Tuesday, November 5, 2024
Novel

അറിയാതെ ഒന്നും പറയാതെ – ഭാഗം 16

നോവൽ
എഴുത്തുകാരി: ദീപ ജയദേവൻ

” ഒരു പക്ഷെ…സിദ്ധു…ജീവനോടെ ഉണ്ടായിരുന്നെങ്കിൽ…ഞങ്ങൾ ഒരു നൂറു വർഷം ഒന്നിച്ചുണ്ടായിരുന്നെങ്കിൽ … അരവിന്ദൻ എന്തു ചെയ്തേനെ….” അവൾ അരവിന്ദനെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

അരവിന്ദൻ തന്നോട് തന്നെ ആ ചോദ്യം ചോദിച്ചു.

താൻ എന്തു ചെയ്തേനെ….

ഉത്തരം കിട്ടാതെ അയാൾ ഇന്ദുവിനെ നോക്കി പുഞ്ചിരിച്ചു. പിന്നെ പറഞ്ഞു,

” ഞാൻ …കാത്തിരുന്നേനെ… എന്നും…. ഒരിക്കലും വരില്ല എന്നറിഞ്ഞു കൊണ്ടു തന്നെ….കാരണം…എനിക്കത്രക്ക് ഇഷ്ട്ടമാണ്….ഈ ഇന്ദുമിത്രയെ….” അവളുടെ കണ്ണുകളിലേക്ക് നോക്കി ഒരു നിമിഷമിരുന്നു.

പിന്നെ അകലേക്ക് നോക്കി പുഞ്ചിരിച്ചു.

” മ്മ്…അരവിന്ദന്റെ ആഗ്രഹം എന്നിലും ശക്തമായിരുന്നു….പക്ഷെ..അതിനു സിദ്ധുവിന്റെ ജീവന്റെ വിലയുണ്ടായിരുന്നു… അരവിന്ദാ…”

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു അരവിന്ദനതിൽ ലയിച്ചു അവളുടെ കാഴ്ചയിൽ നിന്നു മറഞ്ഞു.

മിഴിനീർതുടച്ചു അവൾ അരവിന്ദന് നേരെ കൈനീട്ടി. അവൻ ആ കൈകളിലേക്ക് കൈ ചേർത്തു.

” ഇന്ദു…ഇനിയും പറയാത്ത ഒന്നു കൂടിയുണ്ട്…”

“ന്താദ്‌…പറയൂ…”

” നിങ്ങളുടെ വിവാഹത്തിന് സിദ്ധു വന്നുകഴിഞ്ഞു ഞങ്ങൾ കണ്ടിരുന്നു…സിദ്ധു വിവാഹത്തിന് മാനസീകമായിട്ട് ഒട്ടും തയ്യാർ ആയിരുന്നില്ല്യാ.. ഞാനൊരുപാട് പറഞ്ഞു.. ഇന്ദുനെക്കുറിച്ചു…എനിക് പണ്ടേ ഇന്ദുനേ അറിയാന്ന് സിദ്ധു മനസിലാക്കിയിരുന്നു… ഇഷ്ടാണെന്നും…” അയാൾഅവളെനോക്കി പുഞ്ചിരിച്ചു.

” എന്നിട്ട്…”

“ന്നിട്ടെന്താ…ഒക്കെ കേട്ടു…നല്ലോണം നോക്കിക്കോളം ന്നു പറഞ്ഞു… അവസാനം…ഒന്നുകൂടി പറഞ്ഞു…”

“ന്താദ്‌…”

“സിദ്ധുവിനു ന്തേലും പറ്റിപ്പോയാച്ചാൽ … നിങ്ങളെ മൂന്നു പേരെയും തനിച്ചാക്കരുതെന്ന്…കൂടെ ഉണ്ടാവണം ന്നു”.. അരവിന്ദന്റെ കണ്ണു നിറഞ്ഞു. ഇന്ദുവിന്റെയും. പിന്നൊന്നും പരസ്പരം മിണ്ടാതെ അവർ മുന്നോട്ടു നടന്നുകൊണ്ടിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ അരവിന്ദൻ തന്നെ മൗനം വെടിഞ്ഞു.

