Friday, December 27, 2024
Novel

ചാരുലത : ഭാഗം 8

നോവൽ
എഴുത്തുകാരി: തമസാ

അവിടെ ഇരുന്ന് ഒരുപാട് സംസാരിക്കുന്നതിനിടയിൽ ആണ് ഞാനൊരു കാര്യം ഓർത്തത്..
” ചാരൂ.. നമുക്ക് വിവാഹം രജിസ്റ്റർ ചെയ്താലോ… ”

അവൾ കുറച്ച് നേരം ആലോചിച്ചിരുന്നു..മറ്റ് അവർക്കൊന്നും എതിർപ്പില്ലായിരുന്നു…

” അത് വേണ്ട നന്ദാ, ശരിയാവില്ല.. ”

” ഡീ കണ്ട കൊടിച്ചിപ്പട്ടികൾക്ക് കുഞ്ഞുണ്ടാവുന്ന പോലെ അല്ല ഇതെന്നു നിന്നോട് മുമ്പും പറഞ്ഞതാ ഞാൻ.. ചൂണ്ടിക്കാണിക്കാൻ തന്ത ഇല്ലാതെ എന്റെ കുഞ്ഞ് ജനിക്കണ്ട… നിനക്കെന്താ പ്രശ്നം.. എന്ത് പറഞ്ഞാലും എതിരേ പറയുള്ളു.. ”

” അതല്ല നന്ദാ..

ആരെയും അറിയിക്കാതെ കൊണ്ടു നടക്കാൻ ആണെങ്കിൽ നീയെന്നെ കെട്ടണ്ട ആവശ്യമില്ലല്ലോ..

നാട്ടുകാരുടെ മുൻപിൽ എന്റെ ഭാര്യയും കുഞ്ഞും എന്ന് ഞങ്ങളെ ചൂണ്ടി നീ പറയണം.. അതിന് നിന്റെ വീട്ടുകാരുടെ സമ്മതം വേണ്ടേ…

ഒളിച്ചും പാത്തും ജീവിക്കാനൊന്നും എന്നെക്കൊണ്ട് വയ്യ… ”

” അത് ശരിയാ.. നിനക്കിപ്പോൾ ജോലിയും ആയി.. 25 വയസായി.. കല്യാണം നോക്കുന്നുണ്ടാവും വീട്ടുകാർ ഇപ്പോൾ തന്നെ.. അപ്പോൾ പിന്നെ പ്രസവത്തിനു മുമ്പ് എല്ലാം പറയുന്നതല്ലേ നന്ദൂ നല്ലത് ( സംഗീത് )”

” അതാവാം.. ജോലി കിട്ടിയെന്ന് പറഞ്ഞപ്പോൾ അച്ഛൻ ചോദിച്ചിരുന്നു വല്ല ബന്ധവും ഉണ്ടോയെന്ന്..

അന്ന് ഇവളെ കുറിച്ച് അറിയില്ലായിരുന്നതുകൊണ്ട് എനിക്കൊരു പ്രേമവും ഇല്ലെന്ന് പറഞ്ഞു പോയി.

അവരെ ഞാൻ എങ്ങനെ കൺവിൻസ് ചെയ്യിക്കാനാ ഡാ.. ഇതൊക്കെ ഞാൻ എങ്ങനെ ചെന്ന് പറയും..”

നിസ്സഹായതയോടെ ഞാൻ ചാരുവിനെ നോക്കി.. പ്രതീക്ഷിച്ചതെന്തോ കേട്ടപോലെ.. ഒരു ചിരി..

” ചാരൂ നിന്നെ അവർക്ക് വേണ്ടി ഒഴിവാക്കും എന്നല്ലടാ ഞാൻ പറഞ്ഞത്..

പക്ഷേ അവരുടെ മുൻപിൽ ഇത്ര നാളും നല്ലവനായി നിന്നിട്ട് ഒരു ദിവസം ചെന്ന് ഞാൻ എങ്ങനെ പറയും ഞാൻ ഒരു കൊച്ചിന്റെ അച്ഛനാവാൻ പോകുവാണെന്ന്..

