ചാരുലത : ഭാഗം 9
നോവൽ
എഴുത്തുകാരി: തമസാ
കിതച്ചു കൊണ്ട് നിൽക്കുന്ന അവളുടെ അടുത്തേക്ക് ചെന്ന് എന്നിലേക്ക് ചേർത്തു പിടിച്ചു ഞാൻ….
” നിങ്ങളുടെ ഒക്കെ ഈ നന്ദുവിന്റെ നല്ലതിന് വേണ്ടി ആവുമല്ലോ നിങ്ങളൊക്കെ ഇത്രയും മോശമായി ഇവളോട് പറഞ്ഞത്…
എന്റെ ലൈഫിലേക്ക് ഇവളും കുഞ്ഞും വരാതിരിക്കാൻ.. അതെന്റെ ഭാവിയെ ബാധിക്കാതിരിക്കാൻ..
അതുകൊണ്ടല്ലേ നിങ്ങളൊക്കെ ഇത്രമേൽ ഇവരെ ഒഴിവാക്കണം എന്ന് ചിന്തിക്കുന്നത്..
എന്തുകൊണ്ടാണ് നിങ്ങൾ എന്നെ കുറിച്ച് ഇത്രയും ചിന്തിക്കുന്നത് എന്ന് പറയാമോ എല്ലാവരും ”
ഒരു ഉത്തരത്തിനു വേണ്ടി ഞാൻ എല്ലാവരെയും നോക്കി..
നിമിഷങ്ങൾക്കകം അച്ഛൻ മറുപടി തന്നു..
” കാരണം നീ ഞങ്ങളുടെ മകൻ ആണ്.. നിന്റെ ജീവിതത്തിൽ നല്ലത് വരാൻ മാത്രമേ ഞങ്ങൾ ആഗ്രഹിക്കുകയുള്ളു ”
” നിങ്ങൾക്ക് ഞാൻ എങ്ങനെയാണോ അതുപോലെ തന്നെയല്ലേ എനിക്കെന്റെ കുഞ്ഞും… നിങ്ങളെന്നെ കുറിച്ച് ചിന്തിച്ചപോലെ എന്റെ മോളെ, അല്ലെങ്കിൽ മോനെക്കുറിച്ചു ഞാൻ സ്വപ്നം കണ്ടിട്ടുണ്ടാവില്ലേ…
എന്റെ ചാരുവിനോട് ഒരിക്കൽ എനിക്ക് ചോദിക്കേണ്ടി വന്നു ഈ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന്..
ഞാൻ മാത്രമാണെന്ന് നൂറു ശതമാനം എനിക്കുറപ്പുണ്ടായിട്ടും… എങ്കിലും നന്ദുവിന് ഇന്നും എന്നും ഉറപ്പാണ് ഇതെന്റെ മാത്രം കുഞ്ഞാണെന്ന്…
അതിന് ഒരു ശാസ്ത്ര പരിശോധനയുടെയോ സാങ്കേതിക വിദ്യയുടെയോ ആവശ്യമില്ല… എന്റെ രക്തത്തെ അറിയാൻ എനിക്ക് പറ്റിയില്ലെങ്കിൽ ഞാൻ പിന്നെ വേറെ ആരെയാണറിയുക…
എല്ലാവരും കേൾക്കാൻ വേണ്ടി മാത്രമാണ് പറയുന്നത്… എന്റെ ചാരുവിന്റെ ഉള്ളിൽ ഒരു കുഞ്ഞുണ്ട്… അതിനൊരു അവകാശിയും ഉണ്ട്…. അത് ഈ നന്ദു ആണ്… ആര് വന്ന് ചോദിച്ചാലും മാറ്റി പറയില്ല ഞാൻ.. ”
എന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു… കണ്ണിൽ കറുത്ത നിഴലുകൾ മുളച്ചുപൊന്തി..
