ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 46
നോവൽ
എഴുത്തുകാരി: അമൃത അജയൻ
” നീയവളെ വിളിക്ക് … ഇപ്പോ തന്നെ പോലീസിൽ കംപ്ലയിന്റ് കൊടുക്കണം … ” നിഷിന്റെ സ്വരം കടുത്തതായിരുന്നു …
” സമാധാനിക്ക് … എടുത്തു ചാടി കൈകാര്യം ചെയ്യേണ്ട വിഷയമല്ലിത് ….” മയി അവനെ അനുനയിപ്പിക്കും വിധം പറഞ്ഞു …
” നീയെന്താ ഉദ്ദേശിക്കുന്നേ .. അവന്മാരുടെ ഭീഷണിക്കു വഴങ്ങാനാണോ .. ” അവന്റെ ഒച്ചയുയർന്നു …
” എന്നല്ല ഞാൻ പറയുന്നത് … അവരുടെ ഉദ്ദേശം എന്താണെന്നറിയണം … എന്റെ അറിവ് വച്ച് ഇത്തരം റാക്കറ്റുകൾക്ക് ഒരു അൾട്ടിമേറ്റ് ലക്ഷ്യം കാണും …
ഇവിടെ വാവയ്ക്ക് അവർ ഡ്രഗ്സ് കൊടുത്തിട്ടുണ്ട് .. അവളെ സെക്ഷ്വലി എക്സ്പ്ലോയിറ്റ് ചെയ്തിട്ടുണ്ട് … ബട്ട് ഇതുവരെ അവളെ ചൂഷണം ചെയ്ത് പണം തട്ടിയിട്ടില്ല …
സോ നമുക്കറിഞ്ഞേ പറ്റൂ അവരുടെ ഇന്റൻഷൻ .. അവരെന്തിനാണ് വാവയെ തിരികെ ബാംഗ്ലൂരിലെത്തിക്കാൻ ശ്രമിക്കുന്നത് … അതാണ് അറിയേണ്ടത് .. ”
അവൾ പറയുന്നതിൽ കാര്യമുണ്ടെന്ന് നിഷിനും തോന്നി ..
” നിഷിൻ , ഏട്ടനോട് വിവരം പറയണം .. മുൻപൊരിക്കൽ ഞാനിത് സൂചിപ്പിച്ചിട്ടുള്ളതാണ് … വാവയ്ക്ക് കൗൺസിലിംഗ് കൊടുക്കുന്നതിനെ കുറിച്ച് ഏട്ടനന്ന് പറഞ്ഞിരുന്നു .. അതിനുള്ള സമയമാണിത് …
അവൾക്ക് നമ്മളെല്ലാവരും മെന്റൽ സപ്പോർട്ട് കൊടുക്കണം .. ഈയവസരത്തിൽ അവളെയാരും കുറ്റപ്പെടുത്തരുത് .. നമ്മളെല്ലാവരും അവളുടെ കൂടെത്തന്നെയുണ്ടെന്ന് അവൾക്ക് തന്നെ തോന്നണം …
ഇവിടെയുള്ളവരോട് നിങ്ങൾ രണ്ടാളും കൂടി വേണം കാര്യത്തിന്റെ ഗൗരവം പറഞ്ഞു മനസിലാക്കാൻ .. ”
അവൾ പറയുന്നത് അവൻ ശ്രദ്ധയോടെ കേട്ടിരുന്നു … എത്ര സൂക്ഷ്മതയോടെയാണ് അവൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നോർത്തു അവൻ വിസ്മയിച്ചു …
” എന്താ …. ഞാൻ പറഞ്ഞതിൽ അഭിപ്രായ വ്യത്യാസമുണ്ടോ …? ” അവൻ മൗനമായിരിക്കുന്നത് കണ്ടിട്ട് അവൾ ചോദിച്ചു ….