ഓർക്കുമ്പോൾ തന്നെ എന്തോ പോലെ തോന്നുന്നു.. പക്ഷേ നിന്നെ വേദനിപ്പിക്കാനും എനിക്ക് വയ്യ ”

എനിക്ക് നല്ലപോലെ സങ്കടം വന്നിരുന്നു.. ആരെ കൊള്ളണം ആരെ തള്ളണം എന്നറിയാത്ത അവസ്ഥ…

എന്തായാലും അവളെ പെട്ടെന്നൊന്നും അവർക്ക് അംഗീകരിക്കാൻ പറ്റില്ലെന്ന് ഉറപ്പാണ്.. പ്രസവത്തിനാണെങ്കിൽ ഇനി കഷ്ടിച്ച് ഒരു മാസമേ ഉള്ളൂ..

അതിനുള്ളിൽ എങ്ങനെ എങ്കിലും രജിസ്റ്റർ ചെയ്തേ പറ്റുള്ളൂ.. അല്ലെങ്കിൽ എന്റെ കുഞ്ഞ് പിറക്കുന്നത് പിതൃ ശൂന്യനു തുല്യമായിട്ടല്ലേ..

അത് ഞാൻ എന്റെ കുഞ്ഞിനോട് ഇന്നോളം ചെയ്തതിനേക്കാളൊക്കെ വലിയ ക്രൂരത അല്ലേ…

കണ്ണടച്ചിരുന്നു ഇത്തിരി നേരം… കണ്ണുനീർ ധാരയായി താഴേക്ക് വീണു…

കവിളിലൂടെ ഒരു കൈ ഓടിയപ്പോഴാണ് കണ്ണ് തുറന്നത്.. ചാരു അടുത്തെത്തി എന്റെ കണ്ണുനീർ തുടച്ചു…

” നമുക്ക് രജിസ്റ്റർ ചെയ്യണ്ട നന്ദാ..

എനിക്ക് വേണ്ടി നീ ആരുടെയും മുന്നിൽ തല താഴ്ത്തേണ്ട…അല്ലെങ്കിൽ തന്നെ എനിക്കിതു ശീലമായില്ലേ…

ഇനി നീ കൂടി അത് ശീലമാക്കേണ്ട.. ഇനി നമുക്ക് ഈ വിഷയം സംസാരിക്കണ്ടാട്ടൊ… ”

എന്റെ മുഖത്തോടെ കൈ ചേർത്ത് വെച്ച് ചിരിക്കുകയാണെങ്കിലും മിഴികളിൽ ഒരു നീർതുടം പുറത്ത് ചാടാനാവാതെ വെമ്പുന്നുണ്ട്..

ആർക്കും പിന്നെ ഒരനക്കവും ഉണ്ടായിരുന്നില്ല.. ആകെ ഒരു മൂകത..

” മാമാ കുഞ്ഞ് വാവയ്ക്ക് ഐസ്ക്രീം വേണം ”

നവിയെ നോക്കി അവളത് പറഞ്ഞത് ഞങ്ങളുടെ ഉള്ളിലെ ചൂട് കൂടി തണുപ്പിക്കാൻ വേണ്ടി ആണെന്ന് ഞങ്ങൾക്കെല്ലാവർക്കും മനസിലായി..

പിന്നെ പിന്നെ ഓരോന്ന് പറഞ്ഞു പറഞ്ഞു ഇതും ഓർമയിലേക്ക് ചേർത്ത സുന്ദര ദിനമാക്കിയാണ് പിരിഞ്ഞത്..

രാത്രി വീട്ടിൽ തിരിച്ചു കേറി ചെല്ലുമ്പോൾ തോന്നി പെങ്ങളോടെങ്കിലും പറയാമെന്ന്.. പക്ഷേ ആ പ്രതീക്ഷയും തെറ്റിച്ചുകൊണ്ട് അച്ഛൻപെങ്ങൾ വന്നിട്ടുണ്ടായിരുന്നു..

