Saturday, January 18, 2025
Novel

കൗസ്തുഭം : ഭാഗം 24

എഴുത്തുകാരി: അഞ്ജു ശബരി


സുഭദ്ര രാത്രി കിടക്കാനായി മുറിയിലേക്ക് വന്നപ്പോൾ അവിടെ ചന്ദ്രബാബു ഉണ്ടായിരുന്നില്ല…

അവർ അയാളെ അന്വേഷിച്ചു മുറിക്ക് പുറത്തുള്ള ബാൽക്കണിയിലേക്ക് നടന്നു…

അവിടെ അയാൾ എന്തോ ആലോചിച്ചു കൊണ്ട് ഒരു സിഗരറ്റും വലിച്ചു കൊണ്ട് നില്ക്കുന്നുണ്ടായിരുന്നു…

“ചന്ദ്രേട്ടാ… എന്താ എന്തുപറ്റി കാര്യമായി ആലോചിക്കുന്നുണ്ടല്ലോ ”

“ഏയ് ഞാൻ നവിയെപ്പറ്റി ആലോചിച്ചതാ.. അവൻ… അവൻ നിന്നെ വിളിക്കാറുണ്ടോ ”

നവനീതിന്റെ കാര്യം കേട്ടപ്പോൾ സുഭദ്രയുടെ കണ്ണ് നിറഞ്ഞു വന്നു..

“ഇല്ല ചന്ദ്രേട്ടാ… അവനിവിടുന്നു പോയതിനുശേഷം ഒരുതവണ പോലും അവൻ എന്നോട് സംസാരിച്ചിട്ടില്ല…”

“പലതവണ ഞാൻ അവനെ വിളിച്ചു അപ്പോഴൊക്കെ അവൻ എന്റെ ഫോൺ അറ്റൻഡ് ചെയ്തിട്ടുണ്ട് പക്ഷേ ഒന്നും മിണ്ടാതെ കാതിൽ വച്ച് കുറച്ചു നേരം നിൽക്കും… പക്ഷെ എന്നോട് ഒന്നും സംസാരിക്കില്ല ”

“അല്ല ചന്ദ്രേട്ടാ.. എന്താ ഇപ്പോ നവനീതിന്റെ കാര്യം ഓർക്കാൻ…”

“ഏയ് വെറുതെ..”

“ഞാനൊരു കാര്യം പറഞ്ഞാൽ ചന്ദ്രേട്ടൻ ദേഷ്യപ്പെടരുത്..”

“ഇല്ല നീ പറയ് ….”

“എന്തിനു വേണ്ടിയാ അങ്ങനെയൊക്കെ ചെയ്തത്… അവന്റെ ഇഷ്ടം അതാണെങ്കിൽ അതങ്ങു നടത്തി കൊടുത്തുകൂടായിരുന്നോ എങ്കിൽ അവനിപ്പോ നമ്മോടൊപ്പം ഉണ്ടാവുമായിരുന്നില്ലേ…”

“അവൻ കരുതുന്നത് ആ പെൺകുട്ടിയും വീട്ടുകാരും നാടുവിട്ട് പോകാനുള്ള കാരണം ഞാനും കൂടെ ആണെന്നാ.. അവന്റെ ഇഷ്ടം അവൻ എന്നോട് മാത്രമേ പറഞ്ഞിരുന്നുള്ളൂ…”

” ഞാനാണ് നിങ്ങളോട് പറഞ്ഞതും ഇതൊക്കെ ചെയ്യിച്ചതും എന്നാണ് അവൻ കരുതിയിരിക്കുന്നത്..”

“അമ്മമാർക്ക് മക്കളെല്ലാം ഒരു പോലെയല്ലേ… കഴിഞ്ഞ നാലുവർഷമായി എന്റെ കുഞ്ഞിനെ ഒന്ന് കാണാനും ഒന്ന് സംസാരിക്കാനും ഞാൻ എന്തുമാത്രം ആഗ്രഹിക്കുന്നുണ്ട് എന്ന് ചന്ദ്രേട്ടന് അറിയോ….”

സുഭദ്ര പറഞ്ഞു നിർത്തി

“അതിന് മാത്രം ഞാൻ എന്ത് തെറ്റാ സുഭദ്രേ ചെയ്തത്… നമ്മുടെ നിലയ്ക്കും വിലയ്ക്കും അന്തസ്സിനും ഒത്ത ഒരു പെൺകുട്ടിയെ നമ്മുടെ മകൻ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചത് ഒരു വലിയ തെറ്റാണോ…”

ചന്ദ്രബാബു ചോദിച്ചു..

