Friday, April 19, 2024
Novel

ചാരുലത : ഭാഗം 3

Spread the love

നോവൽ
എഴുത്തുകാരി: തമസാ

Thank you for reading this post, don't forget to subscribe!

“ചാരൂ നീ ഒന്നും കഴിച്ചില്ലായിരുന്നോ.. എന്തുപറ്റി പെട്ടെന്ന് കുഴഞ്ഞു വീണത്.. ഹോസ്പിറ്റലിൽ പോവണോ.. ഏത് ഹോസ്പിറ്റലിലാ നീ കാണിക്കുന്നത്? ”

അവളോട് ഓരോന്ന് ചോദിക്കുമ്പോൾ എന്റെ ശബ്ദത്തിലെ വെപ്രാളം എനിക്ക് തന്നെ മനസിലാവുന്നുണ്ടായിരുന്നു.

” മെല്ലെ ചോദിക്ക് നന്ദാ.. നീ എന്തിനാ ഇത്രയും വെപ്രാളപ്പെടുന്നത്.. ഞാൻ മരിച്ചു പോകുമോ എന്ന് ഭയമാണോ നിനക്ക്.. ഞാൻ മരിച്ചാൽ എന്റെ കുഞ്ഞിന്റെ അച്ഛൻ നീയാണെന്ന് എല്ലാവരും മനസിലാക്കുമെന്ന് കരുതി അല്ലേ.. എനിക്ക് അറിയാം ഇതിൽ കൂടുതൽ ഒരു വികാരവും നിനക്കെന്നോട് ഇല്ലെന്ന്.. ഇതെല്ലാം ചാരുലതയെ പഠിപ്പിച്ചത് നീയാണ്.. നീ മാത്രം… ”

അവിടെ നിന്ന് എണീറ്റ് അടുക്കളയിൽ പോയി തപ്പുമ്പോൾ കണ്ണിൽ കണ്ടത് ഒരു വലിയ പാത്രത്തിൽ അടച്ചു വെച്ചിരിക്കുന്ന വെള്ളവും കൂടെ റസ്കും ബിസ്ക്കറ്റും
ആണ്..

അതിൽ നിന്നും ഒരിത്തിരി വെള്ളം എടുത്ത് നീട്ടികൊണ്ട് അവൾക്കൊപ്പം പോയിരിക്കുമ്പോൾ എനിക്ക് അവളോട് എന്തൊക്കെയോ ചോദിക്കണമെന്ന് തോന്നി.. പക്ഷേ വാക്കുകൾ പുറത്തേക്ക് വരാൻ വിസമ്മതിച്ചു..

അവസാനം അവൾ തന്നെ മൗനത്തിനു വിരാമമിട്ടു.

” രാവിലെ 11 മണി ആകുമ്പോഴേക്കും ഞാൻ പണ്ട് പഠിച്ച സ്കൂളിലെ കഞ്ഞിവെക്കുന്ന അമ്മച്ചി കഴിക്കാൻ പുട്ടോ പഴമോ അപ്പമോ അങ്ങനെ എന്തെങ്കിലും ആയിട്ട് വരും.. സ്കൂളിലെ ഒരു ടീച്ചർ ഉണ്ട്.. അന്നമ്മ.. അവര് എനിക്കായിട്ട് വീട്ടിൽ നിന്ന് കൊണ്ടുവരുന്നതാ ഇത്..

പിന്നെ എനിക്ക് കഴിക്കാൻ വേണ്ടി അവര് രണ്ടു പൊതി ചോറ് പൊതിഞ്ഞു കെട്ടി കൂടെ കൊണ്ട് വരും.. ഉച്ചയ്ക്കും വൈകിട്ടും കഴിക്കാൻ..

