Sunday, December 22, 2024
Novel

അറിയാതെ ഒന്നും പറയാതെ: 22 – അവസാന ഭാഗം

നോവൽ
എഴുത്തുകാരി: ദീപ ജയദേവൻ

ചാരു ശ്രീകാന്തിനെയും വിളിച്ചുകൊണ്ട് പുറത്തേക്കിറങ്ങി.

” ശ്രീയേട്ടാ..മൃദുലയുടെ…?”

” അറിയില്ല..ചാരു എങ്ങാനായി തീരുമെന്ന്.. ഒക്കെ ആ എസ് ഐ വന്നെങ്കിലേ അറിയൂ….ഞാൻ വിളിച്ചിട്ട് ഒരാളും ഫോണ് എടുക്കുന്നില്ല. ഇവിടുന്ന് പോകാൻ ഹരിയൊട്ട് സമ്മതിക്കുന്നുമില്ല…”

” ഏട്ടാ…അവരുടെ മരണം…അരവിന്ദനും ഹരിയേട്ടനും കുഴപ്പം ആകുവോ…”

” അറിയില്ലടി.. നി എന്നെ ഇങ്ങനെ ആധി പിടിപ്പിക്കല്ലേ…”

സമയം കടന്നു പോയി. എല്ലാവരും വിഷണരായിരുന്നു. അരവിന്ദനും ഹരിയും ഒഴിച്ച്.

പെട്ടന്ന് വാതിൽ തുറക്കപ്പെട്ടു. എല്ലാവരും ഞെട്ടിത്തിരിഞ്ഞു വാതിൽക്കലേക്ക് നോക്കി. വാതിൽ തുറന്നു ടൌൺ എസ് ഐ അകത്തേക്ക് കയറി.

ശ്രീകാന്ത് വേഗം എഴുന്നേറ്റു. കൂടെ ബാക്കിയുള്ളവരും.

എസ് ഐ അവരെ ഓരോരുത്തരേയും മാറിമാറി നോക്കി. അയാളുടെ മുഖത്തു ഗൗരവം നിറഞ്ഞു നിന്നിരുന്നു.

” സർ…” അരവിന്ദൻ മെല്ലെ വിളിച്ചു. അദ്ദേഹം ശ്രീയേനോക്കി പിന്നെ മേജറേയും ശേഷം അരവിന്ദനെ ഹരിയെ ഒക്കെ നോക്കി. പിന്നെ പുഞ്ചിരിച്ചു.

” ഹാ.. ശ്രീകാന്തേ… ഇടക്ക് വിളിച്ചപ്പോ ഒക്കെ എടുക്കാൻ പറ്റാത്ത സാഹചര്യം ആയിരുന്നു. അവരുടെ ആൾക്കാർ ആരൊക്കെയോ വന്നിരുന്നു, വല്ല്യ കോംപ്ലികേഷൻ ആവേണ്ടതായിരുന്നു. പിന്നെ എവിടുന്നോ ചില ഉന്നതരുടെ ഇടപെടൽ നടന്നിട്ടുണ്ട്. ന്തയാലും ആ ബ്രിഗേഡിയറിന് തുടർന്നൊരു അന്വേഷണം വേണ്ട എന്ന നിലപാടിലാണ്. അതും ഒരു കാര്യമായി.” അയാളൊന്നു നിർത്തി. പിന്നെ കയ്യിലിരുന്ന കവർ ശ്രീയുടെ നേരെ നീട്ടി തുടർന്നു.

” ടാ… പോസ്റ്റുമോർട്ടം റിപ്പോർട്ട് കോപ്പി ആണ് ഇത്…” ന്നിട്ട് വൃത്തിക്കൊന്നു ചിരിച്ചു, “മൃദുല രാജശേഖര പൊതുവാൾ, വയസ് അമ്പതിയൊന്ന്, മുങ്ങി മരണം. എങ്ങനെയുണ്ട്.” ശ്രീ അവിശ്വാസത്തോടെ അദ്ദേഹത്തെ നോക്കി. പിന്നെ അയാളുടെ കൈകൾ രണ്ടും ചേർത്തു പിടിച്ചു.

” ഇവളൊക്കെ ജീവിച്ചിരുന്നിട്ടിനി എന്തിനാടാ..ഇനി ഇതിന്റെ പുറകെ പോയി അന്വേഷിച്ചു പിടിച്ചിട്ട് എന്ത് കാട്ടാനാ….മേജർ സർ എല്ലാം പറഞ്ഞു. ചവട്ടെടാ, ആർക്കുണ്ട് ചേതം ” അയാൾ പരിഹാസത്തോടെ പറഞ്ഞു നിർത്തി. പിന്നെ ഹരിയോടും അരവിന്ദനോടും സംസാരിച്ചു തിരിച്ചു പോയി.

കുറച്ചു നേരത്തിനു ശേഷം മേജർ അവർക്കടുത്തേക്ക് ചെന്നു.

” അരവിന്ദ്, ഞാൻ ഡോക്ടറെ കണ്ടിരുന്നു. ഇയ്യാളുടെ ചേട്ടൻ നാളെയെ ഡിസ്ചാർജ് ആകുള്ളൂ. ബട്ട് എനിക്ക് ദ ഇപ്പോ തിരിക്കണം , ഇവിടുത്തെ നടപടികൾ പൂർത്തിയായി. ഇനി നേരെ ബാംഗ്ലൂർ…അവിടേം ചില കാര്യങ്ങൾ ഉണ്ടല്ലോ, അവർ മരിച്ച സ്ഥിതിക്ക് ബ്രിഗേഡിയർക്ക് ഫുൾ സെക്യൂരിറ്റി കൊടുത്ത് ഒരു ഡേ കൂടി നീട്ടിക്കൊടുക്കുന്നു. വിത് മൈ പ്രെസെൻസ് ഫോര് യൂ ആൻഡ് മിത്ര. ഒക്കെ..? ഇനി അധികസമയം എടുക്കാൻ പറ്റില്ല. ഗെറ്റ് റെഡി.”

പിന്നെ എല്ലാം പെട്ടന്ന് നടന്നു.

ഉണ്ണിലക്ഷ്മിയെ സെഡേഷനിൽ തന്നെയാക്കി. മൃദുലയുടെ ബോഡി കിട്ടി. അരവിന്ദനും ഇന്ദുവും ബാംഗ്ലൂർ വരെ പോകാം ന്നാ ധാരണയായി. അതിനു സമ്മതിക്കാതിരുന്ന ഹരിയെ ചില കാരണങ്ങൾ പറഞ്ഞു ശ്രീ അടക്കിനിർത്തി.

അങ്ങനെ, രാത്രി എട്ടുമണിയോടെ അവർ യാത്രയായി.

