Saturday, September 14, 2024
Novel

ചാരുലത : ഭാഗം 2

നോവൽ
എഴുത്തുകാരി: തമസാ

കോളേജിൽ വച്ചുള്ള സംഗമങ്ങൾ പതിവായി. അവളെ കുറിച്ച് എന്നോട് അവളൊരുപാട് വാചാല ആയി..

ഒരു കാട്ടുപൂവ്….കാടിന്റെ ഗൂഡ ഭംഗി ആസ്വദിച്ചിറങ്ങിയ ഏതോ ഒരുവൻ തന്നിലേക്കിറങ്ങുന്ന മരം കോച്ചുന്ന തണുപ്പ് മാറ്റാൻ വഴികാട്ടി ആയി വന്നവളെ ഉപയോഗിച്ചപ്പോൾ ജന്മം എടുത്തൊരു കുഞ്ഞുപൂവ്..

ഇതുവരെ മാതൃ സ്നേഹമോ പിതൃ സ്നേഹമോ എന്തെന്ന് അറിയാത്തവൾ..
തേൻ കുടിക്കുന്ന ചിത്രശലഭം ഒരു പൂവിൽ നിന്ന് മറ്റൊന്നിലേക്കു പോവുന്നപോൽ അവളുടെ അച്ഛൻ കാട് വിട്ടു നാട്ടിലേക്ക് പോയിട്ടാണെങ്കിൽ, പ്രസവത്തോടെ അവളുടെ അമ്മയും അവളെ ഒറ്റയ്ക്കാക്കി മണ്മറഞ്ഞു..

പിന്നെ ട്രൈബൽ സ്കൂളിൽ നിന്ന് നല്ല മാർക്കോടെ പ്ലസ് ടുവും കഴിഞ്ഞ് ഇറങ്ങിയപ്പോൾ പഞ്ചായത്തുകാർ ഇടപെട്ട്, കാട്ടു മൂപ്പന്റെ കയ്യും കാലും പിടിച്ചാണ് ഇവിടെ ഡിഗ്രിക്ക് അഡ്മിഷൻ എടുത്തതെന്ന് എല്ലാം അവൾ സ്വതവേ ഉള്ള അവളുടെ സംഭാഷണ ശൈലിയിൽ നിന്ന് മാറി സംസാരിച്ചപ്പോൾ അവൾക്ക് വിഷമങ്ങൾ ഒരുപാടുണ്ട് എന്നെനിക്ക് മനസിലായി.

ഒരാളുടെ മനസിലേക്ക് ഉള്ള ഏറ്റവും എളുപ്പ വഴി സെന്റിമെൻറ്സിൽ കേറി പിടിക്കുന്നത് തന്നെയാണ്.

“നിനക്ക് ആരുമില്ലെന്ന് ഇനി പറയല്ലേ മോളേ, ഞങ്ങളൊക്കെ ഇല്ലേ നിനക്ക്, ഞാൻ, സംഗി, നവീൻ, അങ്ങനെ എല്ലാവരും ഇല്ലേ ഇവിടെ… പിന്നെ സംഗിയ്ക്കും നവീനും നീ ഒരു കൊച്ചു പെങ്ങളെപോലെ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് പലവട്ടം. ഇത്രയും പേർ നിനക്കായി ഇവിടെ ഉള്ളപ്പോൾ എങ്ങനെയാ നീ ഒറ്റയ്ക്കാവുക ”

പെട്ടെന്ന് അവളുടെ നീണ്ട മിഴികൾ നിറഞ്ഞൊഴുകി. ഞാൻ പറഞ്ഞ വാക്കുകളിൽ അവളൊരുപാട് അലിഞ്ഞു ചേർന്നിരിക്കുന്നു എന്ന് മനസിലാക്കാൻ എനിക്ക് നിമിഷ നേരം പോലും വേണ്ടി വന്നില്ല.