എനിക്കും കൂടി തരാൻ ഉള്ളത് കൊണ്ട് അവര് രാവിലെ നേരത്തെ വന്ന് സ്കൂളിൽ അരി ഇടും… ആരും കാണാതെ അവര് ഒളിച്ചാണ് അതെല്ലാം എനിക്കായി കൊണ്ട് വരുന്നത്.. എന്റെ ആൾക്കാർ അറിഞ്ഞാൽ ശെരിയാവില്ല.. അവര് വരുന്നത് വരെ ഈ ബിസ്ക്കറ്റും റസ്കും ഒക്കെ കഴിച്ചു ഞാനിരിക്കും.. ”

നേർത്ത ഒരു ചിരിയോടെ ആണ് അവൾ അത് എന്നോട് പറഞ്ഞതെങ്കിലും ആ ചിരി ആസ്വദിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല.

” നന്ദൻ പൊയ്ക്കോളൂ.. ഊരിലെ ആരെങ്കിലും കണ്ടു വന്നാൽ പിന്നെ നന്ദന് അടി കിട്ടും.. ഉപദ്രവിക്കും അവര്.. പണ്ട് അന്നമ്മ ടീച്ചറെ ചെയ്തത് പോലെ ”

“എന്തിനാ ഉപദ്രവിക്കുന്നത്…നിന്നെ കാണാൻ വരുന്നതിന് അവർക്കെന്ത് പ്രശ്നം ചാരൂ ”

“ഊര് വിലക്ക് ഏർപ്പെടുത്തി രായ്ക്ക് രാമാനം ഈ പനയോല കൊണ്ട് കെട്ടിപ്പൊക്കിയ കുടിലിലേക്ക് അവരെന്നെ കൊണ്ടു വിട്ടത് എന്നെ വളർത്താനല്ല..
നിന്റെ അടുത്ത് നിന്ന് അവസാനമായി വരുമ്പോൾ എന്റെ കയ്യിൽ നീ വെച്ച് നീട്ടിയ 2000 രൂപയും ഈ ഗർഭവും മാത്രമേ സ്വന്തമായി എനിക്കുണ്ടായിരുന്നുള്ളൂ എന്ന് നിനക്ക് ഓർമയില്ലേ നന്ദാ..

ഇങ്ങോട്ട് തിരിച്ചു വരുമ്പോൾ ഈ കാടിന്റെ മക്കൾ, അവരെങ്കിലും എന്റെ കൂടെ കാണും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.

അവിടെയും ചാരു തോറ്റുപോയി…എന്നേക്കാൾ മുൻപേ ഞാൻ ഗർഭിണി ആണെന്ന വാർത്ത കാട്ടിൽ എത്തിയിരുന്നു, കോളേജിൽ നിന്ന് പഞ്ചായത്തുകാരെ വിളിച്ചു പറഞ്ഞിരുന്നു എന്നെ ഡിസ്മിസ് ചെയ്യുവാണെന്നും എന്റെ ഗർഭം കോളേജിലെ മറ്റൊരു കുട്ടിയുടെ ഭാവി കൂടി നശിപ്പിക്കാൻ സാധ്യത ഉള്ളതിനാൽ എന്നെ ഡിസ്മിസ് ചെയ്‌തെന്ന്…

ഇനി ഒരു പിഴച്ച സന്തതിയെ കൂടി വളർത്തി വലുതാക്കി വീണ്ടും ശിക്ഷ ഏറ്റുവാങ്ങാൻ അവർക്ക് വയ്യാത്രെ.

കയ്യിൽ കിട്ടിയ ഒരു ബുക്കും പേനയും കലണ്ടറും ആയി അവിടെ നിന്ന് ഞാൻ ഇറങ്ങി..

മണിക്കൂറുകൾക്ക് ഉള്ളിൽ ഈ കുടിലിവിടെ ഉയർന്നു..
ആ കാണുന്ന കയ്യാല നീ കണ്ടില്ലേ നന്ദാ, അതിനപ്പുറം ഉള്ള മണൽ തരിയെ പോലും സ്പര്ശിക്കരുത് എന്ന് പറഞ്ഞാണ് അവരെന്നെ ഇവിടെ കൊണ്ട് വിട്ടത്.. ”

അവളുടെ കണ്ണുകൾ ആ ഓർമയിൽ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… ശരിയാണ്.. ആ ഡിസ്മിസ്സൽ പോലും അവൾക്കായി മേടിച്ചു കൊടുത്തത് ഞാൻ ആയിരുന്നു…

കോളേജിൽ എല്ലാവർക്കും തന്നെ ഞങ്ങളുടെ പ്രണയം അറിയാവുന്നത് കൊണ്ട് സ്വാഭാവികമായും സംശയം എന്റെ നേർക്ക് വരുമെന്നതിനാൽ ചാരുലത പ്രെഗ്നന്റ് ആണെന്നും തന്റെ മേൽ ആരോപണം ഉന്നയിച്ചു.

