ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 56
നോവൽ
എഴുത്തുകാരി: അമൃത അജയൻ
വിഘ്നേശ്വര വന്ദനത്തോടെ അരങ്ങേറ്റത്തിന് തിരശ്ശീലയുയർന്നു …. കാണികൾക്കിടയിൽ കരഘോഷമുയർന്നു … വീണയും രാജശേഖറും നിറമിഴികളാലെ മകളുടെ അരങ്ങേറ്റ വേദിയിലേക്ക് നോക്കി നിന്നു …
അവളുടെ കാൽച്ചിലമ്പിന്റെ നാദത്തിൽ ഭൂമി പോലും കോരിത്തരിച്ചു … നവരസങ്ങൾ ആ മുഖത്ത് തെളിഞ്ഞു …
ഉള്ളിന്റെയുള്ളിൽ തന്റെ വിജയമെന്ന ഒറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളു … അരങ്ങേറ്റ വേദിയിൽ നിറഞ്ഞാടുമ്പോഴൾ അവളുടെ മനസിൽ പാലക്കാവ് ഭഗവതിയുടെ രൗദ്രഭാവത്തിലുള്ള രൂപമായിരുന്നു പെരുമ്പറ കൊട്ടിതെളിഞ്ഞു നിന്നത് …
ചുവന്ന ചായക്കളങ്ങൾക്കു മീതെ ഭഗവതിയുടെ തെയ്യം പോർവിളി നടത്തുന്നത് അവൾ മനക്കണ്ണാലെ കണ്ടു .. ചുറ്റിനും കുരവയുയരുന്നു …
കൈകളിൽ മുദ്രകൾ മാറി മാറി വന്നു .. കണ്ണുകളിൽ വിവിധ ഭാവങ്ങൾ തെളിഞ്ഞു ..
ആ സമയം മറ്റൊരിടത്ത് , NIA ചോദ്യം ചെയ്യാനായി കൊണ്ടുപോയ ബെഞ്ചമിനെയും , റിജിനെയും ശരണിന്റെ നേതൃത്വത്തിലുള്ള പോലീസ് നിവയുടെ പരാതിയിന്മേലുള്ള കേസിന്റെ ചോദ്യം ചെയ്യലുകൾക്കും മറ്റുമായി കോടതിയുടെ അനുവാദത്തോടെ കസ്റ്റഡിയിൽ വാങ്ങി …
NIA ഓഫീസിൽ നിന്ന് ബെഞ്ചമിനെയും റിജിനെയും കൊണ്ട് പോലീസ് ജീപ്പ് ഇരുട്ടിനെ തുളച്ചു ചീറി പാഞ്ഞു … ആദർശ് അപ്പോഴേക്കും തീവൃവാദ കേസുകളിലുൾപ്പെടെ അന്വേഷണ വിധേയനായി കഴിഞ്ഞിരുന്നു …
ഓരോ തവണ നൃത്തമവസാനിക്കുമ്പോഴും നിവയുടെ മനക്കരുത്ത് കൂടിക്കൊണ്ടേയിരുന്നു … കൈയ്യടികൾക്കും ശക്തി കൂടി …
ദേവിയുടെ നാവിലൂടെയൊഴുകുന്ന ചോരയ്ക്കു തിളക്കം കൂടി … ചുവന്ന ചായപ്പൊടികൾ തൂകിയ കളത്തിൽ ഭഗവതിയുടെ തെയ്യം താണ്ഡവമാടി …
പോലീസ് വാഹനത്തിൽ വിലങ്ങണിഞ്ഞിരുന്ന ബെഞ്ചമിനും , റിജിനും പരസ്പരം നോക്കി … ശരൺ മുൻവശത്താണ് … പിന്നിൽ പ്രതികൾക്കൊപ്പം രണ്ട് കോൺസ്റ്റബിൾസ് കൂടി … ആ വാഹനത്തിനകമ്പടിയായി അൽപ്പം അകലമിട്ട് മറ്റൊരു പോലീസ് വാഹനവും … . ..
