Sunday, December 22, 2024
Novel

ദേവതാരകം : ഭാഗം 20

എഴുത്തുകാരി: പാർവതി പാറു

അവൾ കണ്ണുകൾ മെല്ലെ അടച്ചു സീറ്റിലേക്ക് ചാരി…. അവളുടെ ഓർമ്മകൾ പുറത്തെ കാഴ്ചകളെ പോലെ പുറകിലേക്ക് പോയി.. കുറച്ചധികം പുറകിലേക്ക്…. ഒരു എട്ടാം ക്ലാസ്കാരിയുടെ വേനലവധി കാലത്തേക്ക്… …. അച്ഛന്റെ ഒപ്പം പാടവരമ്പിലൂടെ എന്നും അമ്പലത്തിൽ പോയിരുന്ന ഒരു പാവാടക്കാരി വായാടിപെണ്ണ് … അമ്പലത്തിൽ തോഴുതിറങ്ങി അച്ഛൻ ആരോടോ സംസാരിക്കാൻ പോയി… അവൾ അമ്പലകുളത്തിന് ചേർന്നുള്ള മഞ്ചാടിമരച്ചോട്ടിലേക്ക് നടന്നു… മഞ്ചാടി കുരുവിനോട് അവൾക്കെന്നും അടങ്ങാത്ത കൊതി ആണ്‌…

കുളപ്പടവിൽ വീണു കിടക്കുന്ന മഞ്ചാടി പെറുക്കാൻ ഇറങ്ങിയപ്പോഴാണ് ആരോ വെള്ളത്തിൽ കാലുകഴുകുന്നത് കണ്ടത്… പുറം തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് മുഖം വ്യക്തമായില്ല… അവൾ അവിടെ ഇരുന്ന് മഞ്ചാടി പെറുക്കാൻ തുടങ്ങി… പെട്ടന്നാണ് തന്റെ കൈകളിലേക്ക് കുറേ മഞ്ചാടികൾ ഒരുമിച്ച് വന്നു വീണത്… അവൾ തല ഉയർത്തി നോക്കി…. നീലക്കണ്ണുകളുള്ള ഇടതൂർന്ന ചെമ്പൻ മുടിയുള്ള ഒരു ആൺകുട്ടി.. . അവൻ അവളെ നോക്കി ചിരിച്ചു… പിന്നെ മെല്ലെ പടികൾ കയറി മുകളിലേക്ക് നടന്നു… അതാരാ… ഞാൻ ഇത് വരെ കാണാത്ത ഒരു മുഖം…. അവൾ ഓർത്തു…

അവളും എഴുന്നേറ്റ് അച്ഛന്റെ അരികിലേക്ക് നടന്നു…. അച്ഛൻ ആ കുളപ്പടവിൽ വെച്ച് കണ്ട ആൺകുട്ടിയോട് എന്തോ സംസാരിക്കുന്നുണ്ട്… അടുത്ത് തന്നെ അമ്മയെ പോലെ തോന്നിക്കുന്ന സ്ത്രീയും.. അവൾ അവർക്കരുകിലേക്ക് എത്തിയപ്പോഴേക്കും അവർ അമ്പലത്തിൽ കയറി ഇരുന്നു.. ആരാ അച്ഛാ അത്… അതോ.. അത് നിന്റെ അമ്മയുടെ കൂട്ടുകാരി ആയിരുന്നു… കൂടെ ഉള്ളത് അവരുടെ മകനും… അവർ വെക്കേഷൻ ആയിട്ട് വന്നതാ… ഓ.. അച്ഛനെന്താ അവരോട് ഇത്ര കാര്യമായി സംസാരിച്ചിരുന്നത്… അതോ… ആ മോൻ ഇപ്പോൾ പ്ലസ് വൺ കഴിഞ്ഞ് നിക്കാ.. പഠിക്കാൻ നല്ല മിടുക്കൻ ആണ്‌…