” ഇല്ല … നീ പറഞ്ഞതാ ശരി .. ഏട്ടനോട് ഞാനിപ്പോ തന്നെ സംസാരിക്കാം … ”
” അത് കഴിഞ്ഞ് നിങ്ങൾ രണ്ടാളും കൂടി വാവയോടു സംസാരിക്കണം … നിങ്ങൾ രണ്ടാളും അവൾക്കിപ്പോ കൊടുക്കുന്ന കരുതൽ മറ്റാർക്കും കൊടുക്കാൻ കഴിയില്ല ..
എത്രവലിയ കുത്തൊഴുക്ക് വന്നാലും അതിലൂടെ ഒഴുകി പോകേണ്ട ഒന്നല്ല അവളുടെ ജീവിതമെന്ന് പറഞ്ഞു പഠിപ്പിക്കണം .. ” അവസാനത്തെ വാചകം ഒരു മുന്നറിയിപ്പ് പോലെയാണ് മയി പറഞ്ഞത് …
നിഷിൻ മയിയെ പാളി നോക്കി …
ആ സമയം ടേബിളിലിരുന്ന് അവളുടെ ഫോൺ ചിലച്ചു … മയി എഴുന്നേറ്റു ചെന്ന് ഫോണെടുത്തു നോക്കി .. പരിചയമില്ലാത്ത നമ്പറാണ് …
അവൾ നെറ്റ് ഓണാക്കിയപ്പോൾ ട്രൂ കോളറിൽ പോലീസ് ഹെഡ്കോർട്ടേർസ് എന്ന് കണ്ടു … മയി ഫോൺ അറ്റൻഡ് ചെയ്ത് കാതോട് ചേർക്കുമ്പോൾ , നിഷിൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു ….
* * * * * * * * * * *
മയി ടിവിയിലേക്ക് ഉറ്റുനോക്കി നിന്നു … അവളുടെ വലതുകൈയിൽ ടിവി റിമോട്ടും ഇടതു കൈയിൽ ഫോണുമുണ്ടായിരുന്നു …
സുനിൽ കുമാറിനേയും കൂട്ടാളികളെയും അറസ്റ്റ് ചെയ്ത വാർത്തയും അതിനൊപ്പം പൂവാറിലെ വില്ല റെയ്ഡ് ചെയ്ത് രഹസ്യമായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നുകൾ പിടിച്ചെടുത്തതുമായിരുന്നു ബ്രേക്കിംഗ് ന്യൂസായി പൊയ്ക്കൊണ്ടിരുന്നത് …
മയിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു … ചഞ്ചലിന്റെ വിഷയം ഇനി നിയമപരമായി തന്നെ നീങ്ങും …
മയി ഫോണെടുത്ത് തൊട്ടു മുൻപ് വന്ന നമ്പറിലേക്ക് കോൾ ചെയ്തു കാത്തു നിന്നു ….
” ഒക്കെ സർ … ഞങ്ങളുടെ പക്കലുള്ള തെളിവുകൾ കൈമാറാം .. എന്റെയൊപ്പം എന്റെ സുഹൃത്തായ മാധ്യമ പ്രവർത്തകരുമുണ്ടായിരുന്നു .. സോ തെളിവുകൾ കൈമാറുമ്പോൾ അവരും ഇരയായ പെൺകുട്ടിയും അവളുടെ അഡ്വക്കേറ്റും ഉണ്ടാകും…
മാത്രമല്ല ഞങ്ങൾ എഡിജിപിക്കായിരിക്കും തെളിവുകൾ കൈമാറുക ..
അതിന്റെ വീഡിയോസും റെക്കോർഡ് ചെയ്യും ….” ഒട്ടും പതറാതെ അവൾ ഫോണിലൂടെ അറിയിച്ചു …
” ഒക്കെ സർ …. താങ്ക്യൂ …….”