ദേവകി അമ്മായി.. നാക്കിനു എല്ലില്ലാത്തൊരു സാധനം…

രണ്ടു മാസം നിക്കാൻ വന്നതാണെന്ന്.. ആകെ ഉള്ള മകൻ ഗൾഫിലാണ്.. ഇപ്പോൾ മരുമോളെയും കൊണ്ടുപോയി..

വർഷങ്ങളായിട്ടും അവർക്ക് കുട്ടികളായിട്ടില്ല.. ചേടത്തി തിരിച്ചു വരുന്നത് വരെ അമ്മായി അപ്പോൾ കൂടെ കാണുമെന്ന് അമ്മ ഇടയ്ക്ക് വന്ന് പറഞ്ഞിട്ട് പോയി…

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

അടുത്ത ഞായർ അവളെയും കൊണ്ട് പുറത്ത് പോയി അത്യാവശ്യം വേണ്ട സാധനങ്ങളൊക്ക മേടിച്ചു.. രണ്ട് വെള്ളക്കളർ കോട്ടൺ മുണ്ടും കുഞ്ഞിന് വേണ്ട വെള്ള കുഞ്ഞുടുപ്പും എല്ലാം നോക്കി നോക്കി മേടിച്ചു ഞങ്ങൾ..

പിന്നെ നേരെ ഒരു ഏജൻസിയിൽ പോയി കുഞ്ഞിനേയും അമ്മയെയും നോക്കാൻ പറ്റുന്നൊരാളെ ഏർപ്പാടാക്കി തരാൻ പറഞ്ഞ് അഡ്വാൻസ് കൊടുത്തു…

ഇതെല്ലാം ചെയുന്നത് ഒരു പ്രതീക്ഷയുടെ പുറത്താണ്… എന്റെ കുഞ്ഞെന്ന പ്രതീക്ഷ…

ഹോട്ടലിൽ കേറി അവർക്കിഷ്ടമുള്ള ചിക്കൻ ബിരിയാണിയും മേടിച്ചു കൊടുത്ത് ഗ്രീഷ്മയ്ക്കും ആനിനും ഉള്ളത് പാർസൽ മേടിക്കുന്നതിനിടയിലാണ് അമ്മായിയും നന്ദിതയും ഹോട്ടലിലേക്ക് കേറി വരുന്നത് കണ്ടത്…

ഹോസ്പിറ്റലിന്റെ അടുത്തുള്ള ഹോട്ടൽ ആയതുകൊണ്ടാവും ഇവിടെ കേറിയത്.. ഇന്നാണ് ചെക്കപ്പിനു പോവണം എന്ന് പറയുന്ന കേട്ടിരുന്നു..

” നന്ദൂട്ടൻ എന്താ ഇവിടെ, ഇങ്ങോട്ട് ഇറങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിൽ ടാക്സി വിളിച്ചു വരില്ലായിരുന്നല്ലോ ഞങ്ങൾ ”

എന്നെ കണ്ടപാട് ഓടി വന്ന് നന്ദിത പറഞ്ഞു..
എനിക്കാണെങ്കിൽ ഉള്ളിൽ നിന്ന് നെറുകവരെ എന്തോ പുകഞ്ഞു കേറുന്നുണ്ടായിരുന്നു..

ചാരു ഇപ്പോൾ എണീറ്റ് വന്നാൽ എന്റെ അവസ്ഥ എന്താകും എന്നോർത്ത്…

” ഇതെന്താ അമ്മായി കൂടെ വന്നത്.. സാധാരണ അമ്മ അല്ലേ വരാറ്.. ”

” നാത്തൂന് വരാൻ പറ്റിയില്ല, ചോറും കൊണ്ട് ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞ് ഓപ്പ വിളിച്ചിട്ടുണ്ടായിരുന്നു.. അതുകൊണ്ട് നാത്തൂനാ പോയത്.. മോൾക്ക് കൂട്ടിനു ഞാനും പോന്നു..

