ദ്രുവസായൂജ്യം: ഭാഗം 12
നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്
രണ്ട് മണിക്കൂറിലേറെയെടുത്തുദ്രുവിന്റെയും സായുവിന്റെയും വീട്ടിലെത്താൻ.
വളരെ പതിയെയാണ് അവൻ ഡ്രൈവ് ചെയ്തത്. ഇടയ്ക്കിടെ വണ്ടി നിർത്തുകയും അനുവിനോട് പറഞ്ഞ് അവളെ പുറത്തിറക്കി ഒരേയിരുപ്പിൽ നിന്നും മോചനം കൊടുക്കുകയും ചെയ്തിരുന്നു.
ഗേറ്റ് കടന്ന് കാർ ഉള്ളിലേക്ക് കടന്നതും സായുവിന്റെ കണ്ണുകൾ നിറഞ്ഞു.
അച്ഛനമ്മമാർ അവരെ കാത്ത് വാതിൽക്കൽ നിൽപ്പുണ്ടെന്ന് ഒരു നിമിഷം അവൾക്ക് തോന്നി.
വെള്ളിക്കൊലുസ്സിന്റെ കൊഞ്ചൽ കേൾപ്പിച്ചുകൊണ്ട് അമ്മേ എന്ന് വിളിച്ച് കുഞ്ഞിപ്പെണ്ണ് വന്നിരുന്നെങ്കിലെന്ന് അവൾ അതിയായി ആഗ്രഹിച്ചു.
ഒരു ദീർഘനിശ്വാസത്തോടെ അവൾ മിഴികൾ ഇറുകെയടച്ചു.
കണ്ണുനീർത്തുള്ളികൾ ആ മണ്ണിൽ വീണുടഞ്ഞു.
അവളെ സ്വീകരിക്കാനെന്നപോലെ എവിടെനിന്നോ ഒരിളം കാറ്റ് തഴുകി കടന്നുപോയി.
കൈകൾ ഉദരത്തിലമർന്നു.
അവളുടെ അവസ്ഥ മനസ്സിലാക്കിയെന്നപോലെ അവൻ അനുവിനെ നോക്കി.
അവൾ അകത്തേക്ക് കയറിപ്പോയി.
ദ്രുവ് പതിയെ സായുവിനെ നെഞ്ചോട് ചേർത്തു.
ആ നിമിഷം അവൾക്കത് അനിവാര്യമായിരുന്നു.
അത് മനസ്സിലാക്കുവാൻ അവനെക്കാൾ മറ്റാർക്ക് കഴിയും.
അവളുടെ കണ്ണുനീരിന്റെ നനവ് തന്റെ നെഞ്ചിലേക്കവൻ ഏറ്റുവാങ്ങി.
ചെമ്പകത്തിന്റെ മണവും പേറിക്കൊണ്ട് കുളിർക്കാറ്റ് അവരെ പൊതിഞ്ഞു.
നാല് ആത്മാക്കളുടെ സന്തോഷമെന്നോണം.. അനുഗ്രഹമെന്നോണം.
എത്രനേരം അങ്ങനെ നിന്നുവെന്നറിയില്ല. സായു അവനിൽ നിന്നടർന്നു മാറി.
അവന് മുഖം നല്കാതവൾ മുന്നോട്ട് നടന്നു.
പിന്നാലെ അവനും.
ആ വീടിനകത്ത് ഒരു മാറ്റവുമില്ലെന്ന് അവൾ മനസ്സിലാക്കി.
താൻ വച്ചിരുന്നതെല്ലാം അവിടെ തന്നെയുണ്ട്.
തങ്ങൾ ആറുപേരും ഒന്നിച്ചുള്ള വലിയൊരു ഫോട്ടോ മാത്രമേ പുതുതായി അവിടെ സ്ഥാനം പിടിച്ചിരുന്നുള്ളൂ.
ഒരുനിമിഷം അവളതിന് മുൻപിൽ നിന്നു.
പിന്നെ മുകളിലേക്ക് നടന്നു.
തന്റെയും ദ്രുവിന്റെയും റൂം.
അവന്റെയും തന്റെയും ലോകം.
അവന്റെ കുസൃതിയും കുറുമ്പും റൊമാൻസും നിറഞ്ഞുനിന്ന ഇടം.
ആദ്യമായി പരസ്പരം ഉടലുകൾ തമ്മിലൊന്നായത് ഇവിടെ വച്ചാണ്.
