Thursday, April 25, 2024
Novel

തൈരും ബീഫും: ഭാഗം 14

Spread the love

നോവൽ: ഇസ സാം


എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു ദിവസം പെട്ടിയും കിടക്കയും ആയി അവൾ ഇങ്ങെത്തി. ഒരു നിമിഷം എന്റെ മനസ്സിൽ കൂടെ അപ്പനും ചേട്ടന്മാരും കൂടെ മിന്നി മറഞ്ഞു പോയി.

Thank you for reading this post, don't forget to subscribe!

പക്ഷേ എപ്പോഴത്തെയും പോലെ അവൾക്കു ഒരു കുലുക്കവും ഉണ്ടായിരുന്നില്ല……

“ആ കണ്ണു ഇപ്പൊ താഴെ വീഴും………..” അതും പറഞ്ഞു അവൾ അകത്തു കയറിപ്പോയി… അത് ഒരു പോക്കായിരുന്നു…പിന്നെ പട്ടത്തി തിരിച്ചു പോയേ ഇല്ല….. അവളുടെ ഏതോ മാമന്റെ മോനുമായി കല്യാണം ഉറപ്പിക്കാൻ പോണു എന്ന് പറഞ്ഞപ്പോൾ അടിയും കൂടി വന്നതാ…പിന്നെ അവളുടെ അപ്പാവും അമ്മാവും തിരക്കിട്ട ഡോക്ടർസ് ആയതു കൊണ്ട് തന്നെ അവളെ എന്നും ഫോൺ ചെയ്യും എന്നല്ലാതെ ഹോസ്റ്റലിൽ ഒന്നും വന്നു അന്വേഷിച്ചില്ല…… എന്റെ വീട്ടിലെയും അവസ്ഥ അങ്ങനെയൊക്കെ തന്നെയായിരുന്നു…. അതുകൊണ്ടു തന്നെ ഞങ്ങളുടെ ഒരുമിച്ചുള്ള വാസം ഒരാളും അറിഞ്ഞില്ല…..ഞങ്ങളുടെ കൂട്ടുകാർക്കല്ലാതെ….. പിന്നെ സാൻട്ര…. ശ്വേതാ വന്നതിനറെ പിറ്റേദിവസം ശ്വേത അവളെയും കൊണ്ട് വീട്ടിൽ വന്നിരുന്നു….ഞാൻ വൈകിട്ട് വരുമ്പോ സാൻഡ്ര ഉണ്ടായിരുന്നു…..

എന്നെ കണ്ടതും അവൾ ചോദിച്ചു,….”മോനെ എബിച്ചാ……ഞാൻ കുരിശിങ്കലിലേക്കു ഒരു കാൾ ചെയ്യട്ടേ……അതോ നമ്മുടെ ഇടവക വികാരിയെ വിളിക്കട്ടെ……അല്ലേൽ വേണ്ട നമുക്കാ കപ്പയാര് ചേട്ടനെ തന്നെ വിളിച്ചു പറയാം…….”

ഞാൻ വിനീതനായി കൈകൂപ്പി നിന്നു…….”കൊല്ലരുത്…….പ്ളീസ്……..”
“നോക്കട്ടെ……അപ്പൊ പറ എന്താ പ്ലാൻ……?” സാൻഡ്രയാണു….
ഞാനും ശ്വേതയും മുഖത്തോടു മുഖം നോക്കി…….”എന്ത് പ്ലാൻ…..ഒരുമിച്ചു ജീവിക്കുകതന്നെ……”

“അല്ല അപ്പൊ വീട്ടിൽ പറയണ്ടേ…… ” സാൻഡ്രയാണ്……
“എന്റെ കൃഷ്ണ……. നീ എന്നെ കൊലക്കു കൊടുക്കുമോ?” ശ്വേതയാണ്…..

“പിന്നല്ലാണ്ട്….എല്ലാ കാലവും ഇങ്ങനെ ഒളിച്ചു ജീവിക്കാൻ പറ്റുമോ…… അല്ലെങ്കിൽ നിങ്ങൾ രജിസ്റ്റർ ചെയ്യൂ …..എന്നിട്ടു പറയു……. അങ്ങനല്ലേ….?”
ഞങ്ങൾ രണ്ടും ചിരിച്ചു…..

