Thursday, December 19, 2024
Novel

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 52

നോവൽ
എഴുത്തുകാരി: അമൃത അജയൻ


ആദർശിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്ത വാർത്ത കാട്ടുതീ പോലെ മാധ്യമങ്ങൾ ഏറ്റെടുത്തു … ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും, ആദർശിന്റെ അറസ്റ്റും കുട്ടനാട് പ്രോജക്ടുമായിയുള്ള ബദ്ധം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഏറെക്കുറെ എല്ലാവർക്കും തന്നെ അതാരാണെന്ന് മനസിലായി ..

നിവയുടെ വീഡിയോ ലീക്കായതിന്റെ പേരിൽ കുറ്റപ്പെടുത്തിയ ചിലരെങ്കിലും ആശ്വാസവാക്കുകളുമായി അടുത്തുകൂടി …

പിന്നീടുള്ള കുറച്ചു ദിവസങ്ങൾ മാധ്യമങ്ങളും പോലീസും കോടതിയുമൊക്കെയായി വലിയൊരു അഗ്നിപരീക്ഷയായിരുന്നു ആ കുടുംബം നേരിട്ടത് …

നിവയപ്പോഴും ഒന്നും സംസാരിക്കാതെ സ്മാരകം പോലെ ഒരേയിരുപ്പായിരുന്നു … സ്പൂണിൽ കഞ്ഞി കോരി ചുണ്ടോടു ചേർത്തു കൊടുത്താൽ ഒന്നോ രണ്ടോ ഇറക്കിറക്കിയാലായി …

മയി സദാ സമയവും അവൾക്കൊപ്പം തന്നെയിരുന്നു .. നിവയൊന്നും സംസാരിച്ചില്ലെങ്കിലും , മയിയവളോട് ഒരുപാട് കാര്യങ്ങൾ സംസാരിച്ചു ..

അതിനിടയിൽ ആദർശിനെതിരെ കള്ളക്കടത്തും മറ്റുമായി രാജ്യദ്രോഹ കുറ്റങ്ങൾ ചുമത്തി NIA യും കസ്റ്റഡിയിൽ വാങ്ങി … ആരുടെയൊക്കെയോ കണ്ണീരിനു മേൽ കെട്ടിപ്പൊക്കിയ സ്ഥാപനങ്ങൾ ഓരോന്നായി തകർന്നു .. കോടികളുടെ ബാങ്ക് ബാദ്ധ്യതകൾ അവന്റെ മേൽ ചുമത്തപ്പെട്ടു …

നിവയ്ക്ക് കൗൺസിലിംഗ് നൽകിയിട്ടും കാര്യമായ മാറ്റങ്ങളൊന്നും കാണാത്തത് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ..

കിച്ചയും സ്വാതിയും ഒരാഴ്ചയോളം അവർക്കൊപ്പം നിന്നിട്ടാണ് തിരിച്ചു പോയത് …

നിഷിനും അധികം ലീവെടുത്തു നിൽക്കാൻ കഴിയാത്തതിനാൽ അവനും തിരികെ ആലപ്പുഴയ്ക്ക് മടങ്ങി .. എന്നാൽ ദിവസവും അവൻ മയിയുടെ ഫോണിലേക്ക് വിളിക്കും … യാതൊരു പ്രതികരണവുമില്ലെങ്കിലും നിഷിന്റെ കോൾ മയി നിവയുടെ കാതോരം ചേർത്തുവച്ചു കൊടുക്കും .. മറുപടികളില്ലെങ്കിലും അനുജത്തിയുടെ ശ്വാസതാളം പോലും മറുപടിയായി കരുതി അവൻ തൃപ്തിപ്പെട്ടു ..

നവീൺ രാവിലെയും വൈകിട്ടുമായി രണ്ട് നേരമെങ്കിലും അവളെ അരികിൽ ചേർത്തിരുത്തി സംസാരിച്ചു .. വീണ ഇടയ്ക്ക് വന്നു അവളെ നോക്കുമെങ്കിലും ഒരാശ്വാസ വാക്കു പോലും അവൾക്കായി ചൊരിഞ്ഞില്ല … മറ്റാരും കാണാതെ അവർ കണ്ണീരൊപ്പി കടന്നു പോയി …

കേസിന്റെ ആവശ്യങ്ങൾക്ക് പോകുമ്പോൾ അവളുടെ ഇടവും വലവും രണ്ട് ഏട്ടന്മാരും ഏട്ടത്തിമാരും ഉണ്ടാകും …

* * * * * * * * * * * *

ദിവസങ്ങളൊന്നൊന്നായി കടന്നു പോയി .. പതിയെ പതിയെ വാർത്താ കോളങ്ങളിൽ മറ്റു പല കാര്യങ്ങളും സ്ഥാനം പിടിച്ചു ..