എന്റെ അച്ഛനെ അമ്മായി ഓപ്പ എന്നാണ് വിളിക്കാറ്..

” നന്ദാ ”

പുറകിൽ നിന്ന് ചാരുവും ഇറങ്ങി വന്നു.. നിന്ന നില്പിൽ പാതാളത്തിലേക്കാണ്ട് പോയെങ്കിൽ എന്ന് ആശിച്ചു ഞാൻ…

” അവർക്കുള്ളത് വാങ്ങി കഴിഞ്ഞില്ലേ.. നമുക്കിറങ്ങാം… ”

അതും പറഞ്ഞ് അവൾ നേരെ നോക്കിയത് നന്ദിതയെയും അമ്മായിയേയും ആയിരുന്നു..

ആരാണെന്നു പറഞ്ഞ് കൊടുത്തു ചാരുവിന്..
ഇനി ഇവരോട് തിരിച്ചെന്ത് പറയുമെന്നോർത്ത് ഞങ്ങൾ രണ്ടും ഒരുപോലെ വിയർത്തു..

” ആരാ നന്ദുമോനെ ഈ കുട്ടി? ”

” ഞാൻ കല്യാണം കഴിക്കുവാൻ പോവുന്ന കുട്ടിയാ ”

അത്രയും എങ്ങനെയോ പറഞ്ഞൊപ്പിച്ചു..

പിന്നെ എന്താ സംഭവിച്ചതെന്ന് പോലും മനസിലായില്ല.. കവിളിൽ അമ്മായിയുടെ കൈ പതിഞ്ഞതേ ഓർമയുള്ളു…

നന്ദിതയെ പിടിച്ചു വലിച്ചൊരു ഓട്ടോയിൽ കേറി അമ്മായി പോയി… ഞാൻ കൊണ്ട് വിടാം എന്ന് പറഞ്ഞിട്ട് പോലും കേട്ടില്ല…

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

” നന്ദാ.. നമ്മൾ എന്താ ഇനി ചെയ്യുക? ”

ഞാൻ തിരിഞ്ഞ് അവളെയൊന്ന് നോക്കിയിട്ട് വണ്ടി ഓടിക്കുന്നതിലേക്ക് തിരിഞ്ഞു..

അല്ലേലും ഇനി എന്താ ചെയേണ്ടത് എന്ന് എനിക്ക് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല..

അവളിരുന്നു കരയുന്നുണ്ട്… ഞാൻ എന്റെ ടെൻഷൻ എങ്ങനെ പറയാനാ അവളോട്.. അതിലും നല്ലത് പുറത്ത് ധൈര്യം കാണിക്കുന്നതാണെന്ന് എനിക്കും തോന്നി..

അവളെ വീട്ടിൽ കൊണ്ടു വിട്ടിട്ട്, സന്ധ്യ ആകുമ്പോഴേക്കും ഒരുങ്ങി ഇരിക്കാൻ പറഞ്ഞു..

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

തിരിച്ചു വീട്ടിൽ ചെന്ന് കേറുമ്പോൾ അവിടം ആകെ ഒരു ശ്മശാന മൂകതയിൽ ആയിരുന്നു..

അമ്മായി എന്റെ അമ്മയെ ആശ്വസിപ്പിക്കുന്നുണ്ട്..

നന്ദുവും സോഫയിൽ ഇരിപ്പുണ്ട്…

അച്ഛൻ വന്നില്ലെന്ന് മനസിലായി.

ആരും ഒന്നും ചോദിക്കുന്നില്ല..