” സുഭദ്രയുടെ ഉദരത്തിലിരുന്ന് അർജുനനെ ശ്രവിച്ച അഭിമന്യുവിനെ പോൽ ഇന്നെന്റെ ഓരോ വാക്കുകൾക്കും പ്രതികരിക്കുന്നൊരു കുഞ്ഞ് ചാരുവിന്റെ ഉള്ളിൽ ഉണ്ട്…
നിങ്ങളുടെ വായിൽ നിന്ന് വീഴുന്ന ഓരോ വാക്കുകൾക്കും എന്റെ ചാരുവിന്റെയും കുഞ്ഞിന്റെയും ജീവന്റെ വിലയുണ്ട്…
അവരെ നഷ്ടപ്പെട്ടാൽ പിന്നെ ഒരു നിമിഷം പോലും ജീവിച്ചിരിക്കാൻ കഴിയില്ല നന്ദുവിന്…
എന്റെ കുഞ്ഞെന്ന പ്രതീക്ഷകൾ കൊണ്ടൊരു മായക്കൊട്ടാരം തന്നെ പണിതു കഴിഞ്ഞു ഞാൻ.. ”
ചങ്ക് പൊട്ടിയാണ് ഇത്രയും നേരം ഞാൻ നിന്ന് സംസാരിച്ചത്…
” നിനക്കിപ്പോൾ എന്താ വേണ്ടത്.. കെട്ടണോ ഇവളെ… പറയ് നീ.. “(അമ്മ )
” കെട്ടണം… ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ കുഞ്ഞ് തന്തയില്ലാത്തവനായി വളരേണ്ട .. എനിക്ക് കെട്ടിയേ പറ്റുള്ളൂ… ”
” നീയല്ലേ നന്ദാ പറഞ്ഞത് ഇവളുടെയും കൊച്ചിന്റെയും കാര്യത്തിൽ ഡോക്ടർ വലിയ ഉറപ്പൊന്നും തന്നിട്ടില്ല എന്ന്…
കെട്ടികഴിഞ്ഞ് പ്രസവത്തോടെ ഇവള് മരിച്ചാൽ നീ രണ്ടാം കെട്ടുകാരനായില്ലേ… തല്ക്കാലം നമുക്ക് ഇതൊന്നും വേണ്ട… ശേഷം നോക്കാം..
ആരെങ്കിലും ബാക്കി വരുമോ എന്ന് നോക്കട്ടെ “( അമ്മായി )
” നേരാണോ നന്ദാ… എന്റെ കുഞ്ഞ് മരിച്ചു പോവുമെന്ന് ഡോക്ടർ പറഞ്ഞിരുന്നോ…. പറയ്… ചാരുവിനെ വിട്ടു പോകുവോ എന്റെ കുഞ്ഞ്…
പിന്നെയും ഞാൻ ഒറ്റക്കാകുമോ… അതോ ഞാനും മരിച്ചു പോവുമെന്ന് പറഞ്ഞോ… ”
അവളെന്റെ ഷർട്ടിൽ പിടിച്ച് ഉന്മാദിയെ പോൽ കുലുക്കുന്നുണ്ടായിരിന്നു..
” ചാരൂ, അങ്ങനൊന്നും ഇല്ലടാ.. നിന്നെ തോൽപ്പിക്കാൻ വേണ്ടി അമ്മായി ചുമ്മാ പറഞ്ഞതല്ലേ അങ്ങനെയെല്ലാം…
അല്ലാതെ നിന്നെയും കുഞ്ഞിനേയും വിട്ടു കളയാൻ എനിക്ക് പറ്റുമോടാ… മരണത്തിനു പോലും വിട്ടു കൊടുക്കില്ല ഞാൻ നിങ്ങളെ… ”
എന്റെ വാക്കുകളിൽ വിശ്വസിച്ചാവാം അവളൊന്നും മിണ്ടാതെ എന്നിലേക്ക് മുഖമമർത്തി മിണ്ടാതെ ചാരിക്കിടന്നു…
” ഞാൻ ഇറങ്ങുവാണ്… ഇനി ഇവിടെ ഞാൻ നിൽക്കില്ല.. നിങ്ങൾ പറഞ്ഞതെല്ലാം ക്ഷമയോടെ കേട്ട് നിന്നു ഞാൻ…
ഇത്രയും നാൾ അവളനുഭവിച്ച അനാഥത്വം നിങ്ങളിലൂടെ മാറ്റിക്കൊടുക്കാം എന്ന് കുറച്ച് മുൻപ് വരെ എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു..
