Friday, April 19, 2024
Novel

ചാരുലത : ഭാഗം 5

Spread the love

നോവൽ
എഴുത്തുകാരി: തമസാ

Thank you for reading this post, don't forget to subscribe!

നിശബ്ദനായി ഞാനൊന്ന് ചിരിച്ചു… ഇനി എന്ത് പറയാൻ… ഒന്നുമില്ല… ഒന്നും…

” ചാരൂ ഞാനിന്ന് പോവുന്നില്ല… എനിക്ക് എന്തോ നിന്നെ വിട്ടു പോവാൻ തോന്നുന്നില്ല… കൺനിറയെ കണ്ടോണ്ടിരിക്കാനൊക്കെ തോന്നുന്നു.. ”

” നന്ദാ നീ വിചാരിക്കുന്ന പോലെ സിമ്പിൾ അല്ല ഇവിടുത്തെ ജീവിതം..

ഒരു ദിവസത്തേക്ക് ആണെങ്കിൽ പോലും നീ ജീവിച്ച സുഖസൗകര്യങ്ങൾ ഇവിടെ ഇല്ല.. പട്ടുമെത്ത ഇല്ല…വെറും തറയിൽ തണുപ്പത്തു പാ വിരിച്ചതിൽ കിടക്കേണ്ടി വരും…”

നന്ദൻ : എനിക്ക് ഈ സൗകര്യങ്ങൾ ഒന്നും വേണ്ട… ഒന്ന് മാത്രം മതി.. അത് നിർബന്ധമാ…. അത് ഇല്ലേൽ പറ്റൂല..

എന്ത്….

” ടോയ്ലറ്റ്… അത് ഈ ഏരിയയിൽ പോലും കണ്ടില്ല.. അതേ ഉള്ളൂ പ്രശ്നം… ”

” ഹലോ ഹലോ… കാടാണെന്ന് വിചാരിച്ച് ഒരുപാട് അങ്ങോട്ട് താങ്ങല്ലേ…. ഇവിടം ODF ആണ്. ഹ്മ്മ്… ”

” ODF…?
എന്ന് വെച്ചാൽ എന്താ… ഞാൻ കേട്ടിട്ടില്ലല്ലോ… ”

” പഠിക്കാൻ വിട്ടപ്പോൾ കുറച്ച് പൊതുവിവരം കൂടെ ചേർത്ത് പഠിക്കണമായിരുന്നു. അല്ലാതെ വല്ല പെൺപിള്ളേരുടെയും അപ്പനെ കാണിക്കാൻ നടന്നാൽ ഇതൊന്നും അറിയില്ല..

ODF എന്ന് പറഞ്ഞാൽ Open Defecation Free… ഇവിടെ പൊതുവായിട്ടൊരു ടോയ്ലറ്റ് ഒക്കെ ഉണ്ട്.. ഇത്തിരി നടക്കാനുണ്ട്.. വഴിയൊക്കെ ഞാൻ പറഞ്ഞു തരാം.. ”

എന്നെ ഒന്ന് കളിയാക്കി ചിരിച്ചിട്ട് കടവിൽ നേരത്തേ വെള്ളം നിറച്ച് അവളെടുത്തു വെച്ചിരിക്കുന്ന കുടം എടുക്കാനായി നടന്നു..

” ഞാനെടുക്കാം ചാരൂ.. കുടം കൊണ്ട് മുകളിലേക്ക് കേറാൻ നിനക്ക് ബുദ്ധിമുട്ടാവും.. ”

” പിന്നേ.. എന്ന് വെച്ചാൽ ഇയാൾ അല്ലേ ഇതുവരെ കൊണ്ട് തന്നത്… ഒത്തിരി അങ്ങോട്ട് സ്നേഹിക്കല്ലേ.. മാറി നിക്ക്.. എന്റെ കാര്യം നോക്കാനൊക്കെ എനിക്കറിയാം.. ”

“എടിയേ നിന്നെ ഓർത്തൊന്നും അല്ല.. എന്റെ കൊച്ചു വിചാരിക്കില്ലേ ആദ്യായിട്ട് തന്നെ കാണാൻ വന്നിട്ട് അപ്പായി ഒരു സ്നേഹമില്ലാതെ എന്നെ വിഷമിപ്പിക്കുവാണല്ലോ എന്ന് .. അത് എനിക്കിഷ്ടമല്ല… അതുകൊണ്ടാ ”

