Saturday, January 18, 2025
Novel

കൗസ്തുഭം : ഭാഗം 10

എഴുത്തുകാരി: അഞ്ജു ശബരി


ആമി… “ഐ ലവ് യൂ… !!”

പെട്ടെന്ന് നവിയുടെ ഭാഗത്ത്‌ നിന്നും അങ്ങനൊരു വാക്ക് കേട്ടപ്പോൾ… കേട്ടതൊന്നും വിശ്വസിക്കാനാവാതെ അനാമിക നിന്നു…

ആമി… ടോ എന്താ മിണ്ടാത്തത്..

“നവി… എന്താ പറഞ്ഞതെന്നുള്ള ബോധം ഉണ്ടോ ഇയാൾക്ക്.. ”

“ഞാൻ സ്വബോധത്തിൽ തന്നെയാണ് ആമി.. ആദ്യം കണ്ടപ്പോൾ തന്നെ നീയെന്റെ ഹൃദയത്തിൽ കയറിയതാണ്.. ”

“അന്നൊക്കെ പലയിടത്തും നിന്നെ ഫോളോ ചെയ്തു ഞാൻ വന്നിട്ടുണ്ട്.. ഇത്രയും നാളും നിന്നോടുള്ള സ്നേഹം മറച്ചു വെച്ചത് നീയെങ്ങനെ പ്രതികരിക്കും എന്ന് ഭയന്നിട്ടാണ്.. ”

നവി പറയുമ്പോൾ ഇമ വെട്ടാതെ ആമി അവനെ നോക്കി നിന്നു..

“ഇനി വയ്യ ആമി.. കണ്ണടച്ചാൽ നീയാണ് എങ്ങോട്ട് തിരിഞ്ഞാലും നീയാണ്.. ആ മഴയത്തു കാല് മുറിഞ്ഞപ്പോൾ വേദന കൊണ്ട് പിടഞ്ഞ നിന്റെ മുഖമാണ് എന്റെ മനസ്സിൽ മുഴുവനും.. ”

“എനിക്കിവിടെ അധികം കൂട്ടുകാരില്ല.. അധികം എന്നല്ല ആത്മാർത്ഥ സുഹൃത്തുക്കൾ ആരുമില്ല..നീയെനിക്കു നല്ലൊരു സുഹൃത്ത് കൂടിയാണ്.. ആമി എന്നെ വിട്ടു പോകാതിരുന്നൂടെ.. ”

നവി പറയുന്നത് കേട്ട് ആമി കുറച്ചു നേരം മിണ്ടാതിരുന്നു..

എന്നിട്ട് പറഞ്ഞു..

“ചന്ദ്രോതെ നവനീത് ചന്ദ്രബാബുവിന്‌ കോടികൾ സ്ത്രീധനം കൊടുത്തു പെണ്ണിനെ കെട്ടിക്കാനായി കോടിശ്വരന്മാർ കാത്തുനിൽക്കുമ്പോൾ എന്നെപ്പോലെ അഷ്ടിക് വകയില്ലാത്ത പെണ്ണിനെ തന്നെ വേണോ നവി നിനക്ക്..”

“കോടികൾ സ്ത്രീധനം വാങ്ങിച്ചു കെട്ടിക്കാനായി അച്ഛൻ അടിമയെ പോലെ ഒരു മകനെ വളർത്തുന്നുണ്ട്… അവനാണ് അച്ഛന്റെ ഏറ്റവും വല്യ ബിസിനസ്.. എന്നെയതിന് കിട്ടില്ല.. അച്ഛന്റെ ഒരു രൂപ പോലും വേണ്ട എനിക്ക്.. ”

“എന്റെ സ്വന്തം സമ്പാദ്യം കൊണ്ടാണ് ഞാൻ ജീവിക്കുന്നത് ആമി.. ”

“ഓഹ് അങ്ങനാണോ?? അപ്പൊ ഈ ഇട്ടിരിക്കുന്ന ഡ്രസ്സ്‌ ഒക്കെ സ്വന്തമായി വാങ്ങിയതാണോ ”

“അതെ.. എന്തെ ആമി.. ”

“നവി താമസിക്കുന്ന വീട് നീ സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയതാണോ?? നീ ഈ കൊണ്ട് നടക്കുന്ന ആഡംബര കാർ ഉണ്ടല്ലോ.. ഏകദേശം പതിനഞ്ചു ലക്ഷത്തോളം വിലവരുന്ന ഈ വണ്ടി നീ വാങ്ങിയതാണോ ”