ഇത്തിരി നേരം നിന്നിട്ട് ഞാൻ റൂമിൽ പോയി ഒന്ന് കുളിച്ചിട്ട് കിടന്നു…

ഇടയ്ക്ക് വാതിലിൽ മുട്ട് കേട്ടപ്പോളാണ് ഞാൻ മയങ്ങിയിരുന്നു മനസിലായത്..

” അച്ഛൻ വിളിക്കുന്നുണ്ട്.. ”

അത്രയും പറഞ്ഞിട്ട് നന്ദിത ഇറങ്ങിപ്പോയി..

നവീനെ വിളിച്ച് ചാരുവിനെയും കൂട്ടി വരാൻ പറഞ്ഞു..

താഴെ ചെല്ലുമ്പോൾ എല്ലാവരും നിരന്നിരിക്കുന്നുണ്ട്…

സൈഡിലേക്ക് പോയി ഞാനും നിന്നു..
അച്ഛനോട് എല്ലാം പറഞ്ഞിട്ടുണ്ടെന്ന് സ്പഷ്ടം..

” വയറ്റിലുള്ള ഒരു പെണ്ണിനെ ആണോ മോനേ നിനക്ക് കിട്ടിയുള്ളൂ പ്രേമിക്കാൻ… ഇത് നടക്കില്ല.. നമ്മുടെ കുടുംബത്തിന് ഒരു ചീത്തപ്പേര് ഉണ്ടാക്കാൻ സമ്മതിക്കില്ല ഞാൻ.. ” (അച്ഛൻ )

” അച്ഛാ എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്… അവളെ വിട്ടുകളയാൻ പറ്റില്ലെനിക്ക്… അതെങ്ങനെ പറയും എന്നറിഞ്ഞുകൂടെനിക്ക്..

പക്ഷേ അവളില്ലെങ്കിൽ പിന്നെ ഞാനില്ല.. ഇന്ന് ഞാൻ ജീവിക്കുന്നത് തന്നെ അവൾക്കും കുഞ്ഞിനും വേണ്ടിയാ ”

” ഡാ കുടുംബ ദ്രോഹീ.. നിന്റെ പെങ്ങളുടെ കാര്യമെങ്കിലും ഓർക്ക് നീ.. അല്ലെങ്കിൽ തന്നെ അവളെ കണ്ടുകൂടാ സംബന്ധക്കാർക്ക്..

അതിന്റെ കൂടെ ആരാന്റെ കൊച്ചിനെയും തള്ളയേയും നീ സ്വീകരിച്ചു എന്ന് അറിഞ്ഞാൽ അവൾക്ക് പിന്നെ അവിടെ ഒരു വില കാണുമോ. ആലോചിക്ക് നീ.. ”

” അമ്മ എന്തൊക്കെ പറഞ്ഞാലും ഞാൻ അവളെ ഉപേക്ഷിക്കില്ല.. എന്റെ പെങ്ങൾ അനുഭവിച്ചതിന്റെ എത്രയോ ഇരട്ടി അനുഭവിച്ചിട്ടുണ്ടെന്നോ അവൾ…

അങ്ങനെ ഉള്ളൊരാളെ കളയാൻ തമ്പുരാൻ വന്ന് പറഞ്ഞാലും ഞാൻ സമ്മതിക്കില്ല..

നിങ്ങളറിയാതെ പോയ ഒരു കാര്യമുണ്ട്….അവൾ മാത്രമല്ല.. ആ കുഞ്ഞും എന്റേതാണ്..

കോളേജ് ടൈമിൽ കാട്ടിയ എന്റെ ഒരു തമാശ… അത് അവൾക്ക് നഷ്ടപ്പെടുത്തിയത് സ്വന്തം ജീവിതം തന്നെയാ.. ”

ആദ്യം മുതൽ അന്ന് ആ കാട്ടിൽ നിന്ന് കൊണ്ടുവന്നതുൾപ്പെടെ എല്ലാം അവരോട് തുറന്ന് പറഞ്ഞു ഞാൻ… എല്ലാവരും മിണ്ടാട്ടമില്ലാതെ ഇരിക്കുവാണ്..