” നന്ദൻ മോനേ… ആരാന്ന്…അപ്പായിയോ… അയ്യടാ.. ഒരു അപ്പായി വന്നേക്കുന്നു.. എന്റെ കുഞ്ഞിനോട് ഞാൻ നേരത്തേ തന്നെ പറഞ്ഞു കൊടുത്തിട്ടുണ്ട് അമ്മ ആപ്പിലായതാണെന്ന്.. അതുകൊണ്ടിനി ഒരു കുപ്പായി വന്നിട്ടും കാര്യമില്ല.. ”

” ഇങ്ങോട്ട് നടക്ക് കൊച്ചേ.. ഞാൻ പോവാ … കുടം ഓക്കെ ആയിട്ട് ചേട്ടൻ മുന്നേ പോകാവേ.. മോള് പുറകെ പോരേ.. ”

അവളുടെ മുഖത്തെ പുജ്‌ഞം അവഗണിച്ചു ഞാൻ മുന്നേ നടന്നു..

പുഴയോരത്ത് നിന്ന ശീമക്കാടിന്റെ നടുവിലൂടെ കുത്തനെ ഉള്ള കേറ്റം കയറിയതും കാൽ സ്ലിപ്പ് ആയി കുടത്തിലെ കുറച്ചു വെള്ളം തുളുമ്പി തെറിച്ചു താഴെ വീണു..

പുറകെ കേറി വന്ന ചാരു അതിൽ തെന്നിയെങ്കിലും പെട്ടെന്ന് ശീമക്കൊന്നയിൽ കേറിപിടിച്ചതുകൊണ്ട് വീണില്ല.. പക്ഷേ ഞങ്ങൾ രണ്ടുപേരും നന്നായി പേടിച്ചിരുന്നു..

” നിനക്ക് നേരത്തേ വന്ന് കുളിക്കത്തില്ലെർന്നോ.. കണ്ണും കാണാൻ പറ്റുന്നില്ല.. അപ്പോഴാ അവളുടെ ഒരു പള്ളി നീരാട്ട്..”

എനിക്ക് ചെറുതായി എന്തിനോ ദേഷ്യം വരുന്നുണ്ടായിരുന്നു..

” അതേ.. ഇത്രെയും നാളും ഞാൻ ഈ വഴി തന്നെയാ വന്നത്.. അന്നൊന്നും വീണിട്ടില്ല.. ചിലരൊക്കെ തേര് തെളിച്ചു പോയപ്പോഴേ ഞാൻ വിചാരിച്ചു മനുഷ്യനെ ഉരുട്ടിയിട്ടു കൊല്ലുമെന്ന് ”

പിന്നെയും ഏതാണ്ടൊക്കെ അവൾ പറയുന്നുണ്ടായിരുന്നു… ആര് കേൾക്കാൻ..

ഈ ഒറ്റ സംഭവം കൊണ്ട് ഞാൻ മനസ്സിൽ ഉറപ്പിച്ചു ഇനി ഞാൻ ഇവിടെ ഇവളെ നിർത്തില്ലെന്ന്… അവളുടെ സമ്മതം ഇനി എന്റെ പട്ടിക്ക് വേണം…

നമ്മുടെ അടുത്താ കളി… ഇതല്ല… ഇതിനപ്പുറം ചാ…… ടി കടന്നവനാ…. ണീീ… കെ കെ ജോസഫ്…

നടന്നു നടന്നങ്ങനെ കൊട്ടാരത്തിലെത്തി..
രാസാത്തി ആണെങ്കിൽ വന്ന വഴി തന്നെ ഒരു മെഴുകു തിരി എടുത്ത് കത്തിച്ചു വെച്ചിട്ട് നേരെ പാ വിരിച്ചു കേറി കിടന്നു…

കുടം അടച്ചു വെച്ച് തിരിയുമ്പോൾ ചെറിയ ചെറിയ ഞരങ്ങലുകൾ കേൾക്കുന്നുണ്ട്..

” എന്താ ചാരൂ.. എന്തെങ്കിലും വിഷമം ഉണ്ടോ.. ഹോസ്പിറ്റലിൽ പോവണോ… ടാക്സി വിളിക്കട്ടെ… ”

” ആ കാൽ ചോട്ടിൽ നിന്നിത്തിരി നീങ്ങി ഇരുന്നോ.. അല്ലെങ്കിൽ ചിലപ്പോൾ ഞാൻ തന്നെ ചവിട്ടിപ്പോകും…എന്ത് ദുരന്തനാടോ താൻ..

ഈ കാട്ടിൽ ആരാ ടാക്സി കൊണ്ടു വെച്ചിരിക്കുന്നത്.. അങ്ങേരുടെ ഒരു ടാക്സി.. ”

അപ്പോഴാണ് ഞാൻ കാലിലേക്ക് ശ്രദ്ധിക്കുന്നത്.. രണ്ട് കാലും നീര് വെച്ച് വീർത്തിട്ടുണ്ട്..