പിറ്റേന്ന് വൈകുന്നേരത്തോടെ വൈദ്യുതി ശമാശനത്തിൽ മൃദുലയുടെ മൃതദേഹം കത്തിചാമ്പലായി. അസ്തിയും ചാരവും ഏറ്റുവാങ്ങാൻ ആരും ഉണ്ടായിരുന്നില്ല. ഉണ്ണിലക്ഷ്മി അപ്പോഴും അബോധാവസ്ഥയിൽ ആയിരുന്നു.

രാത്രി.

ബാംഗ്ലൂർ ആർമി ട്രെയിനിങ് സ്കൂൾ. എയർ ക്രാഫ്റ്റ് റെഡി ആയിക്കിടക്കുന്നു.

മിത്രയും അരവിന്ദനും അകത്തേക്ക് ചെന്നു. പോകാൻ റെഡി ആയി മേജർ സഹ്യാദ്രിയും സംഘവും നിൽക്കുന്നു.

” മിത്ര ആൻഡ് അരവിന്ദ്, ഇനി എന്തെങ്കിലും ഉണ്ടോ ഇദേഹത്തോട് പറയാൻ..” മേജർ അവരെ ഇരുവരെയും നോക്കി.

ഇന്ദു മെല്ലെ അയാളുടെ നേരെ ചെന്നു അയാളുടെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി. ” താൻ ദിവസങ്ങൾ എണ്ണിയിരുന്നോ മിസ്റ്റർ ബ്രിഗേഡിയർ, അടുത്ത റിപ്പബ്ലിക്ക് ദിനത്തിൽ മാതൃരാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചതിനു ന്റെ സിദ്ധുവിനുള്ള ബഹുമതി ഈ കൈകളിൽ ഏറ്റുവാങ്ങുന്നതിന് മുൻപ് താൻ മുപ്പതു വർഷം കൊണ്ട് നേടിയെടുത്തതെല്ലാം അഴിച്ചു വെപ്പിച്ചു തനിക്ക് കരാഗ്രഹവാസം നേടിതന്നിരിക്കും ഈ ഇന്ദുമിത്ര. ഇതെന്റെ സിദ്ധുവിനു വേണ്ടി ഈ ഇന്ത്യൻ ആർമിയിലെ ഓരോ സൈനികന്റെയും നിങ്ങളോടുള്ള ആത്മരോഷമാണ്‌… ജെയ് ഹിന്ദ്” പൊതുവാൾ ഒന്നും മിണ്ടിയില്ല അയാളുടെ തല താണിരുന്നു.

അരവിന്ദൻ നോക്കി നിന്നു.

നിമിഷങ്ങൾക്കകം എയർക്രാഫ്റ്റ് അവരെയും കൊണ്ട് ആകാശത്തേക്കുയർന്നു. അതു കണ്ണിൽ നിന്നു മറയുന്നതുവരെ അരവിന്ദനും ഇന്ദുവും നോക്കിനിന്നു. ശേഷം എല്ലാവരോടും യാത്രപറഞ്ഞവിടുന്നിറങ്ങി.

പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ മുതൽ ഉണ്ണിലക്ഷ്മി നിശ്ശബ്ദയായിരുന്നു. ഇന്ദുവിനെയും അരവിന്ദനെയും മാത്രമേ അവൾ അടുത്തേക്ക് അടുപിച്ചിരുന്നുള്ളൂ. അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയതിന് ശേഷം മുകുന്ദനോടും സുമിത്രയോടും യാത്ര പറഞ്ഞു അവർ.

അരവിന്ദൻ യാത്ര പറഞ്ഞപ്പോൾ അവരിരുവരും വിങ്ങിപ്പൊട്ടി.

” അമ്മേ…പാപ്പാ…ഞാൻ പോയിട്ട് വരാം.” അരവിന്ദനും അവരെ പിരിയാൻ സങ്കടമായിരുന്നു.

” മോൻ ഇവിടെ നിൽക്കണമെന്ന് പാപ്പാ എങ്ങനെ പറയാനാണ്..നേരം കിട്ടുമ്പോഴൊക്കെ വരണം…മോനെ നോക്കിയാണ് ഇനി ഞങ്ങളുടെ ജീവിതം. സിദ്ധു ഇല്ലാന്ന് വിശ്വസിക്കാൻ പറ്റുന്നില്ല മോനെ കണ്ടതിനു ശേഷം.” ആ വൃദ്ധൻ അരവിന്ദന്റെ ചുമലിലേക്ക് ചാഞ്ഞു മിഴിതുടച്ചു. അരവിന്ദൻ ഇന്ദുവിനെ നോക്കി. അവളുടെ മുഖഭാവത്തിൽ നിന്നും മനസിൽ എന്താണെന്ന് മനസിലാക്കാൻ അവനു സാധിച്ചില്ല. അവൾ ദൂരേക്ക് നോക്കി നിന്നു.

” ഞാൻ….ഞാൻ…മ്മ്…വരാം പാപ്പാ.” അവൻ ഇരുവരെയും കെട്ടിപ്പിടിച്ചു. ശേഷം അരവിന്ദനെയും കൂട്ടി ഇന്ദു നാട്ടിലേക്ക് തിരിച്ചു.

പിറ്റേന്നു രാവിലെ . തൃപ്പടിയോട്ട് വീട്.
പതിനൊന്നു മണിയോടെ അമ്പലത്തിലെ പൂജകാര്യങ്ങളൊക്കെ കഴിഞ്ഞു എല്ലാവരും ഹാളിൽ നിരന്നിരുന്നു. അരവിന്ദനെയും ഇന്ദുവിനെയും പ്രതീക്ഷിച്ചു.

ഗേറ്റിൽ വണ്ടി വന്നു നിന്നത് ആദ്യം കണ്ടത് ഉണ്ണിക്കുട്ടനും അമ്മുട്ടിയും ആയിരുന്നു. ‘ ‘കൊച്ചു വന്നു അച്ഛേ..’ വിളിച്ചു കൂവി മുറ്റത്തേക്ക് പാഞ്ഞു രണ്ടാളും. എല്ലാവരും വരാന്തയിലേക്ക് ഇറങ്ങി. ഗേറ്റ് കടന്ന് അരവിന്ദനും ഇന്ദുവും അകത്തേക്ക് വന്നു. ചാരു ഓടിച്ചെന്നു അവളെ കെട്ടിപ്പിടിച്ചു കവിളിൽ ചുണ്ടമർത്തി. അരവിന്ദൻ ഓടിച്ചെന്നു ഹരിയുടേം ശ്രീയുടേം ചുമലിലേക്ക് മുഖമണച്ചു. മൂവരും കെട്ടിപ്പിടിച്ചു നിമിഷങ്ങളോളം അങ്ങനെ തന്നെ നിന്നു. അവസാനം ഹരി അവന്റെ മുഖമുയർത്തി കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു. അയാളുടെ മുഖത്തു സന്തോഷവും ആശ്വാസവും കൂടികുഴഞ്ഞോരു ഭാവം നിറഞ്ഞു നിന്നു.