അന്നും പതിവു പോലെ നിവയ്ക്കുള്ള ചായയുമായി കയറി വന്ന മയി കണ്ടത് , റൂമിലെ ജനൽക്കമ്പിയിൽ മുഖം ചേർത്തു മുറ്റത്തേക്ക് നോക്കി നിൽക്കുന്ന നിവയെയാണ് ..

മയിയുടെ കണ്ണും മനസും നിറഞ്ഞു… ഇന്നലെ വരെ ബെഡിൽ കൂനിക്കൂടിയിരിക്കും അല്ലെങ്കിൽ ചുരുണ്ടു കിടക്കും അതായിരുന്നു പതിവ് .. പ്രാധമിക കർമങ്ങൾക്കു പോലും പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ടു പോകണമായിരുന്നു … ഇന്നും പല്ല് തേയ്പ്പിച്ച് മുഖം കഴുകിച്ച് ബെഡിൽ കൊണ്ടിരുത്തിയിട്ട് ചായയെടുക്കാൻ പോയതായിരുന്നു മയി …

” മോളെ ……….” സന്തോഷമടക്കാനാകാതെ അവൾ വിളിച്ചു …

നിവയുടെ കൃഷ്ണമണികൾ ചലിച്ചു … മെല്ലെ മെല്ലെ മുഖം ചലിപ്പിച്ച് നോട്ടം അവൾ മയിയുടെ നേർക്ക് കൊണ്ടുവന്നു … വിളറി വെളുത്ത കൺകളിൽ കുറേ നാളുകൾക്ക് ശേഷം ഏതോ നീണ്ട കഥയുടെ തിരി തെളിഞ്ഞു …

ചായക്കപ്പ് ടേബിളിൽ വച്ച് , മയി ഓടി അവൾക്കരികിൽ ചെന്നു ആ മുഖം കൈക്കുമ്പിളിലെടുത്തു …

അവളുടെ നെഞ്ചിടിപ്പിന്റെ താളം പോലും മയിക്കു കേൾക്കാമായിരുന്നു …

നിവയുടെ മിഴികൾ മയിയുടെ മുഖത്ത് തങ്ങി നിന്നു … മെല്ലെ മെല്ലെ അവയിൽ ഒരു ജലാശയം രൂപം കൊണ്ടു … അത് നിറഞ്ഞു തുളുമ്പി താഴേക്കൊഴുകാൻ തുടങ്ങി ….

” ഏ… ത്തി ………” ഒരാർത്തനാദം പോലെ , അവളുടെ വാക്കുകൾ വിണ്ടുകീറി പുറത്തേക്കു വന്നു …ഒപ്പം അവൾ മയിയുടെ മാറിലേക്കണഞ്ഞു ….. ആ ഏങ്ങലിന്റെ ചീളുകൾ മയിയുടെ ഹൃദയത്തിലേക്കടർന്നു വീണു …

എന്നോ നിലച്ചു പോയ ആ വീടിന്റെ മണി മുരളി വീണ്ടും പാടി തുടങ്ങി .. ആ വീടിന്റെ സന്തോഷങ്ങൾ ഓരോന്നായി തിരികെ വരാൻ പടിവാതിലിൽ ഊഴം കാത്തു നിന്നു ..

****

ദിവസങ്ങൾക്ക് ശേഷം നിവ തന്റെ മുറി വിട്ട് പുറത്തിറങ്ങി … താഴെ വന്ന് ഏറെ നേരം രാജശേഖറിനൊപ്പം ഇരുന്നു … മകളുടെ ഉയർത്തെഴുന്നേൽപ്പ് ആ വീട്ടിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് ആ അച്ഛനായിരുന്നു എന്ന് അദ്ദേഹത്തിന്റെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു ..

