Tuesday, January 21, 2025
Novel

ദേവാസുരം : ഭാഗം 11

എഴുത്തുകാരി: അഞ്ജലി അഞ്ജു


“ആരാ ഏട്ടാ വരുന്നത്?”
“എന്റെ ജീവിതത്തിൽ ഏറ്റവും മിസ്സ്‌ ചെയ്തവർ ആണ് വരുന്നത്. ഇനി അവരെ ഞാൻ തിരികെ വിടില്ല.”

എന്തൊക്കെയോ ആലോചിച്ചു ഉറപ്പിച്ചത് പോലെ അവൻ പറഞ്ഞു. അവനെ മനസിലാക്കിയത് വെച്ചു നോക്കിയാൽ അലീനയും അലെക്സും ആവും വരുന്നതെന്ന് അവൾ ഊഹിച്ചിരുന്നു.

ഈ കുറഞ്ഞ കാലയളവിൽ അവരുടെ കാര്യങ്ങളാണ് അവൻ ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ളത്.

ആ ഓർമകളിലേക്ക് പോകുമ്പോൾ അവന്റെ മുഖത്തു ഉണ്ടാവുന്ന സന്തോഷം അവൾ ശ്രദ്ധിച്ചിരുന്നു.

“നാളെ നിനക്ക് എക്സാം ഉണ്ടോ?”

“ഇല്ല ഇനി മൂന്ന് നാല് ദിവസം കഴിഞ്ഞേ ഉള്ളൂ.”

“നിനക്ക് ഒറ്റക്ക് എല്ലാം കൂടെ ചെയ്യാൻ പറ്റുവോ നാളെ? അതോ സഹായത്തിനു ആരെയെങ്കിലും വെക്കണോ?”

“അതൊന്നും വേണ്ട. രണ്ടു പേരുടെ കാര്യല്ലേ ഉള്ളൂ. അതൊക്കെ ഞാൻ നോക്കിക്കൊള്ളാം. പിന്നെ ഏട്ടനും സഹായിക്കണം.”

“ആ അതൊക്കെ സഹായിക്കാം.”

“നിനക്ക് ഇന്ന് എപ്പോളാണ് എക്സാം?”

“രാവിലെയാണ്.”

“ആഹ് അപ്പോ ഉച്ച കഴിഞ്ഞ് നമുക്ക് ഷോപ്പിങ്ങിന് പോവാം. സാധനങ്ങൾ ഒക്കെ വാങ്ങാം.”

“മ്മ്.”

അവളെ കോളേജിൽ ആക്കിയിട്ട് ഇന്ദ്രൻ ഓഫീസിലേക്കും പോയി. ദേവു അവിടെ എത്തിയിട്ടുണ്ടായിരുന്നു.

അത് കൊണ്ട് തന്നെ ജാനുവിനും സമാധാനമായി. എക്സാമിനു കേറും വരെ രണ്ടാളും കട്ട പഠിത്തമായിരുന്നു.

കയറാനുള്ള സമയം ആയപ്പോളാണ് ഫോൺ റിങ് ചെയ്തത്. ഇന്ദ്രന്റെ കാൾ ആണെന്ന് കണ്ടതും ദേവു ഒരു ആക്കിയ ചിരി ജാനുവിന് നേരെ കൊടുത്തു.

“ഹലോ ഏട്ടാ..”

“ആഹ് ഞാൻ all the best പറയാൻ മറന്നു. അതാ വിളിച്ചേ. നന്നായിട്ട് എക്സാം എഴുത് കേട്ടോ.”

“മ്മ്.”

അവളുടെ മുഖത്ത് നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി വിടർന്നു.

“എന്താണ് മോളേ പൂത്തുലഞ്ഞു നിൽക്കുവാണല്ലോ.”

ദേവുവിന്റെ ശബ്ദം കേട്ടപ്പോളാണ് താൻ കോളേജിൽ ആണെന്ന ബോധം അവൾക്ക് ഉണ്ടായത്. എങ്കിലും ചമ്മൽ പുറമെ കാട്ടാതെ ഗൗരവത്തിൽ വീണ്ടും പഠിക്കാൻ തുടങ്ങി.