ഭക്ഷണത്തിന് ശേഷം അരവിന്ദനും ഇന്ദുവും കൂടി ബാംഗ്ലൂരിലെ വിശേഷങ്ങൾ എല്ലാവരോടും പങ്കുവച്ചു. അപ്പോഴും ഇന്ദുവിന്റെ മുഖം മൂടിക്കെട്ടിത്തന്നെയിരുന്നു.

അന്ന് വൈകുന്നേരത്തോടെ അരവിന്ദന്റെ മുത്തച്ഛനും ശ്രീകാന്തിന്റെയും ചാരുവിന്റെയും അമൃതയുടെയും മാതാപിതാക്കളും എത്തി. തൃപ്പടിയോട്ട് ഉത്സവമയമായി.

രാത്രിയിൽ ഇന്ദുവിനെ എവിടെയും കാണാതെ നോക്കിനോക്കി അരവിന്ദൻ സ്വന്തം മുറിയിലെത്തി. അവിടെ ജനാലാക്കരുകിൽ വയലിലേക്ക് നോക്കി ഇന്ദു നിൽപ്പുണ്ടായിരുന്നു. അവൻ അവളെ നോക്കി നിന്നു.

‘ ഇന്ദു..” പിന്നിൽ അരവിന്ദന്റെ സ്വരം കേട്ട് അവൾ തിരിഞ്ഞു നോക്കി.

” അരവിന്ദാ..”
” ന്തേ..ഒറ്റക്കിവിടെ..താഴെ എല്ലാവരും ഉണ്ടല്ലോ…ന്തുപറ്റിയെടോ…”

” മ്മ്…അരവിന്ദാ…മനസിന്‌ ഒരു സുഖം കിട്ടുന്നില്ല.”
” ന്തേ…ന്നോട് പറയാൻ പാടില്ലാത്തത് ന്താണുള്ളത്.. പറയു.”

“അരവിന്ദാ…ഉണ്ണിലക്ഷ്മി, അവളുടെ കാര്യം”
” ഇന്ദു..ഞാൻ ചിലതൊക്കെ കണക്കുകൂട്ടിയിട്ടുണ്ട്. ഉത്സവം നാളെ കൊടിയിറങ്ങും, അതുകഴിഞ്ഞു ഏട്ടന്മാരെയും കൂടി ചിലതുണ്ട്..”

” മ്മ്…ശെരി.” അവൾ ആലോചനയോടെ തലയിളക്കി. പിന്നെ അരവിന്ദന്റെ കൂടെ താഴേക്ക് പോയി.

പിറ്റേന്ന് എല്ലാവരും മുഴുവൻ സമയം അമ്പലത്തിൽ ആയിരുന്നു. അരവിന്ദൻ ആഗ്രഹിച്ചതു പോലെ ഇന്ദുവിനെയും കൊണ്ട് അമ്പലപ്പറമ്പു മുഴുവൻ ചുറ്റിനടന്നു. അവന്റെ ഹൃദയം സന്തോഷം കൊണ്ട് തുളുമ്പിയിരുന്നു.

നടയിൽ ഇന്ദുവിനെയും അരികിൽ നിർത്തി മിഴികളടച്ചു അവൻ പ്രാർത്ഥിച്ചു.’ മഹാദേവാ.. ഈ സന്തോഷം എന്നെന്നും നിലനിറുത്താൻ അനുഗ്രഹിക്കണമേ..’

രാത്രിയിൽ പതിനൊന്നു മണിയോടെ ആറാടിയെത്തിയ മഹാദേവന്റെ സാന്നിധ്യത്തിൽ വസുദേവ് കൊടിയിറക്കി. ആ വർഷത്തെ ഉത്സവത്തിനു സമാപനം കുറിച്ചു.

പിറ്റേന്ന് വൈകിട്ട് ഇന്ദു എല്ലാവരോടും യാത്ര പറഞ്ഞു ബാംഗ്ലൂർക്ക് മടങ്ങി. എല്ലാവരും അവളുടെ പെട്ടന്നുള്ള മടക്കത്തിൽ അന്ധാളിച്ചു പോയി. മണിക്കൂറുകൾക്ക് ശേഷം ഹരിയും ശ്രീയും അരവിന്ദന്റെ മുറിയിലേക്ക് ചെന്നു.

അരവിന്ദൻ മുറിയിൽ കിടക്കുയായിരുന്നു.
“അരവിന്ദാ…”

“ആ ഏട്ടാ…” അവനെഴുന്നേറ്റിരുന്നു. നിശബ്ദമായ നിമിഷങ്ങൾക്കൊടുവിൽ ശ്രീ സംസാരിച്ചു.

” ടാ… ഇന്ദു ഒന്നും പറഞ്ഞില്ലേ ?”
” മ്ഹൂം…ന്തു പറയാൻ..?” അരവിന്ദൻ തിരിച്ചു ചോദിച്ചു.

” അവൾക്ക് നിന്നോട് ഒന്നും പറയാനില്ല്യേ.. ഇത്രയൊക്കെ അറിഞ്ഞിട്ടും പറഞ്ഞിട്ടും…” ശ്രീ പിന്നെയും നെറ്റി ചുളിച്ചു.

അരവിന്ദൻ കൈമലർത്തി പിന്നെ നിഷേധർത്തിൽ ശിരസ് ഇരുവശത്തേക്കും ചലിപ്പിച്ചു’ആവോ’ ന്നു പറഞ്ഞു.

ഹരി ഒന്നും മിണ്ടാതെയിരുന്നു. ശ്രീയും.
കുറച്ചുനേരം കഴിഞ്ഞു ഇരുവരും ഇറങ്ങി പുറത്തേക്ക് പോയി.

അരവിന്ദൻ എഴുന്നേറ്റ് ജനാലക്ൽ ചെന്നു പുറത്തേക്ക് നോക്കി നിന്നു. താഴെ തൊടിയിൽ അശോകതെറ്റിയിൽ ചുംബിച്ചൊരു ഇളംതെന്നൽ വന്നു അവനെ തഴുകി അവിടമാകെ പറന്നു നടന്നു. നിലാവിലേക്ക് നോക്കി അവൻ പുഞ്ചിരിച്ചു.

‘ഇന്ദു…നീ സമയമെടുത്തോളൂ….
ഞാനിവിടെ കാത്തിരുന്നോളം…
ഒന്നും അറിയാതെ…ഒന്നും..പറയാതെ ഇത്രനാളും ഞാൻ കാത്തിരുന്നില്ലേ…
അരവിന്ദൻ കാത്തിരുന്നോളം… ഇന്ദു വരും വരെ.’