ഒരു പുതപ്പിനുള്ളിൽ അവന്റെ നഗ്നമായ നെഞ്ചോട് ചേർന്ന് കിടന്നിരുന്നത് ഇവിടെ വച്ചാണ്.
ആദ്യമായി അച്ഛനാകാൻ പോകുന്നുവെന്ന് പങ്കുവച്ചത് ഇവിടെ വച്ചാണ്.
കുഞ്ഞിപ്പെണ്ണ് പിച്ചവച്ചു നടന്നത് ഇവിടെ വച്ചാണ്.
ഇപ്പോൾ തന്നിൽ നാമ്പെടുത്ത ജീവൻപോലും രൂപപ്പെട്ടത് ഇവിടെ വച്ചാണ്.
തന്റെ സന്തോഷങ്ങളുടെയും സങ്കടങ്ങളുടേയുമെല്ലാം ഉറവിടം ഇവിടെയായിരുന്നു.
താൻ അവസാനമായി വച്ച ഹെയർ പിൻ പോലും സ്ഥാനം തെറ്റാതെ അവിടെയുണ്ട്.
ഓർമ്മകൾക്ക് ഒരിക്കലും അന്ത്യമുണ്ടാകില്ല.
സായൂ.. ചെവിക്കരികിലായി ദ്രുവിന്റെ ശബ്ദം.
അവൾ പിടഞ്ഞുമാറിയില്ല.. ഞെട്ടി തിരിഞ്ഞുമില്ല.
അവനവളെ ബെഡിലേക്കിരുത്തി.
ഒന്നും നഷ്ടങ്ങൾക്ക് പകരമാകില്ലെന്നറിയാം.
അവയൊന്നും തിരിച്ചു കിട്ടുകയുമില്ല.
നമുക്ക് ജന്മo നൽകിയവരും നാം ജന്മം നല്കിയവളുമാണ് എന്നെന്നേക്കുമായി തിരികെ വരാത്തയിടത്തേക്ക് യാത്രയായത്.
എനിക്ക് നിന്നെയും നമ്മുടെ കുഞ്ഞിനെയും വേണം സായൂ.
നിങ്ങളില്ലെങ്കിൽ എനിക്ക് കഴിയില്ല .
നിന്നെ തുണിക്കടയിൽ സി സി ടി വിയിൽ കണ്ടെന്ന് ദൃശ്യ പറഞ്ഞപ്പോൾ എനിക്കെന്ത് സന്തോഷമായെന്നോ.
അന്ന് അവരുടെ കൂടെ വരാൻ തോന്നിയ നിമിഷത്തെ ആശ്വാസത്തോടെയാണ് ഞാനോർത്തത്.
ഇനിയും എന്നെ തനിച്ചാക്കി പോകല്ലേ സായൂ.
നീയില്ലാതെ എനിക്ക് പറ്റില്ല പെണ്ണേ.
അവന്റെ കണ്ണുനീർ അവളുടെ കൈയിൽ ഇറ്റുവീണു.
പൊള്ളിയതുപോലെ അവൾ കൈകൾ വലിച്ചെടുത്തു.
മറുപടി നല്കാതവൾ അലമാരയിൽ നിന്നും ഡ്രസ്സുമെടുത്ത് ബാത്റൂമിലേക്ക് കയറുന്നതവൻ നിർവികാരമായി നോക്കിയിരുന്നു.
അനുവായിരുന്നു ഭക്ഷണം ഉണ്ടാക്കിയത്.
മൂന്നുപേരും കഴിക്കാനായി ഒന്നിച്ചിരുന്നു.
നാളെ ഞാൻ ആരോടെങ്കിലും സഹായത്തിനായി വരാൻ പറയാം അനൂ.താനൊറ്റയ്ക്ക് കഷ്ടപ്പെടേണ്. ദ്രുവ് പറഞ്ഞു.
എന്നെ അങ്ങനെയാണോ കണ്ടിരിക്കുന്നത് അപ്പോൾ.
എന്റെ കൂട്ടുകാരിയല്ല ഇവൾ സഹോദരിയാണ്. ഇതെന്റെ ഏട്ടനും. ആകെ മൂന്നുപേർക്ക് കഴിക്കാനുള്ളത് ഉണ്ടാക്കാൻ എനിക്കത്ര വലിയ കഷ്ടപ്പാടൊന്നുമില്ല.. അനുവും ചിരിയോടെ പറഞ്ഞു.
സായു മൗനമായിരുന്ന് കേട്ടതേയുള്ളൂ.
സായു മുറിയിൽ എത്തുമ്പോൾ ദ്രുവ് ബെഡിലിരിപ്പുണ്ടായിരുന്നു.