“അതൊരു തെറ്റല്ല പക്ഷേ അതിനുവേണ്ടി ആ പെൺകുട്ടിയുടെ കുടുംബത്തിനെ ദ്രോഹിക്കണമായിരുന്നോ…”

“ഞാൻ അവരോട് ഒരു ദ്രോഹവും ചെയ്തിട്ടില്ല… അവര് നാടു വിട്ട് പോകാൻ കാരണം ഞാനല്ല നീ എങ്കിലും അതൊന്ന് മനസ്സിലാക്കുക…”

“അതുപോട്ടെ കഴിഞ്ഞത് കഴിഞ്ഞു ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല അവൻ എന്നെങ്കിലും നമ്മളെ മനസ്സിലാക്കി നമ്മുടെ അടുത്തേക്ക് തിരികെ വരും എനിക്ക് ഉറപ്പുണ്ട് ചന്ദ്രേട്ടാ…”

“തിരികെ വരണം അതിനുള്ള വഴിയാ ഞാൻ ആലോചിക്കുന്നത്..”

“എന്തു വഴി…”

“സുഭദ്രേ… അവനാ പെൺകുട്ടിയെ മറന്നുകഴിഞ്ഞു….”

“അത് ചന്ദ്രേട്ടന് എങ്ങനെ അറിയാം…”

“ഏകദേശം നാല് വർഷത്തോളം ആയില്ലേ അവൻ പോയിട്ട്… അനാമികയെ തേടി ഒരുപാട് അലഞ്ഞിട്ടുണ്ടാവാം പക്ഷേ കണ്ടിട്ടുണ്ടാവില്ല… അതാവും അവന് ഇങ്ങനെ ഒരു മാറ്റം”

“എന്ത് മാറ്റം ചന്ദ്രേട്ടൻ എന്തൊക്കെയാ ഈ പറയുന്നേ എനിക്കും കൂടി മനസ്സിലാവുന്ന ഭാഷയിൽ പറയൂ…”

“അവൻ ഇപ്പോൾ മറ്റൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണ്…”

ചന്ദ്രബാബു പറയുന്ന കേട്ട് സുഭദ്ര ഒന്ന് ഞെട്ടി…

” മറ്റൊരാളുമായി ഇഷ്ടത്തിലോ ആരാത്..”

” സുഭദ്രേ നിനക്ക് അറിയാവുന്ന പെൺകുട്ടിയാണ്…”

“ആരാണെന്ന് പറയൂ ചന്ദ്രേട്ടാ… ഞാൻ പോയി അവരുടെ കാലു പിടിച്ചിട്ട് ആണെങ്കിലും രണ്ടുപേരെയും നമ്മുടെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവരാം..”

“വേറാരുമല്ല അത് ശിവദാസന്റെ മകളാണ് അനുരാധ…”

” ശിവേട്ടൻ മോളോ അനുവോ… അവരെങ്ങനെ പരസ്പരം..”

“അതൊന്നും എനിക്കറിയില്ല പക്ഷേ അവർ രണ്ടു പേരും ഒരു വീട്ടിലാണ് കഴിഞ്ഞ ആറുമാസമായി താമസിക്കുന്നത്…”

“ഒരു വീട്ടിലോ അപ്പൊ… അപ്പോൾ അവരുടെ വിവാഹം കഴിഞ്ഞോ..”

“ഏയ് അങ്ങനെയൊന്നുമല്ല… അവന്റെ വീട്ടിൽ ആണ് അവൾ വാടകയ്ക്ക് താമസിക്കുന്നത്… അതെന്തോ ഒരു ഹോംസ്റ്റേയോ മറ്റോ ആണ്…”

“ഇതൊക്കെ ഏട്ടൻ എങ്ങനെ അറിഞ്ഞു…”

” അനുരാധ നമ്മൾക്കെതിരെ കൊടുത്ത കേസിന്റെ അവസാനത്തെ ഹിയറിങ്ങിന് അവളോടൊപ്പം നവനീതും കോടതിയിൽ ഉണ്ടായിരുന്നു…”

“അങ്ങനെ അന്വേഷിച്ചപ്പോഴാണ് ഈ വിവരങ്ങൾ ഒക്കെ ഞാനറിഞ്ഞത് ..”

“ചന്ദ്രേട്ടാ എനിക്ക് ചന്ദ്രേട്ടനോട് ഒരു അപേക്ഷയുണ്ട്.. അഥവാ അവർ തമ്മിൽ അങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ ദയവായി തടസ്സം നിൽക്കരുത്…. കുടുംബങ്ങൾ തമ്മിലുള്ള പിണക്കം കൂടി അതിൽ കൂടി മാറുമെങ്കിൽ അത് നല്ല കാര്യമല്ലേ…”

“ഞാനും അതിനെക്കുറിച്ച് തന്നെയാണ് ആലോചിക്കുന്നത്…. നീ പോയി അവനെ കാണണം വീട്ടിലേക്ക് കൂട്ടികൊണ്ടു വരണം… ”

“ഞാൻ പോകാം ചന്ദ്രേട്ടാ… ”

