Wednesday, December 25, 2024
Novel

Mr. കടുവ : ഭാഗം 20

എഴുത്തുകാരി: കീർത്തി


രാവിലെ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ചന്ദ്രു ഉറക്കമുണർന്നത്. സമയം നോക്കിയപ്പോൾ നാലര കഴിഞ്ഞിരിക്കുന്നു. ഫോണെടുക്കാൻ പോയതും അത് കട്ടായി. ഉടനെ തന്നെ വീണ്ടും ശബ്‌ദിച്ചു. ഇത്തവണ ചന്ദ്രു എടുത്തു നോക്കി.

“ഹലോ ” ന്ന് പറഞ്ഞത് മാത്രമേ അവന് ഓര്മയുള്ളൂ. വല്ലാത്തൊരു എക്സ്പ്രഷനോട് കൂടി അവനാ ഫോൺ ചെവിയിൽ നിന്നും വിട്ടുപിടിച്ചു. കുറച്ചു നേരം കഴിഞ്ഞു സംശയിച്ചു സംശയിച്ചു വീണ്ടും അത് ചെവിയിലേക്ക് വെച്ചു. മറുവശത്ത് നിന്നുള്ള ആ മഹത്‌വചനങ്ങളുടെ ഒഴുക്ക് നിലച്ചിരുന്നു.

“ഹരി… സോറി ടാ. ഉറങ്ങിപ്പോയി. ”

“പോടാ പുല്ലേ. രാവിലെ നാലു മണിക്ക് സ്കൂളിൽ എത്തിയില്ലെങ്കിൽ ഞങ്ങളുടെ എവിടെയോ തോട്ട വെച്ച് പൊട്ടിക്കും ന്ന് പറഞ്ഞിട്ട് പോയവൻ…. ഉറങ്ങിപ്പോയി പോലും. ”

“പറ്റിപ്പോയി. ഞാൻ ദാ എത്തി. ”

“നീ പറഞ്ഞ സമയത്തു നിനക്ക് വേണ്ടി ഉറക്കം കളഞ്ഞു ഇവിടെ വന്നിരിക്കുന്ന ഞങ്ങള് മണ്ടന്മാർ. നീയ്യിനി വേണെങ്കിൽ വന്നാൽ മതി. ഞങ്ങൾ തിരിച്ചു പോവാ. ”

“അയ്യോ… ചതിക്കല്ലേ പ്ലീസ്…. ഞാനിതാ എത്തി. ഒരഞ്ചു മിനിറ്റ്.”

അപ്പുറത്തുനിന്നും ഹരി എന്തെങ്കിലും പറയുന്നതിന് മുന്നേ ചന്ദ്രു ഫോൺ കട്ട്‌ ചെയ്തു വാഷ്‌റൂമിലേക്കോടി. ഇട്ടിരുന്ന ഷോർട്സ് മാറ്റി ഒരു കാവി മുണ്ടുടുത്ത് അവൻ പുറത്തേക്കിറങ്ങി. ലക്ഷ്മിയമ്മ അടുക്കളയിൽ ചായപണിയിലായിരുന്നു. ചന്ദ്രു അമ്മയോട് കാര്യം പറഞ്ഞിട്ട് ജീപ്പെടുത്ത് സ്കൂളിലേക്ക് വിട്ടു.

നാൽവർ സംഘം ചന്ദ്രുവിനെയും കാത്ത് സ്കൂളിന്റെ മെയിൻ ഗേറ്റിൽ തന്നെ നിൽപ്പുണ്ടായിരുന്നു. എല്ലാവരും നല്ല ദേഷ്യത്തിലായിരുന്നു. ചന്ദ്രു ജീപ്പ് നിർത്തി ഇറങ്ങിയതും അവർ അവനെയൊന്നു നോക്കിയിട്ട് കലിപ്പിൽ മുഖം തിരിച്ചു.

വലിച്ചൊരു ചിരിയോടെ ചന്ദ്രു അവരുടെ അടുത്തേക്ക് നടന്നു. അവരാകട്ടെ ചന്ദ്രുവിനെ ഒഴിച്ച് അവിടെയുള്ള എല്ലായിടത്തേക്കും നോക്കുന്നുണ്ട്.

