Sunday, December 22, 2024
Novel

Mr. കടുവ : ഭാഗം 11

എഴുത്തുകാരി: കീർത്തി


ഇത്രയും നേരം പ്രിയക്കുട്ടി പ്രിയക്കുട്ടി ന്നും പറഞ്ഞു നടന്നിരുന്ന ആളു പെട്ടന്ന് പെങ്ങളെ ന്ന് വിളിച്ചുവന്നാൽ പിന്നെ ആരായാലും ഒന്നമ്പരക്കും. ഇതെന്താണാവോ പെട്ടന്നൊരു പെങ്ങൾ.?

“അച്ചുവേട്ടൻ സഹായിക്കണോ പെങ്ങളെ? ”

“ഇതെന്താ പെട്ടന്നൊരു പെങ്ങള് വിളി? ”

ഞാൻ ചോദിച്ചു.

“ഒന്നും പറയണ്ട ന്റെ പെങ്ങളെ ഈ ഏട്ടൻ നിന്നെ തിരിച്ചറിയാൻ വൈകിപ്പോയി. ”

“എന്ത് തിരിച്ചറിയാൻ? ”

“അതൊന്നും ഇപ്പൊ പെങ്ങൾ അറിയണ്ട. സമയാവുമ്പോൾ ഒക്കെ മനസിലായിക്കോളും. ”

“എന്നാലും ഇങ്ങനെ പെങ്ങളെ പെങ്ങളെ ന്ന് വിളിച്ചാലേ പെങ്ങളാവൂ? എന്നെ പ്രിയന്ന് വിളിച്ചാൽ മതി. ”

“അത് കേക്കുന്നവനും കൂടെ തോന്നണ്ടേ? ”

“അച്ചുവേട്ടൻ ഇത് എന്തൊക്കെയാ ഈ പറയണേ? ”
രാധു ചോദിച്ചു.

“പച്ചയായ പരമാർത്ഥം…. ”
ഒരു ദീർഘനിശ്വാസത്തോടെ അച്ചുവേട്ടൻ പറഞ്ഞു.

“ഏതായാലും സഹായിക്കാൻ വന്നതല്ലേ ഈ മുകളിലെ വിളക്കുകൾ ഒന്ന് കത്തിച്ചുതരുവോ ഞങ്ങൾക്ക് എത്തണില്ല്യ. ”
ഞാൻ പറഞ്ഞു.

“അത്രേയുള്ളൂ ഏട്ടൻ കത്തിച്ചുതരാലോ. ”

വലിയ ഏട്ടൻ ഭാവത്തിൽ എന്റെ കൈയിൽനിന്നും ആ തുണി ചുറ്റിയ വടി വാങ്ങിച്ച് മുകളിലെ വിളക്കുകൾ കത്തിക്കാനായി കൈയുയർത്തി.

“അയ്യോ….. അമ്മേ….. ”

പൊക്കിയതിലും വേഗത്തിൽ ആ കൈ താഴ്ത്തിപ്പിടിച്ച് അച്ചുവേട്ടൻ നിലവിളിച്ചു.

“എന്താ ഏട്ടാ? ”

“പൊക്കാൻ പറ്റണില്ല. ഭയങ്കര വേദന. ”

“എന്തു പറ്റിയതാ? കുറച്ചു മുന്നേവരെ കുഴപ്പമൊന്നും ഇല്ലാരുന്നല്ലോ? ”

“ഓ…. ഒന്നും പറയണ്ട ഒരാളെ പരിചയപ്പെടാൻ ഷേക്ക്‌ ഹാൻഡ് കൊടുത്തതാ. ”

“ഷേക്ക്‌ ഹാൻഡ് കൊടുത്താൽ ഇങ്ങനെ വേദനിക്കുവോ? ”

“പിന്നെ….. ആളും തരോം നോക്കി കൊടുത്തില്ലേൽ കൈ മാത്രല്ല വേറെ പലേടത്തും വേദനിച്ചൂന്ന് വരും. അതോണ്ട് പെങ്ങള് എങ്ങനേലുമൊക്കെ കത്തിക്ക് ഏട്ടനൊന്ന് റസ്റ്റ്‌ എടുക്കട്ടേ. ”

തിരിച്ചു പോകുന്നതിനിടയിൽ അച്ചുവേട്ടൻ “കാലമാടൻ ഒടുക്കത്തെ പിടിയാണല്ലോ പിടിച്ചത് ” ന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു.

