്ട്. ”

“അതെടുത്തു നിന്റെ അണ്ണാക്കിലേക്ക് കമഴ്ത്തിക്കോ ഹും ….. ”

“മോനെ നീ നാളെ ഒന്ന് ഹോസ്പിറ്റലിലേക്ക് വരണേ. ”

അച്ഛൻ പറഞ്ഞു.

“എന്താ അച്ഛാ? ”

എന്തോ സീരിയസ് കാര്യത്തിനാണെന്ന് കരുതി കടുവ ചോദിച്ചു.

“വേറൊന്നിനുമല്ല നിന്റെ ഷുഗർ ഒന്ന് ടെസ്റ്റ്‌ ചെയ്യാനായിരുന്നു. ”

ചിരിയോടെ അച്ഛനത് പറഞ്ഞപ്പോൾ ഞാനും അമ്മയും കൂടെ കൂടി. അതുകൂടിയായപ്പോൾ കടുവയുടെ ദേഷ്യം ഇരട്ടിയായി.

പോവുന്നത് കണ്ടിട്ട് സ്റ്റെയർ കേയ്‌സ് ഇപ്പൊ ഇടിഞ്ഞു പൊളിഞ്ഞു വീഴുമെന്ന് തോന്നി. ആ പോക്ക് കണ്ടു ചിരിയോടെ നിന്നപ്പോഴാണ് ചെവിയിലൊരു പിടി വീണത്. അമ്മയായിരുന്നു.

“ആ….. വിടമ്മേ……. ”

“മതി രണ്ടാളും കൂടി എന്റെ മോനെ കളിയാക്കിയത്. ”

പിടി വിട്ടുകൊണ്ട് അമ്മ പറഞ്ഞു.

“എന്റെ ലക്ഷ്മിക്കുട്ടി ഇതൊക്കെ ഒരു തമാശയല്ലേ.? ”
അമ്മയുടെ തടിയിൽ പിടിച്ചുക്കൊണ്ട് ഞാൻ പറഞ്ഞു.

“മ്മ്… തമാശ. അവൻ ശെരിക്കും ഒന്ന് പ്രതികരിച്ചിരുന്നെങ്കിൽ കാണായിരുന്നു. ”

“അത് ശരി ഇപ്പൊ ഞാനൊറ്റക്കായോ? എല്ലാത്തിനും കൂട്ടിന് അച്ഛനും ഉണ്ടായിരുന്നല്ലോ. ”

“കൂടെ നിന്നൂന്നുള്ളത് ശെരിയാ. പക്ഷെ നീയൊന്ന് സൂക്ഷിച്ചോ. അവനങ്ങനെ വെറുതെ ഇരിക്കുമെന്ന് തോന്നണില്ല. ”

“മനുഷ്യനെ ഇങ്ങനെ പേടിപ്പിക്കല്ലേ അച്ഛാ . പിന്നെ…. ആ ഫയലൊന്ന് നോക്കണേ.”

“അതൊക്കെ ഞാൻ ചെയ്തോളാം ”

പിന്നെ ശെരിക്കും സംഭവിച്ചതൊക്കെ അവരെ പറഞ്ഞു കേൾപ്പിച്ചു.

ദിനരാത്രങ്ങൾ പിന്നെയും മാറി മാറി വന്നു. രാവിലെ രാധൂനെ കണ്ടപ്പഴേ തോന്നി എന്തോ വയ്യാത്തത് പോലെ. ഉച്ചയായപ്പോഴേക്കും തീരെ വയ്യാതായി.

തലവേദനയാണെന്ന് പറഞ്ഞു കിടക്കുകയായിരുന്നു. തൊട്ട്നോക്കിയപ്പോൾ നല്ല പനിയുണ്ട്. ഹാഫ് ഡേ ലീവ് പറഞ്ഞു അവളെയും കൂട്ടി ഞാൻ ഹോസ്പിറ്റലിൽ പോവാൻ തീരുമാനിച്ചു.

