Friday, December 27, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 12

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

വസുവിനൊപ്പം നടന്നു വരുന്ന അനന്തനെ കണ്ടതും ഹരി അത്ഭുതത്തോടെ അവനെ നോക്കി. വസുവിന്റെ പ്രണയം അത് സത്യമാണെന്ന് തെളിയുകയാണല്ലോ. ആ ചിന്ത അവളിൽ എന്തെന്നില്ലാത്ത അസ്വസ്ഥത നിറച്ചു.. എന്നാൽ തന്റെ ഇഷ്ടമില്ലായ്മ പുറത്തു വരാതിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ അനന്തനോട് പുഞ്ചിരിച്ചു. സർ എന്താണിവിടെ? ഹരി ചോദിച്ചു. ഞാൻ അമ്മച്ചിയുടെ കൂട്ടുകാരിയുടെ വീട്ടിൽ പോകുന്ന വഴിയാണ്. അമ്പലം കണ്ടപ്പോൾ കയറി എന്ന് മാത്രം. ചോദ്യത്തിനുത്തരമെന്നവണ്ണം അവൻ പറഞ്ഞു. പിന്നീടൊന്നും ചോദിക്കാനും പറയാനും നിൽക്കാതെ അവർ തൊഴുതു നീങ്ങി കൊണ്ടിരുന്നു. അനന്തനൊപ്പം നിന്ന് അവസാനമായി ഭഗവാനുമുന്നിൽ കൈകൂപ്പുമ്പോൾ പ്രണയവും ആഹ്ലാദവും അലതല്ലുകയായിരുന്നവളിൽ. തന്റെ പ്രണയത്തോടു തന്നെ ഈ ജന്മം ചേർത്തു വെക്കണേ മനമുരുകിയവൾ പ്രാർത്ഥിച്ചു. എന്റെ ആത്മാവ് ഈ ലോകം ഉപേക്ഷിച്ചതിനുശേഷം വെറുമൊരു ശരീരമായോ ജീവച്ഛവമായോ ജീവിക്കാനുള്ള ഇടയുണ്ടാവരുതേ..

ഉള്ളിന്നുള്ളിൽ അവൾ ഭഗവാനോട് കേണുകൊണ്ടിരുന്നു. പ്രാർത്ഥനകഴിഞ്ഞതും ആലിലയിൽ ചെമ്പകപൂക്കൾ തിരുമേനി അവൾക്ക് നേരെ നീട്ടി. അത്ഭുതത്തോടെ നോക്കി നിന്ന അവളെ മെല്ലെ തട്ടി കൊണ്ട് ഹരിയത് മേടിക്കാൻ ആവശ്യപ്പെട്ടു. ഇനി ഏതായാലും നടയടക്കാൻ നിൽക്കുവാണ്.. മോൾക്ക് ചെമ്പകപൂക്കൾ ഇഷ്ടമാണെന്ന് അറിയുന്നതുമാണല്ലോ. ചിരിയോടെ തിരുമേനി പറഞ്ഞു. കയ്യിലേക്ക് ആലില വാങ്ങി അതിലെ പൂവുകൾ നോക്കി.. വെള്ളചെമ്പകം കാണാത്തതിൽ ചെറിയൊരു നിരാശ തോന്നിയെങ്കിലും അത് മറച്ചു പിടിച്ചു. തിരുമേനിയെ നോക്കി പുഞ്ചിരിച്ചു നന്ദി പറഞ്ഞു. നീ മുടിയിൽ വെക്കുന്നില്ലേ? ഓറഞ്ച് ചെമ്പകമായത് കൊണ്ടാണോ ചൂടാതെയിരിക്കുന്നെ? ഹരി ചോദിച്ചു. മോളെ അതിലൊരു വെള്ള ചെമ്പകം ഉണ്ട്.. നോക്കി നോക്കൂ.. ഇയാൾ കൊണ്ടു വന്നതാണ്.. തിരുമേനി അനന്തനെ നോക്കിയാണ് പറഞ്ഞത്. അനന്തനെ നോക്കി നിന്നിരുന്ന അവൾ പെട്ടന്ന് നോട്ടം മാറ്റി.