പക്ഷേ പറ്റില്ല നിങ്ങൾക്കാർക്കും… എല്ലാം സഹിച്ചേനെ ഞാൻ.. ഒരു അമ്മയുടെ മുഖത്തു നോക്കി അവരുടെ കുഞ്ഞിനെ നഷ്ടപ്പെടും എന്ന് പറയാൻ നിങ്ങൾക്കൊക്കെ എങ്ങനെ കഴിഞ്ഞു….
നന്ദിതയുടെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവരല്ലേ അമ്മേ നിങ്ങൾ…മോനൊരു കുഞ്ഞുണ്ടാവാൻ 4 വർഷം കഴിഞ്ഞിട്ടും അന്നത്തെപ്പോൽ തന്നെ ഇന്നും ആഗ്രഹിക്കുന്നവരല്ലേ അമ്മായീ നിങ്ങളും..
തന്നിലൊരാൾ കൂടി ഉണ്ടെന്നറിയുമ്പോൾ മുതൽ അമ്മയാകുന്നവരാണ് ഓരോ സ്ത്രീയും… അതുപോലൊരാളാണ് ചാരുവും..
എന്തിനു വേണ്ടി ആയാലും ഇതുപോലെ ഒന്നും പറയരുതായിരുന്നു…. ”
പതിയെ ചാരുവിനെ വിളിച്ച് നമുക്ക് പോവാമെന്ന് പറഞ്ഞപ്പോൾ ഒരു അനക്കവുമില്ലായിരുന്നു..
” ചാരൂ………… ”
ഞാൻ അലറി വിളിച്ചിട്ടും അനക്കമുണ്ടായിരുന്നില്ല…
നന്ദിത ഓടി വന്ന് ഒരു ഗ്ലാസ് വെള്ളം എടുത്തു കൊണ്ട് വന്നു.. നവീനും ഞാനും കൂടി അവളെ സോഫയിലേക്കിരുത്തി…
മുഖത്തു വെള്ളം തളിച്ചിട്ടും ബോധപൂർവമായ മറുപടിയൊന്നും കിട്ടിയില്ല.. ചെറിയ ഞരങ്ങലുകൾ മാത്രം..
അമ്മയും അച്ഛനും ഓടി വന്നു.. നവീൻ ഓടിപ്പോയി വണ്ടി സ്റ്റാർട്ട് ചെയ്തു തിരിച്ചിട്ടു … അച്ഛൻ വന്ന് അവളുടെ ഒരു കയ്യിൽ പിടിച്ച് പതുക്കെ ഉയർത്തി എങ്കിലും അവൾ തീരെ കുഴഞ്ഞു പോയിരുന്നു..
അടുത്ത് കിടന്ന പ്ലാസ്റ്റിക് കസേരയിലെക്ക് അവളെ ഇരുത്തി ഞാനും അച്ഛനും നവീനും കൂടി അവളെ കാറിനടുത്തേക്ക് കൊണ്ട് വന്ന് ബാക്ക് സീറ്റിലേക്കിരുത്തി…
ഓടിപ്പോയി ഷർട്ട് മാറ്റി ATM കാർഡും എടുത്ത് ഞാനിറങ്ങി.. വേറെ ഒന്നും ഉണ്ടായിരുന്നില്ല ഇവിടെ നിന്നെടുക്കാൻ..
” ഞാനും വരാടാ മക്കളേ ”
” വേണ്ട.. അച്ഛന് മതിയായില്ലേ.. ഇതുപോലെ കൊല്ലാക്കൊല ചെയുമെന്നറിഞ്ഞെങ്കിൽ കൊണ്ടുവരില്ലായിരുന്നു ഇവളെ ഞാൻ ഇങ്ങോട്ട്.. ”
പറഞ്ഞു തിരിഞ്ഞ് കാറിലേക്ക് ഞാനും നവിയും കേറി… ബാക്കിൽ ചാരുവിനോട് ചേർന്ന് ഇരുന്ന് വീണ്ടും അവളെ ഉണർത്താൻ ശ്രമിക്കുമ്പോൾ കയ്യിൽ വലിയൊരു ബാഗുമായി അമ്മ ഞങ്ങളുടെ അപ്പുറത്ത് വന്നിരുന്നു..
ഫ്രണ്ടിൽ അച്ഛനും കേറി…
കാർ ഹോസ്പിറ്റലിലേക്ക് പാഞ്ഞു ..
