Friday, April 19, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 39

Spread the love

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

Thank you for reading this post, don't forget to subscribe!

വിവിധയിനം മരുന്നുകളുടെയും ആയുർവേദ കഷായങ്ങളുടെയും തൈലങ്ങളുടെയും ഗന്ധം നിറഞ്ഞു നിന്ന ആ മുറിയുടെ വാതിൽ മെല്ലെ തുറന്നവൾ അകത്തേക്ക് കയറി.. കട്ടിലിൽ ഉള്ള ആളെ കണ്ടതും ഞെട്ടി കൊണ്ട് മഹിയെ നോക്കി.. മനപ്പൂർവം അറിയിക്കാതെ ഇരുന്നതാണ് ഞാനും ആനും നിന്നെ.. അവളുടെ നോട്ടത്തിനായുള്ള ഉത്തരം മഹികൊടുത്തു കൊണ്ട് കട്ടിലിനരികിലേക്ക് നടന്നു.. വസു കണ്ട കാഴ്ച്ചയിൽ മനം നൊന്ത് ഒന്നനങ്ങാൻ പോലും കഴിയാതെ നിന്നു.. കരച്ചിൽ ചീളുകൾ പോലും തൊണ്ടക്കുഴിയിൽ തന്നെ കുരുങ്ങി നിൽക്കുന്നു.. പുറത്തു ചാടാൻ മടിച്ചെന്ന പോലെ…

കട്ടിലിനരികിലേക്ക് നടന്നടുക്കുംതോറും വസു മറ്റേതോ ലോകത്തായിരുന്നു… അത്രയും ശോഷിച്ചൊരു രൂപമായി കട്ടിലിൽ കിടക്കുന്ന ഹരി പ്രിയയുടെ അടുത്തേക്ക് ചെന്നു.. കണ്ണുനീർ വറ്റിയ കണ്ണുകൾ.. കുഴമ്പുകളുടെയും കഷായത്തിന്റെയും മണം മാത്രം തങ്ങി നിൽക്കുന്നു.. മോളെ ഹരി… ആരാണ് വന്നിരിക്കുന്നത് എന്ന് നോക്കു.. സുജ മെല്ലെ കവിളിൽ തട്ടി വിളിച്ചതും ആയാസപ്പെട്ട് കൊണ്ടാ കണ്ണുകൾ വലിച്ചു തുറന്നു.. തല മെല്ലെ ഒരു വശത്തേക്ക് ചരിച്ചു.. കണ്ണുകളിൽ അത്ഭുതം കൂറി…

അത്ഭുതം മാഞ്ഞു മാഞ്ഞു അപേക്ഷയോ മാപ്പോ എന്തെല്ലാമൊക്കെയൊ വിവിധ ഭാവങ്ങളായി ആ കണ്ണുകളിൽ അലയടിച്ചു… വസൂ… നുള്ളി പെറുക്കി കൂട്ടി വിളിച്ചു… കണ്ണുനീർ ഒരു തുള്ളി പോലും വീഴ്ത്താതെ വസു സർവ്വവും കടിച്ചു പിടിച്ചു നിന്നു.. ക്ഷമിക്കാൻ ആകാത്ത തെറ്റുകളാണ് ഞാൻ ചെയ്തത് നിന്നോട്… കാലിൽ വീണു മാപ്പു പറയാൻ പോലും എനിക്ക് അർഹതയില്ലെന്ന് കാലം തെളിയിച്ചു.. ഏങ്ങലടികൾ മാത്രം ഉയർന്നു കേട്ടുകൊണ്ടിരുന്ന മുറിയിൽ നിന്നും വസു ഒരു മോചനം ആഗ്രഹിച്ചു..

വെറുതെ എങ്കിലും.. ദേവേട്ടനെ നീ കുറ്റപെടുത്തിയപ്പോൾ അറിയാതെ വീണു പോയ വാക്കുകൾ ആയിരുന്നു… പിന്നീട് ഏട്ടനും നീ കാരണമാണ് മദ്യപിച്ചതെന്നും അപകടപെട്ടതെന്നും വെറുതെ ഊട്ടി ഉറപ്പിച്ചു… അതുകൊണ്ടാണ് ഞാൻ കടന്നു പ്രവർത്തിച്ചത്.. അവളുടെ അരികിലേക്ക് നടന്നടുത്തു കൊണ്ട് വസു പറഞ്ഞു.. സാരമില്ല ഹരിപ്രിയ.. ഞാൻ എല്ലാം ക്ഷമിച്ചിരിക്കുന്നു… എപ്പോഴേ… ഏട്ടനോടുള്ള നിന്റെ സ്നേഹവും കരുതലും എല്ലാം ഞാൻ മനസിലാക്കുന്നു.. പക്ഷേ…

