Wednesday, April 24, 2024
Novel

ചാരുലത : ഭാഗം 6

Spread the love

നോവൽ
എഴുത്തുകാരി: തമസാ

Thank you for reading this post, don't forget to subscribe!

വീണ്ടും വീണ്ടും തന്റെ വയറിൽ കയ്യും മുഖവും ചേർത്ത് വെക്കുന്ന നന്ദനെ തട്ടിമാറ്റി ചാരു പുറകിലേക്ക് നീങ്ങി.

” അരുത്… ഒരു നിമിഷം ഞാൻ മറന്നു എന്നുള്ളത് നേരാണ്.. പക്ഷേ എക്കാലത്തേക്കുമായ് മറന്നു എന്ന് വിചാരിക്കരുത്..”

ഒന്ന് രണ്ട് മണിക്കൂറുകൾ കൊണ്ട് ഞാൻ കെട്ടിപ്പൊക്കിയ എന്റെ സ്വപ്നം പല ഭാഗങ്ങളായി താഴേക്ക്‌ ചിതറി വീണു.
അവളുടെ പ്രവൃത്തികളിൽ നിന്ന് എല്ലാം ക്ഷമിച്ചു തുടങ്ങി എന്ന് വിശ്വസിച്ച ഞാൻ വിഡ്ഢി ആയി..

” നന്ദന് വേണമെങ്കിൽ ഇറയത്തു കിടക്കാം.. അകത്തേക്ക് വരണ്ട.. എനിക്ക് അത് ഇഷ്ടമല്ല.. ”

” ഇവിടെ കിടന്നാൽ ആരെങ്കിലും കാണും ചാരൂ.. നീ തന്നെ അല്ലേ പ്രശ്നമാകും ആരെങ്കിലും കണ്ടാൽ എന്ന് പറഞ്ഞത്.. പിന്നെങ്ങനെയാ… ഇതാണെങ്കിൽ പാമ്പിൻ കാടും… ”

എന്ത് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ലായിരുന്നു..

അകത്തു കയറി അവൾ വാതിലടച്ചു.. അതിന് മുൻപ് ഏതായാലും അവളെന്റെ ബാഗ് എടുത്ത് കയ്യിൽ തന്നു..

” പോകണമെങ്കിൽ പോകാം.. പറഞ്ഞിട്ട് പോവാനൊന്നും നിൽക്കണ്ട..”

മുറിക്കുള്ളിലെ മെഴുകുതിരി വെളിച്ചവും അണഞ്ഞത് ഓലക്കീറുകൾക്കിടയിലൂടെ കണ്ടു..

ബാഗിൽ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ എടുത്ത ചെറിയ മഫ്ലർ എടുത്ത് കഴുത്തിൽ ചുറ്റി.. ചുറ്റും നല്ല തണുപ്പുണ്ടായിരുന്നു.

ബാഗിൽ നിന്ന് ഫോണെടുത്തു പതിയെ ഹെഡ്സെറ്റ് കുത്തി ചെവിയിൽ വെച്ച് മ്യൂസിക് പ്ലേയർ ഓൺ ആക്കി..

ആൽബം തുറന്ന് ഞങ്ങളുടെ പഴയ ഫോട്ടോസ് നോക്കി..

പല പോസുകളിൽ.. അവളെന്നോട് ചേർന്ന് നിൽക്കുന്ന ചിത്രങ്ങൾ…

പണ്ട് സൂം ചെയ്ത് ശരീരവടിവുകൾ ആസ്വദിച്ചവ..

ഇന്ന് ഞാൻ ആ മുഖത്തെ പ്രണയം ആസ്വദിക്കുകയായിരുന്നു… എന്റെ കുഞ്ഞ് കിടക്കുന്നത് ഭാവനയിൽ കാണുകയായിരുന്നു..

പതിയെ മാനത്തെ ചന്ദ്രക്കല മാഞ്ഞു…
ഇടി വെട്ടി മഴ പെയ്തു.. 1 മണിയ്ക്കൂർ കഴിഞ്ഞിട്ടും മഴ കനക്കുകയായിരുന്നു…കൂടെ നിലയ്ക്കാത്ത കാറ്റും….. പുഴ പാറയിൽ തട്ടി വേഗത്തിൽ ശക്തി ആർജിച്ച് ഒഴുകുന്ന ശബ്ദം ഇവിടെ വരെ കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു..