വാഹനത്തിലിരുന്ന കോൺസ്റ്റബിൾ നടരാജൻ റിജിന് കണ്ണുകൊണ്ട് എന്തോ ആംഗ്യം കാട്ടി … കൂടെയുണ്ടായിരുന്ന കോൺസ്റ്റബിൾ ശരത് മുന്നിലേക്ക് നോക്കിയിരിക്കുകയായിരുന്നു … പോലീസ് വാഹനം പാലത്തിലേക്ക് കയറി … പാലത്തിനു താഴെ കായലിൽ ഒരു ബോട്ട് കാത്ത് കിടപ്പുണ്ടായിരുന്നു …
ഞൊടിയിടയിൽ റിജിൻ കാലുയർത്തി ഡോറിന്റെ ഹാന്റിൽ ചവിട്ടിത്തുറന്നു … പുറത്തേക്ക് ഒഴുകിയിറങ്ങി … പിന്നാലെ ബെഞ്ചമിനും … ശരത് എന്തെങ്കിലും ചെയ്യും മുൻപേ നടരാജൻ സീറ്റിൽ നിന്ന് താഴേക്ക് വീണതുപോലെ നടിച്ചു കൊണ്ട് ശരത്തിന്റെ പ്രവർത്തനത്തെ തടഞ്ഞു …
പിന്നാലെ പിന്തുടർന്ന പോലീസ് വാഹനം പാലത്തിൽ ആഞ്ഞ് ബ്രേക്കിടുമ്പോഴേക്കും റിജിനും ബെഞ്ചമിനും പാലത്തിന്റെ കൈവരിയിലേക്ക് കയറിക്കഴിഞ്ഞിരുന്നു ..
അടുത്ത നിമിഷം ഒരാൾ റോഡിലേക്ക് ചാടിയിറങ്ങി … പോലീസ് വാഹനത്തിന്റെ ഹെഡ് ലൈറ്റ് വെളിച്ചത്തിൽ ആ കണ്ണുകൾ എരിഞ്ഞു …
ശരൺ …..!
അയാളുടെ നീട്ടിപ്പിടിച്ച വലംകൈയിലിരുന്ന് സർവീസ് റിവോൾവർ തിളങ്ങി… കൈവരിയുടെ മുകളിലേക്ക് കാലെടുത്തു വച്ച റിജിന്റെ കാൽമുട്ടിനെ ലക്ഷ്യം വച്ച തോക്കിൻ കുഴൽ ഒരു പ്രകമ്പനത്തോടെ തീയുണ്ട തുപ്പി …. പക്ഷെ വെപ്രാളത്തിൽ കാൽ വഴുതി താഴേക്ക് മലർന്ന റിജിന്റെ വാരിയെല്ല് തകർത്തു ആ ബുള്ളറ്റ് ….
സർവ്വം നിശബ്ദമായി ….. തറയിൽ വീണു പിടയുന്ന റിജിനെ കണ്ട് ബെഞ്ചമിന്റെ നാഡി ഞരമ്പുകൾ തളർന്നു … അവന്റെയാ
പതർച്ച മതിയായിരുന്നു , ശരത്തിനു അവനെ കീഴ്പ്പെടുത്താൻ …
ശരൺ മുന്നിലേക്ക് കുതിച്ചു ചെന്നു … നടരാജൻ നടുങ്ങിപ്പോയി .. നിലത്തു കിടന്നു പിടയുന്ന റിജിനെ നോക്കി നടരാജൻ അടിമുടി വിറച്ചു … ചെന്നിയിലൂടെ വിയർപ്പു ചാലിട്ടു …
” സർ ……. ഇനിയിപ്പോ ……” പിന്നിലെ പോലീസ് വാഹനത്തിൽ നിന്നിറങ്ങി ഓടി വന്ന SI യും കോൺസ്റ്റബിൾസും പരവശരായി ….
ശരൺ ചുറ്റിനും നോക്കി … വിചനമായ പ്രദേശമാണ് .. .. താഴെ കായലോളങ്ങളുടെ ശബ്ദം … അയാൾ കൈവരിയിലേക്ക് കയറി നോക്കി … താഴെ ഒരു ബോട്ട് ആരെയോ കാത്തെന്നപോലെ ജലപ്പരപ്പിൽ തെന്നിതെന്നിക്കിടക്കുന്നു … ശരണിന്റെ നെറ്റി ചുളിഞ്ഞു …
ഒരു ഫൗൾപ്ലേ നടന്നിരിക്കുന്നു ….. കൂടെയുള്ള ആരോ തന്നെ ……
ശരൺ എല്ലാവരെയും മാറി മാറി നോക്കി ….