“അല്ല അങ്ങനെ നീ പഠിക്കണ്ട. എന്നാത്തിനാ ഏട്ടൻ വിളിച്ചത്.”

“അത് all the best പറയാൻ.”

“ആഹാ അപ്പോ അവിടെ വരെ ആയി കാര്യങ്ങൾ.”

“അതിനിപ്പോ എന്താ. നീ പഠിക്കാൻ നോക്ക്.”

അത് കേട്ടപ്പോൾ ദേവുവിന്റെ മൂഡ്‌ പോയെന്ന് തോന്നുന്നു. വീണ്ടും പഠിക്കാൻ തുടങ്ങി.
എക്സാം വലിയ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.

ഏട്ടൻ വരും വരെ കൂട്ടായി ദേവുവും ഉണ്ടായിരുന്നു.

ഞങ്ങൾ സ്ഥിരമായി ഇരിക്കുന്ന മരത്തിനു ചുവട്ടിൽ ഏട്ടനേയും കാത്ത് ഇരുന്നു.
ഞങ്ങളാണ് ദേവുവിനെ വീട്ടിൽ കൊണ്ട് ആക്കിയത്.

സമയം ഇല്ലാത്തത് കൊണ്ട് അകത്തേക്ക് ഒന്നും കയറിയില്ല. അവിടുന്ന് നേരെ മാർക്കറ്റിൽ പോയി നാളത്തേക്ക് ഉള്ള സാധനങ്ങൾ വാങ്ങി. പച്ചക്കറി ആണ് കൂടുതലും.

ഓരോ കറികളുടെയും പേര് പറയും അത് അലീനക്ക് ഇഷ്ടാണ് ഇത് അലീനയ്ക്ക് ഇഷ്ടാണ്. അപ്പൊ അലക്സ്‌ ചേട്ടന് ഒന്നും വേണ്ടേ എന്ന് ചോദിച്ചപ്പോ പറയുവാ അവൻ എല്ലാം കഴിക്കുമെന്ന്.

അലക്സ്‌ ചേട്ടൻ ഏതായാലും ഒരു ഭക്ഷണ പ്രിയൻ ആയ കൊണ്ട് രക്ഷപെട്ടു. അല്ലെങ്കിൽ ഇത് പോലെ ഒരു ലിസ്റ്റ് അയാൾക്കും ഉണ്ടാക്കണ്ടേ.

ഷോപ്പിംഗ് കഴിഞ്ഞ് ഫുഡൊക്കെ കഴിച്ചിട്ടാണ് വീട്ടിലേക്ക് പോയത്.

വീട്ടിൽ എത്തിയതും ഇന്ദ്രൻ വളരെ ഉത്സാഹത്തിലായിരുന്നു. മുഴുവൻ സമയവും ഫോണിലായിരുന്നെന്ന് വേണം പറയാൻ.

പഴങ്കഥ പറച്ചിലും പരാതി പറച്ചിലും ആകെ ഒരു ബഹളമായിരുന്നു.

കുറച്ചു നേരം മുറിയിലൊക്കെ കറങ്ങിയിട്ടും ഇന്ദ്രനൊരു മൈൻഡ് ഇല്ലെന്ന് കണ്ടപ്പോൾ ജാനു പതിയെ താഴേക്ക് പോന്നു.

എല്ലായിടവും വൃത്തിയാക്കി രാത്രിയിലെ ഫുഡും റെഡിയാക്കി ചെന്നപ്പോളും ഇന്ദ്രന്റെ ഫോൺ വിളി തീർന്നിട്ടുണ്ടായിരുന്നില്ല.

അത് കണ്ടപ്പോൾ എന്തോ ദേഷ്യം തോന്നി. ചെറിയൊരു കുശുമ്പും.

“അതേ കഴിക്കാൻ എടുത്തു വെച്ചിട്ടുണ്ട്.”

അവന് അരികിലായി ചെന്നു അൽപം ഉറക്കെ അവൾ പറഞ്ഞു.

“ആഹ് ഞാൻ വന്നേക്കാം.”

ഇതും പറഞ്ഞ് ഇന്ദ്രൻ വീണ്ടും സംസാരം തുടർന്നു.
കുറച്ചു നേരം നോക്കി നിന്നിട്ടും വരുന്നില്ലെന്നായപ്പോ അവൾ വീണ്ടും അവനരികിലേക്ക് ചെന്നു.