“ഇത്ര ചെറിയ കാര്യത്തിനൊക്കെ പിണങ്ങിയാലോ? ഇന്നലെ കിടന്നപ്പോൾ ലേശം വൈകി അതാടാ…. പ്ലീസ്… ”

വളരെ താഴ്മയായി പറഞ്ഞിട്ടും അവരനങ്ങിയില്ല. അപ്പോൾ ചന്ദ്രുവും തന്റെ അടുത്ത അടവ് പുറത്തെടുത്തു.

“ഒന്ന് എണീക്കാൻ വൈകിയതിന് നിയൊക്കെ പിണങ്ങി ലെ? എന്നാ ശരി അങ്ങനെയാവട്ടെ. ഇത്രയും കാലം നീയൊന്നും ഇല്ലാതെയാ ഞാൻ കഴിഞ്ഞത്. ആ എനിക്കറിയാം ഇനിയും എങ്ങനെ വേണമെന്ന്. പൊയ്ക്കോ. എല്ലാരും പൊയ്ക്കോ. ആരും വേണ്ട. ”

അതും പറഞ്ഞു സ്കൂളിലേക്ക് പോകാനൊരുങ്ങിയ ചന്ദ്രുവിനെ നാലുപേരും ഒരുപോലെ തടഞ്ഞു.

“ഇനിയും നിന്നെ പിരിഞ്ഞിരിക്കാൻ ഞങ്ങൾക്കാവില്ലടാ. കാത്തുനിന്ന് മുഷിഞ്ഞപ്പോ….. അതൊക്കെ വിട്. നീ വാ. ”

“ഒരു നല്ല കാര്യതിനായതുകൊണ്ട് ഇത്തവണത്തേക്ക് ഞങ്ങൾ ക്ഷമിച്ചു. അല്ലേടാ ഹരി. ”
അശ്വിൻ ആയിരുന്നു.

“മ്മ്… അതെ അതെ. ഞങ്ങളീ രാവിലെ ഉറക്കൊഴിച്ച് വന്നതിന്റെയും കഷ്ടപ്പെടുന്നതിന്റെയുമൊക്കെ റിസൾട്ട്‌ എത്രയും പെട്ടന്ന് കിട്ടിയാൽ മതി. ”

മിഥുൻ പറഞ്ഞു.

“അതൊക്കെ കിട്ടും. കിട്ടിയില്ലെങ്കിൽ ഞാൻ തട്ടിപ്പറിച്ച് വാങ്ങിക്കും. ഇപ്പൊ തത്കാലം ഇവിടുത്തെ കാര്യങ്ങൾ നോക്കാം. വായോ. ”

അവർ അഞ്ചു പേരും സ്കൂളിലേക്ക് കടന്നു. അകത്തു ചില നാട്ടുകരും പണിക്കരും എല്ലാം ഉണ്ടായിരുന്നു. സ്കൂളിന് പിറകിലുള്ള വലിയ ഗ്രൗണ്ടിലാണ് മത്സരങ്ങളും കലാപരിപാടികളും ഒരുക്കിയിരിക്കുന്നത്.

വലിയൊരു പന്തലിട്ട് സ്റ്റേജൊക്കെ കെട്ടി മുന്നിൽ നിറയെ കസേരകൾ വൃത്തിയിൽ നിരത്തിയിട്ടിരുന്നു.

അവിടുത്തെ ബാക്കി അലങ്കാരപ്പണികളും ലൈറ്റ് ആൻഡ് സൗണ്ട് സജ്ജീകരണങ്ങളുമൊക്കെ ശെരിയാക്കിയ ശേഷം അവർ ഓഡിറ്റോറിയത്തിലേക്ക് പോയി.