” സാൻഡ്ര ഞങ്ങൾ കുറച്ചു ഒന്ന് കട്ട് തിന്നോട്ടെ…… അല്ലേലും ഈ രെജിസ്റ്ററിൽ ഒപ്പു വെക്കുന്നതിൽ ഒക്കെ എന്താ….പരസ്പരം വിശ്വാസം ഇല്ലാത്തവരല്ലേ അങ്ങനെ ഒപ്പു വെക്കുന്നെ….. അല്ലേലും നമ്മൾ തന്നെ എത്ര കെട്ടു കണ്ടിരിക്കുന്നു…അവരൊക്കെ ജീവിതകാലം മുഴുവൻ ഒരുമിച്ചു ജീവിക്കുന്നുണ്ടോ…..എത്രയോ പേര് നാട്ടുകാരെ പേടിച്ചു പിരിയാതെ ജീവിക്കുന്നു……ഞങ്ങൾ എന്തായാലും അവരിൽ ഒരാളാവാൻ ഉദ്ദേശിച്ചിട്ടില്ല…… ” ഞാനാണെ….സാന്ഡ്ര മിഴിച്ചു എന്നെ നോക്കുന്നുണ്ട്….. ഏതാനം നിമിഷങ്ങൾക്ക് ശേഷം….

.”യൂ മീൻ ലിവിങ് ടുഗെതർ…….” അവളാണേ

“ഞങ്ങൾ കുറച്ചു സ്വസ്ഥമായി കട്ട് തിന്നട്ടെ……മാത്രമല്ല എനിക്ക് എബിയെയും എബിക്ക് എന്നെയും വിശ്വാസമാണ്….. അതുകൊണ്ടു തന്നെ ഞങ്ങളുടെ പ്രണയത്തിനു ഒരു വിവാഹ ഉടമ്പടിയുടെ ആവശ്യമില്ല…….” ശ്വേതയും പറഞ്ഞു….. പക്ഷേ സാൻഡ്ര അത് എതിർത്തു……

“നീ കള്ളന്മാരെ പോലെ ചിന്തിക്കുന്നത് കൊണ്ടാ……. നാലാൾ അറിയുന്ന ഒരു വ്യെക്തിയെ പോലെ ചിന്തിക്കു…. പിന്നെ വിശ്വാസം……നിന്റെ അപ്പന് നിന്റെ മമ്മയെ വിശ്വാസം ഇലാത്തത് കൊണ്ടാണോ എബി അന്തസ്സായി മിന്നു കെട്ടി കൂടെ താമസിപ്പിച്ചത്… ?ആണോ…..?” ഞാനൊന്ന് ഞെട്ടി…..ഒന്ന് ഒന്നര ചോദ്യമായി പോയേ അത്…… ശ്വേതയും ഒന്ന് പതറി…..

“എന്റെ അപ്പനും എന്റെ മമ്മയെ വിശ്വാസമില്ലാത്തതു കൊണ്ടല്ല …..ശ്വേതയുടെയും അങ്ങനെ തന്നെ….. അത് ഒരു വിശ്വാസമാണ്..എന്തൊക്കെ വന്നാലും അവസാന ശ്വാസം വരെ പരസ്പരം താങ്ങും തണലും ആവും എന്ന വിശ്വാസം…… ” സാന്ട്രയാണ്…..

“ആ വിശ്വാസം ഒരു താലിയും മിന്നും ഇല്ലാതെ തന്നെ എനിക്കുണ്ട് സാൻഡി……. നിനക്ക് അത് മനസ്സിലാവില്ല…….. നീയും പ്രണയിക്കുമ്പോഴേ മനസ്സിലാവുള്ളു…….” ശ്വേതയാണു .

സാന്ട്ര നിശബ്ദയായി….പിന്നെ എന്നെ നോക്കി……
.
“ഞാൻ പ്രണയിക്കുവാണെങ്കിൽ എന്നെ അന്തസ്സായി നാലാൾ അറിയെ മിന്നുകെട്ടി കൂടെ കൂട്ടുന്നവനെ പ്രണയിക്കുള്ളു……. അല്ലാതെ ഈ കട്ട് തിന്നുന്നവന്മാരെയൊന്നും എനിക്ക് വേണ്ട….”

ആ വാക്കുകൾ എന്റെ ഹൃദയത്തിൽ കൊണ്ട പോലെ തോന്നി……
പെട്ടന്ന് ഒരു കയ്യടി…കൂടെ ഒരു പുരുഷ ശബ്ദവും…….