അന്ന് എല്ലാവരും ഒരുമിച്ചിരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു … അപ്പൂസ് നിവയുടെ അരികിൽ സ്ഥാനം പിടിച്ചു .. . ഇത്ര ദിവസവും കുഞ്ഞാന്റി അവളോട് സംസാരിക്കാതെയും കളിക്കാതെയും ഇരുന്നത് അവളെ സങ്കടപ്പെടുത്തിയിരുന്നു …

അതിന്റെ പരിഭവക്കെട്ടുകൾ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ മുതൽ അവൾ നിവയുടെ മുന്നിലേക്ക് നിരത്തി …

കഴിച്ചു കഴിഞ്ഞും നിവയെ അവൾ വിട്ടില്ല .. അവളുടെ വിരലിൽ പിടിച്ചു വലിച്ചുകൊണ്ട് മുറ്റത്ത് ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങൾക്ക് നടുവിലേക്ക് അപ്പൂസിറങ്ങി .. .

അപ്പൂസിന്റെ ഒരു ബോളെടുത്ത് തട്ടിക്കൊണ്ട് നിവ പടിയിലിരുന്നു .. അവളുടെ മനസ് എവിടെയും ഉറച്ചില്ല .. എന്തൊക്കെയോ ആദികളും ആശങ്കകളും അവളെ വിട്ടൊഴിയാതെ നിന്നു ..

” കുഞ്ഞാന്റി…. സൈക്കിൾ ഉട്ടി താ…. ” കൊച്ചു സൈക്കിളിൽ കയറിയിരുന്നു അപ്പൂസ് വാശി പിടിച്ചു …

മയിയും ഹരിതയും അത് നോക്കി നിന്നിട്ട് മെല്ലെ പിൻ വാങ്ങി … അപ്പൂസിനൊപ്പമിരുന്ന് അവളുടെ മൈൻഡ് ഒന്ന് റിലാക്സാകട്ടെയെന്ന് അവരും കരുതി ……

വൈകുന്നേരം നിഷിൻ കൂടി വന്നതോടെ നിവ കുറച്ചു കൂടി സ്മാർട്ടായി .. . എങ്കിലും ഹോസ്പിറ്റലിൽ പോകാൻ വിളിച്ചപ്പോൾ അവൾ മടിച്ചു ..

ആളുകളെ ഫെയ്സു ചെയ്യാനുള്ള മടിയാണെന്ന് മയിക്ക് അവളുടെ പിന്മാറ്റത്തിൽ നിന്ന് തന്നെ മനസിലായി … ആ വീട്ടിലുള്ളവർ തനിക്കൊപ്പമുണ്ടെന്ന തോന്നൽ അവളുടെ ഉയർത്തെഴുന്നേൽപ്പിന് സഹായിച്ചുവെങ്കിലും , ആ വീടിന് പുറത്തുള്ള ലോകം അവൾക്ക് ഭയമായിരുന്നു …

വളരെ പാട് പെട്ടാണ് അവളെയന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയത് … കാറിനുള്ളിൽ പോലും അവൾ മുഖം കുനിച്ചിരുന്നു …

ഹോസ്പിറ്റലിൽ വച്ചും എതിരെ വരുന്നവരും പോകുന്നവരുമെല്ലാം തന്നെ നോക്കി അടക്കം പറയുകയും ചിരിക്കുകയുമാണെന്ന് അവൾക്ക് തോന്നി ..

* * * * * * * * *

രാത്രി ….

മയിയുടെ മടിയിൽ തല വെച്ച് കിടന്ന് നിവ കണ്ണീരൊഴുക്കി …

” ഏട്ടത്തി .. ഞാനിനി എങ്ങോട്ടുമില്ല .. എന്നെ ഇനി ഹോസ്പിറ്റലിൽ പോലും കൊണ്ടു പോകല്ലേ പ്ലീസ് .. ഞാനിവിടെ നിന്നോളാം .. എനിക്കിനി എങ്ങും പോകണ്ട …..” അവൾ വിതുമ്പി …

മയി അവളുടെ ശിരസിൽ തഴുകിക്കൊണ്ടിരുന്നു ..

” ഈ വീടിനുള്ളിൽ അടച്ചിരിക്കാനാണോ പ്ലാൻ .. നിനക്ക് പഠിക്കണ്ടേ ഇനി ….”

” വേണ്ട … എനിക്ക് ഒന്നും വേണ്ട ഏട്ടത്തി .. നിക്ക് ആരേം കാണേം വേണ്ട .. പഠിക്കേം വേണ്ട .. ഞാനിവിടെ ഹാപ്പിയാ .. ഇവിടെ മാത്രേ ഞാൻ ഹാപ്പിയായിട്ടൊള്ളു …….”

