Sunday, December 22, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 7

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )


നാളെ കോളേജിൽ പോകണ്ട എന്നുള്ള അമ്മയുടെ ഓർഡർ വന്നതും..
മാളവിക മിസ്സിന്റെ ദേഷ്യത്തിന് പിന്നിലുള്ള കാരണമറിയാൻ ഇനിയും കാത്തിരിക്കണമല്ലോ എന്ന ചിന്തയാൽ അവൾ നിദ്രയെ പുൽകി..

പിറ്റേന്ന് നേരത്തെ ഉണർന്നെങ്കിലും കാര്യമായി പണികളൊന്നുമില്ലാത്തത് കൊണ്ട് ചെമ്പകചോട്ടിലും തൊടിയിലുമൊക്കെയായി സമയം കളഞ്ഞു.

പിന്നീട് വായിച്ചിട്ടും വായിച്ചിട്ടും മടുക്കാത്ത പ്രിയപ്പെട്ട കൃതിയിലേക്ക് മടങ്ങി നഷ്ട്ടപെട്ട നീലാംബരിയിലേക്ക്..

സുഭദ്രയിലേക്കും അവളുടെ പ്രിയപ്പെട്ട ശാസ്ത്രിയിലേക്കും..
നഷ്ട്ട പ്രണയം അന്നും ഇന്നും എന്നും വിങ്ങലായിരിക്കും..

വായിച്ചു വായിച്ചു എപ്പോഴാണ് ഉറങ്ങി പോയതെന്ന് അവൾ അറിഞ്ഞതേയില്ല..

വൈകീട്ട് ചായ കുടിക്കാൻ എഴുന്നേറ്റതുപോലും അമ്മയുടെ വിളി വന്നതുകൊണ്ടാണ്.
ചായ കുടിച്ചു ഒരു കുടയുമെടുത്തുകൊണ്ട് നേരെ ഹരിയെ കാണാനായി പോയി വസു.
അവളെ കണ്ടതും സുജ അകത്തേക്ക് വിളിച്ചിരുത്തി വിശേഷങ്ങൾ ചോദിച്ചറിഞ്ഞു..

ഹരിയുടെ മുറിയിൽ ചെന്നപ്പോൾ അവൾ കുളിക്കാൻ പോയത് കാരണം കുറച്ചു നേരം അവിടെത്തന്നെ ഇരുന്നു.

കുളിച്ചിറങ്ങി വന്ന ഹരിയെ കണ്ടതും ഓടിചെന്നവളെ കെട്ടിപിടിച്ചു.

പറ ഇന്നെന്തുണ്ടായി കോളേജിൽ? എന്നെ അന്വേഷിച്ചോ എല്ലാവരും?

തെല്ലൊരു ഗൗരവത്തിൽ അവളെ മാറ്റിനിർത്തി കൊണ്ട് ഹരി കണ്ണാടിയുടെ മുൻപിൽ ചെന്നുനിന്നു മുടി കോതിക്കൊണ്ടിരുന്നു..

ഞാൻ ചോദിച്ചത് കേട്ടില്ലേ ഹരി?

ആം.. കേട്ടു.. കോളേജിൽ വിശേഷിച്ചൊന്നുമുണ്ടായില്ല…
പിന്നെ ക്ലാസ്സിൽ എല്ലാരും നിന്നെ തിരക്കി…

എല്ലാരും ന്ന് വെച്ചാൽ…? വസു വീണ്ടും ചോദിച്ചു.

ക്ലാസ്സിലുള്ള കുട്ടികളൊക്കെ.. അല്ലാതാര് തിരക്കാന നിന്നെയൊക്കെ.. ഗൗരവം തെല്ലും കുറയാതെ തന്നെ അവളും പറഞ്ഞു..

ഓഹ്.. തെളിമയില്ലാത്തൊരു പുഞ്ചിരി അവളിലും വിടർന്നു.

ആഹ് പിന്നെ നിന്നെ വേറെ ഒരാളും തിരക്കി.. തെല്ലൊരു കുസൃതിയോടെ ഹരിയത് പറഞ്ഞതും.