എനിക്ക് കിടക്കണം.. സായു പറഞ്ഞു.
അവൻ അൽപ്പം നീങ്ങി കിടന്നു.
നിങ്ങൾ പുറത്തേക്കിറങ്ങണം സായുവിന്റെ മറുപടി കേട്ടവൻ പൊട്ടിച്ചിരിച്ചു.
അതേയ് നീയെന്റെ ഭാര്യയാണ്. മൂന്നുവർഷം കൂടെ കഴിഞ്ഞവളുമാണ്.
ഈ ബെഡിൽ എന്റെ മാറോട് ചേർന്ന് കിടന്നവളാണ്. അല്ലാതെ ഇന്ന് നിന്നെ ഞാൻ നിന്റെ സമ്മതമില്ലാതെ ബലമായി വിവാഹം ചെയ്ത് കൊണ്ടുവന്നതൊന്നുമല്ല.
കൂടുതൽ ജാടയിടാതെ വന്ന് കിടക്കെടീ..
ഞാൻ അനുവിനോടൊപ്പം കിടന്നോളാo..
തിരിയുംമുമ്പേ അവൻ വാതിൽ ബോൾട്ട് ഇട്ടിരുന്നു.
അനായാസമായി അവളെ കോരിയെടുത്തവൻ ബെഡിൽ കിടത്തി അടുത്തായി അവനും കിടന്നു.
തന്നെത്തന്നെ നോക്കിക്കിടക്കുന്ന ദ്രുവിന്റെ മിഴികളെ നേരിടാൻ അവൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല.
അതിനാൽ തന്നെ കണ്ണുകളടച്ചവൾ കിടന്നു .
ദിവസങ്ങൾ കടന്നുപോയി.
സായു ദ്രുവിനോട് സംസാരിക്കുവാൻ തയ്യാറായില്ല.
ദ്രുവ് ഓഫീസിൽ പോയ സമയത്തായിരുന്നു കോളിംഗ് ബെൽ കേട്ടത്.
അനുവാണ് വാതിൽ തുറന്നത് പിന്നാലെ സായുവുമെത്തി.
ദ്രുവാംശ് സാറില്ലേ..
വന്ന പെൺകുട്ടിയെ അവർ സൂക്ഷിച്ചു നോക്കി.
ചുരിദാറാണ് വേഷം. അൽപ്പമേയുള്ളൂ മുടി അത് പിന്നോട്ട് ക്രാബ് ചെയ്തിട്ടുണ്ട് . നെറ്റിയിൽ കറുത്ത പാട്.
മനസ്സിലാകാത്ത മട്ടിൽ അനുവും സായുവും പരസ്പരം നോക്കി .
ഇല്ല ഓഫീസിൽ പോയി.. അനുവാണ് മറുപടി നൽകിയത്.
ഓഫീസിൽ പോയപ്പോൾ കണ്ടില്ല അതുകൊണ്ടാണ് ഇവിടേക്ക് വന്നത്. സായൂജ്യചേച്ചി അവൾ സംശയത്തോടെ ഇരുവരെയും നോക്കി.
ഞാനാണ്.
ആ പെൺകുട്ടിയുടെ കണ്ണുകൾ വിടർന്നു.
അവൾ സായുവിന് നേർക്ക് കൈകൂപ്പി.
അവൾ കൂപ്പിയ കൈകളിലേക്കും നിറമിഴികളിലേക്കും സായു അമ്പരന്ന് നോക്കി.
എന്നെ മനസ്സിലായില്ല അല്ലേ.
ഏതാനും മാസങ്ങൾക്കുമുമ്പേ പത്രത്താളുകളിൽ നിറഞ്ഞു നിന്നവളാണ്. മുഖമില്ലെങ്കിലും പേരുകളാൽ നിറഞ്ഞു നിന്നവൾ.
ബാംഗ്ലൂരിൽ നിന്നും വന്ന നഴ്സിംഗ് വിദ്യാർത്ഥി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു എന്ന നിലയിലായിരുന്നു നിറഞ്ഞു നിന്നത്..
അവളുടെ ഉറച്ച ശബ്ദം
ആ വീട്ടിൽ മുഴങ്ങി.
തന്റെ മുൻപിൽ നിൽക്കുന്ന പെൺകുട്ടിയെ വിശ്വാസം വരാതെ അവൾ നോക്കുന്നുണ്ടായിരുന്നു.
ഞാൻ കാരണം നഷ്ടം നേരിടേണ്ടി വന്നത് നിങ്ങൾക്കായിരുന്നു.