പിന്നീട് ഞാനും രാധുവും വിളക്ക് കത്തിക്കുന്നതിൽ ഫുൾ കോൺസൻട്രേഷൻ കൊടുത്തു. അങ്ങനെ കത്തിച്ചു കത്തിച്ചു വന്നപ്പോൾ രാധുന്റെയും രാഗിയുടേയുമൊക്കെ കൂട്ടത്തിൽ നിന്നും മാറിയത് ഞാനറിഞ്ഞില്ല.

പുറകിലൊരു കാൽപ്പെരുമാറ്റം കേട്ടപ്പോഴാണ് ഞാൻ തിരിഞ്ഞുനോക്കിയത്.

ക്ഷേത്രത്തിന്റെ പിറകുവശത്താണ് ഞാനിപ്പോൾ നിൽക്കുന്നത്.

കുറച്ചുമാറി രണ്ടു അമ്മമാർ നിൽക്കുന്നതൊഴിച്ചാൽ വേറെ ആരുംതന്നെ ആ പരിസരത്തില്ല.

ശബ്ദം കേട്ടു തിരിഞ്ഞുനോക്കിയ ഞാൻ കണ്ടത് രണ്ടുകൈയും എളിയിൽ കുത്തി എന്നെത്തന്നെ നോക്കി നിൽക്കുന്ന കടുവയെയാണ്.

മടിക്കുത്തഴിച്ചിട്ടിരിക്കുന്ന മുണ്ടിന്റെ ഒരറ്റം ഒരുകൈയിൽ പിടിച്ചിട്ടുണ്ട്.

ദേഹത്തുനിന്നും ഊരിമാറ്റിയ ഷർട്ട്‌ തോളിലും. വെളുത്ത് രോമാവൃതമായ നെഞ്ചോട് പറ്റിച്ചേർന്ന് കിടക്കുന്ന ആ നീളൻ ചെയ്നിലേക്കാണ് എന്റെ കണ്ണുടക്കിയത്.

കാരണം കത്തിച്ചുവെച്ച വിളക്കുകളുടെ ദീപപ്രഭയിൽ ആ പുലിനഖലോക്കറ്റിലെ സ്വർണം കെട്ടിയ ഭാഗം നന്നായി പ്രകാശിക്കുന്നുണ്ടായിരുന്നു.

അത് ആ ശരീരത്തെ ഒന്നുകൂടി സുന്ദരമാക്കി.

ഞാൻ പതുക്കെ തലയുയർത്തി ആ മുഖത്തേക്ക് നോക്കിയപ്പോൾ ഇതുവരെ ആ രൂപത്തെക്കുറിച്ച് ഞാൻ നടത്തിയ ആസ്വാദനക്കുറിപ്പ് നിർദാക്ഷിണ്യം വെട്ടിക്കൂട്ടി നൂറിൽ പൂജ്യം മാർക്കിടാനാണ് തോന്നിയത്.

ഏകദേശം ഒരു പത്തു അമ്പത് കിലോനെങ്കിലും കാണും ഇപ്പൊ ആ തിരുമോന്തയുടെ വെയ്റ്റ്. ഇയ്യാളെന്തിനാ എന്നെ കാണുമ്പോൾ മാത്രം ഇങ്ങനെ ദേഷ്യപ്പെടുന്നെ?

എനിക്ക് തോന്നുന്നത് കഴിഞ്ഞ ജന്മത്തിൽ ഇയ്യാളെ കൊന്നത് ഞാനാവും. അത് ഈ ജന്മത്തിലും ആവർത്തിക്കാനുള്ള പ്ലാനാണ്.

ഒറ്റയ്ക്ക് നിർത്തി പേടിപ്പിക്കാൻ നോക്കാണ്. ഹും… അങ്ങനെയൊന്നു പേടിക്കുന്നവളല്ല ഈ പ്രിയദർശിനി.