സദ്യക്കുള്ള സൗകര്യങ്ങൾ ഓഡിറ്റോറിയത്തിലാണ് ഒരുക്കിയത്. അവിടെ മേശയും കസേരയും ഒരുക്കാനുണ്ടായിരുന്നു. എല്ലാവരും കൂടി ആഞ്ഞുപിടിച്ച് അതും പെട്ടന്ന് തന്നെ ശെരിയാക്കി.

പിന്നീട് സ്കൂൾ മുഴുവനും തോരണങ്ങളുപയോഗിച്ച് അലങ്കരിച്ചു. ഈ ഓണാഘോഷം സ്കൂളിന് മാത്രമുള്ളതല്ല. ആ നാടിന് മുഴുവനുമാണ്.

അപ്പോഴേക്കും ടീച്ചേഴ്സും കുട്ടികളും എത്തിതുടങ്ങാൻ സമയമായിരുന്നു. അതുകൊണ്ട് ചന്ദ്രുവിനെ അവിടെ നിർത്തിയിട്ട് നാലുപേരും വീട്ടിൽ പോയി കുളിച്ചൊരുങ്ങി വന്നു.

എല്ലാവരും കസവു മുണ്ടും ഷർട്ടുമായിരുന്നു വേഷം. കൂട്ടത്തിൽ വ്യത്യസ്തനായി എടുത്തു കാണാൻ വേണ്ടി ആർക്കും തരില്ലെന്നും പറഞ്ഞു അശ്വിൻ മുഖത്തൊരു റെയ്ബൻ ഗ്ലാസും വെച്ചിരുന്നു.

എന്തൊക്കെ ചെയ്തിട്ടെന്താ കാര്യം. കോഴിത്തരം വിളിച്ചോതുന്ന ആ ചിരി മുഖത്തുനിന്നും മായില്ലല്ലോ.

“നിങ്ങൾ എത്തിയില്ലേ. ഇനി ഇവിടെ പ്രത്യേകിച്ച് പണിയൊന്നും ഇല്ല. ഞാനെന്നാൽ പോവാണ്. എല്ലാത്തിനും കൂടെത്തന്നെ ഉണ്ടാവണം. ”

“അത് നീ പറയൊന്നും വേണ്ട. ഞങ്ങളുണ്ടാവും. എന്നാലും നിനക്കൂടി നിക്കാർന്നു. ”

“ഞാൻ ഉച്ചക്ക് വരാം. നമ്മുടെ പ്രോഗ്രാംസൊക്കെ ഉച്ചയ്ക്കല്ലേ.? ”

“അതൊന്നുമല്ല കാരണം ന്ന് ഞങ്ങൾക്ക് നന്നായറിയാം. പ്രിയയ്ക്ക് കൂട്ടിരിക്കാൻ വേണ്ടിയല്ലേ നീ പോണത്? ”

“അതെ. അതുതന്നെയാ ഇന്നലെ രാത്രി അത്രയും നേരവും ഇന്നിപ്പോ ഈ രാവിലെയും വന്ന് എല്ലാം അറേഞ്ച് ചെയ്തത്. ”

“രാവിലെ വന്ന കാര്യമൊന്നും നീ പറയണ്ട. ഇത്രയും പെട്ടന്ന് എല്ലാം സെറ്റാക്കാൻ നോക്ക്. ”

“അതിനു എല്ലാം ഒന്ന് ശെരിയാക്കി വരുമ്പോഴേക്കും അവൾ എന്തെങ്കിലും ഒപ്പിക്കും. അതുകണ്ടാൽ എനിക്ക് ദേഷ്യം വരും. വീണ്ടും ഒടക്കും. പിന്നെങ്ങനെയാ? ”

“എന്നാലും അടിക്കൊന്നും വേണ്ടാരുന്നു… ഇനി പറഞ്ഞിട്ടും കാര്യമില്ല.”