കണക്കിൽ പ്രത്യേകിച്ച്… നിന്റെ കണക്കിനോടുള്ള പേടിയുടെ കാര്യം ഞാൻ അവരോട് പറയാർന്നു… ഈ അച്ഛന്റെ ഒരു കാര്യം… എല്ലാരോടും പറഞ്ഞു എന്നെ നാണം കെടുത്തും… അയ്യോ എന്റെ കുഞ്ഞാറ്റ അപ്പോളേക്കും പിണങ്ങിയോ.. നിന്റെ നല്ലതിന് വേണ്ടിയല്ലേ അച്ഛൻ പറയുന്നേ… ആ മോൻ പോവുന്ന വരെ നിനക്ക് ട്യൂഷൻ എടുത്ത് തരാം എന്ന് പറഞ്ഞിട്ടുണ്ട്… നീ ഏതായാലും ഇപ്പൊ വെറുതെ ഇരിക്കല്ലേ.. ഒന്ന്‌ പോയി നോക്ക്… ഞാൻ ഒറ്റക്കോ എന്നെ കൊണ്ടൊന്നും വയ്യ.. ഒറ്റക്ക് വേണ്ട.. നിന്റെ കൂട്ടുകാരെ ഒക്കെ കൂട്ടിക്കോ.. എല്ലാത്തിനും കണക്കിന് മൊട്ട ആണല്ലോ… അച്ഛാ… വേണ്ട വേണ്ടാ….

അങ്ങനെ അവളും കൂട്ടുകാരും അവന്റെ അടുത്ത് ട്യൂഷന് പോവാൻ തീരുമാനിച്ചു… ക്ലാസ്സ്‌ വായനശാലയിൽ വെച്ച് ആയിരുന്നു… ആദ്യത്തെ ദിവസം തന്നെ അവർക്ക് കണക്കിനോട് ഉള്ള പേടി മാറ്റാൻ അവൻ കുറച്ച് എളുപ്പ മാർഗങ്ങൾ പറഞ്ഞു കൊടുത്തു… ഓരോ ദിവസം കഴിയും തോറും അവർക്ക് കണക്കിനോടുള്ള പേടിയും മാറി തുടങ്ങി… ആദ്യമൊക്കെ താല്പര്യം ഇല്ലാതെ പോയിരുന്ന ക്ലാസ്സിലേക്ക് ഉത്സാഹത്തോടെ പോവാൻ തുടങ്ങി… ദിവസവും വൈകുന്നേരം നാലു മണി മുതൽ ആറു മണി വരെ ആയിരുന്നു ക്ലാസ്സ്‌… ക്ലാസ്സ്‌ കഴിഞ്ഞാൽ താരയെ കൂട്ടാൻ അച്ഛൻ വന്ന് കാത്തുനിൽക്കുന്നുണ്ടാവും…

വീട്ടിലേക്ക് പോകും വഴി എല്ലാം അവൾ ക്ലാസ്സിനെ കുറിച്ച് വാതോരാതെ സംസാരിക്കുമായിരുന്നു.. ഒരു ദിവസം ക്ലാസ്സിൽ കണക്കു ചെയ്യുന്നതിനിടെ അവളുടെ അശ്രദ്ധ കാരണം ഉത്തരം തെറ്റി… പുറകിൽ നിന്നൊരു കൈ അവളുടെ ചെവിയിൽ മുറുകി… എവിടെ നോക്കിയാണ് പെണ്ണേ ചെയ്യുന്നത് എന്ന് ചോദിച്ചു തലക്ക് ഒരു കിഴുക്കും കൊടുത്തു… ക്ലാസ്സിലെല്ലാവരും അവളെ നോക്കി ചിരിച്ചു… അവൾക്ക് നല്ല ദേഷ്യം വന്നു… അവനോട്‌… ആ നീല കണ്ണുകൾ കുത്തിപ്പൊട്ടിക്കാൻ തോന്നി… പിന്നീടുള്ള ദിവസങ്ങളിൽ ഒന്നും അവൾ അവനെ നോക്കിയതും ചിരിച്ചതും ഒന്നും ഇല്ല…