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
കാഷ്വാലിറ്റിയിൽ നിന്നും ലേബർ റൂമിലേക്ക് മാറ്റുമ്പോൾ അവൾ വേദന മറച്ചുപിടിക്കാൻ പരമാവധി കഷ്ടപ്പെടുന്നുണ്ടായിരുന്നു. ലേബർ റൂമിന്റെ പുറത്തിരിക്കുമ്പോൾ എന്റെ ചങ്കുൾപ്പെടെ വിറയ്ക്കുന്നുണ്ടായിരുന്നു.. നവീൻ വിളിച്ചറിയിച്ചു ഗ്രീഷ്മയും ആനും സംഗീതും എത്തി..
പറഞ്ഞ ഡേറ്റിന് ഇനിയും പത്തു ദിവസം ഉണ്ടല്ലോ..അതുകൊണ്ട് അവൾക്കും കുഞ്ഞിനും എന്തെങ്കിലും സംഭവിക്കുമോ !!!…. അതൊക്കെ ആയിരുന്നു എന്റെ പേടി..
ഒരു സിസ്റ്റർ ഇറങ്ങി വന്ന് തുണി ചോദിച്ചപ്പോൾ അമ്മ ബാഗിൽ നിന്ന് വെള്ളത്തുണികൾ എടുത്ത് കൊടുത്തു.. നന്ദിതയ്ക്ക് വേണ്ടി നേരത്തെ പാക്ക് ചെയ്തു വെച്ചതാവാം ഇതെല്ലാം..
എന്റെ ടെൻഷൻ മനസിലായിട്ട് അമ്മ അടുത്ത് വന്ന് 10 ദിവസം മുൻപ് കുഞ്ഞുണ്ടാവുന്നതൊന്നും കുഴപ്പമില്ല എന്നൊക്കെ പറഞ്ഞെന്നെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു…
അപ്പോഴാണ് എനിക്ക് ചെറിയ സമാധാനം എങ്കിലും തോന്നിയത്.. അമ്മയെ കെട്ടിപ്പിടിച്ച് ഞാൻ വിങ്ങിപ്പൊട്ടി…
എന്നാലും അവൾ പറഞ്ഞതും ഡോക്ടർ പറഞ്ഞതുമെല്ലാം മനസ്സിൽ കിടന്ന് ഉരുണ്ട് മറിയുകയാണ്…
” ചാരുലത നന്ദകിഷോറിന്റെ കൂടെ വന്ന ആരാ ഉള്ളത്? ”
നേഴ്സ് വന്ന് ചോദിച്ചപ്പോൾ അച്ഛനാണ് ഓടിച്ചെന്നത്…
” എന്താ സിസ്റ്റർ… മോൾക്ക് എങ്ങനെ ഉണ്ട്? ”
” ആ കുട്ടി പ്രസവിച്ചു.. പെൺകുഞ്ഞ് ആണ്..”
ചാരുവിനെ ചോദിച്ചപ്പോൾ മറുപടി ഒന്നും കിട്ടിയില്ല.. കുഴപ്പമില്ലല്ലോ.. അല്ലെങ്കിൽ പറയില്ലായിരുന്നോ എന്നോർത്ത് ഞാനും ആശ്വസിച്ചു.
കൂട്ടുകാരൊക്കെ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു… കരയുകയല്ലാതെ വേറെ ഒന്നും ചെയ്യാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല…
കുറച്ചു കഴിഞ്ഞപ്പോൾ മോളെ കൊണ്ട് വന്ന് കാണിച്ചു… അമ്മയാണ് വാങ്ങിയത്….
വെള്ളത്തുണിയിൽ പൊതിഞ്ഞു വെച്ചിരിക്കുന്നൊരു പൊന്നിൻകുടം… കണ്ണിറുക്കി പൂട്ടിപ്പിടിച്ചിട്ടുണ്ട്… നാക്കൊക്കെ വെള്ളം തൊടാത്ത പോൽ നനവറിയാതെ ഇരിക്കുന്നു…
കുഞ്ഞിനെ എടുക്കാൻ അച്ഛൻ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കും തോന്നി.. അമ്മയോട് പറഞ്ഞ് കുഞ്ഞിനെ അച്ഛന് കൊടുപ്പിച്ചു…
അച്ഛാച്ഛയുടെ നന്ദുമോളെ എന്ന് അച്ഛൻ കുഞ്ഞിനെ വിളിക്കുന്നത് ഞാൻ അത്ഭുതത്തോടെ ആണ് നോക്കിയത്..