തന്റെ പഠനത്തെ സാരമായി ബാധിക്കുന്നു എന്നു പറഞ്ഞപ്പോൾ കുടുംബ സുഹൃത്ത് കൂടി ആയ പ്രിൻസിപ്പാൾ അവളെ ഡിസ്മിസ് ചെയുക ആയിരുന്നു, എന്റെ വാക്കുകളെ മാത്രം വിശ്വസിച്ച്…

ആദ്യമായി ഇന്നെനിക്ക് എനിക്ക് അവളോട് കറയില്ലാത്ത പ്രണയം തോന്നി. കൂടെ കൂട്ടണം എന്ന് തോന്നി..പക്ഷേ പ്രകടിപ്പിച്ച് അവളുടെ പുച്ഛം ഏറ്റുവാങ്ങാൻ വയ്യ, ഞാൻ അതിന് അർഹനാണെങ്കിൽ പോലും..

” നീ ഏത് ഡോക്ടറെ ആണ് കാണുന്നത് എന്ന് പറഞ്ഞാൽ ഞാൻ കൊണ്ടുപോകാം ഇനി…ഒരു ബുദ്ധിമുട്ടും ഉണ്ടാവാതെ ഞാൻ നിന്നെ നോക്കിക്കോളാം ”

മുഖത്തു നോക്കിയാണ് പറഞ്ഞതെങ്കിലും മനസ്സിൽ എന്നോട് തന്നെ എനിക്ക് ഉളുപ്പ് തോന്നി.

” ഞാൻ അതിന് ഒരു ഡോക്ടറെയും കാണുന്നില്ലല്ലോ നന്ദാ.. എന്റെ കുഞ്ഞ് ജീവനോടെ ഉണ്ടെന്നതിനു തെളിവായി ഇടയ്ക്ക് കിട്ടുന്ന ചെറിയ ചെറിയ ചവിട്ടുകൾ മാത്രമേ എനിക്കുള്ളൂ..

നീ പണ്ട് പറയാറുള്ളത് പോലെ ഞാനൊരു കാട്ടുപൂവല്ലേ.. കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ കാട്ടു സ്ത്രീകൾ പ്രസവിച്ചിരുന്നത് പോലെ ഞാനും പ്രസവിക്കും ഈ പനയോലക്കീറുകൾക്കുള്ളിൽ…
എന്റെ കുഞ്ഞിനും അതിനുള്ള അർഹതയേ ഉള്ളൂ, പട്ടിയും പൂച്ചയും പ്രസവിച്ചിടുന്ന പോലെ ഒരു മൂലയ്ക്ക് മാത്രം ജനിച്ചു വീഴാൻ ആവും അതിന്റെ യോഗം.. ”

കൂടെ കൂടെ കിട്ടുന്ന ഓരോ അടിയിലും തകർന്നു പോയ്‌കൊണ്ടിരിക്കുകയായിരുന്നു ഞാൻ.. എണീറ്റു പോയാൽ മതി എന്നെനിക്ക് തോന്നി… പണ്ട് കൂട്ടുകാർ പറഞ്ഞപോലെ എന്റെ തെറ്റുകൾ എന്നെ നോക്കി പല്ലിളിച്ചു കാട്ടുന്നു..

