Friday, November 22, 2024
Novel

ദ്രുവസായൂജ്യം: ഭാഗം 13

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌


ലിവിങ് റൂമിലെ ചുവരിൽ പതിപ്പിച്ചിട്ടുള്ള വലുതായി ഫ്രെയിം ചെയ്ത കുടുംബഫോട്ടോയ്ക്ക് മുൻപിൽ നിൽക്കുകയാണ് സായു.
കണ്ണുകൾ നിറഞ്ഞിരുന്നു.

സായൂജ്യ വലിയൊരു തെറ്റായിരുന്നു അച്ഛാ.

സ്വാർത്ഥതയായിരുന്നു ഞാൻ കാണിച്ചത്. എന്നെപ്പറ്റി മാത്രം ചിന്തിച്ചു.. എന്റെ അവസ്ഥകൾ മാത്രം ചിന്തിച്ചു.. എന്റെ ദുഃഖത്തിന് മാത്രം മുൻ‌തൂക്കം നൽകി.

ഞാൻ പ്രസവിച്ച മോളാണെന്ന് നൂറുവട്ടം ഉരുവിടുമ്പോഴെല്ലാം എന്നെക്കാളേറെ മോളെ പ്രാണനായയാൾ എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി നടന്നിട്ടും അത് കാണാൻ ഞാൻ ശ്രമിച്ചില്ല.

എന്റെ നഷ്ടങ്ങൾ എന്ന് ആവർത്തിക്കുമ്പോഴും നഷ്ടങ്ങൾ തുല്യമാണെന്ന ബോധ്യമുണ്ടായിട്ടും അത് കണ്ടില്ലെന്ന് നടിച്ച് പെരുമാറാൻ മാത്രം ദുഷിച്ചു പോയിരുന്നു എന്റെ ഹൃദയം.

ഇത്രയേറെ പ്രണയിച്ചിട്ടും ആ പ്രണയത്തിനോ എന്റെ കഴുത്തിലുള്ള താലിക്കോ ഞാൻ വില നൽകിയില്ല.

പഠിച്ച പ്രൊഫഷന്റെ എത്തിക്സ് അത് നിലനിർത്താൻ പ്രയത്നിച്ച ഒരു പെൺകുട്ടിയുടെ ജീവിതം കരയ്ക്കടുപ്പിച്ച ആ മനുഷ്യനായിരുന്നു ശരി. ശരിക്കും സ്വാർത്ഥത നിറഞ്ഞവളായിപ്പോയി ഞാൻ.

വയറ്റിൽ വളരുന്ന കുഞ്ഞിന് ഞാൻ നിഷേധിച്ചത് ആ മനുഷ്യന്റെ സ്നേഹവാത്സല്യങ്ങളായിരുന്നു.
എന്നിട്ടും എന്റെ ദ്രുവ് എന്നെ സ്നേഹിച്ചതേയുള്ളൂ.

ആ പെൺകുട്ടി അവൾ ചിയാര വേണ്ടിവന്നു എന്റെ മനസ്സിനെ സംശുദ്ധീകരിക്കാനായി.

സായൂ… പിന്നിൽ നിന്നൊരു കരസ്പർശമേറ്റവൾ തിരിഞ്ഞു.
അനുവായിരുന്നു.
സായു അവളെ ചുറ്റിപ്പിടിച്ചു.
അനുവിന്റെ കൈകൾ അവളെ തഴുകികൊണ്ടിരുന്നു.

മതി സായൂ ഈ അവസ്ഥയിൽ നിന്റെ മനസ്സ് വിഷമിപ്പിക്കുവാനോ കരയുവാനോ പാടില്ല. നിനക്കറിയാവുന്നതല്ലേ.. അനു സ്നേഹപൂർവ്വം ശാസിച്ചു.

എന്റെ മോൾ നഷ്ടപ്പെട്ട വേദനയിൽ അച്ഛനമ്മമാർ പോയ വേദനയിൽ ഞാൻ വിഷമിച്ചപ്പോൾ ദ്രുവിനെ ഞാൻ ഓർക്കാൻ ശ്രമിച്ചില്ലെടീ.

അവന്റെ വിഷമം അറിയാൻ ശ്രമിച്ചില്ല.
എല്ലാം ഉള്ളിലൊതുക്കി ആ പാവം.

നീ കണ്ടില്ലേ നിനക്കറിയാവുന്നതല്ലേ എല്ലാം ഞാനാ അവനെ അവഗണിച്ചത്.
പഠിച്ച നിയമത്തിന് പോലും വില നല്കാത്തവൾ. വിഷമാവസ്ഥയിൽ ഭർത്താവിനെ തനിച്ചാക്കിയവൾ.. വേദന കലർന്ന ചിരിയായിരുന്നു സായുവിൽ വിരിഞ്ഞത്.

വൈകുന്നേരം ദ്രുവ് എത്തിയപ്പോൾ സായു അവന് ചായ നീട്ടി.
വന്നനാൾ മുതൽ അനുവാണ് ചായ തരുന്നത് ഭക്ഷണം പോലും വിളമ്പുന്നത് അവളാണ്.