ഒരിക്കലും എനിക്ക് പഴയ വാക്കുകൾ ഒന്നും മറക്കാനാകില്ല.. അത്രമേൽ ഞാൻ മുറിവേറ്റിരുന്നു… എന്റെ ഇഷ്ടമായിരുന്നില്ല ഒരിക്കലും ഈ വിവാഹം… നിർബന്ധിച്ചതും അതിബുദ്ധി കാണിച്ചതും എല്ലാം നിങ്ങളായിരുന്നു… ഒടുക്കം ആ ബന്ധം ഞാൻ തുന്നി ചേർത്തു വെക്കാൻ ശ്രമിച്ചപ്പോഴേക്കും ഓരോരോ യാഥാർഥ്യങ്ങൾ കണ്മുന്നിൽ വന്ന് എനിക്ക് നേരെ ഗോഷ്ടി കാണിക്കാൻ തുടങ്ങി… തളർന്നു പോയ എന്നെ വീണ്ടും വീണ്ടും തളർത്തി.. ആ ജാതക ദോഷം എന്റെ കുറ്റമായിരുന്നോ?

നിങ്ങൾക്കതൊക്കെ നേരത്തെ അറിയാമായിരുന്നില്ലേ? സാരമില്ല കഴിഞ്ഞതെല്ലാം കഴിഞ്ഞു.. പഴയത് പോലെ ഒന്നും ആകേണ്ട.. നീ സ്വയം മുറിക്കുള്ളിൽ ഒതുങ്ങാതെ എഴുന്നേറ്റ് നടക്കാൻ നോക്കു.. വീഴ്ചകളാണ് നമ്മെ പലതും പഠിപ്പിക്ക്യ… വസു… എല്ലാം എന്റെ തെറ്റായിരുന്നു.. എന്റെ മാത്രം വാശികൾ… മോഹിച്ചത് സ്വന്തമാക്കാൻ ശ്രമിച്ചപ്പോൾ പലതും നഷ്ട്ടപെട്ടത് നിനക്കും നിന്റെ നന്ദനും മാത്രമായിരുന്നു… നിന്റെ നന്ദൻ… ആ വാക്കുകൾ മാത്രം മുഴങ്ങി കൊണ്ടിരുന്നു… സിഷ്ഠ ഇനി ഇല്ല ഹരിപ്രിയ… സിഷ്ഠ ഉണ്ടെങ്കിൽ അല്ലേ നന്ദൻ ഒള്ളു…

വസു പുഞ്ചിരിയോടെ പറഞ്ഞതും.. ബാത്‌റൂമിൽ നിന്നും കയ്യിലൊരു കുഞ്ഞുമായി സുദേവ് ഇറങ്ങി വന്നു.. വസുവിനെ കണ്ട അവന്റെ മുഖത്തും ഒരു അമ്പരപ്പ് നിറഞ്ഞു.. കയ്യിൽ ഇരുന്ന കുഞ്ഞിനെ സുജയുടെ കയ്യിൽ ഏല്പിച്ചു.. അപ്പൂട്ടാ… മോനെ നിന്റെ അപ്പ വന്നേക്കുന്നു… കട്ടിലിൽ കിടന്ന ഹരി കുഞ്ഞിനോട് പറഞ്ഞു… സുദേവ് വീണ്ടും ഒന്നും പറയാതെ മാറാനുള്ള ഡ്രെസ്സും കയ്യിലെടുത്തു ബാത്റൂമിലേക്ക് കയറി.. കുഞ്ഞിനെ കണ്ടതും വസു കൈകൾ നീട്ടി… അപരിചിതത്വം എല്ലാം അവളുടെ പുഞ്ചിരിയാൽ മായ്ക്കപ്പെട്ടതുകൊണ്ട് തന്നെ കുഞ്ഞവളുടെ കൈകളിലേക്ക് ചാടി..