പിറകിലെ ബെഞ്ചിൽ തല കുനിച്ചിരിക്കും… ഒരു ദിവസം എല്ലാവർക്കും ചോദ്യം കൊടുത്ത് അവൻ ക്ലാസ്സിലൂടെ നടക്കുകയായിരുന്നു.. താര എന്നത്തേയും പോലെ തലകുമ്പിട്ട് ഇരുന്ന് ഉത്തരം എഴുതുകയാണ്… അവൻ അവൾക്ക് പുറകിൽ ചെന്ന് ചെവിയോരം ചേർന്ന് ചോദിച്ചു… കുറേ ദിവസം ആയല്ലോ… ഏത് കടന്നൽ ആണ്‌ കുത്തിയത്…?? എന്നും ചോദിച്ചു അവളുടെ കവിളിൽ ചോക്ക് കൊണ്ടൊരു കുത്ത് കൊടുത്തു… അവൾ അറിയാതെ പുഞ്ചിരിച്ചു… അവന്റെ ആ പ്രവർത്തിയിൽ അവൾ അറിയാതെ കോരി തരിച്ചു… ഏതോ ഒരു വികാരം അവളെ മൂടുന്നത് അവൾ അറിഞ്ഞു…

അന്ന് വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങിയപ്പോൾ അവൾ അവന്റെ അടുത്തേക്ക് ചെന്നു.. ആദ്യമായാണ് അവൾ ഒറ്റക്ക് അവന്റെ അടുത്ത് ചെല്ലുന്നത്… എന്ത് പറ്റി വല്ല സംശയവും ഉണ്ടോ.. അവൻ ചോദിച്ചു. ഉണ്ട്… എന്താ പേര്… ആരുടെ… ഇയാളുടെ… അവൾ അവനെ ചൂണ്ടി ചോദിച്ചു… ഞാൻ നിങ്ങളെ പഠിപ്പിക്കാൻ വന്ന ആളല്ലേ… അങ്ങനെ ഉള്ളവരെ നിങ്ങൾ എന്താ വിളിക്കാറ്.. മാഷെന്ന്‌…. ആ എന്നാൽ എന്നേം അങ്ങനെ വിളിച്ചാൽ മതി… അതും പറഞ്ഞു അവൻ ഇറങ്ങി മാഷ്… അവൾ മനസ്സിൽ പറഞ്ഞു….. അന്ന് ക്ലാസ്സ്‌ കഴിഞ്ഞ് വരുമ്പോൾ അവൾ പതിവിലും സന്തോഷവതിയായിരുന്നു .. മാഷ്… മാഷ് അവൾ ഇടക്കിടക്ക് പറഞ്ഞു കൊണ്ടിരുന്നു…

അവളിലെ മാറ്റം അച്ഛനും ശ്രധിക്കുന്നുണ്ടായിരുന്നു… അന്ന് രാത്രി അവൾക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ലായിരുന്നു… ആ നീലക്കണ്ണുകൾ അവളെ കൊത്തിവലിക്കും പോലെ… അവൾ എഴുന്നേറ്റ് ജനാലക്കരികിൽ പോയി നിന്നു… ആകാശത്തെ നക്ഷത്രങ്ങളെ നോക്കി… അതിലെവിടെയോ അവൾ അവനെ കണ്ടു… ആദ്യമായി അവൾ നക്ഷത്രങ്ങളെ തന്നെ നോക്കി നിന്നു… പിന്നെ എന്തോ ഓർത്ത് മേശക്കരികിൽ ചെന്നു… അച്ഛൻ വാങ്ങി തന്ന ഇതുവരെ എഴുതാതെ വെച്ച ഡയറിയിൽ ആദ്യത്തെ പേജെടുത്ത് എഴുതി…. “നീ നക്ഷത്രങ്ങൾ ചിരിക്കുന്നത് കണ്ടിട്ടുണ്ടോ… ഞാൻ കണ്ടിട്ടുണ്ട്…. കണ്ണടച്ചാൽ മതി….

