Wednesday, January 22, 2025
Novel

ആഇശ: ഭാഗം 15

നോവൽ
******
എഴുത്തുകാരൻ: Anush. A. Azeez

ചോറുണ്ട് കൈ കഴുകി കൊണ്ടിരിക്കുമ്പോൾ ആസിയ തുടരുക തന്നെയാണ് ഉറച്ച ശബ്ദത്തിൽ .ഞാൻ അടുക്കളയിൽ നിന്നിറങ്ങി വീടിന്റെ വരാന്തയിലെത്തി .

ഉപ്പ ബേക്കറിയിൽ പോയില്ലെ .ചോറുണ്ട് ഇത്തിരി കിടക്കും എന്നിട്ടേ എന്നും പോകാറുള്ളൂ നീ കേട്ടില്ലേ അകത്ത് ഒരുത്തി കിടന്ന് ഒച്ചയിടുന്നത് “.അതെ ഒച്ച തന്നാ ഇടുന്നത് ” എന്നും പറഞ്ഞ് ആസിയ കടന്നു വന്നു .ഇത്തിരി സ്വൈര്യം തരുമോ ആസിയാ …

അതെ കെട്ടിച്ച് വിട്ട് കഴിഞ്ഞാ പിന്നെ പെൺമക്കൾ ഒന്നും ചോദിച്ചു വരാൻ പാടില്ലല്ലോ … വന്നാൽ സ്വൈര്യക്കേടായി ..

അതിന് എനിക്ക് മൂന്നും പെൺമക്കളല്ലേ ആസിയ ,നീ ഇവിടെ വന്ന് ഇരുന്ന് സമാധാനത്തോടെ പറയൂ എന്താ നിന്റെ പ്രശ്നമെന്ന് … ഓഹ് അല്ലേലും കരയുന്ന കുഞ്ഞിനേ പാലുള്ളൂ …

സഹനത്തിന്റെ പ്രതീകമായ എന്റെ ഇത്താത്തക്ക് ഒന്നും പറയാനില്ലേ ? … ഞാൻ എന്ത് പറയാനാ നീ പറയും പോലെ സഹനം തന്നെയല്ലേ എനിക്ക് പാടുള്ളൂ ?

ഇത് എന്ത് ചെയ്യണം ആർക്ക് കൊടുക്കണം എന്നത് എന്റെ ഇഷ്ടമാ നിങ്ങളല്ല തീരുമാനിക്കേണ്ടത് എന്ന് ഉപ്പ.
അത് വരെ മൗനമായിരുന്ന ഞാൻ വായ തുറന്നു .

എനിക്ക് അസിയോടല്ല ഉപ്പാനോടും ഉമ്മാനോടുമായിട്ടാ പറയാൻ ഉള്ളത് .ഞാൻ ഈ വീട്ടിൽ സ്ഥിര താമസത്തിനോ അധികാരം സ്ഥാപിക്കാനോ ഉള്ള ഉദ്ദേശത്തിലല്ല വന്നത് .

ആസിയക്കും ആമിക്കും ഭർത്താവുണ്ട് അവരുടെ വീടുകൾ ഉണ്ട് അതില്ലാത്തത് എനിക്ക് മാത്രമാണ് അതാണല്ലോ എന്റെ അനിയത്തിയത്തിമാർക്ക് ഈ ആശങ്ക ഉണ്ടായത് .എന്നാൽ ഞാനതും കണ്ടല്ല വന്നത് .

ഒരു ബിസിനസ്സ് തുടങ്ങണം ഒരു വീടും വാങ്ങണം അത് ഞാൻ സ്വന്തമായിട്ട് വാങ്ങും.പിന്നെ ഉപ്പാനോടും ഉമ്മാനോടും പറയാനുള്ളത് ഈ വീട് മക്കൾക്ക് ചാകും വരെ കീറി മുറിച്ച് കൊടുക്കരുത് .

നിങ്ങൾക്കുള്ള ഏക വീടാണ് .അത് മാത്രമേ മരണം വരെ കേറിക്കിടക്കാനുള്ളതായിട്ടുള്ളൂ.