എന്തെന്നില്ലാത്തൊരാകാംക്ഷയോടെ വസു ആരാണെന്ന് തിരക്കി

ആരായിരിക്കും? ഹരി മറുചോദ്യമെറിഞ്ഞു…

നാണത്തിൽ പൊതിഞ്ഞൊരു പുഞ്ചിരി വിരിഞ്ഞെങ്കിലും, സമർത്ഥമായി ഹരിയിൽ നിന്നൊളിപ്പിച്ചുകൊണ്ട് അവൾ നിന്നു.

ഇത്ര നാണിക്കാനെന്തിരിക്കുന്നു.. ആ HOD നിന്നെ തിരക്കിയായിരുന്നു.. അതാണ് ഞാൻ പറയാൻ വന്നേ..

അപ്പോൾ അനന്തൻ സർ….
സർ എന്നെ തിരക്കിയില്ലായിരുന്നോ..

പൊട്ടിവന്ന ചിരിയടക്കി കൊണ്ട് ഹരി പറഞ്ഞു ഇല്ലെന്ന്…

എന്നിട്ട് മെല്ലെ അവളുടെ തോളിൽ കയ്യിട്ടു കൊണ്ട് വസുവിനോടായി പറഞ്ഞു..

വസൂ.. നീയീ പൂച്ചകളെ കണ്ടിട്ടുണ്ടോ?
അവയ്‌ക്കൊരു പ്രത്യേകതയുണ്ട്? എന്താണെന്നല്ലേ നീയിപ്പോൾ ചിന്തിക്കുന്നത്..
കണ്ണുമിഴിച്ചവളെ നോക്കി നിന്ന വസുവിനെ നോക്കി ഹരി തുടർന്നു…

കണ്ണടച്ചു പാലുകുടിച്ചാൽ മറ്റാരും അറിയില്ലെന്ന്.. അത് പോലൊരു കള്ളി പൂച്ചയെ ഞങ്ങളിന്ന് പിടികൂടി.. അതാണ് ഇന്ന് കോളേജിൽ നടന്ന വല്ല്യൊരു സംഭവം..

ഒന്നും മനസിലാവാതെ വസു അവളെ നോക്കി നിന്നു..

ഒന്നും കത്തിയില്ല അല്ലേ.. നിൽക്ക്.. അതുംപറഞ്ഞു ഹരി വേഗം തന്റെ ഫോൺ കയ്യിലെടുത്തു ആരെയൊക്കെയോ വിളിച്ചു..

പാറുവും മഹിയും നിക്കിയും കോൺഫെറെൻസിൽ വന്ന ശേഷം സ്പീക്കർ ഓൺ ആക്കി… റെഡി one two three…
എന്താണിവരീ ചെയ്യുന്നതെന്ന് നോക്കി നിന്ന വസുവിനെ നാലുപേരും കൂടി ഉറക്കെ കള്ളി പൂച്ചേ ന്നും വിളിച്ചു കളിയാക്കി കൊണ്ടിരുന്നു..

ഇപ്പോൾ മനസ്സിലായോ നിനക്ക്? ഹരി ചോദിച്ചു..

നിങ്ങളെന്താ പറയുന്നേ ഞാൻ എന്ത് ചെയ്തെന്നാണ്..

എന്താണ് മോളെ പപ്പൻ സർ നോട് നിനക്കൊരു ചായ്‌വ്.? സത്യം പറ.. മഹി പറഞ്ഞു..

അങ്ങനെ ഒന്നും തന്നെയില്ല..നിങ്ങൾക്കൊക്കെ തോന്നിയതാണ്..
വസു മറുപടിയായി പറഞ്ഞു.

അതെയോ.. ഞങ്ങൾക്ക് തോന്നിയതാണോ… എങ്കിൽ തത്കാലം വിട്ടേക്ക്.. നേരിട്ട് പിടിച്ചോളാം. നിക്കി പറഞ്ഞു…

പിന്നീട് പതിവ് പോലെ തന്നെയുള്ള കത്തിവെപ്പും പരാതി പറച്ചിലുമായി സമയം പോയി..

ലൈബ്രറിയിൽ നിന്ന് എടുക്കാൻ പറഞ്ഞ പുസ്തകമെവിടെ ഹരി..
കിട്ടിയിരുന്നെങ്കിൽ എനിക്ക് പോകാമായിരുന്നു. വസു പറഞ്ഞു..

