Saturday, July 27, 2024
Novel

ആനന്ദ് കാരജ് : ഭാഗം 2

നോവൽ
എഴുത്തുകാരി: തമസാ

Thank you for reading this post, don't forget to subscribe!

അവിടെനിന്നും ഇറങ്ങിയതിനു ശേഷം അവളെ കുറിച്ച് ഓർത്തിട്ട് പോലുമില്ല… വിവാഹത്തെ കുറിച്ചോർത്തു ശപിക്കാറുണ്ട്..

അപ്പോൾ പോലും ആ മുഖം ഓർക്കാൻ ശ്രമിച്ചിട്ടില്ല.. പക്ഷേ ഇന്നെന്തോ…. അവൾ മനസിലേക്ക് ഓടി വരുന്നു… മുഖം ഭാഗീകമായി മാത്രം മനസ്സിലുള്ളു..

അവളോട് മിണ്ടുമ്പോഴൊന്നും അത്ര ശ്രദ്ധിക്കാത്തതു കൊണ്ട് ആവും…

സമയം നോക്കി…ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോൾ കിടന്നതാണ്.. ചെറുതായിട്ട് പനിക്കുന്നുണ്ടായിരുന്നു.. അതാണ് ആദ്യം അമ്മ പേടിച്ചോടി വന്നത്. ഇപ്പോൾ സമയം 9:38 ആയിട്ടുണ്ട്…

മൊബൈൽ എടുത്ത്, അന്ന് ആ ഫോട്ടോ അയച്ചുകൊടുത്തതിന് ശേഷം ഇതുവരെ തിരിഞ്ഞു നോക്കാതെ ആർക്കൈവിൽ ഇട്ടിരുന്ന അവളുടെ ചാറ്റ് ഓപ്പൺ ചെയ്തു..

ആ ഫോട്ടോയിലേക്ക് കണ്ണെടുക്കാതെ നോക്കിയിരുന്നുപോയി…

ചിരിച്ചുകൊണ്ട് നിൽക്കുന്ന ഫോട്ടോ ആണെങ്കിലും ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു..

എന്തേ എനിക്കന്ന് ഈ കണ്ണുനീർ ശ്രദ്ധിക്കാൻ പറ്റാതെ പോയത്? ഞാൻ ആയിരിക്കുമോ ആ നീർതുള്ളിക്ക് പുറകിലെ കാരണം ..

അറിയില്ല…. ആരാണ് തെറ്റുകാർ എന്ന് പോലും മനസിലാവുന്നില്ല..

അവൾ ഓൺലൈനിൽ ഇല്ലായിരുന്നു.. എങ്കിലും ഒരു മെസ്സേജ് അയച്ചിട്ടു.. മലയാളം വായിക്കാൻ അറിയില്ലായിരിക്കും.. അതുകൊണ്ട് മംഗ്ലീഷ് തന്നെ പിടിച്ചു..

-ഉത്തരാ…….

അത്രമാത്രം അയച്ചു..

പത്തു സെക്കന്റിന്റെ ഉള്ളിൽ റിപ്ലൈ വന്നു…

-ഡോക്ടർ… സുഖമാണോ…

” ഓൺലൈനിൽ ഇല്ലാതിരുന്ന ആള് ഇത്രപെട്ടെന്ന് എങ്ങനെ എത്തി..? ”

-“ഡോക്ടറിന്റെ മെസ്സേജിന് ഞാൻ സ്പെഷ്യൽ ട്യൂൺ ഇട്ടിട്ടുണ്ട്.. അത് കേട്ടപ്പോൾ ഓടി വന്നു ”

” അതിന് ഞാൻ മെസ്സേജ് അയക്കാറില്ലല്ലോ ”

-” ഇല്ല.. പക്ഷേ…… ”

“ഏതാ ട്യൂൺ ”

-“ഇക് ഓംകാർ സത്‌നാം ”

“അത് നിങ്ങളുടെ പ്രാർത്ഥന അല്ലേ… ”

-“എന്റെ ഏറ്റവും വലിയ പ്രാർത്ഥന ഡോക്ടർ തന്നെ അല്ലേ … ”

” ഞാനൊന്ന് വീഡിയോ കോൾ വിളിച്ചോട്ടെ? ‘

-വേണ്ട ഡോക്ടർ..

