Wednesday, January 22, 2025
Novel

ആഇശ: ഭാഗം 17

നോവൽ
******
എഴുത്തുകാരൻ: Anush. A. Azeez

നജീബ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ തിരികെ പോയി .പോകും വരെ യാതൊന്നും സംഭവിക്കാത്ത മട്ടിൽ ആ വീട്ടിൽ ഞാനും നജീബും അഭിനയിച്ചത് .

അവൻ അവന്റെ മക്കൾക്കൊപ്പം ഷാഹിനാക്കും ഒരു പോലെ തന്നെയാണ് എല്ലാം ചെയ്തത് .അതു പോലെ അവൻ ഫസീലക്ക് വാങ്ങിയതൊക്കെ എനിക്കും തന്നിരുന്നു .

അവൻ ശരിക്കും ഒരു കലാകാരൻ തന്നെയാണ് ജീവിതത്തെ മനോഹരമായി തന്നെയാണ് അവൻ വരച്ചിടുന്നത് .

എല്ലായിടത്തും വർണ്ണം വാരി വിതറി നല്ല ചിത്രം വരക്കും പോലെ അവൻ ജീവിതത്തെ വരക്കുന്നു .

എങ്കിലും അവൻ എന്റെ പ്രതീക്ഷകളെയും സ്വപ്നങ്ങളും തകർത്തെന്ന ഒരു തോന്നൽ .

ചിലപ്പോൾ തോന്നും അവനില്ലേ എന്റെ കൂടെ എന്ന് … എനിക്ക് അവനെ അങ്ങട്ട് മനസ്സിലാകുന്നില്ല .പഴയ ആയിശ തളർന്നിരിക്കുന്ന പോലെ ഒരു തോന്നൽ എപ്പോഴും .

ഞാൻ ഷോപ്പിൽ ഉള്ള സമയത്ത് അവൻ വിളിക്കും ഇപ്പോൾ …സുഖമാണോ എന്നൊക്കെ തിരക്കും ആവശ്യങ്ങൾ തിരക്കും .

എല്ലാത്തിനും മുക്കിയും മൂളിയും മാത്രമേ എനിക്ക് ഉത്തരം നൽകാൻ കഴിഞ്ഞിരുന്നുള്ളൂ .

ഞാൻ അവനെയാണോ അവൻ എന്നെയാണോ മനസ്സിലാക്കാത്തത് ?.

അങ്ങിനെ ഇരിക്കെ പൂനെയിലെ ഒരു ഷോപ്പിങ്ങ് മാളിൽ ഒരു ഷോപ്പ് ഒത്ത് കിട്ടുന്നത് ഒരു സുഹൃത്ത് വഴി .ഒന്ന് പോയി നോക്കാമെന്ന് കരുതി .

ഒന്ന് മാറി നിൽക്കുന്നത് നല്ലതാ എന്ന തോന്നൽ കൂടി മനസ്സിലുണ്ടായിരുന്നു .

പുനെയിൽ ജോലി ചെയ്യുന്ന ഒരു കൂട്ടുകാരി ഉണ്ട് അവളെ വിളിച്ച് ഞാൻ അവിടെത്തി .

ശരിയാണ് കൊച്ചിയേക്കാൾ മാർക്കറ്റ് ഉള്ള സ്ഥലം .എല്ലാം പ്രൊഫഷണൽസ് ആണ് കസ്റ്റമേഴ്സ് .കൊച്ചിയിലെ മാളിലെ ഷോപ്പ് ഒഴിയാൻ തീരുമാനിച്ചു മറ്റൊരു ആവശ്യക്കാരനു നൽകി .

അവർക്ക് കോഫി ഷോപ്പ് തുടങ്ങുവാനായിരുന്നു അതു കൊണ്ട് നഷ്ടമില്ലാത്ത തുക കിട്ടി .ഞാൻ പൂനെയ്ക്ക തന്നെ പോകാൻ തീരുമാനിച്ചുറപ്പിച്ചു അങ്ങിനെ പൂനെയിൽ ഷോപ്പിന്റെ സെറ്റിങ്ങ് ഒക്കെ തുടങ്ങി .

അവിടെ തന്നെ ഒരു ഫ്ലാറ്റും എടുക്കാൻ തീരുമാനിച്ചു .അങ്ങിനെ നാട്ടിൽ എത്തി ഉപ്പയോടും ഉമ്മയോടുമൊക്കെ പറഞ്ഞു .ഇപ്പോ അഫ്സൽ ഉപ്പാനോട് വലിയ മിണ്ടാട്ടമൊന്നുമില്ലത്രെ .