പതിവിന് വിപരീതമായി സംഭവിക്കുന്നത് കണ്ടവൻ വിസ്മയിച്ചു .
ചായക്കപ്പുമായവൻ സോപാനത്തിലേക്കിറങ്ങി.

പിന്നിൽ നിന്നും ഇരുകൈകളാലും പുണർന്ന കൈകൾ അവനിൽ തണുപ്പ് പടർത്തി.
നിമിഷങ്ങൾ കൊഴിഞ്ഞുവീണു.
ഇരുവരും അനങ്ങാതെ നിന്നു.

അവളുടെ കണ്ണുനീർ അവന്റെ ശരീരത്തെ നനച്ചു.
എപ്പോഴോ ദ്രുവിന്റെ കൈകൾ അവളുടെ കൈകളുമായി കോർത്തു.

ചോദ്യങ്ങൾക്കോ വാക്കുകൾക്കോ സ്ഥാനം നൽകാതെ
സായുവിനെ നെഞ്ചോട് ചേർക്കുമ്പോൾ അവൾ ആ ചൂടിൽ ലയിച്ചു നിന്നു.

പരിഭവമോ പരാതിയോ ഇല്ലാതെ തന്നെ അഗാധമായി സ്നേഹിക്കുന്ന ദ്രുവിന്റെ പ്രണയച്ചൂടിൽ താൻ അലിഞ്ഞു ചേരുന്നതവൾ തിരിച്ചറിഞ്ഞു.

അവന്റെ കൈകളെടുത്ത് ടോപ്പ് നീക്കി നഗ്‌നമായ വയറിലേക്ക് ചേർത്തപ്പോൾ ആദ്യമായി തന്റെ പൊന്നോമനയെ തൊട്ടറിഞ്ഞ നിർവൃതിയിൽ അവന്റെ മിഴികൾ നനഞ്ഞു.

മുട്ടുകുത്തിയിരുന്ന് അവളുടെ വയറിൽ ആദ്യത്തെ ചുംബനം കുഞ്ഞിനായി സമർപ്പിച്ചപ്പോൾ അവളിലൊരു നിർവൃതിയുണർന്നു.

മൗനം പോലും വാക്കുകളാകുന്ന നിമിഷങ്ങൾ
പരസ്പരം ചേർന്നിരിക്കുമ്പോൾ അവർ അനുഭവിച്ചറിയുകയായിരുന്നു.

എന്നോട് ദേഷ്യമില്ലേ ദ്രുവ് നിനക്ക്.. ഒടുവിലെപ്പോഴോ മൗനത്തിന്റെ ചട്ടക്കൂട് ഭേദിച്ചത് അവളായിരുന്നു.

എന്തിന്.. നീയെന്റെ പ്രാണനല്ലേടീ.. എന്നിൽ ലയിച്ചു ചേർന്നവൾ.

ഒരു മകൾ എന്ന നിലയിൽ അച്ഛനമ്മമാരെ നഷ്ടപ്പെട്ടവൾ.. അടിവയറ്റിലെ നോവാറും മുൻപേ കുഞ്ഞിനെ നഷ്ടമായവൾ ആ വേദനയിൽ നീ നിന്റെ വിഷമം പ്രകടിപ്പിച്ചു.
ഒരമ്മ അങ്ങനെയേ പ്രതികരിക്കുള്ളൂ.

തന്റെ കുഞ്ഞിനെന്തെങ്കിലും സംഭവിച്ചാൽ അവൾ ചുറ്റുമുള്ളതെല്ലാം മറക്കും.
സാധാരണ പെണ്ണായി മാറും.

നിനക്കതിൽ നിന്നും മോചിതയാകാൻ സമയമെടുത്തുവെന്ന് മാത്രം.

എങ്ങനെ നിനക്കിത് പറയാൻ കഴിയുന്നു. നഷ്ടങ്ങൾ അത് നമുക്ക് തുല്യമായിരുന്നു.

ഞാനെന്റെ വിഷമങ്ങൾ വാശിയിലൂടെയും കണ്ണുനീരിലൂടെയും പെയ്തൊഴിക്കാൻ ശ്രമിച്ചപ്പോൾ അതിന് പോലും നിനക്ക് കഴിഞ്ഞിരുന്നില്ല. ഒരു ഭാര്യയെന്ന നിലയിൽ നിന്നെ സമാധാനിപ്പിക്കേണ്ടവളായിരുന്നു ഞാൻ..

ഒരു പെണ്ണെന്ന നിലയിൽ മറ്റൊരു പെൺകുട്ടിയുടെ അവസ്ഥ മനസ്സിലാക്കേണ്ടവളായിരുന്നു ഞാൻ..

ഒരു അഡ്വക്കേറ്റ് എന്ന നിലയിൽ കുറ്റവാളികൾക്ക് ശിക്ഷ നേടി കൊടുത്ത് നിയമത്തെ പരിപാലിക്കേണ്ടവളായിരുന്നു ഞാൻ..

