Thursday, December 12, 2024
Novel

ആഇശ: ഭാഗം 3

നോവൽ
******
എഴുത്തുകാരൻ: Anush. A. Azeez

എന്തു ചെയ്യണമെന്നറിയാതെ മോളോടൊപ്പം മുറിയിൽ ലൈറ്റിടാതെ ഇരിക്കുമ്പോഴാണ് വേലക്കാരി റംല വന്ന് വിളിക്കുന്നത് .അവർ വന്നു ലൈറ്റിട്ടു .ഇങ്ങനെ കുത്തിയിരുന്നിട്ടെന്ത് കാര്യം അയിശു .

പണ്ട് എന്റെ ഭർത്താവ് തളർന്നു കിടന്നപ്പോൾ അതും രണ്ട് മക്കളോടൊപ്പം മരുന്നു കുപ്പികൾക്ക് മുന്നിലിരുന്നു കരഞ്ഞിട്ടുണ്ട് .

വയറ്റിൽ ഭക്ഷണത്തിന്റെ ഒരംശം പോലുമില്ലാതെ അന്ന് ഞങ്ങൾ മനമുരുകി ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ട്.

ഒരു വഴിയും ഇല്ലാതെ അന്ന് ദൈവം യൂസുഫിന്റെ വാപ്പയുടെ രൂപത്തിലാണ് വന്നത് .അന്ന് മുതൽ ഇന്ന് വരെ ഭർത്താവ് ഇതിനിടയിൽ മരണപ്പെട്ടിട്ടും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല .

ദൈവം ഒരു വഴി അടക്കുമ്പോൾ ആയിരം വഴികൾ തുറന്നിടും ,എല്ലാ വഴികളും അടക്കുമ്പോൾ നമുക്കവൻ എക്കാലത്തേക്കുമുള്ള വഴി തുറന്നു തരും .

ദൈവത്തിൽ വിശ്വസിക്കുക .വന്നു ഭക്ഷണം കഴിക്ക് പട്ടിണി കിടന്നാൽ നമ്മൾ കൂടുതൽ തളരും അത്രേയുള്ളൂ .

റംല ഇത് പറഞ്ഞ് നിർത്തുമ്പോൾ ദൈവം എനിക്കും ഒരു വഴി കാട്ടിത്തരാതിരിക്കില്ല എന്ന് ഞാൻ സ്വയം പ്രത്യാശിച്ചു .പക്ഷെ ഇനി എന്ത് അത്ഭുതങ്ങൾ ആണ് സംഭവിക്കുക .

നേരം പുലർന്ന് കുറഞ്ഞ മണിക്കുറിൽ എങ്ങിനെ രണ്ട് ലക്ഷത്തോളം ദിർഹം ഞാൻ കണ്ടെത്തും .യൂസുഫാണേൽ എവിടേക്കോ എന്നെ തനിച്ചാക്കി ഇതിൽ നിന്നെല്ലാം ഓടിയൊളിച്ചു .

എന്നെയും ഈ പിഞ്ചു കുഞ്ഞിനയും ഈ പ്രശ്നങ്ങൾക്ക് നടുവിലെറിഞ്ഞ് കൊടുത്ത് എങ്ങോട്ടാണീ യൂസുഫ് പോയത് .ഫോണെടുത്ത് യൂസുഫിന്റെ സുഹൃത്തുക്കളെ വിളിച്ചു അവർ ഓരോരുത്തരെയായി .

പലരും ഫോണെടുത്തില്ല ചിലർ ഫോൺ ബിസിയാക്കി .ചിലർ തിരക്കിലാണ് ,മീറ്റിങ്ങലാണ് എന്നൊക്കെ തിരികെ മെസ്സേജയച്ചു .

ചിലർ ഫോണെടുത്തെങ്കിലും കുറച്ചു മുമ്പ് കാശ് വേറൊരാൾ ചോദിച്ചു അയാൾക്ക് കൊടുത്തു പോയി തുടങ്ങിയ ന്യായ കാരണങ്ങൾ .

അവർക്ക് എല്ലാം എന്റെ അവസ്ഥയും കാര്യവും മനസ്സിലായിട്ടുണ്ടാകണം .

നേരം വെളുത്ത് ഡ്രൈവറായ സുധീറിനെ വിളിച്ചു വരുത്തി നേരെ പോയത് ബാങ്കിലേക്കാണ് .അവിടുത്തെ എ.സി യിൽ പോലും ഞാൻ വിയർത്തു പോകുന്ന ചൂടനുഭവപ്പെടും പോലെ .

ബാങ്കിന് പഴയ പല്ലവിയേ പാടാൻ ഉണ്ടായിരുന്നുള്ളു. ഇന്ന് ഉച്ചക്ക് തന്നെ പണമടക്കണം .മാനേജറിന് അതിൽ കൂടുതൽ ഒരു മണിക്കൂർ പോലും തരാൻ തയ്യാറല്ല .എങ്കിൽ തവണകളായി അടക്കാൻ എന്റെ പേരിൽ ഈ തുക തന്നെ ലോണായി തരാൻ ആവശ്യപ്പെട്ടിട്ടും അവരതിന് തയ്യാറായില്ല .