ആസിയ കാനഡക്ക് പോകുന്നു അടുത്ത മാസം .ആമി പ്രസവത്തിനായി നാട്ടിൽ വരുന്നു .എല്ലാവരും സ്വസ്ഥം .ഞാൻ തിരികെ കൊച്ചിയിലെത്തി .
ശരിക്കും ഞെട്ടിയത് മോളോട് കാര്യം പറഞ്ഞപ്പോഴാണ് .

ഫസീല എതിർപ്പൊന്നും പറഞ്ഞില്ല .പക്ഷെ ഷാഹിന എതിർത്തു .എട്ടാം ക്ലാസ്സ് കഴിയാറായ അവൾ വളർന്നിരിക്കുന്നു .

പൂനെയിലേക്ക് താമസം മാറ്റാൻ തീരുമാനിച്ച വിവരം അറിഞ്ഞിടം മുതൽ
അവൾ കലി തുള്ളി .ഇന്നുവരെ ഞാൻ പറയുന്നത് കേട്ടിരുന്ന ഷാഹിന ഇപ്പോൾ എതിർത്തു തുടങ്ങിയിരിക്കുന്നു .

ഉമ്മാ ഇത് കേട്ടോ ആയിശു എന്നെ പുനെക്ക് കൊണ്ട് പോകാൻ പോകുന്നുവെന്ന് .ഉമ്മ ഉപ്പയെ വിളിച്ച് പറ ഷാഹിനാക്ക് പോകാൻ ഇഷ്ടമില്ലാന്ന് .

അവൾ ഉമ്മ എന്ന് പറയുന്നത് ഫസീലായെ ആണ് ഉപ്പ ഇപ്പോൾ നജീബും .ഞാൻ വെറും ആയിശ …….ഞാനവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു .

പക്ഷെ അവൾ എന്നെയാണ് പല കാരണങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചത് .

അവൾക്ക് ആ വീട് വിട്ട് വരാൻ ഒക്കില്ലത്രെ .ഇനി സ്കൂൾ മാറാൻ പറ്റില്ലത്രെ .ഏറ്റ് പിടിക്കാൻ ഫസീലയും .

നജീബ് വിളിച്ചപ്പോൾ ഉപ്പാനോട് സംസാരിക്കണമെന്ന് പറഞ്ഞ് ചാടിയത് ഷാഹിനയാണ് .എത്ര പെട്ടെന്നാണ് ഷാഹിന നജീബിനെ ഉപ്പയായി കണ്ടത് .നജീബിന്റെ മുത്ത മകൾ ആണെന്ന ഭാവത്തിലാണ് അവൾ .

ഉപ്പാ …. പ്ലീസ് അയിശൂനോട് പറ ഉപ്പാ …
എന്റേൽ ഫോൺ കൊണ്ട് തന്നു .
ഹലോ …

ഹലോ ….
നീ ഇതെന്ത് ഭാവിച്ചാ ?മോളെ കരയിപ്പിച്ച് നീ അവളെ വലിച്ചു കൊണ്ട് പോകാൻ അവൾ കൊച്ചു കുട്ടിയല്ല .

ഞാനിത് ഇന്നലേ ഫസീല പറഞ്ഞറിഞ്ഞതാ .ഞാൻ വിളിച്ചാൽ നീ ഫോൺ ബിസിയാക്കലല്ലേ .

നീ എന്റെ മോളെ കൊണ്ട് പോകാൻ പറ്റില്ല .പിന്നെ മറിച്ചാണ് തീരുമാനമെങ്കിൽ ആലോചിക്കുക അവൾ ഇനി ഒമ്പതാം ക്ലാസ്സിലാ ഇനി പഠിക്കാൻ പോകുന്നത് .

അവളെ ഇട്ട് വലിച്ചിഴച്ച് അവളുടെ ഭാവി ഇല്ലാതാക്കരുത് .പിന്നെ പിള്ളേരുടെ പരസ്പര സ്നേഹം നീ കാണാതെ പോകരുത് അതവർക്ക് വലിയ മുറിവുകൾ നൽകും .