ദിവസങ്ങൾ കടന്നുപോയി.
അരവിന്ദൻ ഹരിയെയും ശ്രീയെയും കൂട്ടി ചന്ദ്രോത്ത് പോയി. മൃദുലയുടെ അച്ഛനെയും സഹോദരാന്മാരെയും പൊതുവാളിന്റെ സഹോദരന്മാരെയും വിളിച്ചുകൂട്ടി.

മൃദുല അനധികൃതമായി സമ്പാദിച്ച സ്വത്തുവിവരങ്ങളും, അരവിന്ദന്റെ സ്വത്തിന്മേലുള്ള ബിനാമി ഇടപാടുകളെക്കുറിച്ചും സംസാരിച്ചു. അവർക്കാർക്കും മൃദുലയുടെ അനധികൃത സമ്പാദ്യത്തിനോട് യോജിപ്പില്ലായിരുന്നു.

ദിവസങ്ങളെടുത്ത് മൃദുലയുടെ വക്കീലിന്റെ സാന്നിധ്യത്തിൽ കള്ളപ്രമാണങ്ങളൊക്കെ കണ്ടുകെട്ടി. അവരുടെ ബാക്കി വസ്തു വകകളും ബാങ്ക് ബാസ്‌ലൻസും മറ്റും ഉപയോഗിച്ചു കാശയിട്ട് വേണ്ടവർക്ക് അങ്ങനെയും വസ്തു ആയിട്ട് വേണ്ടവർക്ക് അങ്ങനെയും കൊടുത്ത ഇടപാടുകൾ ഒതുക്കാൻ തുടങ്ങി അരവിന്ദനും ഹരിയും ശ്രീയും കൂടി.

ദിവസങ്ങൾ ഓടിപൊക്കോണ്ടിരുന്നു.

ഇതിനിടയിൽ ഇന്ദു അരവിന്ദനെ വിളിച്ചു പൊതുവാളിന്റെ വിചാരണയുടെ വിവരങ്ങളൊക്കെയറിയിക്കുന്നുണ്ടായിരുന്നു. എന്നാൽ സംഭാഷണം അതിൽ മാത്രം ഒതുങ്ങിയിരുന്നു.

കാര്യങ്ങളൊക്കെ ക്രെമേണ പഴയതുപോലെ ആയിതുടങ്ങി.

മാസങ്ങൾ കടന്നുപോയി. നാലു മാസങ്ങൾക്ക്‌ ശേഷം ഒരു ദിവസം വൈകുന്നേരം,

“അരവിന്ദാ…മോനെ..ഇങ്ങട് ഒന്നു ഓടി വാടാ.” തൊടിയിൽ നിന്നും ഗോമതിയുടെ ഒച്ച കേട്ട് അരവിന്ദൻ ഓടിയിറങ്ങി ചെന്നു.

കയ്യാലയിൽ, കയറിൽ തൂങ്ങി കിടന്നു പിടക്കുന്നു ആയിടെ വാങ്ങിയ പുതിയ ആട്ടിൻകുട്ടി. അരവിന്ദൻ കയ്യാല ചാടിയിറങ്ങി ആടിനെ തള്ളി മുകളിലേക്കുയർത്തി.
” കയറിൽ പിടിച്ചു വലിക്ക് വലിയമ്മേ…” അവരതിനെ വലിച്ചു കേറ്റി.

” ദേ… ഒക്കെത്തിനേം കൊണ്ടോയി കളഞ്ഞോണം…മനുഷ്യേനു ഒരു സ്വസ്ഥതയും തരില്ല്യാന്നു വെച്ചാൽ…ന്താ ഇപ്പൊ ചെയ്യാ…” തലയിൽ കെട്ടിയിരുന്ന തോർത്തഴിച്ചു കുടഞ്ഞു ദേഷ്യം തീർത്തുകൊണ്ട അരവിന്ദൻ മുറ്റത്തേക്ക് നടന്നു.

” ടാ മോനെ ഇത്തിരി പുല്ലുകൂടി അരിഞ്ഞിട്ടിട്ടു അമ്മിണിക്കും കുട്ടിക്കും ആ കാടീം കൂടി കൊടുത്തേച്ചു പോണേടാ..ഞാനീ തൊഴുത്തൊന്നു വൃത്തിയാക്കിയോട്ടെ..” അവർ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു.

അരവിന്ദൻ കാടീം എടുത്ത് തിരിഞ്ഞു പിന്നിലെ തൊടിയിലേക്കിറങ്ങി. പയ്ക്ക്ൾക്ക് മുന്നിലേക്ക് പാത്രം വച്ചു അതൊന്നു കലക്കികൊടുത് അരിവായും കൊണ്ട് വയലിന്റെ അരികിലേക്ക് നടന്നു. പുല്ലരിഞ്ഞു കൂട്ടി വാരിക്കെട്ടി തൊഴുത്തിന്റെ അരികിലേക്കിട്ട് കാലും മുഖവും കഴുകി ഒരുകവിൽ വെള്ളം വായ്ക്കൊണ്ട്‌ കുലുക്കി നീട്ടിതുപ്പികൊണ്ട്‌ മുറ്റത്തേക്ക് നടന്നു.

“കൊച്ചു…ദേ.. ഇതൊന്നു ശെരിയാക്കി തരുവോ..” ഉണ്ണിക്കുട്ടനും അമ്മുക്കുട്ടിയും കൂടെ ഒരു ഓലപ്പന്തുമായി അവന്റെ അരികിലേക്ക് ഓടിചെന്നു.

” അയ്യോടാ ഇത് ചീത്തയായി പോയില്ലോ കൊച്ചു വേറെ ണ്ടാക്കി തരാട്ടോ.” അരവിന്ദൻ മുൻവശത്തെ തൊടിയിലേക്കിറങ്ങി തൈ തെങ്ങിന്റെ ഓലമടൽവലിച്ചു ചായ്ച്ചു ഒന്നു രണ്ട് ഓല ഇരിഞ്ഞെടുത്തു അതുമായി കുട്ടികളെയും കൂട്ടി പടിപ്പുരയിലേക്ക് വന്നിരുന്ന് പന്ത് മെനയാൻ തുടങ്ങി.

വഴിയിലൂടെ പോയ ആരൊക്കെയോ തങ്ങളെ നോക്കുന്നത് അവൻ കാണുന്നുണ്ടായിരുന്നു. അവൻ ഊറിച്ചിരിച്ചു. പഴയതുപോലെ ആരും അവനെ കളിയാക്കാൻ മുതിരില്ലായിരുന്നു.

ആ നേരം അമൃത അങ്ങോട്ട് വന്നു.

“അരവിന്ദേട്ടാ…”
” ആ, നീയോ..ഇതെന്താ ഇപ്പൊ. നിനക്ക് കോളേജിൽ ഒന്നും പോകണ്ടേ..”

” ഓ, നാളെ പോകുന്നില്ലന്നു വച്ചു. അതുകൊണ്ട് ഇന്നിങ് പോന്നു.” അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു. അവൻ നെറ്റി ചുളുക്കി അവളെ നോക്കി. അവനു ഒന്നും മനസ്സിലായില്ല.