ഓണപ്പരീക്ഷ അടുത്തില്ലേ , തനിച്ചു പൊയ്ക്കോള്ളാം എന്നൊക്കെ രാധു പറഞ്ഞെങ്കിലും അങ്ങനെ തനിച്ചു വിടാൻ പറ്റിയ അവസ്ഥയായിരുന്നില്ല അവളുടേത്.

വിനോദ് സാറും വരാമെന്നു പറഞ്ഞു ഇറങ്ങിയെങ്കിലും കുറെ നിർബന്ധിച്ചു തിരിച്ചു അയച്ചു.

അങ്ങനെ അവളെയും കൂട്ടി ഹോസ്പിറ്റലിൽ എത്തി. വൈറൽ ഫീവറായിരുന്നു. രണ്ടു ദിവസം റസ്റ്റ്‌ എടുക്കാൻ പറഞ്ഞു ടാബ്‌ലറ്റും കുറിച്ച്തന്നു.

അവളെ വീട്ടിൽ കൊണ്ടാക്കി കുറച്ചു നേരം അവിടെ ചിലവഴിച്ചിട്ടാണ് വീട്ടിലേക്ക് പോന്നത് .

പതിവിലും നേരത്തെ വരുന്നത് കണ്ടപ്പോൾ അമ്മ കാര്യം അന്വേഷിച്ചു.

രാധൂന് പനി പിടിച്ചതും ഹോസ്പിറ്റലിൽ പോയതുമെല്ലാം അമ്മയോട് പറഞ്ഞു. പിറ്റേന്നത്തേക്ക് ക്ലാസ്സ്‌ എടുക്കാനുള്ള പോർഷൻസ് നോക്കിവെച്ചശേഷം ഉറങ്ങാൻ കിടന്നു.

ഉറക്കത്തിൽ വീണ്ടും ഞാൻ ആ താടിക്കാരനെ സ്വപ്നം കണ്ടു ഞെട്ടിയുണർന്നു. പിന്നീട് എത്ര ശ്രമിച്ചിട്ടും ഉറക്കം വന്നില്ല. ആരാണയ്യാൾ? താടിയും മുടിയുമൊക്കെയായി.

ആ രൂപം എവിടെയും കണ്ടതായി തോന്നുന്നില്ല. മുഖം വ്യക്തമല്ല. പക്ഷെ ആ കണ്ണുകൾ എനിക്കേറെ പ്രിയപ്പെട്ട ആരുടെയോ ആണെന്ന് മനസ് പറയുന്നു.

സ്വപ്നത്തിൽ ആണെങ്കിൽ പോലും ഒരിക്കലും അയ്യാൾ എന്നേ ഉപദ്രവിക്കാനല്ല സംരക്ഷിക്കാനാണ് ശ്രമിച്ചത് ആരായിരിക്കും? ഓരോന്ന് ആലോചിച്ചു എപ്പോഴോ ഉറങ്ങിപോയി.

രാവിലെ എണീറ്റപ്പോൾ നന്നേ വൈകിയിരുന്നു. രാധു ലീവാണ്. ഒറ്റക്ക് പോണം. പോരാത്തതിന് നേരവും വൈകി.

എങ്ങനെയൊക്കെയോ പണികളൊക്കെ ചെയ്ത് വേഗം ഒരുങ്ങി സമയം നോക്കിയപ്പോൾ ബസ് വരാൻ 5 മിനിറ്റ്. ഇനിയിപ്പോ എങ്ങനെ തലകുത്തി മറിഞ്ഞാലും ആ ബസ് കിട്ടുമെന്ന് തോന്നണില്ല.

അങ്ങനെ ഔട്ട് ഹൗസിൽ നിന്നിറങ്ങി അമ്മയോട് യാത്ര പറയാൻ ചെന്നപ്പോൾ കടുവ എങ്ങോട്ടോ പോകാൻ ഇറങ്ങി വരുന്നതാണ് കണ്ടത്. പിറകെ അമ്മയും ഉണ്ടായിരുന്നു.