“ആമി അത്.. ഹൈദരാബാദിൽ എനിക്ക് ഫ്ലാറ്റ് ഉണ്ട്.. ബൈക്ക് ഉണ്ട്.. ”

“കാറും വീടും ബൈക്കും ഒക്കെ ഉണ്ടോ എന്നല്ല നവി ഞാൻ ചോദിച്ചത്.. ”

“നീ ഹൈദരാബാദിൽ തന്നെയായിരിക്കും ജീവിക്കുന്നത്.. പക്ഷെ ഇവിടെ ഈ നാട്ടിൽ വരുമ്പോൾ നീ താമസിക്കുന്നത് നിന്റെ അച്ഛൻ വെച്ച വീട്ടിലാണ്.. നീ കൊണ്ട് നടക്കുന്നത് അച്ഛൻ വാങ്ങി തന്ന വണ്ടിയിൽ.. എന്തിന് പറയുന്നു നീ കഴിക്കുന്ന ഭക്ഷണം.. നിന്നെ ഇതുവരെ വളർത്തി വലുതാക്കി ഇത്രയും വിദ്യാഭ്യാസം ഉണ്ടാക്കി തന്നു ജോലി വാങ്ങിയതും ഒക്കെ നിന്റെ അച്ഛന്റെ പണം കൊണ്ടല്ലെ.. ”

“ആമി നീയെന്താ പറഞ്ഞ് വരുന്നത്.. ”

“നവി.. ഇത്രയൊക്കെ കഷ്ടപ്പെട്ടു ആ അച്ഛനുമമ്മയും മക്കളെ വളർത്തുമ്പോൾ അവർ എന്തെങ്കിലും നിങ്ങളിൽ നിന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതിലെന്താ തെറ്റ്.. ”

“അതൊക്കെ ഞാൻ സമ്മതിച്ചു ആമി.. എനിക്ക് വേണ്ടത് എന്നെ സ്നേഹിക്കാൻ അറിയാവുന്ന എന്റെ അമ്മയെപ്പോലെ ഒരു സാധാരണ പെണ്ണിനെയാണ്.. അല്ലാതെ സമ്പന്നതയിൽ ജനിച്ചതിന്റെ അഹങ്കാരവുമായി വന്നു കേറുന്ന ഒരുത്തിയെയല്ല.. മനസ്സിലായോ.. ”

“നവി നീയെനിക്ക് നല്ലൊരു സുഹൃത്താണ്.. അത് പ്രണയത്തിലേക്ക് വലിച്ചിടേണ്ട.. എന്റെ കുടുംബത്തിലെ സാഹചര്യങ്ങൾ അറിഞ്ഞാൽ നിന്റെ വീട്ടുകാർ ഒരിക്കലും ഈ ബന്ധം സമ്മതിക്കില്ല.. അപ്പൊ പിന്നെ ഇവിടെ വെച്ച് തന്നെ എല്ലാം അവസാനിപ്പിക്കാം.. “.

അത്രയും പറഞ്ഞിട്ട് ആമി എഴുനേറ്റു നടന്നു..

“ആമി… നിൽക്ക്.. “”

പുറകിൽ നിന്നും നവി വിളിച്ചപ്പോ ആമി അവിടെ നിന്നു..

“ടീ.. നീയെന്താ കരുതിയത് നിന്റെ സൗന്ദര്യം കണ്ടു നിന്റെ പുറകെ നടക്കുന്ന ഒരു പൂവാലൻ ആണ് ഞാനെന്നോ…ഒരുപാട് പെണ്ണുങ്ങളെ ഞാനും കണ്ടിട്ടുണ്ട്.. പലരും എന്റെ പുറകെ വന്നിട്ടുമുണ്ട്.. പക്ഷെ എന്തോ നിന്നെ കണ്ടമുതൽ നീയെന്റെ ആണെന്നോരു തോന്നൽ അതാണ് ഞാൻ.. ”

“പൊടീ പോ… മേലാൽ നീയെന്റെ മുന്നിൽ വരരുത്.. ”

പുറകിൽ നിന്ന് നവി ദേഷ്യത്തോടെ അത്രയും വിളിച്ചു പറഞ്ഞിട്ടും ആമി നിന്നിടത്തു നിന്ന് അനങ്ങിയില്ല..

എന്താടി പോകുന്നില്ലേ.. ഭയങ്കര തിരക്കുള്ള ആളല്ലേ..

നവി നടന്നു ആമിയുടെ മുന്നിലെത്തി..

അപ്പോഴാണ് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൻ കണ്ടത്..