“പറ്റിപ്പോയി. ഏതോ സിനിമയിൽ പറഞ്ഞത് പോലെ കേട്ടു കഴിഞ്ഞു കിട്ടണതിൽ ന്ന് അവള് ഒരെണ്ണം കുറച്ചോട്ടെ. ”

“എന്തിനായാലും നിന്റെ കൂടെ ഞങ്ങളുണ്ട്. പിന്നെ വല്ല സംശയവും വരാണെങ്കിൽ ഈ അച്ചുവേട്ടനോട് ചോദിച്ചാൽ മതി. ഞാൻ പറഞ്ഞു തരാം. ”

“നിന്റെയൊക്കെ വാക്കും കേട്ട് ഒരുത്തിയെ സ്നേഹിക്കാൻ പോയത് ഞാനിപ്പഴും മറന്നിട്ടില്ല. ഈ കാര്യത്തിൽ അത് വേണ്ട. ”

“ഓഹ്…. ശരി ശരി. പിന്നെ… യ് കൂട്ടിരുന്നാൽ മാത്രം മതി ട്ടാ. ”

“അക്കാര്യത്തിൽ എനിക്ക് ഒരുറപ്പും തരാൻ കഴിയില്ല അളിയന്മാരെ. ”

ചന്ദ്രു അവരോടു യാത്ര പറഞ്ഞു വീട്ടിലേക്ക് പോയി.

……………………………………………………..

പനിയൊക്കെ മാറി ആ പഴയ പ്രിയയായിട്ടായിരുന്നു പിറ്റേന്ന് ഉണർന്നത്. ചെറിയൊരു പാട് കവിളിൽ ഉണ്ടെന്നതൊഴിച്ചാൽ വേറെ ബുദ്ധിമുട്ടൊന്നുമില്ല. രാവിലത്തെ എല്ലാം ഒരുക്കി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോളാണ് വാതിലിൽ മുട്ട് കേട്ടത്. അമ്മയായിരുന്നു.

കുളിച്ചൊരുങ്ങി മുണ്ടും നേര്യതുമുടുത്ത് നെറ്റിയിൽ ചുവന്ന വട്ടപ്പൊട്ടും ചന്ദനക്കുറിയും സീമന്തരേഖയിൽ സിന്ദൂരവും തൊട്ട് സുന്ദരിയായിട്ടുണ്ട്. ഇപ്പൊ കണ്ടാൽ സാക്ഷാൽ ലക്ഷ്മീദേവി തന്നെ.

“മോള് സ്കൂളിലേക്ക് വരണില്ല ന്ന് തന്നെയാണോ? ”

“അതെ അമ്മേ. എനിക്ക് വയ്യ ഈ കവിളും വെച്ച്…… ചോദ്യവും പറച്ചിലൊക്കെയാവും. ഞാനില്ല. ”

“എന്ന ശരി. മോള് വല്ലതും കഴിച്ചോ? ”

“കഴിച്ചോണ്ടിരിക്കരുന്നു. ”

“ഞാനും വിശ്വേട്ടനും പോവാൻ നോക്കാണ്. കഴിച്ചിട്ട് അങ്ങോട്ട്‌ വായോ. ”

ബാക്കിയുള്ളത് കഴിച്ച് പാത്രം കഴുകിവെച്ച് ഞാനങ്ങോട്ടു പോയി.
അച്ഛനും അമ്മയും എന്നെയും കാത്ത് ഉമ്മറത്തു നിൽപ്പുണ്ടായിരുന്നു.

“മോളെ ഞങ്ങളെറങ്ങാണ്. അവിടെ ഒറ്റയ്ക്കിരിക്കണ്ട അതാ വിളിപ്പിച്ചേ. ”
അച്ഛൻ പറഞ്ഞു.

“അതിന് ഇവിടെയാണെങ്കിലും ഒറ്റയ്ക്കല്ലേ. നിങ്ങൾ രണ്ടാളും പോവല്ലേ? ”

“ഞങ്ങൾ രണ്ടാളും പോവാണ്. പക്ഷെ വേറെയൊരാൾ അകത്തുണ്ട്. ”

ഞാൻ സംശയത്തോടെ അച്ഛനെ നോക്കി.

“ചന്ദ്രു ഉച്ചയ്‌ക്കെ വരുന്നുള്ളൂ ന്ന് പറഞ്ഞു. ഫയലുകൾ ചെക്ക് ചെയ്യാനുണ്ടെന്ന്. ”
അമ്മയാണ് പറഞ്ഞത്.