നിങ്ങളുടെ പേരിൽ കൂടി കേസുള്ളതിനാൽ ഈ ബാങ്കിൽ നിന്നല്ല ഒരു ബാങ്കിൽ നിന്നും നിങ്ങൾക്ക് ലോൺ കിട്ടാൻ പോകുന്നില്ല .ഇത് കൂടി കേട്ടപ്പോൾ ആകെ തരിച്ചിരുന്നു പോയി .

അപ്പോഴാണ് ഇസ്മുക്ക എന്ന് വിളിക്കുന്ന ഇസ്മായിലിക്ക ബാങ്കിൽ വരുന്നത് .അദ്ദേഹം യൂസുഫിനെറ് ഉപ്പയുടെ സുഹൃത്താണ് .ഇടക്കിടക്ക് വീട്ടിൽ വന്നിട്ടും ഉണ്ട് .

ഞാൻ കാര്യം പറഞ്ഞു .എല്ലാം ക്ഷമയോടെ കേട്ടു നിന്നദ്ദേഹത്തിനും എന്റെ തേ അവസ്ഥ പറയാൻ ഉണ്ടായിരുന്നുള്ളു .

ഇതേ അവസ്ഥയെ താണ്ടി ചെറുത്തു നിൽക്കാൻ ശ്രമിക്കുകയാണ് അദ്ദേഹവും .പലരിൽ നിന്നും മറിച്ചും തിരിച്ചും പിടിച്ചു നിൽക്കുന്നു .

എന്റെ നിറഞ്ഞ കണ്ണുകളുടെ നിസ്സാഹായാവസ്ഥയിൽ അതും കേട്ട് നിൽക്കുമ്പോൾ എന്റെ കണ്ണുനീർ കണ്ടിട്ടാകണം ,പണം കൊണ്ട് സഹായിക്കാൻ കഴിയില്ലേലും ഞാൻ മറ്റൊരു വഴി നോക്കട്ടെ എന്നദ്ദേഹം പറഞ്ഞത് .

ഫോണെടുത്ത് അൽപം മാറി നിന്ന് ആരെയോ ഫോണിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു .പിന്നെ അദ്ദേഹത്തിന്റെ ബാങ്കിലെ ഇടപാടുകൾ കഴിഞ്ഞ് എന്നെയും വിളിച്ച് മാനേജരുടെ അടുത്തേക്ക് .ഇസ്മായിലിക്ക ഫോണിൽ വിളിച്ച് മാനേജരുടെ കൈയ്യിൽ കൊടുത്തു .

മാനേജർ എന്തൊക്കയോ അറബിയിൽ സംസാരിക്കുന്നു .ടെൻഷൻ കൊണ്ട് ആ മുറിയിലെ കമ്പ്യൂട്ടറും അവിടുത്തെ ഷെൽഫിലേക്കും നോക്കി വിറയലോടെ കാത്തിരുന്നു ഞാൻ .

തല പെരുത്ത് തല കറക്കം വരും പോലെ .മാനേജർ സംഭാഷണം അവസാനിപ്പിച്ച് ഫോൺ ഇസ്മായിലിക്കാക്ക് തിരികെ നൽകി കൊണ്ട് തുടർന്നു .

ആരെ കൊണ്ട് വിളിച്ചു പറയിപ്പിച്ചിട്ടും ഈ നാട്ടിൽ കാര്യം ഇല്ല .എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല .എന്റെ മുഖത്തേക്കയാൾ നോക്കി .എന്റെ ചുണ്ടുകൾ വിറങ്ങലിക്കുന്നുണ്ടായിരുന്നു .

അവസാനം ഞാൻ ഒരു സ്ത്രീയല്ലേ അവർക്കീ കേസും കൂട്ടോം അതിന് പിറകെ നടക്കാനൊന്നുമറിയില്ല എന്നൊക്കെ ഇസ്മായിലിക്ക പറയുമ്പോഴും എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ എന്നെ നോക്കി അയാൾ പറഞ്ഞു .

ശരി ഇന്ന് ചൊവ്വാഴ്ച അടുത്ത തിങ്കളാഴ്‌ചകം അതായത് ഇന്ന് മുതൽ ഏഴാമത്തെ ദിവസം പണം കടം മേടിച്ചോ മോഷ്ടിച്ചോ എങ്ങനായാലും വേണ്ടില്ല അന്ന് കൊണ്ടടക്കണം .

അത് ഞാൻ ചെയ്ത് തരാം .ഒരു മണിക്കൂർ പോലും ഔദാര്യം നൽകാത്ത ബാങ്കിൽ നിന്നത് കേട്ടപ്പോൾ ആ നിർദ്ദേശം രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു .ഇനി എഴു ദിവസം .