നീ പോയതിൽ പിന്നെ ദേവേട്ടൻ എന്നോട് ഒന്ന് മിണ്ടിയിട്ട് കൂടി ഇല്ല… മൗനം മാത്രമായിരുന്നു… നിന്റെ ഇച്ചേട്ടൻ നിനക്ക് സ്വന്തമല്ലെന്ന് അറിയാൻ കാരണം ഞാൻ മാത്രമായിരുന്നില്ലേ? ആ പിണക്കം നീണ്ടു… നിന്നോടും ഉള്ളിൽ വിരോധം തന്നെയായിരുന്നു… കണ്ണേട്ടന്റെ കാര്യത്തിൽ… പക്ഷേ ഞാൻ പറഞ്ഞതും പ്രവർത്തിച്ചതും ഒന്നും ദേവേട്ടൻ അറിഞ്ഞിരുന്നില്ല… നിന്നെ അത്രത്തോളം ഇഷ്ടമായിരുന്നു.. ആ ഇഷ്ടം മൂലം എന്നോട് ഇന്നും മൗനം കൊണ്ടുള്ള യുദ്ധം തന്നെയാണ്.. കുഞ്ഞിനോട് മാത്രം വിരോധമൊന്നും ഇല്ല.. ഇവനെ ഗർഭിണിയായിരിക്കുമ്പോൾ ഒരു ചെറിയ ആക്സിഡന്റ്…

ഭാഗ്യത്തിന് അവനു മാത്രം കുഴപ്പങ്ങൾ ഒന്നും ഉണ്ടായില്ല… എന്റെ ടെൻഷൻ അഥവാ ഭാഗ്യദോഷം കൊണ്ട് കിടപ്പിലായി.. അമ്മയായിട്ട് കൂടെ… മാറിടം പാൽചുരന്നിട്ടു കൂടെ എന്റെ കുഞ്ഞിനെ ഒന്ന് തൊടാൻ ആവോളം പാലൂട്ടാൻ ഭാഗ്യമില്ലാതെ പോയ ഒരമ്മയായി പോയി ഞാൻ.. ഹരി വിതുമ്പലോടെ പറഞ്ഞു.. ആയുർവേദം ഒന്ന് പരീക്ഷിച്ചു നോക്കു… എല്ലാം ശരിയാവും… വസു പറഞ്ഞു… സുദേവ് കുളി കഴിഞ്ഞിറങ്ങിയതും വസുവിന്റെ അരികിലേക്ക് വന്നു… മാപ്പ്… നിന്നെ മനപ്പൂർവം പറ്റിച്ചത് അല്ല… കണ്ണന്റെ സ്നേഹം അറിഞ്ഞതുകൊണ്ട്… വീണ്ടും പഴയ വസു ആകാതിരിക്കാൻ ഇവൾ ഒരു ബുദ്ധി പറഞ്ഞപ്പോൾ കൂടെ നിന്നെന്നു മാത്രം…

പക്ഷേ… മൗനം പൂണ്ടത് നിന്റെ വാക്കുകൾ കൊണ്ട് മുറിവേറ്റപ്പോൾ കണ്ണൻ മദ്യപിച്ചെന്നും അതുകൊണ്ടാണ് അവന് അപകടം പറ്റിയതെന്നും കേട്ടപ്പോൾ… സഹിക്കാൻ കഴിഞ്ഞില്ല… നീ ഇവിടം ഉപേക്ഷിച്ചു പോകുമെന്ന് കരുതിയില്ല ഞാൻ… നിനക്ക് അത്രയേ ഉണ്ടായിരുന്നുളളൂ ഞങ്ങളൊക്കെ അല്ലേ…? എനിക്കിവിടെ ആരാ ഉള്ളെ? അമ്മയും അച്ഛനും ഇല്ല… കൂടപ്പിറപ്പുകൾ ഇല്ല.. അങ്ങനെ ഉണ്ടെന്ന് ഞാൻ കരുതിയതെല്ലാം വെറും തോന്നലുകൾ മാത്രമായിരുന്നല്ലോ… പിടിച്ചു നിൽക്കാനായില്ല… എന്നെ ഒന്ന് ചേർത്തു നിർത്തിയിരുന്നെങ്കിൽ… ഒന്നും മനപ്പൂർവ്വമല്ലല്ലോ വസൂ..