“എനിക്ക് ഉറങ്ങണം. വരണുണ്ടോ?”

ഇത് പറഞ്ഞതും ഇന്ദ്രനൊരു നോട്ടം നോക്കി പാവം ജാനു നിന്ന് ഉരുകി പോയി.
ഞാൻ പിന്നെ കഴിച്ചോളാം നീ കിടന്നോളു.

ഫോൺ വിളിക്കുന്ന കൊണ്ടാണ് അവളെ അവൻ ആ നോട്ടം കൊണ്ട് വെറുതെ വിട്ടത്. ഇനിയും എന്തെങ്കിലും പറയും മുന്നേ ജാനു താഴേക്ക് പോയി.

എന്തോ കഴിച്ചെന്നു വരുത്തി ഇന്ദ്രനുള്ളത് എടുത്ത് വെച്ചിട്ട് ബെഡിൽ കയറി കിടന്നു. അവൾ ഉറങ്ങുമ്പോളും അവൻ ഫോൺ മാറ്റിയിട്ടുണ്ടായിരുന്നില്ല.

രാവിലെ ഉണർന്നപ്പോളെ ഇന്ദ്രന് വല്ലാത്ത ഉന്മേഷം തോന്നി.

പതിവ് ചായ ടേബിളിൽ ഉണ്ടായിരുന്നു. ആദ്യം തന്നെ അലീനയെ വിളിച്ച് അവർ എപ്പോൾ എത്തുമെന്ന് ചോദിച്ചു മനസിലാക്കി.

ഫ്രഷ് ആയി അടുക്കളയിലേക്ക് ചെല്ലുമ്പോൾ അടുക്കളയിൽ വേഗത്തിൽ ജോലി ചെയ്യുന്ന ജാനുവിനെയാണ് കണ്ടത്.

ജോലിയിൽ സഹായിക്കാമെന്ന് പറഞ്ഞിട്ട് താമസിച്ചു എഴുന്നേറ്റത്തിൽ അവന് ജാള്യത തോന്നി.

മുകളിലെ ഷെൽഫിൽ നിന്നും കയ്യെത്തി പാത്രം എടുക്കാൻ ശ്രമിക്കുന്ന ജാനുവിനെ കണ്ടപ്പോൾ ചിരിയാണ് വന്നത്.

“നിനക്ക് എന്നെ കൂടെ വിളിച്ച് കൂടായിരുന്നോ.”

അവളുടെ പുറകിലൂടെ പാത്രം എടുത്തു കൊണ്ട് അവൻ ചോദിച്ചു.

“ഇന്നലെ ഉറക്കമൊന്നും ഇല്ലാഞ്ഞല്ലോ അത് കൊണ്ട് ഉറങ്ങിക്കോട്ടെ എന്ന് വെച്ചു.”

തലേദിവസത്തെ അനിഷ്ടം കാണിക്കാനെന്ന വണ്ണം അവൾ പറഞ്ഞു.

“ഇപ്പോൾ ഞാൻ എന്താ ചെയേണ്ടത്?”

“തേങ്ങ പൊതിച്ചു തരുവോ?”

“അതെനിക്ക് അറിയില്ല.”

“ഏഹ് അറിയില്ലേ? ആ എങ്കിൽ ദേ ആ പച്ചക്കറി അരിഞ്ഞു താ.”

“അയ്യോ അത് പറ്റില്ല എന്റെ കൈ മുറിയും.”

“പിന്നെ എന്നാ ജോലി ചെയ്യാൻ പറ്റും?”

“അത് കൊള്ളാം എന്റെ അമ്മ എന്നെ അടുക്കളയിൽ കയറ്റിയിട്ടില്ല അറിയുവോ? പാവമല്ലേ എന്ന് വെച്ചാണ് സഹായിക്കാമെന്ന് പറഞ്ഞത്.”

“എന്റെ പൊന്നോ ഒന്നും ചെയ്യണ്ട. ദേ പറമ്പിൽ പോയി കുറച്ചു വാഴയില വെട്ടി കൊണ്ട് വാ. ഇവിടെ നിന്നാൽ എന്റെ പണി കൂടെ നടക്കില്ല.”