“ഞാനും …അതേ…… അന്തസ്സായി മിന്ന് കെട്ടിയെ കൂടെ കൂട്ടുള്ളൂ……..” അത് ഡേവിസ് ആയിരുന്നു….
സാന്ദ്ര പെട്ടന്ന് ഞെട്ടി തിരിഞ്ഞു നോക്കി ……. ഡേവിസ് അവളെ നോക്കി ചിരിക്കുന്നുണ്ട്….. കാര്യമില്ല…സാന്ദ്ര ചിരിക്കുന്നില്ല….

“ഡാ…ഡേവി ….നീ എപ്പോ എത്തി……” ഞാൻ അവനു കൈകൊടുത്തു പുറത്തേക്കു എത്തി നോക്കി….. മുൻവശത്തെ വാതിൽ തുറന്നിട്ടിട്ടായിരുന്നു ഞങ്ങൾ ഇരുന്നിരുന്നത്.

“ഞാൻ ഇപ്പൊ എത്തിയേയുള്ളു…അപ്പോഴല്ലേ ഇവിടെ ചർച്ച…..എന്നാൽ പിന്നെ കുറച്ചു ഒളിച്ചു കേട്ടേക്കാം എന്ന് വെച്ചു……. ഹൈ ശ്വേതാ…….. അപ്പൊ ഗൃഹഭരണം ആരംഭിച്ചു…നല്ലതു ……..”

“വാ ഇരിക്ക്…..ഇത് സാന്ട്ര എന്റെയും എബിയുടെയും ക്ലോസ് ഫ്രണ്ടാണ്…….ഇത് ഡേവിസ്….എബിയുടെ ഫ്രണ്ടാണു….ഒരു റൈഡർ…..” ശ്വേതയാണ് അവരെ പരിചയപ്പെടുത്തിയത്….. അത് ഒരു തുടക്കം ആയിരുന്നു…..ഡേവിസ് ഞാൻ റൈഡിങ്ങിന് പോവുമ്പോൾ കിട്ടിയ സുഹൃത്താണു…അവന്റെ മാതാപിതാക്കൾ കാനഡയിൽ ആണ്…. അവനും അവിടെയാണ്……പക്ഷേ നാട് ഭയങ്കര ഇഷ്ടാണ്…ഇടയ്ക്കിടെ നാട്ടിൽ വരാറുണ്ട്….. അന്നും അങ്ങനെ വന്നതാണ്….. അന്ന് സാൻഡ്രയെ കൊണ്ട് ഞങ്ങൾ ബീഫ് വെപ്പിച്ചാണ് വിട്ടത്…ഡേവിസ് ഇടയ്ക്കു ഇടയ്ക്കു സാൻഡ്രയെ നോക്കുന്നുണ്ടായിരുന്നു….സംസാരിക്കാനും ഒരു ശ്രമം ഒക്കെ നടത്തുന്നുണ്ടായിരുന്നു….ഒരു കാര്യവും ഇല്ല….. സാന്ഡ്ര അവളുടെ പാചകവുമായി തിരക്കായിരുന്നു… ഡേവിസിനെ പ്രോത്സാഹിപ്പിച്ചില്ല എന്ന് മാത്രമല്ല ഉണ്ട കണ്ണുരുട്ടി ഒന്ന് വിരട്ടിയോ എന്നും സംശയമുണ്ടായിരുന്നു….

ആദ്യ ദിവസങ്ങളിൽ രണ്ടു മുറികളായി ഞങ്ങൾ കിടന്നു…. ദിവസങ്ങൾ കഴിയും തോറും എത്തിനോട്ടമായി ഒറ്റയ്ക്ക് കിടക്കാൻ പേടിയായി…… പിന്നെ സംശയം ചോദിക്കലായി പഠിപ്പിക്കലായി…….അധിക നാൾ മുന്നോട്ട് പോയില്ല എന്റെ മുറി ഞങ്ങളുടെ മുറി ആയി…. ശ്വേതയുടെ മുറി ഞങ്ങളുടെ സ്റ്റഡി റൂമും ഗസ്റ്റ് റൂമും ഒക്കെ ആയി…… പിന്നെ അവളുടെ അപ്പാവും അമ്മാവും വന്നു ഭീഷണി കരച്ചിൽ എല്ലാം പയറ്റി തളർന്നു തിരിച്ചു പോയി… എന്റെ പട്ടത്തിക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല….എന്റെ അപ്പനെയും ചേട്ടന്മാരെയും അവളുടെ അപ്പ തന്നെ വിളിച്ചു അറിയിച്ചു……. അപ്പനും ചേട്ടന്മാരും പിന്നെ എന്നെ ഉപദേശിക്കാനോ നന്നാക്കാനോ ഒന്നും വന്നില്ല……