എല്ലാത്തിൽ നിന്നും ഓടിയൊളിക്കാൻ നോക്കിയവൾ മരണത്തിലേക്കുള്ള പാതയിൽ നിന്നും മാറിസഞ്ചരിച്ചാണ് ഞാനിപ്പോൾ ഇവിടെ നിൽക്കുന്നതെങ്കിൽ അതിനൊരൊറ്റ കാരണമേയുള്ളൂ ദ്രുവാംശ് സാർ.
എന്നിൽ വീറും വാശിയും ആത്മവിശ്വാസവും നിറച്ച് ഒരു സഹോദരിയെപ്പോലെ എന്നെ ചേർത്തു പിടിച്ചയാൾ. ഒടുവിൽ സ്വയം നഷ്ടങ്ങൾ മാത്രം നേരിടേണ്ടി വന്നപ്പോഴും എനിക്ക് നീതി വാങ്ങി തന്നു.
ചേച്ചിക്കറിയാമോ ഒരുപാട് സ്വപ്നങ്ങളുമായി നാട്ടിലേക്ക് വന്നിറങ്ങിയവളാണ് ഞാൻ.
ഇഷ്ടപ്പെട്ടവനുമായി ഒരു ജീവിതം സ്വപ്നം കണ്ട് വന്നവൾ.
വന്നിറങ്ങിയപ്പോൾ രാത്രിയായി. ഒരു ഓട്ടോക്കാണ് വെയിറ്റ് ചെയ്തത്.
കാറിലെത്തിയ മൂന്നുപേർ മതിയായിരുന്നു അതെല്ലാം മാറ്റി മറിക്കാൻ.
ചേച്ചിക്കറിയാമോ എന്തെല്ലാo ക്രൂരതകളാണ് അവർ എന്നോട് ചെയ്തതെന്ന്.
ആ ഓർമ്മയിൽ അവളൊന്ന് ഏങ്ങി.
മദ്യപിച്ചുകൊണ്ട് മൂന്നുപേരും രണ്ട് ദിവസമാണ് എന്നെ മാറി മാറി… അവൾ കണ്ണുകൾ ഇറുകെയടച്ചു.
അരയോളം ഉണ്ടായിരുന്ന എന്റെ മുടി പിഴുതെടുത്തു.
ദേ കണ്ടോ എതിർക്കാൻ ശ്രമിച്ചതിന് കിട്ടിയതാണിത്.. നെറ്റിയിലെ മുറിവുണങ്ങിയ പാടവൾ ചൂണ്ടിക്കാട്ടി.
ഇനിയുമുണ്ട് മാറിലും വയറ്റിൽ മറ്റിടങ്ങളിലുമായി സിഗരറ്റ് കുത്തിക്കെടുത്തിയ കറുത്ത പാടുകൾ.
ഇതുകണ്ടോ തന്റെ കൈകളവൾ നീട്ടി.
മൂർച്ചയുള്ളതെന്തോ കൊണ്ട് വരഞ്ഞതുപോലെയുള്ള കുറേ പാടുകൾ.
മദ്യക്കുപ്പി പൊട്ടിച്ച് വരഞ്ഞതാ.
സായു കണ്ണുകൾ ഇറുകെയടച്ചു. ആ പെൺകുട്ടി അനുഭവിച്ച ക്രൂരരംഗങ്ങൾ മുൻപിൽ തെളിയുന്നതുപോലെ. അവളാ ഓർമ്മയിൽ തല വെട്ടിച്ചു.
ഞാൻ കാരണമുണ്ടായ നഷ്ടങ്ങൾക്ക് മാപ്പ് പറഞ്ഞാൽ പരിഹാരമാകില്ലെന്നറിയാം. എങ്കിലും ക്ഷമിക്കണേ ചേച്ചീ എന്നോട്.. അവൾ സായുവിന്റെ കാൽക്കൽ വീഴാനാഞ്ഞു.
ഞെട്ടിപ്പിടഞ്ഞവൾ ആ കുട്ടിയെ പിടിച്ചു മാറ്റി.
അയ്യോ എന്താ ഈ കാട്ടുന്നത്.ഒരുപാടനുഭവിച്ചു അല്ലേ.. സായുവിന്റെ കണ്ണുകളിലെ നീർത്തിളക്കം ആ കുട്ടി തിരിച്ചറിഞ്ഞു.