“നന്ദു ചേട്ടായീ, എനിക്ക് എന്റെ അച്ഛനെ എന്നെങ്കിലും കാണാൻ പറ്റുമോ? മൂപ്പന്റെ അവിടുത്തെ അമ്മ പറഞ്ഞിട്ടുണ്ടല്ലോ എന്റെ അച്ഛന്റെ പേര് മാത്യു എബ്രഹാം എന്നാണെന്ന്.

എറണാകുളത്ത് ആയിരുന്നു വീടെന്നും, പണ്ട് കാട്ടിൽ വന്നപ്പോൾ ഡോക്ടർ ആവാൻ പഠിച്ചിട്ട് ഇരിക്കുവായിരുന്നു എന്ന്. ”

“എന്ത് ഡോക്ടർ ആണെന്ന് അറിയുമോ ചാരൂ.. ആയുർവേദ ഹോമിയോപ്പതി അലോപ്പതി.. അതിൽ ഏതെങ്കിലും ആണോ എന്നെങ്കിലും അറിയുമോ, ഒരു പേര് മാത്രം വെച്ച് എങ്ങനെയാ കണ്ടുപിടിക്കുന്നത്.
പക്ഷേ ഞാൻ ട്രൈ ചെയ്യാം കേട്ടോ..

പിന്നെ ചാരൂ, എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു, ആദ്യമായി കണ്ടപ്പോൾ തൊട്ട് എനിക്ക് ചാരുവിനെ ഇഷ്ടമാണ്.ആലോചിച്ചു പറഞ്ഞാൽ മതി.
തന്റെ അമ്മയെ പറ്റിച്ചു അയാൾ പോയപോലെ ഒരിക്കലും ഞാൻ പോവില്ല. ഉറപ്പ്.

ഞാൻ പോകുവാട്ടോ. അവര് താഴെ വെയിറ്റ് ചെയുന്നുണ്ട്.. ”

അവിടെ നിന്ന് ഇറങ്ങുമ്പോൾ എനിക്ക് ഉറപ്പായിരുന്നു അവൾ സമ്മതം പറയുമെന്ന്..
പാലും പഞ്ചാരയും മിക്സ്‌ ചെയ്ത് ഞാൻ പറയുന്ന ഓരോ കെട്ടുകഥ പോലും വെള്ളം തൊടാതെ ഇറക്കുന്ന അവൾ എന്റെ പ്രേമത്തെ സംശയിക്കുമോ… എവിടുന്ന്…. 100 ആൾക്കാരെ ഒരുമിച്ച് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരുവൾക്ക് എങ്ങനെ മനസ്സിലാവാൻ ആണ് എന്റെ മായം ചേർത്ത മൊഴികൾ..

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

“നന്ദൂ നീ എന്ത് വിചാരിച്ചിട്ടാ ഇങ്ങനെയൊക്കെ.. ചതിക്കല്ലേ ടാ നീ അതിനെ.. നന്ദു ചേട്ടായീ എന്ന് അവൾ നിഷ്കളങ്കമായി വിളിക്കുന്നത് കേൾക്കുമ്പോൾ പറ്റണില്ല ടാ..

അത്പോലെ ഒരു പെങ്ങൾ നമുക്കും ഇല്ലേ, നിന്റെ നന്ദിത. അവളെ നിന്നെപ്പോലെ ഞങ്ങളും പെങ്ങളെ പോലെ അല്ലേ കണ്ടിട്ടുള്ളു.. അത്പോലെ തോന്നുന്നു ടാ. ”

“ഒന്ന് പോയേ സംഗീ.. ഇതാരും തൊടാത്ത മൊതലാ.. അതിനെ നന്ദുവിന്‌ തന്നെ വേണം ആദ്യം.. കൊതിച്ചു പോയി.. നിങ്ങൾക്ക് വേണ്ടെങ്കിൽ വേണ്ടാ.. എന്റെ കാര്യത്തിൽ എല്ലാം നിങ്ങൾക്ക് ഇടപെടാം, ബട്ട്‌ ഇതൊഴിച്ച്. ”

നവീൻ : ഒരിക്കൽ നീ ചെയുന്ന പാപങ്ങൾ നിന്നെ തിരിഞ്ഞ് കൊത്തും ടാ.. അത്രക്ക് പാവം കുട്ടിയാണ് അത്..