ആയിരം നക്ഷത്രങ്ങൾ ചിരിക്കുന്നത് കാണാം…. പക്ഷെ ആ നക്ഷത്രങ്ങൾക്കൊക്കെ നിന്റെ മുഖമാണ്… ” അവൾ ഡയറി അടച്ചു വെച്ചു… വീണ്ടും ആകാശത്തേക്ക് നോക്കി നിന്നു… പിറ്റേന്ന് രാവിലെ അവൾക്ക് പതിവിലും ഉത്സാഹം ആയിരുന്നു… വൈകുന്നേരം മാഷിനെ കാണാം… രാവിലെ കുളി കഴിഞ്ഞ് അമ്മക്കൊപ്പം അടുക്കളയിൽ ഇരിക്കുമ്പോൾ ആണ്‌ അച്ഛൻ വന്നത്… മോളേ ഇന്ന് തൊട്ട് ട്യൂഷൻ ഇല്ല… ആ കുട്ടി നാട്ടിലേക്ക് പോയി… അവൾക്ക് അതൊരു അടിയേറ്റപോലെ ആയിരുന്നു… ഒരു യാത്ര പോലും പറയാതെ മാഷ് പോയിരിക്കുന്നു… അതെന്താ ഏട്ടാ പെട്ടന്ന് പോയേ… അമ്മ ചോദിച്ചു.. അറിയില്ല..

എന്തോ അത്യാവശ്യം ആയി പോവുകയാണെന്ന് പറഞ്ഞു… അച്ഛൻ കണ്ടോ മാഷിനെ… ആ അവർ അമ്പലത്തിൽ ഉണ്ടായിരുന്നു… 10 മണീടെ വണ്ടിക്ക് പോവും എന്ന് പറഞ്ഞു.. എന്നും അമ്പലത്തിൽ പോവാറുള്ളതാ.. ഇന്ന് മടി പിടിച്ചു ഇരുന്നിട്ടല്ലേ… അല്ലേൽ നിനക്കും കാണരുന്നല്ലോ…. അവളുടെ മുഖത്തെ നിരാശ കണ്ട് അച്ഛൻ പറഞ്ഞു.. അച്ഛാ.. മാഷിനി എന്നാ വരാ .. അറിയില്ല മോളേ… അവൻ വലിയ ക്ലാസ്സിൽ ആയില്ലേ… ഇനി അമ്മ വീട്ടിലേക്ക് വരുന്നതൊക്കെ കുറയും.. അപ്പൊ ഇനി ഒരിക്കലും ഞാൻ മാഷേ കാണില്ലേ… അങ്ങനെ അല്ല.. ഭാഗ്യം ഉണ്ടേൽ കാണാം..

അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ നിലത്ത് വീണു.. അതിന്റെ അർഥം അവൾക്ക് അന്ന് തിരിച്ചറിയാൻ ആയില്ല.. പക്ഷെ മകളിലെ മാറ്റം ആ അച്ഛന് മനസിലായി… പിന്നീടുള്ള എല്ലാ ദിവസങ്ങളിലും അവൾ അമ്പലത്തിൽ പോവുമായിരുന്നു… ദൈവത്തോട് പ്രാർത്ഥിക്കാൻ അവൾക്കൊന്നേ ഉണ്ടായിരുന്നുള്ളൂ… മാഷേ കാണാൻ കഴിയണേ… അവനെ ആദ്യമായി കണ്ട കുളപ്പടവിൽ അവൾ ഒറ്റക്കിരിക്കും… അവൻ തന്ന മഞ്ചാടികൾ വീണ്ടും വീണ്ടും എണ്ണിനോക്കും…അവൻ പഠിപ്പിച്ച പാഠങ്ങൾ.. വീണ്ടും വീണ്ടും വായിക്കും… രാത്രി ആകശത്ത് നക്ഷത്രങ്ങളെ നോക്കി ഇരിക്കും…