പിന്നെ കരയുന്ന കുഞ്ഞിന്റെ കാര്യം ആരും ഇവിടെ വന്ന് കരയണ്ട കാര്യമില്ല എല്ലാവർക്കും ഉപ്പ പറഞ്ഞതെല്ലാം കൊടുത്താ കെട്ടിച്ചയച്ചത് അത് എന്റെ കാര്യത്തിൽ ഉൾപ്പടെ …

പിന്നെ പ്രേമത്തിന്റെ പേരിൽ പോയി ചാടിയ കാരണം ആർത്തി തീർക്കാൻ പിന്നെയും തന്നിട്ടുണ്ട് ആമീ നിനക്ക് .

ഈ വീട് നിങ്ങൾ രണ്ട് പേരും എടുത്തോളൂ ,ഇതിലും വലിയത് പലതും നഷ്ടപ്പെട്ടിട്ടും ആയിശ ദാ ഇവിടുണ്ട് ഇപ്പോളും .അത് കൊണ്ട് പൊന്നു ഉപ്പാ ഇത് ങ്ങള് ആർക്കും വേണ്ടി തൽക്കാലം ഈ വീട് മുറിക്കാൻ പോകുന്നില്ല .

ആസിയ കുറേ നേരം ഒച്ചയിട്ടതല്ലേ അടുക്കളയിൽ പോയി ഒരു ഗ്ലാസ്സ് വെള്ളമെടുത്ത് കുടിക്ക് .

എന്റെ മോൾ നാലരയാകുമ്പോൾ വരും യൂസുഫിന്റെ വീട്ടിൽ പോയി കൂട്ടി കൊണ്ട് വരണം സാധനങ്ങളും എല്ലാം എടുത്ത് കൊണ്ടും വരണം അതു കൊണ്ട് ഉപ്പ വണ്ടി ഇവിടിട്ടിട്ടു പോകണേ .

ടീ ആയിശൂ നീ എപ്പോൾ വന്നു .? ടീ പെണ്ണെ പത്ത് വയസ്സും പന്ത്രണ്ട് വയസ്സ് കാരീടെ വളർച്ചയും ഉണ്ടെന്ന് കരുതി എന്റെ മേത്തോട്ട് കേറാൻ വരണ്ട ട്ടോ …. കേറ് വണ്ടിയിൽ … എങ്ങോട്ടാ ആയിശു പോകുന്നത് .ഒരു സിം കാർഡ് എടുക്കണം .

പിന്നെ നമുക്ക് നല്ല മസാല ദോശ തട്ടാം … ആയിശുന് ചിക്കനല്ലേ ഇഷ്ടം പിന്നെന്തിനാ മസാല ദോശ …. നിനക്ക് മസാല ദോശയല്ലേടീ ഇഷ്ടം പിന്നെന്ത് ചിക്കൻ ….. എന്നാ അയിശൂ എനിക്കിന്ന് അരിപ്പത്തിരിയും കോഴിക്കറിയും മതി .
അയ്യാടീ … അപ്പോൾ മസാല ദോശയോ ?

അത് നാളെ …..അപ്പോ ഇത് ശീലമാക്കാനാ നിന്റെ പ്ലാൻ ….ആയിശു എത്ര ദിവസം കഴിഞ്ഞ് പോകും … ഇത്തവണ മോൾക്ക് ഒപ്പം കുറേ നിൽക്കും …. സത്യം ….ആടീ പ്രോമിസ് ……
പുതിയ മൊബൈൽ നമ്പർ എടുത്തു .നെറ്റ് ഓണാക്കി .

നജീബിന്റെ മെസ്സേജുകൾ … എവിടാ ….ഉണ്ടക്കണ്ണീ ‘……ഹലോ….