“നവീ ഞാൻ അതിനെ ഒന്നും ചെയ്യില്ല… ഒറ്റ തവണ മാത്രം.. പിന്നെ തൊട്ടു നോക്കുക കൂടി ഇല്ല.. സത്യം… ”

“എന്തെങ്കിലും കാണിക്ക്..ഞങ്ങൾക്ക് ഇനി നിന്നോടൊന്നും പറയാനില്ല, അല്ലേ സംഗീ ”

മ്മ്

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

ചാരൂ,…… ചാരൂ….

ഞാൻ കവിളത്തു തട്ടി വിളിച്ചിട്ടും അവൾ എണീക്കുന്നുണ്ടായിരുന്നില്ല..

അവൾ താമസിക്കുന്ന കുടിലിന്റെ ഉള്ളിൽ നിന്നും ഒരു മൊന്തയിൽ വെള്ളം എടുത്തു കൊണ്ട് വന്ന് മുഖത്തേക്ക് കുടഞ്ഞു..
മുഖം തുടച്ചു കൊടുത്തു…
തുള്ളികളായി ചുണ്ട് നനച്ചു കൊടുത്തു… പതിയെ അവൾ കണ്ണ് തുറന്ന് നോക്കി..

എന്തോ നിർവികാരതയോട് കൂടി ഉള്ള നോട്ടം… പരിഭവം ആണോ കോപം ആണോ സങ്കടം ആണോ…. അറിയില്ല… ഒന്നും മനസിലാക്കാൻ പറ്റിയില്ലെനിക്ക്..

“ചാരൂ.. മോളേ.. എഴുന്നേൽക്ക്.. നന്ദു ചേട്ടായി പിടിക്കാം മോളേ.. ”

അവളെനിക്ക് നേരെ കൈകൾ നീട്ടിയില്ല.. അത്രമേൽ ഭയന്ന് പോയിരിക്കുന്നുവോ അവൾ എന്നെ…

” ചേട്ടായി എന്നല്ലല്ലോ നന്ദാ നീയെന്നോട് വിളിക്കാൻ പറഞ്ഞിരുന്നത് !
നമ്മൾ മാത്രം ഉള്ളപ്പോൾ നിന്നെ നന്ദൻ എന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞത് നീയല്ലേ.. നമുക്കിടയിൽ നമ്മൾ മാത്രം ഉള്ളുവെന്ന് ആയിരം വെട്ടം എന്നോട് പറഞ്ഞത് നീയല്ലേ..

നോക്ക് നന്ദാ, ഇപ്പോഴും ഇവിടെ ഞാനും നീയും മാത്രമേ ഉള്ളൂ.. ആരും വരില്ല ഇവിടെ.. എന്നെ ആർക്കും വേണ്ടാതായി.. ”

തമ്മിൽ തമ്മിൽ പരിഭവം മൊഴിയുന്നപോൽ അവളുടെ ചുണ്ടുകൾ ഒന്നിനോടൊന്ന് ചേരാതെ വിതുമ്പുന്നുണ്ടായിരുന്നു..

“ചാരൂ.. എണീക്ക്.. ഞാൻ അവിടെ ഉള്ളിൽ കൊണ്ട് പോയി കിടത്താം.. വാ ”

മെല്ലെ കയ്യിൽ പൊക്കി പിടിച്ചു എഴുന്നേൽപ്പിക്കുമ്പോൾ മനസിലായി, കാഴ്ചയിലെ വയറു മാത്രമേ ഉള്ളൂ…

അവൾക്ക് തീരെ ഭാരം കുറഞ്ഞു പോയിരിക്കുന്നു എന്ന്.. പണ്ട് രണ്ടു കൈകളാൽ അവളെ പലവട്ടം വാരി എടുത്തത് പോലെ ഇപ്പോളും എടുക്കണം എന്ന് അവളുടെ അവസ്ഥ എന്നെകൊണ്ട് തോന്നിപ്പിച്ചെങ്കിലും, മനസ് വയ്യെന്ന് പറയുന്നു..