ഇറയത്തേക്ക് ശക്തിയായി മഴവെള്ളം ഊത്തടിച്ചു വീഴുകയാണ് … തണുപ്പും, കൂടെ ശരീരത്തിലേക്ക് പെയ്തിറങ്ങുന്ന മഴയും…ഇട്ടിരുന്നത് മുഴുവനും നനഞ്ഞു..

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

” ചാരൂ എണീറ്റ് വന്ന് വാതിൽ തുറക്ക് ”

കുറേ വിളിച്ചു കഴിഞ്ഞപ്പോൾ കനം കുറഞ്ഞ പലക വാതിൽ അവൾ തുറന്നു..

” എന്തുവാ.. കിടത്തി ഉറക്കില്ലേ… കണ്ണും തുറന്നിരിക്കുമ്പോഴോ സമാധാനം തരില്ല.. ഉറങ്ങുമ്പോഴെങ്കിലും കുറച്ച് താ.. ”

” ചാരൂ… . നിന്റെ ഊരിലെ എല്ലാവരെയും മാറ്റിപ്പാർപ്പിക്കുകയാണ്… ഉരുൾ പൊട്ടാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞ് പഞ്ചായത്തിൽ നിന്ന് ആരോ വന്ന് മൂപ്പനോട് പറഞ്ഞിട്ട് പോയി.. ഒച്ചയും ബഹളവും കേട്ട് ഞാൻ ചെന്നപ്പോൾ അവരെന്നെ ചോദ്യം ചെയ്തു.. ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞു പിടിച്ചു നിന്നു…

നിന്നെ കൂടെ കൂട്ടാൻ പോലും അവര് തയ്യാറല്ല.. അത്യാവശ്യം എടുക്കാൻ പറ്റുന്നതൊക്കെ എടുത്തോ… നമുക്ക് ഈ രാത്രി തന്നെ കാടിറങ്ങാം.. ”

അകത്തേക്ക് കേറി ആവശ്യം ആണെന്ന് തോന്നിയ കുറച്ച് തുണിയും വാരിക്കെട്ടി എന്റെ ബാഗിനുള്ളിലേക്ക് വെച്ചു.. കൂടെ ഒരു ഇരുമ്പ് കത്തിയും എടുത്ത് ചെന്നപ്പോൾ മുൻ വശത്ത് മുൻപ് നിന്നപോലെ തന്നെ അവൾ നിൽക്കുന്നുണ്ട്..

” നിനക്കെന്താ ചെവി കേട്ടൂടെ… വേണെങ്കിൽ പോയി ഡ്രസ്സ്‌ മാറ്.. അല്ലെങ്കിൽ ഈ കോലത്തിൽ തന്നെ പോവാം.. ”

” ഞാൻ വരില്ല എങ്ങോട്ടും.. ഉരുളൊന്നും പൊട്ടില്ല.. എന്റെ ഓർമയിൽ ആകെ ഒരു തവണയേ അങ്ങനെ ഉണ്ടായിട്ടൊള്ളു.. ഇയാൾക്ക് വേണമെങ്കിൽ പൊയ്ക്കോ… ഞാൻ ഇവിടെ നിന്ന് ഇറങ്ങില്ല ”

” ചാരൂ.. വെറുതെ വാശി പിടിക്കരുത്.. നിനക്കറിയാം നിന്നെ വിട്ടിട്ട് ഞാൻ എങ്ങോട്ടും പോവില്ലെന്ന്… പിന്നെന്തിനാ ഈ ഷോ.. ചെല്ല്… ”

” ഇല്ല ”

ക്ഷമിക്കാൻ ഇനി എന്നെകൊണ്ട് പറ്റില്ലായിരുന്നു… കവിൾ നോക്കി ഒന്ന് കൊടുത്തു..