‘ഡോക്ടർ അല്ല ആസാദ്.. ഇഷ്ടമുള്ളത് വിളിക്കാം തനിക്ക്.. ‘

– ഞാൻ.. മൂത്തൊരാളെ എങ്ങനെ പേര് വിളിക്കും

“നിന്റെ ഇഷ്ടം

– ഞാനൊരു സൂത്രം കാട്ടട്ടെ..

തൊട്ടു പിറകെ എനിക്ക് ഒരു സ്ക്രീൻഷോട്ട് വന്നു അവളുടെ നമ്പറിൽ നിന്ന്..

എന്റെ ചാറ്റ് എനിക്ക് തന്നെ അയച്ചു തന്നിരിക്കുന്നു.. സേവ് ചെയ്തിട്ട പേര് നോക്കി..

❤️ജാൻ ❤️

വോൾപേപ്പർ ആയി ഞങ്ങളുടെ കല്യാണ ഫോട്ടോയും…

ഇത്ര സ്നേഹിച്ചിരുന്നോ അവളെന്നെ…

മുകളിലെ വീഡിയോ കോളിൽ വിരലമർത്തി..
ഡിക്ലയ്ൻ ചെയ്തു. ഞാൻ പിന്നെയും വിളിച്ചു.. ഇത്തവണ കണക്ട് ആയി.. .
ഹെഡ്സെറ്റ് എടുത്ത് വേഗം കുത്തി..

സ്‌ക്രീനിൽ അവൾ വരാൻ ഞാൻ കാത്തിരുന്നു.. കുറേ മിന്നലിനും പുകയ്ക്കും ശേഷം ഉത്തര ആദ്യമായി ലൈവ് ആയി എന്റെ ഫോണിൽ പ്രത്യക്ഷപ്പെട്ടു..

ഒന്നേ നോക്കിയുള്ളൂ… ഇട്ടിരിക്കുന്ന ചുരിദാറിനോട് ചേർന്ന് നെഞ്ചിലായി ഞാൻ കെട്ടിയ മംഗൾ സൂത്ര കിടക്കുന്നു..

കൂടെ കഴുത്തിലെ മറ്റൊരു ചെയിനിൽ ആസാദ് എന്ന പേര്…എന്റെ താലിയും എന്റെ പേരും …

നെറുകയിൽ ഞാൻ തുടക്കം കുറിച്ച സിന്ദൂരം പിന്നെയും നീട്ടി വരയ്ക്കപ്പെട്ടിരിക്കുന്നു..

“എന്താണ് ആദ്യം വിളിച്ചപ്പോൾ എടുക്കാഞ്ഞത് .. എന്നെ കാണണ്ടന്ന് തോന്നിയോ ഉത്തരാ? ”

-ഇല്ല..

“പിന്നെന്താ… ”

-ഞാൻ കരയുവായിരുന്നു.. നാളുകൾക്ക് ശേഷം എന്റെ കരഞ്ഞ മുഖം ആയിരിക്കരുത് കാണുന്നതെന്ന് തോന്നി..

പിന്നെയും ഞാൻ ഒരുപാട് സംസാരിച്ചു അവളോട്..

ഇടയ്ക്ക് പനിനീർപൂ പോലെ ഉള്ള അവളുടെ കവിളിൽ ഞാനൊരു നാല് വിരലിന്റെ പാട് ഞാൻ കണ്ടു.. ചോദിച്ചപ്പോൾ വീട്ടുകാർ തല്ലി എന്ന് മാത്രം പറഞ്ഞു…

“ഞാനാണോ ഉത്തരാ കാരണം? ”

അല്ല

“പിന്നെന്തിനാ നിന്നെ തല്ലിയത്?

കുറേ നിർബന്ധിച്ചപ്പോൾ പാവം പൊട്ടിക്കരഞ്ഞു..

പ്രേമിച്ചു കെട്ടിയതല്ലേ അവരുടെ കണ്ണിൽ ഞങ്ങൾ.. ആദ്യ രാത്രി തന്നെ ഉപേക്ഷിച്ചുപോന്നപ്പോൾ, കണ്ണിൽ കണ്ടവനെ പ്രേമിച്ചു കുടുംബത്തിന്റെ മാനം കളഞ്ഞവളായി ഉത്തര..