ഫോൺ കട്ട് ചെയ്യുമ്പോൾ മയിക്ക് വല്ലാത്തൊരാശ്വാസം അനുഭവപ്പെട്ടു … അവൾ തിരിച്ച് മുകളിലേക്ക് വരുമ്പോൾ ബാൽക്കണിയിൽ നിവയെ വിളിച്ചിരുത്തി , അവളുടെ ഇരു വശത്തായി നവീനും നിഷിനും ഇരിക്കുന്നത് കണ്ടു ..
അവളങ്ങോട്ടു പോയില്ല … ഏട്ടന്മാരും അനുജത്തിയും കൂടി സംസാരിക്കട്ടെ എന്ന് കരുതി അവൾ സ്വന്തം റൂമിലേക്ക് നടന്നു …
മയി പിന്നീട് നിവയെ കാണുമ്പോൾ രാവിലത്തേത് പോലെ വാടി തളർന്ന താമരമൊട്ടായിരുന്നില്ല … ആ മുഖത്ത് തെളിച്ചമുണ്ടായിരുന്നു …. അവളുടെ കണ്ണുകളിൽ ആത്മവിശ്വാസമുണ്ടായിരുന്നു …
പക്ഷെ അവയ്ക്ക് അധികം ആയുസുണ്ടാവില്ലെന്ന് മയിക്കറിയാമായിരുന്നു .. ഒരു കൊടുങ്കാറ്റു വന്നാൽ അതിൽ തണ്ടൊടിയാനുള്ളതേയുള്ളു … അതല്ല വേണ്ടത് … ഈ ആത്മവിശ്വാസവും ധൈര്യവും അവളിൽ എന്നും നിറച്ചുവയ്ക്കണം …
കൊല്ലൻ ആലയിൽ പണിയുന്നത് പോലെ കനലിൽ ചുട്ട് രാകി മിനുക്കിയെടുക്കണം ..
* * * * * * * * *
രാത്രിയിൽ നിവ മയിക്കൊപ്പം ചുറ്റിപ്പറ്റി നിന്നു … തന്നെ റൂമിൽ കൊണ്ടുപോകാനാണ് നിവ നിൽക്കുന്നതെന്ന് അവൾക്ക് മനസിലായി … മയി ഏറ് കണ്ണിട്ട് നിഷിനെ നോക്കി … അവൻ അപ്പൂസിനെ മടിയിൽ വച്ച് കളിപ്പിച്ചു കൊണ്ടിരിപ്പാണ് …
” അപ്പൂസേ …. ഉറങ്ങണ്ടെ ………” ഹരിത ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു …
” മംമാ നാൻ കലിച്ചുവാ …. ” അവൾ ഹരിതയെ നോക്കി കൊഞ്ചി …
” മതി കളിച്ചത് … ഇനി നാളെ കളിക്കാം ….” ഹരിത കണ്ണുരുട്ടി …
അപ്പൂസ് ചൂണ്ട് കൂർപ്പിച്ച് ഹരിതയെ നോക്കിയിട്ട് നിഷിന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു …
” വാടാ ചക്കരെ ………” അവളെ ശുണ്ഠി പിടിപ്പിക്കാതെ ഹരിത നയത്തിൽ വിളിച്ചു …
” ചെല്ല് …ഇനി നമുക്ക് നാളെ കളിക്കാം …..” നിഷിൻ കൂടി പറഞ്ഞപ്പോൾ മനസില്ലാ മനസോടെയെങ്കിലും അവൾ ഹരിതയുടെ കൈയിലേക്ക് ചെന്നു …
” ചെറ്യച്ഛന് ഗുഡ് നൈറ്റ് പറ …….” ഹരിത പറഞ്ഞു ….