” ന്താടി…”
” അതൊക്കെയുണ്ട്..നാളെ ഒരു വിശേഷമുണ്ട്.” നാണത്തോടെ പറഞ്ഞുകൊണ്ട് അവളോടിപ്പോയി. ‘ ഇനി ഇവളെ പെണ്ണുകാണാൻ എങ്ങാനും ആരേലും വരുന്നുണ്ടോ…അഹ് ന്തേലും ആവട്ടെ’ അരവിന്ദന് മനസിലോർത്തുകൊണ്ട് പിന്നേം പിള്ളേരുടെ നേരെ തിരിഞ്ഞു.

സമയം കടന്നുപോയി. വൈകിട്ട് പതിവുപോലെ അരവിന്ദൻ ദീപാരാധന തൊഴുത് പുറത്തേക്കിറങ്ങിയപ്പോ ആയിരുന്നു അത് അമ്പലവഴിയിലൂടെ വീട്ടിലേക്ക് പോകുന്നു ബാംഗ്ലൂർ റെജിസ്‌ട്രേഷനുള്ളൊരു കാർ.

അവന്റെ ഉള്ളൊന്നു കുതിച്ചുയർന്നു.

ഇന്ദു.

അവൻ വീട്ടിലേക്ക് പാഞ്ഞു. ഓടി ചെല്ലുമ്പോൾ വന്നിറങ്ങിയ വേഷത്തിൽ ഇന്ദു നിൽക്കുന്നു.

” അരവിന്ദാ…ഇതെവിടെ ആയിരുന്നു.” അവളവന്റെ ചന്ദന കുറിയിലേക്ക് നോക്കി ചോദിച്ചു.

” ഏയ്..അമ്പലത്തിൽ വരെ..വരുന്ന വിവരമൊന്നും പറഞ്ഞില്ലല്ലോ..ന്തേ ഒറ്റക്ക്, പെട്ടന്ന്.” അവൻ അവളെ കണ്ട സന്തോഷത്തിനു എന്തൊക്കയോ പറയാൻ ശ്രമിച്ചു.

ചാരു അവനെ നോക്കിയൊന്നു പുഞ്ചിരിച്ചു.
” ഡാ… ഡാ… ഇത്തിരി ശ്വാസം വിട്… അവളിങ് വന്നതല്ലേ ഉള്ളു…നിന്റെ മട്ട് കണ്ടാൽ ഇപ്പോ തന്ന്യേ ഇവളങ്ങു തിരിച്ചു പോവാണെന്ന് തോന്നുല്ലോ.?” അവൻ ചമ്മലോടെ മുഖം തിരിച്ചു. തൂണിന് പിന്നിൽ നിന്ന് അമൃത കളിയാക്കി തലയിളക്കി ചിരിച്ചു.

‘പോടി.. പോടി..’അരവിന്ദൻ അവളെ കണ്ണുരുട്ടി കാണിച്ചു . ഹരിയും ശ്രീയും വന്നപ്പോൾ നേരം നന്നെയിരുട്ടിയിരുന്നു.
ചാരു ഇന്ദു വന്നിട്ടുണ്ടെന്നറിയിച്ചു. ഹരിയൊന്ന് അമർത്തി മൂളി. രാത്രിയിൽ ഇന്ദു എല്ലാവർക്കും കൊണ്ടുവന്ന ഡ്രെസ്സുകളും കുട്ടികൾക്കുള്ള സമ്മാനങ്ങളുമൊക്കെ എടുത്ത കൊടുത്തു. എല്ലാവർക്കും വലിയ സന്തോഷമായി. ഹരിയുടെ മുഖം മ്ലാനമായി തന്നെയിരുന്നു. ഇന്ദു അതു ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

പിറ്റേന്ന് രാവിലെ ഇന്ദുവിനെയും അമൃതയെയും കുട്ടികളെയും കൂട്ടി അരവിന്ദൻ അമ്പലത്തിലേക്ക് തിരിച്ചു. പിന്നെ കുട്ടികളെ സ്കൂളിലാക്കാൻ മൂവരും കൂടി വീണ്ടും പോയി. അരവിന്ദന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ അതൊക്കെ ഉൾപ്പെട്ടിരുന്നു. ഇന്ദുവിനെയും കൂട്ടി തൃപ്പങ്ങോട്ട് ഗ്രാമം മുഴുവൻ ചുറ്റിനടക്കാൻ അവൻ കൊതിച്ചു.

അമൃതയും അരവിന്ദനും കൂടി അവളെയും കൊണ്ട് പോകാവുന്നിടം ഒക്കെ ചുറ്റി ഉച്ചതിരിഞ്ഞു തൃപ്പടിയോട്ടെ തെക്കേപ്പാട്ട് കുളക്കരയിൽ എത്തി.

അരവിന്ദൻ ഒന്നും മിണ്ടാതെ കുളത്തിലേക്ക് നോക്കി നിന്നു. അരികിൽ ഇന്ദുവും. കുറച്ചു മാറി വസുദേവും അമൃതയും സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു.

“അരവിന്ദാ…”
“മ്മ്..ഇന്ദു പറയു.”

” ഇനിയെന്താ പ്ലാൻ…എല്ലാം ഏകദേശം ഒക്കെ ഒതുങ്ങിയില്ലേ.?” അവൾ അവന്റെ മുഖത്തേക്ക് നോക്കി.

” കുളക്കരയിൽ നിൽക്കുന്ന മാവിന്റെ തണലിലേക്ക് നടന്നു അവൻ. പുറകെ അവളും.

” മ്മ്…ചിലതു കൂടി ഉണ്ട് ഇന്ദു. ”
” ന്താദ്‌..”
” മ്മ്..ഇന്ദുവിനോട് പറയാൻ കാത്തിരുന്ന ചിലത്. “അവനൊന്നു നിർത്തി പിന്നെ തുടർന്ന് “..ഈ കാണുന്ന പുരയിടം മാത്രമേ എനിക്കായി അച്ഛൻ ബാക്കി വച്ചിരുന്നുള്ളൂ. പിന്നെ വീട് നിൽക്കുന്നിടം കൂടി. ഒക്കെ ഏട്ടനെ ഏൽപ്പിക്കണം….നമ്മുടെ ഈ ഗ്രാമത്തിൽ കുറച്ചഅധികം ആൾക്കാരുണ്ട്., വീടുവെക്കാൻ ഒരുചുവടു മണ്ണില്ലാത്തവർ ഒക്കെ…ആയിരപ്പറ പാടവും നാൽപ്പതേക്കറും…”

“..കുറെയൊക്കെ ഒന്നുമില്ലാത്തവർക്ക് കൊടുക്കണം…പിന്നെ ദേ ഈ കുളം…ഇതു നികത്തി , ദോ അവിടെ മറ്റൊരു കുളം പണിയണം. അടുത്ത വർഷം മുതൽ അവിടെ വേണം മഹാദേവരുടെ ആറാട്ട്…” അവനൊന്നു ചിരിച്ചു.