മറുപടി കൊടുത്തു …ഇവിടുണ്ട് ഇതാ നമ്പർ ….
ടീ മരമാക്രി നാട്ടിലെ വിശേഷങ്ങൾ …

ഒന്നുമില്ലെടാ പോത്തേ …. പോത്ത് യുവർ ഡാഡ് … ടാ തന്തക്ക് പറയുന്നോ … ടി വെറുതെ നിൽക്കുവാണേൽ നിന്റെ ആജീവനാന്ത കാമുകനെ ‘ കാണൂ …. പോട എന്തിനാടാ … ചുമ്മ ചെല്ലടീ ചെക്കന്റ പ്രണയ പുഷ്പങ്ങൾ വിടരട്ട്…. ഒന്ന് പോടാപ്പ …. നീ പോടി …. നീ പോട….
ശരിയടീ വൈകിട്ട് വിളിക്കാം .

ഞങ്ങൾ ഫുഡൊക്കെ കഴിച്ച് ബേക്കറിയിൽ പോയി ഉപ്പായെയും കയറ്റി കൊണ്ട് വന്നു .
രാത്രിയിൽ നജീബ് വിളിക്കുന്നു .

ടാ …. കുറച്ച് കഴിഞ്ഞ് വിളിക്ക് ഇവിടെ ഉപ്പയും ഉമ്മയും ഷാഹിനായും ഒക്കെ ഉണ്ട് .
അതിനെന്താ കാമുകൻ അല്ലല്ലോ വിളിക്കുന്നത് ഫ്രണ്ടല്ലേ …… പോയെ പോയെ കട്ട് ചെയ്തിട്ട്‌ പറ്റുമെങ്കിൽ കുറച്ച് കഴിഞ്ഞ് വിളിക്ക് .

ആയിക്കോട്ടെ തമ്പുരാട്ടി വെറുതെ ഇരുന്നപ്പോൾ നാട്ടിലെ വിശേഷങ്ങൾ കേട്ട് സൊള്ളാന്ന് കരുതിയതാ .

നിന്റെ കെട്ടിയോളെ വിളിച്ച് സൊള്ള് തൽക്കാലം .ഫോൺ കട്ടാക്കടീ ഇങ്ങോട്ട് ഡയലോഗ് ഇറക്കാണ്ട് .. ഇങ്ങോട്ടല്ലേ വിളിച്ചത് നീ കട്ടാക്ക് .
ആരാ മോളേ ഉപ്പാടെ ചോദ്യം .എന്റെ ഫ്രണ്ടാ ഉപ്പാ .

മൂന്നാല് ദിവസം കഴിഞ്ഞ് വീട്ടിൽ ഊണിന് ഉപ്പാന്റയൊപ്പം അഫ്സൽ വന്നു .ഭക്ഷണം ഞാൻ വിളമ്പുമ്പോഴും അവൻ കഴിക്കുമ്പോഴും ഒരു ഒളിച്ചു നോട്ടവും ചിരിയും .

അത്ര പെട്ടെന്ന് നമ്മൾ പിടികൊടുക്കരുതല്ലോ .കാണാത്ത പോലെ വിളമ്പി കൊടുത്തു ഞാനിങ്ങ് പോന്നു .

അന്നാണ് രാത്രിയിൽ നജീബുമായി വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ പുറത്ത് ആരോ വന്ന് ബെൽ അടിക്കുന്ന ശബ്ദം കേട്ടത് .

നോക്കുമ്പോൾ ആസിയ … എന്താടീ ഈ പാതിരാത്രിയിൽ ഒറ്റക്ക് ,ആരെ കൂടാ നീ വന്നത് .

ഞാൻ ഒരു ഓട്ടോയിലാ വന്നത് …അതിന് ഈ ബാഗൊക്കെ പിടിച്ച് .അത് സാജിദുമായി വഴക്കിട്ടു .

അതിന് സാജിദ് കാനഡയിലല്ലേ വഴക്കിടാൻ .അവന്റെ പെങ്ങൾക്ക് ഒരാലോചന വന്നിട്ടുണ്ട് വലിയ ടീമാണത്രെ .പക്ഷെ അത് നടത്താൻ എന്റെ പണ്ടം മുഴുവൻ വേണമത്രെ .
ടീ അതിന് നിന്റെ സ്വർണ്ണമെന്തിനാ അവർക്ക് .