ചുറ്റും കെട്ടിയിരിക്കുന്ന പനയോലയിലേക്ക് ചാരി ഇരുന്ന് കാലു രണ്ടും എന്റെ മടിയിലേക്ക് കയറ്റി വെച്ചു പതിയെ പതിയെ തിരുമ്മി…

കണ്ണുകൾ നിറയുന്നു.. നെഞ്ച് വിങ്ങിപ്പൊട്ടുന്നു.. അറിയില്ല… സങ്കടം പെരുത്ത് കയറുന്നു ഉള്ളിലേക്ക്..

ഞാൻ കാരണം എന്തുമാത്രം സഹിച്ചവളാണ് കിടക്കുന്നതെന്നോർത്തപ്പോൾ കണ്ണുനീർ ധാര ധാരയായി ഒഴുകി… അവളെ നോക്കുമ്പോൾ അവിടെയും കണ്ണ് നിറഞ്ഞു പായിലേക്ക്‌ വീഴുന്നുണ്ട്..

കാൽ വേദനയുടെ ആണോ അതോ ഓരോന്ന് ആലോചിച്ചാണോ എന്ന് മാത്രം ഒരു സംശയം… പതിയെ പതിയെ അവളുടെ കണ്ണുകൾ അടഞ്ഞു.. ഉറക്കമായെന്ന് തോന്നുന്നു..

കാൽ തടവുന്നത് നിർത്താതെ ഞാനും ഇരുന്നു… ഒരുതരത്തിൽ പറഞ്ഞാൽ ഇതൊരു കാലുപിടിച്ചുള്ള മാപ്പ് ചോദിക്കലാണ്.. ഇനി ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ വേണ്ടി..

അവൾ കുറച്ച് മുൻപ് പറഞ്ഞതായിരുന്നു എന്റെ മനസ്സിൽ.. എങ്ങോട്ട് പോവുന്ന കാര്യമായിരിക്കും പറഞ്ഞത്…

ആത്മഹത്യ ചെയ്യാൻ ആയിരിക്കുമോ.. ഹേയ്… ഞാൻ ആഗ്രഹിക്കുന്നതിന്റെ ആയിരം മടങ്ങ് അവളീ കുഞ്ഞിനെ ആഗ്രഹിക്കുന്നുണ്ട്..

അപ്പോൾ ആത്മഹത്യ അല്ല… ഇനി നാളെ നേരം വെളുക്കുമ്പോഴേക്കും നാട് വിടാൻ ആയിരിക്കുമോ…

എന്തായാലും അവൾ എണീറ്റു വന്നപ്പോഴേക്കും ഞാൻ പോയി കുളിച്ചിട്ട് വന്നു..

” നന്ദാ.. എന്താ കഴിക്കുക.. ഉച്ചയ്ക്ക് കൊണ്ടുവന്ന ചോറിരിപ്പുണ്ട്.. അല്ലാതെ വേറൊന്നുമില്ലല്ലോ.. ”

ഞാൻ വേഗം പോയി ചോറ് പൊതി അഴിച്ച് അവൾക്ക് മുൻപിൽ വെച്ചു..മീൻ വറുത്തത് വേറൊരു വാഴയിലക്കീറിൽ പൊതിഞ്ഞ് അതിന്റെ കൂടെ തന്നെ വെച്ചിട്ടുണ്ട്..

അവളെണീറ്റു പോയി അച്ചാർ കൂടി എടുത്ത് കൊണ്ടു വന്നു…

ഞാൻ എന്റെ ബാഗിൽ നിന്ന് ഉച്ചയ്ക്ക് കഴിക്കാൻ മേടിച്ച പൊറോട്ടയും ബീഫും എടുത്തു.. ഇവിടെ വന്നപ്പോൾ തൊട്ടുള്ള ബഹളത്തിനിടയിൽ വിശപ്പ് കെട്ടുപോയിരുന്നു..

” നന്ദാ ഈ മീൻ വറുത്തത് എനിക്ക് വേണ്ടി അന്നമ്മ ടീച്ചർ വീട്ടിലുണ്ടാക്കി കൊടുത്ത് വിടുന്നതാ.. ടീച്ചർക്ക് എന്നെ ഒത്തിരി ഇഷ്ടാ. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഓരോന്നൊക്കെ കൊടുത്ത് വിടും.. ”

അവളതും പറഞ്ഞു ചോറ് കൊതിയോടെ തിന്നുന്നുണ്ടായിരുന്നു..

ഒരു കഷ്ണം പൊറോട്ടയുടെ ഉള്ളിൽ ബീഫ് ഫ്രൈ വെച്ച് മടക്കി അവൾക്ക് നേരെ നീട്ടി..