” ഞാൻ വിളിച്ചാൽ എന്റെ കൂടെ വരുമോ ചാരൂ നീ, എന്നിട്ട് നമുക്കൊരു ഡോക്ടറിനെ കാണാം.. അറ്റ്ലീസ്റ്റ് എത്ര മാസം ആയെന്നും കുഞ്ഞിന്റെ വളർച്ചയുമെല്ലാം അറിയാമല്ലോ.. നീയും ആഗ്രഹിക്കുന്നില്ലേ ഇതെല്ലാം.. ”

ചോദിക്കുമ്പോൾ ഒത്തിരി പ്രതീക്ഷകൾ ഉണ്ടായിരുന്നെനിക്ക്.. പക്ഷേ…

” സ്വന്തം കുഞ്ഞിന്റെ പ്രായം അറിയാത്ത അമ്മ ഒന്നും അല്ല ഞാൻ.. എന്നും കിഴക്ക് വെള്ളകീറുമ്പോൾ ഞാൻ വെട്ടിക്കളയുന്ന കലണ്ടറിലെ ദിവസങ്ങളാണ് എന്റെ കുഞ്ഞിന്റെ പ്രായം.. ഈ ദിവസം കൂടി ചേർത്താൽ 7 മാസം പ്രായം..

ഇവിടെ ഈ ചെറ്റക്കുടിലിലേക്ക് പണ്ട് വസൂരി വന്നവരെ മാറ്റുന്നത് പോലെ അവര് എന്നെ കൊണ്ടു വന്നിട്ടത് ഞാനും കുഞ്ഞും മരിച്ചില്ലാതെ ആവാൻ തന്നെ ആയിരിക്കണം.. പച്ച വെള്ളം പോലും തരാതെ ആണ് അവരിവിടെ എന്നെ കൊണ്ടിട്ടത്…കൂടെ എന്റെ തുണികൾ വാരിക്കെട്ടിയ ഒരു മാറാപ്പും.. .

ആ രാത്രി എനിക്ക് കൂട്ട് ഈ മുറ്റത്ത്‌ കൂടെ ഇഴഞ്ഞു പോവുന്ന പാമ്പുകൾ ആയിരുന്നു.. ഇത്രയും തിങ്ങി നിറഞ്ഞു നിൽക്കുന്ന ഈറ്റക്കാടുകൾക്ക് അടുത്ത് അതൊക്കെയല്ലേ കൂട്ടുണ്ടാകുവോളു…

പക്ഷേ അവയെന്നെ ഒന്നും ചെയ്തില്ല… അതിനേക്കാൾ വലിയ മൂർഖന്റെ ദംശനമേറ്റ് പിടഞ്ഞവളാണല്ലോ ഞാൻ..

അടുത്ത രണ്ടു ദിവസം പട്ടിണി കിടന്ന് കുഴഞ്ഞു പോയിരുന്നു ഞാൻ.. ആരും എന്നെ തേടി വന്നില്ല..

സ്കൂളിൽ വെച്ച് ഊരിലെ ഏതോ കുട്ടി എന്റെ കാര്യം പറഞ്ഞരിഞ്ഞ് അന്നമ്മ ടീച്ചർ എന്നെ കാണാൻ വന്നിരുന്നു.. അവരാണ് തളർന്ന എന്നെ അന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയത്..

അവിടെ രണ്ടു ദിവസം കിടന്ന് അത്യാവശ്യ• വേണ്ട മരുന്നുകളുമായി അവിടെ നിന്ന് അന്നമ്മ ടീച്ചറുടെ കൂടെ ഇറങ്ങുമ്പോൾ മൂപ്പന്റെ മകൻ എന്നെ കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു..

നിന്നെ ഊരിലേക്ക് കയറ്റാൻ ഞങ്ങൾ തയ്യാറാണ്.. ആർക്കും വീണ്ടും നൽകാത്തൊരു അവസരം നിനക്ക് ഞങ്ങൾ തരുവാ.. പക്ഷേ ഈ കുഞ്ഞുണ്ടാവരുത്.. എന്ന് എന്നോട് അയാൾ പറഞ്ഞപ്പോൾ സമ്മതിക്കാൻ എനിക്ക് തോന്നിയില്ല..