നീ എന്താന്ന് വെച്ചാൽ തോന്നിയ പോലെ ചെയ്യ് .ഈ ഒളിച്ചോട്ടം എന്നോടുള്ള വാശി എന്നും എനിക്ക് തോന്നാഴ്കയില്ല പക്ഷെ കാലം നിനക്ക് പറഞ്ഞ് തരും ഞാനെന്താ പറഞ്ഞത് എന്ന് .

ഉം …ആയിക്കോട്ടെ … എന്റെ ശബ്ദം ഇടറിയിരുന്നു .എല്ലാവരും എല്ലാം ആയിശയിൽ നിന്ന് പിടിച്ചു പറിച്ചിടെത്തിട്ടേ ഉള്ളൂ .

ഇപ്പോൾ എന്റെ മകളയും…..
ഷാഹിന വന്ന് കെട്ടി പിടിച്ചു ഉമ്മ തന്നു .

അയിശൂ എനിക്കറിയാം ഉപ്പ എന്നെ ഇവിടുന്ന് വിടില്ലാന്ന് .ആയിശൂന് സൺഡേ വന്ന് കാണാലോ എന്നെ .

അല്ലേൽ ഞങ്ങൾ അങ്ങോട്ട് ഇടക്ക് വരാം ….അല്ലേ ഉമ്മി നമ്മൾ അങ്ങോട്ട് പോകില്ലേ .?
പോകാം എന്ന് ഏറ്റ് പിടിക്കാൻ ഫസീല എന്ന ഉമ്മയും ഉമ്മിയും .

എനിക്ക് ആകെ മനസ്സിൽ കലിപ്പിളകി .പക്ഷെ പുറത്ത് കാണിക്കാനും പറ്റാത്ത അവസ്ഥ .
എനിക്കിത് വേണം .ഇങ്ങനെ തന്നെ വേണം .

നജീബ് ഈ വീട്ടിലോട്ട് വിളിച്ചപ്പോൾ വരരുതായിരുന്നു .ഞാനാർക്ക് വേണ്ടിയാ കഷ്ടപ്പെടുന്നത് അവൾക്കു വേണ്ടിയല്ലേ …
മനസ്സിൽ എല്ലാം കൂടി കിടന്നു തിളച്ചു .

അവസാനം നജീബിന്റെ മുന്നിൽ തോറ്റു കൊടുത്ത് ഞാൻ ഒറ്റക്ക് പൂനെയിൽ .പ്രതീക്ഷിച്ച ബിസിനസ്സ് അവിടെ ഉണ്ട് .നാട്ടിൽ നിന്ന് രണ്ട് പേരെ ജോലിക്കായി ഉപ്പ ഒപ്പിച്ചു തന്നു .

ഫസീലയും മക്കളും ഒരുമിച്ച് പൂനെയിൽ ഇടക്കിടക്ക് വരും .ചിലപ്പോൾ ഞാനങ്ങോട്ടും പോകും .

അവധി ദിവസങ്ങളിൽ എനിക്ക് അങ്ങോട്ട് പോകാൻ കഴിയില്ല അപ്പോൾ ഞാൻ അവർക്ക് ടിക്കറ്റെടുത്ത് കൊടുത്ത് കൊണ്ട് വരും പിന്നെ ഇവിടെ പത്ത് ദിവസം പൊടി പൂരമാണ് . ഫസീലയും വരും ഷോപ്പിൽ .

ബിസിനസ്സ് നല്ല ഒരു ലെവലിൽ പോകുന്നുണ്ട് .
നജീബ് നാട്ടിൽ വരുമ്പോൾ ഇങ്ങോട്ട് വരും .

എന്നോട് സൊള്ളാൻ വരും ചിരിയും കളിയും ആസ്വദിക്കുമെങ്കിലും അവന്റെ സൊള്ളലുകൾക്ക് പ്രതികരിക്കാറില്ല .എന്റെ ഈ

35 ആം വയസ്സിലാണത്രെ ഞാൻ കൂടുതൽ സുന്ദരി ആയി ഇരിക്കുന്നത് തുടങ്ങി ഒരു പുഷ്പം പൂർണ്ണമായി വിടർന്ന സൗന്ദര്യം എന്നൊക്കെയുള്ള അവന്റെ വർണ്ണനകൾക്ക് ഒരു പുഞ്ചിരി മാത്രം നൽകും .