” ഇന്ദു, ഈ വിചാരണ ഒക്കെ എന്നു കഴിയുമെന്നാണ്….”

“അറിയില്ല അരവിന്ദാ…”

” നമ്മൾ ചെന്നാലും ഇതൊക്കെ കാണാൻ അവരനുവദിക്കും ന്നു തോന്നണുണ്ടോ ” അരവിന്ദൻ അവളോട് ചോദിച്ചു.

“ഇല്ല അരവിന്ദാ..സൈനീക കോടതി അല്ലെ..മറ്റാർക്കും അവിടെ പ്രവേശനം ഉണ്ടാവില്ല….പക്ഷെ അതിനു മുൻപ് നമുക്ക് ഒന്നു പോകണം ഡൽഹി വരെ… എല്ലാവരെയും ഒന്നു കാണാൻ… വിചാരണ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ആരെയും കാണാൻ അനുവാദം ഉണ്ടായെന്നു വരില്ല…”

“മ്മ്…ങ്ങനെയൊന്നു ഞാൻ പ്രതീക്ഷിച്ചിരുന്നില്ല്യാ… ഇന്ദു… സിദ്ധു.. ഇത്രവേഗം…” അരവിന്ദൻ വഴിയരുകിലെ ഒരു തണൽമരത്തിന്റെ ചുവട്ടിലേക്ക് നീങ്ങി മാറിൽ കൈകൾ പിണച്ചു നിന്നു അകലേക്ക് മിഴിപാകി. ഇന്ദു അരവിന്ദനരികിലൂടെ മരത്തിനു താഴെ ചാരുബെഞ്ചിലേക്കിരുന്നു.

” ….ഞാനും അരവിന്ദാ..”

” ഇന്ദൂന്…” അയാൾ പറയാൻ തുടങ്ങുന്നതിനു മുൻപ് അവളുടെ കയ്യിലിരുന്ന ഫോൺ ശബ്ദിച്ചു. ഫോൺ അറ്റൻഡ് ചെയ്തിട്ട് അവളതു അരവിന്ദന് നേരെ നീട്ടി.

“ഹരിയേട്ടനാ അരവിന്ദാ…” അവനതു വാങ്ങി കാതോട് ചേർത്തു.

അരവിന്ദൻ ഹരിയോട് സംസാരിക്കുന്നതു നോക്കി ഇന്ദുവിരുന്നു. അവളുടെ ഉള്ളിൽ സിദ്ധുവിന്റെ രൂപം തെളിഞ്ഞു വന്നു.

സിദ്ധു എവിടെയും പോയിട്ടില്ല എന്നവൾക്ക് തോന്നി. ഓരോ ചലനങ്ങളിലും, പുഞ്ചിരിയിൽ പോലും സിദ്ധുവും അരവിന്ദനും തമ്മിൽ എത്ര സാമ്യം ആണെന്നോർത്തു അവൾക്ക് വിസ്മയം തോന്നി..ഒപ്പം അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. അരവിന്ദനിൽ നിന്നും നോട്ടം പറിച്ചെടുത്ത് മേഘപാളികൾക്കിടയിൽ അവൾ സിദ്ധുവിനെ തിരഞ്ഞു.

” ന്തേ..ആലോചന…” ശബ്ദം കേട്ടവൾ നോക്കിയപ്പോൾ ഫോണ് തന്റെ നേരെ നീട്ടി ഒരു നേർത്ത പുഞ്ചിരിയോടെ അരവിന്ദൻ മുന്നിൽ.

” മ്ഹൂം… ഒന്നുല്ല്യാ അരവിന്ദാ …” ഫോണ് വാങ്ങാതെ അവൾ പറഞ്ഞു. അരവിന്ദൻ സ്വന്തം കയ്യിലേക്ക് നോക്കി..പിന്നെ അവളെയും.

” എന്നാ മടക്കം ന്നു ചോദിച്ചു ഏട്ടൻ…”

“മ്മ്..ന്തുപറഞ്ഞു..”

” കുറച്ചു തമസമുണ്ട്..ന്നു പറഞ്ഞു.”

” അരവിന്ദന് തിരിച്ചെത്തണം ല്ലേ..? ..മൃദുല വരുന്നതിനു മുൻപ് ..?”