” ശരി .. പക്ഷെ ഈ വീട്ടിൽ ഇനി നീ മിണ്ടാതെ ഒതുങ്ങിക്കൂടരുത് .. പഴയത് പോലെ ഓടിച്ചാടി നടക്കണം .. അപ്പൂസിനോട് കളിക്കണം .. നാളെ മുതൽ ഡാൻസ് പ്രാക്ടീസ് തുടങ്ങണം … സമ്മതിച്ചോ …?.” മയി ചോദിച്ചു ..

” ങും ….. ” അവൾ മെല്ലെ തലയാട്ടി …

” ഇടയ്ക്ക് ടീച്ചർ വരും പഠിപ്പിക്കാൻ …..”

നിവ മുഖമുയർത്തി നോക്കി ..

” എന്താ .. സമ്മതമല്ലേ …..”

” ഞാൻ പ്രാക്ടീസ് ചെയ്തോളാം ഏടത്തി .. അന്ന് അരങ്ങേറ്റം വരെ എത്തിയതാ നടക്കാതെ പോയത് .. ചിക്കൻപോക്സ് പിടിച്ചിട്ട് .. ടീച്ചറില്ലേലും കുഴപ്പമില്ല .. ഞാൻ തനിയെ പ്രാക്ടീസ് ചെയ്തോളാം ….”

” അത് നീ ഒരിക്കൽ പറഞ്ഞതല്ലേ അരങ്ങേറ്റം മുടങ്ങിപ്പോയത് … ഇപ്പോ ടീച്ചർ വന്ന് പ്രാക്ടീസ് ചെയ്യിപ്പിക്കുന്നത് കൊണ്ട് എന്താ കുഴപ്പം ……?”

” വേണ്ട … ഞാൻ ചെയ്തോളാം ….” അവൾ ചിണുങ്ങി …

” ടീച്ചർ നിന്നെ കളിയാക്കുകയോ കുത്തുവാക്ക് പറയുകയോ ഒന്നും ചെയ്യില്ല … അല്ലെങ്കിൽ തന്നെ നമ്മുടെ വീട്ടിൽ വച്ചല്ലേ പഠിപ്പിക്കുന്നേ … ഇവിടെ നമ്മളൊക്കെയില്ലേ … പിന്നെന്ത് പേടിക്കാനാ … നീ ധൈര്യമായിട്ടിരിക്ക് … നിന്നെ കുട്ടിക്കാലം മുതൽ ഡാൻസ് പഠിപ്പിച്ച ടീച്ചറല്ലേ … ഒരു പക്ഷെ നിന്റെ കൈകാലുകളുടെ വളർച്ച പോലും മറ്റാരെക്കാൾ നന്നായി ഹൃദ്യസ്ഥമാക്കിയിട്ടുള്ളത് ആ ടീച്ചറായിരിക്കും .. അവർക്ക് നിന്നെ വേദനിപ്പിക്കാൻ കഴിയോ മോളെ .. ”

നിവ മിഴിയുയർത്തി നോക്കി … മയി കുനിഞ്ഞ് ആ നെറ്റിയിൽ മുത്തമിട്ടു …

” ടീച്ചർ വരും നാളെ മുതൽ .. മറ്റെല്ലാം മറന്ന് നല്ല കുട്ടിയായിട്ട് , ഡാൻസിൽ മാത്രം കോൺസൻട്രേറ്റ് ചെയ്യണം ഇനിയുള്ള ദിവസങ്ങൾ …… കേട്ടോ ..”

മനസില്ലാ മനസോടെ നിവ സമ്മതം മൂളി ..

* * *

ഓരോ ദിനങ്ങൾ കൊഴിയും തോറും അവളുടെ നൂപുരധ്വനിയുടെ ദൈർഘ്യം ഏറി വന്നു .. ചിലപ്പോഴോക്കെ ഒരേ ദിവസം അവളുടെ നൃത്തചുവടുകൾക്ക് സൂര്യനും ചന്ദ്രനും സാക്ഷിയായി കടന്നു പോയി .. ..

ഒരു ദിവസം ഡാൻസ് പ്രാക്ടീസ് കഴിഞ്ഞ് വന്നിരുന്ന് ചിലങ്കയഴിക്കുന്ന നിവയുടെ അരികിലായി മയി വന്നിരുന്നു ..