അപ്പൊ എന്നെ കടുവയ്ക്കിട്ടു കൊടുത്തിട്ട് പോവണല്ലേ? ഞാനോർത്തു.

“അത്….. സാരല്ല്യ. എനിക്ക്….. ഞാൻ …… ഔട്ട് ഹൗസിൽ……….. ”

“ഒരാൾ ഇവടെയും ഒരാൾ അവിടെയും ആയിട്ട് ഇരിക്കുന്നതിലും ഭേദല്ലേ? എന്തെങ്കിലും മിണ്ടിയും പറഞ്ഞുമൊക്കെ ഇരിക്ക് രണ്ടാളും. അപ്പോഴേക്കും ഞങ്ങൾ ഇങ്ങെത്തും. ”

“അച്ഛാ….. അത്……. ”

“നിങ്ങളിതുവരെ ഇറങ്ങീലെ? പരിപാടികാൾ തുടങ്ങാറായിട്ടുണ്ടാവും. ”

കടുവയുടെ ശബ്ദം കേട്ടതും ഞാൻ മിണ്ടാതെ നിന്നു.

“ഞങ്ങൾ ദാ ഇറങ്ങി. പിന്നെ നിന്നോട് പ്രത്യേകം പറയാണ് ഞങ്ങളില്ലെന്ന് കരുതി രണ്ടാളും വഴക്കിടരുത്. പ്രിയ മോളെ നോക്കിക്കോണം. ”

“അത് എന്നോടല്ല ദാ ഇവളോട് പറയ്. ഇവളാണ് എല്ലാത്തിനും ഏതുണ്ടാക്കണത്. ”

“ഞാനോ? ഞാനെന്ത് ചെയ്തൂന്നാ ഈ പറയണത്? ”

“അയ്യോ… ഒന്നും അറിയാത്തൊരു ഇള്ളക്കുട്ടി. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട. ”

“പറയടോ പറ ഞാനെന്താ ചെയ്തേ ന്ന് പറ. ”

“പറയണോടി ഞാൻ….. ”

“ഒന്ന് നിർത്തുന്നുണ്ടോ രണ്ടും. ഇപ്പഴേ ഇങ്ങനെ ഞങ്ങൾ പോയിക്കഴിഞ്ഞാൽ അപ്പൊ എന്താവും? ”

അച്ഛൻ ടെററായി. ഞങ്ങൾ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു.

“രണ്ടിനോടും കൂടി ഞാനൊരു കാര്യം പറഞ്ഞേക്കാം. ഞങ്ങൾ തിരിച്ചു വരുന്നത്വരെ അടങ്ങിയൊതുങ്ങി ഇവിടെ നിന്നോണം.

എന്തെങ്കിലും പ്രശ്നമുണ്ടായി ന്ന് ഞാനറിഞ്ഞാൽ….. ഈ വിശ്വനാഥ മേനോൻ ആരാണെന്നു രണ്ടാളും അറിയും.

മുതിർന്നു എന്നൊന്നും ഞാൻ നോക്കില്ല. നല്ല പുളിവാറൽ വെട്ടി അടിക്കും രണ്ടിനെയും. പറഞ്ഞില്ലെന്നു വേണ്ട. ”

അച്ഛന്റെ ആ ഡയലോഗിൽ അനുസരണയുള്ള കുട്ടികളായി തലയാട്ടി നിന്നു.

“വേണ്ട വേണ്ട ന്ന് വെക്കുമ്പോൾ…….. ഹും. ലക്ഷ്മി താൻ വന്നേ. ഇനിയും നിന്നാൽ വൈകും. ”

അമ്മയെ വിളിച്ചു ഞങ്ങളെ വീണ്ടും കനപ്പിച്ചൊന്നു നോക്കിയിട്ട് അച്ഛൻ പോയി കാറിൽ കയറി. അവര് പോകുന്നതും നോക്കി ഞങ്ങൾ അവിടെ തന്നെ നിന്നു.