ഞാൻ കാരണം എന്തൊക്കെ അനുഭവിക്കുന്നു അവൾ… കൊല്ലുവാണെങ്കിൽ കൊല്ലട്ടെ എന്ന് കരുതി അന്ന് പറയാമായിരുന്നെനിക്ക് ഞങ്ങൾ അപരിചിതർ ആണെന്ന്…

എന്നിട്ട് അവളെ ക്രൂശിൽ തറയ്ക്കാൻ ഏല്പിച്ചിട്ട് ഞാൻ രക്ഷപ്പെട്ടിരിക്കുന്നു.. പലപ്പോഴും ഈ അടി പതിവാണത്രേ…

അവളോട് ഫോണിലേക്ക് ബാബയുടെ നമ്പർ ഒന്ന് സെൻഡ് ചെയ്‌തേക്കാൻ പറഞ്ഞു… നാളെ വിളിക്കാം എന്ന് പറഞ്ഞു കട്ട്‌ ചെയ്തു…

ഉത്തര എന്ന പേര് മാറ്റി വൈഫ്‌ എന്ന് സേവ് ചെയ്തു…

ആദ്യപടി…..

ആരോടും പറഞ്ഞിട്ടില്ല ഇതുവരെ വിവാഹക്കാര്യം…

അമ്മ കുറേ നാളായിട്ട് പുറകെ നടക്കുന്നുണ്ട് ആലോചിക്കട്ടെ അവളെ, ഇവളെ എന്നൊക്ക ചോദിച്ച് .. ഇനി ചോദിച്ചാൽ പറയണം ഇപ്പോഴൊന്നും വേണ്ടാ എന്ന്…

ഓടിച്ചെന്ന് അമ്മേ ഞാൻ പെണ്ണ് കെട്ടി എന്ന് പറഞ്ഞാൽ അമ്മ പിന്നെ എന്നെ പിടിച്ചു മുറ്റത്ത്‌ നിൽക്കുന്ന തെങ്ങിലേക്കാവും കെട്ടുന്നത്… ഇറ്റ് ഈസ്‌ ഇഞ്ചുറിയസ് ടു മൈ ഹെൽത്ത്..

കരഞ്ഞു തളർന്ന അവളുടെ മുഖം ഓർത്തപ്പോൾ ഒന്നുകൂടി വിളിക്കാൻ തോന്നി..

പക്ഷേ വേണ്ടാ.. അവളെന്തു കരുതും രണ്ടു മാസം മൈൻഡ് ചെയ്യാത്തവൻ ഈ രാത്രിയിൽ എപ്പോഴും വിളിച്ചാൽ.. മാനേഴ്സ് നോക്കണ്ടേ… ഒന്നുമല്ലെങ്കിലും ഞാനൊരു കാർഡിയോളജിസ്റ്റ് അല്ലേ…

എന്തോ…. എന്റെ മനസ് നിറയെ ഞാൻ കെട്ടിയ താലിയും അവളണിഞ്ഞ സിന്ദൂരവും മാത്രമായിരുന്നു..

💢നിൻ നെറുകയിലെ ചുവപ്പായലിയാൻ മാത്രമായൊരു പുണ്യം ചെയ്തിരുന്നോ പെണ്ണേ ഞാൻ 💢

എത്ര വയസുണ്ടെന്നറിയില്ല.. എത്ര പഠിപ്പുണ്ടെന്നറിയില്ല . പക്ഷേ ഉള്ളിലേതോ ഒരു ബിന്ദുവിൽ നിന്റെ പേര് കുറിക്കപ്പെട്ടിരിക്കുന്നു…

എന്റെ നെഞ്ചിന്റെ ഉത്തരാർത്ഥ ഗോളത്തിൽ ഉത്തരമില്ലാത്തൊരു ചോദ്യമായി നീ വീണു കിടക്കുന്നുണ്ട്…

കൊള്ളാലോ.. വല്ലവന്റെയും ഹൃദയം തിരിച്ചും മറിച്ചും പഠിച്ചിട്ടും മനസ്സിൽ തോന്നാത്ത ഭാവങ്ങൾ നീ മെനഞ്ഞെടുത്തിരിക്കുന്നു ഉത്തരാ…

നാളെ ഡ്യൂട്ടി ഉള്ളതാണ്… നേരത്തേ കേറി കിട്ടുന്നില്ലെങ്കിൽ ശരിയാവില്ല…

വിശപ്പൊന്നും തോന്നിയില്ലെങ്കിലും താഴെ പോയി ചപ്പാത്തിയും കുറുമയും കഴിച്ചു കിടക്കാൻ തുടങ്ങിയപ്പോഴാണ് പ്രധാനപ്പെട്ട ഒരു കാര്യം ഓർത്തത്..