ഇന്നവൾ ഊർജസ്വലയാണ് .. ആ മുഖത്തും മിഴികളിലും ഒരു കെടാവിളക്ക് തെളിഞ്ഞിട്ടുണ്ട് .. .

” ഇന്ന് ഞാൻ തകർത്തൂന്നാ ടീച്ചർ പറഞ്ഞെ … ശങ്കരഭരണത്തിൽ ജതികൾക്കൊപ്പം ഒരു കീച്ചങ്ങ് കീച്ചി .. ” ശ്വാസമെടുത്തു കൊണ്ട് അവൾ മയിയോട് ആഹ്ലാദത്തോടെ പറഞ്ഞു ..

” വെരി ഗുഡ് .. പക്ഷെ ഇതിങ്ങനെ ടെറസിനു മുകളിൽ ഒതുക്കിയാൽ മതിയോ ….?”

നിവ നെറ്റി ചുളിച്ച് മയിയെ നോക്കി …

” നമുക്കതങ്ങ് നടത്തണ്ടെ …..?”

” എന്ത് …….?”

” അരങ്ങേറ്റം .. ഒരിക്കൽ ചിക്കൻപോക്സിന്റെ രൂപത്തിൽ മുടങ്ങിപ്പോയ നിന്റെ അരങ്ങേറ്റം .. ”

നിവയുടെ മുഖം മങ്ങി ..

” അതൊന്നും വേണ്ട ……. ” എടുത്തടിച്ച പോലെ അവൾ പറഞ്ഞു ..

” അതെന്താ വേണ്ടാത്തേ ….. നീയൊരുപാട് ആഗ്രഹിച്ചതല്ലേ .. ”

” ഇപ്പോ എനിക്ക് ആഗ്രഹമില്ല … ”

” അത് വെറുതെ … നിറദീപങ്ങളാൽ അലംകൃതമായ ഒരങ്കണവും , ഒരു വേദിയും ഒരുപാടാളുകളും അവർക്കു മുന്നിൽ ഇടറാത്ത നിന്റെ ചുവടുകളും കൈയ്യടികളും ഒക്കെ ഇപ്പോഴും നിന്റെ മനസിൽ മായാതെ കിടപ്പില്ലേ … ഇപ്പോഴും നീ കളിച്ചു കയറുമ്പോൾ വെറുതെയെങ്കിലും മോഹിച്ചിട്ടില്ലെ അത് നിന്റെ സ്വപന വേദിയായിരുന്നുവെങ്കിലെന്ന് ….”

നിവയുടെ കണ്ണു നിറഞ്ഞു തൂവി .. സത്യമാണ് .. നെഞ്ചിൽ കൊട്ടിക്കയറുന്ന പഞ്ചാരിമേളവും തന്റെ കാൽച്ചിലമ്പിലെ ജതികളും ഭൈരവികളുമെല്ലാം ഒരു വിളിപ്പാടകലെ കാത്തു നിൽക്കുന്നതായി തോന്നാറുണ്ട് ..

അവളുടെ മനസ് മനസിലാക്കിയിട്ടെന്നവണ്ണം മയി അവളുടെ കരം കവർന്നു ..

” കയ്ച്ചാലും മധുരിച്ചാലും ഈ ഒരാഗ്രഹം എങ്കിലും സാധിച്ചില്ലെങ്കിൽ പിന്നെന്താടി ഈ ജീവിതം കൊണ്ട് നേട്ടം .. ”

നിവയുടെ ശ്വാസഗതി ഉയർന്നു താഴ്ന്നു ..

” എന്നെ നോക്ക് … ” മയി പെട്ടന്ന് എഴുന്നേറ്റ് അവൾക്കഭിമുഖം നിന്ന് ആ മുഖം കൈക്കുമ്പിളിലെടുത്തു ..

” ഇനിയൊന്നിനും ഞാൻ നിന്നെ നിർബന്ധിക്കില്ല .. ഈ ഒരൊറ്റ കാര്യം .. ഇത് മാത്രം നമുക്ക് ചെയ്യാം .. പൂർണ മനസോടെ നീ എന്റെ കൂടെ നിൽക്കണം .. ഞാൻ പറയുന്ന പോലെ ചെയ്യണം ….”