വർഷങ്ങളായി അനാഥ ആയിട്ട് ജീവിച്ചവൾക്ക് ഒരു ദിവസമെങ്കിലും സനാഥയായ് ജീവിക്കാനൊരു മോഹം.. അതിന് ആരും അവകാശം പറഞ്ഞു വരാനില്ലാത്ത എന്റെ കുഞ്ഞിനെ എനിക്ക് വേണമായിരുന്നു ..

അവിടെ നിന്ന് തിരിച്ചെത്തുമ്പോൾ അന്നമ്മ ടീച്ചർ ഭക്ഷണത്തിന്റെ കാര്യം ശരിയാക്കിതരാം എന്ന് പറഞ്ഞു… ഒന്നും പ്രതീക്ഷിക്കാതെ എന്നെ സ്നേഹിക്കുന്ന കുറച്ചു പേരെ എനിക്കവിടെ കിട്ടി..

അടുത്ത മാസം ടീച്ചർ വന്നിരുന്നു, ഡോക്ടറെ കാണിക്കാൻ കൊണ്ടു പോകാൻ..
പക്ഷേ കഞ്ഞിയുമായി ഒളിച്ചും പാത്തും വരുന്ന അമ്മച്ചിയുടെ അത്രയും മിടുക്ക് പ്രായമായ അന്നമ്മ ടീച്ചർക്ക് ഇല്ലാത്തത് കൊണ്ടാവും അവര് പിടിക്കപ്പെട്ടു..

അടി കിട്ടി ആ പാവത്തിന്.. എന്നെ സഹായിക്കാൻ ശ്രമിച്ചതിനുള്ള ശിക്ഷ… അതോടെ ഞാൻ തന്നെ തീരുമാനിച്ചു ഇനി ആർക്കും ഒരു ശല്യമാവുന്നില്ലെന്ന്…

പുറംലോകം ഞാൻ ഇവിടെ ഊരുവിലക്കിൽ ആണെന്നും മറ്റും അറിഞ്ഞാൽ മൂപ്പന്റെ മോൻ ഉൾപ്പെടെ ഉള്ളവർ ആദ്യം എന്നെ കൊല്ലാൻ തന്നെ വിധിക്കും എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ തന്നെ ആണ്

ഇനി ആരും ഞാൻ ഇവിടെ ഉള്ള കാര്യം അറിയരുത് എന്നൊക്കെ ചട്ടം കെട്ടിയത്..
പുറത്തിറങ്ങാൻ പോലും ഉള്ള അനുമതി എനിക്കില്ല… എന്റെ കണ്ണ് തട്ടുന്നവർ പോലും പിഴച്ചു പോകും എന്ന് പറഞ്ഞ് ഊരിലെ കുട്ടികളെ പോലും ഇങ്ങോട്ട് അടുപ്പിക്കില്ല..

എന്നിട്ട് പോലും അന്നമ്മ ടീച്ചർ അവരുടെ സ്വന്തത്തിൽ ഉള്ള ഏതോ ഗൈനക്കിനെ കണ്ടു വിവരം പറഞ്ഞ് മരുന്നുകൾ മേടിച്ച് എനിക്കായി കൊടുത്തു വിടും..

എനിക്കറിയാം ഞാൻ ഇവിടെ ഈ നിലയിൽ ആണെന്ന് പറഞ്ഞൊരു പരാതി കൊടുത്താൽ ഇവിടെ ശിക്ഷ വിധിച്ച പലരും അകത്താകുമെന്ന്..

ടീച്ചർ അതിനെന്നെ നിര്ബന്ധിച്ചതുമാണ്.. പക്ഷേ എന്റെ പാപത്തിന്റെ ശിക്ഷ അവരെ അനുഭവിപ്പിക്കാൻ എനിക്ക് വയ്യ..

കിട്ടുന്നതെല്ലാം ഒറ്റയ്ക്ക് അനുഭവിച്ചു തീർക്കുന്നതാ എനിക്കിഷ്ടം.. എന്റെ കുഞ്ഞിനോട് പോലും ഞാൻ ചെയുന്നത് ക്രൂരത ആണെന്നെനിക്കറിയാം.. പക്ഷേ ഇത് തന്നെയാണ് നല്ലത്.. ”

ചിരിച്ചു കൊണ്ട് അവളെണീറ്റു..