അമ്മയോട് ക്ഷമിച്ചൂടെ… സുമ അരികിൽ വന്ന് ചോദിച്ചതും വസു ചോദിച്ചു.. ജാതക ദോഷം അഥവാ ഭാഗ്യദോഷമുള്ള ഞാൻ ആരെ ശപിക്കാൻ ആണ് സുമഅമ്മായി… എനിക്ക് വിഷമം ഒന്നുമില്ല… കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി തന്നെ അമ്മയെന്ന് മാത്രം വിളിച്ചിരുന്നവൾ… ഇന്ന് നാലുവർഷങ്ങൾക്കിപ്പുറം വന്ന് അമ്മായി എന്ന് വിളിച്ചതും സുമക്ക് വേദനയടക്കാൻ കഴിഞ്ഞില്ല.. മോളെ… ഇപ്പോഴും ദേഷ്യത്തിൽ ആണോ… നിനക്ക് ജാതകത്തിൽ ദോഷമൊന്നും ഇല്ല… പക്ഷേ ഏട്ടൻ മരിച്ചത് നിന്റെ ഭാഗ്യദോഷമാണെന്ന് അപ്പോൾ എന്തോ അങ്ങനെയാണ് നാവിൽ വന്നത്…

എന്റെ ഏട്ടന്റെയും ഏട്ടത്തിയുടെയും മാലാഖയായിരുന്നു നീ… നിന്നെ ഞങ്ങളെ ഏൽപ്പിച്ചവർ തിരികെ പോയത് ഒരിക്കലും തിരിച്ചുവരാത്തിടത്തേക്ക് ആണ് എന്നറിഞ്ഞില്ല… പിന്നീടുള്ള രാത്രികളത്രയും നീ ഇരുട്ടിനെ കൂട്ടുപിടിച്ചു… മരുന്നും മറ്റുമായി നിന്നെ ഞങ്ങൾ പുതിയ ജീവിതത്തിലേക്ക് കൂട്ടി.. എന്തോ ദൈവ ഭാഗ്യം കൊണ്ട് മനസിന്റെ താളം തെറ്റിയപ്പോൾ പഴയതെല്ലാം നീ മറന്നു… ഏട്ടന്റെ ബിസിനെസ്സ് എല്ലാം ഞങ്ങൾ പാർട്ടിനേഴ്സിന്റെ കയ്യിൽ നിന്നും തിരികെ വാങ്ങി… നിന്റെ ഓർമകളും ആ നാടും ഉപേക്ഷിച്ചുകൊണ്ട് ഞങ്ങൾ നിന്നെയും കൊണ്ട് ഇങ്ങോട്ടേക്ക് വന്നു…

നിനക്ക് പ്രിയപ്പെട്ട പല ഓർമകളും ചാരം മൂടിയത് കൊണ്ട് തന്നെ നിനക്ക് ഞാനും ജയേട്ടനും അമ്മയും അച്ഛനും ആയി… ഞങ്ങൾക്കും നീ സ്വന്തമായിരുന്നു… പക്ഷേ… നിന്റെ വാക്കുകൾ കണ്ണനെ മുറിവേൽപ്പിച്ചെന്നും ജീവിതത്തിൻറേം മരണത്തിൻറേം നൂൽ പാലത്തിൽ അവൻ പെട്ട് കിടന്നപ്പോൾ ഹരിയുടെ മൂർച്ചയേറിയ വാക്കുകൾക്ക് മുന്നിൽ നീ തലകുനിച്ചപ്പോൾ… എനിക്കെന്റെ രോക്ഷം അടക്കാനായില്ല.. നിന്നെ ഒന്ന് നുള്ളിപോലും നോവിക്കാത്ത ഞാൻ.. എന്റെ സ്വന്തമല്ലെന്ന് പറഞ്ഞു തള്ളി കളഞ്ഞു നിന്നെ… കുറ്റപ്പെടുത്തി… ഞങ്ങൾ എല്ലാം ഒറ്റപെടുത്തുമ്പോൾ നീ കണ്ണനിലേക്ക് ചേക്കേറുമെന്ന് പ്രതീക്ഷിച്ചു..