” ഗുറ്റെറ്റ് ചെരീച്ചാ …….” അവൾ കുഞ്ഞുകൈ വീശി കാണിച്ചു …
അപ്പൂസിനെയും കൊണ്ട് ഹരിത മുകളിലേക്ക് പോയതിന് പിന്നാലെ മയിയും നിവയും സ്റ്റെപ്പ് കയറി .. മയി ഒന്നു രണ്ടു വട്ടം നിഷിനെ പാളി നോക്കിയെങ്കിലും അവൻ മറ്റെവിടെയോ ശ്രദ്ധ തിരിച്ചിരുന്നു …
മുകളിലെത്തിയിട്ട് മയി അവളുടെ റൂമിലേക്ക് പോകുന്നത് കണ്ടപ്പോൾ നിവയ്ക്ക് വിഷമം തോന്നി … എങ്കിലും അവൾ ഏട്ടത്തിയെ വിളിക്കാൻ പോയില്ല …
നിവ തന്റെ റൂമിന്റെ വാതിലടയ്ക്കാതെ അകത്തേക്ക് കയറിപ്പോയി ….
നിഷിൻ മുറിയിൽ വരുമ്പോൾ മയി അവിടെയില്ലായിരുന്നു … ശ്രദ്ധിച്ചപ്പോൾ ബാത്ത് റൂമിൽ വെള്ളം വീഴുന്ന ഒച്ച കേട്ടു … അവൻ ചിന്താമഗ്നനായി ബെഡിലേക്കിരുന്നു ….
മയി തന്റെ ജീവിതത്തിൽ വന്നശേഷം പരസ്പരം എല്ലാ തെറ്റിദ്ധാരണകളും പറഞ്ഞു തിരുത്തിക്കഴിഞ്ഞ ആദ്യത്തെ രാത്രിയാണ് …
പക്ഷെ എന്തുകൊണ്ടോ അവന്റെ മനസിന്റെ ഒരു കവാടം അടഞ്ഞുകിടന്നു …
ഇനിയെന്താണ് താമസമെന്ന് ചോദിച്ചാൽ അതിനൊരുത്തരമില്ല … എന്തൊക്കെയോ ചിന്തിച്ചിരിക്കുമ്പോൾ ബാത്ത് റൂമിൽ നിന്ന് മയി ഇറങ്ങി വന്നു …
കുളിച്ച് മുടി ടവൽ കൊണ്ട് കെട്ടിവച്ചിട്ടുണ്ടായിരുന്നു … അവളുടെ കഴുത്തിലും നെറ്റിയിലും പറ്റിപ്പിടിച്ചിരുന്ന നേർത്ത ജലകണങ്ങൾ മുറിയിലെ വെളിച്ചത്തിൽ തിളങ്ങി … മനം മയക്കുന്നൊരു വാസന റൂമിലാകെ നിറഞ്ഞു ….
അവൾ മുടിയിൽ നിന്നു ടവ്വലഴിച്ചു ഒന്നുകൂടി തോർത്തി … നിഷിൻ അത് നോക്കിയിരുന്നു …
” എന്താ ഒരാലോചന ………?” അവന്റെ നോട്ടവും ഭാവവും ശ്രദ്ധിച്ചു കൊണ്ട് മയി വന്ന് അടുത്തിരുന്നു …
” നമ്മുടെ ജീവിതത്തിൽ തെറ്റിദ്ധാരണകളെല്ലാം അവസാനിച്ച ആദ്യത്തെ രാത്രിയാണിത് …..” അവൻ നേർത്തൊരു ചിരിയോടെ പറഞ്ഞു …
മയി മിണ്ടാതെ അവൻ പറയുന്നത് കേട്ടിരുന്നു ….
” ഞാനൊരുപാട് ആശിച്ചിരുന്ന ദിവസം … ” പക്ഷെ ആ മുഖത്ത് തെളിച്ചമില്ലായിരുന്നു ….
” പക്ഷെ ആ സന്തോഷം നിന്റെ മനസിലില്ല നിഷിൻ …. അതീ മുഖത്ത് എഴുതി വച്ചിട്ടുണ്ട് …..” അവൾ നേർത്തൊരു ചിരിയോടെ പറഞ്ഞു ..