” ഞാൻ പറയുന്നതെങ്ങോട്ട് കേട്ടാൽ മതി.. ഇത്രയും നാൾ നീ കാത്തു സൂക്ഷിച്ചത് ഇവിടെ ഇട്ട് നരകിപ്പിച്ചു കൊല്ലാൻ ആണോ.. എങ്കിൽ പിന്നേ നിനക്ക് നേരത്തേ തന്നെ ഈ കുഞ്ഞിനെ കൊന്നിട്ട് ഊരിലേക്ക് തിരിച്ചു കേറിക്കൂടായിരുന്നോ… പറയ്‌ ചാരൂ.. ”

ഞാൻ കാണിച്ച അവഗണനയുടെ പാതി പോലും ആവില്ലെങ്കിലും, അവളെന്നോടത് തിരിച്ചു കാട്ടുമ്പോൾ എനിക്കത് സഹിക്കാൻ
പറ്റുന്നുണ്ടായിരുന്നില്ല..

💢
കൊടുത്തു തിരിച്ചു വാങ്ങുമ്പോൾ –
വേദന ചേർത്തൊരു ചിരിയ്‌ക്കൊപ്പം
നെഞ്ച് കലങ്ങുന്നുവെങ്കിൽ,
കണ്ണ് നിറയുന്നുവെങ്കിൽ,
കൊടുത്തതും വാങ്ങിയതും ഒന്നുതന്നെ,
” അവഗണന ”

💢

കുഞ്ഞിനെ ഓർത്തിട്ടാവാം വേഗം ഒരു സാരി എടുത്തുടുത്ത് അവളും എന്റെ അടുത്തേക്ക് ഇറങ്ങി വന്നു..

” ഒന്നുമില്ലേ ഇനി എടുക്കാൻ.. ”

” ഇല്ല നന്ദാ.. നമുക്കിറങ്ങാം.. ഇവിടെ നിന്നിറങ്ങിയിട്ട് നമ്മൾ എങ്ങനെ പോവും.. എങ്ങോട്ട് പോവും.. ”

” ഗ്രീഷ്മയെ വിളിച്ചു പറഞ്ഞിട്ടുണ്ട്..നിങ്ങൾ പണ്ട് റെന്റിനെടുത്ത വീടില്ലേ…അങ്ങോട്ട് പോവാം.. അവര് സെക്കന്റ്‌ ഇയർ ആയിട്ടല്ലേ ഉള്ളൂ.. ഞങ്ങള് പോന്നിട്ടും അവർ ആ വീട്ടിൽ നിന്ന് പോയില്ല…….. ഈ കത്തി വെച്ചോ കയ്യിൽ.. ”

” ഇതെന്തിനാ നന്ദാ ഈ കത്തി.. പോവുന്നിടത്ത് ഇതൊന്നും കിട്ടില്ലേ.. ”

” നട്ടപ്പാതിരയായില്ലേ… കാട്ടുവഴിയും .. എന്തൊക്കെ ഉണ്ടെന്ന് ആർക്കറിയാം… ഒന്നും കണ്ട് കുഞ്ഞിന് പേടി തട്ടാതിരിക്കാനാണ്..മഴയും കാറ്റും കുറഞ്ഞിട്ടുണ്ട്… നമുക്ക് ഇറങ്ങാം ”

ഞങ്ങൾ മെല്ലെ ഇറങ്ങി നടന്നു… ചാരുവിന് എന്റെ ബാഗിൽ വെച്ചിരുന്ന ജാക്കറ്റ് എടുത്തു കൊടുത്തു… ഈ തണുപ്പൊന്നും താങ്ങാൻ അവളെക്കൊണ്ട് പറ്റിയില്ലെങ്കിലോ..

കയ്യിലെ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ നടക്കുംതോറും കാടിന് നീളം കൂടുവാനെന്നു തോന്നി.. അടിവാരത്ത് എത്തുന്നതെ ഇല്ല..
അവളും മടുത്തു..