ചിലപ്പോൾ ചില കളികൾ കണ്ട് ഉള്ളിൽ ചിരി വന്നാലും ചിരിക്കില്ല മനപ്പൂർവ്വം തന്നയാ ചിരിച്ചു കൊടുക്കാത്തത് .

ഒരിക്കൽ പൂനെ നിന്ന് തിരികെ നാട്ടിൽ പോകാൻ നേരം ഫസീല കാണാതെ എന്നെ ഒറ്റ വലി കൈയ്യിൽ പിടിച്ച് …ചെന്ന് വീണത് അവന്റെ നെഞ്ചിലോട്ട് .

ഞാൻ പോകുവാടി ഉണ്ട കണ്ണീ … നീ ജാഡ കാണിക്കൽ കൂടുതലാ …. കൈ വേദനിക്കുന്നു എന്ന് പറഞ്ഞ് കൈ പിടിച്ച് വലിച്ച് ഞാൻ പോയെങ്കിലും ഉള്ളിൽ ഇത്തിരി ചിരിയും കൈയ്യിൽ ഇത്തിരി വേദനയും എടുക്കാതിരുന്നില്ല .

അവൻ കാണാതെ അവൻ ഇറുക്കി പിടിച്ച കൈയ്യുടെ ഭാഗം ഒന്നു മണത്ത് നോക്കി ഞാൻ … അവിടെ തന്നെ ഒരുമ്മയും കൊടുത്തു .ഉള്ളിന്റെയുള്ളിലെ അവനോടുള്ള ദേഷ്യം ഒന്നാറി തുടങ്ങിയത് പോലെ .

നജീബും ഫസീലയും മക്കളും പോയി…
ഞാൻ ഒറ്റക്കായ പോലെ ഏകാന്തതയിലായി .

ഷാഹിന ഹാപ്പിയാണ് നജീബിന്റെ മകളെ പോലെ അവന്റെ മക്കളായ ഹാരിസിനും സൈനബക്കും ഒപ്പം അവൾ വളർന്നു … അത് മതി ഷാഹിന സന്തോഷമായി വളരട്ടെ ഒന്നിന്റെയും കുറവറിയാതെ.

ഫസീല അവളുടെ ഉമ്മയുടെ റോൾ ഭംഗിയായി തന്നെ നിർവ്വഹിക്കുന്നുണ്ട്.അങ്ങിനെ തന്നെയായിരുന്നു പിന്നീടുള്ള വർഷങ്ങളും .

വർഷങ്ങൾ എന്ന് പറഞ്ഞാൽ ഷാഹിന നല്ല മാർക്കോടെ പത്താം ക്ലാസ്സ് പാസ്സായി … ആ സ്കൂളിൽ തന്നെ പ്ലസ് ടു പൂർത്തിയാക്കി .

ഇഞ്ചിനീറിങ്ങിന് സീറ്റ് കിട്ടി പിന്നെ നജീബ് നാട്ടിൽ തന്നെ വന്ന് അവളെ
എം എ സി റ്റിയിൽ ഇൻജീനിറിങ്ങ്ന് കൊണ്ടാക്കി .ഞാനും ഫസീലയും ഒപ്പം പോയി.
അവൾ ഇന്ന് വളർന്നു കഴിഞ്ഞിരിക്കുന്നു .

അവളും പ്ലസ് ടുവിന് പഠിക്കുന്ന ഹാരിസുമാണ് ഇപ്പോൾ ആ വീട്ടിലെ ഭരണാധികാരികൾ .സൈനബ പത്തിലും .
മൂന്നും ഒരമ്മ പെറ്റ മക്കളെ പോലെ .

മൂന്നു പേർക്കും ഒരു ഉപ്പ .പിന്നെ ഉമ്മ അത് ഫസീല മാത്രമല്ല ഇപ്പോൾ …എനിക്ക് അവരൊക്കെ കൂടി ഒരു പ്രൊമോഷൻ കൂടി തന്നു അയിശുമ്മ എന്ന് .അങ്ങനെയാണ് ഞങ്ങടെ കുടുംബം മുന്നോട്ട് പോയത് .

ഇതിനിടയിൽ നജീബ് വരുമ്പോൾ ഞങ്ങൾ എല്ലാവരും കൂടി ട്രിപ്പും ഒക്കെയായി ആഘോഷങ്ങൾ .