മാനസികമായി എന്നെ തളർത്തി കഴിഞ്ഞിരിക്കുന്നു ഈ കണ്ടുമുട്ടൽ പോലും…

👣👣👣👣👣👣👣👣👣👣👣👣👣👣👣

കോളേജിൽ ഞാൻ പിന്നെ പോയത് പഠിക്കാൻ വേണ്ടി മാത്രം ആയിരുന്നില്ല.. പ്രധാന ഉദ്ദേശം അവളെ എന്റെ വരുതിയിലാക്കുക എന്നത് തന്നെ ആയിരുന്നു..

എന്റെ ഊഹം തെറ്റിയില്ല. കണ്ടുമുട്ടി രണ്ടു മാസത്തിനുള്ളിൽ അവൾ ഞാൻ പറയുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങുന്ന എന്റെ പ്രിയ കാമുകി ആയി..

അതിനിടയിൽ സംഗീതും നവീനും രണ്ട് ജൂനിയർ പെൺകുട്ടികളെ വളച്ചെടുത്തു.. അതിനും ചാരുലതയുടെ സഹായം ഉണ്ടായിരുന്നു..

പിന്നത്തെ വീക്കെൻഡുകൾ ഞങ്ങളുടെ മാത്രമായി,, ഞാൻ – ചാരു, , നവീൻ – ഗ്രീഷ്മ, സംഗീത് – ആൻ മരിയ…

ബീച്ചും തീയേറ്ററും താണ്ടി ഞങ്ങളുടെ പ്രേമം പൂക്കൾ കൊഴിച്ചുകൊണ്ടിരുന്നു..

ഓണവും ക്രിസ്മസും വന്ന് പോയി.

ഞാൻ ചാരുവിന്റെ അടുത്ത് ഇറക്കുന്ന കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ പോലും അവരോട് പങ്കുവെക്കുമ്പോൾ, ഗ്രീഷ്മയെകുറിച്ചോ ആനിനെ കുറിച്ചോ അവരൊന്നും പറയുന്നത് ഞാൻ കേട്ടിട്ടില്ല..

പലപ്പോഴും അവൾക്ക് ഞാൻ മേടിച്ചു കൊടുത്ത ഫോൺ വഴി അവളെന്നെ വിളിക്കുമ്പോൾ സംഗീതിന്റെയും നവിയുടെയും അടുത്തിരുന്നു അവളോട് ഞാൻ അശ്ലീല ചുവയോടെ സംസാരിക്കുമായിരുന്നു.

പലതും അവൾക്ക് മനസ്സിലാവാൻ സാധ്യത ഇല്ല.. മനസിലാവുന്ന അവരാണെങ്കിൽ ചിലപ്പോൾ എണീറ്റ് മാറുമായിരുന്നു.. പക്ഷേ എനിക്കതൊരു ഹരം ആയിരുന്നു.. എന്റെ കൈ വെള്ളയിൽ അവളെ കിട്ടി എന്ന് അറിയിക്കാനുള്ള ത്വര .

ഗ്രീഷ്മയും ആനും നിൽക്കുന്ന വാടക വീട്ടിലേക്ക് എന്റെ ചിലവിൽ ഞാൻ അവളെ മാറ്റി..

ഒരിക്കൽ മുൻപ് താമസിച്ചിരുന്ന ഹോസ്റ്റൽ വാർഡൻ ഞങ്ങളെ സന്ധ്യക്ക്‌ ഒരുമിച്ച് ടൗണിൽ വെച്ച് കണ്ടിരുന്നു..