കുരിശിങ്കൽ തറവാടും മമ്മയെയും അപ്പനെയും അങ്ങ് മറന്നേക്കാൻ ഫോൺ ചെയ്തു പറഞ്ഞു…… ചേട്ടന്മാര് പിന്നെ അങ്ങ് സന്തോഷവാന്മാരായി…എങ്ങനെ എന്നെ പുറത്താക്കാം എന്ന് ആലോചിച്ചിരിക്കുമ്പോഴാ……പട്ടെത്തി വന്നു അത് എളുപ്പമാക്കി കൊടുത്തത്…. പിന്നെ മമ്മ….അത് ഒരു ദുഃഖമായി മാറി..മമ്മേടെ ഫോണും അപ്പൻ വാങ്ങി വെചു….. പിന്നെ ആരും ഇല്ലാത്തപ്പോ ഒളിച്ചു പാത്തും എന്നെ ലാൻഡ് ഫോണിൽ വിളിക്കും….. എന്നോടൊപ്പം വരാൻ പറഞ്ഞാൽ കേക്കേലാ…..അപ്പനെ വിട്ടു എങ്ങും പോവില്ല പോലും…. ഈ കാട്ടുമാക്കാൻ അപ്പൻ എപ്പഴാ ഈ മമ്മയെ സ്നേഹിക്കണെ……..എനിക്കറിയാന്മേലേ……..പിന്നെ ആകക്കൂടെ മമ്മയുമായി മനസ്സറിഞ്ഞു സംസാരിക്കുന്നതു സാന്ടട്ര പള്ളിയിൽ പോവുമ്പോഴാ…… അവളുടെ ഫോണിൽ….. അങ്ങനെ ഒരു വര്ഷം കടന്നു പോയി….സാന്ഡ്രയും ശ്വേതയും ഹൗസ് സർജൻസി കഴിഞ്ഞു. ഞാൻ എം.ടിക്കും ചേർന്നിരുന്നു……

ശ്വേതാ വന്നതിൽ പിന്നെ ഞാൻ അധികവും വെജ് ആവാൻ ഒരു പരിശ്രമം നടത്തി പരാജയപ്പെട്ടു. പിന്നെ നോൺ ഞാൻ പാചകം ചെയ്തു…പക്ഷേ എല്ലാ ദിവസവും എനിക്ക് അതിനുള്ള സമയവും കിട്ടിയില്ല…..അങ്ങനെ ഗത്യന്തരമില്ലാതെ ഞാൻ നമ്മടെ പട്ടത്തിയെ സാൻദ്രാസ് അക്കാദമിയിൽ ചേർത്തു. ദൈവാനുഗ്രഹത്താൽ അടിപൊളിയായി ബീഫും ചിക്കനും മീനും പാചകം ചെയ്യാൻ അവൾ പഠിച്ചു എടുത്തു…ഞാനും രക്ഷപ്പെട്ടു…ഒപ്പം സാൻട്രയും ..അല്ലേൽ ഞാൻ ഇടയ്ക്കു ഇടയ്ക്കു അവളെ കൊണ്ട് വെപ്പിക്കുമായിരുന്നു……

അതും വലിയ അളവിൽ…..എനിക്ക് ഒരാഴ്ച വെച്ചിരുന്നു കഴിക്കാൻ വേണ്ടീട്ടെ….. എന്നെ അവൾ ഒരുപാട് ചീത്ത പറയുമായിരുന്നു…സ്വന്തമായി ഉണ്ടാക്കി കഴിച്ചൂടെ…… മെയിൽ ഷോവനിസ്റ്റ് എന്ന് വരെ വിളിക്കും….. അവളുടെ ചീത്തവിളി എന്നും എനിക്കിഷ്ടമാണ്…… ശ്വേത ഇതൊക്കെ കണ്ടു ചിരിയാ….. അവർ സ്ത്രീകൾ എന്നും ഒറ്റക്കെട്ടാണ്…. എന്റെ പുരുഷഭാഗം ബലപ്പെടുത്താനായി ഞാൻ ചെറിയതോതിൽ ഡേവിസിനെ പരിപോഷിപ്പിക്കുന്നുണ്ട്…… സാൻഡ്ര പക്ഷേ അടുക്കുന്നില്ല…….ഒടുവിൽ ഡേവിസ് തന്നെ പറഞ്ഞു…..