അവന്റെ ഹൃദയം പൊള്ളി …
ശരിയാണ് … സന്തോഷിക്കാൻ കഴിയുന്നില്ല …
” അതിന്റെ കാരണം ഒരിക്കലും നീയല്ല …. ” അവൻ വേദനയോടെ പറഞ്ഞു ..
” അറിയാം ….. നിന്നെയിപ്പോൾ അലട്ടുന്നത് വാവയാണ് …. ” അവൾ ഒരുകൈ അവന്റെ തോളത്തു വച്ച് ആശ്വസിപ്പിക്കും പോലെ പറഞ്ഞു …
” നീയെന്നെ മനസിലാക്കുന്നുണ്ടല്ലോ ….” അവൻ ആശ്വാസത്തോടെ പറഞ്ഞിട്ട് അവളെ വലം കൈ കൊണ്ട് തന്നോട് ചേർത്തു പിടിച്ചു …
” കുറച്ചു കൂടി റിലാക്സ് ആയിട്ട് നമുക്ക് തുടങ്ങാം …….” അവൻ അവളുടെ അനുവാദത്തിന് കാത്തു …
” അയ്യടാ… അപ്പോ ഫസ്റ്റ് നൈറ്റ് ആഘോഷിക്കേണ്ടി വരുമോന്ന് പേടിച്ച് ടെൻഷനടിച്ചിരുന്നതാരുന്നോ മോൻ …..” അവൾ കളിയാക്കി ചിരിച്ചു …
” പേടിക്കണ്ടട്ടോ… ഞാനത്രയ്ക്ക് ദുഷ്ടയൊന്നുമല്ല …………. ” അവൾ പൊട്ടിച്ചിരിച്ചു …
” പോടി…… കൂടുതൽ വിളച്ചിലെടുത്താൽ തീരുമാനം ഞാനങ്ങ് മാറ്റും …. ” അവളെ ചുറ്റിപ്പിടിച്ച് മുഖത്തോടു മുഖം ചേർത്തുവച്ച് അവൻ പറഞ്ഞു …
അവന്റെ ചുടുനിശ്വാസം അവളുടെ മുഖത്തു തട്ടി … അവളുടെ മേനിയിൽ നിന്നുതിർന്ന ഗന്ധം അവന്റെ സിരകളെയുണർത്താൻ പോന്നതായിരുന്നു …
അവന്റെ വിരലുകൾ മെല്ലെയുയർന്ന് അവളുടെ കവിളിൽ തലോടി … കണ്ണുകൾ പരസ്പരം കോർത്തു വലിച്ചു .. അതൊരു ചുംബനത്തിന് വഴിമാറാൻ നിമിഷങ്ങൾ മതിയായിരുന്നു ..
ഗാഢമായ ചുംബനത്തിനൊടുവിൽ അവൾ അവനെ വിട്ടെഴുന്നേറ്റു …
” ഞാൻ വാവേടടുത്താ കിടക്കുന്നേ … അവളെയിപ്പോ തനിച്ചു വിട്ടാൽ പറ്റില്ല … ”
അവൻ തലയാട്ടി ….
” പോട്ടേ …… .”
” ങും …. ഗുഡ് നൈറ്റ് ……..”
” ഗുഡ് നൈറ്റ് …… നീ സമാധാനമായിട്ടുറങ്ങു ….” കുനിഞ്ഞ് അവന്റെ നെറ്റിയിൽ ഒരുമ്മ കൂടി കൊടുത്തിട്ട് അവൾ നടന്നകന്നു ….