” എങ്ങോട്ടാണ് ചാരൂ.. ഞാനും വരാം

മൂലയ്ക്ക് ഇരിക്കുന്ന സ്റ്റീൽ കുടം അതിലെ വെള്ളം മുറ്റത്തേക്ക് കമിഴ്ത്തിക്കളഞ്ഞ് അവളെടുക്കുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു..

” സമയം ഇരുട്ടിത്തുടങ്ങി നന്ദാ.. കുളിക്കണം.. താഴെ പുഴയുണ്ട്.. തിരിച്ചു പോരുമ്പോൾ ഒരു കുടം വെള്ളം കൂടി എടുക്കും.. കുടിക്കാൻ അതാണ്‌ ഉപയോഗിക്കുന്നത്.. ”

” അറയ്ക്കില്ലേ ആ വെള്ളം കുടിക്കാൻ.. വൃത്തി കാണില്ല ”

മുഖത്തു പ്രത്യക്ഷമായ അവജ്ഞയോടെ ഞാൻ പറഞ്ഞു..

” നന്ദാ ഈ കാടിനുള്ളിൽ ഉള്ളതെല്ലാം പരിശുദ്ധമാണ്.. കാടിനുള്ളിൽ നിന്നും പുറത്തെ നഗരത്തിന്റെ അഴുകിയ മുഖങ്ങൾ അതിൽ ചേരുമ്പോൾ മാത്രമാണ് അവയെല്ലാം അശുദ്ധമാകുന്നത്. ”

എന്റെ ചോദ്യത്തിന് തന്ന മറുപടി ആണെങ്കിലും എന്നെ കൊള്ളിച്ചു പറഞ്ഞതാണ് അതെന്ന് എനിക്ക് മനസിലായി..

” നന്ദൻ കാടിറങ്ങിക്കോ.. ഇരുട്ടിയാൽ പാമ്പൊക്കെ ഇറങ്ങുന്നതാ ഇവിടെ. ഇന്ന് പോയാൽ പിന്നെ ഇനി ഇങ്ങോട്ട് വരരുത്..

മറക്കാൻ പറ്റില്ലെങ്കിലും ഓർക്കാൻ ഇഷ്ടപ്പെടാത്തവയാണ് നിന്നെ സംബന്ധിച്ചതെന്തും..

മെല്ലെ അടുത്ത് ചെന്ന് ആ കവിളിൽ രണ്ടു കൈകളും ചേർത്ത് വെച്ച് എന്നെ ഒന്ന് തല്ലുകയെങ്കിലും ചെയ്ത് കൂടെ..

കുറ്റപ്പെടുത്തൽ പോലും നിന്നിൽ നിന്ന് ഉണ്ടാവാതിരിക്കുമ്പോൾ ആണ് എനിക്ക് പൊള്ളുന്നതെന്ന് പറയുമ്പോളും എനിക്ക് കിട്ടിയതൊരു ചിരി ആയിരുന്നു..

” എന്റെ സ്നേഹമാണ് നന്ദാ ഞാൻ നിനക്ക് തരുന്ന ശിക്ഷ ”

അത്രയും പറഞ്ഞവൾ മുറ്റത്തേക്കിറങ്ങി..

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

ഞാൻ ചെല്ലുമ്പോൾ ഇരുട്ട് വ്യാപിച്ച, ചുറ്റും ശീമക്കൊന്നയുടെ മണം പരന്നു കിടക്കുന്ന പുഴക്കടവിൽ നെഞ്ചിനുമേൽ കറുത്ത കൈലി മുണ്ടും ചുറ്റി, അവൾ ഇന്ന് ഇട്ട തുണികൾ അലക്കുകയായിരുന്നു ചാരു..

ചുറ്റും പാറയാണ് . അതിലൂടെ വേണം വെള്ളത്തിലേക്കിറങ്ങാൻ..

അവളുടെ അടുത്ത് നിന്ന് ഇത്തിരി മാറി കൺവെട്ടത്ത് ഞാനും ഇരുന്നു..