സ്വർണ്ണം വിളയുന്ന ഈ ഭൂമിയിൽ നിന്നാണ് ഈ ലോകത്തിന്റെ പല ഭാഗത്തും പല കുടുംബങ്ങളും പട്ടിണി അകറ്റുന്നത് .ഈ സ്വർണ്ണം വിളയുന്ന ഈ മരുഭൂമിയിൽ നിന്നാണ് ദൈവം എനിക്ക് ഏഴു ദിവസം അനുവദിച്ചതെങ്കിൽ ഇനിയും പലതും തരാൻ ദൈവത്തിന് കഴിയും .

അല്ല എനിക്ക് ചെയ്യുവാൻ കഴിയുമായിരിക്കും .അവിടുന്നിറങ്ങി നേരെ സൂപ്പർ മാർക്കറ്റിലേക്ക് .അവിടെ എത്തി ഓർഡറുകളും സ്റ്റോക്കും കണക്കുകൾ ഒക്കെ നോക്കി .

അത് നോക്കി കൊണ്ടിരിക്കുമ്പോഴാണ് മൂന്നാലു ദിവസങ്ങൾ കഴിയുമ്പോൾ തൊഴിലാളികൾക്കെല്ലാം ശമ്പളം കൊടുക്കണമെന്ന് മാനേജർ സാം ഓർമിപ്പിച്ചത് .

നാളെയാണ് സ്പോൺസർക്ക് വാടകയും കൊടുക്കണ്ടത് .
ദൈവാനുഗ്രഹം കൊണ്ട് അതൊക്കെ റെഡിയാണിവിടെ .

മാനേജരായ സാം ആ കാര്യത്തിൽ വളരെ പെർഫക്ട് ആയ മനുഷ്യനാണ് .ഈ യൂസുഫിന്റെ കടങ്ങൾ എങ്ങിനെ വീട്ടും എന്നേ എന്റെ മുന്നിൽ ഉള്ളൂ .

നാട്ടിൽ നിന്ന് ഉപ്പ വിളിക്കുന്നു .എന്തായി കാര്യങ്ങൾ എന്നറിയാനാണ് .എന്താ അവരോട് പറയുക .യൂസുഫിന് വേണ്ടി ഉള്ള വീടും പറമ്പും എല്ലാം പണയം വെച്ച് കൊടുത്തില്ലേ ?

ആ പണയം വെച്ചതിന്റെ പലിശ അടക്കാൻ അനിയത്തിമാരുടെ മാലയും വളയും വരെ ഊരി ക്കഴിഞ്ഞു വാപ്പ .നല്ല നിലയിൽ എന്നെ കെട്ടിച്ചു വിട്ട് അഭിമാനത്തോടെ തല ഉയർത്തിയ ഉപ്പയോട് ഈ മകൾ എന്താ പറയുക .

യൂസുഫ് ഈ ഉള്ളവളെ ഇവിടെ നടുക്കടലിലാക്കി മുങ്ങിയെന്നോ ?

പിന്നെ രാത്രിയിൽ സമയം കിട്ടുമ്പോൾ അങ്ങോട്ട് വിളിക്കാം .

എങ്ങനെയും ഏഴേ ഏഴ് ദിവസത്തിനകം പണം കണ്ടെത്തണം .അത് എത് മാർഗ്ഗത്തിലൂടെയാണങ്കിലും .

പിറ്റേ ദിവസം തിരക്കുകൾക്കിടയിൽ സാം വന്ന് പറയുന്നത് .സ്പോൺസറിന് കൊടുക്കാനുള്ള വാടകയെ കുറിച്ച് .മാഡം കാശ് ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്തിട്ടില്ല .

ചെയ്താൽ ഒന്നും ചെയ്യാൻ കഴിയില്ല .അവിടെ പെട്ടു പോകും .യൂസുഫിന്റെ അക്കൗണ്ടുകൾ ബാങ്ക് മരവിപ്പിച്ചിരിക്കുകയാണ് .

അതു കൊണ്ട് കാശ് നേരിൽ സ്പോൺസറിന് നൽകാം എന്ന് സാം ആണ് പറഞ്ഞത് .വാടക കാശുമായി സാം സ്പോൺസറുടെ വീട്ടിൽ പോകാൻ ഇറങ്ങുമ്പോൾ എന്തോ എന്റെ മനസ്സ് പറഞ്ഞു വേണ്ട ഞാൻ തന്നെ പോയാലെന്താന്ന് .

ഞാൻ സാമിനെ തടഞ്ഞു .ഞാൻ കൊണ്ട് പോയി കൊടുക്കാം സാം .തെല്ലമ്പരപ്പോടെ സാം … മാഡം സ്പോൺസർമാരെ സ്ത്രീകൾ പോയി കാണണോ .അങ്ങനെ ആരും ചെയ്യാറില്ല .