മറ്റുള്ള ചെമ്പകങ്ങൾക്കിടയിൽ കുരുങ്ങി കിടന്ന വെള്ളപൂവ് കണ്ടതും അവളതു കയ്യിലെടുത്തു. എനിക്ക് ഈ ചെമ്പകമാണ് കൂടുതലിഷ്ടം തിരുമേനി.. നന്ദിയുണ്ട്. അവൾ അദ്ദേഹത്തോട് പറഞ്ഞു.. കിട്ടിയില്ലേ.. സന്തോഷായിട്ട് ഇരിക്കൂ.. പിന്നെ നന്ദി അനന്ത പദ്മനാഭനോട് പറഞ്ഞോളൂ. അത്രയും പറഞ്ഞദ്ദേഹം നടന്നു നീങ്ങി. അവർക്കിടയിൽ താനൊരു തടസമായിരിക്കേണ്ട എന്ന് തോന്നിയത് കൊണ്ടോ എന്തോ ഹരി അത്യാവശ്യമായി ഒരു ഫോൺ ചെയ്യാനുണ്ടെന്ന് പറഞ്ഞു മുന്നിൽ നടന്നു. താങ്ക്സ് നന്ദൻ സർ.. ഹരിപോയതും അവൾ അനന്തനോട് പറഞ്ഞു. തനിക്ക് വെള്ളചെമ്പകപ്പൂക്കൾ ഇത്രക്ക് ഇഷ്ടമാണോ? കയ്യിൽ കിട്ടിയ പൂവ് തന്റെ നാസികയോട് ചേർത്തുകൊണ്ട് ഗന്ധമാസ്വദിച്ചുകൊണ്ട് തന്നെ അവൾ അവനെ നോക്കി പുഞ്ചിരിച്ചു. ഇഷ്ടമല്ല സർ.. മറിച്ചെനിക്ക് ഒരു തരം ഭ്രാന്താണ്. വീട്ടിൽ ഈയടുത്താണ് വെള്ളപ്പൂക്കൾ വിരിയാൻ തുടങ്ങിയത്. കൃത്യമായി പറഞ്ഞാൽ ഞാൻ ജോയിൻ ചെയ്ത ദിവസം. എനിക്കെന്തോ വല്ലാത്തൊരു സന്തോഷമാണ് അത് തന്നത്.

പതിവില്ലാതെ ജീവിതത്തിലൊരു വസന്തം കൈവന്നതുപോലെ. താൻ കൊള്ളാലോ.. നല്ല ഭാവിയുണ്ട്.. കാവ്യാത്മകമായി സംസാരിക്കുന്നുണ്ടല്ലോ? അനന്തൻ പറഞ്ഞു. അതെയോ.. നോക്കാം സമയമുണ്ടല്ലോ.. വസു മറുപടിയായി പറഞ്ഞു. അത്രയും പറഞ്ഞവർ ക്ഷേത്ര കവാടം കടന്നു. അവളെ കാത്ത് ഹരി പുറത്തു തന്നെ ഉണ്ടായിരുന്നു. വസുവിനെ കണ്ടതും ഫോൺ വിളി നിർത്തി അവർക്ക് അടുത്തേക്ക് വന്നു. തന്റെ ഫോൺ വിളിയൊക്കെ കഴിഞ്ഞോ? ചെറു ചിരിയോടെ തമാശയെന്നോണം അനന്തൻ തിരക്കി.. എന്റെ ഏട്ടൻ ആയിരുന്നു. അല്ലാതെ സർ ഉദ്ദേശിക്കുന്നത് പോലെ ഒന്നും തന്നെയില്ല. ഹരി പറഞ്ഞു. അതിന് ഞാൻ കാര്യമായിട്ടൊന്നും ഉദ്ദേശിച്ചില്ലല്ലോ.. അനന്തന്റെ മറുപടിയിൽ ഒന്ന് ചൂളിപോയെങ്കിലും ഹരി നന്നായി ഒന്ന് ചിരിച്ചു കാണിച്ചു. ഇരുവരോടും യാത്രപറഞ്ഞു അനന്തൻ നടന്നു നീങ്ങിയപ്പോൾ ഹരി വസുവിനോട്‌ എന്തായി കാര്യങ്ങളെന്നന്വേഷിച്ചു. വസു നീ സർ നോട് ചോദിച്ചോ? ആ കത്തുകളുടെ ഉടമ അങ്ങേരാണോ എന്ന്? ഇല്ല്യ.. ഹരി ഞാൻ അതിനെ പറ്റിയൊന്നും തന്നെ ചോദിച്ചില്ല്യ.. ഇതിനി ഇങ്ങനെ നീട്ടി കൊണ്ടുപോകേണ്ട.