അവൾ പോയപ്പോൾ എന്തുകൊണ്ടോ അതുവരെയില്ലാത്തൊരു ശൂന്യത അവനെ വലയം ചെയ്തു … അവൻ പതിയെ ബെഡിലേക്ക് മലർന്നു കിടന്നു …
* * * * *
മയി വന്നു നോക്കുമ്പോൾ നിവ ഡ്രസിംഗ് ടേബിളിന് മുന്നിലിരുന്ന് മുടി ചീകുകയായിരുന്നു … അവൾ റൂമിൽ കയറിയിട്ട് ഡോറടച്ചു…..
മുന്നിലുള്ള മിററിലൂടെ മയിയുടെ പ്രതിബിംബം കണ്ടപ്പോൾ നിവയുടെ മുഖം വിടർന്നു … അവൾ നേർത്തൊരു ചിരിയോടെ തിരിഞ്ഞു നോക്കി …
” നീ ഡാൻസ് പ്രാക്ടീസ് മുടങ്ങാതെ ചെയ്യുന്നുണ്ടല്ലോ അല്ലേ …..” നിവയുടെ മേക്കപ്പ് ബോക്സിൽ നിന്ന് ഒരു നെയിൽ പോളിഷ് എടുത്തു കൊണ്ട് ബെഡിലേക്കിരുന്ന് മയി ചോദിച്ചു …
” ങും … ചെയ്യുന്നുണ്ട് …. ..” നിവ പറഞ്ഞു ..
” പിന്നീട് ബംഗ്ലൂരിൽ നിന്ന് കാൾ വന്നോ ….?”
” ഇല്ല ………..”
” ഏട്ടന്മാർ എന്ത് പറഞ്ഞു … ?”
” എന്തുണ്ടായാലും അവർ നോക്കോളാംന്ന് … ” നിവ മുഖം തിരിച്ച് മയിയെ നോക്കി പറഞ്ഞു …
മയി കാലുയർത്തി വച്ച് , കാലിലെ മനോഹരമായ നഖങ്ങളിൽ നെയിൽ പോളിഷ് ഇട്ടു കൊണ്ടിരുന്നു …
” എന്ത് പ്രശ്നമുണ്ടായാലും നിന്റെ ഡാൻസ് പ്രാക്ടീസ് മുടക്കരുത് ….” മയി നിർദേശിച്ചു ..
നിവ തല കുലുക്കി …
” ഏട്ടത്തിക്ക് ഡാൻസ് ഒത്തിരിയിഷ്ടാണോ ….?” കുറേ സമയത്തിനു ശേഷം നിവ മയിയോട് ആരാഞ്ഞു . …
” എന്തേ ……” അവൾ ചെറുചിരിയോടെ നിവയുടെ മുഖത്തേക്ക് നോക്കി ..
” അല്ല … എന്നെ ഡാൻസ് പഠിക്കാൻ ഒത്തിരി സപ്പോർട്ട് ചെയ്യുന്നോണ്ട് ചോദിച്ചതാ ….
മയി അതിന് ചിരിക്കുക മാത്രം ചെയ്തു ….
” എന്നാ നമുക്കു കിടക്കാം …….” നെയിൽ പോളിഷ് ഇട്ടു കഴിഞ്ഞ് അത് തിരികെ വച്ചു കൊണ്ട് മയി ചോദിച്ചു …
* * * * * * * *
പിറ്റേന്ന് രാവിലെ നിഷിൻ ചീഫ് സെക്രട്ടറിയെ കാണുന്നതിനായി പോകാൻ റെഡിയായി വന്നു .. നിഷിനൊപ്പം മയിയും കാറിൽ കയറി …
” നീയെന്റെ കൂടെ വരുന്നുണ്ടോ ……?” ഡ്രൈവിംഗിനിടയിൽ അവൻ തല തിരിച്ച് മയിയെ നോക്കി …
” ഓഫീസിൽ ഒന്നു രണ്ട് വർക് പെന്റിംഗ് ആണ് നിഷിൻ … എന്തേ ഞാൻ വരണോ ….?”