” മ്മ്…അതു വേണം…ഇന്ദു…ചിലതുണ്ട്…” ആലോചനയോടെ അവൻ പറഞ്ഞു.

” പോകാം അരവിന്ദാ…പോകണം… ഇനിയെത്ര ദിവസം ഉണ്ട്..കാവിലെ വിളക്കിനു..? ”

” പതിമൂന്ന് ദിവസം….”

” ഒരാഴ്ച കൂടി നമുക്ക് നോക്കാം സഹ്യാദ്രി സർ വിളിക്കുമോന്നു…ന്താ..” അവൾ അരവിന്ദനെ നോക്കി.

” മ്മ്..” ആലോചനയോടെ അവൻ ഒന്നമർത്തിമൂളി.

അവർ തിരികെ വീട്ടിലെത്തുമ്പോൾ വൈകിയിരുന്നു. അവരെയും പ്രതീക്ഷിച്ചു മുകുന്ദനും സുമിത്രയും വരാന്തയിൽ തന്നെ ഉണ്ടായിരുന്നു.

ഗേറ്റ് കടന്നു വരുന്ന അരവിന്ദനിൽ ദൃഷ്ടിയുറപ്പിച്ചിരിക്കുമ്പോൾ സിദ്ധു എവിടെയും പോയിട്ടില്ലന്നു ആ മതാപിതാക്കൾക്ക് തോന്നി.

കണ്ണുനീരിനിടയിലൂടെ അരവിന്ദനെയും ഇന്ദുവിനെയും നോക്കി പുഞ്ചിരി തൂകിയവർ.

ഒന്നുരണ്ടു ദിവസങ്ങൾകടന്നു പോയി. ഇടക്ക് അഖിൽ ഇന്ദുവിനെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു.

നാലാമത്തെ ദിവസം വൈകുന്നേരം അവർ നാലുപേരും മൃദുലയുടെ കഥകൾ പറഞ്ഞിരിക്കുമ്പോഴാണ് അഖിലിന്റെ ഫോണ് വന്നത്.

ഇന്ദു ഓടിപ്പോയി ലാപ്ടോപ്പു എടുത്തു വന്നു. അവരുടെ അരികിലിരുന്ന മെയിൽ ചെക് ചെയ്തു.

അതിൽ പിറ്റേന്ന് രാത്രി ഉള്ള ഡൽഹി ഫ്ലൈറ്റിന് അവർക്കുള്ള രണ്ടു ടിക്കറ്റുകൾ ഉണ്ടായിരുന്നു.

അവൾ നിറകണ്ണുകളോടെ സുമിത്രയെ കെട്ടിപ്പിടിച്ചു. മുകുന്ദൻ അരവിന്ദന്റെ ചുമലിലേക്ക് തലചായ്ച്ചു.

അരവിന്ദൻ അവർ മൂവരെയും ചേർത്തു പിടിച്ചു ആകാശത്തേക്ക് മിഴിപാകി അവന്റെ കണ്ണുകളിൽ കണ്ണുനീർ ഒരു നക്ഷത്രത്തെ പോലെ തിളങ്ങി.

പിറ്റേന്ന് വൈകിട്ട് മുകുന്ദനോടും സുമിത്രയോടും യാത്ര പറഞ്ഞു അവർ ഡൽഹിക്ക് തിരിച്ചു.
********** ************* **********

രാത്രി 9.40 നുള്ള സ്‌പൈസ്ജെറ്റിൽ ഇന്ദുവിന് അടുത്തിരിക്കുമ്പോൾ അരവിന്ദൻ തന്റെ ജീവിതത്തിന്റെ ഗതി ആലോചിച്ചു പോയി.

തൃപ്പങ്ങോട്ട് ഗ്രാമത്തിലെ വയലേലകളിലും ഇടവഴികളും വെറുതെ ചുറ്റിത്തിരിഞ്ഞു നേരം പോക്കിയ അരവിന്ദൻ ഒരു സുപ്രഭാതത്തിൽ ഫ്ലൈറ്റിൽ ഡൽഹിയിലേക്ക്…അതും സ്നേഹിച്ച പെണ്ണിന്റൊപ്പം അവളുടെ ഭർത്താവിന്റെ മരണരഹസ്യം അന്വേഷിച്ചു….അവൻ മുഖംതിരിച്ചു ഇന്ദുവിനെ നോക്കി.