ഷാഹിന ആസിയയുടെ പതിപ്പാണ് .ലിസ്റ്റുകളുടെ ബഹളമാണ് നജീബിനോട് .ഉപ്പയോട് ലിസ്റ്റ് പറയാൻ സൈനബയും ഷാഹിനയും മത്സരമാണ്.

ഇവർക്കൊപ്പം തുള്ളാൻ നജീബും .
അങ്ങിനെയാണ് ആ വർഷങ്ങൾ നീണ്ടു പോയത് .

ഹാരിസ് പഠിക്കാൻ മിടുക്കനായിരുന്നു ട്യൂഷൻ ടീച്ചർ ആയി ഷാഹിനയും, മാർക്ക് കുറഞ്ഞ് വന്നാൽ തല്ല് കൊടുക്കുന്നതും ഷാഹിനയാണ് .പിന്നെ പ്ലസ്ടു കഴിഞ്ഞ് അവൻ
എം ബി എ ക്ക് ചേർന്നു . സൈനബയും വളർന്നു .

കല്യാണങ്ങൾക്ക് പോകുമ്പോൾ ഷാഹിനയും സൈനബയും ഒരേ ഡ്രസ്സിട്ട് ഒരുമിച്ച് പാറി പറക്കുന്നത് കാണാൻ തന്നെ രസമായിരുന്നു .

ഇതിനിടയിൽ ആണ് എന്റെ ഉപ്പ മരണപ്പെടുന്നത് .നെഞ്ച് വേദന വന്നാണ് മരണം .ബേക്കറി ഒക്കെ പറ്റ പോയിരുന്നു .

അത് നിർത്തി വീട്ടിൽ തന്നെയായിരുന്നു .ചിലവുകൾ ഞാൻ നോക്കി .ആമിനയും മക്കളും നാട്ടിലുണ്ട് .അവരാണ് എല്ലാം നോക്കിയിരുന്നത് .

എന്റോപ്പം ഫസീലയും മക്കളും ഒക്കെ ഉണ്ടായിരുന്നു ഉപ്പാടെ മരണാനന്തര ചടങ്ങുകൾ തീരും വരെ.

എന്റെ ഉമ്മയെ കുറച്ച് ദിവസത്തേക്ക് ഞങ്ങൾ കൊച്ചിക്ക് കൊണ്ടു വന്നു .ഇപ്പോൾ നജീബിന്റെ ഉമ്മയും ഉണ്ട് ഇവിടെ കൂടെ .

ഷാഹിനാക്ക് ആലോചനകൾ വരാൻ തുടങ്ങിയ കാലം .ഒരു ജോലി കിട്ടിയിട്ട് മതി എന്നവളും അവളുടെ ഉപ്പയും …കല്യാണം കഴിച്ച് തുടർന്നു പഠിക്കാമല്ലോ എന്ന് ഞാനും ഫസീലയും .

അവൾക്ക് ഒരു കമ്പനിയിൽ ബിപിഒ ആയി തൽക്കാലം കയറാൻ ഞാനാണന്ന് പറഞ്ഞത് .അതിന് വേണ്ടിയല്ല ഇൻജിനീറിങ്ങ് പാസ്സായതെന്ന് ഉപ്പയും മോളും.

എന്തായാലും ജോലി അന്വേഷണത്തിനിടയിൽ കൊച്ചിയിലെ തന്നെ നല്ല കുടുംബത്തിൽ നിന്ന് ഒരാലോചന വന്നു .കാണാൻ തരക്കേടില്ലാത്ത പയ്യൻ .പയ്യൻ ഡോക്ടർ ആണ് .

ഷാഹിനയെ കണ്ടിഷ്ടപ്പെട്ട് വന്നതാണ് .അതിന് നജീബിന്റെ വരവിനായി കാത്തു .

നജീബെത്തി കാര്യങ്ങൾ സംസാരിച്ചു .അതിന് മുമ്പ് ഷാഹിനയുടെ അഭിപ്രായം തേടി .

നീയല്ലേടീ ജോലി കിട്ടീട്ട് കല്യാണം മതിയെന്ന് പറഞ്ഞത് …. നിനക്ക് ചെക്കനെ കണ്ടപ്പോൾ ജോലി പ്രശ്നമല്ല … അല്ലേടീ കാന്താരി … പോ ഉപ്പാ …. ഞാൻ നോക്കട്ട് അവനെങ്ങനുണ്ടെന്ന് .
അതേയ് മറുപടി പറഞ്ഞില്ല

എന്റെ മോളുടെ കാര്യത്തിൽ എനിക്കൽപ്പം സമയം വേണം .മറുപടി ഒരാഴ്ചക്കകം പറയാം .
ഞങ്ങൾ അമ്പരന്ന് നിന്നു .