അതീ ചന്ദ്രമൗലിക്ക് മനസ്സിലാവാനിരിക്കുന്നതെയുള്ളൂ. പേടിപ്പിക്കൽ മാത്രമേയുള്ളൂ? ഡയലോഗൊന്നുമില്ലേ? ഏതായാലും ഇപ്പൊ പൊട്ടാൻപോകുന്ന പടക്കത്തിനും ഞാൻതന്നെ തിരികൊളുത്തട്ടെ.

“മ്മ്….? എന്താ? ”
ഞാൻ ചോദിച്ചു.

“നീയെന്താടി താരയോട് പറഞ്ഞത്? ”

ഓഹ്….. തേച്ചിട്ട് പോയവളാണെങ്കിലും ഇപ്പഴും മനസിൽ ലവളാണല്ലേ? എക്സ് കാമുകിയെ പറഞ്ഞതൊന്നും നമ്മുടെ കഥാനായകന് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നണു. ചോദിക്കാൻ വന്നതാ.

“ഞാനെന്തൊക്കെയാ പറഞ്ഞതെന്ന് നിങ്ങളെല്ലാരും കേട്ടതല്ലേ. ”

“അതല്ല. ആ 2, 3km നീളമുള്ള കുറെ ഡയലോഗ് പറഞ്ഞിട്ട് വീണ്ടും അവളെ വിളിച്ചുനിർത്തി എന്തോ പറഞ്ഞേർന്നില്ലേ? അതെന്താണെന്ന്? ”

കാടുവേടെ പോക്ക് അങ്ങോട്ടാണല്ലേ?

“അതോ? അത് ഞങ്ങൾ തമ്മിലൊരു രഹസ്യം പറഞ്ഞതാ. നേരത്തെ പറഞ്ഞ km നീളമുള്ള ഡയലോഗിന്റെ ഒപ്പം പറയാൻ പറ്റീലാർന്നു . ”

“അതെന്താണെന്നാ ചോദിച്ചത്. ”

“അതല്ലേ ഞാനും പറഞ്ഞത് രഹസ്യാണെന്ന്. രഹസ്യങ്ങൾ ആരേലും പരസ്യാക്കുവോ? ”

“അപ്പോ നീ പറയില്ല ”

രണ്ടടി എന്റടുത്തേക്ക് നീങ്ങിനിന്നുകൊണ്ട് കടുവ ചോദിച്ചു.

“വെരി സോറി. നിങ്ങൾ വേണെങ്കി അവളോട്‌ പോയി ചോദിക്ക്. ”

ഇനിയും അവിടെനിന്നാൽ ശെരിയാവില്ലെന്ന് തോന്നിയതുകൊണ്ട് ഞാൻ വേഗം അവിടുന്നു തടിതപ്പി.

ഒരുപാട് നേരത്തെ ഞങ്ങളുടെയെല്ലാം പരിശ്രമത്തിന്റെ ഫലമായി അമ്പലം നിറയെ ദീപങ്ങൾകൊണ്ട് അലംകൃതമായി.

വൈദ്യുതലൈറ്റുകളൊന്നും തെളിയിക്കാതെ ചുറ്റും ഇരുട്ട് വീണുതുടങ്ങിയ ആ സന്ധ്യാനേരത്ത് മുഴുവനായും വിളക്കുകളുടെ ദീപപ്രകാശത്തിൽ മുങ്ങിനിൽക്കുന്ന ക്ഷേത്രം നയനമനോഹരമായ ഒരു കാഴ്ചയായിരുന്നു.

എല്ലാം കഴിഞ്ഞ് ഏവരും ദീപാരാധനയ്ക്ക് ആ കള്ളക്കൃഷ്ണന്റെ മുന്നിൽ തൊഴുകൈകളോടെ പ്രാർത്ഥിച്ചുനിന്നു.

എല്ലാവരും തങ്ങളുടെ വിഷമങ്ങളും വേദനകളും ഭഗവാനുമുന്നിൽ സമർപ്പിച്ചു. ഞാനും തൊഴുകൈയോടെ അമ്മയുടെ അടുത്ത് പോയിനിന്നു.