“അവൾ അടുക്കില്ല….അവളെ അടുപ്പിക്കാൻ എനിക്കറിയാം….” അത് പറയുമ്പോള് അവനിൽ നിറഞ്ഞ പ്രണയമായിരുന്നു.
എല്ലാ കാര്യങ്ങളും നമ്മൾ വിചാരിക്കുന്നത് പോലാവില്ലല്ലോ…….. അന്ന് ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്കു വരുമ്പോൾ തന്നെ ആകാശം കറുത്തിരുണ്ടിരുന്നു……. വീട്ടിൽ എത്തി എന്നെത്തെയും പോലെ കുളിച്ചു ഫ്രഷ് ആയപ്പോൾ ശ്വേതാ ചായയുമായി വന്നു…….
“സാൻഡ്ര പോയോ… ഇന്ന് മുഴുവൻ കറക്കമായിരുന്നോ …?” ഞാൻ ചുറ്റും നോക്കി ചോദിച്ചു…ഇന്ന് സാന്ദ്രയും ശ്വേതയും കൂടെ ഷോപ്പിംഗ് പോവും എന്ന് പറഞ്ഞിരുന്നു.

“ഒന്നും പറയണ്ട അച്ചായാ…….. ഞങ്ങൾ ഷോപ്പിംഗ് കഴിഞ്ഞു വന്നു കയറിയതേയുള്ളൂ…..സാൻഡ്രയ്ക്കു നാട്ടിൽ നിന്ന് ഫോൺ വന്നു….അവളുടെ അപ്പന് സുഖമില്ല……. ഹോസ്പിറ്റലിലാണ് എന്ന്……. പിന്നതു കേട്ടതും അവൾ ഒന്നും പറഞ്ഞില്ല…പോണം പോണം എന്നും പറഞ്ഞു ഒരോട്ടമായിരുന്നു.”
ഞാൻ വേഗം മൊബൈൽ എടുത്തു അവളെ വിളിച്ചു….. ആദ്യം റിങ് പോയി ……പക്ഷേ എടുത്തില്ല….ഒന്ന് രണ്ടു തവണയായി….. എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവും ഉദാഹരണവും അപ്പനിൽ കണ്ടെത്തുന്ന സാൻട്ര……….. അപ്പന്റെ തണലിൽ മാത്രം ജീവിക്കാൻ ആഗ്രഹിക്കുന്ന സാൻട്ര…….. ഞാൻ അവളെ വീണ്ടും വിളിച്ചു…..അപ്പൊൾ കാൾ എടുത്തിരുന്നു……

“ഹലോ…… സാൻഡ്ര………”
അപ്പുറത്തു അവളുടെ നിശ്വാസവും വാഹനങ്ങളുടെയും ഒക്കെ ശബ്ദം കേൾക്കാം……… അവൾ ഒന്നും മിണ്ടുന്നില്ല…കരയുകയാണ് എന്ന് എനിക്ക് മനസ്സിലായി….. എന്തോ ആ മൗനം പോലും വേദനിപ്പിക്കുന്നു.

“നീ ഇത്രയുള്ളോ…… അപ്പനു എന്ന …ഒന്നുമില്ല ഷുഗറോ ബിപി യോ വാരിയേഷനാവും…….” ഞാനാണ്…..
“അല്ല……… ആൺകോൺഷ്യസ് ആയിരുന്നു എന്നാ പറഞ്ഞെ……ഇപ്പോഴും അതെ……………..” അവൾ കരഞ്ഞും വിക്കിയും പറഞ്ഞു……………….. അവൾ ഒറ്റയ്ക്ക് എങ്ങനാ…..

“നീ എവിടാ….ബസ് സ്റ്റോപ്പ് അല്ലായോ……. അവിടെ നിക്ക്…..ഞാൻ ദാ… വരുന്നു……” അതും പറഞ്ഞു ഞാൻ മൊബൈൽ കട്ട് ചെയ്യാതെ തന്നെ കാറിന്റെ കീ എടുത്തു…..

“വേണ്ട……എബി…… ഐ ആം ഓക്കേ….. നീ വരണ്ട………” അത് കേട്ടപ്പോൾ എനിക്ക് ശെരിക്കും ദേഷ്യം വന്നു…..