ഇന്ദു നിശ്ശബ്ദയായിരുന്നു. അവളുടെ മാനസീകവസ്ഥ നന്നായിട്ട് മനസിലാകുന്നുണ്ടായിരുന്നു അരവിന്ദന്.

12.50ന് ഡൽഹിയിൽ വിമാനമിറങ്ങി ചെകൗട്ട് ചെയ്തു ഏകദേശം 2.50ഓടെ പുറത്തെത്തുമ്പോൾ അവരെയും പ്രതീക്ഷിച്ചു ചേതൻ ശാസ്ത്രിയും മറ്റൊരാളും കാത്തു നിൽക്കുന്നുണ്ടായിരുന്നു.

” ഗുഡ് മോർണിംഗ് മേം സാബ്…” ചേതൻ കൈകൂപ്പി അവരെ സ്വാഗതം ചെയ്തു.

” ഗുഡ്മോർണിങ് സർ…” അവൾ പുഞ്ചിരിയോടെ കൈകൂപ്പി.

” മേം സാബ് , ഇതു അർപ്പിത് ശർമ്മ..ഫ്രം മുംബൈ..ഡൽഹി റെജിമെന്റിൽ മേജർ സഹ്യാദ്രി സർ ന്റെ ബെറ്റാലിയനിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു.. സിദ്ധു സാറിനു വലിയ കാര്യയിരുന്നു ഞങ്ങളെ…” ചേതൻ പറഞ്ഞുകൊണ്ട് മിത്രയെയും അരവിന്ദനെയും മാറിമാറി നോക്കി.

അവൾ അർപ്പിതിനു നേരെ കൈകൂപ്പി .. അയാൾ തിരിച്ചും. അരവിന്ദിന് ഷേക്ക്ഹാൻഡ് നൽകി. ശേഷം അവർ യാത്ര തിരിച്ചു.

ഡൽഹി കന്റോണ്മെൻറ്.

സഹ്യാദ്രിയുടെ താമസസ്ഥലത്തേക്കാണ് അവർ എത്തിയത്. സെക്യൂരിറ്റി പാസ്‌വേഡ് ചോദിച്ചു അവർ നാലുപേരുടെയും ഐഡി വെരിഫൈ ചെയ്തു സഹ്യാദ്രിയുടെ അനുവാദം കിട്ടിയതിനു ശേഷം അവരെ അകത്തേക്ക് പോകാൻ അനുവദിച്ചു.

അരവിന്ദനും ഇന്ദുവിനും അതെല്ലാം പുതിയ കാഴ്ചകൾ ആയിരുന്നു.

ഭയാനകമായ ഒരു നിശബ്ദത അവിടെ തളം കെട്ടിക്കിടന്നിരുന്നു. നടക്കുമ്പോൾ ബൂട്ടുകൾ നിലത്തമരുന്ന ഒച്ച മാത്രം മുഴങ്ങികേട്ടു.

വാതിൽ കടന്നു ചെല്ലുമ്പോൾ ഇന്ദു ഒന്നു വിറച്ചു.

മുറിയിൽ നിരന്നിരിക്കുന്ന ഇരുപതോളം വരുന്ന പട്ടാളക്കാർ…അവളുടെ കണ്ണുകൾ അവർക്കിടയിലൂടെ അഖിലിനെ തിരഞ്ഞു.

അരവിന്ദന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. ചിത്രങ്ങളിലും സിനിമയിലും കാണുന്നതുപോലെ അത്ര ലാഘവം നിറഞ്ഞതല്ല നേരിൽ അനുഭവിക്കുമ്പോൾ എന്നവൻ മനസിലാക്കി. നെഞ്ചിലൊരു തണുപ്പ് വന്നു നിറയുന്നതുപോലെ തോന്നി.