വേണ്ട ഞാൻ തന്നെ പോയി നോക്കട്ടെ എന്ന് തന്നെ പറഞ്ഞ് ഡ്രൈവർ സുധീറിനെയും കൂട്ടി നേരെ സ്പോൻസർ വീട്ടിലേക്ക് .

മിക്കപ്പോഴും ഓഫീസിലാണുണ്ടാവാർ രണ്ടു ദിവസമായി വീട്ടിലാണന്നറിഞ്ഞോണ്ടാണ് വീട്ടിലേക്ക് പോകുന്നത് .ഞാൻ ഇന്നു വരെ കണ്ടിട്ടില്ല പേര് പോലും എനിക്ക് ചൊവ്വിനറിയില്ല.

കൊട്ടാരം പോലുള്ള വീട് .വെറും കൊട്ടാരമല്ല വലിയ ഒരു പാലസ് .ആഡംഭരക്കാറുകൾ നിരത്തി ഇട്ടിരിക്കുന്നു .

അതും ഫെറാറി കാറുകൾ വരെ .ഒരുപാട് പണിക്കാർ .വലിയ കൂറ്റൻ മതിൽ കെട്ടുകൾ .മതിലിൽ പല ഡിസൈനുകൾ .

വണ്ടിയിൽ നിന്നിറങ്ങും മുമ്പേ സുന്ദരനായ ഒരറബി വന്നു .അയാൾ ഡ്രൈവറുമായി സംസാരിച്ചു .അയാൾ എന്നെ അകത്തേക്ക് ക്ഷണിച്ചു .എന്ത് സൗന്ദര്യമാ അയാൾക്ക് നല്ല നീളവും .

അറബി വേഷത്തിൽ ശരിക്കും ഒരു രാജകുമാരനോ ഹിന്ദി സിനിമയിലെ നായകനോ എന്നൊക്കെ തോന്നും .

അടിപൊളി സുന്ദരനായ സ്പോൺസർ …പാൽ പുഞ്ചിരിയും .. ഇതാകും യൂസുഫിവിടെ എന്നെ കൊണ്ടു വരാത്തത് .

അയാൾ എന്നെ അകത്തേക്ക് ക്ഷണിക്കുമ്പോൾ ഡ്രൈവറായ സുധീറിനോട് വെളിയിൽ കാത്തു നിൽക്കാൻ ആവശ്യപ്പെട്ടു.

ഇതാണ് സ്ത്രീകളുടെ വാതിൽ അകത്തേക്ക് പോകൂ. എന്റെ പേര് സാല … എന്റെ പേര് ആയിഷ… ആയിശാ ഞാനല്ല നിങ്ങടെ സ്പോൺസർ എന്റെ വാപ്പയാണ് ഞാൻ മൂത്ത മകനാണ് .. വാപ്പ വരുമ്പോൾ ആയിശായെ വിളിക്കാം .

ഞാൻ ആ വാതിൽ കടന്നു ചെരുപ്പഴിച്ച് വെളുത്ത തണുത്ത മാർബിൾ പതിച്ച തറയിലൂടെ .ചെറു പുഞ്ചിരിയോടെ ഒരു അറബി സ്ത്രീ .സ്വർണ്ണ വളകളും മോതിരങ്ങളും അണിഞ്ഞവർ .

പണിക്കാരികൾ ഉണ്ട്. അവരുടെ കൂടെ വേറെ കുറെ അറബി പെൺകുട്ടികളും മുതിർന്ന സ്ത്രീകളും .അവർ എന്നെ അവരുടെ വീട്ടിലെത്തിയ പ്രധാന അതിഥിയെ പോലെ സ്വീകരിച്ചു .

നിന്നെ കണ്ടാൽ അറബി പെണ്ണു പോലെ ഉണ്ടല്ലോ … പേരും ഒക്കെ തിരക്കി … ഓഹ് നീ മുസ്ലീം ആണല്ലേ ..മുഖം മറച്ചു നടക്കണ്ടേ … ഇത് ദുബായി അല്ലേ ഉമ്മാ …

നീ നന്നായി അറബി പറയുന്നുണ്ടല്ലോ സുന്ദരിക്കുട്ടീ …. എന്നെ ഇരുത്തി അറബി കാപ്പിയും ഈന്തപ്പഴങ്ങളും നൽകി .

എന്റെ കഥകൾ ചോദിച്ചു .അവർക്ക് സങ്കടമായിട്ടാണോ എന്നറിയില്ല .എന്റെ തലയിൽ രണ്ട് കൈകളും വെച്ച് എന്റെ നെറ്റിയിൽ മൂന്നാലു മുത്തം തന്ന് കുറേ പ്രാർത്ഥനകളോടെ .

സ്പോൺസർ വന്നു അവിടേക്ക് ചെന്ന് കാര്യങ്ങൾ പറഞ്ഞു വാടക നൽകി .യൂസുഫിന്റ വാപ്പ മുതൽ എനിക്കറിയാം യൂസുഫിനെ കുട്ടിക്കാലം മുതലും അവൻ വരും നീ പേടിക്കണ്ട .അവൻ ഇവിടെ ജനിച്ച് വളർന്ന ദുബായിയുടെ കുട്ടിയാ ഈ മണ്ണിൽ അവൻ തോൽക്കില്ല .