ആമി.. മോളെ.. സോറി ഞാൻ. അപ്പോഴത്തെ ദേഷ്യത്തിന്..

അപ്പോഴേക്കും അവൾ കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു..

അവൻ ആകെ വല്ലാതായി പോയി..

“ആമി.. കരച്ചിൽ നിർത്തിക്കെ.. ആരേലും കണ്ടാൽ എന്നെ തെറ്റിദ്ധരിക്കും.. ”

“നവി നിനക്കെന്തറിയാം എന്നെക്കുറിച്ചു.., ”

“നീ കരയാതെ വാ നമുക്കിവിടിരിക്കാം.. മനസ്സൊന്നു തണുക്കട്ടെ എന്നിട്ട് നീ സംസാരിച്ചാൽ മതി.. “.

“പോരാ നവി.. എനിക്ക് സംസാരിക്കണം നീ കേൾക്കണം.. ”

“പേര് കേട്ട ഒരു വല്യ ബ്രാഹ്മണ കുടുംബത്തിൽ ഉള്ളതാണ് എന്റെ അപ്പ.. തഹസീൽദാർ ആയിരുന്നു.. അപ്പാവും അമ്മാവും പാട്ടിയും ഏട്ടനും അടങ്ങുന്നതായിരുന്നു എന്റെ കുടുംബം..”

“എന്നേക്കാൾ നല്ലപോലെ പഠിക്കുന്ന ആളാരുന്നു ഏട്ടൻ.. ഏട്ടനെ പഠിപ്പിച്ചു കളക്ടർ ആക്കണം എന്നായിരുന്നു അപ്പയുടെ ആഗ്രഹം.. ”

“ഞാൻ പഠിത്തത്തിൽ പുറകിൽ ആയതിനാൽ എന്നെ കലാമണ്ഡലത്തിൽ വിട്ട് നൃത്തം അഭ്യസിപ്പിച്ചു.. പത്തു വയസ് മുതൽ ഞാൻ അവിടെയാണ്.. ”

“അങ്ങനെയിരിക്കെ ഏട്ടൻ ഡിഗ്രിക്ക് പഠിച്ചിരുന്ന കാലം.. അപ്പയുടെ ഓഫീസിൽ ഒരു പ്രശ്നം ഉണ്ടായി.. ”

“നിള ഗ്രൂപ്പിന്റെ പുതിയ പ്രൊജക്റ്റ്‌ പുഴ നികത്തിയ സ്ഥലത്താണ് പണി തുടങ്ങാൻ പോകുന്നത്.. ”

“സെർവിസിൽ ഇരുന്ന കാലത്തോളം ഒരു കള്ളത്തരവും കാണിക്കാത്ത അപ്പ അതിന് അപ്പ്രൂവൽ കൊടുത്തില്ല.. പല തവണ അവർ അപേക്ഷിച്ചു.. അവസാനം നിള ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർസിൽ ഒരാളായ ബെന്നി വീട്ടിൽ വന്നു ഭീക്ഷണിപ്പെടുത്തി … ”

“അപ്പ അത് കാര്യമാക്കിയില്ല.. ”

“അന്നൊരു വെള്ളിയാഴ്ച ആയിരുന്നു.. എന്റെ പതിനഞ്ചാം പിറന്നാൾ.. അന്ന് രാവിലെ ക്ഷേത്രത്തിൽ പോയി വരുമ്പോൾ ആണ് വീടിന്റെ മുന്നിൽ കുറേയാളുകൾ നിൽക്കുന്നത് കണ്ടത്.. ”

“പെട്ടെന്ന് ആരൊക്കെയോ ചേർന്ന് ഏട്ടനെ വലിച്ചു പോലിസ് ജീപ്പിൽ കയറ്റിക്കൊണ്ടു പോയി… “.

ഇങ്ങനെയൊക്കെ നടന്നപ്പോൾ ആരെങ്കിലും അറിഞ്ഞോ ചെക്കൻ കഞ്ചാവാ.. ഒന്നും രണ്ടുമല്ല അഞ്ചു കിലോയാണ് വീട്ടിൽ സൂക്ഷിച്ചത്.. തഹസിൽദാരുടെ മകനാവുമ്പോൾ ആരും സംശയിക്കില്ലല്ലോ..

ചുറ്റിനും നിന്നുള്ള ആളുകളുടെ അടക്കംപറച്ചിൽ കേട്ട് ഞാൻ രണ്ടു കാതും പൊത്തിപിടിച്ചു .