” ഇല്ല … നീ ബിസിയാണെങ്കിൽ വരണ്ട … ”
” അതേ …. സസ്പെൻഷൻ പിൻവലിച്ചാൽ അപ്പോ തന്നെ എന്നെ വിളിച്ച് പറയണേ ….” അവൾ ഓർമിപ്പിച്ചു …
അവൻ മയിയെ പാളി നോക്കി …
” ങും … മനസിലായി … നിനക്ക് ബ്രേക്കിംഗ് ന്യൂസ് കൊടുക്കാനല്ലേ .. ”
മയി ചമ്മലോടെ ചിരിച്ചു …
” നീയൊരെണ്ണം കൊടുത്തതാ ഞാനിപ്പോ അനുഭവിച്ചോണ്ടിരിക്കുന്നേ …. ” അവൻ തമാശ രൂപേണേ പറഞ്ഞു …
അവൾക്കതു വിഷമമായി … അവൾ മുഖം വീർപ്പിച്ചിരുന്നു …
” ഏയ് … ഞാൻ ചുമ്മാ പറഞ്ഞതാ …..” അവൻ അവളുടെ തോളിൽ തട്ടി …
” അതിരിക്കട്ടെ .. സുനിൽ കുമാറിനെ അറസ്റ്റ് ചെയ്തതിൽ നിന്റെ ചാനലിന്റെ നിലപാടെന്താ … വെളുപ്പിക്കലാണോ ….?”
” അല്ല … മാനേജ്മെന്റ് വൃത്തിയായിട്ട് കൈകഴുകി … സംഭവം ലീക്കായപ്പോൾ തന്നെ സ്പോൺസേർസൊക്കെ വിളിച്ച് ഭീഷണി തുടങ്ങിയില്ലേ …
എങ്ങാനും പ്രതിയെ സപ്പോർട്ട് ചെയ്യുന്ന നിലപാടെടുത്താൽ അവർ പിന്മാറും എന്ന ഭീഷണി ഒരു വശത്ത് …
എംഡി ഉൾപ്പെടെ നേരത്തെ തന്നെ സുനിൽ കുമാറിന്റെ കൈകടത്തലുകളിൽ അനിഷ്ടത്തിലായിരുന്നു …
ഇപ്പോ വെട്ടിത്തുറന്നു പറഞ്ഞു … ഇന്നലെ ചാനൽ ചർച്ച തന്നെ ഈ വിഷയം ആയിരുന്നു … ”
മയിയെ ഓഫീസിന് മുന്നിൽ കൊണ്ടുവിട്ടിട്ട് അവൻ ഓടിച്ചു പോയി …
* * * * * * *
ഉച്ചയോടെ നിഷിന്റെ സസ്പെൻഷൻ പിൻവലിച്ചതായുള്ള വാർത്ത പുറത്തു വന്നു …
രാജശേഖറിനും വീണയ്ക്കും അതറിഞ്ഞപ്പോൾ സമാധാനമായി … നിഷിൻ ആ സമയം ഐഎഎസ് ക്ലബിലായിരുന്നു …
അവിടുന്ന് ഇറങ്ങുമ്പോൾ അവനെ മാധ്യമങ്ങൾ വളഞ്ഞു … അവർക്ക് തൃപ്തികരമായ മറുപടി നൽകിയിട്ടാണ് അവൻ വീട്ടിലേക്ക് മടങ്ങിയത് …
കുറേ ദിവസത്തെ കാർമേഘങ്ങൾ ഒഴിഞ്ഞ് നേർത്തൊരു നിലാവ് പൊഴിച്ച് ആ ദിവസവും കടന്നു പോയി ….