” നേരം ഇരുട്ടി….ഇനി ബസ് ഒക്കെ കിട്ടി എപ്പോ അങ്ങ് എത്താനാ….പറഞ്ഞാൽ കേൾക്കു കൊച്ചേ…….ഞാൻ ദേ വരുന്നു……” ഞാൻ കാൾ കട്ട് ചെയ്തു പുറത്തോട്ടു ഇറങ്ങി…ശ്വേതാ എന്റെ ഭാവ മാറ്റം കണ്ടു പകച്ചു നിൽപ്പുണ്ട്…..

“അച്ചായൻ എന്തിനാ പോവുന്നെ……. ഇനി നാട്ടിൽ പോകാൻ പോവാണോ….. ?” ശ്വേത എന്റെ പുറകെ വന്നു ചോദിക്കുന്നുണ്ട്……

“ഞാൻ പോയേച്ചും വരാം…… അവള് മൊത്തം പോയി നിക്കുവാണു….ഈ പുറമെ കാണിക്കുന്നത് ഒക്കെ ഉള്ളൂ…… അവൾ അത്ര സ്ട്രോങ്ങ് ഒന്നുമല്ല…… അപ്പനാണു അവളുടെ എല്ലാം…ബലവും ആത്മവിശ്വാസവും സ്വപ്നവും എല്ലാം…… നമ്മളെ ഉള്ളൂ…… ”

അതും പറഞ്ഞു ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ ശ്വേത മുഖവും വീർപ്പിച്ചു നിൽക്കുന്നുണ്ട്……
” നീ പേടിക്കണ്ട…… മേലത്തെ ചേച്ചിയും പിള്ളാരും ഉണ്ടല്ലോ……. പോയേച്ചും വരാം ……….. ”

അതും പറഞ്ഞു വിട്ടു…ബസ് സ്റ്റോപ്പിൽ സാൻട്ര ഉണ്ടായിരുന്നു…… എന്നെ കണ്ടപ്പോഴും കാറിൽ നാട്ടിൽ എത്തുന്നത് വരെയും അവൾ ഒന്നും പറഞ്ഞില്ല……മൗനമായി തേങ്ങി കൊണ്ടിരുന്നതായി തോന്നി…. ഇടയ്ക്കു ഇടയ്ക്കു അവളുടെ ജോസഫ് അങ്കിൾ വിളിച്ചു കൊണ്ടിരുന്നു…… എവിടെ എത്തി എത്തി എന്ന്……. അവൾ ഈ ലോകത്തല്ലാത്തതു പോലെ തോന്നി…… അവളുടെ അപ്പനും അവളും മാത്രം ഉള്ള എവിടെയോ……. ആശുപത്രിയിൽ എത്തിയപ്പോൾ നേരം ഇരുട്ടിയിരുന്നു…നല്ല മഴയും ഉണ്ടായിരുന്നു…… ഞങ്ങൾ ഐ സി ഉ വിനു മുന്നിൽ എത്തുമ്പോൾ ജോസഫ് അങ്കിൾ ഓടി വന്നു……
“അപ്പന് എന്നാ…….” സാന്ദ്ര ഓടി ചെന്ന് അങ്കിളിനെ കൈപിടിച്ച് ചോദിച്ചു. പുള്ളി കരയുന്നുമുണ്ട്……

“ഞങ്ങൾ ഉച്ചയ്ക്ക് ശേഷം എന്നെത്തെയും പോലെ റബ്ബർ തോട്ടത്തിൽ കൂടെ നടക്കുകയായിരുന്നു….. അപ്പോഴേ പറയുന്നുണ്ടായിരുന്നു മാത്യുച്ചായൻ എന്തൊമേലായ്ക തോന്നുന്നു എന്ന്……. സാൻഡി എപ്പോ വരും എന്ന്…….പിന്നെ നോക്കുമ്പോ അവടെ കുഴഞ്ഞു വീണു കിടക്കുവായിരുന്നു….. ഇപ്പോഴും മയക്കത്തിലാ……..മോള് വാ..വന്നാൽ ഉടനെ ഡോക്ടറെ കാണാൻ പറഞ്ഞിട്ടുണ്ട്…….” അതും പറഞ്ഞു പുള്ളി ഞങ്ങളെ ഡോക്ടറിന്റെ മുറിയിലേക്ക് കൊണ്ട് പോയി…ഞാൻ സാൻഡ്രയെ ഇടയ്ക്കു നോക്കി… കണ്ണ് നിറയുന്നുണ്ട് …….കണ്ണടച്ച് പ്രാര്ഥിക്കുന്നുണ്ട്……