അതിപ്പോൾ ഞാൻ.. ആ കണ്ണേട്ടന്റെ മുറിയിൽ ആണ്… ഇപ്പോൾ എടുത്തിട്ട് വരാം..

അതിന് നിന്റെ ഏട്ടൻ ഇവിടുണ്ടോ? ഇല്ലല്ലോ..?

അത് ഞാൻ പറയാൻ വിട്ടു.. ഇന്നലെ രാത്രിയാണ് വന്നുകയറിയത്.. അപ്പോൾ ഒരു നോക്കു കണ്ടതേയുള്ളു.. പിന്നെ വൈകീട്ടെന്നെ കൂട്ടാൻ കോളേജിലേക്കും വന്നു. നീ ഇല്ലെന്ന് അമ്മ പറഞ്ഞു കാണും. ലൈബ്രറിയിൽ നിന്നിറങ്ങിയപ്പോൾ കണ്ണേട്ടൻ കാത്തു നിന്നിരുന്നു അവിടെ.. അത്യാവശ്യം ബുക്കുകൾ കയ്യിലുണ്ടായിരുന്നത് കൊണ്ടുതന്നെ കുറച്ചെണ്ണം ഒന്നും പറയാതെ വാങ്ങി പിടിച്ചു..

നന്നായി.. പക്ഷെ എന്റെ പുസ്തകം കൊടുക്കണ്ടായിരുന്നു.. വസു തെല്ലൊരു ദേഷ്യത്തിൽ പറഞ്ഞു..

ഞാൻ പറഞ്ഞതാണ് ആ പുസ്തകം നിനക്കുള്ളതാണെന്ന്. തിരിച്ചൊന്നും പറയാതെ എന്നെ കൂർപ്പിച്ചു നോക്കി..
പിന്നെ ഞാൻ നേരെ ഒന്നും പറയാതെ വണ്ടിയിൽ കയറി ഇരുന്നു.. നിനക്കറിയില്ലേ കണ്ണേട്ടന്റെ സ്വഭാവം.. അതാണ് ഞാൻ പിന്നെ..

ആ ശരി.. നീ കൂടുതൽ പറഞ്ഞു ബുദ്ധിമുട്ടണ്ട.. പോയി പുസ്തകമെടുത്തു വാ..

പുസ്തകങ്ങളുമായി ഹരി വന്നതും, വസു വേഗം തനിക്ക് വേണ്ട പുസ്തകമെടുത്തു.

നക്ഷത്രങ്ങളേ കാവൽ -പി പദ്മരാജൻ

പുസ്തകം കിട്ടിയതും ഹരിയോട് യാത്രപറഞ്ഞവൾ ഇറങ്ങി.. അറിയാതെ തന്നെ അവളുടെ നോട്ടം അടഞ്ഞു കിടന്ന മറ്റൊരു റൂമിലേക്കും എത്തി. ചെറിയൊരു വിഷാദം അവളെ പൊതിത്തതും നെറ്റിയും തടവി അവിടെ നിന്നും ഇറങ്ങി.

പോകുന്ന വഴി സുജയെ കണ്ട് യാത്ര ചോദിക്കാനും മറന്നില്ല.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

വീട്ടിലെത്തിയതും സുദേവും അച്ഛനും അമ്മയും കാര്യമായ ചർച്ചയിലാണ്.
എന്താണെന്നറിയാൻ ചെവി കൂർപ്പിച്ചപ്പോൾ മനസിലായി ഹരിയുടെയും സുധിയുടെയും വിവാഹകാര്യമാണെന്ന്.. കണ്ണൻ വന്ന സ്ഥിതിക്ക് അതിനെ കുറിച്ച് സംസാരിച്ചു വെക്കാം എന്ന ധാരണയാണ്.
വസുവിനെ കണ്ടതും ജയപ്രകാശ് അവളോട് അഭിപ്രായം ആരാഞ്ഞു.
എല്ലാവർക്കും താല്പര്യമാണെങ്കിൽ തനിക്കും എതിർപ്പില്ലെന്നായിരുന്നു അവളുടെ പക്ഷം.. എന്നാൽ ഹരിയോടുള്ള ഇച്ഛന്റെ ദേഷ്യപ്പെടൽ കുറയ്ക്കണമെന്നും അവൾ താക്കീത് നൽകി. എപ്പോഴും ദേഷ്യപെടുന്നതാണ് കണ്ടിട്ടുള്ളത്… എന്നാൽ അതിനുമപ്പുറം ഇങ്ങനെ ഒരിഷ്ടം ഉള്ള കാര്യം അറിഞ്ഞില്ല.