” അണിയറയിലാരോ ഒരുക്കിയ നാടകത്തിന്റെ ബാക്കിയാണീ കിടക്കുന്നത് …….” ശരൺ പല്ല് ഞെരിച്ചുകൊണ്ട് റിജിനെ നോക്കി പറഞ്ഞു .. അപ്പോഴും ആ ശരീരത്തിൽ ജീവനവശേഷിച്ചിരുന്നു ….
ശരണിന്റെ കുറക്കൻ കണ്ണുകൾ ദ്രുതം ചലിച്ചു …
അടുത്ത നിമിഷം അയാൾ കണ്ടു , കോൺസ്റ്റബിൾ നടരാജന്റെ പോക്കറ്റിൽ കിടന്ന് ഫോണിന്റെ ഡിസ്പ്ലേ മിന്നിയണയുന്നത് .. ഫോൺ സൈലന്റിലും .. ശരണിന്റെ മുഖം വലിഞ്ഞു മുറുകി …
” നടരാജൻ ….. തന്റെ ഫോൺ റിങ് ചെയ്യുന്നുണ്ട് … ” ശരതിനെ പാതി മറഞ്ഞു നിന്ന നടരാജനെ നോക്കി ശരൺ മുരണ്ടു ….
” ഇ … ഇല്ല സർ ………….” അയാൾ മെല്ലെ പറഞ്ഞു ….
” റിങ് ചെയ്യുന്നുണ്ടെടോ … സൈലന്റായത് കൊണ്ട് താൻ കേൾക്കാത്തതാ …… ഞാൻ കാണിച്ചു തരാം … ..” ശരൺ മുന്നോട്ടാഞ്ഞ് , നടരാജന്റെ ഷർട്ടിൽ പിടുത്തമിട്ടു പോക്കറ്റിൽ കൈയിട്ടു ഫോൺ വലിച്ചെടുത്തു …
ഡിസ്പ്ലേയിൽ രമ കാളിംഗ് എന്ന് തെളിഞ്ഞു …. പോലീസുകാരോട് നിശബ്ദരാകാൻ ആംഗ്യം കാണിച്ചു കൊണ്ട് ശരൺ കാൾ അറ്റൻഡ് ചെയ്തു ….
മറുവശത്തും നിശബ്ദതായായിരുന്നു … വെള്ളമൊഴുകുന്ന ശബ്ദം നന്നായി കേൾക്കാം …
ശരൺ കൈവരിയോടു ചേർന്നു താഴേക്കു ശ്രദ്ധിച്ചു ….
” എടോ …. നടരാജ …. താനവിടെയുണ്ടോ … എന്താ അവിടെ നടക്കുന്നത് … ചെക്കന്മാരെവിടെ ……” ഇവിടെ നിന്ന് പ്രതികരണമൊന്നുമില്ലാതായപ്പോൾ മറുവശത്ത് നിന്ന് അടക്കിപ്പിടിച്ച ശബ്ദത്തിൽ ചോദ്യം വന്നു …
ആ നിമിഷം ശരൺ ഫോൺ കട്ട് ചെയ്തതും , നടരാജന്റെ മുഖത്ത് ആഞ്ഞടിച്ചതും ഒരുമിച്ചായിരുന്നു … നടരാജൻ നിന്ന നിൽപ്പിൽ വട്ടം കറങ്ങി …. ശരത് പിടിച്ചതുകൊണ്ട് അയാൾ നിലത്തു വീണില്ല …..
” സർ , ഇവനെ ഹോസ്പിറ്റലിലേക്കെടുക്കട്ടെ …. ?” റിജിനെ നോക്കി SI ചോദിച്ചു ….