കരഞ്ഞോണ്ട് അമ്മയും അപ്പയും ആ ജീപ്പിന്റെ പിന്നാലെ ഓടി പക്ഷേ അവർ ഏട്ടനെ കൊണ്ടുപോയി..

പെട്ടെന്ന് കരഞ്ഞോണ്ട് നിന്ന പാട്ടി കുഴഞ്ഞു വീണു.. ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും പാട്ടി ഞങ്ങളെ വിട്ട് പോയിരുന്നു..

ഇത് രണ്ടും അപ്പയെ ആകെ തളർത്തി.. നാണക്കേട് മൂലം ഓഫീസിൽ പോകാതായി..

അവസാനം അവർ വീണ്ടും വന്നു.. ഇത്തവണ വന്നത് നവിയുടെ അച്ഛനാണ് ചന്ദ്രബാബു.. എല്ലാത്തിന്റെയും മാസ്റ്റർ ബ്രെയിൻ..

അന്നവർ ഓരോഫാർ തന്നു..

അവർക്ക് അപ്പ്രൂവൽ കൊടുത്താൽ എന്റെ ഏട്ടനെ കേസിൽ നിന്നും ഊരിയെടുക്കാം എന്ന്..

ഏട്ടനെ രക്ഷിക്കാൻ വേണ്ടി അപ്പ വീണ്ടും ഓഫീസിലേക്ക് പോയി തുടങ്ങി..

അങ്ങനെ അവർക്ക് ആവശ്യമുള്ള പേപ്പർ സൈൻ ചെയ്തു കിട്ടിയപ്പോൾ ഏട്ടൻ കേസിൽ നിന്നും പുറത്ത് വന്നു..

പക്ഷെ പതിനാലു ദിവസം ജയിലിൽ കിടന്ന് ഏട്ടൻ ആകെ മാറിപ്പോയി..

ജയിലിൽ നിന്ന് കുറെ കൂട്ടുകെട്ടുകൾ കിട്ടി.. വീട്ടിലേക്ക് വരാതായി.. അവരോടൊപ്പം കുടിച്ചും വലിച്ചും നടന്നു.. തല്ലും അടിയും ഉണ്ടാക്കി..

ഏട്ടനെ അമ്മ കരഞ്ഞു കാലുപിടിച്ചു വിളിച്ചു.. തിരിച്ചു വീട്ടിലേക്ക് വരാൻ.. പക്ഷേ അപ്പ കാരണമാ എന്റെ ഭാവി പോയത് എന്ന് പറഞ്ഞ് ഏട്ടൻ വന്നില്ല..

അതോടെ അപ്പ ജോലി രാജി വെച്ചു..

വീട്ടിൽ ഇല്ലാത്തതിനാൽ എന്നെ ഇതൊന്നും അധികം ബാധിച്ചില്ല.. എന്റെ പഠിത്തം കഴിഞ്ഞ് ഞാൻ വന്നപ്പോഴാണ് വീട്ടിലെ അവസ്ഥ ഒരുപാട് മോശമാണ് എന്നെനിക്ക് മനസ്സിലായത്..

ആദ്യം കെട്ടിച്ചമച്ച കഞ്ചാവ് കേസ് ആണെങ്കിൽ ഏട്ടൻ ഇപ്പൊ യഥാർത്ഥത്തിൽ കഞ്ചാവ് കൈവശം വച്ച കേസിൽ അകത്താണ്..

ജോലി നേരത്തെ രാജി വെച്ചതിനാൽ അച്ഛന് ആകെ ചെറിയൊരു തുകയാണ് പെൻഷൻ കിട്ടുന്നത്.. ഇപ്പൊ അപ്പക്ക് കിട്ടുന്ന പെന്ഷനും ഞാൻ ജോലി ചെയ്യുന്നതും കൊണ്ടാണ് വീട് കഴിഞ്ഞ് പോകുന്നത്..

നവി പറയ്‌ ഞങ്ങളുടെ കുടുംബം തകർത്ത അതെ നിള ഗ്രൂപ്പിന്റെ എംഡിയുടെ മകനെ വിവാഹം കഴിക്കണമെന്ന് എനിക്ക് എന്റെ വീട്ടിൽ പറയാൻ പറ്റുമോ..

വേണ്ട ഇങ്ങനൊരു കുടുംബത്തിൽ നിന്നൊരു പെണ്ണിനെ മകൻ സ്‌നേഹിക്കുന്നു എന്നറിഞ്ഞാൽ നവിയുടെ അച്ഛൻ എന്റെ കുടുംബത്തെ ഇല്ലാതാക്കും..