കാർ ഗേറ്റ് കടന്നു പോയതും എന്നെനോക്കി പുച്ഛിച്ചിട്ട് കാടുവ വീടിനകത്തേക്ക് പോയി.

ഇതെന്ത് കൂത്ത്? ഇന്നലെ ഒരു കുഴപ്പവും ഇല്ലാരുന്നല്ലോ. ഒരു ദിവസത്തേക്കായിരുന്നോ ആ മാറ്റം. പണ്ടത്തെ ചന്ദ്രമൗലി വീണ്ടും തെങ്ങിൽ തന്നെ. അല്ലേലും ഈ കടുവ എന്നും കടുവ തന്നെ.

ഇയ്യാള് മാറാനൊന്നും പോണില്ല. ഛെ. എന്തൊക്കെയായിരുന്നു ഇന്നലെ ഇയ്യാളെക്കുറിച്ച് ആലോചിച്ചത്.

ഒരു നിമിഷത്തേക്ക് എങ്കിലും ഞാനും എന്തൊക്കെയോ ആഗ്രഹിച്ചു. എല്ലാം വെറുതെയായി. എന്റെ ഓരോരോ വട്ട്. അല്ലാണ്ടെന്താ?

എന്നാലും എന്തൊക്കെയായിരുന്നു കെട്ടിപ്പിടിക്കുന്നു, കരയുന്നു, നല്ല ശീലം പഠിപ്പിക്കുമെന്ന് പറയുന്നു, ഓണക്കോടി വാങ്ങി തരുന്നു…. പവനായി ശവമായി ന്ന് പറഞ്ഞപോലെ. ഞാനിപ്പോൾ ആരായി?

നന്നയെന്ന് ഞാനും വിചാരിച്ചു. ആദ്യം സ്വന്തം സ്വഭാവം നന്നാക്കട്ടെ എന്നിട്ട് മതി എന്റേത് നന്നാക്കാൻ വരല്. അല്ലെങ്കിൽ തന്നെ ഇയ്യാള് ആജ്ഞാപിക്കുമ്പഴേക്കും നന്നാവാൻ ഇയ്യാളാരാ എന്റെ അച്ഛനോ? പോയി പണി നോക്കാൻ പറ. ഒരു ചന്ദ്രമൗലി വന്നേക്കണു. പ്രിയയോടാ കളി. എന്നെ ശെരിക്കും അറിയില്ല….

അങ്ങനെ ഓരോന്ന് ആലോചിച്ചു പിറുപിറുത്തോണ്ട് പിറകിലേക്ക് തിരിഞ്ഞതും മാറിൽ കൈരണ്ടും പിണച്ചുകെട്ടി വാതിലിൽ ചാരിനിൽക്കുന്ന കടുവയെയാണ് കണ്ടത്. ഞാൻ പറഞ്ഞത് വല്ലതും കേട്ടിട്ടുണ്ടാവോ?

“നീയെന്തൊക്കെയാടി എണ്ണപ്പെറുക്കിക്കൊണ്ടിരിക്കണേ? ”

ഞാനൊന്നും മിണ്ടിയില്ല. തലതാഴ്ത്തി നിന്നു.

“അച്ഛനും അമ്മയും വരുന്നതുവരെ ഇവിടെ പാറാവ് നോക്കാനാണോ ഉദ്ദേശം? ”

“അല്ല. ”

“എന്നാപ്പിന്നെ അകത്തു കയറി ഇരുന്നൂടെ? ”

ശരി യെന്ന് തലയാട്ടി ഞാൻ അകത്തേക്ക് നടന്നു. പിറകെ കടുവയും.

“നീ എന്തെങ്കിലും കഴിച്ചതാണോ? ”

ആ ചോദ്യം കേട്ടപ്പോൾ അന്നൊരിക്കൽ ചായ വേണോന്ന് ചോദിച്ചതാണ് ഓർമവന്നത്. ഇനി കടുവയ്ക്ക് ചായയും പലഹാരവും ഉണ്ടാക്കി കൊടുക്കാൻ പറയുവോ?