” എന്നിട്ട് …? കാൽമുട്ടിൽ കൊള്ളേണ്ട വെടി ഉന്നം തെറ്റിയതിന് നമുക്കെല്ലാവർക്കും കിട്ടും മുകളീന്ന് സസ്പെൻഷനോ , പണിഷ്മെന്റോ ഒക്കെ … പിന്നെ സുരക്ഷ വീഴ്ച എന്ന മറ്റൊരു പൊൻ തൂവലും … കഴിഞ്ഞില്ല , എത്രയെത്ര പെൺകുട്ടികളുടെ ജീവിതം തല്ലിക്കൊഴിച്ച ഈ പന്ന നായിന്റെ മക്കൾക്ക് കോടതി വകയും കിട്ടും മാനുഷിക പരിഗണന … ഇവന്മാരുടെ മൊഴിയുമെടുക്കും .. തീർന്നില്ല ,ഇവനൊക്കെ ജീവിച്ചിരിക്കുകയാണെങ്കിൽ ,കോടതിയിൽ നമുക്കെതിരെ സാക്ഷി പറഞ്ഞാൽ കോടികൾ വാരിയെറിയാനും , അത് വാങ്ങിയെടുത്തിട്ട് സ്വന്തം തൊഴിലിനെ വ്യഭിചരിക്കാനും ഉളുപ്പില്ലാത്ത ചെറ്റകളുമുണ്ട് ഇവിടെ .. നമ്മുടെ ഇടയിൽ തന്നെ .. ” നടരാജനെ നോക്കി പല്ലിറുമിക്കൊണ്ട് ശരൺ പറഞ്ഞു ..
മറ്റ് പോലീസുകാരും നടരാജനെ കലിയോടെ നോക്കി ..
നടരാജൻ മുഖം കുനിച്ചു …
” സർ പറഞ്ഞു വരുന്നത് ……..” SI മുന്നോട്ട് വന്നു ….
” നിങ്ങൾക്ക് തീരുമാനിക്കാം … നിങ്ങളെടുക്കുന്ന തീരുമാനമെന്തായാലും ഞാൻ അനുകൂലിക്കും …… ” ശരൺ അസന്തിഗ്ധമായി പറഞ്ഞു …
” ഈ അവസ്ഥയിൽ ഇവൻ ജീവിച്ചാലും ഇവൻ മാത്രം തീർന്നാലും , പണി നമുക്കെതിരെ വരാൻ സാത്യതയുണ്ട് .. തീർക്കുകയാണെങ്കിൽ രണ്ടിനേയും തീർക്കണം …… അല്ലെ സർ ” SI യുടെ ചോദ്യം പ്രപഞ്ച സീമകളുടെയങ്ങേയറ്റത്തെത്തി പ്രതിധ്വനിച്ചു നിന്നു ……
മിനറൽ വാട്ടറിന്റെ ബോട്ടിൽ വായിലേക്ക് കമഴ്ത്തി കുറച്ചു വെള്ളം കുടിച്ചു നിവ ….
” ഒരുപാട് കുടിക്കല്ലേ … ലാസ്റ്റ് ഫ്യൂഷനാണ് … ” ടീച്ചർ അവളുടെ തോളിൽ തട്ടി കടന്നു പോയി …
അരങ്ങേറ്റം അവസാനിക്കാറായി … അവസാനത്തേത് ഫ്യൂഷനാണ് … രണ്ട് കോസ്റ്റ്യൂംസ് ഇട്ടുകൊണ്ടാണ് നിവയുടെ നിൽപ്പ് … ഇടയ്ക്ക് വന്ന് മാറിയിടാനുള്ളതുമെല്ലാം പാകത്തിൽ അറേഞ്ച് ചെയ്തു വച്ചു …
അത്താഴപൂജയും കഴിഞ്ഞ് ക്ഷേത്രനടയടച്ചിരുന്നു …. ദേവിയുടെ മുന്നിലെ കെടാവിളക്ക് അന്ന് പതിവിലും തീക്ഷ്ണമായെരിഞ്ഞു … കാവിൽ നാൽപ്പാമരാദികൾ കാറ്റിലാടിയുലഞ്ഞു ഭ്രാന്തമായി …
വീശിയടിക്കുന്ന കാറ്റിൽ കായലോളങ്ങൾ മെല്ലെയിളയി …. നടരാജന്റെ മുഖത്തു നിന്ന് ചോരയിറ്റിറ്റു വീണു … ബെഞ്ചമിന്റെ കൈവിലങ്ങ് ശരത്ത് തിരിച്ച് അവന്റെ കൈയിൽ തന്നെ ഇട്ടു കൊടുത്തു … അതിന്റെ വളയത്തിൽ നടരാജന്റെ മുഖത്തെ ചോരയും തൊലിയും പറ്റിപ്പിടിച്ചിരുന്നു …