കുഞ്ഞിലേ നന്ദിത ഉണ്ടായപ്പോൾ ഇതുപോലെയാ ഇരുന്നതെന്ന് അച്ഛൻ പറയുന്നുണ്ടായിരുന്നു..
അമ്മയാണ് വീട്ടിലേക്ക് വിളിച്ചു നന്ദിതയോടും അമ്മായിയോടും കുഞ്ഞുണ്ടായി എന്ന് പറഞ്ഞത്… എനിക്ക് ഫോൺ തന്നു എന്നിട്ട്..
” ഏട്ടാ.. എന്നെപ്പോലെ ആണ് വാവ എന്ന് അമ്മ പറഞ്ഞല്ലോ.. നേരാണോ നന്ദൂട്ടാ… ”
” എനിക്കറിഞ്ഞുട ഡീ.. നീ ഉണ്ടായപ്പോൾ ഞാനും കുഞ്ഞല്ലേ… അമ്മായിയോട് പറഞ്ഞേരെ എന്റെ തന്നെ ആണെന്ന് അച്ഛൻ പോലും സമ്മതിച്ചു കഴിഞ്ഞു , ഒരൊറ്റ വാക്കിലൂടെ എന്ന്…
പിന്നെ എനിക്കെന്തോ പേടി തോന്നുവാ മോളേ.. അവളെക്കുറിച്ചൊന്നും പറഞ്ഞില്ല…. ഞാൻ പിന്നെ വിളിക്കാം… ”
കോൾ കട്ട് ചെയ്ത് എല്ലാവരും കുഞ്ഞിനെ പൊതിഞ്ഞ് നിന്ന് നോക്കിക്കാണുമ്പോൾ, എന്നിലേക്ക് വന്ന് ചേർന്ന ” അച്ഛൻ ” എന്ന പുതിയ സ്ഥാനം പോലും അവളില്ലാതെ ആഘോഷിക്കാൻ വയ്യാത്തൊരവസ്ഥയിൽ ആയിരുന്നു ഞാൻ…
💢” അച്ഛൻ….
പുറത്ത് കാരിരുമ്പിന്റെ ശക്തി കാണിച്ചു പിടിച്ചു നിന്നാലും ഉള്ളിൽ കൽക്കണ്ടം പോൽ മധുരമൂറുന്നൊരു ഹൃദയമാണത്തിനുള്ളിൽ….
തന്റെ കുഞ്ഞിനെ കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ…. ആരുടേയും കണ്ണേറ് കിട്ടാതെ പൊതിഞ്ഞുപിടിയ്ക്കുന്ന….
തന്റെ വയറു വേവുമ്പോഴും എന്റെ കുഞ്ഞ് വാടാതിരിക്കണേ എന്നോർത്ത് കഷ്ടപ്പെടുന്ന…..
ജീവൻ വെടിയുവോളം മക്കൾക്ക് തണലാകുന്ന മഹാ വൃക്ഷം…. പലപ്പോഴും മക്കളറിയാതെ പോവുന്ന സ്നേഹക്കടലാഴം…. 💢
നോക്കി കാണുകയായിരുന്നു ഞാൻ എന്റെ അച്ഛനെയും എന്റെ മോളെയും…
പെട്ടെന്ന് ഒരു ഓക്സിജെൻ സിലിണ്ടർ അകത്തേക്ക് കൊണ്ട് പോവുന്നത് കണ്ടു…
ഒരു നേഴ്സ് പുറത്തേക്ക് ഓടുന്നതും വേറെ ഒരു ഡോക്ടറുമായി തിരിച്ചു വരുന്നതും കണ്ടു…
ലേബർ റൂമിനു പുറത്ത് വെച്ചിരിക്കുന്ന ബെല്ലിൽ അടിച്ചിട്ടും ആരും വാതിൽ തുറന്നില്ല..
ഉള്ളിൽ നിന്ന് എന്തോ ഭയം ഉയർന്നു…. എന്റെ ചാരുവിന് എന്തെങ്കിലും പറ്റിക്കാണുമോ എന്നോർത്ത് ഞാൻ നിന്ന് വിയർത്തു…
എല്ലാവരും പേടിച്ചിട്ടുണ്ടെന്ന് മുഖം കണ്ടപ്പോൾ മനസിലായി… ഇന്നവൾ മാത്രമേ ഉള്ളൂ അതിനുള്ളിൽ എന്ന് ഞങ്ങൾക്കറിയാമായിരുന്നത് പേടി വർധിപ്പിച്ചു..