അവൾ പോലും അറിയാതെ അവൻ അവളുടെ ജീവിതത്തിന്റെ ഭാഗം ആയി തുടങ്ങിയിരുന്നു… അങ്ങനെ ഒരു വർഷം കടന്ന് പോയി… ആ വർഷം അവൾ കണക്കിൽ നല്ല മാർക്ക് നേടി… അവനെ ഓർക്കാത്ത ഒരു ദിവസം പോലും അവൾക്കില്ലായിരുന്നു… ആകാശത്തെ നക്ഷത്രങ്ങളിൽ അവൻ ഉണ്ടെന്ന് അവൾ വിശ്വസിച്ചു… രാത്രി അവനോടെന്ന പോലെ ആകാശത്തു നോക്കി എന്തൊക്കെയോ സംസാരിക്കുമായിരുന്നു… ഉള്ളിൽ അവനോട് തോന്നുന്ന വികാരങ്ങൾ എല്ലാം ആ ഡയറിയിൽ കുറിച്ചിടുമായിരുന്നു… അങ്ങനെ അടുത്ത മധ്യവേനൽ അവധി കാലം ആയി… അവൾ അടുത്ത വർഷം പത്തിലേക്ക് ആണ്‌..

അത് കൊണ്ടു തന്നെ എന്നും ട്യൂഷനും… വെക്കേഷൻ ക്ലാസും ഒക്കെ ആയി തിരക്ക് തന്നെ ആയിരുന്നു… എന്നാലും അവളിൽ അവൻ വരും എന്ന പ്രദീക്ഷ ഉണ്ടായിരുന്നു… അവനെകാത്ത് എന്നും അവൾ ആ കുളപ്പടവിൽ കുറച്ചു നേരം ഇരിക്കുമായിരുന്നു.. രാവിലെ ഉള്ള അമ്പലത്തിൽ പോക്കും രാത്രിയിലെ ആകാശം നോക്കി ഇരിക്കലും അവളുടെ ജീവിതത്തിന്റെ ഒരു ഭാഗം ആയി മാറിയിരുന്നു… ഒരു ദിവസം അമ്പലത്തിൽ നിന്ന് ഇറങ്ങുമ്പോൾ അവന്റെ അമ്മയെ അവൾ കണ്ടു.. ഒപ്പം മറ്റൊരു ആൺകുട്ടിയും… അവൾ വേഗം അച്ഛന് അവരെ കാണിച്ചു കൊടുത്തു…

അച്ഛൻ അവർക്കരികിലേക്ക് നടന്നപ്പോൾ അവൾ അവിടെ തന്നെ നിന്നു… അൽപ്പം സംസാരിച്ചു കഴിഞ്ഞു അച്ഛൻ തിരിച്ചു വന്നപ്പോൾ അവൾക്ക് അറിയേണ്ടിയിരുന്നത് മാഷ് വന്നിട്ടുണ്ടോ എന്ന് മാത്രം ആയിരുന്നു… അവളുടെ മനസ് അറിഞ്ഞ പോലെ അച്ഛൻ പറഞ്ഞു… നിന്റെ മാഷ് വന്നിട്ടില്ല… എന്തോ വെക്കേഷൻ കോഴ്സ് ചെയ്യണത്രെ… അവൾക്ക് സങ്കടം തോന്നി… പക്ഷെ അവൾക്കുറപ്പ് ഉണ്ടായിരുന്നു… അവർ തമ്മിൽ വീണ്ടും കണ്ടു മുട്ടുമെന്ന്… അങ്ങനെ മൂന്നു വർഷങ്ങൾ കൂടി കഴിഞ്ഞു… ഇതിനിടയിൽ ഒരിക്കൽ പോലും താരക്ക് മാഷെ കാണാൻ ആയില്ല…