അവൾ തൊഴുകയ്യാലെ ചിരിച്ചു കൊണ്ട് പറഞ്ഞു. അവിയലും തോരനും പുളിശ്ശേരിയും ഒക്കെയായി ഒരു സദ്യ തന്നെ ജാനു ഒരുക്കിയിരുന്നു.

“അവരെ കാണുന്നില്ലല്ലോ?”

“2 മണിക്ക് എത്തുമെന്നാ പറഞ്ഞത്. ചിലപ്പോൾ ബ്ലോക്ക്‌ ആയിരിക്കും.”

അപ്പോളാണ് മുറ്റത്തേക്ക് ഒരു കാർ വന്നത്. ഇന്ദ്രൻ വേഗത്തിൽ കാറിനടുത്തേക്ക് ചെന്നു.

മുൻവശത്തെ ഡോർ തുറന്ന് മോഡേൺ ആയിട്ടുള്ള ഒരു പെൺകുട്ടി ഇറങ്ങി. മെലിഞ്ഞു പൊക്കമുള്ള ഒരു സുന്ദരി പെണ്ണ്.

അവളുടെ മുഖത്തു ആത്മവിശ്വാസം പ്രതിഫലിച്ചിരുന്നു. അവളുടെ മുഖത്തും ഇന്ദ്രനെ കണ്ടപ്പോൾ നിഷ്കളങ്കമായ പുഞ്ചിരി രൂപപ്പെട്ടിരുന്നു.

കാറിൽ നിന്ന് ഇറങ്ങിയ അലീനയെ കണ്ടതും ഇന്ദ്രന്റെ കണ്ണുകൾ വിടർന്നു.

“അലീ…”

അവൻ കൈകൾ വിടർത്തി അവൾക്കരികിലേക്ക് ചെന്നു. അവളും അവനെ ആലിംഗനം ചെയ്തു. അവരുടെ ആ പ്രവൃത്തി നമ്മുടെ ജാനുവിന് അത്രക്ക് പിടിച്ചില്ല.

തന്നെ പോലും ഒന്ന് തൊടാത്ത മനുഷ്യനാണ് ! കൂട്ടുകാരി ആണെങ്കിലും കെട്ടി പിടിച്ചാലേ പറ്റുള്ളോ? ഹും..

“അവൻ എന്തെ?”

ഇന്ദ്രൻ അലെക്സിനെ അന്വേഷിച്ചു.

“ദേ അകത്തുണ്ട്. ഏതോ കാൾ വന്നു.”

കാറിലേക്ക് നോക്കി അലീന പറഞ്ഞു.

“നല്ല ആളാണ്. നീ എയർപോർട്ടിൽ വരുമെന്ന ഞാൻ വിചാരിച്ചത്.”

“ഞാൻ വന്നേനെ. ഫ്ലൈറ്റ് വന്നു കഴിഞ്ഞ് രാത്രിയിൽ ഇങ്ങോട്ടേക്കു എത്താൻ ഏതായാലും വൈകും. ജാനു ഒറ്റക്കാവില്ലേ അതാണ്.”

ജാനുവിനെ നോക്കി കൊണ്ട് ഇന്ദ്രൻ അലീനയോടായി പറഞ്ഞു. അത് പറയുമ്പോൾ അവന്റെ മുഖത്തു ഒരു നിരാശ മിന്നി മാഞ്ഞത് ജാനു ശ്രദ്ധിച്ചിരുന്നു.

“അപ്പോ ഭാര്യയെ കിട്ടിയപ്പോൾ ഞാൻ പുറത്തായല്ലേ. ഇതാണോ ജാനകി?”

ജാനുവിന് നേരെ വിരൽ ചൂണ്ടി കൊണ്ടാണ് അലീന അത് ചോദിച്ചത്. അതെയെന്ന് ഇന്ദ്രനും തലയാട്ടി.

“കല്യാണ ഫോട്ടോ കണ്ടിരുന്നു. പക്ഷെ നിന്റെ ഒരു ടേസ്റ്റ് ഒക്കെ വെച്ചു എന്നെ പോലെ ഒരു തന്റേടി ആവുമെന്നാ വിചാരിച്ചത് ഇതൊരു ടിപ്പിക്കൽ അമ്പലവാസി പെൺകുട്ടി ആണെന്ന് തോന്നുന്നല്ലോ.”