അവളും എന്നെ കണ്ടിരുന്നു…

അവളെ നോക്കികാണുകയായിരുന്നു ഞാൻ..

” പണ്ടത്തെ പോലെ കാമം വെച്ച് എന്നെ നോക്കണ്ടാട്ടൊ.. നന്ദൻ തിരിച്ചു പൊയ്ക്കോ.. നന്ദന് പ്രയോജനം ഉള്ളതൊന്നും ഇവിടെ കിട്ടില്ല ”

ഉറക്കെ പറയണമെന്നുണ്ടായിരുന്നു ഞാൻ എന്റെ കുഞ്ഞിന്റെ അമ്മയെ മാത്രമാണ് നോക്കിയത്, അല്ലാതെ ഒരു പെൺ ശരീരത്തെ അല്ലെന്ന്… പക്ഷേ പറ്റുന്നില്ല..

കണ്ണിന് മുന്നിൽ കൂടി വരെയും വാവലുകൾ പറന്ന് പോകുന്നുണ്ടായിരുന്നു.. പെട്ടെന്ന് ഓർത്തത് എന്റെ കുഞ്ഞ് പെങ്ങളെയാണ്..

അളിയന്റെ വീട്ടിലെ സമാധാനക്കൂടുതൽ കാരണം 5 മാസം പ്രെഗ്നന്റ് ആയ അവളിപ്പോൾ അച്ഛന്റെയും അമ്മയുടെയും എന്റെയും സ്നേഹത്തണലിൽ എന്റെ വീട്ടിലാണ്. ഗൾഫിൽ നിന്ന് അളിയൻ വരാൻ ഇനി ഒരു വർഷം കഴിയും…

ഒത്തിരി വാഴക്കൃഷി ഉള്ള പറമ്പായതിനാൽ മുറ്റത്ത്‌ സന്ധ്യയായാൽ വവ്വാലുകൾ ഉണ്ടാവും.. അതുകൊണ്ട് 6 മണി കഴിഞ്ഞാൽ നന്ദിതയെ അമ്മ ഇറയത്തേക്ക് പോലും ഇറക്കാറില്ല..

അപ്പോഴാണ് ഒരാളിവിടെ സമയവും കാലവും നോക്കാതെ എന്റെ കുഞ്ഞിനേയും കൊണ്ടിവിടെ ഇങ്ങനെ..

” വേഗം കുളിച്ച് കേറി വാ.. ഇരുട്ടായി.. എന്തെങ്കിലും കണ്ടു പേടിച്ചാൽ അത് എന്റെ കുഞ്ഞിനെ ബാധിക്കും.. ”

വായിൽ നിന്നും ഞാൻ പോലും അറിയാതെ പുറത്ത് വന്നവ..

അവളെന്നെ ഒന്ന് നോക്കി.. എന്നിട്ടുറക്കെ ഉറക്കെ ചിരിച്ചു..

” പണ്ട് നീ ഇങ്ങനെ അല്ലല്ലോ നന്ദാ പറഞ്ഞത്.. പലരുടെയും കൂടെ കിടന്ന് ഞാനുണ്ടാക്കിയത് എന്നല്ലേ.. പിന്നെന്താ ഇപ്പോൾ മാറ്റം വന്നത്.. ദൈവവിളി ഉണ്ടായോ നിനക്ക് ..

എനിക്കിതൊന്നും കേട്ടാൽ പ്രത്യേകിച്ച് ഒന്നും തോന്നില്ല നന്ദാ.. നീ അംഗീകരിച്ചാലും ഇല്ലെങ്കിലും എനിക്കിപ്പോൾ പ്രശ്നം അല്ല .. ആഗ്രഹിച്ചിരുന്നു ഒരിക്കൽ.. ഒരിക്കൽ മാത്രം..