വിലങ്ങണിയിച്ച് ശരത് മാറിയതും , രണ്ട് തീയുയുണ്ടകൾ ചീറിപ്പാഞ്ഞു വന്നു ,ബെഞ്ചമിന്റെ പിൻഭാഗം ലക്ഷ്യമാക്കി .. ഒന്ന് മുതുകിന് ഇടതു ഭാഗത്തും മറ്റൊന്ന് നട്ടെല്ലിന്റെ താഴ്ഭാഗത്തും …. ചിതറി വീണതുപോലെ രണ്ടു ചോരപ്പൂക്കൾ ഏറ്റ് വാങ്ങിക്കൊണ്ട് പാലത്തിന്റെ കൈവരിയിലേക്ക് അവൻ ഒടിഞ്ഞുകുത്തി വീണു … രണ്ട് കൈകളും തലയും കായലിലേക്ക് തൂങ്ങിക്കിടന്നു … പകുതി പാലത്തിലും … SI കൈവരിക്കടുത്തേക്ക് ചെന്നു … ബൂട്ടിട്ട കാലുകൊണ്ട് ബെഞ്ചമിന്റെ രണ്ട് കാലുകളും ഉയർത്തിക്കൊടുത്തു .. കൈവരിയിലൂടെ ,ഒരു പാമ്പിനെപ്പോലെ ഇഴഞ്ഞ് അവൻ താഴെ കായലിലേക്ക് പതിച്ചു ..
ശരണിന്റെ കണ്ണുകളിൽ അഗ്നിത്തിരകൾ കാണായി … അവൻ റിജിനെ നോക്കി .. ശരണിന്റെ നെറ്റി ചുളിഞ്ഞു …
” സർ ഇവൻ ….. ” ഒരു കോൺസ്റ്റബിൾ സംശയത്തോടെ റിജിനെ നോക്കി പറഞ്ഞു .. അവനു ചുറ്റും ചോരക്കളം തീർത്തിരുന്നു … എല്ലാ കണ്ണുകളും ജാഗരൂഗമായി ….
റിജിൻ…….! അവന്റെ ചലനം നിലച്ചിരിക്കുന്നു …. ഒരു കോൺസ്റ്റബിൾ അടുത്തേക്കിരുന്ന് കഴുത്തിൽ തൊട്ടു നോക്കി മരണം ഉറപ്പിച്ചു …
ശരണിന്റെ ചുണ്ടിൽ പ്രതികാരച്ചിരി വിരിഞ്ഞു … തന്റെ റിവോൾവറിലെ ഒരു ബുള്ളറ്റ് കൂടി അവന് വേണ്ടി ചിലവഴിക്കേണ്ടി വന്നില്ല ….
തൂവാലയിൽ പൊതിഞ്ഞ , നടരാജന്റെ റിവോൾവർ ശരൺ അയാൾക്കു നേരെ നീട്ടി …. ബെഞ്ചമിന്റെ ജീവനെടുത്ത ആ തോക്കിൽ അപ്പോഴും കൊലച്ചൂട് ബാക്കി നിന്നു …
” പിടിക്കടോ …. തന്റെ ഫിംഗർപ്രിന്റ് ഇതിലുണ്ടായിരിക്കണം …. അറിയാല്ലോ , പറയാനുള്ളതൊക്കെ ഞാൻ പഠിപ്പിച്ചു തരും …. എങ്ങാനും ഡിപ്പാർട്ട്മെന്റിൽ ഒറ്റിയാൽ , തന്റെയുൾപ്പെടെ തൊപ്പി തെറിക്കും … പിന്നെ ഇപ്പോ തന്നെ വിലയ്ക്കെടുത്തവന്മാര് കൂടെ കാണും എന്ന് താൻ തെറ്റിദ്ധരിക്കരുത് … ദാ ഇവന്മാരെ ജീവനോടെ കൊടുത്തിരുന്നെങ്കിൽ തന്നെ ചിലപ്പോ അവന്മാർ സംരക്ഷിച്ചേനേ … ഇനി താനത് പ്രതീക്ഷിക്കണ്ട … ഭാര്യക്കും മക്കൾക്കും വേണ്ടിയാവും പത്ത് വെള്ളിക്കാശിന് താൻ സ്വന്തം തൊഴിലിനെ വിറ്റത് … ഈ തൊപ്പി തന്റെ ചട്ടിത്തലയിലിനിയും ഉണ്ടായാലേ അവരെ പോറ്റാൻ പറ്റൂ എന്ന ഓർമ വേണം … കേട്ടോടോ …….” ശരണിന്റെ പതിഞ്ഞ ശബ്ദം നടരാജനെ ചെവിയും തുളച്ച് , തലച്ചോറിലെവിടെയോ ചെന്നിടിച്ചു ..