‘ഞാനെന്താ ഭഗവാനെ നിന്നോട് പറയാ? നഷ്ടങ്ങൾ മാത്രല്ലേ എനിക്ക് പറയാനുള്ളൂ. ആ നഷ്ടങ്ങളൊന്നും നികത്താൻ ഒരിക്കലും കഴയില്ലല്ലോ?

പിന്നെ എന്ത് പ്രതീക്ഷയാണ് എനിക്കുള്ളത്? ഒന്നൂല്ല്യ. മുകളിൽ ആകാശം താഴെ ഭൂമി.അതാണ് ഇപ്പൊ എന്റെ അവസ്ഥ. ഒരാഗ്രഹങ്ങളും ഇല്ല.

അതുകൊണ്ട് നിന്റെ മുന്നിൽ നിൽക്കുന്ന ഈ പാവങ്ങളുടെ സങ്കടങ്ങൾ തീർത്തുകൊടുക്കണേ.

പിന്നെ എനിക്കായ് പ്രാര്ഥിക്കാനാണെങ്കിൽ…. എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്റെ ഏട്ടനെ എനിക്ക് കാണിച്ചുതരണേ. അതുമാത്രം മതി. അതുമാത്രം. ‘

പൂജയൊക്കെ കഴിഞ്ഞപ്പോൾ അമ്മമാരും രാഗിയും കൂടി പ്രസാദം വാങ്ങാനായി പോയി. ഇപ്പൊ വരാമെന്നു പറഞ്ഞ് അച്ഛൻ കമ്മിറ്റി ഓഫീസിലേക്കും പോയി. കടുവ പിന്നെ കൂട്ടുകാരുടെ കൂടെത്തന്നെ.

ഞാനും രാധുവും കൂടി അമ്പലത്തിന്റെ മുന്നിലുള്ള പടിക്കെട്ടിൽ ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു.

അപ്പോഴാണ് വരുന്ന ഞായറാഴ്ച രാധുവിന്റെ പിറന്നാളാണെന്ന് അവൾ പറഞ്ഞത്.

“പിറന്നാളായിട്ട് എന്തൊക്കെയാണ് പരിപാടികൾ? ”

“അങ്ങനെ പ്രതേകിച്ചു ഒന്നുല്ല്യ. രാവിലെ അമ്പലത്തിൽ വരും. ഉച്ചയ്ക്ക് ഒരു കുഞ്ഞു സദ്യ. കഴിഞ്ഞു. നീ വരണം. ”

“ഇത്തവണ എന്തായാലും അതൊന്നും പറ്റില്ല. ഞാനും ഉള്ളതല്ലേ. നമുക്ക് അടിച്ചുപൊളിക്കണം. വേണെങ്കിൽ അച്ഛനേം അമ്മേം ചന്ദ്രുവേട്ടനെയൊക്കെ വിളിക്കാം. ”

“അതൊന്നും വേണ്ട ടി. അതിനുള്ള ബഡ്ജറ്റൊന്നും ഇല്ല. ”

“എന്നാലും.. ”

“ഒരെന്നാലും ഇല്ല. ”

ആഘോഷമൊന്നും വേണ്ടെന്നു പറഞ്ഞു രാധു കുറെ എതിർത്തു. അവള്ടെ മുമ്പിൽ എല്ലാം സമ്മതിച്ചുകൊടുത്തെങ്കിലും ഇത്തവണത്തെ രാധുന്റെ പിറന്നാൾ നല്ല രീതിയിൽതന്നെ ആഘോഷിക്കണമെന്ന് ഞാൻ തീരുമാനിച്ചു.

അങ്ങനെയിരുന്നപ്പോളാണ് കടുവച്ചേട്ടന്റെ തേപ്പുകഥയുടെ പൂർണരൂപം അറിയാനൊരു മോഹം. രാധുവിനോട് ചോദിച്ചപ്പോൾ അവൾക്ക് കൃത്യമായി ഒന്നും അറിയില്ല.