” പിന്നെ ബാക്കിയൊക്കെ ഏട്ടന്റെ ഇഷ്ടത്തിന് വിട്ടു കൊടുക്കണം..” അവൻ അകലേക്ക് നോക്കി നിന്നു.

ഇന്ദു ഒന്നു പുഞ്ചിരിച്ചു.

” അപ്പൊ അരവിന്ദന്റെ പദ്ധതികൾ ഇത്രയൊക്കെ ആണ് അല്ലെ.”
“മ്മ്” അവനൊന്നു മൂളി.

അമൃതയും വസുദേവും അവരുടെ അടുത്തേക്ക് വന്നു.

“അരവിന്ദാ..ഞാനൊരു കാര്യം പറയാനിരിക്കയാരുന്നു. നിന്റെ തിരക്കും ബഹളവും…പിന്നെ എന്റെ ചില കാര്യങ്ങളും. അതാ നീണ്ടുപോയെ.” അരവിന്ദന് അവരെ രണ്ടുപേരെയും മറിമാറിനോക്കി.

” അന്നൊരിക്കൽ നീ തമാശായിട്ട്പറഞ്ഞില്ലേ ന്നോട് അമൃതയെ വേണമെങ്കിൽ ഞാൻ കെട്ടിക്കോ ന്നു…അതുകഴിഞ്ഞു ഞാനും ഒന്നിരുത്തി ചിന്തിച്ചു…അതു നല്ലൊരു കാര്യാണല്ലൊന്നു.” അവനൊന്നു ചിന്തിച്ചു. അരവിന്ദൻ വിസ്മയത്തിൽ അവന്റെ മുഖത്തേക്ക് നോക്കി

” ടാ…ഞാൻ വെറുതെ അന്നേരത്തെ ദേഷ്യത്തിനു..”

” മ്മ്..എനിക്കറിയാടാ…പക്ഷെ ഞാനതു കാര്യയിട്ടെടുത്തു. പിന്നെ കുറെ ദിവസം മുന്നേ ഇവളോട് ചോദിച്ചു. ഇവൾക്ക് എന്നോട് ഇഷ്ടക്കേടൊന്നും ഇല്ല. പക്ഷെ നിന്നോട് ചോദിച്ചു നീ സമ്മതം തന്നാൽ മാത്രം ഇവളും സമ്മതിക്കാം ന്നു പറയുന്നു.” അവനൊരു പുഞ്ചിരിയോടെ പറഞ്ഞു.

അരവിന്ദൻ ഇരുവരെയും മാറിമാറി നോക്കി.
” അപ്പൊ ഇതാരുന്നു നിന്റെ വിശേഷം അല്ലേടി..” അവളുടെ തലകിട്ടൊന്നു കിഴുക്കി അവൻ.

” അതു മാത്രല്ല…മറ്റൊന്നുടിയുണ്ട്…” അവൾ കിലുക്കിലെ ചിരിച്ചുകൊണ്ട് ഇന്ദുവിന് പിന്നിലേക്ക് ഒളിച്ചു.

വസുദേവിനോട് അടുത്തൊരു ദിവസം എല്ലാരേയും കൂട്ടി വീട്ടിലേക്ക് എത്താൻ പറഞ്ഞു അരവിന്ദൻ അവരെയും കൂട്ടി മടങ്ങി.

ഒരാഴ്ച പെട്ടന്ന് കടന്നു പോയി.

ഒരു ദിവസം വൈകിട്ട് ശ്രീയുടെ വീട്ടിൽ എല്ലാവരും അത്താഴം കഴിഞ്ഞു പൂമുഖത്തു സൊറ പറഞ്ഞിരിക്കുമ്പോഴാണ് ഇന്ദു ഒരു കവറുമായി കോണിയിറങ്ങി താഴേക്ക് വന്നത്.

“ആ നീയെവിടെ ന്നു നോക്കുവാരുന്നു.. എവിടെ പോയി അതിനിടയിൽ” ചാരു അവളെ നോക്കിക്കൊണ്ട് ശ്രീയുടെ അടുത്തേക്കിരുന്നു. ഇന്ദു ഒന്നു പുഞ്ചിരിച്ചു.
ഹരി അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

” ഞാൻ നാളെ മടങ്ങും. ബാംഗ്ലൂർക്ക്” അവൾ മെല്ലെ പറഞ്ഞു
” ഇത്ര വേഗമോ…കുറച്ചു ദിവസം കഴിഞ്ഞു പോരെ.” ചാരു വിഷണതയോടെ അവളെ നോക്കി.

“ഇല്ല ചേച്ചി പോണം..അവിടെ അമ്മയും പാപ്പായും ഒറ്റക്കല്ലേ…പിന്നെ ഉണ്ണിലക്ഷ്മിയുടെ കാര്യം തിരക്കാനും ഇപ്പോ ഞാൻ അല്ലെ ഉള്ളു ” അവൾ മുഖം കുനിച്ചിരുന്നു പറഞ്ഞു.

” അതാ നിക്കിപ്പോ പിടിക്കാത്തെ… നീയെന്തിനാ ഇതൊക്കെ കേറി ഏൽക്കാൻ നിൽക്കുന്നെ…”

” മ്മ്…സുഖല്യത്തോരു കുട്ടിയല്ലേ ചേച്ചി. ഇടക്കൊന്നു ചെന്നു നോക്കണ്ട…പിന്നെ സിദ്ധു ഇഷ്ടപ്പെട്ടിരുന്ന കുട്ടിയല്ലേ….പിന്നെ ഇത്രനാളും അരവിന്ദന്റെ അനിയത്തി ആണെന്ന് വിശ്വസിച്ചിരുന്നതല്ലേ, അവൾക്ക് ഭേദം ആവട്ടെ …അതിനെന്താ നല്ലതല്ലേ…”

“ദേ.. നീ വേണ്ടാത്ത ഒന്നും ചെയ്യണ്ടട്ടോ… മോഹൻലാലിന്റെ ഒരു സിനിമ നീ കണ്ടിട്ടില്ലേ.. അവസാനം ഭ്രാന്ത് മാറീന്നും പറഞ്ഞു കൊണ്ടുവന്നിട്ട് പെട്ടന്നൊരു ദിവസം പിന്നേം ഇളകി നിന്നെ എങ്ങാനും ന്തേലും ചെയ്താൽ..അവൾക്ക് നഷ്ടകാൻ ഒന്നുല്ല്യാ.. ഞാനിതിനു സ്മതിക്കില്ല്യാട്ടോ…” ചാരു കിടന്നു ഉറഞ്ഞു തുള്ളി.