” സമയം ഒരുപാടായി കിടക്കാൻ നോക്ക്… ജീവന്റെ കല്യാണത്തിന് ഇനി ദിവസങ്ങളെയുള്ളൂ… ഉറക്കം കളയണ്ട നാളെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉള്ളത്.. ” സുഭദ്ര പറഞ്ഞു

“മ്മ്… കിടക്കാം.. ”

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

അടുത്ത ദിവസം രാവിലെ വീടിന്റെ മുൻപിലെ കോളിംഗ് ബെൽ അടിക്കുന്നത് കേട്ടാണ് അനുരാധ വാതിൽ തുറന്നു നോക്കിയത്

വാതിൽ തുറന്നപ്പോൾ തൊട്ടു മുൻപിൽ നിൽക്കുന്ന അക്ഷയ്യെ കണ്ട് അവളൊന്നു ഞെട്ടി..

“അമ്മ എവിടെ.. ”

“അകത്തുണ്ട്… ”

“അമ്മയെ വിളിക്ക് എനിക്ക് അമ്മയോട് സംസാരിക്കണം.. ”

അനുവിന്റെ വീടിന്റെ മുമ്പിലെ സംസാരം കേട്ടാണ് നൗഫൽ പുറത്തേക്കിറങ്ങി വന്നത്… അവിടെ നിൽക്കുന്ന അക്ഷയെ കണ്ടപ്പോൾ അവൻ വേഗം ഫോണെടുത്ത് നവിയെയും ശ്രീനിയേയും വിവരമറിയിച്ചു എന്നിട്ട് അവിടേക്ക് നടന്നു..

“അമ്മേ… ”
“എന്താ അനു… ആരാ അവിടെ?? ”

“അമ്മയൊന്ന് പുറത്തേക്കുവന്നെ അമ്മയെ കാണാൻ ഒരു അതിഥി വന്നിട്ടുണ്ട്… ”

അനു പറയുന്ന കേട്ട് സുമിത്രാമ്മ പുറത്തേക്കിറങ്ങി വന്നു.. പെട്ടെന്ന് വാതിൽക്കൽ നിൽക്കുന്ന അക്ഷയ്യെ കണ്ടപ്പോൾ അവരും ഒന്ന് ഞെട്ടി….

അപ്പോഴേക്കും നൗഫലും അങ്ങോട്ട് വന്നു…

“നീ എന്താ ഇവിടെ… ”

നൗഫൽ ചോദിച്ചു

“ഹാ.. അതു കൊള്ളാം… എന്റെ വീട്ടിൽ വരാനോ എന്റെ അമ്മയെ കാണാനൊ എനിക്ക് നിന്റെ അനുവാദം വേണോ.. ”

അക്ഷയ് നൗഫലിനെ കളിയാക്കികൊണ്ടു ചോദിച്ചു..

“മര്യാദയ്ക്ക് അമ്മയെയും പെങ്ങളെയും സംരക്ഷിക്കുന്ന മകനാണെങ്കിൽ അതിന്റെ ആവശ്യമില്ല..പക്ഷെ അവരെ ഉപദ്രവിക്കാൻ നടക്കുന്ന നിന്നെപ്പോലെ ഒരുത്തന് ഇവിടെ കേറിയിറങ്ങാൻ യാതൊരു അവകാശവുമില്ല…”

“നൗഫലേ ഞാൻ വന്നത് എന്റെ അമ്മയോട് സംസാരിക്കാനാണ്… ഇത് ഞങ്ങളുടെ കുടുംബകാര്യമാണ് ആവശ്യമില്ലാതെ ഇതിൽ ഇടപെടരുത്… ”

” നൗഫലിക്കാ പറയും… ഇക്കാക്കക്ക് അതിനുള്ള അവകാശമുണ്ട്… ”

അനു ദേഷ്യത്തോടെ അക്ഷയ്യോട് പറഞ്ഞു..

“ഞാൻ നിന്നോടല്ല സംസാരിക്കുന്നത്… എനിക്ക് സംസാരിക്കേണ്ടത് എന്റെ അമ്മയോടാണ്… മിണ്ടാതെ അവിടെ നിന്നോണം..”

അക്ഷയ് അനുവിന് നേരെ കൈ ചൂണ്ടി കൊണ്ട് ദേഷ്യത്തിൽ പറഞ്ഞു…

അത് കേട്ട് അനു ആകെ വല്ലാതായി… അവൾ ഒന്നും മിണ്ടാതെ നിന്നു..

“നിനക്കെന്താ പറയാനുള്ളത്… ” സുമിത്രാമ്മ ചോദിച്ചു..

അപ്പോഴേക്കും നവനീതും ശ്രീനിയും അവിടേക്ക് വന്നു…

” ആഹാ രക്ഷകൻമാർ എല്ലാവരും എത്തിയല്ലോ… ഇത്രയധികം രക്ഷകന്മാരെ എവിടുന്ന് കിട്ടിയെടി നിനക്ക്..”