അമ്മായി മരിച്ചു എന്ന് പറഞ്ഞു ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയവൾ ബൈക്കിൽ ഒരുത്തന്റെ കൂടെ ചുറ്റുന്നത് കണ്ടപ്പോൾ അവരൊന്ന് പിടിച്ചു കുടഞ്ഞു അവളെ..

ഇനി ഒരു ഉപദേശം കൂടി ആയാൽ അവൾ കൈ വിട്ടു പോവും എന്ന് തോന്നിയത് കൊണ്ട് അപ്പോൾ തന്നെ ആ ഹോസ്റ്റലിൽ നിന്ന് ഇറക്കി ആനും ഗ്രീഷ്മയും താമസിക്കുന്ന വീട്ടിലേക്കു കൊണ്ടു വന്നു.. അപ്പോൾ തോന്നുന്ന നേരത്ത് കൊണ്ടുവിട്ടാൽ മതിയല്ലോ അവളെ..

പിന്നീടും ഞാൻ കാത്തിരുന്നു അവളെ എന്റെ കയ്യിൽ കിട്ടുന്ന അവസരത്തിനായി…

പെട്ടെന്ന് ഒരു ദിവസം ചെന്ന് വിളിച്ചാൽ അവൾ എന്റെ മോഹത്തിന് എതിർ നിൽക്കുമോ എന്ന് ഞാൻ ഭയന്നു.. അല്ലെങ്കിലും അന്തി വരെ വെള്ളം ചുമന്നിട്ട് ആരെങ്കിലും കലം ഉടയ്ക്കുമോ…

അവൾ നോ പറഞ്ഞാൽ കയ്യിൽ നിന്ന് പോവുമെന്ന് മാത്രമല്ല.. ഇത്രയും നാൾ അവളുടെ ശരീരത്തെ മാത്രമാണ് ഞാൻ സ്നേഹിച്ചതെന്ന് അവൾ മനസിലാക്കും എന്നുള്ളതും എന്നെ പല വഴിക്ക് നടത്തിച്ചു, ..

അവസാനം വളരേ കഷ്ടപ്പെട്ട് ആണെങ്കിലും ഞാൻ എല്ലാം സെറ്റ് ആക്കി…

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

“ചാരൂ ഞാൻ നിനക്ക് ഒരു സർപ്രൈസ് തരട്ടെ? ”

“എന്താ നന്ദാ… അന്നത്തെ പോലെ സൺ സെറ്റ് കാണാൻ പോവാൻ ആണോ ”

“അതിന്റെ ത്രില്ല് അന്നത്തോടെ തീർന്നില്ലേ, അതിലും വലിയ സർപ്രൈസ് ഞാൻ തരാട്ടോ ”

എന്റെ ചുമലിൽ നിന്നും തല ഉയർത്തി ഉള്ള അവളുടെ നോട്ടത്തിൽ നിന്നെനിക് മനസിലായി അവൾ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ടെന്ന്.. ആകാംക്ഷ….

നിന്റെ ആകാംക്ഷകൾ ആണെന്റെ പ്രതീക്ഷ…

കൂടു തുറന്ന് വിട്ട കുഞ്ഞിളം കിളി ആയ നിന്നെ, ഞാൻ ആകുന്ന ആകാശത്തിനു കീഴെ എത്തിക്കാൻ നിന്നിലെ ആകാംക്ഷകൾക്കേ കഴിയൂ..