അവർ പോയിക്കഴിഞ്ഞപ്പോൾ നജീബ് പറഞ്ഞത് ഡോക്ടർ അല്ല അമേരിക്കൻ പ്രസിഡന്റായാലും ചെക്കനെ കുറിച്ച് അന്വേഷിച്ചിട്ടേ അടുത്ത പരിപാടി ഉള്ളൂ .നജീബ് ചെക്കനെ കുറിച്ച് അന്വേഷിച്ചു .

ചെക്കന്റെ സ്വഭാവം മുതൽ സാമ്പത്തിക സ്ഥിതി വരെ .അവസാനം സജീബ് പച്ചക്കൊടി കാട്ടി .

ജോലിക്ക് വിടാൻ തയ്യാറാണങ്കിൽ മാത്രം മുന്നോട്ട് കാര്യങ്ങളിലേക്ക് കടക്കാം എന്നായപ്പോൾ ചെക്കനും വീട്ടുകാരും സമ്മതിച്ചു .

പക്ഷെ എന്റെ ഉമ്മാക്കും പിന്നെ കാര്യം അറിഞ്ഞപ്പോൾ യൂസുഫിന്റെ ഉപ്പാക്കും ഉമ്മാക്കും മലബാറിൽ നിന്ന് പോരെ പയ്യൻ എന്ന അഭിപ്രായങ്ങൾ .

ഇവിടെ നിന്ന് മതിയെന്ന് ഷാഹിന .അങ്ങിനെ ഷാഹിനയുടെ തീരുമാനത്തിന് വിട്ടു .

ആ കല്യാണം തന്നെ മതി എന്ന് ഉറപ്പിച്ചു .
അതിനായി എല്ലാം ആക്കി കുട്ടാൻ ഞങ്ങളും തയ്യാറെടുത്തു .

ഇതിനിടയിൽ തീരുമാനങ്ങൾ അറിഞ്ഞ് യൂസുഫിന്റെ ഉമ്മയുടെ വിളി വരുന്നത് .

ഞങ്ങൾ ഷാഹിനയും കൂട്ടി അവിടെ ചെന്നു കണ്ടു .എന്നെ അകത്തേക്ക് അന്നും ക്ഷണിച്ചില്ല .

യൂസുഫിന്റെ ഉപ്പ കിടപ്പിലാണ് .ഞാൻ അകത്തേക്ക് തന്നെ കയറി… അനുവാദമില്ലാതെ തന്നെ .

യുസുഫിന്റെ ഉപ്പാനോട് കാര്യങ്ങൾ പറഞ്ഞു .യൂസുഫിന്റെ ഉമ്മ ഒരു ചെറിയ പെട്ടി കൊണ്ടു വന്നു .

ഇത് ഞാനുപയോഗിച്ചിരുന്ന സ്വർണ്ണമാണ് ഇനി എന്റെ കൊച്ചുമോളുടേത് ആണിതെല്ലാം .ഇത് വിൽപത്രം എഴുതിയതാണ് ഞങ്ങടെ കാല ശേഷം ഇതെല്ലാം ഷാഹിനക്കുള്ളതാണ് .

കല്യാണം ആകുമ്പോൾ അറിയിക്കാമെന്ന് പറഞ്ഞ് ഞങ്ങൾ തിരികെ കൊച്ചിയിൽ ധൃതി പ്പെട്ട് എത്തി കാരണം നാളെ നജീബ് തിരികെ പോവുകയാണ് .

ഇനി കല്യാണം ഉറപ്പിക്കലിന് വരണം കല്യാണത്തിന് വരണം അതുകൊണ്ട് അധികം നിന്ന് ലീവ് കളയുന്നില്ല .

അന്ന് രാത്രി …. എല്ലാവരും കൂടി ഇരിക്കുമ്പോൾ നജീബ് ഷാഹിനയോട് ചോദിച്ചു .
അല്ല മോളേ ഉപ്പ മോളുടെ കല്യാണത്തിന് എന്താ തരേണ്ടത് ?