“വരൂ….ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു….. ആക്ച്വലി നിങ്ങൾ രണ്ടു പേരും ഡോക്ടർസ് ആയതു കൊണ്ടും ഈ അവസ്ഥയിൽ ഒന്നും പൊതിഞ്ഞു പിടിച്ചു പൂശി പറയുന്നതിൽ അർത്ഥമില്ല….. മാത്യുച്ചായന്റെ സ്കാനിംഗ് റിപ്പോർട് ആണ്…നിങ്ങള്ക്ക് നോക്കാം……”
ഡോക്ടർ ഞങ്ങൾക്ക് നേരെ നീട്ടി….സാൻഡ്ര വാങ്ങിയില്ല….. ഞാൻ വാങ്ങി നോക്കി….. എന്റെ ചെവികൾ അടയുന്ന പോലെ തോന്നി……. സാൻഡ്രയോടു ഞാൻ എന്ത് പറയും…അവൾ എങ്ങനെ……. അവൾ എന്നെ തന്നെ നോക്കിയിരിക്കുന്നു….എന്റെ മുഖത്തിലൂടെ മനസ്സിലാക്കാനായി…… ഞാൻ അത്യധികം വേദനയോടും നിസ്സഹായതയോടെ അവളെ നോക്കി…… അവൾ എന്റെ കൈപിടിച്ചിട്ടു ചോദിച്ചു….

“ക്യാന്സറാന്നോ…………..?” അവൾടെ വിറയാർന്ന നേർത്ത ശബ്ദം…… ഞാൻ അതേ എന്ന് തലയാട്ടി…..
അവൾ ഒരു ദീർഘനിശ്വാസത്തോടെ കസേരയിലേക്ക് അമർന്നു…….

“ലുക്ക് എബി…… പുള്ളിക്ക് വേദന കൂടി കൊണ്ടിരിക്കുവാണു…എത്രയും പെട്ടന്ന് സർജറി ചെയ്യണം…… ഹോപ്പ് ഉണ്ട് എന്നല്ല……… ലാസ്ട് സ്റ്റേജ്…….. വേദന കുറയ്ക്കുക….. അത്ര മാത്രം…..”

ഞാൻ സാൻഡ്രയെ നോക്കി……പ്രതിമ കണക്കു ഇരിപ്പുണ്ട്……
“ഇവിടെ ഇപ്പൊ ന്യൂറോ സർജേൻ അവൈലബിൾ അല്ല……. എത്രയും പെട്ടന്ന് നമുക്കു ഓൺകോളജി ഫെസിലിറ്റി ഉള്ള ആശുപത്രിയിലേക്ക് മാറ്റണം……”

ഞാൻ സാൻഡ്രയെ നോക്കി….. അവൾ ഇതൊന്നും കേൾക്കുന്നില്ല എന്ന് തോന്നി…… അവൾ എണീറ്റ് പുറത്തേക്കു നടന്നു…… ഞാൻ ഡോക്ടറോട് സംസാരിച്ചു ആംബുലൻസ് റെഡി ആക്കി…… അപ്പനെ അങ്ങോട്ട് മാറ്റാനുള്ള എല്ലാം ചെയ്തു…..

സാന്ട്ര ഐ. സി. യുവിനു മുന്നിലെ കസേരയിൽ ഇരിപ്പുണ്ട്…അവളുടെ കൺപോളകൾ പോലും ചലിക്കുന്നില്ല എന്ന് തോന്നി…… ആംബുലൻസിൽ അവളുടെ അപ്പന് ഒപ്പം യാത്ര ചെയ്യുമ്പോഴും അവൾ ആ കൈ പിടിച്ചു വെച്ചിട്ടുണ്ടായിരുന്നു…..പലപ്പോഴും ഉമ്മ വെക്കുന്നുണ്ടായിരുന്നു…… പക്ഷേ അവളുടെ കണ്ണുകൾ നിശ്ചലമായിരുന്നു……. സര്ജറിക്ക്‌ ഉള്ളതെല്ലാം അവിടെ തയ്യറായിരുന്നു……. ആംബുലൻസിൽ നിന്ന് നേരെ ഓപ്പറേഷൻ തീയേറ്ററിലേക്കു കൊണ്ട് പോവുകയായിരുന്നു…… പുറത്തു ചെയറിൽ ഇരിക്കുമ്പോളും സാന്ദ്ര ഒന്ന് കരഞ്ഞെങ്കിൽ എന്ന് എനിക്ക് തോന്നി പോയി……ഞാൻ ഒരു കുപ്പി വെള്ളം വാങ്ങി …….അവളുടെ അടുത്തിരുന്നു……