അത് തന്നാ ഇത്താ ഞാനും ചോദിച്ചത് .പെങ്ങളെ കെട്ടിക്കാനെന്തിനാ എന്റെ ഉപ്പ എനിക്ക് തന്ന സ്വർണ്ണം തരുന്നേന്ന് ,പിന്നെ ഫോണിലൂടെ വഴക്കായി ,പറ്റില്ലെങ്കിൽ വീട്ടിൽ പൊക്കോളാൻ .
ഞാനിങ്ങ് പോന്നു .

സാജിദിന്റെ ഉപ്പയും ഉമ്മയും എന്ത് പറഞ്ഞു .ഒന്നും പറഞ്ഞില്ല അവർ താടിക്ക് കൈയ്യും കൊടുത്തിരിപ്പുണ്ടവിടെ മിക്കവാറും അവരുടെ ഐഡിയ ആകും .അതിന് നിന്നെയെന്തിനാ വീട്ടിൽ പറഞ്ഞു വിടുന്നെ ?

ഉപ്പ വന്നു അപ്പോഴേക്കും അഫ്സലിനെ ഫോണിൽ വിളിച്ചു വരുത്തി വണ്ടിയിൽ ആസിയയെയും കയറ്റി തിരികെ അങ്ങോട്ടേക്ക് കൊണ്ട് പോയി വിട്ടു .

കൊടുക്കാനുള്ളതും പിന്നെ ചോദിച്ചതും അല്ല പേശിയ അധികവും കൊടുത്താ കെട്ടിച്ചു വിട്ടത് .

ഇനി അവന്റെ പെങ്ങളെ ഇറക്കി വിടാനുള്ളതും തരണോ എന്ന ചോദ്യത്തിൽ അമ്മോസാൻ കാക്ക കൈ മലർത്തി .സാജിദിന്റെ ഉപ്പാക്കും ഉമ്മാക്കും പറയാനുണ്ടാർന്നത് ഒരേ കാര്യം .

അവർ പണ്ടം ചോദിച്ചിട്ടില്ല .കെട്ടിയോനും കെട്ട്യോളും ഫോൺ വിളിച്ച് വഴക്കിട്ടു .

ഇവിടെ ഒരു കാരണവരുണ്ടെന്ന് ഉള്ള ചിന്തപോലുമില്ലാതെ നിങ്ങടെ മകൾ പെട്ടിയുമെടുത്ത് ഈ പാതിരാത്രി ഇറങ്ങി പോയതിന് മോളെ തല്ലാനുള്ളതിന് ഞങ്ങടെ തോളിൽ കയറണ്ട .

ഉപ്പയും അഫ്സലും കാര്യങ്ങൾ സംസാരിച്ച് തീർത്ത് തിരികെ വന്നു .

കട്ടൻ ചായയും കുടിച്ചിരിക്കുമ്പോൾ അഫ്സൽ ഉപ്പാനോടായി പറഞ്ഞു .പണ്ടം കൊടുക്കാതെ അവർക്ക് ആവശ്യമുള്ളത് കാശാണ് അപ്പോൾ അതിനുള്ള തുക കൊടുത്താൽ പോരെ .

ആ തുകക്ക് അഫ്സലിന്റെ വീടിന്റെ പകുതി ആസിയയുടെ പേരിലും എഴുതാമല്ലോ ഈടായിട്ട് .

അതിന് അത്രയും തുകക്ക് എവിടെ പോകും അഫ്സലേ ? ഉപ്പാടെ ഈ വീടും പറമ്പും എത്ര രൂപക്ക് വിൽക്കാനുണ്ട് ,ഇപ്പോളത്തെ മാർക്കറ്റ് വിലയിൽ എങ്ങിനായാലും 50 ലക്ഷം ഉറുപ്പിക കിട്ടാണ്ടിരിക്കൂല .

അതിന് ഇത് എങ്ങനാ അഫ്സലേ വിൽക്കാനോ ആയിശു കേട്ടാൽ കൊല്ലും .