എനിക്കും അറിയണം നിന്റെ അജ്ഞാതനെ. എന്റെ മനസ് പറയുന്നു അത് പപ്പൻ സർ ആവില്ലെന്ന്. വേണ്ട.. നീ ഒന്നും പറയേണ്ട, ചോദിക്കണ്ട. എന്റെ കത്തുകൾക്കുടമ നന്ദൻ സർ തന്നെയാണ്. അതുകൊണ്ടാണ് ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് സർ ഇവിടെ വന്നത്. ആയിക്കോട്ടെ വസു എന്നാലും നിന്റെ ധാരണ ശരിയാണെന്ന് കുറച്ചു നേരത്തെ അറിയുകയാണെങ്കിൽ നല്ലതല്ലേ?.. നീ വാ.. അത്രയും പറഞ്ഞുകൊണ്ട് വസുവിന്റെ കയ്യും പിടിച്ചുകൊണ്ട് ഹരി അനന്തന് പിറകെ ഓടി. സർ.. പപ്പൻ സർ.. അവനടുത്തെത്തിയതും അണച്ചുകൊണ്ട് ഹരി വിളിച്ചു. എന്താണ് ഹരി പ്രിയ..അവർക്കഭിമുഖമായി നിന്നു കൊണ്ട് അനന്തൻ ചോദിച്ചു. അതുപിന്നെ ഒരു കാര്യം ചോദിക്കാൻ.. ഹാ.. ചോദിച്ചോളൂ.. അത് വസിഷ്ഠ.. അത്രയും പറഞ്ഞു കൊണ്ട് ഹരി വസുവിന്റെ കയ്യിൽ മെല്ലെ പിടിച്ചു. അവളോട് ചോദിക്കാനായി കണ്ണ് കാണിച്ചുകൊണ്ടിരുന്നു.. ഇരുവരുടെയും ചെയ്തികൾ നോക്കി കൊണ്ട് നിന്ന അനന്തൻ ഒടുവിൽ പറഞ്ഞു. എന്താണെങ്കിലും ചോദിച്ചോളൂ..