ചിലപ്പോൾ ഇച്ഛൻ ആവശ്യമില്ലാതെ ദേഷ്യപെടുന്നതും കണ്ടിട്ടുണ്ട്. അതേസമയം തന്റെ ഭാഗത്തു പ്രശ്നമില്ലെങ്കിൽ ഹരിയും വിട്ടുകൊടുക്കാറില്ലായിരുന്നു.

പ്രണയത്തിനു ദേഷ്യത്തിന്റെ ആവരണമണിഞ്ഞുകൊണ്ട് ഹരിയെ നിശബ്ദമായി പ്രണയിക്കുകയായിരുന്നിരിക്കാം ചിലപ്പോൾ ഇച്ഛൻ.
എല്ലാവർക്കും ഹരിപ്രിയ ഹരിയായപ്പോൾ ഇച്ഛനുമാത്രം അവളെന്നും പ്രിയയായിരുന്നു.
അതുപോലെ തന്നെ തിരിച്ചവൾക്ക് അവൻ ദേവേട്ടനും.. ഇനി ഹരി ഒടക്കിട്ട് മാറി നിൽക്കാതിരുന്നാൽ മതിയായിരുന്നു. തന്റെ മുറിയിലെത്തുന്നതുവരെയുള്ള വസുവിന്റെ ചിന്തകൾ അവരെ രണ്ടുപേരെയും ചുറ്റിപ്പറ്റിയായിരുന്നു.

രാത്രി ഭക്ഷണം കഴിച്ചതും ഇന്നെടുത്ത നോട്സ് എല്ലാം ഫോണിൽ നോക്കി പകർത്തി എഴുതുന്ന തിരക്കിലായിരുന്നു വസു.
എഴുതിത്തീർന്നതും വാട്സാപ്പിൽ വന്നു കിടന്നിരുന്ന unknown നമ്പറിൽ നിന്നുള്ള മെസ്സേജ് ഓപ്പൺ ചെയ്തു.

R U Oky Sishta? എന്നൊരു മെസ്സേജ് ആയിരുന്നു അതിൽ ഉണ്ടായിരുന്നത്.

ആരാണെന്നറിയാൻ കൂടുതലായി ആലോചിക്കേണ്ടി വന്നില്ല.

നമ്പർ നന്ദൻ സർ എന്ന പേരിൽ സേവ് ചെയ്തശേഷം..

I’m oky.. ന്ന് റിപ്ലൈ ചെയ്‌തു..

ഉടനെ തന്നെ take rest goodnight. എന്ന മെസ്സേജ് അവളെ തേടിയെത്തി.

തിരിച്ചു goodnight പറഞ്ഞശേഷം.. അവന്റെ പ്രൊഫൈൽ ഇട്ടിരിക്കുന്ന ഫോട്ടോ ഗാലറിയിൽ സേവ് ചെയ്തു. കൈ നിറയെ ചെമ്പകപ്പൂക്കൾ പിടിച്ചു നിൽക്കുന്ന ഫോട്ടോ ആയിരുന്നു അത്. ഒറ്റനോട്ടത്തിൽ തന്നെ അറിയാം ക്യാൻഡിഡ് ആണെന്ന്..

ഒരു കൗതുകത്തിന്റെ പുറത്തു അവന്റെ about ൽ എന്താണെഴുതിയിരിക്കുന്നതെന്ന് തിരഞ്ഞു..

ഗൗരിയുടെ മാത്രം നരേന്ദ്രൻ ❤️
അതുകാൺകേ അവളുടെ കൈകളും മിഴികളും പരതിയത്രയും അവളുടെ ബയോ ആയിരുന്നു.

നരേന്ദ്രന്റെ മാത്രം ഗൗരി ..

അന്ന് ആദ്യമായി അവന്റെ ഫേസ്ബുക് ഐഡി നോക്കിയതിനു ശേഷം മാറ്റിയതായിരുന്നു ഇങ്ങനെ.

എന്നാൽ അവൻ അത് ശ്രദ്ധിക്കാതിരുന്നത് അവൾക്ക് ആശ്വാസമായി..