എന്റെ കുഞ്ഞിന്റെയും പ്രിയപ്പെട്ടവരുടെയും മരണത്തിന് കാരണമായവർക്ക് അർഹമായ ശിക്ഷ വാങ്ങി നൽകാൻ പോരാടേണ്ടവളായിരുന്നു ഞാൻ..
എന്നാൽ അതിൽ നിന്നെല്ലാം ഒളിച്ചോടുകയാണ് ഞാൻ ചെയ്തത്.
നീ വലിയവനാണ് ദ്രുവ്.

ഞാനാണ് ഭാഗ്യം ചെയ്തത് നിന്നെ ലഭിക്കാനായി.
ചിയാര അവൾ വേണ്ടിവന്നു ഞാൻ എന്തെന്ന് എനിക്ക് മനസ്സിലാക്കുവാൻ.

ദ്രുവ് അവളെ ചേർത്തു പിടിച്ചതേയുള്ളൂ. അവളും അവനോടൊട്ടിയിരുന്നു.
പശ്ചാത്താപത്തെക്കാൾ വലിയ പ്രായശ്ചിത്തം വേറൊന്നുമില്ലല്ലോ.

അന്ന് രാത്രി അവർ മൂവരും സന്തോഷത്തോടെയിരുന്ന് ഭക്ഷണം കഴിച്ചു.
ദ്രുവിന് ഇഷ്ടപ്പെട്ടതൊക്കെ പാചകം ചെയ്തതും അവന് വിളമ്പിയതും അവൾ തന്നെയായിരുന്നു.
പരസ്പരം ഊട്ടിയും സന്തോഷിച്ചും അവർ ഭക്ഷണം കഴിച്ചപ്പോൾ അനുവാണ് ഏറെ സന്തോഷിച്ചതും.

രാത്രി സായു ദ്രുവിന്റെ നെഞ്ചിൽ തല ചായ്ച്ച് കിടന്നു.
അവളുടെ അധരങ്ങൾ അവന്റെ നെറ്റിയിൽ മുദ്ര ചാർത്തപ്പെട്ടു.

അവളുടെ നെറ്റിയിൽ പതിഞ്ഞ അധരങ്ങളുടെ ലക്ഷ്യം തെറ്റവേ അവൾ അവനോട് ഒന്നുകൂടി ഒട്ടിക്കിടന്നു.

അധരങ്ങൾ ആവോളം പാനം ചെയ്തവന്റെ ചുണ്ടുകൾ അവളുടെ ചെവിയോട് കിന്നാരം പറഞ്ഞു.
അവന്റെ വിരലുകൾ പുതുകാവ്യം രചിക്കാൻ തുടങ്ങിയപ്പോൾ അവളുടെ കാൽപ്പാദങ്ങൾ വിരൽ കുത്തിയുയർന്നു.

ഒടുവിലെപ്പോഴോ ഒരിക്കലും വറ്റാത്ത തന്റെ പ്രണയതീവ്രത അവളിൽ വർഷിച്ചുകൊണ്ട്‌ അവളിലേക്ക് അലിഞ്ഞു ചേരുമ്പോൾ ആ പ്രണയഗാഥ അവൾ സ്വീകരിച്ചു.

നഗ്നമായ മേനിയെ പുതപ്പാൽ വാരിചുറ്റി അവരിരുവരും ഒരു പുതപ്പിനുള്ളിൽ വീണ്ടും വീണ്ടും പ്രണയം പങ്കിട്ടു.

ഒടുവിൽ പുതപ്പകറ്റി നഗ്നമായ അവളുടെ വയറ്റിൽ ചുണ്ടമർത്തി.

അവനോട് ചേർന്ന് അവന്റെ ചൂടേറ്റ് കിടക്കുമ്പോൾ അവളുടെ മനസ്സ് പല തീരുമാനങ്ങളാലും ഉറച്ചിരുന്നു.

കാരണം ഇത്രയേറെ പ്രണയിക്കുന്ന ദ്രുവ് കൂടെയുള്ളപ്പോൾ താൻ ഒതുങ്ങിക്കൂടേണ്ടവളല്ലെന്ന് അവൾ മനസ്സിലാക്കി കഴിഞ്ഞിരുന്നു.

(തുടരും )

ദ്രുവസായൂജ്യം: ഭാഗം 1

ദ്രുവസായൂജ്യം: ഭാഗം 2

ദ്രുവസായൂജ്യം: ഭാഗം 3

ദ്രുവസായൂജ്യം: ഭാഗം 4

ദ്രുവസായൂജ്യം: ഭാഗം 5

ദ്രുവസായൂജ്യം: ഭാഗം 6

ദ്രുവസായൂജ്യം: ഭാഗം 7

ദ്രുവസായൂജ്യം: ഭാഗം 8

ദ്രുവസായൂജ്യം: ഭാഗം 9

ദ്രുവസായൂജ്യം: ഭാഗം 10

ദ്രുവസായൂജ്യം: ഭാഗം 11

ദ്രുവസായൂജ്യം: ഭാഗം 12