എന്റെ പക്കൽ ഉത്തരമുള്ള ചോദ്യമാണെങ്കിൽ നിങ്ങളോട് പറയാൻ എനിക്ക് യാതൊരു മടിയുമില്ല. എന്തോ പറയാനാഞ്ഞ ഹരിയുടെ ശബ്ദത്തെ കീറിമുറിച്ചുകൊണ്ട് ആരോ അനന്തനെ വിളിച്ചു.. നന്ദാ… നീ ഇവിടെ നിൽക്കുവാണോ? അവരുടെ അടുത്തേക്ക് നടന്നടുത്തുകൊണ്ടാ സ്ത്രീ ചോദിച്ചു. അതേ അമ്മച്ചി ഇതെന്റെ സ്റ്റുഡന്റസ് ആണ്.. കണ്ടപ്പോൾ സംസാരിച്ചു നിന്നതാണ്. ചിരിയോട് കൂടെ അനന്തൻ പറഞ്ഞു. അനന്തന്റെ അമ്മച്ചിയാണ് അതെന്നറിഞ്ഞപ്പോൾ വാസുവിനെന്തെന്നില്ലാത്ത പരിഭ്രമം തോന്നി. അതുമനസിലാക്കി എന്നോണം അവളെ നോക്കി ഹരി കണ്ണടച്ചു കാണിച്ചു. സിഷ്ഠ.. ഹരിപ്രിയ.. ഇതാണ് എന്റെ അമ്മച്ചി.. ആനി.. ആനി എന്ന പേരുകേട്ടതും ഹരി ഒന്നന്ധിച്ചു നിന്നു.. ഞെട്ടണ്ട ഹരിപ്രിയ.. അച്ഛനും അമ്മച്ചിം പ്രണയിച്ചാണ് വിവാഹിതരായത്. ഹരിയുടെ മുഖഭാവം കണ്ടതും ആനിയെ ചേർത്ത് തന്നോട് നിർത്തികൊണ്ട് അനന്തൻ പറഞ്ഞു.

കൈകൂപ്പി കൊണ്ട് വസുവും ഹരിയും നമസ്കാരം പറഞ്ഞു പുഞ്ചിരിച്ചു. ഈ കൊച്ചുങ്ങൾക്കൊക്കെ നല്ല ബഹുമാനമാണല്ലോ നന്ദാ.. ചിരിയോട് തന്നെയാണ് ആനിയത് പറഞ്ഞത്. കണ്ടതിൽ സന്തോഷം. ഹരിയോടും വസുവിനോടും അത്രയും പറഞ്ഞവർ തിരികെ നടന്നു. അമ്മച്ചി അങ്ങനെയാണ്. അപരിചിതരോട് അങ്ങനെ അടുക്കാറില്ല. ഒന്നും തോന്നരുത്. ഇല്ല സർ… ഞങ്ങൾക്ക് പ്രശ്നമൊന്നും തോന്നിയിട്ടില്ല.. അമ്മച്ചി മുഷിഞ്ഞു കാണും സർ പൊക്കോളൂ. വസു പറഞ്ഞൊപ്പിച്ചു.. തിരികെ രണ്ടാളോടും യാത്രപറഞ്ഞു അനന്തനും നടന്നകന്നു. എന്നാലും ഇന്ന് കൊണ്ട് ഒരു തീരുമാനമായേനെ.. നിന്റെ നന്ദൻ സർ ന്റെ അമ്മച്ചി വന്നില്ലായിരുന്നെങ്കിൽ. ഹരി നിരാശ മറച്ചു വെച്ചില്ല.