“ആ കഴിച്ചു. ”

അടുത്തതായി എന്താണ് പറയാൻ പോകുന്നതെന്ന് അറിയാൻ ഞാനാ മുഖത്തേക്ക് തന്നെ നോക്കിനിന്നു.

“എന്നാ ഇവിടിരിക്ക് ഞാൻ കഴിച്ചിട്ട് വരാം. ”

കടുവ പറഞ്ഞിട്ട് കഴിക്കാൻ പോയി. ഞാനവിടെ സോഫയിൽ ഇരുന്നു. വെറുതെയിരുന്നപ്പോൾ ടീപോയിയിൽ ഉണ്ടായിരുന്ന ന്യൂസ്‌ പേപ്പർ വായിക്കാൻ തുടങ്ങി. ഭക്ഷണം കഴിക്കുന്നതിനിടയിലും കടുവയുടെ നോട്ടം എന്നെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

ആ അറിവ് എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടാക്കുന്നത് ഞാനറിഞ്ഞു. ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് വന്നപ്പോൾ താഴ്ത്തിപിടിച്ചിരുന്ന പത്രം ഞാൻ നിവർത്തി പൊക്കിപ്പിടിച്ചു.

എന്റെ ആ പ്രവൃത്തിയിൽ എനിക്ക് തന്നെ ചിരി വന്നു. അത്രയും നേരം പിടിച്ചുവെച്ചിരുന്ന നാണത്തിൽ പൊതിഞ്ഞൊരു പുഞ്ചിരി പത്രത്തിന്റെ മറവിൽ ഞാൻ പുറത്തെടുത്തു.

കടുവ ഇപ്പോൾ എന്തുചെയ്യുന്നുവെന്നോ കഴിച്ച് എണീറ്റോ ന്ന് പോലും എനിക്കറിയുന്നില്ലാർന്നു. ഞാനങ്ങനെ തന്നെ ഇരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ സോഫയിൽ എന്റെ വലതുവശത്തായി ഒരനക്കം. ഒപ്പം ടി. വി. യിൽ നിന്നുള്ള ശബ്ദവും. പതുക്കെ പത്രം മാറ്റിനോക്കി. കടുവ തൊട്ടടുത്തിരുന്ന് ഫയൽ നോക്കുന്ന തിരക്കിലാണ്.

ടി. വി യിൽ ഏതോ ഇംഗ്ലീഷ് ന്യൂസ്‌ ചാനലാണ് വെച്ചിരിക്കുന്നത്. മലയാളത്തിൽ ഇക്കണ്ട ന്യൂസ്‌ ചാനലുകൾ ഉള്ളതൊന്നും പോരാഞ്ഞിട്ടാണ് ഇംഗ്ലീഷ്. ഒരു സായിപ്പ് വന്നേക്കണു.

എന്നിട്ട് ആള് അത് കാണുന്നുണ്ടോ. അതുമില്ല. മുഴുവൻ ശ്രദ്ധയും ഫയലിലാണ്. വെറുതെ കറണ്ട് കളയാണ്.

ചോദിക്കണം ന്നുമുണ്ട് ചോദിക്കണ്ട ന്നുമുണ്ട്. ചോദിച്ചാൽ ചിലപ്പോൾ “എന്റെ ഡാഡിയല്ലേ ബില്ലടക്കുന്നത് നിനക്കെന്താ ” ന്ന് ചോദിച്ചാലോ.

നിവർത്തിയില്ലാതെ ഞാനും ആ ന്യൂസ്‌ കണ്ടിരുന്നു.
പൊട്ടന്റെ മുന്നിൽ ശംഖൂതുന്നതുപോലെ ആ പെണ്ണ് എന്തൊക്കെയോ പറയുന്നുണ്ട്. ഞാൻ ഉറക്കം വന്ന് കോട്ടുവാ ഇടാൻതുടങ്ങി. പെട്ടന്ന് ചാനൽ മാറി. HBO. അതിലാണെങ്കിലോ ഏതോ ഒരു ആക്ഷൻ ഫിക്ഷൻ സിനിമ.