ചോദിച്ചാൽ എത്ര വിലയുള്ളതാണേലും വാങ്ങി തരുമോ ?

എന്തോ വിലയുള്ളതാ അവൾ ചോദിക്കാൻ പോകുന്നത് അവളെയും സൈനബയെയും ആ കാര്യത്തിൽ പിടിച്ചാ കിട്ടൂല .

ഞാൻ അവളെ രൂക്ഷമായി നോക്കി ചോദിക്കാതിരിക്കാൻ വേണ്ടി ….
ഫസീലയും നജീബും ഹാരിസും ചോദ്യം കാത്തിരുന്നു …
ചോദിക്കട്ടേ ….

ഹാരിസ് ചാടിക്കയറി ഞാൻ …ഇപ്പോ ഇടിക്കും നിന്നെ ….. കുറേ നേരമായി ഇത്താത്ത സസ്പെൻസ് ഇടുന്നു … ഒന്ന് ചോദിക്ക് ഇത്താത്താ എന്താണേലും ….
അയ്യടാ നീയിങ്ങ് ഇടിക്കാൻ വാ …. ഞാൻ

ഉപ്പാനോടല്ലേ ചോദിക്കുന്നത് നീ ചാടിക്കയറാൻ ….
ഓഹ് …. സസ്പെൻസിടാതെ ഇത്താ)))))))
ഉപ്പാ ഞാൻ ചോദിക്കും ……

ചോദിക്ക് പെണ്ണേ ഇവൻ പറഞ്ഞ പോലെ സസ്പെൻസിടാതെ …
ഓക്കെ ഞാൻ ചോദിക്കാൻ പോകുവാ ….
ഊഹ് ……

എന്റെ നെഞ്ച് പിടഞ്ഞു ഒന്നുകിൽ വല്ല ഡയമണ്ട് നെക്ലസ് അല്ലേൽ അതിൽ കൂടിയ വല്ലോം ഉണ്ടെങ്കിൽ അത് തന്നെ അവൾ ചോദിക്കുക .ഷാഹിനാ നീ ആയിശായെ തോൽപിക്കല്ലേ … ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു .

ഉപ്പാ എത്ര വില ഉണ്ടേലും തരണം .
ഉറപ്പ് …. തരും തന്നിരിക്കും മോള് ചോദിക്ക് .

ഹാരിസ് എന്റെ അനിയൻ അല്ലാ എന്നെനിക്കറിയാം…. സൈനബ എന്റെ അനിയത്തി അല്ലാന്നും .. അവർ വേറെ ഒരു വയറ്റിൽ പിറന്നന്നേയുള്ളൂ പക്ഷെ അവർ എന്റെ കൂടെ പിറന്ന അനിയനും അനിയത്തിയും തന്നാ അവർ .

അവരുടെ ഇത്താത്തയുമാണ് ഞാൻ .ആ വയറ്റിൽ പിറന്നില്ലേലും എന്റെ ഉമ്മയാണ് ഈ ഇരിക്കുന്നത്. എന്നെ പ്രസവിച്ചത് ആയിശുവും .
സ്വന്തം മോളെ പോലെ വളർത്തിയ ഉപ്പ …

ഞങ്ങൾ അവളിലേക്ക് നോക്കി ഇരുന്നു .

ഉപ്പ എന്റെ സ്വന്തം ഉപ്പ അല്ലാ എന്ന് എനിക്ക് അറിയാം .പക്ഷെ സ്വന്തം മകളെ പോലെ അല്ല മകളായിട്ട് തന്നെ വളർത്തി എല്ലാ സ്നേഹവും തന്ന് .

പക്ഷെ എന്റെ നിക്കാഹ് നടത്തി തരാൻ …എന്റെ സ്വന്തം ഉപ്പയുടെ സ്ഥാനത്ത് ഉപ്പ തന്നെ വേണം അത് നടത്തി തരാൻ .

അത്രേയുള്ളോ അത് ഞാൻ ഏറ്റു മോളേ … അത് ഈ ഉപ്പാക്ക് നീ തരുന്ന അംഗീകാരമല്ലേ മോളേ?
അത് എനിക്ക് നീ തരുന്ന സമ്മാനമാ മോളേ …

എന്റെ മോൾക്ക് എന്ത് സമ്മാനമാ വേണ്ടത് ? എത്ര വിലയുള്ളതാണേലും ഉപ്പ അത് വാങ്ങി കൊണ്ട് തരാം നീ ചോദിക്ക് .
ഉപ്പ എനിക്ക് വേണ്ടത് ഉപ്പായെ തന്നാ ….