” എന്നെകൊണ്ടിനി ഒരടി നടക്കാൻ പറ്റില്ല നന്ദാ.. വയ്യാതാവുന്നു.. ”

പറഞ്ഞിട്ട് ഒരു തേക്കിലേക്ക് അവൾ ചാരി നിന്നു ശ്വാസം വലിച്ചു വിട്ടു…

പുറത്തെ ബാക്ക് പാക്ക് ബാഗിന്റെ കനത്തിൽ എനിക്കും ക്ഷീണമുണ്ടായിരുന്നു.. പക്ഷേ എന്റെ ചാരുവിനെ സേഫ് ആക്കണമെന്നോർത്തപ്പോൾ എനിക്ക് അതൊരു ബുദ്ധിമുട്ടായേ തോന്നിയില്ല…

” ഞാൻ നിന്നെ എടുക്കട്ടെ ചാരൂ ”

” വേണ്ട.. ഞാൻ വീഴും.. ”

” ഇല്ലെടോ.. ഞാൻ നിന്നെ എത്ര എടുത്തിട്ടുള്ളതാ.. അന്നൊന്നും വീണിട്ടില്ലല്ലോ.. പിന്നേ ഇപ്പോൾ…. അതിനൊട്ടും ചാൻസ് ഇല്ല.. എന്തൊക്കെ വന്നാലും താഴെ ഇടില്ല ഇപ്പോൾ.. വാ ”

വയ്യായ്ക കൊണ്ടാകും അവളൊന്നും എതിർത്തു പറഞ്ഞില്ല…

സാരിത്തുമ്പ് എളിയിലേക്ക് കുത്തി വെച്ച് കൊടുത്തിട്ട് ഞാൻ അവളെ കോരി എടുത്തു..

മൊബൈൽ വെട്ടം അവളെ ഇടാം കയ്യാൽ താഴ്ത്തി അടിച്ചു…

” കൈയും നടുവും വേദനിക്കുന്നില്ലേ ഇയാൾക്ക്? ”

നീ പണ്ടേ ആള് കിശു ആണ്.. ഇപ്പോൾ ദേ പിന്നെയും ക്ഷീണിച്ചു… പിന്നേ..,,, കുഞ്ഞിന്റെ ഭാരം… എന്റെ കുഞ്ഞിനെ ഞാനെന്റെ മനസിലാണ് ചാരൂ ചുമക്കുന്നത്.. പിന്നെങ്ങനെ എനിക്ക് വേദനിക്കും? ”

ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും ഉള്ളിലൊരു കണ്ണുനീർ കണം പിറവി എടുത്തിരുന്നു..

ബൈക്കിന്റെ എടുത്ത് എത്തിയപ്പോഴേക്കും മഴ തോർന്നിരുന്നു..

റസ്റ്റ്‌ എടുത്തിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാമെന്ന് തോന്നിയില്ല.. വയ്യെങ്കിലും വണ്ടി സ്റ്റാർട്ട്‌ ചെയ്തു.. ഇനി മഴയുടെ കൂടെ അവളുടെ മനസും മാറിയാലോ..

” പതിയെ ഓടിക്കോളൂഡീ, വന്ന് കേറ് ”

അവിടെ നിന്ന്, ആ കാടിനോട്, ഞാനും എന്റെ ചാരുവും കുഞ്ഞും യാത്ര പറഞ്ഞിറങ്ങി.. ഇനി ഒരിക്കലും തിരികെ വരാൻ ഇടവരുത്തല്ലേ എന്ന എന്റെ പ്രാർത്ഥനയോടൊപ്പം..

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

അവർ താമസിച്ചിടത്തേക്ക് ബൈക്ക് കേറി ചെന്നതേ വാതിൽ തുറന്ന് ഗ്രീഷ്മയും ആനും ഇറങ്ങി വന്നു, ഞങ്ങളുടെ വരവ് കാത്തിരുന്ന പോലെ..

എല്ലാരുടെയും മുഖത്തു നിർവചിക്കാൻ പറ്റാത്ത എന്തൊക്കെയോ വികാരങ്ങളാണ്..

അവസാനം ഓടി വന്ന് ചാരുവിനെ കെട്ടിപ്പിടിച്ചു.. കുറേ കരഞ്ഞു മൂന്നും..

പിന്നെ ചാരുവിനെയും കൊണ്ട് ഇറയത്തേക്ക് കേറി.. ആൻ തിരിഞ്ഞ് നിന്ന് എന്നോടും വരാൻ പറഞ്ഞു..

” നന്ദു ചേട്ടായി എന്ത് പണിയാ കാണിച്ചത്?.. ഈ മഴയും നനച്ചു കൊണ്ട് വന്നാൽ അവൾക്ക് വല്ല അസുഖം വരില്ലേ.. വാ ചാരൂ.. ഞാൻ പോയി എന്റെ ഡ്രസ്സ്‌ എടുത്ത് തരാം..”