പുറത്ത് കാർ വന്ന് നിന്നപ്പോൾ ഞാൻ ഇറങ്ങി ചെന്ന് ചാരുവിനെയും നവീനെയും കൂട്ടി ഉള്ളിലേക്ക് വന്നു..

എന്റെ കൈക്കുള്ളിൽ നിൽക്കുന്ന ചാരുവിനെ എല്ലാവരും പുച്ഛത്തോടെ ആണ് നോക്കുന്നത് എന്ന് എനിക്ക് മനസിലായി..

” എന്താ ഞാൻ ചെയേണ്ടതെന്ന് പറ.. ഈ ഒരു കാരണം കൊണ്ട് ഈ വീട് വിട്ടിറങ്ങണോ ഞാൻ.. എന്റെ കുഞ്ഞിന് വേണ്ടി എന്തും ഉപേക്ഷിക്കാൻ ഞാൻ തയ്യാറാണ്..

അത്ര നേരം മിണ്ടാതിരുന്ന അമ്മായി വന്ന് അവളെ എന്റെ കൈക്കുള്ളിൽ നിന്ന് മാറ്റി നടുക്ക് കൊണ്ട് പോയി നിർത്തി.. നവീൻ എന്റെ തോളിൽ മുറുകെ പിടിച്ചു..

” നിന്നോട് കുറച്ച് കാര്യങ്ങൾ ചോദിക്കുവാ.. അതിന് അവന് ആകെ ഉള്ളോരു അമ്മായി എന്ന നിലയിൽ എനിക്കവകാശവും ഉണ്ട് ”

സമ്മതം പോൽ അമ്മായിയെ നോക്കി ചാരു തലയാട്ടി ..

” നിനക്ക് അച്ഛനും അമ്മയും ഇല്ലെന്ന് നന്ദു പറഞ്ഞു..

അതായത് കാർന്നോന്മാരായി തന്ത ഇല്ലെന്ന് അർത്ഥം.. കോളേജ് പ്രേമം ഒക്കെ എല്ലാവർക്കും കാണും… ആൺകുട്ടിയല്ലേ…

ഇത്തിരി കുസൃതി അവനും കാണിച്ചു കാണും.. ഇല്ലെന്ന് ഞങ്ങൾ പറയുന്നില്ല..

സൂക്ഷിക്കേണ്ടത് നീ അല്ലായിരുന്നോ.. അല്ലാതെ ഒരുത്തൻ വിളിക്കുമ്പോഴേക്കും കൂടെ കിടന്ന് കൊടുക്കുകയാണോ നല്ല പെൺപിള്ളേർ ചെയുന്നത്… ”

അമ്മായി ഇത് രൂക്ഷമാക്കി പൊട്ടിച്ചു കയ്യിൽ തരാൻ ഉള്ള പരിപാടി ആണെന്ന് എനിക്കും മനസിലായി..
ചാരുവിന്റെ കണ്ണുകൾ ഇടതടവില്ലാതെ പെയ്യുന്നുണ്ട്…

അമ്മായി നിർത്തുന്നുണ്ടായിരുന്നില്ല..

” അതെല്ലാം പോട്ടെ.. കുറേ നാൾ കൂടി ആ പെരുങ്കാട്ടിൽ വെച്ചല്ലേ നിന്നെ ഇവൻ വീണ്ടും കണ്ടത്.. മാസം എത്ര കഴിഞ്ഞു..