ആകമൊത്തം ഇടി വെടി പൊഹ. ഇതിലും ഭേദം ന്യൂസ്‌ ആയിരുന്നു. ഞാൻ ദയനീയമായി കടുവയെ നോക്കി. മര്യാദക്ക് ഏതെങ്കിലും മലയാളം പരിപാടികളും കണ്ട് ഔട്ട്‌ ഹൗസിൽ ഇരിക്കേണ്ട ഞാനാ….

എന്റെ ഇരുത്തം കണ്ടിട്ടോ എന്തോ കടുവ റിമോട്ട് എന്നെ ഏൽപ്പിച്ചു. ഓണം ബംമ്പർ അടിച്ച സന്തോഷമായിരുന്നു എനിക്ക്. എന്റെ പൊന്നു കടുവ !കെട്ടിപിടിച്ചു ഉമ്മ കൊടുക്കാൻ തോന്നി.

സാധനം കൈയിൽ കിട്ടിയ സന്തോഷത്തിൽ ഇഷ്ടപ്പെട്ട ചാനലുകൾ വെച്ചപ്പോൾ അതിലൊക്കെ ഓരോ വള്ളി പൊട്ടിയ പടങ്ങൾ. മൂഡ് ഓഫായി.

അവസാനം മാറ്റി മാറ്റി CN ൽ എത്തി. കാർട്ടൂൺ. Oggy and the cockroaches. നല്ല തമാശ തോന്നിയപ്പോൾ മാറ്റാൻ പോയില്ല.

കടുവ അടുത്തിരിക്കുന്നത് ഓർക്കാതെ പൊട്ടിച്ചിരിച്ചു. ഓർമ വന്ന് തല ചെരിച്ച് നോക്കിയപ്പോൾ ഏതോ അന്യഗ്രഹ ജീവിയെ കണ്ടതുപോലെ എന്നെത്തന്നെ നോക്കിയിരിക്കുന്നു.

ഞാനൊന്ന് ഇളിച്ചുകൊടുത്തു. ഉടനെ ആ മുഖം ദേഷ്യം കൊണ്ട് ചുവന്നുതുടുത്തു. എന്നെയും ടി. വി. യും മാറി മാറി നോക്കി.

ആ മുഖം കണ്ടു പേടിച്ചു വെപ്രാളപ്പെട്ട് ചാനൽ മാറ്റി. ഏതൊക്കെ അക്കങ്ങളാണ് ഞെക്കിയതെന്ന് പോലും ഓർമയില്ല.

വന്നത് സൺ മ്യൂസിക് ആയിരുന്നു. പെട്ടന്ന് അതിൽ വന്ന പാട്ട് കണ്ട് ഉടലോടെ മുകളിലോട്ട് പോവാൻ തോന്നി.

ഞാനിവിടെ പ്രാണവേദനയിൽ ഇരിക്കുമ്പോൾ ടി. വി. യിൽ മധു ബാലയും അരവിന്ദ് സ്വാമിയും തകർത്തഭിനയിക്കായിരുന്നു.

“പുതു വെള്ളൈ മഴൈ ഇങ്ക് പൊഴിയ്കിൻട്രത്

ഇന്ത കൊള്ളൈ നില ഉടൽ നനയ്കിൻട്രത്

ഇങ്ക് സൊല്ലാത ഇടം കൂട കുളിർകിൻട്രത്

മനം സൂടാന ഇടം തേടി അലയ്കിൻട്രത്

നദിയേ നീയാനാൽ കരൈ നാനേ
സിര് പറവൈ നീയാനാൽ ഉൻ വാനം നാനേ

പുതു വെള്ളൈ മഴൈ….

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13

Mr. കടുവ : ഭാഗം 14

Mr. കടുവ : ഭാഗം 15

Mr. കടുവ : ഭാഗം 16

Mr. കടുവ : ഭാഗം 17

Mr. കടുവ : ഭാഗം 18

Mr. കടുവ : ഭാഗം 19