പക്ഷെ അവളുടെ ഉള്ളിൽ എന്നും മാഷ് മാത്രമായിരുന്നു… ഈ കഴിഞ്ഞ നാലുവർഷം കൊണ്ട് അവളുടെ ഹൃദയം മുഴുവൻ അവൻ പൂത്തുതളിർത്തിരുന്നു… അങ്ങനെ അവൾ plus two കഴിഞ്ഞു… ഡിഗ്രി അവൾക്ക് കോഴിക്കോട് തന്നെ വേണം എന്ന് വാശി ആയിരുന്നു… അവളുടെ അച്ഛൻ പഠിച്ച അതേ കോളേജിൽ… അവളെ പിരിഞ്ഞിരിക്കാൻ വിഷമം ഉണ്ടായിട്ട് പോലും അവർ അവളെ അവിടെ തന്നെ ചേർത്തു.. ക്ലാസ്സ്‌ തുടങ്ങുന്നതിന് മുന്നേ അവളെ കൂട്ടി അച്ഛനും അമ്മയും ഒരു 20 ദിവസത്തെ നോർത്ത് ഇന്ത്യൻ യാത്ര പോയി… അവൾക്കതിനോട് ഒട്ടും യോജിപ്പില്ലായിരുന്നു…

ആ വെക്കേഷന് അവൻ വരും എന്നൊരു പ്രദീക്ഷ അവർക്കുണ്ടായിരുന്നു…. അവളുടെ പ്രദീക്ഷ പോലെ ആ വെക്കേഷന് അവൻ വന്നു… ദിവസങ്ങളോളം അവിടെ നിന്നു… പക്ഷെ അവനെ കാണാൻ അവൾക്ക് ഭാഗ്യം ഇല്ലാതെ പോയി… ക്ലാസ്സ്‌ തുടങ്ങി കഴിഞ്ഞിട്ടാണ്‌ അവർ തിരിച്ചെത്തിയത്… അത് കൊണ്ടു തന്നെ അവൾക്ക് ആദ്യത്തെ കുറച്ച് ക്ലാസുകൾ മിസ്സ്‌ ആയി… ഹോസ്റ്റലിൽ അവൾക്ക് കിട്ടിയ മുറിയിൽ ഒപ്പം മറ്റൊരു കുട്ടി ഉണ്ടായിരുന്നു…. മയൂരിക…. അവളെ പോലെ തന്നെ ഒരു പാവം പെൺകുട്ടി… അവൾ ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് ആയിരുന്നു… പൊതുവേ അധികം സംസാരിക്കാത്ത പ്രകൃതം ആയിരുന്നു അവൾ…

അച്ഛനും അവളും മാത്രമായിരുന്നു അവളുടെ ലോകം… താരയിൽ നിന്ന് അവൾ പലതും മറച്ചുപിടിച്ചിരുന്നു എന്ന് താരക്ക് തോന്നുന്നുണ്ടായിരുന്നു.. പക്ഷെ അതൊന്നും താര കാര്യമാക്കിയില്ല.. കാരണം താരയും അവളിൽ നിന്ന് മാഷിനെ കുറിച്ചുള്ള കാര്യങ്ങൾ മറച്ചു പിടിച്ചിരുന്നു… താര അവളെ യാമി എന്നു വിളിച്ചു… താരയുടെ കൂട്ട് അവളിൽ പതിയെ പതിയെ മാറ്റങ്ങൾ വരുത്തി തുടങ്ങി… താരക്ക് പണ്ട് മുതലേ.. രാഷ്ട്രീയതോട് വളരെ താല്പര്യം ആയിരുന്നു…

അങ്ങനെ അവൾ ആ വർഷം തന്നെ ഇലക്ഷന് പങ്കെടുക്കാൻ തീരുമാനിച്ചു…. അവിടെ വെച്ചാണ് അവൾ ആദ്യമായി അവനെ പരിചയപ്പെടുന്നത്… സംഗീത്… അവളുടെ ജീവിതം തന്നെ മാറ്റി മറിച്ചവൻ.. അവർ പെട്ടന്ന് തന്നെ സുഹൃത്തുക്കളായി… അങ്ങനെ ഒരിക്കൽ അവന്റെ നിർബന്ധത്തിൽ അവൾ തൃശ്ശൂരിൽ നടക്കുന്ന ഒരു സാഹിത്യ ക്യാമ്പ് ൽ പങ്കെടുക്കാൻ പോയി…. ആദ്യമൊക്കെ അവൾ സമ്മതിച്ചില്ലെങ്കിലും അവളുടെ എഴുതാൻ ഉള്ള കഴിവിനെ പ്രോത്സാഹിപ്പിക്കണം എന്ന ലക്ഷ്യത്തോടെ അവൻ പറഞ്ഞപ്പോൾ അവൾ അനുസരിച്ചു…. ക്യാമ്പ് നടക്കുന്ന കോളേജിലേക്ക് അവളോടൊപ്പം കോളേജിലെ 4 കുട്ടികൾ ഉണ്ടായിരുന്നു…