” നീയൊന്നു മിണ്ടതിരിക്ക് ചാരു ആലോചിച്ചു നമുക്ക് വേണ്ടത് ചെയ്യാം.” ശ്രീയവളോടെ ദേഷ്യപ്പെട്ടു.

അരവിന്ദനും ഹരിയും ഒന്നും മിണ്ടിയില്ല.

ഇന്ദു മെല്ലെ കവർ നീക്കി അരവിന്ദന്റെ മുന്നിലേക്ക് തിരിച്ചു വച്ചു. അവൻ ഒന്നും മനസ്സിലാവാതെ അവളെ നോക്കി.

അവൾ ഹരിയുടെ നേരെ തിരിഞ്ഞു.

” ഏട്ടാ…അതു ഡൽഹിയിൽ സിവിൽ സർവീസ് അക്കാദമിയിലേക്കുള്ള എന്ററി ഫോം ആണ്. എക്സാം എഴുതി കിട്ടുന്ന അഡ്മിഷൻ ആണ്. ഇതു സ്‌പെഷ്യൽ ആയി കിട്ടിയതാണ്. ” ഒന്നുനിർത്തി അവൾ എല്ലാവരെയും മാറിമാറി നോക്കി.

” ഞാൻ കഴിഞ്ഞ മാസം ഡൽഹിക്ക് പോയിരുന്നു. ആരോടും പറഞ്ഞില്ല സോറി. മേജർ സഹ്യാദ്രി സാറും മറ്റൊന്ന് രണ്ടു പേരും ഹെല്പ് ചെയ്തു. അക്കാദമിയിൽ പോകാനും കാര്യങ്ങൾ സംസാരിക്കാനും. ”

അവളെഴുന്നേറ്റു ഹരിയുടെ അരികിൽ ചെന്നു. അയാളുടെ ചുമലിൽ കൈവച്ചു.

“എട്ടൻ ഒരുപാട് ആഗ്രഹിച്ചതല്ലേ അരവിന്ദനെ എസ് ഐ ആയിക്കാണാൻ. ഞാൻ കൊണ്ടോയിക്കോട്ടെ ഡൽഹിക്ക്… അരവിന്ദൻ ഒരു വർഷമൊന്നു ഹാഡ്വർക് ചെയ്താൽ മതി…ഏട്ടന്റെ ആഗ്രഹം പൂർത്തിയാക്കാൻ.” അവൾ പ്രതീക്ഷയോടെ അയാളെ നോക്കി.

ഹരി ഒന്നും മിണ്ടാതെ അവളെ നോക്കിയിരുന്നു. അയാളുടെ കണ്ണുകൾ നിറഞ്ഞു കാഴ്ച മങ്ങി. ഒരു എങ്ങലോടെ അയാൾ അവളെ ചേർത്തു പിടിച്ചു.

” നീ ഓരോ തവണ വന്നു പോകുമ്പോഴും ന്റെ നെഞ്ചിൽ ന്തു നീറ്റലായിരുന്നു ന്നറിയ്യോ…. ന്താ നീ ന്റെ ചെക്കന്റെ കാര്യോന്നും പറയാത്തെ..പറയാത്തെ ന്നു…ദേ.. നോക്കിയേ ന്റെ …നെഞ്ചിന്റെ ഒരു പിടപ്പ്…അവന്റെ കണ്ണു നിറയുന്നതെ നിക്ക് സഹിക്കില്ല്യാ..” അയാൾ സന്തോഷം സഹിക്ക വയ്യാതെ എന്തൊക്കയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ശ്രീക്കും ചാരുവിനും ഹരിക്കും ഗോമതിക്കും അന്ന് ഉത്സവം ആയിരുന്നു.

ചാരു ഫോണ് എടുത്ത് അവളുടെയും ശ്രീയുടെയും വീട്ടിലേക്ക് വിളിച്ചു പിറ്റേന്ന് രാവിലെ എത്താൻ അറിയിച്ചു.

ഹരി സന്തോഷം കൊണ്ട് തുള്ളിച്ചാടുവായിരുന്നു.

അരവിന്ദൻ കോണികയറി മുകളിലേക്ക് പോയി. ഇന്ദുവിന്റെ മുറി അവൻ ആദ്യമായിട്ടായിരുന്നു കാണുന്നത്. മുറിക്കകം ആകമാനം അവന്റെ കണ്ണുകൾ ചുറ്റിത്തിരിഞ്ഞു. മേശമേൽ ഒരടുക്ക് പുസ്തകങ്ങൾ ഉണ്ടായിരുന്നു. അവനതു തുറന്നു നോക്കി. എല്ലാം സിവിൽ സർവീസിന് പഠിക്കാനുള്ളതായിരുന്നു.’ മഹാദേവാ ഇവൾ എല്ലാം പ്ലാൻ ചെയ്തിട്ടാണല്ലോ ‘ അവൻ മനസ്സിലോർത്തു.

മേശമേലിരുന്ന സിദ്ധുവിന്റെ ഫോട്ടോ എടുത്തു അരവിന്ദൻ അതിലേക്ക് നിർനിമേഷനായി നോക്കി നിന്നു.
‘ ന്താടോ നോക്കുന്നെ..താൻ എന്നെ ഏല്പിച്ചതല്ലേ നല്ലോണം നോക്കണേ വിഷമിപ്പിക്കല്ലേ ന്നൊക്കെ പറഞ്ഞു… പറ്റിയില്ലടോ ന്നെക്കൊണ്ട്.. ദേ ഞാൻ തിരികെ ഏല്പിക്കുവാണട്ടോ.’ അയാൾ പറയുന്നതുപോലെ തോന്നി അരവിന്ദന്. അവന്റെ കണ്ണുകൾ നിറഞ്ഞു.

” ഹലോ…” ഇന്ദുവിന്റെ സ്വരം കേട്ട് അരവിന്ദന് ഞെട്ടി വതിൽക്കലേക്ക് നോക്കി. അവൾ മെല്ലെ അവന്റെ അടുത്തേക്ക് ചെന്നു
“മ്മ്..ന്തേ… തെറ്റിപ്പോയോ ന്റെ തീരുമാനം… ചോദിക്കാനൊന്നും നിന്നില്ല്യാ…അരവിന്ദൻ അതു ഡിസേർവ് ചെയ്യുന്നുണ്ടെന്ന് തോന്നി പിന്നൊന്നും ആലോചിച്ചില്ല. പിന്നെ ഒക്കെ ഒരു സർപ്രൈസ് ആവട്ടെ ന്നു വച്ചു.. സോറിട്ടൊ..” അവൾ കൈ പിന്നിൽ കെട്ടി നിന്നു ചിരിച്ചു.

അരവിന്ദൻ അവളെ തന്നെ നോക്കി നിന്നു. പിന്നെ അവളെ വലിച്ചടുപ്പിച്ചു ഇറുക്കി കെട്ടിപ്പിടിച്ചു നെറുകയിൽ ചുണ്ടമർത്തി.