പിന്നെ ആകെ ഒരു സംശയം മാത്രം.. എപ്പോൾ തുടങ്ങി നിനക്ക് എന്നോട് ഇപ്പോൾ കാട്ടുന്ന സ്നേഹം… അത് മാത്രം അറിഞ്ഞാൽ മതി എനിക്ക്.. ”

” കണക്ക് പ്രകാരം പറഞ്ഞാൽ 5 മാസം മുൻപ്..എന്റെ പെങ്ങൾ… എന്റെ നന്ദിത ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ.. നിനക്കറിയാലോ ചാരൂ

അളിയന്റെ വീട്ടിൽ ആർക്കും അവരുടെ വിവാഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ല.. 3 വർഷം പ്രണയിച്ചാണ് അവര് കല്യാണം കഴിച്ചത്.. കഴിഞ്ഞ വർഷം.. പിന്നെ അളിയൻ ഗൾഫിൽ പോയിക്കഴിഞ്ഞപ്പോൾ ആണ് അവൾ പ്രെഗ്നന്റ് ആണെന്നറിഞ്ഞത്…

ജാര സന്തതി എന്ന് പറഞ്ഞ് അവളെ അവര് ഒരുപാട് വിഷമിപ്പിച്ചുവെന്ന് ഞങ്ങൾ അറിയുന്നത് ഞരമ്പ് മുറിച്ച് അവൾ ആശുപത്രിയിൽ കിടന്നപ്പോഴാണ്..

എല്ലാം സംഗിയോടും നവിയോടും പറഞ്ഞപ്പോൾ അവര് എന്നോട് ചോദിച്ചു..
വിവാഹിതയായ ഒരു പെണ്ണിന് ഇത്രയും സഹിക്കേണ്ടി വന്നെങ്കിൽ നീ എത്രമാത്രം അനുഭവിച്ചു കാണണമെന്ന്..

അപ്പോഴാണ് ഞാൻ നിന്നെക്കുറിച്ച് ചിന്തിച്ചത്.. നിന്നെ ഓർക്കാറുണ്ടായിരുന്നു.. പക്ഷേ നീ അനുഭവിക്കുന്ന അപമാനത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല..

പിന്നെ വീട്ടിൽ എല്ലാവരും അവളുടെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നത് കാണുമ്പോൾ, അവളതിനോട് കൊഞ്ചുന്നത് കാണുമ്പോൾ..

അളിയൻ കുഞ്ഞിനെ കുറിച്ച് ഒരുപാട് വാതോരാതെ ഫോണിലൂടെ പറയുമ്പോൾ ഞാനും എന്റെ കുഞ്ഞിനെപ്പറ്റി ചിന്തിക്കാൻ തുടങ്ങി.. പക്ഷേ ഇപ്പോഴും നീ എന്റെ കുഞ്ഞിനെ ചുമക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞില്ല.. പ്രതീക്ഷിച്ചില്ല…

അന്ന് നിന്നെ ഒരുപാട് അപമാനിച്ചപ്പോൾ, ആ വാശിക്ക് എങ്കിലും നീ അബോർഷൻ നടത്തിക്കാണും എന്നാ ഞാൻ വിചാരിച്ചത്.. അല്ലായിരുന്നെങ്കിൽ ഇതിന് മുന്നേ ഞാൻ നിന്നെ തേടി വരുമായിരുന്നു..

ഇനിയും താമസിച്ചിട്ടില്ല ചാരൂ.. എന്റെ കൂടെ വന്നൂടെ… പൊന്നുപോലെ നോക്കിക്കോളാം ഞാൻ.. എപ്പോൾ വേണമെങ്കിലും ജോയിൻ ചെയ്യാൻ പാകത്തിന് ഇന്നെനിക്കൊരു ജോലി ഉണ്ട്.. നീ വിചാരിക്കുന്ന പോലെ അല്ല…

പൂച്ചയും പട്ടിയും പ്രസവിക്കുന്ന പോലെ മതി എന്ന് പറഞ്ഞു വാശി പിടിച്ചാൽ നിനക്കും കുഞ്ഞിനും ആപത്തെ വരികയുള്ളു..
വരില്ലേ നീ.. തെറ്റ് തിരുത്താൻ ഒരവസരം തന്നുകൂടെ എനിക്ക്..?

(തുടരും )

ചാരുലത : ഭാഗം 1

ചാരുലത : ഭാഗം 2