അതിന് ഉപ്പ അല്ലേ പറഞ്ഞത് അയിശു വീടും സ്ഥലവും എടുക്കാൻ വേണ്ടി നോക്കുന്നുണ്ടെന്ന് .50 ലക്ഷം മൂന്നാക്കി ആമിനക്കുള്ളതും ആസിയക്കുള്ളതും കൊടുത്താൽ അവർ ആയിശാക്ക് ഒപ്പിട്ടു കൊടുക്കില്ലേ .

ആയിശാക്കൊപ്പം ഉപ്പാക്കും ഉമ്മാക്കും താമസിക്കുകയും ചെയ്യാം മരണം വരെ .അത് ശരിയാണ് ഞാനൊന്നാലോചിക്കട്ട് …

അഫ്സൽ പോയതും തുടർ ചർച്ചകൾക്കായി എന്റെയടുക്കൽ ഉപ്പയെത്തി .

ഞാൻ അതിന് എതിരായിരുന്നു ഞാൻ വേറെ വീടും പറമ്പും വാങ്ങിക്കോളാം എന്ന് പറഞ്ഞിട്ടും ദുബായിൽ നിന്നും ഉപ്പാക്ക് സപ്പോർട്ടുമായി ആമിന ഫോണിലും ,നേരിൽ ആസിയയും എത്തി .

കാശിന് പകരം രണ്ട് പേരുടെയും പേരിൽ വസ്തു വാങ്ങി തന്നാൽ പോരെ എന്ന് ഞാൻ അഭിപ്രായം ചോദിച്ചപ്പോൾ രണ്ടാൾക്കും കാശ് മതി .

ആമിനക്ക് കിട്ടുന്ന കാശിന്റെ കൂടെ സമീർ കുറച്ചു കാശും കൂടി ഇട്ട് ഫ്ലാറ്റ് വാങ്ങാമെന്നായി .

ആസിയയുടെ നാത്തൂന്റെ കല്യാണത്തിന് വേണ്ടി ഈ തുക നൽകിയെങ്കിലും മുൻധാരണ പ്രകാരം ഉള്ള തീരുമാനം സാജിദിന്റെ ഉപ്പ മാറ്റി..

അവരുടെ വീടിന്റ പകുതി ആസിയയുടെ പേരിലും കൂടി എഴുതുന്നതിന് പകരം സാജിദിന്റെ ഉപ്പ ആ തുകക്കുള്ള അവരുടെ മറ്റൊരു പറമ്പ് ആസിയയുടെ പേരിൽ നൽകി.

അമ്പത് ലക്ഷം അന്നത്തെ വില മൂല്യമാക്കി കണക്കാക്കി മൂന്ന് പേർക്കും തുല്യമാക്കിയെങ്കിലും നാളെ ഒരു പരാതി ഉണ്ടാവാതിരിക്കാൻ ഞാൻ ഇരുപത് ലക്ഷം ആമിനക്കും ഇരുപത് ലക്ഷം ആസിയക്കും കൊടുത്തത് .

അങ്ങിനെ വീട് എന്റെ പേരിൽ എഴുതപ്പെട്ടു. ആമിയും അസിയും സന്തോഷത്തോടെയാണ് പോയത് .

അഫ്സൽ മിക്ക ദിവസങ്ങളിൽ ഉപ്പാനെ കാണാൻ വരാൻ .ഞാൻ ഉപ്പാനോട് സ്നേഹത്തിൽ കാര്യം പറഞ്ഞു .ഉപ്പ എനിക്ക് ഒരു മോളുണ്ട് .ഞാൻ ഭർത്താവും ഇല്ലാതെയാ ജീവിക്കുന്നത് .

എപ്പോളും ഈ വീട്ടിലേക്കുള്ള വരവ് നാളെ നാട്ടുകാർ വല്ലതുമൊക്കെ പറഞ്ഞു തുടങ്ങും മുമ്പേ ഒന്ന് നിയന്ത്രിക്കുക .