SI അവജ്ഞയോടെ അയാളെ നോക്കി … നടരാജൻ ഭയന്നു പോയിരുന്നു .. വിറയ്ക്കുന്ന വിരലുയർത്തി അയാൾ ചോരയൊലിക്കുന്ന മൂക്ക് തുടച്ചു … വിലങ്ങിന്റെ ഇടിയേറ്റ് ചതഞ്ഞ കവിൾത്തടം നീറി പുകഞ്ഞു .. ..
താഴെ കായലിൽ ഒരു ബോട്ട് കിതച്ചു കൊണ്ടു ഇരുളും തുളച്ചോടി ….
രാത്രിയുടെ സൗമ്യതയിൽ രണ്ട് കിരാതന്മാരുടെ ശവങ്ങൾ തണുക്കാൻ തുടങ്ങി …
ശരൺ വാഹനത്തിനടുത്തേക്ക് വന്നു , ഫോണെടുത്ത് അയാൾ നിഷിന്റെ നമ്പർ തിരഞ്ഞു ….
നിവ ഒരു ദേവി സ്തുതിക്കൊപ്പം നിറഞ്ഞാടുകയായിരുന്നു … പദങ്ങൾ അവളുടെ നൂപുരനാദത്താൽ കോരിത്തരിച്ചു .. ദേവിയുടെ വിവിധ ഭാവങ്ങൾ അവളുടെ മുഖത്ത് തെളിഞ്ഞു … രൗദ്രയായ ദേവിയുടെ തന്മയീഭാവം അവൾ മുഖത്താവാഹിച്ചു …
കരഘോഷം , ആനന്ത കണ്ണീരോടെ അവളുടെ പ്രിയപ്പെട്ടവർ …
ചുവന്ന കളത്തിലാടിയ തെയ്യം വിളക്കുകൾക്കു മീതെ തളർന്നു വീണു … കുത്തുവിളക്കുകൾ ആളിക്കത്തി … ഭഗവതി സംപ്രീതയായിരിക്കുന്നു …
നിവയുടെ ആത്മാവിൽ കൊട്ടിക്കയറിയ പഞ്ചാരിമേളം അവസാനിക്കുകയായിരുന്നു … അരുണിന്റെതുൾപ്പെടെയുള്ള ക്യാമറക്കണ്ണുകൾ ലോകമെമ്പാടുമുള്ള മലയാളികളുടെ മുന്നിലേക്ക് അവളുടെ പരകായപ്രവേശത്തിന്റെ അവസാന നിമിഷങ്ങൾ ആവേശത്തോടെ ഒപ്പിയെടുത്തു കാട്ടിക്കൊടുത്തു ….
അരങ്ങേറ്റ വേദിക്കു തിരശീല വീഴുമ്പോൾ , ആ മറയ്ക്കപ്പുറത്ത് ആർപ്പുവിളികളോടെ ഉയർന്ന കരഘോഷം അവൾ ഉൾപ്പുളകത്തോടെ കേട്ടു …
വിജയശ്രീലാളിതയായി വേദിയുടെ പിൻഭാഗത്തേക്ക് നടന്നു ചെന്ന അവളെ , മയി എവിടെ നിന്നോ ഓടി വന്നു കെട്ടിപ്പിടിച്ചു …
” ഏട്ടത്തി …….” ആനന്ദത്താൽ നിവയുടെ വാക്കുകളും ഇടറിപ്പോയി …. അവൾ മയിയെ ഇറുകെ കെട്ടിപ്പിടിച്ചു …
കണ്ടു നിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു ആ കാഴ്ച …
തുടരും