നിവയുടെ മനസും ഒന്നിളകിപ്പോയി .. തന്റെ അരങ്ങേറ്റം …. അവൾക്ക് ചുറ്റും ജതികൾ ആനന്തലഹരിയിൽ ആറാടി ..

ടീപ്പോയിൽ അഴിച്ചു വച്ച ചിലങ്കകൾ അവൾ കൈയിലെടുത്തു .. അതിന്റെ മണികളിലൂടെ വിരലോടിച്ചു …

തന്റെ ചിലമ്പുകൾക്കും ശാപമോക്ഷം … ചിലപ്പോൾ തനിക്കും ..

* * * ****

പിന്നീട് മയിക്കും തിരക്കുള്ള ദിവസങ്ങളായിരുന്നു .. നിവയുടെ അരങ്ങേറ്റം മൂന്നേ മൂന്നു പേർക്കു മാത്രമേ അറിയുമായിരുന്നുള്ളു .. മയിക്കും നിവയ്ക്കും അവളുടെ ടീച്ചറിനോടും … അത് ഒരു രഹസ്യമായി സൂക്ഷിച്ചത് മയിയുടെ തീരുമാനമായിരുന്നു .. കാരണം അതീ ലോകത്തോട് വിളിച്ചു പറയേണ്ടത് നിവയാണെന്ന് അവൾ നിശ്ചയിച്ചിരുന്നു ..

അത് ഒരു വെള്ളിയാഴ്ചയായിരുന്നു … രാവിലത്തെ ന്യൂസ് അവർ കഴിഞ്ഞ് പുതിയൊരു പ്രോഗ്രാമിന്റെ പ്രിപ്പറേഷനിലായിരുന്നു മയി …

അപ്പോഴാണ് അസിസ്റ്റന്റ് ദിയ ഫോണുമായി അവൾക്ക് അടുത്തേക്ക് ഓടി വന്നത് …

” മാം … ഇത് നോക്കിയേ ……….” ആ പെൺകുട്ടിയുടെ മുഖത്ത് വിവിധ ഭാവങ്ങൾ തെളിഞ്ഞു …

മയി ഫോണിലേക്ക് നോക്കി … അതൊരു പെൺകുട്ടിയുടെ ഫെയ്സ് ബുക്ക് ലൈവാണ് … തനിക്ക് ഏറ്റവും സുപരിചിതമായ മുഖമായിരുന്നു അത് ….

നിവ … നിവ രാജശേഖർ …

ദിയ ആ ലൈവ് വീഡിയോ ആദ്യം മുതൽ പ്ലേ ചെയ്തു ..

” ഹലോ എവരിബഡി …..

അൽപ സമയം അവൾ സ്ക്രീനിലേക്ക് നോക്കിയിരുന്നു … പിന്നെ പറഞ്ഞു തുടങ്ങി …

നിങ്ങളിൽ പലർക്കും എന്നെ അറിയാമായിരിക്കും .. കുറച്ച് നാളുകൾക്ക് മുൻപ് പലരുടേയും ഫോണിൽ ഞാനുണ്ടായിരുന്നു .. ഇപ്പോഴും കാണും .. . പിന്നീട് ഞാൻ വാർത്തകളിൽ നിറഞ്ഞു .. കുറച്ചു പേർ എന്റെ നീതിക്ക് വേണ്ടി ഹാഷ് ടാഗ് ക്യാംപയിൻ ചെയ്തു , കുറച്ചു പേർ എന്നെ പിഴച്ചവൾ എന്ന് വിളിച്ചു …

എന്നെ സംബന്ധിച്ച് മരണ തുല്യമായ ദിവസങ്ങളായിരുന്നു അത് .. ആ ദിവസങ്ങൾ എനിക്ക് സമ്മാനിച്ചത് ഞാൻ ആത്മാർത്ഥമായി സ്നേഹിച്ച വിശ്വസിച്ച ഒരു പുരുഷനും .. ബെഞ്ചമിൻ എന്ന അവന്റെ പേര് ഓർത്തില്ലെങ്കിലും എന്റെ പേര് ഓർക്കുന്നുണ്ടാവുമല്ലോ … ഞാൻ നിവ രാജശേഖർ .. ” അവളൊന്ന് നിർത്തിയിട്ട് തുടർന്നു ..