എന്നെ ആശ്വസിപ്പിച്ചാണദ്ദേഹം യാത്രയാക്കിയത് .കാറിൽ തിരികെ കേറുമ്പോൾ അയാൾ പറഞ്ഞു നീ ഇനി വാടക തരാൻ ഇങ്ങോട്ട് വന്ന് ബുദ്ധിമുട്ടണ്ട എന്റെ മകൻ സാല വന്നോളും അതും പറഞ്ഞദ്ദേഹം നടന്നു നീങ്ങി .അപ്പോഴാണ് സാല വന്ന് ഫോൺ നമ്പർ ചോദിച്ചത് .

അയാൾ എന്റെ മൊബൈൽ നമ്പർ ചോദിച്ചു .കൊടുക്കാൻ മനസ്സൊന്നു മടിച്ചെങ്കിലും കൊടുത്തു .വാടക വാങ്ങാൻ വരും മുമ്പ് വിളിക്കാനാ എന്ന് കേട്ടപ്പോൾ ഒന്ന് ശ്വാസം വീണു.

വണ്ടി നീങ്ങിയപ്പോഴാണ് സുധീർ പറയുന്നത് ,ഇത്താത്താ ഇവൻമാരെ കാണാൻ ഭൂലോക ലുക്കൊക്കെ ഉണ്ടന്നേയുള്ളൂ ഭൂലോക വില്ലൻമാരാ ,ഇത്ത എന്തിനാ നമ്പർ കൊടുത്തത് .

ഞാൻ ഒന്നും മിണ്ടിയില്ല .നമ്മുടെ സൂപ്പർമാർക്കറ്റിലെ മുതൽ മുടക്ക് ഇവരുടേതാണ് .അതിന്റെയും കെട്ടിടത്തിന്റെയും കൂടി ആണ് ഈ വാടക .അതു കൊണ്ട് തന്നാ യൂസുഫിന് ഇത് വിൽക്കാൻ കഴിയാതെ പോയത് .

വീട്ടിലെത്തി ശരിക്കും സമയമെടുത്ത് ഒന്നു തേച്ചു കുളിച്ചു .ഒന്ന് ഫ്രഷായ പോലെ .കുറച്ചു നേരം മകളയും എടുത്ത് കുറച്ചു നേരം കളിപ്പിച്ച് ഇരുന്നു പിന്നെ ഭക്ഷണവും കഴിച്ച് ഉറങ്ങാൻ കിടന്നു .

അപ്പോഴാണ് ഒരു കോൾ വരുന്നത് .
ഫോൺ ബിസിയാക്കി ഈയിടയായി പലരും വെറുതെ വിളിക്കുന്നുണ്ട് .ഈ ബിസിസ്സ് നോക്കി നടത്തുന്നത് കൊണ്ട് ഓഫാക്കി വെക്കാനും പറ്റില്ല .വീണ്ടും കോൾ വന്നു എടുത്തപ്പോൾ സ്പോൺർ മകൻ സാല .
നമ്പർ ശരിയാണോന്ന് നോക്കാൻ വിളിച്ചതാണന്ന് .

ഒരു “ഹും” പറഞ്ഞ് ആ കോൾ ഒതുക്കി .വന്ന ഉറക്കം പോയതിൽ പിന്നെ യുസുഫിന്റെയും എന്റെ പഴയ ഫോട്ടോസ് നോക്കി കിടന്നു .
ഉറങ്ങിപ്പോയതു പോലും ഞാനറിഞ്ഞില്ല .

ബാങ്ക് തന്ന ഏഴ് ദിവസങ്ങളിൽ ഇനി നാല് ദിവസകൾ മാത്രേ ബാക്കിയുള്ളു .വേഗം സൂപ്പർ മാർക്കറ്റിലെത്തി .എന്ത് വഴിയാകും ഇനി മുന്നിൽ തെളിഞ്ഞ് വരിക .

ഉച്ചയായപ്പോൾ ഭക്ഷണ സമയത്ത് സ്ഥാപനത്തിലെ എല്ലാ തൊഴിലാളികളെയും വിളിച്ചു കൂട്ടി .നിങ്ങൾ 17 തൊഴിലാളികൾ ഉണ്ട് .എന്റെ ഭർത്താവിന്റെ എല്ലാ സ്ഥാപനങ്ങളും നഷ്ടപ്പെട്ടിട്ടും ലാഭത്തിൽ നിലനിൽക്കുന്ന ഒരേ ഒരെണ്ണം .