മോളേ അവനാണ് ഈ ബുദ്ധിയൊക്കെ പറഞ്ഞ് തന്ന് സഹായിച്ചത് അത് മറക്കണ്ട .അഫ്സലിനെ ഉപ്പ തടഞ്ഞില്ല എന്ന് തോന്നുന്നു .

അയാൾക്കെന്നെ അത്രക്കിഷ്ടമാണ് അതിനാൽ അയാൾ എന്നെ കൂടി കാണാൻ വേണ്ടിയാകണം ഈ വരവുകൾ .
നജീബ് നാട്ടിലേക്ക് വരുന്നു . എന്നെ കാണാൻ വരുമെന്നും .

ഞാൻ സ്വാഗതം ചെയ്തു .അവൻ ഏഴ് ദിവസങ്ങൾ കൊണ്ട് തന്നെ നാട്ടിലെത്തി .അവന്റെ ഭാര്യ അവനെ സംശയിക്കാതിരിക്കാൻ അവൻ സമയം ഒത്ത് വരുമ്പോൾ മാത്രം എന്നെ വിളിക്കും .

ഞാനവനെ വിളിക്കുവാനും പോയില്ല .പിന്നെ അവൻ വിളിച്ചു തൃശൂരിൽ എത്താമോ എന്നും ചോദിച്ചായിരുന്നു .

ഞാൻ നോക്കട്ടെ എന്ന് പറഞ്ഞെങ്കിലും ഉപ്പാന്റെയും അഫ്സലിന്റെയും കണ്ണ് വെട്ടിച്ച് പോകൽ ഒരു വെല്ലുവിളിയല്ലേ ? വീട്ടിൽ പറഞ്ഞ് മുങ്ങിയാലും എപ്പോളും ഇവിടെ വരുന്നത് കൊണ്ടും ഉപ്പാന്റെ വലം കൈ ആയത് കൊണ്ടും അഫ്സൽ അറിയും .

അത് വേണ്ട ….. ഞാൻ അവനെ ഇങ്ങോട്ടേക്ക് വന്നാൽ കാണാമെന്ന് പറഞ്ഞ് ക്ഷണിച്ചു .അല്ലെങ്കിൽ കോഴിക്കോട് എത്താമെന്ന് ഞാൻ ഉറപ്പ് നൽകി .

ഭാര്യയെയും പറ്റിച്ചുള്ള വരവാണ് .നേരിൽ കണ്ടിട്ടില്ല ഇത്രയും നാൾ .

പക്ഷെ എന്നേക്കാൾ ടെൻഷൻ അവനാണത്രെ അവനെ കാണുമ്പോൾ ഇഷ്ടപ്പെടുമോന്ന് … അഫ്സലിന്റെത്ര സൗന്ദര്യം എനിക്കില്ലന്ന് എന്ന ഡയലോഗ് ചേർക്കാനും മറന്നില്ല അവൻ .

ഞാൻ ഒരാളെ കാണാൻ പോകാൻ എന്നും പറഞ്ഞ് ഉപ്പാന്റടുക്കൽ നിന്ന് വണ്ടിയും വാങ്ങി പോയി അവനെ കാത്തു നിന്നു .

ഞാനുണ്ടാക്കിയ പലഹാരം ഉണ്ടേൽ കൊണ്ട് വരണേന്ന് ഫോണിൽ പറഞ്ഞാ അവന്റെ വരവ് .ഞാൻ ഒരു ടിഫിനിൽ അരിപ്പത്തിരിയും കോഴിക്കറിയും എടുത്ത് വച്ചു .

അവൻ വന്നു സത്യം അഫ്സലിന്റെ മൊഞ്ചില്ല .അത്രയും എടുപ്പില്ല വസ്ത്രധാരണത്തിലും അഫ്സൽ തന്നെ മുമ്പിൽ .ഞാൻ വണ്ടിയിൽ തന്നെ കയറി ഇരുന്നു .ടിഫിൻ നീട്ടിയെങ്കിലും വേണ്ട എന്ന് പറഞ്ഞ് ചായ കുടിക്കാം എന്നായി .