“ചാരൂ ഞാൻ നിന്റെ അച്ഛനെ കണ്ടെത്തി.. നമുക്ക് അയാളെ കാണാൻ പോവണ്ടേ… ”

“വേണ്ടാ.. ഒരു ഫോട്ടോ കണ്ടാൽ മതി നന്ദാ, എനിക്ക് അയാളെങ്ങനെ ആണ് രൂപത്തിൽ എന്ന് മാത്രം അറിഞ്ഞാൽ മതി. അതിൽ കൂടുതൽ ഒരു വികാരവും എനിക്ക് അയാളോട് ഇല്ല 😪.. ”

നന്ദു : ഞാൻ ഫോട്ടോ ഒന്നും എടുത്തില്ല.. നിന്നെയും കൊണ്ട് നാളെ വൈകിട്ട് ഹോട്ടൽ അവന്യൂവിൽ വരാം എന്ന് പറഞ്ഞു ഞാൻ . അയാൾക്ക് നിന്നെ കാണണം എന്ന് നല്ല ആഗ്രഹം ഉണ്ട്.. പ്ലീസ്… അയാൾക്ക് വിഷമം ആവില്ലേ..

” ഞാൻ വരാം നന്ദാ, എന്നിട്ട് നമുക്ക് പെട്ടെന്ന് പോയി വരാട്ടോ.. എനിക്ക് പേടിയുണ്ട്… ”

” ഞാൻ ഒന്നും വരാതെ നോക്കില്ലേ നിന്നെ … പിന്നെന്തിനാ എന്റെ ചാരൂട്ടി പേടിക്കുന്നത്….”

എന്റെ വാക്കുകളെ അവൾ മറ്റെന്തിനേക്കാളും വിശ്വസിക്കുന്നത് കൊണ്ടാവാം, ആ കവിളിണയിൽ സൂര്യോദയം കണ്ടു ഞാൻ.

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

അവന്യുവിലെ 108 നമ്പർ മുറിയിലെ ശീതീകരിച്ച തണുപ്പിലും ഞാൻ വിയർക്കുന്നുണ്ടായിരുന്നു..

ഞങ്ങൾക്ക് ഇടയിലേക്ക് കടന്നു വരില്ലാത്ത ഒരു അച്ഛനെ തേടി കാത്തിരിക്കുന്ന ഒരു മകൾ…

ഞാനോ… കണ്മുന്നിൽ നിൽക്കുന്ന ഇരയെ എങ്ങനെ ഭക്ഷിക്കണം എന്ന് കണക്കു കൂട്ടുന്ന മൃഗവും…

” എന്തേ നന്ദാ എന്റെ അച്ഛൻ ഇതുവരെ വരാത്തത്.. സമയം 7 മണി ആയി… നന്നായി ഇരുട്ടി..ഇനി എന്നെ കാണണ്ടന്ന് തോന്നിക്കാണുമോ അച്ഛന്.. ”

ആ ചോദ്യങ്ങളിൽ മുഴുവൻ ആധി ആയിരുന്നു..

നന്ദു : അയാൾ നിന്നെ അംഗീകരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ ചാരൂ.. അയാൾക്ക് വേറെ കുടുംബം കാണില്ലേ.. എങ്ങനെയാ നിന്നെ അയാൾ സ്വീകരിക്കുക… ”

അങ്ങനെ ഒരാളെ ഞാൻ അറിയില്ലെന്ന് അവൾക്ക് മനസിലാവാതിരിക്കാൻ ഞാൻ പിന്നെയും വാചാലനാവുക ആയിരുന്നു..

ചാരുലത : എനിക്ക് ഒന്ന് കണ്ടാൽ മതി നന്ദാ.. അത് എല്ലാ മക്കളും അങ്ങനെ തന്നെ ആണ്.. തന്റെ അച്ഛനെ കാണാൻ, ആ കരലാളനം ഏറ്റു വാങ്ങാൻ കൊതിക്കാത്ത ഒരു മക്കളും ഈ ഭൂമിയിൽ ഉണ്ടാകില്ല.. അതുപോലെ ഒരു മകൾ അല്ലേ ഞാനും..

എന്റെ അമ്മയെ പിഴപ്പിച്ചു പോയതാണെങ്കിലും അയാൾ എന്റെ അച്ഛൻ അല്ലാതെ ആവില്ലല്ലോ..

സമയം ഏഴിൽ നിന്ന് എട്ടും ഒൻപതും ആയി..