അതിൽ അവൾക്ക് ആകെ പരിജയം ഉണ്ടായിരുന്നത് സെക്കന്റ്‌ ഇയർ ൽ പഠിക്കുന്ന വിനായകിനെ മാത്രം ആയിരുന്നു… അവനും അവളോടൊപ്പം പാർട്ടിയിൽ സജീവം ആയിരുന്നു… അങ്ങനെ ആണ്‌ അവർ കൂട്ടായത്… ക്യാമ്പ് നടക്കുന്ന കോളേജിൽ അവർ എത്തിയപ്പോഴേക്കും ഇനാഗുറേഷൻ കഴിയാറായിരുന്നു… അതുകൊണ്ട് തന്നെ പുറകിൽ ആയാണ് അവൾക്ക് സീറ്റ്‌ കിട്ടിയത്… പ്രസംഗം കേൾക്കാൻ ഉള്ള ശേഷി ഇല്ലാത്തത് കൊണ്ട് അവൾ ഫോണിൽ കളിച്ചു ഇരുന്നു.. .ഇനാഗുറേഷൻ കഴിഞ്ഞപ്പോൾ പുറകിൽ നിന്നും ഒരു അനൗൻസ്‌മെന്റ് കേട്ടൂ…

അടുത്തതായി നിങ്ങളെ എല്ലാവരെയും ഈ ക്യാമ്പിലേക്ക് സ്വാഗതം ചെയ്ത് കൊണ്ടുള്ള സെഷൻ ആണ്‌… അത് കൈകാര്യം ചെയ്യാൻ ഞാൻ വെൽക്കം ചെയുന്നു ദേവദത്ത് ഫ്രം ഫസ്റ്റ് ഇയർ എം. കോം ഹലോ .. ഗുഡ് മോർണിംഗ് ടു ഓൾ … ഐ ആം ദേവദത്ത്… ഓൾ ഓഫ് യൂ കാൻ കാൾ മി ദേവ… അവളുടെ പുറകിൽ നിന്ന് വന്ന ആ ശബ്ദം അവളുടെ കാതുകളിലേക്ക് ഇറങ്ങി ചെന്നു… ഒരിക്കലും മറക്കാത്ത കേൾക്കാൻ ഒത്തിരി കൊതിച്ച ആ ശബ്ദം… അവൾ തല ഉയർത്തി തിരിഞ്ഞു നോക്കി… ആ നീല കണ്ണുകൾ, ചെമ്പൻ മുടി, കവിളിലെ നുണകുഴികൾ …. അവളുടെ ചുണ്ടുകൾ മന്ത്രിച്ചു… മാഷ്……

തുടരും…

ദേവതാരകം : ഭാഗം 1

ദേവതാരകം : ഭാഗം 2

ദേവതാരകം : ഭാഗം 3

ദേവതാരകം : ഭാഗം 4

ദേവതാരകം : ഭാഗം 5

ദേവതാരകം : ഭാഗം 6

ദേവതാരകം : ഭാഗം 7

ദേവതാരകം : ഭാഗം 8

ദേവതാരകം : ഭാഗം 9

ദേവതാരകം : ഭാഗം 10

ദേവതാരകം : ഭാഗം 11

ദേവതാരകം : ഭാഗം 12

ദേവതാരകം : ഭാഗം 13

ദേവതാരകം : ഭാഗം 14

ദേവതാരകം : ഭാഗം 15

ദേവതാരകം : ഭാഗം 16

ദേവതാരകം : ഭാഗം 17

ദേവതാരകം : ഭാഗം 18

ദേവതാരകം : ഭാഗം 19