ഗ്രീഷ്മ വന്ന് അവളെ അകത്തേക്ക് കൊണ്ടുപോകാൻ നോക്കി..

നന്ദു : ” ഗ്രീഷ്മ… വെറുതെ ഡ്രസ്സ്‌ എടുക്കണ്ട.. അത് കേറില്ല… എന്റെ കൊച്ചിനെ കൂടി പരിഗണിക്കണേ ഗ്രീഷ്മേ.. അവളുടെ ഡ്രെസ്സൊക്കെ ഈ ബാഗിൽ ഉണ്ട്.. അതിൽ നിന്നൊരു നൈറ്റി എടുത്ത് കൊടുത്താൽ മതി.. നിങ്ങളുടെ ഒക്കെ ഇട്ടാൽ വായു സഞ്ചാരം കുറവായിരിക്കും.. അത് അമ്മയ്ക്കും കുഞ്ഞിനും ബുദ്ധിമുട്ടാ.. ”

” നന്ദു ചേട്ടായിക്ക്‌ വേറെ എവിടെ എങ്കിലും ചിന്നവീട് ഉണ്ടോ തള്ളയും കൊച്ചും ഒക്കെ ആയിട്ട്.. എല്ലാം മണി മണി ആയിട്ട് അറിയാലോ.. ചാരൂ.. നിന്നെ ഇങ്ങേരു പിന്നെയും ചതിച്ചെടീ…. “( ആൻ )

” മോളേ അന്നാമ്മേ… ഈ ചേട്ടൻ ലൈഫിൽ ആകെ ഒരേ ഒരു പെണ്ണിന്റെ പുറകേയെ പോയിട്ടുള്ളൂ… കെട്ടിയില്ലേലും അവളുടെ കൊച്ചിന്റെ അപ്പനും ആയി… ആ… അതെന്റെ തെറ്റ്… കെട്ടണ്ടതായിരുന്നു.. അങ്ങനെ ആയിരുന്നെങ്കിൽ- അവഗണന അടിമത്തം അപകർഷ ജീവിതം- ഒന്നും പാടി നടക്കണ്ടായിരുന്നു..

എന്നാലും നന്ദകിഷോറിന് പെരിയവീടും ചിന്നവീടും ഒക്കെ ആയി ഒന്നേ ഉള്ളൂ… എന്റെ ചാരു മാത്രം…അതിനി മരിച്ചാലും മാറില്ല.. ഞാൻ പോയി നിങ്ങൾക്ക് കഴിക്കാൻ ഉള്ളത് മേടിച്ചിട്ട് വരാം.. ഇന്ന് റസ്റ്റ്‌ എല്ലാർക്കും.. അത് കഴിഞ്ഞ് കടയൊക്കെ തുറന്ന് കഴിയുമ്പോൾ പോയി ഡ്രെസ്സൊക്കെ മേടിച്ചു തരാം.. എന്തെങ്കിലും സ്പെഷ്യൽ വേണമെങ്കിൽ പറയ്‌.. കിട്ടുമെങ്കിൽ മേടിച്ചു കൊണ്ട് വരാം ”

” നിനക്കെന്താ ചാരൂ വേണ്ടത് എന്ന് വെച്ചാൽ പറയ്‌.. ഞങ്ങൾക്ക് എന്തായാലും കുഴപ്പമില്ല “(ഗ്രീഷ്മ )

” എനിക്കൊന്നും വേണ്ട..ഒന്ന് കിടന്നാൽ മതി ”

ചാരു കയറിപ്പോയി.

ആൻ : ഒരു കാര്യം ചെയ് ചേട്ടായീ നല്ല ടേസ്റ്റ് ഉള്ള സാധനങ്ങളൊക്ക കൊണ്ട് പോരേ.. അവളെ തീറ്റിക്കുന്ന കാര്യം ഞങ്ങളേറ്റു..