നിങ്ങളെപ്പോലെ നിയമം പഠിച്ചവരുണ്ടല്ലോ ചേച്ചീ.. എന്നെപ്പോലുള്ളവർക്കായി നീതിക്ക് വേണ്ടി പോരാടുന്നവർ ദൈവമാണ് ഞങ്ങൾക്ക്.
അർഹിക്കുന്ന നീതി അതിലും വലുതായി ഒന്നുമില്ല ചേച്ചീ.
അവനർഹിക്കുന്ന ശിക്ഷ അവന് കിട്ടി.
നിങ്ങൾ പഠിച്ച നിയമം അത് നിങ്ങൾ നടപ്പിലാക്കി. നീതി നേടിക്കൊടുക്കുന്ന ഓരോരുത്തരുടെയും പ്രാർത്ഥന അത് നിങ്ങളുടെ കൂടെയുണ്ട്.
ആ പെൺകുട്ടിക്ക് മുൻപിൽ താൻ വളരെ ചെറുതാണെന്ന് അവൾക്ക് തോന്നി.
അവൾക്കുള്ള വിവേകം പോലും തനിക്കില്ലെന്ന് അവളോർത്തു.
കഴുത്തിൽ താലി ചാർത്തിയ ഭർത്താവിനോട് പഠിച്ച നിയമത്തിനോട് ഒന്നിനോടും നീതി പുലർത്താനാകാത്തവൾ.
സ്വയം അവജ്ഞ തോന്നിയവൾക്ക്.
സായുവിന്റെ മുഖഭാവം അനു ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
വിവാഹo ചെയ്യാനാഗ്രഹിച്ച പയ്യൻ.. അനു അവളോട് തിരക്കി.
മൂന്നുപേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചവളെ ചേർത്തുപിടിക്കാൻ ഇക്കാലത്ത് തയ്യാറാകുമോ ആരെങ്കിലും .
അതിലൊരാളായിരുന്നു അലനും.
മൂന്നുപേർ ചേർന്ന് ക്രൂരമായി മാനഭംഗപ്പെടുത്തിയവളെ ഏറ്റെടുക്കാനുള്ള ഹൃദയവിശാലത അവനില്ലെന്ന്.
പരിശുദ്ധമായ ശരീരവും മനസ്സുമാണ് അവന് വേണ്ടതെന്ന് അവനെന്നോട് പറഞ്ഞു.
പെണ്ണിന്റെ ഉള്ളിലെ നേർത്ത പാടയിലാണ് അവളുടെ പരിശുദ്ധിയെന്നവൻ കരുതി. അവന് വേണ്ടി തുടിച്ച ഹൃദയം കാണാൻ അവന് കഴിഞ്ഞില്ല.
അവനും കാണില്ലേ ആഗ്രഹങ്ങൾ..
ആ പുഞ്ചിരിയിൽ മറഞ്ഞിരുന്ന വേദന തിരിച്ചറിയാൻ സായുവിന് കഴിഞ്ഞു.
ഞാനിന്ന് തിരികെ പോകുകയാണ് എന്റെ പഠനം തുടരാനായി.
അതിന് എല്ലാം ഒരുക്കി തന്നതും അതിനെന്നെ പ്രാപ്തയാക്കിയതും ദ്രുവ് സാറാണ്.
കരളുറപ്പോടെ ഇന്ന് പറയാനെനിക്ക് കഴിയും ഞാനൊരു റേപ്പ് വിക്‌ടിം ആണ്.
പക്ഷേ കന്യാചർമ്മമെന്ന പാട നശിച്ചപ്പോൾ ജീവിതം നഷ്ടമായെന്ന് പറഞ്ഞ് വിലപിക്കില്ല ഞാനൊരിക്കലും..
അല്ല തന്റെ പേരെന്താ..
അവളിറങ്ങും നേരം അനു ചോദിച്ചു.
ചിയാര
പുഞ്ചിരിയോടെ പറഞ്ഞുകൊണ്ടവൾ നടന്നു.
അതെ അനൂ അവൾക്ക് ചേർന്ന പേരാണത്. “ചിയാര” പ്രകാശം എന്നർത്ഥം.
ജീവിതത്തിലുടനീളം പ്രകാശം പരത്താനും മറ്റുള്ളവരുടെ ജീവിതത്തിന് പ്രകാശം നൽകുവാനും അവളാൽ സാധിക്കും.
കുറ്റബോധം അലയടിച്ച അവളുടെ മനസ്സിൽ അപ്പോൾ തെളിഞ്ഞത് പ്രകാശത്തിന്റെ പുതുനാളങ്ങളായിരുന്നു.
(തുടരും )