” എനിക്ക് വേണ്ട.. ചിലപ്പോൾ ശർധിച്ചാലോ… എനിക്ക് പറ്റില്ല കഴിച്ച ചോറൊക്കെ ചുമ്മാ കളയാൻ. ”

അവളുടെ എതിർപ്പ് വക വെയ്ക്കാതെ ഞാൻ പിന്നെയും നീട്ടി…

” ശർധിച്ചാൽ ഞാൻ പോയി വേറെ എന്തെങ്കിലും മേടിച്ചു കൊണ്ട് വന്നോളാം.. ധൈര്യമായിട്ട് കഴിച്ചോ ”

അവളത് ചിരിച്ചുകൊണ്ട് മേടിച്ചു കഴിച്ചു.. പിന്നെയും ഞാൻ കൊടുത്തു കൊണ്ടിരുന്നു…

” നന്ദാ… ”

“മ്മ് ”

” കുറേ നാളുകൾക്ക് ശേഷം കണ്ണ് നിറയാതെ ഞാൻ ഭക്ഷണം കഴിച്ചത് ഇന്നാണ്.. ”

” ഇത്പോലെ എന്നും സന്തോഷമായിട്ടിരുന്നു കഴിക്കാം… എന്റെ കൂടെ പോരേ.. ”

” വേണ്ട.. എനിക്ക്‌ ആ സന്തോഷം വേണ്ട… ഇത് പോലെ തന്നെ പോയാൽ മതി… ”

ദേ പോയി…. പിന്നേം പോയി…
അവൾ പോയി..

ഞാൻ കൈ കഴുകി ചെല്ലുമ്പോൾ ഉമ്മറത്തെ മുറ്റത്ത്‌ കൂടി ഇടുപ്പിനു കയ്യും കൊടുത്ത് നടക്കുന്നുണ്ട്… മുഖത്ത് ഒരു പ്രസാദം ഓക്കെ കാണുന്നുണ്ട്…

” എന്താണ് എന്റെ രാസാത്തിയുടെ മുഖത്തൊരു ചിരി? ”

‘ അതോ…. അത് എന്റെ കുഞ്ഞൂസ് ചവിട്ടുന്നത് അറിഞ്ഞിട്ട്…അല്ലാതെ ഞാൻ വേറെ എന്ത് ഓർത്തു ചിരിക്കാനാണ്.. ”

ഞാനും ഓടി ചെന്ന് കൈ വയറിൽ വെച്ച് നോക്കി… സത്യം…. കൈ വെച്ചപ്പോൾ തന്നെ കിട്ടി..

” ചാരൂ… എന്റെ മോള് നല്ല കിക്ക് ആണല്ലേ… വേദന എടുക്കുമോ ചാരൂ അവൾ തൊഴിക്കുമ്പോൾ ”

എന്റെ ജിജ്ഞാസ അടക്കാൻ എന്നെകൊണ്ട് പറ്റുന്നുണ്ടായിരുന്നില്ല..

” മോളാണെന്ന് ഉറപ്പാണോ നന്ദാ നിനക്ക്? ”

” ആം.. ഞാൻ അതൊരുപാട് ആഗ്രഹിക്കുന്നു.. പെണ്മക്കൾക്കാവും അച്ഛനോടെന്നും സ്നേഹം കൂടുതൽ ”

” എനിക്ക് ആൺകുട്ടി മതി നന്ദാ… പെൺകുഞ്ഞാണെങ്കിൽ.. നാളെ എന്നെപ്പോലെ അവളുടെ അച്ഛനെ കാട്ടിത്തരാം എന്ന് ആരെങ്കിലും പറഞ്ഞാൽ ആ കൂടെ അവളും ചെല്ലില്ലേ അത് വിശ്വസിച്ച് …ചതിയിൽ പെട്ടുപോവില്ലേ… ..

എനിക്ക് പേടിയാണ് നന്ദാ.. എന്റെ കുഞ്ഞിനൊരിക്കലും എന്റെ അമ്മയുടെയും എന്റെയും അവസ്ഥ വരരുത്..”

അവളത് പറയുമ്പോൾ എന്റെ ഉള്ളിലെ അച്ഛനും വിറകൊണ്ടു…

💢 എന്നെപ്പോലെ വേറെയും ആൾക്കാരുണ്ടാവില്ലേ, പെണ്ണിന്റെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുന്നവർ.. 💢

(തുടരും )

ചാരുലത : ഭാഗം 1

ചാരുലത : ഭാഗം 2

ചാരുലത : ഭാഗം 3

ചാരുലത : ഭാഗം 4