പിറ്റേന്ന് പുലർച്ചെ തന്നെ എല്ലാവരോടും യാത്ര പറഞ്ഞ് നിഷിൻ ആലപ്പുഴയ്ക്ക് മടങ്ങി …
മയിക്കും അന്ന് ഏറെ തിരക്കുള്ള ദിവസമായിരുന്നു … അവളെ ഏറ്റവും സന്തോഷിപ്പിച്ചത് ചഞ്ചൽ തിരിച്ച് ജോലിയിൽ പ്രവേശിച്ചതാണ് …
അന്ന് വൈകിട്ട് വീട്ടിലെത്തിയ ശേഷം മയി ഫോണെടുത്ത് പ്രദീപിനെ വിളിച്ചു സഹായിച്ചതിന് നന്ദി പറഞ്ഞു … തിരക്കുകൾക്കിടയിൽ അവളാ കാര്യം മറന്നു പോയിരുന്നതാണ് …
അത്താഴം കഴിച്ചു കഴിഞ്ഞ് റൂമിലേക്ക് പോകാൻ നേരം നവീൺ മയിയുടെ അടുത്തേക്ക് വന്നു …
മുൻപ് അവളോട് മുഷിഞ്ഞു സംസാരിക്കേണ്ടി വന്നതിന്റെ ജാള്യത അവന്റെ മുഖത്തുണ്ടായിരുന്നു … മയിക്കത് മനസിലായി …
” എന്താ ഏട്ടാ ……?” അവൾ മുഷിച്ചിലൊന്നുമില്ലാതെ ചോദിച്ചു …
” ഞാൻ ഡോക്ടിന്റെ അപ്പോയിമെന്റ് എടുത്തിട്ടുണ്ട് … വാവയെ കാണിക്കാൻ … ”
മയിയുടെ മുഖം തെളിഞ്ഞു …
” എപ്പഴാ കൊണ്ടു പോകേണ്ടത് …….?”
” നാളെ വൈകിട്ട് അഞ്ചിന് .. സാർന്റെ വീട്ടിലാ …..”
” ഞങ്ങളെവിടെ വരണം …? ”
” എന്റെ ഹോസ്പിറ്റലിലേക്ക് വന്നാൽ മതി … അവിടുന്ന് നമുക്കൊരുമിച്ച് പോകാം …..” അവൻ പറഞ്ഞു …
മയി തലയാട്ടി …
ഉറങ്ങാനായി മയി നിവയുടെ റൂമിലെത്തിയപ്പോൾ കണ്ടത് ബെഡിന്റെ കോണിൽ പേടിച്ചരണ്ടതു പോലെയിരിക്കുന്ന വാവയെയാണ് ….
മയി നെറ്റി ചുളിച്ച് അവളെ നോക്കി …
” എന്താ വാവേ……”
” അവൻ വിളിക്കാ …. ” അവൾ പേടിയോടെ മടിയിൽ നിന്ന് ഫോണെടുത്ത് മയിയെ കാട്ടി ..
അതിന്റെ ഡിസ്പ്ലേ മിന്നിയണയുന്നത് മയി കണ്ടു … നിവ ഫോൺ സൈലന്റിലാക്കി വച്ചിരിക്കുകയാണ് …..
ഒരു നിമിഷം മയി ആ ഫോണിലേക്ക് നോക്കി നിന്നു …. പിന്നെ കൈനീട്ടി അത് വാങ്ങി … ആ സമയം ബെഞ്ചമിന്റെ കോൾ റിംഗ് ചെയ്തു തീർന്നു …
മയി ഡിസ്പ്ലേ സ്ക്രോൾ ചെയ്ത് നോക്കി … ബെഞ്ചമിൻ എന്ന് സേവ് ചെയ്ത നമ്പറിൽ നിന്ന് പതിനേഴ് മിസ്‌ഡ് കോൾ …
തൊട്ടടുത്ത നിമിഷം പതിനെട്ടാമത്തെ തവണയും അവന്റെ കോൾ നിവയുടെ ഫോണിലേക്ക് ഇരച്ചു വന്നു …
ഇത്തവണ മയിയുടെ പെരുവിരലുയർന്നു … പച്ച ബട്ടണു നേരെ ….
തുടരും
എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.