കുറച്ച് കഴിഞ്ഞ് അവസാനം കയറിപ്പോയ ഡോക്ടർ ഇറങ്ങി വന്ന് ഞങ്ങളെ വിളിച്ചു..
” ചാരുലത ഓൾറെഡി ഇത്തിരി വീക്ക് പേഷ്യന്റ് ആയിരുന്നെന്ന് നിങ്ങൾക്കൊക്കെ അറിയാം.. കുഞ്ഞിനും ഒരു കുഴപ്പവുമില്ല..
പക്ഷേ……. ഞാൻ പറയാൻ പോവുന്നതിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാവാം.. ചാരുലതയുടെ അവസ്ഥ ഇപ്പോൾ ഗര്ഭപാത്രത്തില് നിന്നുള്ള രക്തസ്രാവം നിലയ്ക്കാതായി വരുന്നതാണ്..
അതായത് അമ്‌നിയോട്ടിക് ഫ്‌ളൂയിഡ് എംബോളിസം (Amniotic fluid embolism).. ഗര്ഭസമയത്തു ഗര്ഭപാത്രത്തിനകത്തുണ്ടായിരുന്ന ദ്രാവകം, അതിമര്ദ്ദത്തോടെ രക്തക്കുഴലുകള്ക്കകത്തേക്കു കയറി, ശ്വാസകോശങ്ങളിലെത്തി ശ്വസനതടസ്സമുണ്ടാക്കുന്ന അപൂര്വവും മാരകവുമായ ഒരു അവസ്ഥയാണിത്.
പെട്ടെന്നുള്ള ശ്വാസതടസ്സംമൂലം, മരണം സംഭവിച്ചില്ലെങ്കില് പിന്നെയുണ്ടാകുന്നതു കൊയാഗുലേഷന് ഫെയ്‌ലിയര് എന്ന അവസ്ഥയാണ്.
ശരീരത്തില് എവിടെ മുറിപ്പാടുണ്ടോ അവയില് കൂടെയൊക്കെ രക്തസ്രാവം നിലയ്ക്കാത്ത അവസ്ഥ….
കുഞ്ഞിനോ അമ്മയ്ക്കോ രണ്ടുപേർക്കുമോ ബാധിക്കാവുന്ന ഒരു അപകടം ആണ് ഇത്.. കുഞ്ഞ് ഏതായാലും സേഫ് ആണ്.. കുഴപ്പമൊന്നുമില്ല…. വളരേ കുറച്ച് പേരിൽ മാത്രമേ ഇത് കണ്ടു വരാറുള്ളൂ..
പക്ഷേ രക്ഷപെടാൻ 43 % ആണ് സാധ്യത ഉള്ളത്…നിങ്ങൾ ഇത് അറിഞ്ഞിരിക്കണം..
നിങ്ങളോട് പറയാതെ ഒരു റിസ്ക് എടുക്കാൻ ഞങ്ങൾക്ക് വയ്യല്ലോ.. ഞങ്ങൾ പരമാവധി നോക്കുന്നുണ്ട്…
കുഞ്ഞിനെ നഴ്സിന്റെ കയ്യിൽ കൊടുത്തോളു.. ഇനി എല്ലാം ദൈവഹിതം പോലെ…. ”
അത്രയും പറഞ്ഞു അയാൾ ഉള്ളിലേക്ക് കയറുമ്പോൾ എന്ത് ചെയ്യേണ്ടെന്ന് അറിയാതെ, എല്ലാ സന്തോഷവും എനിക്കായി ദാനം തന്നവളെ ഉയിരോടെ….
ജീവൻ മാത്രം ബാക്കി വെച്ചിട്ട് ആയാലും വേണ്ടില്ല…
തിരിച്ചു തരണമേ എന്ന് ഉള്ളു നൊന്തു കരഞ്ഞു പ്രാർത്ഥിക്കുകയായിരുന്നു ഞാൻ, കൂടെ ചുറ്റുമുള്ളവരും…
(തുടരും )