എന്നിക്ക് താങ്ങാൻ കഴിയാത്ത കടവും തന്നിട്ട് യൂസുഫ് എവിടെയെന്നും എനിക്കറിയില്ല .ഈ സ്ഥാപനത്തിൽ നിന്ന് വേണം ഭാര്യയായ ഞാനും ഒരു കുഞ്ഞും ജീവിക്കാനും പിടിച്ചു നിൽക്കാനും .ഞാൻ നിങ്ങളോട് ഒരു സഹായം ചോദിക്കുവാനാണ് വിളിപ്പിച്ചത് .

എനിക്ക് ഈ വരുന്ന തിങ്കളാഴ്ച രണ്ട് ലക്ഷത്തോളം ബാങ്കിൽ അടക്കണം .നിങ്ങളുടെ ശമ്പളം എനിക്ക് ഒന്ന് കടം തരാൻ കഴിയുമോ ? നിങ്ങൾക്ക് ശമ്പളം നൽകാനുള്ള എഴുപത്തി ആറായിരം ദിർഹം എന്റെ കൈവശം ഉണ്ട് .തരാൻ കഴിയുമോ ? നിങ്ങൾ പരസ്പരം മുഖാ മുഖം നോക്കണ്ട.

പറ്റുന്നവർ തന്നാൽ മതി .അല്ലാത്തവർക്ക് ശമ്പളം ശമ്പള ഡേറ്റിൽ തന്നെ കൈപ്പറ്റാം .അല്ലാത്തവർക്ക് കടമായി തരുന്ന തുക അടുത്ത ശമ്പളത്തോടൊപ്പം കുറേച്ചെയായി തരും .കടം വീട്ടിക്കഴിഞ്ഞാൽ വീടാൻ കഴിഞ്ഞ് ഞാനിവിടുണ്ടേൽ ചെറിയ ശമ്പള വർദ്ധനവും ഞാൻ ഓഫർ ചെയ്യുന്നു .

ഇന്ന് വ്യാഴം ശനിയാഴ്ചക്കുള്ളിൽ തീരുമാനിക്കാം.
പിന്നെ മാനേജർ സാമി നെ വിളിച്ചു വരുത്തി .

സാം ഇവിടെ ഏറ്റവും കൂടുതൽ വേഗത്തിൽ വിൽക്കുന്നതും കൂടുതൽ തുക വരുന്നതും കോഴിയും ഇറച്ചിയും മീനും അടക്കം ഫ്രോസൻ ഫുഡിനല്ലേ?

യെസ് മാഡം … ഓരോ ദിവസം ഇടവിട്ട് നമ്മൾ ഇറക്കുന്നുണ്ട് .
പറഞ്ഞു തീരും മുമ്പേ ഞാൻ ഫോണെടുത്ത് ഫ്രോസൻ ഫുഡിന്റെ കമ്പനിയിലെ സെയിൽസ് ഡിപ്പാർട്ട് മെന്റിൽ വിളിച്ചു .

സർ ഞാൻ ആയിശ ,എന്റെ സുപ്പർ മാർക്കറ്റിലേക്ക് സെയിൽസ് പ്രൊമോഷന് വേണ്ടി പതിനഞ്ച് ദിവസം ക്രെഡിറ്റിൽ സാധനം വേണം .

ഒന്നിടവിട്ട ദിവസങ്ങളിൽ ബില്ലടച്ച് കൃത്യമായി സാധനങ്ങൾ എടുക്കുന്ന കസ്റ്റമറാണ് ഞങ്ങൾ .ഒരു ദിർഹം പോലും നിങ്ങൾക്കിത്ര വർഷങ്ങൾക്കിടയിൽ ബാക്കിയുമില്ല .ഓർഡർ എസ്റ്റിമേറ്റ് ഞാനിപ്പോൾ ഇമെയിൽ അയക്കാം .

അവർ പറയാം എസ്റ്റിമേറ്റ് അയക്കാൻ പറഞ്ഞു .ഞാനത വർക്കയച്ചു കൊടുത്ത് വീട്ടിലേക്ക് പോയി .
ദൈവം ഈ വഴി ഒന്നു തുറന്നു തന്നാൽ ബാങ്കിൽ അടക്കാൻ പണം കണ്ടെത്താം .

ടെൻഷനടിച്ച് ഇരിക്കുമ്പോഴാണ് സൂപ്പർ മാർക്കറ്റിൽ ഫ്രോസൻ സാധനങ്ങൾ ഇറക്കുന്ന സെയിൽസ്മാന്റെ വിളി .പേടിച്ചരണ്ട് ദൈവത്തെ വിളിച്ചു ഫോണെടുത്തു .

മാഡം നിങ്ങളുടെ ഓഡർ കമ്പനി സ്വീകരിച്ചിട്ടുണ്ട് അവരെന്നെ വിളിച്ചു പറഞ്ഞു. നിങ്ങടെ അവസ്ഥയും കഥയുമെല്ലാം പലരിൽ നിന്നു കേട്ട് എനിക്കറിയാം .