“ദേ അക്ഷയ് മര്യാദയ്ക്ക് സംസാരിച്ചോണം ഇവിടെ നിന്ന് വേണ്ടാത്തത് പറഞ്ഞാൽ നീ രണ്ട് കാലിൽ ഇവിടെനിന്നും പോകില്ല.. ”

നവനീത് അക്ഷയയുടെ നേരെ ചെന്നു

ശ്രീനി അവനെ പിടിച്ചു നിർത്തി..

“അയ്യോ നവനീതേ ഇങ്ങനെ ചൂടാവല്ലേ.. ദേ ഞാൻ ഒറ്റക്കാണ് വന്നത്… എന്റെ അമ്മയെ കാണാനും അമ്മയോട് സംസാരിക്കാനും… അല്ലാതെ ഒരു പ്രശ്നത്തിനായിട്ടല്ല വന്നത്…”

“നിനക്കെന്താ വേണ്ടത്… ”

സുമിത്രാമ്മ ചോദിച്ചു

“ഞാൻ അമ്മയെ കൂട്ടി കൊണ്ടുപോകാൻ വന്നതാണ്…” അക്ഷയ് പറഞ്ഞു..

“കൂട്ടിക്കൊണ്ടുപോകാനോ എവിടേക്ക്…”
അനു ചോദിച്ചു…

“ഡി… ഞാൻ പറഞ്ഞു ഇവിടെ നിൽക്കണമെങ്കിൽ മിണ്ടാതെ നിൽക്കണം അല്ലെങ്കിൽ അകത്തേക്ക് കയറിപ്പോ.. എനിക്ക് അമ്മയോട് സംസാരിക്കണം..”

“അനു നീ മിണ്ടാതെ നിൽക്ക് അവൻ എന്താണെന്നുവെച്ചാൽ പറയട്ടെ..”

നൗഫൽ പറഞ്ഞു..

“അമ്മ താമസിക്കേണ്ടത് മകന്റെ ഒപ്പമാണ് അമ്മ എന്നോടൊപ്പം വരണം.. ”

അക്ഷയ് പറഞ്ഞു…

“ഞാൻ എങ്ങോട്ടാ വരേണ്ടത്…. നീ താമസിക്കുന്നത് നിന്റെ ഭാര്യവീട്ടിലല്ലേ അവിടേക്ക് വരണോ ഞാൻ..”

സുമിത്രാമ്മ പുച്ഛത്തോടെ അക്ഷയ്യോട് ചോദിച്ചു..

“വേണ്ട.. എന്റെ അച്ഛൻ വെച്ച ഒരു വില്ല പ്രോജക്ട് ഉണ്ട് അവിടെ ഒരേ പോലുള്ള മൂന്ന് വീടുകൾ അടുത്തടുത്തുണ്ട് അതിൽ ഒരു വീട് ഇപ്പോഴും പൂട്ടിയിട്ടിരിക്കുകയാണ് അവിടേക്ക് പോകാം… പക്ഷേ അവിടേക്ക് പോകുന്നത് ഞാനും എന്റെ അമ്മയും എന്റെ ഭാര്യയും മാത്രമായിരിക്കും”

അക്ഷയ് പറഞ്ഞു…

“അപ്പോൾ ഞാൻ ഈ കൊച്ചിനെ എന്ത് ചെയ്യണം കൊണ്ട് കളയണോ…”

സുമിത്രാമ്മ ദേഷ്യത്തോടെ ചോദിച്ചു..

“അത് അമ്മയുടെ ഇഷ്ടം… പക്ഷേ എന്റെ വീട്ടിലേക്ക് വരേണ്ട..”

“നിനക്ക് എന്താടാ ഇവളോട് ഇത്ര ദേഷ്യം.. ഒന്നുമല്ലെങ്കിലും ഇത് നിന്റെ കൂടപ്പിറപ്പ് അല്ലേ… ” നൗഫൽ ചോദിച്ചു…

“ഇവൾ എന്റെ കൂടെപ്പിറപ്പാണോ അല്ലിയോ എന്ന് പറയേണ്ടത് നൗഫലേ നീ അല്ല ഈ നിൽക്കുന്ന എന്റെ അമ്മയാണ്…. ”

അക്ഷയ് പറയുന്നത് കേട്ട് സുമിത്രാമ്മ ഒന്ന് ഞെട്ടി…

“അക്ഷയ് നീ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയാതെ പോകാൻ നോക്ക്.. ഞാനങ്ങോട്ടു വരുന്നില്ല… എന്റെ ഭർത്താവ് അവസാനകാലം ജീവിച്ചു മരിച്ച ഈ വീട്ടിൽ തന്നെ മരണം വരെ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്… ”

സുമിത്രാമ്മ പറഞ്ഞു..