രാവിലെ മുതൽ എല്ലാവരും തിരക്കിലായിരുന്നു. അതിനിടയിൽ അരവിന്ദൻ ശ്രീയോട് വസുദേവ് പറഞ്ഞ കാര്യം സൂചിപ്പിച്ചിരുന്നു. ‘ അവളുടെ സന്തോഷമല്ലെടാ നമുക്ക് വലുത് ‘ ശ്രീ പറയുന്നത് കേട്ട് അമൃത അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു.

വൈകുന്നേരം.

അരവിന്ദനും ഇന്ദുവും പോകാൻ റെഡി ആയി വന്നു. ടാക്സിയിലേക്ക് ബാഗെല്ലാം എടുത്തു വച്ചു ശ്രീയും ഹരിയും കൂടി.

ഇന്ദു മെല്ലെ ഹരിയുടെ അടുത്തേക്ക് ചെന്നു.

” ഹരിയെട്ടാ…അരവിന്ദന് ഞാനൊന്നുകൂടെ കൊടുക്കുവാണ് ഒപ്പം അവിടൊരു അച്ഛനും അമ്മയും മകനെ നഷ്ട്ടപ്പെട്ട വേദനയിൽ കഴിയുന്നുണ്ട്, അവർക്കൊരു മകനെയും. എതിരൊന്നും പറയല്ലേ..” അവൾ മുഖമുയർത്തി അയാളെ നോക്കി.

” എനിക്ക് മനസിലാകും മോളെ..നിനക്ക് നന്മ മാത്രേ ചെയ്യാനറിയു, ” അയാൾ പുഞ്ചിരിച്ചു.

” ഏട്ടാ…എനിക്ക് ഇത്തിരി സമയം കൂടി തരണം…അരവിന്ദന്റെ ജീവിതത്തിലേക്ക് ചെല്ലാൻ…ന്നോട് വിഷമം ഒന്നും തോന്നല്ല്” അയാൾ അവളെ ചേർത്തു പിടിച്ചു. നെറുകയിൽ ചുണ്ടമർത്തി.

” ന്റെ അരവിന്ദന്റെ ഭാഗ്യമാണ്.” അയാൾ കണ്ണുകൾ നിറച്ചു നിന്നു.

ഹരിയുടെയും ശ്രീയുടെയും ഗോമതിയുടെയും മറ്റു മാതാപിതാക്കളുടെയും കാൽ തൊട്ടു വന്ദിച്ചു അവരിരുവരും.

ഹരി അരവിന്ദനെ കെട്ടിപ്പിടിച്ചു നിമിഷങ്ങളോളം നിന്നു. പിന്നെ അവന്റെ മുഖത്തേക്ക് നോക്കി.

” ഏട്ടാ..പോയിട്ട് വരട്ടെ…തിരികെ വരുന്നത് തൃപ്പടിയോട്ട് അരവിന്ദ് ബാലചന്ദ്രൻ IPS ആയിട്ടായിരിക്കും. വാക്ക്.” ഹരി അരവിന്ദനെ കെട്ടിപ്പിടിച്ചു ഉമ്മകൾ കൊണ്ട് മൂടി.

ശ്രീയും ചാരുവും ഗോമതിയും അവനെ ചേർത്തുപിടിച്ചു വിങ്ങിക്കരഞ്ഞു. ഉണ്ണിക്കുട്ടനും അമ്മുക്കുട്ടിയും അവർക്കിരുവർക്കും ഉമ്മകൾക്കൊടുത്തു.

യാത്രപറഞ്ഞു കാറിൽ കയറി അരവിന്ദനും ഇന്ദുമിത്രയും. കാർ അവരെ വഹിച്ചുകൊണ്ട് തൃപ്പടിയോട്ട മുറ്റത്തുനിന്നും വഴിയിലേക്കിറങ്ങി. അവർ കൈവീശി കാണിച്ചുകൊണ്ടിരുന്നു.

എവിടെ നിന്നെന്നറിയതെ ഒരു ഇളങ്കാറ്റ്‌ അവരുടെ ചുറ്റിലും കറങ്ങിത്തിരിഞ്ഞു ഹരിയുടെ മേലെതഴുകി ആ കാറിനു പിന്നാലെ പടിയിറങ്ങിപോയി. ‘ ചെറിയമ്മേ മോന്റെ കൂടെ പോവാണ് ല്ലേ..മ്മ് പൊക്കോളൂ…’ അയാളുടെ മനസ് മന്ത്രിച്ചു.

മാറിൽ കൈകൾ പിണച്ചു വച്ചു ഒരാതികായനെപോലെ വഴിയിലേക്ക് നോക്കി അയാൾ പൂമുഖപ്പടിയിൽ നിന്നു. മേലെവീട്ടിൽ തൃപ്പടിയോട്ട ഹരിശങ്കർ.

തൃപ്പങ്ങോട്ട് മഹാദേവന്റെ നട തുറന്നു എന്നറിയിച്ചു ശംഖൊലി മുഴങ്ങികേൾക്കുന്നുണ്ടായിരുന്നു.

❤️❤️

(അവസാനിച്ചു)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

അറിയാതെ ഒന്നും പറയാതെ – ഭാഗം 1

അറിയാതെ ഒന്നും പറയാതെ – ഭാഗം 2

അറിയാതെ ഒന്നും പറയാതെ – ഭാഗം 3

അറിയാതെ ഒന്നും പറയാതെ – ഭാഗം 4

അറിയാതെ ഒന്നും പറയാതെ – ഭാഗം 5

അറിയാതെ ഒന്നും പറയാതെ – ഭാഗം 6

അറിയാതെ ഒന്നും പറയാതെ – ഭാഗം 7

അറിയാതെ ഒന്നും പറയാതെ – ഭാഗം 8

അറിയാതെ ഒന്നും പറയാതെ – ഭാഗം 9

അറിയാതെ ഒന്നും പറയാതെ – ഭാഗം 10

അറിയാതെ ഒന്നും പറയാതെ – ഭാഗം 11

അറിയാതെ ഒന്നും പറയാതെ – ഭാഗം 12

അറിയാതെ ഒന്നും പറയാതെ – ഭാഗം 13

അറിയാതെ ഒന്നും പറയാതെ – ഭാഗം 14

അറിയാതെ ഒന്നും പറയാതെ – ഭാഗം 15

അറിയാതെ ഒന്നും പറയാതെ – ഭാഗം 16

അറിയാതെ ഒന്നും പറയാതെ – ഭാഗം 17

അറിയാതെ ഒന്നും പറയാതെ – ഭാഗം 18

അറിയാതെ ഒന്നും പറയാതെ – ഭാഗം 19

അറിയാതെ ഒന്നും പറയാതെ – ഭാഗം 20

അറിയാതെ ഒന്നും പറയാതെ – ഭാഗം 22