പക്ഷേ സുജയുടെ അപേക്ഷ മുഴുവനായി കേൾക്കുന്നതിന് മുൻപ് നീ ഓരോന്ന് ഊട്ടി ഉറപ്പിച്ചു ഇവിടം വിട്ടു പോയപ്പോൾ തകർന്നു പോയി… വിളക്കി ചേർക്കാൻ ശ്രമിച്ചതായിരുന്നു ഞങ്ങൾ… പക്ഷേ നീ അകലേക്ക് പോയി… സുജ പറഞ്ഞു… ശരിയാണ് സുജയമ്മയെ മുഴുവൻ പറയാൻ താൻ അനുവദിച്ചിരുന്നില്ല… താൻ മാത്രം അവരുടെ പാതി മുറിഞ്ഞ വാക്കുകൾ സ്വയം തോന്നലിന്റെ പേരിൽ വീണ്ടും മുറിച്ചു… പറയാൻ ശ്രമിച്ചപ്പോൾ തടഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങി… പിന്നീടാണ് ഹരി മാല പൊട്ടിച്ചതും മറ്റും.. അപ്പോഴും കണ്ണുകൾ കൊണ്ട് സുജയമ്മയെ നോക്കിയപ്പോൾ അവിടെയെങ്ങും കണ്ടില്ല… ശരിയായിരുന്നു…

അവിടെ താനും ഹരിയും മാത്രമേ ഉണ്ടായിരുന്നുള്ളു… ആ ദോഷം ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് എന്റെ മകനെ തിരിച്ചു തരണം എന്നൊരപേക്ഷ മാത്രേ മോളോട് ഉണ്ടായിരുന്നുള്ളു… എന്നാൽ എന്റെ മകൾ നിന്നോട് ചെയ്ത കാര്യങ്ങൾ ഞാൻ അറിഞ്ഞിരുന്നില്ല… എന്നോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും കണ്ണനെ കാണാൻ നീ വരും… എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു.. നിനക്ക് കൂടുതൽ മുറിവുകൾ ഉണ്ടാകാതിരിക്കാനാണ് നീ യാത്ര പറഞ്ഞപ്പോഴും ഞാൻ പിൻവിളി വിളിക്കാതിരുന്നത്.. പക്ഷേ… എന്റെ മകൾ കാരണം… നീ വീണ്ടും നീറി… സുജ തന്റെ വാക്കുകളെല്ലാം നേർത്ത കണ്ണുനീർ ചീളുകളായി മാറി..

സാരമില്ല… എല്ലാം കഴിഞ്ഞില്ലേ… അതൊക്കെ ഞാൻ ഇടക്കെങ്കിലും മറവിക്ക് വിട്ടുകൊടുക്കട്ടെ… എന്റെ അച്ഛനെയും അമ്മയെയും പോലെ… മുറിവുകൾ എല്ലാം ഉണങ്ങി തുടങ്ങുന്നുള്ളു… ഇനിയും വ്രണമായി പൊട്ടി ഒലിക്കാതിരിക്കാൻ ഒന്നും ഓർക്കേണ്ട… ചില ബന്ധങ്ങൾ തീ പൊള്ളലുകൾ പോലെയാണ്… പൊള്ളിയിടത്ത് തേനിട്ട് പുരട്ടിയാലും നീറി കൊണ്ടിരിക്കും… വീണ്ടും വീണ്ടും… സ്വാന്തന വാക്കുകളും അങ്ങനെ തന്നെയാണ് അതിനെ വീണ്ടും നോവിക്കാൻ പാകത്തിന്.. കുറച്ചപ്പുറം മാറി നിൽക്കുന്ന ജയനെ കണ്ടതും ഓടി ആ നെഞ്ചിൽ ചേർന്നു നിന്നു… എന്നോട് ക്ഷമിക്ക്…

പെട്ടൊന്നൊരീസം അച്ഛന്റെ മോളല്ല ന്നൊക്കെ അറിഞ്ഞപ്പോൾ പിടിച്ചു നില്ക്കാൻ ആയില്ല… മോളെന്നോട് ക്ഷമ പറയേണ്ട… നിനക്ക് കാലിടറിയപ്പോൾ താങ്ങാൻ ഞാൻ നിന്റെ അരികിൽ ഉണ്ടായിരുന്നില്ലല്ലോ… എന്റെ കൂട്ടുകാരന്റെ മകളായിരുന്നില്ല എനിക്ക് നീ… അന്നും ഇന്നും എന്നും എന്റെ ചോര തന്നെയാണ്… ഈ അച്ഛയോട് പൊറുക്കൂ മോളെ.. എന്തിന്? എന്തിനാ എന്നോട് ക്ഷമ പറയുന്നേ… എന്നെ തിരക്കിയിറങ്ങിയതെല്ലാം ഞാൻ അറിഞ്ഞിരുന്നു… പക്ഷേ മനഃപൂർവം മറഞ്ഞു നിന്നതല്ല… വരാൻ ഇടക്ക് മനസ് തുടികൊട്ടിയപ്പോഴും അപഹർഷതാ ബോധം പുറകോട്ട് വലിച്ചിരുന്നു…