“ഞാൻ വേഗം പോകണം എന്ന് അമ്മയുടെ സംസാരത്തിൽ ഉണ്ടല്ലോ… ഞാൻ ഇനി കുറച്ചു നേരം കൂടി ഇവിടെ നിന്നാൽ പല സത്യങ്ങളും വെളിപ്പെടും എന്ന് അമ്മയ്ക്ക് മനസ്സിലായി അല്ലേ.. ”

“എനിക്ക് നിന്നോട് ഒന്നും സംസാരിക്കാനില്ല… എന്നും പറഞ്ഞ് ‘അമ്മ അകത്തേക്ക് കയറാൻ തുടങ്ങി… ”

അക്ഷയ വേഗം വാതിൽ കുറുക്ക്‌ നിന്നു അവരെ അകത്തേക്ക് കയറ്റി വിടാതെ…

” അങ്ങനങ്ങ് പോവല്ലെ സുമിത്രാമ്മേ… ചോദിച്ചതിനു ഉത്തരം പറഞ്ഞിട്ട് പോ.. കാരണം ഇനിയും ഇത് രഹസ്യമാക്കി വെച്ചിട്ട് കാര്യമില്ല… എന്തായാലും കുറച്ചു ദിവസങ്ങൾക്കുള്ളിൽ കേസിന്റെ വിധി വരും അതിനുമുമ്പ് എല്ലാ സത്യങ്ങളും എല്ലാരും അറിയട്ടെ… ”

അക്ഷയ ഓരോന്ന് പറയുമ്പോഴും സുമിത്രാമ്മയുടെ മുഖം വിളറി വെളുക്കുന്നത് അനു ശ്രദ്ധിച്ചു…

“എന്താ അമ്മേ എന്താ ഏട്ടൻ ഇങ്ങനെയൊക്കെ പറയുന്നത്… ”

അനു അമ്മയോട് ചോദിച്ചു…

“അവൻ അങ്ങനെ പലതും വിളിച്ചു പറയും നീ ഒന്നും കാര്യമാക്കണ്ട അനു.. നീ അകത്ത് പോകാൻ നോക്ക്.. ”

സുമിത്രാമ്മ അനുവിനോട് ദേഷ്യപ്പെട്ടു..

“ഇല്ല ഞാൻ പോകില്ല… ഞാൻ അറിയാത്ത എന്തോ ഒരു കാര്യം നിങ്ങൾ ഒളിക്കുന്നുണ്ട് എനിക്കത് അറിയണം അറിഞ്ഞേ പറ്റൂ… ”

“അങ്ങനെ അങ്ങോട്ട് ചോദിക്ക് നിന്റെ അമ്മയോട്.. അല്ല എന്റെ അമ്മയോട്… ”
അക്ഷയ് പറഞ്ഞു..

“കുറെ നേരമായല്ലോ നിങ്ങൾ ഇങ്ങനെ പറയുന്നു എന്റെ അമ്മ.. എന്റെ അമ്മ…അപ്പൊ ‘അമ്മ എന്റെ ആരുമല്ലെ .. ”

“അല്ല… നീ ഞങ്ങടെ ആരുമല്ല… ”

അക്ഷയ്യുടെ ഈ വാക്കുകൾ കേട്ട് അനു വിശ്വാസം വരാതെ നിന്നു..

“എന്താ.. എന്താ നിങ്ങൾ പറഞ്ഞത്…?? ”

അനു അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ശക്തമായി ഉലച്ചു കൊണ്ട് ചോദിച്ചു.

“പറഞ്ഞത് കേട്ടില്ലേ… നീ എന്റെ ആരുമല്ല എന്ന്… ”

അത് കേട്ടപ്പോൾ അവന്റെ ഷർട്ടിൽ നിന്നും അനുവിന്റെ കൈ അയഞ്ഞു…

“ഇവിടെ കൂടി നിൽക്കുന്ന ഇവളുടെ രക്ഷകർ കേൾക്കാൻവേണ്ടി തന്നെയാ പറയുന്നത്.. എനിക്കും അനുരാധയ്ക്കും തമ്മിൽ യാതൊരു ബന്ധവുമില്ല.. ശിവദാസനും സുമിത്രയ്ക്കും ഒരേയൊരു മകനെയുള്ളൂ അത് ഞാനാണ് അക്ഷയ്… ”

“അമ്മേ.. ഇയാൾ എന്തൊക്കെയാ ഈ പറയുന്നേ.. ഞാൻ അമ്മയുടെ ആരുമല്ലേ.. ”

പൊട്ടിക്കരഞ്ഞുകൊണ്ട് അനു ചോദിച്ചു…

“നീ എന്റെ പൊന്നു മോളാണ്.. അത് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അങ്ങനെ അല്ലാതാകുന്നില്ല… ”