വേഗം ഫോൺ എടുത്ത് ഉത്തര തന്ന ബാബയുടെ നമ്പറിൽ വിളിച്ചു..

ഹലോ

” ബാബാ.. ഞാൻ ആസാദ് ആണ്.. മലയാളം കേട്ടാൽ ആ വീട്ടിൽ എല്ലാവർക്കും മനസിലാവും എന്നെനിക്കറിയാം… അതുകൊണ്ട് ഇനി പഞ്ചാബിയോ ഹിന്ദിയോ പറഞ്ഞു ഞാൻ ബുദ്ധിമുട്ടുന്നില്ല…

എന്റെ ഭാര്യയെ കാര്യമില്ലാതെ തല്ലാൻ നിങ്ങൾക്ക് ഇനി അവകാശം ഇല്ല.. തല്ലിക്കോ.. പക്ഷേ അത് ഇനി ഞാൻ തിരിച്ചു വരാത്തതിന് ആവരുത്..

എനിക്ക് സഹിക്കാൻ കഴിയില്ല.. ഞാൻ വന്നില്ല അവളെ കൂടെ കൂട്ടാൻ.. അത് എന്റെ തെറ്റ്..

അതിനവളെ തല്ലുകയായിരുന്നില്ല നിങ്ങൾ ചെയേണ്ടത്..അത്ര കഴിവ് നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ എന്നെ കണ്ടുപിടിച്ച് അവളുടെ മുന്നിൽ കൊണ്ടുചെന്നു നിർത്തണമായിരുന്നു….

ജീവനുണ്ടെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ആസാദ് അവിടെ വരും… എന്റെ പെണ്ണിനെ കൂടെ കൊണ്ട് പോരുകയും ചെയ്യും… വയ്ക്കട്ടെ… ശുഭരാത്രി.. ”

തിരിച്ചൊന്നും പറയാൻ അവസരം കൊടുക്കാതെ ഫോൺ വെയ്ക്കുമ്പോൾ അത്ഭുതം ആയിരുന്നു… അവളെന്റെ മനസ്സിൽ കേറിക്കൂടിയോ എന്നോർത്ത്..

ഒരു ആവേശത്തിൽ പറഞ്ഞതാണെങ്കിലും ഒന്ന് നേരിട്ട് കാണാൻ ഉള്ളു കൊതിക്കുന്ന പോലെ…

പിന്നെയും വാട്സാപ്പിൽ കേറി വൈഫ്‌ എന്ന ചാറ്റ് നോക്കി.. അവളുടെ ഡി പിയും സ്റ്റാറ്റസും പുതിയത് വന്നിട്ടുണ്ട്… അവളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആദ്യമായി ആണ് കാണുന്നതാണ്..

अधूरी साँस थी धड़कन अधूरी थी अधूरे हम
मगर अब चाँद पूरा हैं फलक पे और अब पूरे हैं हम

ഞാൻ അതിന്റെ അർത്ഥം ആലോചിച്ചു നോക്കി..

എന്റെ ശ്വാസം അപൂർണമായിരുന്നു,
എന്റെ ഹൃദയ സ്പന്ദം അപൂർണമായിരുന്നു,

ഞാനും അപൂർണമായിരുന്നു..
എങ്കിൽ ഇപ്പോൾ ആകാശത്തു നിലാവ് പൂർണമാണ്..

ഞാനും പൂർണമായിരിക്കുന്നു..

എന്താണെന്നറിയില്ല… അവളുടെ സന്തോഷമാണ് ആ സ്റ്റാറ്റസിലൂടെ അവൾ പറയാൻ ശ്രമിച്ചതെന്ന് തോന്നി…

പ്രിയപെട്ടവളേ, നിന്റെ മനസിലെ നിലാവാണ്‌ ഞാനെങ്കിൽ, നീ ഒരിക്കലും അപൂർണയാവില്ല…

ഒരിക്കൽ എല്ലാവരുടെയും മുന്നിൽ വെച്ച് ഞാനാ കൈകളിൽ ചേർത്ത് പിടിക്കും… മനസ് കൊണ്ട് ഞാൻ തരുന്ന വാക്ക്..

കണ്ണടയ്ക്കുമ്പോഴും എന്റെ മനസ്സിൽ അവളുടെ ഡിപിയിൽ കണ്ട കല്യാണ ഫോട്ടോയിലെ വധു നിറഞ്ഞു നിൽപ്പുണ്ടായിരുന്നു..

 

തുടരും….

ആനന്ദ് കാരജ് : ഭാഗം 1