എന്താ വസൂട്ട… നാലു വർഷങ്ങൾ.. ഒന്നെന്നെ അച്ഛേ ന്ന് വിളിച്ചൂടെ നിനക്ക്… ഞാനും അന്യനായോ.? ഇല്ല… അച്ഛയെ എനിക്ക് എന്റെ സ്വന്തമല്ലെന്ന് തോന്നിയിട്ടേയില്ല… അച്ഛ ഇവിടെ ണ്ടെർന്നേൽ ഞാൻ ഇത്രേം നീറില്ലായിരുന്നു… ജയനും അവളെ മുറുകെ പുണർന്നുകൊണ്ട് നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.. മോളെ… മാധവന്റെ വിളികേട്ടതും അങ്ങോട്ടേക്ക് ചെന്നു… എന്നെ സംശയിച്ചിട്ടില്ല എന്ന് എനിക്കറിയാം… കൂടുതൽ പറഞ്ഞെന്നെ തളർത്താതിരുന്നാൽ മതി.. വസു അയാളുടെ കൈകളിൽ ചേർത്തു പിടിച്ചു പറഞ്ഞു.. മോളെ…

കണ്ണൻ ഉണർന്നപ്പോഴാണ് അറിഞ്ഞത് അവനു നേരെ നടന്നത് ഒരു കൊലപാതക ശ്രമമായിരുന്നെന്ന്.. വസു ഞെട്ടി മാധവിനെ നോക്കി… പക്ഷേ? ആര്… ആരാ.. നന്ദൂട്ടനെ… വാക്കുകൾ ചിതറി കൊണ്ടിരുന്നു… കരയില്ലെന്ന് കരുതിയെങ്കിലും കണ്ണുകൾ ചതിച്ചു കൊണ്ടിരുന്നു.. എന്തോ ഹോസ്പിറ്റലിൽ ഉള്ള പ്രശ്നമായിരുന്നു… അവർ മനപ്പൂർവം അവനു മദ്യം കഴിപ്പിച്ചതാണ് ആക്സിഡന്റ് സൃഷ്ടിക്കാൻ.. കേട്ട വാർത്തയിൽ വീണ്ടും മനസ്സ് തളർന്നു… വസു നിന്നു.. വീണ്ടും സ്വബോധം തിരികെ കിട്ടിയപ്പോൾ അവൻ ബഹളം വച്ചതത്രയും നിനക്ക് വേണ്ടിയായിരുന്നു മോളെ…

ആ അവസ്ഥയിൽ നിന്നെ അവൻ തിരയാത്തിടങ്ങൾ ഇല്ലായിരുന്നു… എത്രയെത്ര ഫോൺ കാളുകൾ.. മോൾക്ക് വേണ്ടിയായിരുന്നു ആ കാത്തിരിപ്പ് അത്രയും… പക്ഷേ… പതിയെ അവനും മാറി തുടങ്ങി.. മാധവ് പറഞ്ഞു നിർത്തിയതും വസു പറഞ്ഞു.. എന്റെ നന്ദൂട്ടനെ എനിക്കൊന്ന് കാണാൻ… ഉപേക്ഷിച്ചു പോയതിനു ഞാൻ മാപ്പർഹിക്കുന്നില്ല എന്നറിയാം എങ്കിലും… പറഞ്ഞുകൊണ്ട് നോക്കിയതും കാണുന്നത് തന്നെ നോക്കി നിൽക്കുന്ന ആ മിഴികളായിരുന്നു… ആ മിഴികടലിൽ മുങ്ങി നിവർന്നപ്പോൾ ഓടി അടുക്കാൻ നെഞ്ച് പിടച്ചു… എന്നാൽ വീണ്ടും എന്തോ വിലക്കി.. ആ കൈയിൽ കൊരുത്തിരിക്കുന്ന അഞ്ചു വിരലുകൾ…..

കാത്തിരിക്കാം… ചെമ്പകം പൂക്കും യാമങ്ങൾക്കായി.. 🌸😊 അഷിത കൃഷ്ണ (മിഥ്യ )

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 38