സുമിത്രാമ്മ കരഞ്ഞുകൊണ്ട് അനുവിനെ ചേർത്തുപിടിച്ചു

എന്നിട്ട് അക്ഷയ്യുടെ അടുത്തേക്ക് ചെന്നു പറഞ്ഞു

“ജന്മം കൊണ്ട് മാത്രം അമ്മയാവണമെന്നില്ല കർമ്മംകൊണ്ടു അമ്മയാവാം ഞാൻ എന്റെ മോൾക്ക് കർമ്മം കൊണ്ട് അമ്മയായതാ… വന്ന കാര്യം കഴിഞ്ഞില്ലേ ആരും അറിയരുതെന്ന് കരുതി ഞാൻ ഉള്ളിൽ കൊണ്ടുനടന്ന രഹസ്യം ഇത്രയും പേരുടെ മുന്നിൽ വച്ച് നീ വിളിച്ചു പറഞ്ഞില്ലേ… നിന്റെ ഉദ്ദേശം നടന്നല്ലോ… പോകാൻ നോക്ക്..”

സുമിത്രാമ്മ ദേഷ്യത്തോടെ പറഞ്ഞു..

“എന്റെ ഉദ്ദേശം മുഴുവനും കഴിഞ്ഞില്ലല്ലോ അമ്മേ… ഒരു കാര്യം കൂടി പറയാനുണ്ട്…”

“ഇനിയെന്താ…”

“അടുത്ത പതിനഞ്ചാം തീയതി വിധി വരുമ്പോൾ നിള ഗ്രൂപ്പ് എന്ന വലിയൊരു ബിസിനസ് ശൃംഖല അതു മുഴുവനും മരിച്ചുപോയ ശിവദാസന്റെ മക്കൾക്ക് അവകാശപ്പെട്ടതാണ്…. അപ്പോ മകൾ അല്ലാത്ത ഇവൾ അവകാശങ്ങൾ ചോദിച്ചു വന്നാൽ അങ്ങനങ്ങു വിട്ടുകൊടുക്കാൻ പറ്റുമോ അമ്മേ..”

അക്ഷയ് പറയുന്നത് കേട്ട് എല്ലാവരും പരസ്പരം നോക്കി…

“അക്ഷയ്.. നീ എന്താ ഉദ്ദേശിക്കുന്നത്… ” നൗഫൽ ചോദിച്ചു..

“ഉദ്ദേശിക്കുന്നത് വളരെ സിമ്പിൾ ആയ ഒരു കാര്യമാണ്… കോടതി വിധി വരുമ്പോൾ ആ സ്വത്തിൽ ഇവൾക്ക് യാതൊരു അവകാശവുമില്ല… സ്വയം ഒഴിഞ്ഞു മാറിയില്ല എന്ന് ഉണ്ടെങ്കിൽ ഇവൾ എന്റെ ആരുമല്ല എന്ന് തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റ് ചെയ്യാനായി കോടതിയിൽ മറ്റൊരു ഹർജി ഞാൻ ഫയൽ ചെയ്യും… ”

“അങ്ങനെ ചെയ്താൽ എല്ലാവരും എല്ലാ സത്യങ്ങളും അറിയും… അത് വേണ്ട എന്നുണ്ടെങ്കിൽ… കോടതി വിധി വരുമ്പോൾ മുഴുവൻ സ്വത്തുക്കളും എന്റെ മാത്രം പേരിലേക്ക് മാറ്റണം… സമ്മതിച്ചോ… ”

അക്ഷയ പറയുന്നത് കേട്ട് അനു പൊട്ടി കരഞ്ഞു കൊണ്ട് അകത്തേക്ക് ഓടി…

അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ ബാക്കിയുള്ളവർ നിന്നു…

” ഞങ്ങളെ ഇത്രയൊക്കെ ദ്രോഹിച്ചിട്ടും നിനക്ക് മതിയായില്ല അല്ലേടാ ദുഷ്ടാ… നീയെങ്ങനെ എന്റെ വയറ്റിൽ വന്നു പിറന്നു… ”

സുമിത്രാമ്മ തലയിൽ കൈവച്ച് പ്രാകിക്കൊണ്ട് അക്ഷയ്യോട് ചോദിച്ചു…

അമ്മ എന്നെ ചീത്തപറയുകയോ പ്രാകുകയോ എന്താന്ന് വെച്ചാ ചെയ്തോ എനിക്കതൊരു പ്രശ്നമല്ല…

” സ്വത്തിനുവേണ്ടി ആണല്ലോ അവർ എന്റെ അച്ഛനെ ചതിച്ചത്… അതേ സ്വത്തിനുവേണ്ടി കൂടെ നിന്ന് ഞാൻ അവരെയും ചതിച്ചു…. ഇത്രയും നാളും ഇവളെന്റെ കൂടെപ്പിറപ്പാണ് എന്ന് കരുതി കൂടെ നിർത്തി അതല്ല എന്ന് മനസ്സിലാക്കിയ നിമിഷം ഞാൻ ഇവളെ വെറുത്തു തുടങ്ങി…. ”