ജാനുവിനെ അടിമുടി നോക്കിക്കൊണ്ട് അലീന പറഞ്ഞു.

“എന്റെ പൊന്നളിയാ ഇവളെ പോലുള്ളതിനെക്കാൾ നല്ലത് ജാനു തന്നെയാ..”

അലക്സാണ് അലീനയ്ക്കുള്ള മറുപടി കൊടുത്തത്.

അലീനയുടെ സംസാരം ജാനുവിന് അത്ര പിടിച്ചിട്ടില്ല. ഇന്ദ്രനാണെങ്കിൽ എന്തോ നഷ്ടപ്പെട്ട ആരെയോ പോലെ അങ്ങനെ നിൽക്കുവാണ്.

അലീനയും അലെക്സും പരസ്പരം എന്തൊക്കെയോ പറഞ്ഞു തർക്കിക്കുന്നുണ്ട്. ജാനു മുൻകൈ എടുത്ത് അവരെ അകത്തേക്ക് ക്ഷണിച്ചു.

ലിവിങ്ങിൽ അവർ സംസാരിച്ചിരിക്കുമ്പോൾ ജാനു അവർക്ക് ജ്യൂസുമായി വന്നു.

ആ കുറച്ചു സമയം കൊണ്ട് തന്നെ ഇന്ദ്രന് അലീനയോട് പ്രത്യേക ഇഷ്ടം ഉണ്ടെന്ന് ജാനു മനസിലാക്കിയിരുന്നു.

പലപ്പോഴും ഇന്ദ്രൻ അലീനയെ പാളി നോക്കിയിരുന്നത് ഈ സംശയത്തെ ദൃഢപ്പെടുത്തി.

“ദേ ഇന്നലെ പറഞ്ഞതൊക്കെ കാര്യായിട്ട് ആണല്ലോ അല്ലേ?”

“എന്ത്?”

“രണ്ടാളും തിരികെ പോണില്ലെന്ന് പറഞ്ഞത്.
ആഹ് ദേ ഇവളിവിടെ നിൽക്കും. എന്റെ കാര്യം ഉറപ്പില്ല.”

“നീയും നിൽക്കണം.”

അലീന അലെക്സിനോടായി പറഞ്ഞു.

“അവൻ നിന്നോളും. ആദ്യം നീ പഴയത് പോലെ എന്റെ ഓഫീസിൽ വാ. എന്നിട്ട് നമുക്ക് മൂന്നു പേർക്കും കൂടെ മറ്റൊരു ബിസിനസ്‌ തുടങ്ങാം.”

“അല്ല നിനക്ക് സ്വന്തായിട്ട് ഒരു കമ്പനി ഉള്ളതല്ലേ പിന്നെ നീ എന്തിനാ ഞങ്ങളുടെ കൂടെ കൂടുന്നത്.”

“എപ്പോളും നമ്മൾ മൂന്നാളും ഒന്നിച്ചല്ലേ. ഈ കാര്യത്തിൽ എന്നെ പുറത്താക്കാം എന്ന് വിചാരിക്കണ്ട.”

അലെക്സിനോടായി ഇന്ദ്രൻ പറഞ്ഞു.
അലീനയും അലെക്സും ആദ്യം കഴിക്കാൻ ഇരുന്നു.

ഇന്ദ്രൻ വിളമ്പാൻ ജാനുവിനൊപ്പം കൂടി. അലീനയുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞു ഇന്ദ്രൻ പെരുമാറുന്നത് കണ്ടപ്പോൾ ഉള്ളിലെവിടെയോ നോവ് പടരുന്നത് ജാനു അറിയുന്നുണ്ടായിരുന്നു.

തന്നോട് കാണിക്കുന്ന കരുതൽ ഇഷ്ടമാണെന്ന് പ്രതീക്ഷിച്ചിരുന്നു.

പക്ഷെ ഇന്ദ്രന് ആരെക്കാളും പ്രാധാന്യമുള്ള മറ്റൊരാൾ ഉണ്ടെന്നത് അവളെ തളർത്തി.

“ഡാ അലക്സെ ഫുഡൊക്കെ എങ്ങനുണ്ട്?”