” പിന്നെ ഇന്ന് ആരും ടി വി വെക്കരുത്.. ചെറിയൊരു പ്രശ്നം ഉണ്ട്.. ഞാൻ പിന്നെ പറയാം.. ഉച്ചക്ക് അവളെ ഒന്ന് ഹോസ്പിറ്റലിൽ കാണിക്കണം.. ഇനിയും തിരിച്ചു വീട്ടിൽ പോയിട്ടു വേണം ഹോസ്പിറ്റൽ പോക്ക് സെറ്റ് ആക്കാൻ.. പിന്നെ നിങ്ങൾ രണ്ടും ഒന്ന് ഒരുങ്ങി ഇരിക്കണേ ഞങ്ങളുടെ കൂടെ വരാൻ.. അറിയാലോ.. ഞാൻ വിളിച്ചാൽ അവൾ വരില്ല ഡോക്ടറെ കാണാൻ.. ” (നന്ദു )

മ്മ്.. പോയി വാ…

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

തിരിച്ച് വി കെ പ്രശാന്തിനെ മനസ്സിൽ ധ്യാനിച്ച് ഒരു ലോഡ് ആപ്പിളും മുന്തിരിയും മാതള നാരങ്ങയും പൂവൻ പഴവും പിന്നെ ചൂടൻ പൊറോട്ടയും മസാല ദോശയും നെയ് റോസ്റ്റും ചിക്കനും ബീഫും ഒക്കെ ആയിട്ട് കേറി ചെല്ലുമ്പോൾ ആകെ ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളു, എന്റെ നെഞ്ചത്തേക്ക് തന്നെ അവളത് എറിയരുതേ എന്ന്..

അവളുടെ മുൻപിലേക്ക് പോലും ചെല്ലാതെ ഗ്രീഷ്മയെ വിളിച്ചു സാധനങ്ങൾ കൊടുത്തു വീട്ടിലേക്ക് മടങ്ങി..

അമ്മയോട് ചോദിച്ചാൽ സംശയിക്കും എന്നതിനാൽ ചേച്ചിയോട് വളരേ സ്നേഹത്തിൽ ഹോസ്പിറ്റലിൽ പോവാറായോ എന്നൊക്കെ ചോദിച്ച് അവൾ കാണുന്ന ഡോക്ടറെ മനസിലാക്കി..

കേറി കിടന്ന് ഒന്ന് മയങ്ങി എണീറ്റപ്പോൾ സമയം പതിനൊന്നു കഴിഞ്ഞു.. അവരോട് ഒരുങ്ങി നില്കാൻ പറഞ്ഞിട്ട് ഞാൻ വേഗം റെഡി ആയി ഇറങ്ങി.

അവളെയും കൂട്ടി ഞങ്ങളുടെ പേര് വിളിക്കുന്നതും കാത്തിരിക്കുമ്പോൾ ഉള്ളിൽ ഭയമായിരുന്നു… എന്റെ കുഞ്ഞിന് കുഴപ്പമൊന്നും ഉണ്ടാവില്ല എന്ന് നൂറു വട്ടം മനസിനോട് പറഞ്ഞു സ്വയം ആശ്വസിക്കുമ്പോളും കുറ്റബോധം ഉള്ളിൽ തിരതല്ലി..

അന്ന് ഞാൻ അവളെ എന്റെയൊപ്പം കൂട്ടിയിരുന്നെങ്കിൽ നഷ്ടപ്പെടുമോ എന്ന് ഇപ്പോൾ പേടിക്കേണ്ടി വരില്ലായിരുന്നു…

എന്റെ വലിയ പിഴ കൊണ്ട് ചിലപ്പോൾ…….
ഇല്ല… അങ്ങനൊന്നും സംഭവിക്കില്ല…

” ചാരുലത നന്ദകിഷോർ ”

ആ വിളിയിലാണ് ബോധം വന്നത്…

ആൻ : യെസ്.. അടുത്തത് ഞങ്ങളാണോ …

” ഈ പേഷ്യന്റ് ഇറങ്ങി കഴിയുമ്പോൾ കേറിക്കോ നിങ്ങൾ.. ”

അത്രയും പറഞ്ഞു നേഴ്സ് കയറിപ്പോയി..