അവൻ എന്നെ നോക്കി പിന്നെ മുഖമെടുത്ത് നേരെ നോക്കി ഇരുന്നു സീറ്റിൽ .

ആയിശ നന്നേ മാറിയിരിക്കുന്നു .

അവൾ ഫോണിൽ എന്നോട് പറഞ്ഞതിനേക്കാൾ അനുഭവിച്ചിട്ടുണ്ടെന്ന് എന്റെ മനസ്സിലെ ആയിശായുടെ മുഖവും എന്റടുത്തിരിക്കുന്ന ആയിശായുടെ മുഖം ഒത്തു നോക്കിയാൽ മനസ്സിലാകുന്നു .

ഞാനെന്താ ഇവളോട് സംസാരിക്കുക .ആ മുഖത്ത് നോക്കിയാൽ എന്റെ മുഖത്ത് ചിരി ഉണ്ടെങ്കിലും അവൾ എന്നോട് ചിരിച്ചു കാട്ടുന്നെങ്കിലും .

എന്റെ ആയിശ ശരിക്കും പൊരുതിയിരിക്കുന്നു ജീവിതത്തോട് .

അല്ലേൽ ഇപ്പോളും പൊരുതുന്നുണ്ട് ഒറ്റക്ക് .

ഞാനാ മുഖം ശരിക്ക് നോക്കിയാൽ ഒരു പക്ഷെ ഞാൻ കരഞ്ഞു പോകും .

ആയിശ ഇപ്പോളും സുന്ദരി തന്നെ പക്ഷെ ആ മുഖത്തെ തെളിച്ചം മങ്ങിയിട്ടുണ്ട് .

ഞാനവളോട് ചോദിച്ചു അല്ല എന്നെ കണ്ടിട്ടെങ്ങിനെ .
കുഴപ്പമില്ല ….

ടീ ഉണ്ടക്കണ്ണീ എന്ത് കുഴപ്പമില്ല … സുന്ദരനാണോ …
………..
ചെക്കനെ നിരാശനാക്കണ്ട … സുന്ദരൻ തന്നെ എന്ന് ഞാൻ പറഞ്ഞു .

ടാ ഞാൻ പോട്ടെ …ഒരാളെ കാണാൻ ഇറങ്ങിയതാണന്ന് പറഞ്ഞിറങ്ങിയതാ . കാണണം എന്ന് പറഞ്ഞു നീ കണ്ടില്ലേ അത് മതി .

പോകല്ലേ കുറച്ച് നേരം നിക്ക് എന്നും പറഞ്ഞവൻ .

അവൻ പറഞ്ഞു ടി എത്ര വർഷം കഴിഞ്ഞാ നിന്നെ കാണുന്നത് .എത്ര വർഷം മനസ്സിൽ കൊണ്ട് നടന്നു നിനെ.

പ്രാന്താർന്നെനിക്ക് ആയിശ എന്ന് വെച്ചാൽ …. കൂടെ പഠിച്ച എല്ലാവരും എന്നെ ഇന്ന് ഈ നിമിഷം വരെ കളിയാക്കുകയാ എന്റെ ഈ വട്ടിന് .

ടാ അതിന് നീ എന്നെ കണ്ടില്ലേ …..
എന്റെ ജീവിതത്തിലെ മഹത്തായ ഒരു വിജയത്തിന്റെ ദിവസം പോലാ ഇന്ന് .

ഒരുമ്മ തരുമോ ആയിശാ …….
ഒരു നിമിഷം ഞാൻ തരിച്ചിരുന്നു പോയി .ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യം .എന്ത് ഉത്തരം കൊടുക്കണമെന്നും അറിയാത്ത നിമിഷം .

ഞാൻ പിന്നെ ഒന്നുമാലോചിച്ചില്ല …
അവനത് കൊടുത്തു .

അവൻ അത് എന്റെ ഇടത്തേ കവിളിൽ തിരികെയും തന്നു ….
അന്ന് അവനുമൊത്ത് പഴയ തമാശകളും ഒക്കെ പറഞ്ഞിരുന്നു..കുറേ നടന്നു … കുറേ ചിരിച്ചു .