“അടിപൊളിയായിട്ടുണ്ടെടാ. പുളിശ്ശേരി നിന്റെ മുത്തശ്ശി വെച്ചിരുന്നത് പോലെ തന്നെയാ.”

“അലീ ദേ നിനക്കല്ലേ പുളിശ്ശേരി ഇഷ്ടം. കുറച്ചു കൂടി ഒഴിക്കട്ടെ.”
ഇന്ദ്രൻ അലീനയോടായി പറഞ്ഞു.

“അയ്യോ മതി. എനിക്കെന്തോ അത് ഇഷ്ടായില്ല.”

അവളെടുത്തടിച്ച പോലെ അങ്ങനെ പറഞ്ഞപ്പോൾ ഇന്ദ്രനും അലെക്സിനും എന്തോ പോലെ തോന്നി.

“അവൾക്ക് തിന്നാൻ അല്ലേ അറിയുള്ളു. ഒരു സാധനം ഉണ്ടാക്കാൻ അറിയില്ല എന്നിട്ടാണ്.”

“അതേ എന്റെ മമ്മി എനിക്ക് വേണ്ടതൊക്കെ ഉണ്ടാക്കി തരും. പിന്നെ കാശ് കൊടുത്ത് ജോലിക്കാരെ വെച്ചാൽ അവർ ഉണ്ടാക്കി തരില്ലേ.”

“ഓ നല്ലതാ. നിന്നോട് പറഞ്ഞിട്ട് കാര്യമില്ല.”

പുച്ഛത്തോടെ അലക്സ് അങ്ങനെ പറഞ്ഞത് അലീനക്ക് അത്ര പിടിച്ചിട്ടില്ലെന്ന് അവളുടെ മുഖം വ്യക്തമാക്കുന്നുണ്ടായിരുന്നു.

“ഡാ നീ ഭാഗ്യവാനാണ്. നല്ലൊരു പെണ്ണിനെയാ നിനക്ക് കിട്ടിയത്. ജാനു ഫുഡ്‌ സൂപ്പർ ആണ് കേട്ടോ.”

അവളെ നോക്കി അലക്സ് പറഞ്ഞു. മറുപടിയായി ഒരു പുഞ്ചിരി ജാനു അവന് സമ്മാനിച്ചു. ജാനു അലീനയെ ശ്രദ്ധിക്കുകയായിരുന്നു.

മെലിഞ്ഞിട്ട് നല്ല ഗോതമ്പിന്റെ നിറമായിരുന്നു അവൾക്ക്. സ്ട്രൈറ് ചെയ്ത ചെമ്പൻ മുടി ഭംഗിയിൽ വെട്ടിയിട്ടുണ്ടായിരുന്നു.

അങ്ങിങ്ങായി മുടിയിഴകൾ മുഖത്തേക്ക് വീണു കിടക്കുന്നത് അവളെ കൂടുതൽ സുന്ദരിയാക്കി.

എന്ത് കൊണ്ടും ഇന്ദ്രന് നന്നായി ചേരും.

ഇന്ദ്രൻ അവളോട് അടുത്ത് ഇടപെടുന്നത് ജാനു നോക്കി കൊണ്ട് നിന്നു.

പക്ഷെ തന്റെ പ്രിയപ്പെട്ടവൻ മറ്റൊരു പെണ്ണിനോട്‌ അടുപ്പം കാണിക്കുന്നതും അവളെ കൂടുതലായി ശ്രദ്ധിക്കുന്നതും ഏതൊരു പെണ്ണിനെ പോലെ ജാനുവിൽ അസൂയയും സങ്കടവും ഉണ്ടാക്കി അതേ അവസ്ഥയിൽ തന്നെയായിരുന്നു അലീനയും.

(തുടരും )

ദേവാസുരം : ഭാഗം 1

ദേവാസുരം : ഭാഗം 2

ദേവാസുരം : ഭാഗം 3

ദേവാസുരം : ഭാഗം 4

ദേവാസുരം : ഭാഗം 5

ദേവാസുരം : ഭാഗം 6

ദേവാസുരം : ഭാഗം 7

ദേവാസുരം : ഭാഗം 8

ദേവാസുരം : ഭാഗം 9

ദേവാസുരം : ഭാഗം 10