എന്റെ നീതിക്ക് വേണ്ടി ഒരു ക്യാംപെയ്ൻ നടന്നു എന്നൊക്കെ ഞാനറിയുന്നത് മൂന്നാല് ദിവസം മുൻപാണ് .. ശരിക്കും പറഞ്ഞാൽ ഇത്രയും നാൾ അജ്ഞാതവാസമായിരുന്നു … ഒരുതരത്തിൽ പറഞ്ഞാൽ ഒളിച്ചോട്ടം ..

ഈ സമൂഹത്തിന്റെ നോട്ടം ഭയന്നിട്ട് , കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ഭയന്നിട്ട് .. സംസാരിക്കാൻ ഭയന്നിട്ട് … ഫോണും ഫ്രണ്ട്സും ഔട്ടിംഗും ഒന്നുമില്ലാതെ കുറേയധികം ദിവസങ്ങൾ …

പക്ഷെ തീർത്തും ഒതുങ്ങിക്കൂടിയെന്ന് ഞാൻ അവകാശപ്പെടില്ല കേട്ടോ … ഒറ്റയ്ക്കിരുന്ന് ഭ്രാന്ത് പിടിച്ചു മരിച്ചു പോകാതിരിക്കാൻ ഒരിക്കൽ പഠിച്ച് പാതി വഴിയിൽ നിന്നു പോയ നൃത്തഭ്യാസം പുനരാരംഭിച്ചു ..

എന്നെ ചതിയിൽ പെടുത്തിയവർ ഇപ്പോൾ രാജ്യദ്രോഹ കുറ്റത്തിനടക്കം അന്വേഷണം നേരിടുന്നത് കൊണ്ടോ , എനിക്ക് വേണ്ടി നടത്തിയ ഹാഷ് ടാഗ് ക്യാംപയിൻ കോണ്ടോ ഒന്നും എനിക്ക് നീതി കിട്ടിയെന്ന് കരുതാൻ കഴിയുന്നില്ല ഫ്രണ്ട്സ് ..

എനിക്ക് നീതി കിട്ടണമെങ്കിൽ , ഇത് പോലെ ഒരു എഫ് ബി ലൈവിലല്ല … നേരിട്ട് നിങ്ങൾക്കു മുന്നിൽ വന്ന് നിൽക്കാനും സംസാരിക്കാനും നിങ്ങളെയെല്ലാവരെയും പോലെ ജീവിക്കാനും കഴിയണം ..

ഞാനിപ്പോൾ ലൈവ് വന്നത് ഒരവസരത്തിന് വേണ്ടിയാണ് .. . ഈ ലോകത്ത് നിങ്ങളെയൊക്കെ പോലെ ജീവിക്കാൻ വേണ്ടി , നഷ്ടപ്പെട്ടു പോയതെല്ലാം തിരിച്ചു പിടിക്കാൻ വേണ്ടി .. എന്നെ ഒരു പാട് സ്വപ്നങ്ങളോടെ വളർത്തിയ മാതാപിതാക്കൾക്ക് ഞാൻ കൊടുത്തത് കണ്ണീരാണ് … അതെനിക്ക് തിരുത്തണം …

എന്നേക്കാൾ കൂടുതൽ വേദനിച്ച് മരിച്ചു ജീവിക്കുന്നത് അവരാണ് .. അവർക്കും നിങ്ങളുടെയെല്ലാം മുന്നിലേക്ക് വരാൻ കഴിയണം .. അതിനെല്ലാം ആദ്യമായും അവസാനമായും എനിക്ക് വേണ്ടത് നിങ്ങളുടെയൊക്കെ സപ്പോർട്ടാണ് ..

തോറ്റു പോയിടത്ത് നിന്ന് , വിഡ്ഢിയാക്കപ്പെട്ടിടത്ത് നിന്ന് , വഞ്ചിക്കപ്പെട്ടിടത്ത് നിന്ന് ഞാൻ വീണ്ടും തുടങ്ങുകയാണ് … ഈ വരുന്ന 18-ാം തീയതി പാലക്കാവ് ക്ഷേത്രാങ്കണത്തിൽ വച്ച് എന്റെ നൃത്താരങ്ങേറ്റമുണ്ട് …

കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാനായാലും കൂവിതോൽപ്പിക്കാനായാലും കല്ലെറിയാനായാലും നിങ്ങൾക്കേവർക്കും സുസ്വാഗതം .. ചിലപ്പോ ഒരു പുതിയ തുടക്കമായിരിക്കും അല്ലെങ്കിൽ എന്റെ ഒടുക്കമായിരിക്കും .. ഏത് വേണമെന്ന് ഈ സമൂഹത്തിന് തീരുമാനിക്കാം …