അവൾ പറഞ്ഞു അതിനായി ഉപ്പ എന്റെ ആയിശൂമ്മാനെ കല്യാണം കഴിക്കാമോ ?
ഫസീല നജീബിനെ നോക്കി .

ഞാൻ ആ ചോദ്യം കേട്ട് അമ്പരപ്പോടെ നിന്ന് പോയി .
ഞാൻ പോയാൽ എന്റെ ആയിശൂമ്മാന് ആരുണ്ട് ഉപ്പാ …..?

ഉപ്പാക്കറിയുമോ ആയിശൂന്റെ മനസ്സിലും ഉപ്പയാണ് എനിക്കറിയാം എല്ലാം .നമ്മൾ എവിടെ പ്പോയാലും ആയിശുമ്മ കൂടെ ഉള്ളപ്പോൾ ആ കണ്ണുകൾ ഞാൻ വായിച്ചെടുത്തതാ .

ഷാഹിന നജീബിനറ് കാൽക്കൽ വീണു .രണ്ട് കൈ കൊണ്ടും ആ കാലുകൾ പിടിച്ചു പൊട്ടി ക്കരഞ്ഞു കൊണ്ട് ഷാഹിന …… .

ഉപ്പ എനിക്ക് പൊറുത്തു തരണം .

ഫസീലയെ നോക്കിയവൾ ……. എന്റെ ഉമ്മയും എനിക്ക് പൊറുത്തു തരണം ..

ഞാൻ ഓടി ചെന്ന് ഷാഹിനയെ പിടിച്ചു വലിച്ചു .
ഒരടി കൊടുക്കാൻ ഓങ്ങി … നന്ദികേട് കാണിക്കുന്നോടീ …. എന്റെ കയ്യിൽ നജീബ് കയറി പിടിച്ചു .
എന്നെ വിട് എന്നെ വിട് എന്ന് ഷാഹിന നിലവിളിച്ചു കൊണ്ട് ….
എന്റെ മോളെ തല്ലരുത് …. തല്ലാനല്ല വളർത്തിയത് ആയിശാ .. എന്ന് നജീബും ഉച്ചത്തിൽ .
ഹാരിസും സൈനബയും എന്റെ സാരിയിൽ പിടിച്ചു എന്നെ പിടിച്ചു മാറ്റാൻ നോക്കുന്നു .ഫസീല ഷാഹിനയും പിടിച്ചു മാറ്റി ….

കുതറി കൊണ്ട് ഷാഹിന ….

ആയിശുമ്മാ നിങ്ങൾ ഇന്നു വരെ അല്ല ഇന്നും എന്റെ ഉപ്പാനെ സ്നേഹിക്കുന്നില്ല എന്ന് പറയാമോ ?
ഞാൻ കരഞ്ഞു തളർന്നു വീഴും പോലെ .
ഉത്തരം ഇല്ലാതെ …..

എന്റെ മകളോട് …നജീബിനോട് .
ഫസീലയോട് ..ഹാരിസിനോട് …. സൈനബയോട്….
ഇവരല്ലാതെ വേറെ ആരുമില്ല ഈ ആയിശാക്ക് .

നിങ്ങൾ പറ ഇവരോട് ഇപ്പോൾ ഞാനെന്ത് മറുപടി പറയണമായിരുന്നു …

ഞാൻ നജീബിനെ സ്നേഹിക്കുന്നു എന്നോ ? അതോ സ്നേഹിക്കുന്നില്ല എന്നോ ….
പറയൂ….

തുടരും

ആഇശ: ഭാഗം 1

ആഇശ: ഭാഗം 2

ആഇശ: ഭാഗം 3

ആഇശ: ഭാഗം 4

ആഇശ: ഭാഗം 5

ആഇശ: ഭാഗം 6

ആഇശ: ഭാഗം 7

ആഇശ: ഭാഗം 8

ആഇശ: ഭാഗം 9

ആഇശ: ഭാഗം 10

ആഇശ: ഭാഗം 11

ആഇശ: ഭാഗം 12

ആഇശ: ഭാഗം 13

ആഇശ: ഭാഗം 14

ആഇശ: ഭാഗം 15

ആഇശ: ഭാഗം 16