നീ അത് വിടൂ.. സമയമുണ്ടല്ലോ.. നമുക്ക് നോക്കാം. പിന്നെ അമ്മച്ചി ഒരു പാവമാണെന്നാ തോന്നുന്നേ അല്ലേ ഹരി..? വസു ചോദിച്ചു. അത്ര പാവമാണെന്ന് എനിക്ക് തോന്നിയില്ല. നീ കരുതുന്നതുപോലെ പപ്പൻ സർ നിന്നെ പ്രണയിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കിടയിൽ ചിലപ്പോൾ ഇവരൊരു വില്ലത്തി ആകാനും സാധ്യതയുണ്ട്.. അത്രയും പറഞ്ഞു കൊണ്ട് ഹരിയവളെ നോക്കി.. നീ വന്നേ.. നിനക്ക് ഇങ്ങനോരോ വട്ടുകളൊക്കെ തോന്നും. വസു അവൾ പറഞ്ഞത് കണക്കിലെടുക്കാതെ നടന്നു. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഹരിയുടെ വീടിനു മുന്നിൽ എത്തിയതും യാത്ര പറഞ്ഞു പോകാനൊരുങ്ങിയ വസുവിനെ വട്ടം ചേർത്തു പിടിച്ചുകൊണ്ട് ഹരി പറഞ്ഞു. നിന്റെ പ്രണയം സത്യമാണെങ്കിൽ നിന്നെ പപ്പൻ സർ പ്രണയിക്കുന്നുണ്ടെങ്കിൽ നിന്റെ കൂടെ ഞാനുണ്ടാകും എന്തിനും ഏതിനും.. മറിച്ചാണ് കാര്യങ്ങളെങ്കിൽ ഞാനും ദേവേട്ടനും പറയുന്നത് നീ അനുസരിക്കുമെന്ന് എനിക്ക് വാക്ക് തരണം. ഇപ്പോൾ ഈ നിമിഷം.. ഹരി നീട്ടി പിടിച്ച കൈകളിലേക്ക് ഒന്ന് ദീർഘനിശ്വാസം എടുത്ത ശേഷം തന്റെ കൈ ചേർത്തുകൊണ്ട് വസു പറഞ്ഞു. എന്നെ ആത്മാർത്ഥമായി പ്രണയിക്കുന്ന ആളോടൊപ്പമേ ഈ വസിഷ്ഠ ജീവിക്കൂ എന്റെ ആത്മാവിന്റെ അവകാശിക്കൊപ്പമേ വസിഷ്ഠ ഈ ഭൂമിയിൽ നിന്നും മാഞ്ഞു പോകുകയൊള്ളു… അത് അനന്തൻ ആണെങ്കിൽ സന്തോഷം.

മറിച്ചാണെങ്കിൽ നിങ്ങൾക്ക് തീരുമാനിക്കാം. എന്റെ ഇച്ഛനും പ്രിയപ്പെട്ട കൂട്ടുകാരിക്കും അതിനുള്ള അവകാശം ഞാൻ തീറെഴുതി തന്നിരിക്കുന്നു. എന്തിനെന്നില്ലാതെ തന്റെ ഹൃദയം വീണ്ടും പിടയുന്നതും ശ്വാസം വിലങ്ങുന്നതും അവൾ അറിഞ്ഞെങ്കിലും കാര്യമാക്കിയില്ല. വസുവിന്റെ പക്കൽ നിന്നും നല്ലൊരു മറുപടി ലഭിച്ചതിൽ അത്യധികം സന്തോഷത്തിൽ തന്നെ ആയിരുന്നു ഹരി. വാ കയറിയിട്ട് പോകാം. നീ വരുന്നില്ലേ? ഹരിയുടെ വീടിന്റെ മുകളിലെ വടക്കുവശത്തായി തുറന്ന് കിടന്ന ജനൽ വാതിലിലേക്ക് നോക്കിയ ശേഷം വസു ഇല്ലെന്ന് തലയാട്ടി. ഏട്ടനെ പേടിച്ചാണോ. വസുവിന്റെ കണ്ണുകളെ പിന്തുടർന്നുകൊണ്ട് ഹരി ചോദിച്ചു. നിന്റെ ഏട്ടനെ ഞാനെന്തിന് പേടിക്കണം..? വസു മറുചോദ്യമെറിഞ്ഞു ഞാനൊന്നും ചോദിച്ചില്ല. എന്തായാലും ഏട്ടനിവിടെ ഇല്ല്യ.. എന്തോ കോൺഫറൻസ് ഉണ്ടെന്ന് പറഞ്ഞു പോയി. അത് പറയാനാണ് നേരത്തെ എന്നെ വിളിച്ചത്.