“മോള് ഇന്ന് വൈകീലോ.? ”

“എണീക്കാൻ വൈകിപ്പോയി അമ്മേ. ”

“ഇനിപ്പോ മോൾക്ക് ആ ബസ് കിട്ടുമോ? ”

“ഇല്ലമ്മേ. അത് പോയിട്ടുണ്ടാവും. ”

“എന്നാ ഒരു കാര്യം ചെയ്യ്. ചന്ദ്രൂ നീ ഒന്ന് മോളെ സ്കൂളിലേക്ക് ആക്കികൊടുക്ക്. ”

“ഞാനോ? എനിക്കൊന്നും വയ്യ. ഞാനാ വഴിയല്ല പോണത്. ”

“എന്നാൽ ആ വഴി ഒന്ന് പോയിനോക്ക്. മോള് കേറ്. അവൻ അക്കിത്തരും. ”

“അമ്മേ… അത്… ഞാൻ അടുത്ത ബസിൽ പൊക്കോളാം. ”

“അതിനൊക്കെ ഒരു സമയവും. മോള് കേറ്. ”

അമ്മ എന്നേ ജീപ്പിൽ പിടിച്ചു കയറ്റി. അന്നത്തെ ചായ സംഭവത്തിന് ശേഷം ഇങ്ങനെ അടുത്ത് കാണുന്നത് ഇതാദ്യണ്.

പിന്നൊന്നും പറയാൻ നിക്കാതെ കടുവയും വന്നു വണ്ടിയിൽ കയറി. അച്ഛൻ പറഞ്ഞ വാക്കുകളാണ് എനിക്ക് ഓർമ വന്നത് – “നിയ്യോന്ന് സൂക്ഷിച്ചോ ”
കടുവടെ മനസ്സിൽ എന്താണെന്നു മനസിലാവുന്നില്ലല്ലോ കൃഷ്ണ….

“അപ്പൊ നമുക്ക് പോവാം. ”
കടുവ വളരെ ആർദ്രമായി ചോദിച്ചു.

ഏ….. കടുവ തന്നെയാണോ ആ ചോദിച്ചത്. സംശയം തീർക്കാൻ ഞാനാ മുഖത്തേക്ക് നോക്കി. ഒരു കള്ളചിരിയും ചിരിച്ചു കണ്ണിറുക്കി കാണിക്കുന്നു.

ദൈവമേ ഇതെന്റെ കടുവയല്ല. എന്റെ കടുവ ഇങ്ങനല്ല. അല്ലെങ്കിൽ എന്തോ കോനിഷ്ട ഒപ്പിക്കാനുള്ള പ്ലാനാണ്. കടിച്ചുകീറാൻ വരുന്ന കടുവയെ എനിക്ക് പേടിയില്ല. പക്ഷെ ഈ ഇരിക്കുന്ന ചന്ദ്രമൗലിയെ എനിക്കെന്തോ പേടിയാവുന്നു.

‘അമ്മേ ഞാനിന്ന് ലീവാക്കിയാലോ ‘ന്ന് ചോദിച്ചപ്പോൾ അമ്മ എന്നെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു. എന്നട്ടൊരു ഡയലോഗും

“മര്യാദക്ക് പൊയ്ക്കോ. ഓണപ്പരീക്ഷയാണ് വരുന്നത്. ആ കുട്ട്യോൾക്ക് വല്ലതും പറഞ്ഞു കൊടുക്കാൻ നോക്ക്. ”

ഇനി നോ രക്ഷ.

അമ്മേ അമ്മ വേണമെങ്കിൽ എന്നെയൊന്നു ശെരിക്കും കണ്ടോളു. ഈ പോണ കോലത്തിൽ ചിലപ്പോൾ തിരിച്ചു വന്നില്ലെങ്കിലോ? മനസിലാണ് പറഞ്ഞത്. ഞാനും അമ്മയെ കൺകുളിർക്കെ ഒന്നു നോക്കികണ്ടു.

കടുവ വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

ഈശ്വര…. എന്നെ കാത്തോളണേ…

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5