അവര് തമ്മിൽ ഇഷ്ടത്തിലായിരുന്നതും വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം ഉറപ്പിച്ചതും മുഹൂർത്തത്തിന് നിമിഷങ്ങൾ ബാക്കിനിൽക്കെ താര അപ്രത്യക്ഷയായതും പിറ്റേന്ന് ഗൗതം ന്നു പറയുന്ന ഒരുത്തൻറെ കൂടെ പ്രത്യക്ഷപ്പെട്ടതും മാത്രമേ അവൾക്കറിയൂ.

അമ്മയോട് ചോദിക്കാമെന്നുവെച്ചാൽ പഴയതൊക്കെ ഓർത്ത് വിഷമായി, അതറിഞ്ഞുള്ള കടുവയുടെ പ്രകടങ്ങളുമൊക്കെ ഓർത്തപ്പോൾ ആ വഴി വേണ്ടെന്ന് വെച്ചു.

ആ കൂട്ടുകാര് ചേട്ടന്മാരോട് ചോദിച്ചാൽ ചിലപ്പോൾ കിട്ടും. പക്ഷെ ആരോട് ചോദിക്കും.? 🤔🤔🤔

ആ കൂട്ടത്തിൽ ആരാണിപ്പോ അതിനുപറ്റിയ ആളെന്നു ആലോചിച്ചുകൊണ്ട് ഇരുന്നപ്പോഴാണ് അച്ചുവേട്ടൻ ഞങ്ങളുടെ അടുത്ത് വന്നിരുന്നത്.

ആ സമയത്തു എന്റെ മനസ്സിൽ, തലയ്ക്കു മുകളിൽ പ്രഭാവലയമുള്ള ഒരു മാലാഖയുടെ രൂപമായിരുന്നു അച്ചുവേട്ടന്. അച്ചുവേട്ടനെ പിടിച്ചിരുത്തി ഒരുപാട് പതപ്പിച്ച് ആ കഥ പറഞ്ഞുതരാൻ പറഞ്ഞു.

പറഞ്ഞുതരുന്നതിന് മുൻപ് പുള്ളി ഞങ്ങളെകൊണ്ട് സത്യം ചെയ്യിച്ചു.

“ഈ കഥ ഞാനാണ് പറഞ്ഞുതന്നതെന്ന് ആരൊക്കെ അറിഞ്ഞാലും മൗലി മാത്രം അറിയരുത് “ന്ന്.

അമ്പലത്തിൽ വെച്ച് കൃഷ്ണ ഭഗവാനെ സാക്ഷിനിർത്തി ഞാനും രാധുവും അച്ചുവേട്ടന്റെ വലതുകൈയിലടിച്ച് സത്യം ചെയ്തു. അങ്ങനെ അച്ചുവേട്ടൻ സംഭവബഹുലമായ ആ തേപ്പുഗത ഞങ്ങൾക്ക് മുന്നിൽ അനാവരണം ചെയ്തു.

“ഹരി, മൗലി, മിഥുൻ, സുധി, പിന്നെ…. ”

“പിന്നെ ഞാനും. ”
അച്ചുവേട്ടൻ പറയും മുന്നേ ഞാൻ ചാടിക്കേറി പറഞ്ഞു.

“പിന്നെ ഞാനോ? “രാധു ചോദിച്ചു.

“ഞാൻ എന്ന് പറഞ്ഞാൽ അച്ചുവേട്ടൻ. ”
ഇളിച്ചോണ്ട് ഞാൻ പറഞ്ഞു.
അച്ചുവേട്ടൻ ദേഷ്യപ്പെട്ടു.

“ദേ മിണ്ടാതിരുന്ന് കേൾക്കാൻ തയ്യാറാണെങ്കിൽ മാത്രേ ഞാൻ കഥ പറയൂ. ”

അച്ചുവേട്ടൻ പിണക്കം നടിച്ച് തിരിഞ്ഞിരുന്നു. കുറെ സോറിയൊക്കെ പറഞ്ഞ് പിണക്കം മാറ്റി അച്ചുവേട്ടനെ പിടിച്ച് ഞങ്ങളുടെ നടുക്കിരുത്തി. ഏട്ടൻ വീണ്ടും കഥ പറഞ്ഞുതുടങ്ങി.