എന്റെ മനസ്സിനാണേൽ നജീബിനെ ചേർത്ത് പിടിക്കാൻ കൊതിക്കും പോലെ ….
ടാ നിന്റെ ഭാര്യയറിഞ്ഞാൽ കൊല്ലും നിന്നെ .

അവളിതറിയില്ല …അതിനുള്ള നുണകൾ എന്റെ കയ്യിൽ സ്റ്റോക്കാ .മാത്രമല്ല അവളറിഞ്ഞാൽ എന്താ അതനുസരിച്ച് നിൽക്കാനുമറിയാം എനിക്ക് .

ആയിക്കോട്ടെ ഗുലുമാലുകൾ ആകാതിരുന്നാൽ മതി .അന്നാണ് നജീബിനെ ഞാൻ ആദ്യമായി ഇത്രയും വർഷങ്ങൾക്ക് ശേഷം നേരിൽ കണ്ടത് …അന്ന് നജീബ് മടങ്ങി ….
ഞാനും ………

വൈകിട്ട് നജീബ് വിളിച്ചു …കണ്ടപ്പോൾ എന്ത് തോന്നിയെന്നും ഒക്കെയുള്ള അവന്റെ ആകാംക്ഷകൾ .എപ്പോളും എന്തെങ്കിലും ഒക്കെ ചെയ്തു കൊണ്ടേയിരിക്കുന്ന നജീബ് .

കലാകാരൻ … ഇടക്കിടക്ക് വട്ടുകളെല്ലാം എഴുതും … എന്തിനും അവന്റെതായ വീക്ഷണങ്ങൾ …അവന്റെതായ വർണ്ണങ്ങൾ നൽകുന്ന ജീവിതം ….. ഭാര്യയും മക്കളും അവനും വളരെ ഹാപ്പി …ഹാപ്പി എന്നല്ല അത്രക്ക് പൊളിയാണ് അവന്റെ മാനേജ്മെന്റ് .

അവനാണേൽ ഭാര്യയോട് അത്രക്ക് ആത്മാർത്ഥതയുമുണ്ട് .മക്കൾ അവന്റെ ജീവനാണ് .

അതിനിടയിൽ ഈ ഞാൻ എന്തിന് ഒരു പ്രശ്നക്കാരിയായി കടന്നു ചെല്ലണം .ഞാനത് മുമ്പേ ഓർക്കണ്ടതായിരുന്നു ….. ഇന്നെവിടെയൊക്കെയോ അവനാണ് എന്റെ മനസ്സിൽ .

അവൻ ആയിരം വട്ടം പറയുന്ന
‘ഐ ലൗ യു ” ന്റെ സീരിയസ്നെസ്സ് അവനറിയില്ലായിരുക്കും പക്ഷെ ഇപ്പോൾ എനിക്കറിയാം .

ഉള്ളിന്റെയുള്ളിൽ എന്റെ മുഴുവൻ ജീവിതവും മറന്ന് ആയിശയുടെ മനസ്സിൽ നജീബ് കടന്നു കൂടിയിരിക്കുന്ന പോലെ .

തെറ്റാണ് ഇത് തെറ്റാണ് എന്ന് എന്റെ മനസ്സ് പറയുന്നുണ്ട് ചിലപ്പോഴൊക്കെ ……
എങ്കിലും എന്ത് കൊണ്ടോ ……..?

തുടരും

ആഇശ: ഭാഗം 1

ആഇശ: ഭാഗം 2

ആഇശ: ഭാഗം 3

ആഇശ: ഭാഗം 4

ആഇശ: ഭാഗം 5

ആഇശ: ഭാഗം 6

ആഇശ: ഭാഗം 7

ആഇശ: ഭാഗം 8

ആഇശ: ഭാഗം 9

ആഇശ: ഭാഗം 10

ആഇശ: ഭാഗം 11

ആഇശ: ഭാഗം 12

ആഇശ: ഭാഗം 13

ആഇശ: ഭാഗം 14