” നിന്റെ ഔദാര്യം ആയിരിക്കുമല്ലേ നന്ദാ ഈ പുതിയ സർ നെയിം ”

” അല്ല ചാരൂ… അവകാശം.. അത് മാത്രമാണ്… നിന്നെക്കാൾ ആ പേരിനു മുൻപ് ചേരാൻ വേറൊരു അവകാശി ഇതുവരെ ജനിച്ചിട്ടില്ല.. വരും… നിന്നെപോലൊരു അവകാശി..പക്ഷേ കുറച്ച്മാസങ്ങൾക്കു ശേഷം ആയിരിക്കുമെന്ന് മാത്രം ”

ചിരിച്ചുകൊണ്ട് എഴുന്നേറ്റ് അവളുടെ കയ്യും പിടിച്ച് ഡോക്ടറുടെ അടുത്തേക്ക് ചെല്ലുമ്പോൾ പിന്നെയും ഞാൻ ഭയപ്പെട്ടു.. ചാരുവിന്റെ മുഖത്തും പ്രതിഫലനം പോലെ ആ പേടി കാണുന്നുണ്ടായിരുന്നു..

ഒന്നും വിട്ടു പറഞ്ഞില്ലെങ്കിലും അവൾ വീട്ടു തടങ്കലിൽ ആയിരുന്നു. ഇതുവരെ കറക്റ്റ് ആയി ട്രീറ്റ്മെന്റ് എടുത്തിട്ടില്ല എന്നൊക്കെ പറഞ്ഞു ഡോക്ടറോട്.. ചെക്കപ്പ് നടത്താതെ മരുന്ന് കഴിച്ചതും..

സ്കാൻ ചെയ്യാൻ പറഞ്ഞു.. ആകാംക്ഷ സഹിക്ക വയ്യാതെ ഞാനും കൂടെ കേറി.. കൺകുളിർക്കെ കണ്ടു എന്റെ കുഞ്ഞിനെ..
ചാരുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

ചാരുവിനെ പുറത്തിരുത്തി ഞാൻ വീണ്ടും ഡോക്ടറുടെ മുൻപിൽ വന്നിരുന്നു .

” നോക്കൂ മിസ്റ്റർ നന്ദകിഷോർ, തന്റെ ഭാര്യയുടെ കണ്ടിഷൻ കുറച്ച് മോശമാണ്.. വേണ്ടത്ര ഹെൽത്തി അല്ല.. കുഞ്ഞിന് വളർച്ചക്കുറവും കാണിക്കുന്നുണ്ട്.. മരുന്നുകൾ കഴിച്ചത് കൊണ്ടായിരിക്കാം ഇത്ര എങ്കിലും ആരോഗ്യം നിലനിൽക്കുന്നത്.. പോഷകാഹാര കുറവ് ആകാം..

പിന്നെ ഗർഭസമയത്ത് അമ്മമാർക്ക് ഉണ്ടാകുന്ന മാനസിക പിരിമുറുക്കവും പ്രശ്നങ്ങളും ജനിക്കുന്ന കുട്ടികള്ക്ക് തൂക്കക്കുറവ്, മാസം തികയാതെയുള്ള പ്രസവം എന്നിവയ്ക്കു കാരണമാകാം. തുടര്ച്ചയായി ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിനെ ബാധിക്കുകയും അതിന്റെ ഫലമായി ജനിക്കുന്ന കുട്ടികളിൽ പല തരത്തിലുള്ള സ്വാഭവ വൈകല്യങ്ങളും ഉണ്ടാക്കാം.

ഗര്ഭകാലത്തിലെ ആദ്യ മൂന്നു മാസങ്ങളിൽ ഉണ്ടാകുന്ന മാനസിക സംഘർഷം കാരണം കുട്ടികളിൽ കാണുന്ന പ്രത്യേകതരം ഉപകാരപ്രദമായ ബാക്ടീരിയ അഥവാ Gut microflora വളരെ കുറഞ്ഞ തോതിലെ ഉണ്ടാവുകയുള്ളൂ. ഇതു കാരണം കുട്ടികളിലെ പ്രതിരോധശക്തി വളരെ കുറവായിരിക്കും. കൂടാതെ തലച്ചോറിന്റെ വളർച്ചയെ ബാധിച്ച് ഓട്ടിസം, സ്കിസോഫ്രീനിയ എന്നീ രോഗങ്ങള് ബിധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഗർഭകാലത്തെ നാലാം മാസം തുടങ്ങി ആറാം മാസങ്ങളിൽ വരെ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം മൂലം അമ്മമാരിൽ അമിത അളവിലുണ്ടാകുന്ന സ്ട്രെസ് ഹോർമോൺ കുഞ്ഞിലേക്ക് പകർന്ന് ബുദ്ധിമാന്ദ്യം, എഡിഎച്ച്ഡി (പിരുപിരിപ്പ്) തുടങ്ങിയ രോഗങ്ങൾക്കു സാധ്യത കൂട്ടും. ഗർഭകാലത്തെ അവസാന മൂന്നു മാസങ്ങളിൽ അമ്മമാരിൽ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം പലപ്പോഴും കുട്ടികളിൽ പലതരത്തിലുള്ള അംഗവൈകല്യങ്ങൾക്കു കാരണമാകാം.