“വെള്ളമെങ്കിലും കുടിക്കു…… ഇല്ലേൽ നാളെ എണീറ്റ് നിൽക്കാൻ പറ്റില്ല…….” ഞാൻ വെള്ളം അവളുടെ കയ്യിൽ വെച്ചു കൊടുത്തു……..അവൾ എന്നെ നോക്കി….. ആ നോട്ടം പോലും താങ്ങാൻ എനിക്ക് കഴിഞ്ഞില്ല……. ഒരിക്കലും സാന്ദ്രയുടെ അപ്പനോട് ഞാൻ അധികം സംസാരിച്ചിട്ടില്ല……അങ്ങനെയൊരാൾക്കു വേണ്ടി ഞാൻ എന്തിനു ഇങ്ങനെ വേദനിക്കണം.

“കുടിക്കു…സാൻഡി………” അവൾ ഞെട്ടി എന്നെ നോക്കി….ആ കണ്ണുകൾ നിറഞ്ഞു…..ഞാൻ അറിയാതെ അവളെ അങ്ങനെ വിളിച്ചു പോയതാണു….ഞാൻ സാന്ഡ്രാ എന്ന് മാത്രമേ അവളെ വിളിക്കാറുള്ളൂ….

“നാളെ അപ്പനെ മുറിയിലേക്ക് മാറ്റുമ്പോ…ആരാ നോക്കാൻ….നീയല്ലേ….വെള്ളം കുടിക്കു….. ” ഞാൻ പറഞ്ഞു…അവൾ വെള്ളം വാങ്ങി കുറച്ചു കുടിച്ചു……. എന്നിട്ടു എണീറ്റു……

“എബി പൊക്കൊളു……… ഞാൻ ഓ.കെ ….ആണ്…ശ്വേത മാത്രല്ലേ ഉള്ളൂ……..പൊക്കൊളു……. ”
ആ പറഞ്ഞത് എനിക്ക് ഒട്ടും ഇഷ്ടായില്ല…….

“ഒരു താങ്ക്സും കൂടെ പറ……അപ്പൊ എല്ലാം ആയി…… ദേ കൊച്ചേ ഒരു കാര്യം പറഞ്ഞേക്കാം…ഞാൻ പോവുകേലാ……. ” നിറകണ്ണുകളോടെ അവൾ എന്നെ നോക്കി നിന്നു……

“എന്റെ അപ്പനും ഇങ്ങനാ…….വഴക്കുപോലെ സ്നേഹിക്കും കെയർ ചെയ്യും…….തമാശയായി മോട്ടിവേറ്റ് ചെയ്യും…എപ്പോഴും പറയും എന്റെ സാൻഡി ചുണകുട്ടിയാണ് എന്ന്………. വെറുതെയാ…അപ്പനറിയാം ഞാൻ ചുണക്കുട്ടീ അല്ലാ എന്ന്…….. പറയുമ്പോ ഞങ്ങൾക്കും രണ്ടും സന്തോഷം………. എനിക്ക് പറ്റുകേല എബി…….എന്റെ അപ്പനില്ലാതെ ജീവിക്കാൻ എനിക്ക് പറ്റില്ല…….ഞാൻ മരിച്ചു പോവും…….” അതും പറഞ്ഞു പൊട്ടി കരഞ്ഞ സാൻട്രയെ നെഞ്ചോടു ചേർത്ത് ആശ്വസിപ്പിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ….. ഞാനും അവളെ വേദനിപ്പിച്ചിട്ടേ ഉള്ളൂ…….എന്റെ കണ്ണുകളും നിറഞ്ഞിരുന്നു…..

(കാത്തിരിക്കണംട്ടോ)

ഇസ സാം

തൈരും ബീഫും: ഭാഗം 1

തൈരും ബീഫും: ഭാഗം 2

തൈരും ബീഫും: ഭാഗം 3

തൈരും ബീഫും: ഭാഗം 4

തൈരും ബീഫും: ഭാഗം 5

തൈരും ബീഫും: ഭാഗം 6

തൈരും ബീഫും: ഭാഗം 7

തൈരും ബീഫും: ഭാഗം 8

തൈരും ബീഫും: ഭാഗം 9

തൈരും ബീഫും: ഭാഗം 10

തൈരും ബീഫും: ഭാഗം 11

തൈരും ബീഫും: ഭാഗം 12