എനിക്ക് വേണ്ടി ഉയർന്ന ഹാഷ് ടാഗുകളിൽ ആത്മാർത്ഥതയുണ്ടെങ്കിൽ , ആ ആത്മാർത്ഥത കാട്ടിയ സമൂഹത്തോട് ഞാൻ ചോദിക്കുന്നത് അവസരമാണ് .. എനിക്ക് ‘ഇര ‘ യായി ജീവിച്ചു തീർക്കണ്ട ..

ആത്മാഭിമാനമുള്ള സ്ത്രീയായി ജീവിച്ചാൽ മതി … സഹതാപം വേണ്ട .. പിന്തുണ മാത്രം മതി … ” അത്രയും പറഞ്ഞപ്പോഴേക്കും അവൾ കിതച്ചു തുടങ്ങിയിരുന്നു .. പക്ഷെ ആ മുഖത്തും ശബ്ദത്തിലും പുതിയൊരുണർവ് കൈവന്നിരുന്നു .. ജീവിതത്തോടുള്ള ഒരു വാശി .. ഒരു ദീർഘനിശ്വാസത്തിന് ശേഷം അവൾ തുടർന്നു …

” ഇത്രയൊക്കെ വിവാദമായ ഒരു പെൺകുട്ടിയായത് കൊണ്ട് , ഒരു വേദിക്ക് വേണ്ടി സമീപിച്ചപ്പോൾ പലരും തരാൻ മടിച്ചിരുന്നു .. പക്ഷെ അതൊന്നും കാര്യമാക്കാതെ പാലക്കാവ് ക്ഷേത്രാഡിറ്റോറിയം വിട്ട് തരാൻ തയ്യാറായവരിൽ നിന്ന് ഞാനെന്റെ തുടക്കത്തിന്റെ തിരിനാളം കാണുകയായിരുന്നു .. ആ ക്ഷേത്രകമ്മറ്റിക്കും നാട്ടുകാർക്കും ഞാൻ ഹൃദയത്തിൽ തൊട്ട് നന്ദി പറയുന്നു …

ഒന്ന് കൂടി പറഞ്ഞോട്ടെ , ഒരിക്കൽ ഒരാൾക്ക് വിദഗ്ധമായി എന്നെ പറ്റിക്കാൻ കഴിഞ്ഞു .. പക്ഷെ ഇനി ഒരാൾക്കും എന്നെ പറ്റിക്കാൻ കഴിയില്ല .. അതിന് ഞാൻ നിന്നു കൊടുക്കില്ല .. ഇപ്പോൾ എനിക്ക് സംഭവിച്ചത് ഏതോ ഇരുട്ടത്ത് ഒരു പേപ്പട്ടി കടിച്ചത് പോലെ ഞാൻ മറന്നുകളയുകയാണ് … ” അത് പറയുമ്പോൾ അവൾ കൈകൂപ്പിയിരുന്നു ..

” ഒരിക്കൽ കൂടി ഓർമിപ്പിക്കട്ടെ .. ഈ വരുന്ന 18-ാം തീയതി , പാലക്കാവ് ക്ഷേത്രാങ്കണത്തിലേക്ക് ഏവർക്കും സുസ്വാഗതം …. താങ്ക്യൂ ഫോർ വോച്ചിംഗ് മി …..”

വീഡിയോ അവസാനിക്കുമ്പോൾ മയിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .. അവൾ പരിസരം മറന്ന് പൊട്ടിക്കരഞ്ഞു …

ആ സമയം ലോകത്തിന്റെ പല കോണുകളിലിരുന്ന് ലക്ഷോപലക്ഷങ്ങൾ ഫോണിലൂടെ ആ വീഡിയോ കാണുകയായിരുന്നു ..

തുടരും

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 07
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 08
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 09
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 10
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 11
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 12
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 13
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 14
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 15
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 16
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 17
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 18
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 19
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 20
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 21
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 22
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 23
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 24
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 25
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 26
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 27
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 28
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 29
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 30
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 31
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 32
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 33
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 34
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 35
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 36
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 37
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 38
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 39
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 40
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 41
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 42
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 43
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 44
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 45
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 46
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 47
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 48
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 49
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 50
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 51