നിങ്ങൾ പറഞ്ഞിടത്തോളം ഈ എല്ലാ സാഹചര്യങ്ങളിലൂടെയും കടന്നു പോയ ആളാണ്‌ ചാരുലത.. സോ പേടിക്കേണ്ടിയിരിക്കുന്നു… ഞാൻ കുറച്ച് മെഡിസിൻസ് എഴുതാം..

ഇത്ര പോലും പ്രതീക്ഷ ഉണ്ടായിരുന്നില്ല സ്കാൻ ചെയ്യുമ്പോൾ… എന്തായാലും ഇനി ഉള്ള സമയത്ത് നല്ല പോലെ കെയർ ചെയ്യുക.. നല്ല വിറ്റാമിൻസ് ഉള്ള ഭക്ഷണം ധാരാളം കഴിക്കുക.. രക്തക്കുറവ് കാണുന്നുണ്ട്.. മാതള നാരങ്ങ എല്ലാം നല്ല പോൽ ഉപയോഗിക്കുക…

എനിവേ, നിങ്ങളുടെ ആദ്യത്തെ കൺമണിയെ ഒരാപത്തും കൂടാതെ കിട്ടട്ടെ.. ഇനി വരേണ്ട ഡേറ്റ് കുറിച്ചിട്ടുണ്ട്.. പിന്നെ ഇതുവരെ ഒരു ചെക്കപ്പ് പോലും നടത്താതെ അയാളുടെ അവസ്ഥ എന്തായിരിക്കാം എന്ന് പ്രെഡിക്ട് ചെയ്ത് ആവശ്യമായ മരുന്നുകൾ തന്നെ തന്ന ആ ഡോക്ടറോടും നന്ദി പറയണം..

ഓക്കെ ശെരി .. തത്കാലം ചാരുലത ഇതൊന്നും അറിയണ്ട ”

അവിടെ നിന്ന് ഇറങ്ങുമ്പോൾ ഉള്ളു കിടുങ്ങുന്നുണ്ടായിരുന്നു… ഡോക്ടർ പറഞ്ഞത് പോലെ കുഞ്ഞിന് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ എന്ന ആശങ്ക… കുഴപ്പമൊന്നും ഇല്ല എന്ന് എല്ലാവരോടും പറയുമ്പോഴും… അവർ ആഘോഷിക്കുമ്പോഴും തീയിൽ ചവിട്ടിയ അവസ്ഥയിൽ ആയിരുന്നു ഞാൻ..

അവൾ ഇന്നലെ പറഞ്ഞ വാക്കുകൾ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു..

അവളെനിക്ക് കല്പിച്ചു തന്ന ഏറ്റവും വലിയ ശിക്ഷ …. അതായിരുന്നു എന്റെ മനസ്സിൽ…

എന്റെ കുഞ്ഞിന് വേണ്ടി മനസുകൊണ്ട് പൊന്നരഞ്ഞാണവും കാൽ തളയും പണിത് കാത്തിരിക്കുന്ന എന്നെ ഒറ്റയ്ക്കാക്കി എന്റെ കുഞ്ഞും ചാരുവും പോകുമോ എന്ന ഭയം… ആ ചിന്ത പോലും എന്നിൽ വേദന നിറച്ചു ..

(തുടരും )

ചാരുലത : ഭാഗം 1

ചാരുലത : ഭാഗം 2

ചാരുലത : ഭാഗം 3

ചാരുലത : ഭാഗം 4

ചാരുലത : ഭാഗം 5