വേറെ ആരുടെ എങ്കിലും കൂടെ പോയിട്ട് എന്റെ കുഞ്ഞിന്റെ തലയിലേക്ക് ഈ ഗർഭം കൊണ്ടിട്ടതല്ലെന്ന് ആര് കണ്ടു !!….കാശുള്ള, നല്ല കുടുംബത്തിലെ ചെറുക്കനല്ലേ…

ഇവനാണെങ്കിൽ ഇങ്ങനെ എന്തും വിശ്വസിക്കുന്നൊരു പൊട്ടനും… സത്യം പറഞ്ഞാൽ നിനക്ക് കൊള്ളാം…

ഏതവന്റെ കൊച്ചിനെയാ ഇവിടെ കേറ്റാൻ നീ നോക്കുന്നത് ”

“അമ്മായീ ”

അങ്ങനെ ഒന്ന് വിളിക്കാൻ മാത്രമേ എന്നെകൊണ്ട് പറ്റിയുള്ളൂ… ചാരുവിന്റെ അവസ്ഥയെ കുറിച്ചായിരുന്നു എന്റെ പേടി മൊത്തം..

നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു ചാരു എല്ലാവരെയും ഒന്ന് നോക്കി.. പക്ഷേ ഞാൻ വിചാരിച്ചതിനപ്പുറമായിരുന്നു അവളുടെ പ്രതികരണം..

💢 നിറഞ്ഞ സദസ്സിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ടപ്പോൾ തന്റെ ഭർത്താക്കന്മാരെ പ്രതീക്ഷയോടെ നോക്കി നിന്ന് അവസാനം കൃഷ്ണനെ വിളിച്ചു യാചിക്കേണ്ടി വന്ന ദ്രൗപദിയെയും,

പരിശുദ്ധയല്ലെന്ന് രാജ്യത്തെ ജനങ്ങൾ പറഞ്ഞപ്പോൾ അവൾ അമലയാണെന്നറിഞ്ഞിട്ടും ഉപേക്ഷിച്ച ശ്രീരാമനെ നിസ്സഹായതയോടെ നോക്കി പടിയിറങ്ങിയ സീതയെയും മാത്രമായിരിക്കും നിങ്ങൾ പഠിച്ചിട്ടുള്ളത്…

പന്തയത്തിൽ തോറ്റ്, തങ്ങളുടെ ഭാര്യയെ പോലും സംരക്ഷിക്കാൻ പറ്റാതെ പോയ പാണ്ഡവരോ ,

രാജധർമ്മം നോക്കി തന്റെ കുഞ്ഞിനെ ഗർഭത്തിൽ ചുമക്കുന്നവളെ ഉപേക്ഷിച്ചു രാജ്യം ഭരിച്ച രാഘവനോ ആയി നിൽക്കുന്നവരെയെ നിങ്ങൾ അറിഞ്ഞിട്ടുള്ളൂ..

പക്ഷേ ചാരുലത അങ്ങനെയൊരു പെണ്ണല്ല.. നിസ്സഹായത മുഖമുദ്രയാക്കാൻ ഇനി ചാരുവിനെ ആരും പ്രതീക്ഷിക്കേണ്ട…
സീതയും കൃഷ്ണയുമൊന്നും ആകണ്ട ചാരുവിന്….

നിശബ്ദനായി നിന്ന് പുരാണ പുരുഷന്മാരെ അനുകരിക്കുവാനാണ് തീരുമാനമെങ്കിൽ നന്ദകിഷോറിനെ എന്നെന്നേക്കുമായി ഞാൻ മറക്കും…

എന്റെ കുഞ്ഞിന്റെ പിതൃത്വം ആണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്… എന്ത്.. എങ്ങനെ പറയണം എന്ന് നന്ദന് തീരുമാനിക്കാം.. ഏതായാലും മറ്റൊരു സീതയാവാൻ ചാരുലതയെ കിട്ടില്ല…

നിന്റെ ഉത്തരത്തിനു ശേഷം ഞാനും തീരുമാനിക്കും മറ്റൊന്ന്.. ” 💢

(തുടരും )

ചാരുലത : ഭാഗം 1

ചാരുലത : ഭാഗം 2

ചാരുലത : ഭാഗം 3

ചാരുലത : ഭാഗം 4

ചാരുലത : ഭാഗം 5

ചാരുലത : ഭാഗം 6

ചാരുലത : ഭാഗം 7