ഞാൻ പാര ഒന്നും വെക്കാൻ പോകുന്നില്ല പക്ഷെ പതിനഞ്ച് ദിവസത്തെ അവധിക്കാണ് സാധനം ഇറക്കുന്നത് .പതിനഞ്ചാം ദിവസം പണം അടക്കാതിരിന്ന് എനിക്ക് തലവേദന ഉണ്ടാക്കരുത് .സെയിൽസ് പ്രൊമോഷൻ പറഞ്ഞ് ഈ കാശ് നിങ്ങടെ ഭർത്താവിന്റെ കടം വീട്ടാൻ എടുക്കരുതെന്ന് .

ഒരു പരുവത്തിൽ മുക്കിയും മൂളിയും ഞാൻ ഒപ്പിച്ചു .മനസ്സിൽ ആകെ സന്തോഷം വരുന്നത് പോലെ .ബാങ്കിലെ കടം വീട്ടാൻ കഴിയും എന്ന വിശ്വാസം .

ഞാൻ രാവിലെ അവിടെ എത്തിയതും അറിഞ്ഞത് അൽപം നിരാശയായിരുന്നു. തൊഴിലാളികളിൽ ചിലർക്ക് അവരുടെ ശമ്പളം തരാൻ കഴിയില്ല .

എങ്കിലും സമ്മതിച്ചവരിൽ നിന്ന് അമ്പതിനായിരം എങ്കിലും ഒക്കും എന്നാണ് സാം പറഞ്ഞത് .അവർക്കും ഇല്ലേ കുടുംബം ഒക്കെ .സാരമില്ല ഉള്ളത് ഒക്കട്ടെ .അത് കൊണ്ട് ചെന്നാൽ ബാങ്ക് കേൾക്കാതിരിക്കില്ല .

ഫ്രോസൺ ഫുഡിന്റെ കമ്പനിക്കാരുടെ വിളിയും വരവും കാണാതിരുന്നപ്പോൾ അങ്ങോട്ടേക്ക് വിളിച്ചു .ലോഡെല്ലാം റെഡിയാണ് പക്ഷെ ഒരു ചെറിയ പ്രശ്നം ഉണ്ടത്രെ .15 ദിവസത്തെ അവധിക്കുള്ള ഡേറ്റ് ഇട്ട് ചെക്ക് വേണമത്രെ.

ഞാൻ ലോഡ് വിടാൻ അറിയാതെ പറഞ്ഞു പോയി .വണ്ടി വരുമ്പോൾ ചെക്ക് കൊടുക്കണം
ഞാൻ തരിച്ചിരുന്നു പോയി .

കടമായി പണം വേണ്ട കമ്പനിക്ക് സാധനം എടുക്കാൻ ചെക്ക് കൊടുത്ത് ഒന്ന് സഹായിക്കുമോ എന്ന് യൂസുഫിന്റെ കൂട്ടുകാരെ ഒരിക്കൽ കൂടി വിളിച്ചു തിരക്കി .ആരും മുന്നോട്ട് വന്നില്ല .

വെറും ചെക്ക് മാത്രം മതി പണം ഞാൻ 15 ദിവസത്തിൽ കണ്ടെത്താം എന്ന് പറഞ്ഞിട്ടും ബാങ്ക് എന്നോട് കാണിച്ച കരുണ പോലും ഒരാളും കാട്ടിയില്ല .

ലോഡ് വന്നു സാധനം ഇറക്കാൻ തുടങ്ങി .എന്ത് ചെയ്യണം എന്നറിയാതിരുന്ന എനിക്ക് അവസാനം ഒരു ബുദ്ധി തോന്നിയത് സ്പോൺസർ അടുക്കൽ പോകാമെന്നായിരുന്നു .

നേരെ സ്പോൺസർ വീട്ടിലേക്ക് .അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല അദ്ദേഹം ഓഫീസിലാണതെ പിന്നെ നേരെ വണ്ടി അങ്ങോട്ടേക്ക് .
സാം വിളിച്ചു കൊണ്ടിരുന്നു .

ലോഡ് ഇറക്കി തീരാറായി ചെക്ക് വേഗം കൊണ്ട് വന്നില്ലേൽ ഇഷ്യു ആകും എന്ന് .ഓഫീസിലെത്തി ചായ തന്ന് ഹൃദ്യമായി സ്വീകരിച്ചു കാര്യം പറഞ്ഞു .

പക്ഷെ സ്പോൺസർ ക്കും ചെക്ക് തന്ന് സഹായിക്കാൻ കഴിയില്ലത്രെ .എന്റെ കഥകൾ അയാളോട് മുമ്പ് പറഞ്ഞത് കൊണ്ട് അയാൾക്കെല്ലാം അറിയാവുന്നത് കൊണ്ട് തീർച്ചയായും സഹായിക്കും എന്ന് കരുതിയിരുന്നു .അതെല്ലാം മുമ്പ് അയാളോട് പറഞ്ഞത് തന്നെയാണ് എന്റെ അബദ്ധം .