” അയാൾ വരില്ലല്ലേ.. എന്നെ കാണണ്ട ഇനി.. എനിക്കും കാണണ്ട നന്ദാ.. എന്നും അനാഥ ആയി ഇരുന്നാൽ മതി എനിക്ക്.. എനിക്ക് അതേ വിധിച്ചിട്ടുണ്ടാവുള്ളു…

ഇനി കാണുമ്പോൾ അയാളോട് പറയണേ അയാളുടെ ഛായ ആണോ എന്ന് അറിയാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്ന്.. എന്റെ അമ്മയെയും ഞാൻ കണ്ടിട്ടില്ല ഇതുവരെ എന്ന്….

ആരുമില്ലാത്ത കുട്ടിയാണ് ഞാൻ എന്ന്.. നന്ദാ… എല്ലാവരും എന്നെ പിഴച്ചുണ്ടായ കുട്ടി എന്ന് പറഞ്ഞു ചൂണ്ടി കാണിക്കുമ്പോൾ എന്റെ നെഞ്ച് തകർന്നു പോയിട്ടുണ്ട് ….

ദേഷ്യം തോന്നിയിട്ടുണ്ട് പലവട്ടം അയാളോട്.. പക്ഷേ എന്നെ കാണാൻ വരാം എന്ന് പറഞ്ഞ നിമിഷം മുതൽ സ്നേഹിച്ചു പോയി ഞാൻ… ”

പിന്നെയും എന്തൊക്കെയോ പുലമ്പിക്കൊണ്ട് കരയുന്നുണ്ടായിരുന്നു അവൾ.. മെല്ലെ ചെന്ന് തോളിൽ പിടിച്ച് എന്നിലേക്കു ചേർത്തു ഞാൻ അവളെ..

പൂച്ചക്കുഞ്ഞിനെ പോലെ ആ കട്ടിലിൽ അവളെന്നോട് ചേർന്നിരിക്കെ ഓരോന്ന് പറഞ്ഞു പറഞ്ഞു മനസ് മാറ്റുക ആയിരുന്നു ഞാൻ, അവളുടെ….

ആശ്വസിപ്പിക്കാൻ ആണെന്ന വിധേന ഞാൻ അവളെ തലോടുമ്പോൾ, എന്റെ കണ്ണുകൾ തേടിയത് ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ ഒപ്പിയെടുക്കാനായി ഞാൻ വെച്ച ക്യാമറ കണ്ണുകൾ നേരെ തന്നെ ആണോ ഇരിക്കുന്നത് എന്നായിരുന്നു…

കട്ടിലിലേക്ക് കിടന്നുകൊണ്ട് അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് പതിയെ പതിയെ അവളെ എന്റേതാക്കി മാറ്റുമ്പോൾ ആദ്യം അവളിൽ എതിർപ്പായിരുന്നു…..

പക്ഷേ ഒരിക്കലും വിട്ടുകളയില്ല നിന്നെ എന്ന് പറഞ്ഞു പിന്നെയും അവളെ ചുംബിക്കുമ്പോൾ എപ്പോഴോ അവളും എനിക്ക് മൗനാനുവാദം തന്നിരുന്നു..
🍂

എനിക്ക് വേണ്ടതും ഇതായിരുന്നു, ഇനി ചിലപ്പോൾ നിന്നിലേക്ക് ഒരു മടങ്ങിവരവ് ഉണ്ടാവില്ല ചാരൂ,

എനിക്ക് നിന്നിൽ നിന്ന് കിട്ടേണ്ടിയിരുന്നത് ഞാൻ കണ്ടെത്തിയിരിക്കുന്നു എന്ന് എന്റെ മനസ് അവളോട് പറയാതെ പറയുമ്പോൾ എന്നിലെ പ്രണയത്തിന്റെ വേറൊരു അർത്ഥതലം തേടുകയായിരുന്നു അവൾ…

(തുടരും )

ചാരുലത : ഭാഗം 1