അമ്പലത്തിൽ നിൽക്കുബോൾ. അതെയോ എങ്കിൽ വാ.. ഞാനും വരുന്നു. സുജമ്മയെ ഒന്ന് കാണേം ചെയ്യലോ. വീട്ടിലേക്കു ഓടിക്കയറികൊണ്ട് വസു പറഞ്ഞു. നീ ഇത്രപേടിക്കേണ്ട കാര്യമൊന്നുമില്ല വസു. എന്റെ കണ്ണേട്ടൻ ഒരു പാവമാണ്. പക്ഷെ എന്തുകൊണ്ടാണ് ഏട്ടൻ ഇപ്പോൾ ഇങ്ങനെയൊക്കെ പെരുമാറുന്നെ എന്ന് എനിക്ക് ഇന്നും അറിയില്ല. അവൾ പോയ വഴിയെ നോക്കി കൊണ്ട് ഹരി സ്വയം പറഞ്ഞു. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വൈകീട്ട് വെറുതെ ചുറ്റിയടിക്കാം എന്ന് കരുതി ഹരിയെ കൂട്ടാനെത്തിയതായിരുന്നു വസു. അപ്പോഴാണ് തീരെ വയ്യാതെ വയറും പൊത്തി പിടിച്ചു കിടക്കുന്നത് കണ്ടത്. പിരിയഡ്‌സ് ആയതുകൊണ്ട് തന്നെ ഇനി അവളെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഒറ്റക്ക് പോകാൻ തീരുമാനിച്ചു. ഹരിയില്ലാത്തതുകൊണ്ട് വളരെ ബോറിങ്ങായി തോന്നിയത് കൊണ്ട് നേരെ ബീച്ചിലേക്ക് ആണ് പോയത്. കുറെ നേരം കടലിലേക്ക് കണ്ണും നട്ടിരുന്നു. പെട്ടന്നാണ് ഫോണിൽ നോട്ടിഫിക്കേഷൻ കണ്ടത്. അമ്മയുടെ മെസ്സേജ് ആയിരുന്നു.

സുദേവിനെന്തോ പുതിയ കോൺട്രാക്ട് കിട്ടിയിട്ടുണ്ട്. നല്ല പ്രൊജക്റ്റാണ്. അതുകൊണ്ട് വേഗം വീട്ടിലേക്ക് വരാൻ പറഞ്ഞുകൊണ്ടേയിരുന്നു ആ മെസേജ്. മെസ്സേജ് വായിച്ചതും സുദേവിന് ഗിഫ്റ്റ് വല്ലതും വാങ്ങിക്കൊണ്ടു പോകാം എന്ന ധാരണയിൽ നേരെ മാളിലേക്കാണ് വസു പോയത്. ജന്റ്സ് സെക്ഷനിൽ കുറെ തിരഞ്ഞെങ്കിലും നല്ലതൊന്നും കണ്ടില്ല. അതുകൊണ്ട് തന്നെ പുതിയ മെറ്റീരിയൽസ് വന്നിട്ടുണ്ടെന്ന് പറഞ്ഞ സെക്ഷനിലേക്ക് പോയി നോക്കി. തനിക്ക് ഇഷ്ടപെട്ട കളർ സെലക്ട് ചെയ്തു. സെയിൽസ് മാന്റെ കയ്യിൽ ബില്ലിടാൻ കൊടുത്തയച്ചു. അപ്പോഴാണ് തൊട്ടടുത്ത അലക്ഷ്യമായി കിടന്നിരുന്ന മറ്റൊരു ഷർട്ട് കണ്ടത്. ഏകദേശം ഒരു നേവി ബ്ലൂ കളർ ആയിരുന്നു അത്. അനന്തന് നന്നായി ചേരും എന്ന ധാരണയിൽ അത് കയ്യിലെടുത്തു നോക്കി നിന്നു. പെട്ടന്നാണ് അത് പാക്ക് ചെയ്ത് ബർത്ഡേയ്ക്ക് ഗിഫ്റ്റ് ആയി കൊടുക്കാം എന്ന ചിന്ത വന്നത്. ബില്ലിംഗ് സെക്ഷനിൽ പോയി ആളെ കൂട്ടി വന്നപ്പോൾ കണ്ടു വേറൊരു പെൺകുട്ടി അത് കയ്യിലെടുത്തു നിൽക്കുന്നത്.