പക്ഷെ ആ ആശ്വാസം അധികനേരം നീണ്ടു നിന്നില്ല.

പദ്മരാജനെ ഇഷ്ടമാണോ? തന്റെ ബയോ കണ്ടു. എന്ന ചോദ്യം മെസ്സേജ് രൂപത്തിൽ എത്തിയതും

അതേ ഇഷ്ടമാണ്.. എന്താണെന്നറിയില്ല മായയേക്കാൾ അപ്പുവിനേക്കാൾ സ്നേഹം തോന്നുന്നത് നരേന്ദ്രനോടും ഗൗരിയോടുമാണ്.. അതുകൊണ്ടാണ് ബയോ ഇങ്ങനെ ആക്കിയത്.

തിരിച്ചു പുഞ്ചിരിക്കുന്നൊരു ഇമോജിയാണ് അവൻ അയച്ചത്.
അതിന് തിരിച്ചും അവൾ ഒരു പുഞ്ചിരി സമ്മാനിച്ചു..

നടന്നതെല്ലാം സ്വപ്നമല്ലെന്ന് ഊട്ടിയുറപ്പിക്കാനായി അവൾ വീണ്ടും വീണ്ടും ആ മെസ്സേജുകളിലൂടെ വിരലുകളോടിച്ചു..

പിന്നീട് മെല്ലെ ഫോൺ മാറ്റിവെച്ച് ഉറങ്ങാൻ കിടന്നു. ഉറക്കം വരാത്തതുകൊണ്ട് തന്നെ തിരിഞ്ഞും മറിഞ്ഞും കുറെ നേരം അങ്ങനെ കിടന്നു…

എന്തിനെന്നറിയാത്ത ഒരു ആശ്വാസമായിരുന്നു അവളിൽ മുന്നിട്ടു നിന്നിരുന്നത്. നന്ദൻ തന്നെക്കുറിച്ച് അന്വേഷിച്ചിട്ടില്ല എന്നത് തെല്ലൊരു സങ്കടം ഒന്നുമല്ല അവൾക്ക് ഉണ്ടാക്കിയിരുന്നത്.
എന്നാൽ അവയൊക്കെ നിഷ്പ്രഭമാക്കാൻ കഴിവുള്ളതായിരുന്നു ആ മെസ്സേജുകൾ.
മേശയുടെ മുകളിൽ ഇരുന്ന ഫോൺ കൈയ്യെത്തിച്ച് എടുത്തു. വീണ്ടും വീണ്ടും ആ മെസ്സേജുകളിലൂടെ കണ്ണോടിക്കുമ്പോൾ എന്തിനെന്നറിയാതെ തന്റെ ഉള്ളം വെമ്പുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..

ഇനി കിടന്നാൽ ഉറക്കം വരില്ലെന്ന് തോന്നിയത് കൊണ്ടു തന്നെ വല്ലതും വായിച്ചിരിക്കാമെന്ന ധാരണയിൽ അവൾ എഴുന്നേറ്റു.
ചുമരിൽ തലയിണ വെച്ചു ചാരി പുസ്തകമെടുത്തു അവിടെ ചെന്നിരുന്നു.

നക്ഷത്രങ്ങളേ കാവൽ …
പുസ്തകത്തിന്റെ പേരും ഉരുവിട്ടുകൊണ്ടങ്ങനെ ആദ്യപേജിൽ കണ്ണോടിച്ചു..
സമർപ്പണം അനന്ത് പദ്മനാഭ്..
നന്ദൻ സർ ലൈബ്രറിയിലേക്ക് കൊടുത്ത പുസ്തകമാണല്ലോ..
എത്രയോ വര്ഷങ്ങളായിരിക്കുന്നു.
പഠിക്കുന്ന സമയത്താണെന്ന് തോന്നുന്നു. തീയതി കണ്ടാൽ അങ്ങനെയെ തോന്നു.