” അവൾ ഇത്രയും കാലം കഷ്ടപ്പെട് ഈ കേസ് നടത്തിയത് സ്വത്ത് ആഗ്രഹിച്ചില്ല പകരം അവളുടെ അച്ഛനെ കൊന്നവരോട് പകരംവീട്ടാൻ ആണ്… പക്ഷേ നീയോ.. ”

“കൊണ്ടു പൊക്കോ എല്ലാം നീ കൊണ്ട് പൊയ്ക്കോ.. എനിക്ക് എന്റെ കുഞ്ഞിന് ഒന്നും വേണ്ട… അവളെ എനിക്ക് വേണം… അവൾക്ക് വേണ്ടതെല്ലാം അവളുടെ അച്ഛമ്മ അവളുടെ പേരിൽ ഫിക്സഡ് ഇട്ടിട്ടുണ്ട്… അതുകൂടാതെ നല്ലോരു ജോലിയും ഉണ്ട്…”

” എവിടെയാണ് എന്ന് വെച്ചാൽ അവൾ ഒപ്പിട്ടു തരും.. നിനക്ക് സമാധാനമായില്ലേ നീ വന്ന കാര്യം നടന്നില്ലേ പോകാൻ നോക്ക്…”

സുമിത്രാമ്മ പറഞ്ഞു..

വിജയീ ഭാവത്തോടെ സന്തോഷത്തോടെ അക്ഷയ് അവിടെനിന്നും ഇറങ്ങിപ്പോയി…

അപ്പോഴേക്കും സുമിത്രാമ്മ പൊട്ടിക്കരഞ്ഞു…

അത് കണ്ട നൗഫൽ അവരെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു …

“എന്താ അമ്മേ ഇതൊക്കെ എന്താ ഇവിടെ നടക്കുന്നത്… അനു അമ്മയുടെ മകൾ അല്ലേ… ഞങ്ങൾക്ക് ഒന്നും മനസ്സിലാവുന്നില്ല…”

നവി സുമിത്രാമ്മയോട് ചോദിച്ചു…

“അല്ല മോനെ ഞാൻ പ്രസവിച്ച കുട്ടി അല്ല അവൾ…”

“എന്നിട്ട് എന്തുകൊണ്ട് ഇത് ഒന്നും ആരോടും പറഞ്ഞില്ല… അക്ഷയ് എങ്ങനെ അറിഞ്ഞു ഇതൊക്കെ…”

“അക്ഷയ് എങ്ങനെ അറിഞ്ഞു എന്ന് എനിക്കറിയില്ല… എനിക്കും ശിവേട്ടനും മാത്രം അറിയാവുന്ന രഹസ്യം ആയിരുന്നു ഇത്…”

പക്ഷെ എന്റെ കുട്ടി ഇതെങ്ങനെ താങ്ങും എന്നെനിക്കറിയില്ല…

അവർ സംസാരിച്ചുകൊണ്ട് നിന്നപ്പോൾ നവി അകത്തേക്ക് കയറിപ്പോയി… അനുവിന്റെ മുറിയുടെ വാതിൽ അകത്തുനിന്നും പൂട്ടിയിരിക്കുകയായിരുന്നു…

നവി വാതിലിൽ തട്ടി…

“അനു വാതിൽ തുറക്ക്…”

കുറെ തട്ടിയിട്ടും അവൾ വാതിൽ തുറന്നില്ല…

“അനു മര്യാദയ്ക്ക് വാതിൽ തുറന്ന് ഇല്ലെങ്കിൽ ഞാൻ ചവിട്ടി പൊളിക്കും…”

നവി ദേഷ്യപ്പെട്ടപ്പോൾ അവസാനം വാതിൽ തുറന്നു..

കരഞ്ഞ് തളർന്ന മുഖവുമായി അനു നവിയെ കണ്ടപ്പോൾ ചുവരിൽ ചാരി നിന്നു…

“അനൂ… ”
ആർദ്രമായി നവി അവളെ വിളിച്ചു..

“ഒരു നിമിഷം കൊണ്ട് ഞാൻ ഒന്നുമല്ല തീർന്നു അല്ലേ നവി…”

അവളോട് എന്ത് മറുപടി പറയണമെന്നറിയാതെ നവനീത് നിന്നു..

“അച്ഛൻ നഷ്ടപ്പെട്ടപ്പോൾ അമ്മ എങ്കിലും ഉണ്ടല്ലോ എന്ന് സമാധാനിച്ചതാ പക്ഷേ… ഇപ്പോഴാ ശരിക്ക് ഒറ്റപ്പെട്ടത്.. ഞാൻ ഒരു അനാഥയാണ് അല്ലേ…”

അത്രയും പറഞ്ഞതും അവൾ മുഖം പൊത്തി കരഞ്ഞു..

നവി അവളെ ചേർത്ത് പിടിച്ചു… അവന്റെ നെഞ്ചിലേക്ക് മുഖമമർത്തി അവൾ മതിയാവോളം പൊട്ടിക്കരഞ്ഞു..

,🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴

അക്ഷയ് വന്നുണ്ടാക്കിയ കോലാഹലത്തിന്റെ ഷോക്കിൽ നിന്നും മുക്തരായില്ലായിരുന്നു അനുവും സുമിത്രാമ്മയും…

അതുകൊണ്ടുതന്നെ നൗഫലും കുടുംബവും നവിയും ശ്രീനിയും അവിടെത്തന്നെ ഉണ്ടായിരുന്നു…

അക്ഷയ് പോയപ്പോൾ മുറിയിൽ കയറി വാതിലടച്ച് അനു പിന്നെ പുറത്തിറങ്ങിയില്ല…

സുമിത്രാമ്മയുടെ അവസ്ഥയും മറിച്ചായിരുന്നില്ല അവർക്ക് അനുവിനെ ഫേസ് ചെയ്യാൻ പോലും ധൈര്യം ഉണ്ടായിരുന്നില്ല… സൈനുമ്മ അവരെ ആശ്വസിപ്പിച്ചു കൂടിരുന്നു..

“നവി… നീ എന്താ ആലോചിക്കുന്നത് കുറെ നേരമായല്ലോ… ” ശ്രീനി ചോദിച്ചു..

“ഞാനും അത് ശ്രദ്ധിച്ചു ”

നൗഫൽ ശ്രീനിയെ അനുകൂലിച്ചു…

“ഏയ് ഒന്നുമില്ല… ഞാൻ അക്ഷയ് പറഞ്ഞ കാര്യങ്ങൾ ആലോചിച്ചതാ… ”

“എനിക്കെന്തോ അവൻ പറഞ്ഞത് അത്ര വിശ്വാസം പോര… ”

“അതെന്താണ് നവി… അവൻ പറഞ്ഞത് ശരിയാണെന്ന് അമ്മ സമ്മതിച്ചല്ലോ… ”
നൗഫൽ ചോദിച്ചു..

“ഇതിന്റെ പിറകിൽ എന്തോ കളിയുണ്ട് അതെനിക്ക് ഉറപ്പാ… ” നവി പറഞ്ഞു

“നിനക്കെന്താ ഇത്ര ഉറപ്പ് ”

ശ്രീനി ചോദിച്ചു..

“വേറൊന്നും കൊണ്ടല്ല… അനുരാധ ശിവദാസൻ അങ്കിളിന്റെ തനി പകർപ്പാണ്.. അത് കാഴ്ചയിൽ അല്ല സ്വഭാവത്തിൽ… അങ്കിളിന്റെ ആ വാശിയും ദേഷ്യവും ഊർജ്ജവും ഒക്കെ ഞാൻ അവളിൽ കണ്ടു.. ”

“അത് പക്ഷേ അക്ഷയ്യിൽ ഇല്ല… അതുകൊണ്ടുതന്നെ അനുരാധ അങ്കിളിന്റെ മകൾ തന്നെയാണ് എന്ന് എനിക്ക് ഉറപ്പുണ്ട്…”

നവി പറഞ്ഞു..

” പക്ഷേ അത് നമുക്ക് എങ്ങനെ ഉറപ്പിയ്ക്കാൻ പറ്റുമോ… ”

പറ്റും അതിനൊരു വഴിയുണ്ട്… അതിനുമുമ്പ് എന്തുകൊണ്ടാണ് അനു തന്റെ മകളല്ല എന്നു പറയാൻ കാരണമെന്തെന്ന് അമ്മയിൽ നിന്ന് തന്നെ അറിയണം…

“ഈ അവസ്ഥയിൽ അമ്മയോട് ഒന്നും ചോദിക്കാൻ പറ്റില്ല ആദ്യം അമ്മയൊന്ന് റിലാക്സ് ആകട്ടെ..”

നവനീത്‌ പറഞ്ഞ് വന്നതിനെ ബാക്കിയുള്ളവരും ശരിവച്ചു

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7

കൗസ്തുഭം : ഭാഗം 8

കൗസ്തുഭം : ഭാഗം 9

കൗസ്തുഭം : ഭാഗം 10

കൗസ്തുഭം : ഭാഗം 11

കൗസ്തുഭം : ഭാഗം 12

കൗസ്തുഭം : ഭാഗം 13

കൗസ്തുഭം : ഭാഗം 14

കൗസ്തുഭം : ഭാഗം 15

കൗസ്തുഭം : ഭാഗം 16

കൗസ്തുഭം : ഭാഗം 17

കൗസ്തുഭം : ഭാഗം 18

കൗസ്തുഭം : ഭാഗം 19

കൗസ്തുഭം : ഭാഗം 20

കൗസ്തുഭം : ഭാഗം 21

കൗസ്തുഭം : ഭാഗം 22

കൗസ്തുഭം : ഭാഗം 23