ഏകദേശം തന്നെക്കാൾ പ്രായം ഉള്ള ഒരു പെൺകുട്ടി. എസ്ക്യൂസ്‌ മി.. ഇത് ഞാൻ എടുത്തു വെച്ചതായിരുന്നു. വസു അവളോട് പറഞ്ഞു. ഓഹ് സോറി ട്ടോ.. കുറെ തിരഞ്ഞിട്ടും എനിക്ക് നല്ലൊരു ഷർട്ട് കിട്ടിയില്ലായിരുന്നു. എന്റെ വുഡ്ബിക്ക് ഗിഫ്റ്റ് കൊടുക്കാനായിരുന്നു. താൻ സെലക്ട് ചെയ്തു വെച്ചതാണെന് അറിഞ്ഞില്ല. ആ പെൺകുട്ടി പറഞ്ഞു. വീണ്ടും ആ ഷർട്ട് ഒന്ന് നോക്കികൊണ്ട് വാസുവിനൊരു പുഞ്ചിരി സമ്മാനിച്ചു. അതേ.. നോക്കു ചേച്ചീ.. പോകാനാഞ്ഞ ആ പെൺകുട്ടിയെ തിരിച്ചു വിളിച്ചു കൊണ്ട് ഷർട്ട് തിരികെ കയ്യിൽ വെച്ചു കൊടുത്തു.. സാരമില്ല ഞാൻ വേറെ ഇതിലും നല്ലതൊന്ന് കിട്ടുമോ എന്ന് നോക്കട്ടെ. താനിത് എടുത്തോളൂ. വസു പറഞ്ഞു. താങ്ക്സ്.. കൈനീട്ടി കൊണ്ട് ആ പെൺകുട്ടി പറഞ്ഞു. വസുവും പുഞ്ചിരിയോടെ തന്നെ തിരികെ കൈകൊടുത്തു. പൊതുവെ മറ്റുള്ളവരുടേതാണെന്ന് തോന്നിയത് ഞാൻ സ്വന്തമാക്കാൻ ആഗ്രഹിക്കാറില്ല..

പക്ഷെ ഇതെന്തോ എനിക്കിഷ്ടമായി.. അതുകൊണ്ടാണ് സോറി.. ആ പെൺകുട്ടി പറഞ്ഞതും സാരമില്ലെന്ന് കണ്ണടച്ച് കാണിച്ചു വസു ബില്ല് പേ ചെയ്ത് ഷോപ്പിൽ നിന്നും പുറത്തേക്ക് നടന്നു… പുറത്തെത്തിയതും തിരക്ക് കുറവായതു കൊണ്ടു തന്നെ വേറെ കടയിൽ കയറി നോക്കാം എന്ന ധാരണയിൽ മുന്നോട്ട് നടന്നു. അപ്പോഴാണ് നേരെ ഓപ്പോസിറ്റ് ഉള്ള കടയിലേക്ക് കയറി പോകുന്ന അനന്തനെ കണ്ടത്. കൂടെ മറ്റാരോ ഉണ്ട്.. ആരാണെന്നറിയാൻ അവരെ പിന്തുടർന്ന വസുവും ആ കടയിലേക്ക് കയറി. അനന്തന്റെ കൂടെയുള്ള ആളെ മനസ്സിലായതും ദേഷ്യവും വിഷമവും കലർന്ന സമ്മിശ്രമായൊരു വികാരം അവളിൽ ഉടലെടുത്തു. പക്ഷെ ഏതോ ഒരോർമ്മ അവളിൽ പ്രതീക്ഷയുടെ ഒരു ഇത്തിരി വെട്ടം നിറച്ചു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 1

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 2

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 3

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 4

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 5

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 6

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 7

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 8

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 9

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 10

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 11