ഓരോ വരികളിലൂടെയും ഓടിച്ചു പോയി.
വല്ലാത്ത ദാഹം തോന്നിയതും പുസ്തകം ഒരു ഭാഗത്തു വെച്ചു വെള്ളം കുടിക്കാൻ എഴുന്നേറ്റു പോയി. വെള്ളം കുടിച്ചു വന്നതും ബാക്കി പിന്നീട് വായിക്കാമെന്നോർത്ത് പുസ്തകം എടുത്തുവെക്കാൻ കയ്യിലെടുത്തു …
കൂടെ ഫോണും എടുത്തു..
പുസ്തകം മേശയിൽ വെക്കാനാഞ്ഞതും പുറത്തോട്ട് തള്ളി നിൽക്കുന്ന ഒരു കഷ്ണം പേപ്പർ കണ്ടു.
എന്താണെന്നറിയാൻ എടുത്തു നോക്കിയതും
അതിൽ കുറിച്ചിട്ട വരികളിലൂടെ കണ്ണുകളുടക്കി..

നിന്നെ ഞാൻ പ്രണയിക്കുന്നു
എന്നതിനേക്കാൾ
നിന്നെ ഞാൻ പ്രണയിച്ചിരുന്നു എന്ന് പറയാനാണ് എനിക്കിഷ്ടം.
വർഷങ്ങൾക്ക് ശേഷം നീയത് കേൾക്കുമ്പോൾ
അത്ഭുതത്തോടെ പുഞ്ചിരിക്കും
എനിക്കത് മതി..

താൻ ഇടയ്ക്കിടെ സ്വപ്നം കാണാറുള്ള വരികൾ..
ഇതെങ്ങനെ ഈ പുസ്തകത്തിൽ വന്നു.. കണ്ടുപിടിക്കണം.. അതോ തന്നെ പറ്റിക്കാനായി മറ്റാരെങ്കിലും എഴുതിയതാണോ ഇനി..
അറിയില്ല.. ചിലപ്പോൾ തനിക്കവകാശപെട്ടതായിരിക്കണമെന്നില്ലല്ലോ.. മറ്റാർക്കെങ്കിലും വേണ്ടി ആരെങ്കിലും എഴുതി വെച്ചതുമായിരിക്കാം.
വെറുതെ ആ പേപ്പർ മറിച്ചു നോക്കി
പുറകിലായി,

എന്റെ വസിഷ്ഠ ലക്ഷ്മിക്ക്,
എന്നും എഴുതിയിരിക്കുന്നു..

ഇതാരാണിപ്പോൾ തന്നെ ഇങ്ങനെ പറ്റിക്കാൻ.. കണ്ടുപിടിച്ചേ പറ്റു..
നാളെ ലൈബ്രറിയിൽ പോയാൽ അറിയാൻ കഴിയും ചിലപ്പോൾ..
അതുമതി..
ചിന്തകൾക്കെല്ലാം ഒടുവിൽ അവളിൽ തെളിഞ്ഞു നിന്നത് അനന്തന്റെ മുഖമായിരുന്നു.
അവനെയും മനസിലേക്കാവഹിച്ചവൾ നിദ്രയെ പുൽകി..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

പുറത്തു പെയ്തുകൊണ്ടിരിക്കുന്ന
ശക്തമായ മഴയിൽ അവന്റെ മനസ്സും കുളിർന്നിരുന്നു…
തുറന്നിട്ട ജനലിലൂടെ അകത്തോട്ട് വീശിയടിച്ചകാറ്റിൽ മേശയുടെ മുകളിലിരുന്ന പുസ്തകത്തിന്റെ താളുകൾ താനെ മറിഞ്ഞു കൊണ്ടിരുന്നു.
പേപ്പർ വെയിറ്റ് എടുത്ത് പുസ്തകത്തിനുമുകളിൽ കൊണ്ടുവച്ചു..

എന്നാൽ പെട്ടന്ന് കണ്ണെത്തിയത് ആ
വരികളിലായിരുന്നു.. അവന്റെ ഏറെ പ്രിയപ്പെട്ട വരികളിൽ…
സിഷ്ഠ അവന്റെ മനസും ചുണ്ടുകളും ഒരു പോലെ മന്ത്രിച്ചു….

ചെമ്പകം പൂക്കും.. 😊കാത്തിരിക്കാം..
കഥയിഷ്ടമായി ന്ന് ണ്ടേൽ 2 വരി കുറിക്കാനും മറക്കരുതേ..
അഷിത കൃഷ്ണ (മിഥ്യ )

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 1

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 2

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 3

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 4

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 5

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 6