വേണ്ട നവി.. ഒരുപാട് അനുഭവിച്ചു ആ പാവങ്ങൾ ഇനിയുള്ള കാലം അവർ സമാധാനത്തോടെ ജീവിക്കട്ടെ വിട്ടേക്ക്..

അത്രയും പറഞ്ഞിട്ട് ആമി നടന്നു പോയി..

ഞാൻ ഒന്നും പറയാനാവാതെ ഇരുന്നു..

പിന്നെ ആമിയെ ഞാൻ കണ്ടിട്ടില്ല

ഞാൻ തിരിച്ചു ഹൈദരാബാദിലേക്ക് പോയി.. പക്ഷേ.. അധികം താമസിക്കാതെ തന്നെ അവളെ ഒരിക്കലും മറക്കാൻ കഴിയില്ല എന്നെനിക്ക് മനസ്സിലായി..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അടുത്ത ലീവിന് നാട്ടിൽ വന്നപ്പോൾ..

ജോലി കഴിഞ്ഞെത്തിയ ആമിയെ കാത്തു അവളുടെ അഗ്രഹാരത്തിലെ ചെറിയ വീട്ടിൽ അവളുടെ അപ്പയോടും അമ്മയോടും ഒപ്പം ഞാനുമുണ്ടാരുന്നു..

ഒട്ടും പ്രതീക്ഷിക്കാതെ എന്നെയവിടെ കണ്ടപ്പോൾ അവളൊന്നു പകച്ചു..

“നവി.. എന്താ ഇവിടെ.. ”

“എന്നെപേടിച്ചു ഇയാൾ അവിടുത്തെ ജോലി കളഞ്ഞു പോയില്ലേ.. അപ്പൊ പിന്നെ ഇവിടെ വന്നു കാണാം എന്ന് കരുതി.. ”

“പേടിച് പോയതൊന്നുമല്ല നവി എനിക്കിവിടെ ഒരു സ്കൂളിൽ ഡാൻസ് ടീച്ചറായി ജോലി കിട്ടി.. അതാണ് അത് കളഞ്ഞത്.. ”

“അപ്പൊ തന്റെ ഫോണോ? ”
“അത്.. അത് ഞാൻ മനപ്പൂർവം നമ്പർ മാറ്റിയതാ നവി.. ”

“അപ്പ ഇത് എന്റെ ഫ്രണ്ട് ആണ്.. ”

“ഓഹ് ഇയാൾ പരിചയപ്പെടുത്തേണ്ട അപ്പയെയും അമ്മയെയും ഞാൻ പരിചയപെട്ടു.. ”

“അതെ മോളെ മോൻ വന്നിട്ടു കുറച്ചു നേരമായി.. ”

നവി ഒരു മിനിറ്റ്..

ആമി പുറത്തേക്കിറങ്ങി..

“എന്താ ആമി.. ”

“എന്താ നവിയുടെ ഉദ്ദേശം.. ”

“ദുരുദ്ദേശം.. ”

“ഏഹ്.. എന്താ.. ”

“ഒന്നുമില്ല എന്റെ കൊച്ചേ… എന്റെ അച്ഛൻ നിങ്ങളോട് കാണിച്ച തെറ്റ് ഈ മകൻ തിരുത്താൻ പോകുന്നു.. ”

“എങ്ങനെ.. ”

“നിന്നെ കെട്ടിക്കൊണ്ട് പോകുന്നു ഞാൻ ഹൈദരാബാദിലേക്ക്.. കൂടെ നിന്റെ അപ്പാവും അമ്മയും ഏട്ടനും ഉണ്ടാവും.. ”

“നവി നീ ശരിക്കും ആലോചിച്ചിട്ടാണോ ഈ വിഡ്ഢിത്തം പറയുന്നത്.. ഹൈദരാബാദ് എന്ന് പറയുന്നത് വിദേശത്തൊന്നുമല്ലല്ലോ നിന്റെ വീട്ടുകാർ അറിയാതിരിക്കാൻ.. ”

എന്നെയൊന്നിനും കിട്ടില്ല നവി പോകാൻ നോക്ക്..

അത്രയും പറഞ്ഞിട്ട് അനാമിക തിരിഞ്ഞപ്പോൾ പുറകിൽ അവളുടെ അപ്പ ഉണ്ടായിരുന്നു..

പെട്ടന്ന് അപ്പയെ കണ്ടപ്പോൾ അവൾ ആകെ പകച്ചു നിന്നു..

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7

കൗസ്തുഭം : ഭാഗം 8

കൗസ്തുഭം : ഭാഗം 9