നിരാശയോടെ വെളിയിലിറങ്ങി കാറിൽ … ഇനി ചെക്ക് എവിടുന്ന് കൊടുക്കും ?
സാം ഫോണിൽ വിളിക്കുന്നു .

ഫോൺ ഞാൻ ബിസിയാക്കി കൊണ്ടിരുന്നു .തൊണ്ടയെല്ലാം വരണ്ടു ശബ്ദം ഇനി പുറത്തേക്ക് വരില്ല എന്ന് തോന്നും വിധം ഉണങ്ങിക്കഴിഞ്ഞിരുന്നു .

അപ്പോഴാണ് സ്പോൺസറുടെ മകൻ സാലയുടെ ഫോൺ കോൾ .
വിരോധമില്ലെങ്കിൽ എന്റെ ചെക്ക് മതിയോ ആയിശാ ?

എന്ത് വിരോധം … ഞാൻ അങ്ങോട്ടല്ലേ നന്ദി പറയേണ്ടത് …

എങ്കിൽ ചെക്ക് ഞാൻ ഇപ്പോൾ അവിടെ കൊണ്ട് തരാം .
അയാൾ ഡേറ്റിട്ട് ചെക്ക് നൽകി .
ഒരു വെള്ളവും കുടിച്ച് സാമിനോടായി ഞാൻ പറഞ്ഞു .
നമുക്ക് കിട്ടിയ വില ഇട്ടാൽ മതി .എത്രയും പെട്ടെന്ന് ഇത് കാശാവണം.

ഓഫർ ബോർഡുകൾ തൂക്കി .
വിചാരിച്ച പോലെ കാശ് വരാൻ തുടങ്ങി .കോഴിക്കും മറ്റു ഫ്രോസൺ ഉത്പന്നങ്ങൾക്കൊപ്പം മറ്റ് സാധനങ്ങളും വിറ്റഴിയുന്നുണ്ടായിരുന്നു.

എന്നിലെ പ്രതീക്ഷകൾ വളർന്നു .എന്ത് വന്നാലും ബാങ്കിൽ തിങ്കളാഴ്ച അടക്കാൻ കഴിയും .
അങ്ങിനെ ആശ്വാസത്തോടിരുന്നപ്പോഴാണ് മാനേജർ ചോദിക്കുന്നത് .

മാഡം ബുദ്ധി കൊള്ളാം …ഇതൊക്കെ സിനിമയിൽ നടക്കും പക്ഷെ ജീവിത യാഥാർത്ഥ്യങ്ങളിൽ നടക്കില്ല .നിങ്ങൾക്ക്
യൂസുഫിന്റെ ബാങ്കിലെ കടം വീട്ടാൻ കഴിയും നിങ്ങളും രക്ഷപെടും നിയമക്കുരുക്കിൽ നിന്ന് …പക്ഷെ പതിനഞ്ചാം ദിവസം എങ്ങിനെ ഫ്രോസൻ കമ്പനിക്ക് കൊടുക്കാനുള്ള ചെക്കിന്റെ പണം കണ്ടെത്തും .
അത് കണ്ടെത്താൻ കഴിഞ്ഞില്ലേൽ സ്പോൺസറുടെ മകൻ സാല പ്രശ്നമുണ്ടാക്കില്ലേ .

ആകെയുള്ള ഈ സൂപ്പർ മാർക്കറ്റും നഷ്ടപ്പെടില്ലേ മാഡം?
ഈ ശമ്പളം കടം തന്ന തൊഴിലാളികൾക്ക് എങ്ങിനെ തിരികെ നൽകും കൂടാതെ ഈ സ്ഥാപനം അടഞ്ഞാൽ അവരും വഴിയാധാരമാകില്ലേ ?

എല്ലാ സ്ഥാപനം പൂട്ടിയപ്പോഴും നില നിന്ന ഈ ഏക വരുമാനം നിന്നാൽ മാഡം എന്ത് ചെയ്യും ?

ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നിറങ്ങി നേരെ വീട്ടിലെത്തി .കട്ടിലിൽ കിടക്കുന്ന മോളെ നോക്കി വാതിലടച്ചു വാതിലിൽ പുറം ചാരി നിന്നു .

സാം പറഞ്ഞത് ശരിയാണ് .
പക്ഷെ ഞാനതsച്ചില്ലേൽ എന്റെ കുഞ്ഞ് ഒറ്റക്കാവില്ലേ ?
ഞാൻ പിന്നെ എന്ത് തീരുമാനമെടുക്കാനായിരുന്നു .ഒരു പെണ്ണിന്റെ ബുദ്ധി ആണിനോളം വരില്ല .എനിക്കിങ്ങനയല്ലേ കഴിയൂ:…..

ദൈവമേ …. പടച്ച റബ്ബേ ഞാൻ വെറും ഒരു പെണ്ണാ … വെറും പെണ്ണ് ….

തുടരും

ആഇശ: ഭാഗം 1

ആഇശ: ഭാഗം 2