“ഞങ്ങൾ നാലു പേരും ഒന്നാം ക്ലാസ്സ്‌ മുതലേ ഒരുമിച്ചായിരുന്നു. മിഥുൻ അഞ്ചാം ക്ലാസ്സ്‌ മുതലാണ് ഞങ്ങൾക്കിടയിലേക്ക് വന്നത്. എല്ലാവരും ഞങ്ങളെ പാണ്ഡവരെന്ന് പറഞ്ഞാ കളിയാക്കിയിരുന്നത്.

ഞങ്ങൾക്കതിൽ സന്തോഷം മാത്രേ ഉണ്ടായിരുന്നുള്ളൂ. സഹോദരങ്ങളെപോലെയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്.

ഹരിയാണ് ഞങ്ങളിലെ യുധിഷ്ഠിരൻ. മൗലി അർജുനും. എന്ത് കാര്യത്തിനും അവരായിരുന്നു അവസാനവാക്ക്.

ഞങ്ങൾക്ക് ഡിഗ്രിക്കും ഒരേ കോളേജിൽ ഒരേ സബ്ജെക്ടിന് തന്നെ അഡ്മിഷൻ കിട്ടി. അത് ഞങ്ങൾക്കും വീട്ടുകാർക്കും ഒരുപോലെ സന്തോഷം ഉണ്ടാക്കുന്ന കാര്യമായിരുന്നു.

അവിടെ വെച്ചാണ് ഞങ്ങൾ ഗൗതമിനെ പരിചയപ്പെടുന്നത് മൗലിയെപോലെയായിരുന്നു അവനും – വലിയൊരു ബിസിനസ് കുടുംബത്തിലെ അംഗം.

ഞങ്ങളെക്കാളും മൗലിയുമായിട്ടാണ് അവൻ കൂടുതൽ കൂട്ടായത്. ഞങ്ങളിൽ ഒരാളായി പിന്നീടങ്ങോട്ട് അവനുമുണ്ടായിരുന്നു എന്തിനും ഏതിനും.

സെക്കൻഡ് ഇയറിലേക്കെത്തിയപ്പോൾ അവനെക്കുറിച്ചു കോളേജിന് അകത്തും പുറത്തുമായി ഒരുപാട് മോശം കൂട്ടുകെട്ടുകൾ തുടങ്ങി.

ആദ്യമൊക്കെ കാര്യമാക്കിയില്ല. പക്ഷെ പോകെ പോകെ അവൻ പോലീസ് കേസിലൊക്കെ ചെന്നുചാടാൻ തുടങ്ങിയപ്പോ കുറേ പറഞ്ഞുനോക്കി. അവൻ മനസിലാക്കാൻ കൂട്ടാക്കിയില്ല.

അത് കയ്യാങ്കളിയിൽ വരെയെത്തിയപ്പോൾ ആ സൗഹൃദം അവിടെ അവസാനിക്കുകയായിരുന്നു. എല്ലാ അർത്ഥത്തിലും അവൻ ഞങ്ങൾക്ക് എതിരായി.

അങ്ങനെ ഞങ്ങൾ തേർഡ് ഇയറായപ്പോഴാണ് താരയും ഞങ്ങളുടെ കോളേജിൽ ജോയിൻ ചെയ്യുന്നത്. ചെറുപ്പം മുതൽക്കേ ഞങ്ങളറിയുന്ന കുട്ടിയായിരുന്നു അവൾ.

മൗലീടെ വീട്ടിലെ കാര്യസ്ഥൻ കൃഷ്ണേട്ടന്റെ ഒരേയൊരു മകൾ. കൂടാതെ മൗലിയുടെ അനിയത്തിയുടെ കളികൂട്ടുകാരി. ”

“ചന്ദ്രുവേട്ടന് അനിയത്തിയോ? ”

പറഞ്ഞത് വിശ്വസിക്കാനാകാതെ ഞാൻ ചോദിച്ചു.

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10