നാട്ടുമ്പുറത്തെ ജീവിതം എത്ര ലളിതവും സമാധാനം നിറഞ്ഞതുമാണെന്നവൻ ഓർത്തു. മുന്നിൽ നിരന്നിരിക്കുന്നവരുടെ.. അതുപോലുള്ള ആയിരക്കണക്കിന് സൈനികരുടെയും ജീവിതത്തിലെ ഈ നിശബ്ദതയും ധൈര്യവും ജീവനും ഒക്കെ പണയപ്പെടുത്തി നല്കുന്നതാണല്ലോ ആ സമാധാനം എന്നോർത്തപ്പോൾ അവനു ഇതുവരെയുള്ള തന്റെ ജീവിതത്തോട് ഒരു പുച്ഛം തോന്നി.

” ഹലോ…മിത്ര…ഹലോ അരവിന്ദ്…” പിന്നിൽ അഖിലിന്റെ സ്വരം കേട്ടു രണ്ടാളും തിരിഞ്ഞു നോക്കി. അകത്തുനിന്നുള്ള വാതിൽ കടന്നു ക്യാപ്റ്റൻ അഖിൽ സുദർശൻ ഇറങ്ങി വന്നു.

അയാളെ കണ്ടു മറ്റുള്ളവർ എഴുന്നേറ്റു നിന്നു.

അഖിൽ അവരെ ഓരോരുത്തരെ ആയിട്ട് പരിചയപ്പെടുത്തി.

അവരിൽ പകുതിയോളം പേര് സിയാചിനിലെ ക്യാമ്പിൽ സിദ്ധുവിന്റെ കൂടെ ഉള്ളവർ ആയിരുന്നു. ചിലർ ഡൽഹിയിലും മറ്റു ചിലർ മുംബൈയിലും ഉണ്ടായിരുന്നു.

അവർ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ പെട്ടന്ന് വാതിൽ കടന്നു മേജർ സഹ്യാദ്രി പുറത്തേക്ക് വന്നു.

പെട്ടന്ന് സൂചി വീണാൽ കേൾക്കുന്ന നിശബ്ദത ആയി.

ഇന്ദുവിനു ചെറിയ പേടി തോന്നി.

അരവിന്ദൻ വിസ്മയത്തോടെ അതൊക്കെ നോക്കിക്കണ്ടു.

” മിത്ര ആൻഡ് അരവിന്ദ്… ഗുഡ്മോർണിങ്…” അദ്ദേഹം അവരെ വിഷ് ചെയ്തു. ഇന്ദുവിന് പെട്ടന്ന് ശബ്ദിക്കാനായില്ല. അവൾ കൈകൂപ്പി.

” ഗുഡ് മോർണിംഗ് സർ..” അരവിന്ദൻ പെട്ടന്ന് കൈകൂപ്പി തിരിച്ചു വിഷ് ചെയ്തു.

എല്ലാവരും ഇരിക്കാൻ അദ്ദേഹം ആംഗ്യം കാണിച്ചു.

കുറച്ചുനേരം നിശബ്ദമായി കടന്നു പോയി.

ശേഷം സഹ്യാദ്രി സൈനീകരോടായി ഇന്ദുവും അരവിന്ദനും വന്നതിന്റെ…അവരെ വിളിപ്പിച്ചതിന്റെ ഉദ്ദേശം പറഞ്ഞു.

അവർ ഒറ്റക്കെട്ടായി ബ്രിഗർഡിയർ രാജശേഖര പൊതുവാളിനെതിരെ സ്റ്റേറ്റ്മെന്റ് സൈൻ ചെയ്‌തന് തയാറാണെന്ന് അറിയിച്ചു.

ക്യാപ്റ്റൻ അഖിൽ സുദര്ശന്റെ പരാതിയിൽ , സിയാചിനിലെ സൈനീക ഓപ്പറേഷന് ഇടയിൽ ക്യാപ്റ്റൻ സിദ്ധാർത്ഥ് മുകുന്ദനെ മനഃപൂർവം പാക് സൈനികരുടെ മുൻപിലേക്ക് മേജർ വിക്രം പ്രതാപ് സിങ് വിളിച്ചിറക്കുകയായിരുന്നു എന്നും അപ്പോഴുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റനെ വളരെ അലക്ഷ്യമായിട്ടാണ് ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യാൻ സമ്മതിച്ചതെന്നും മതിയായ പരിചരണം നൽകാൻ അനുവദിച്ചില്ല എന്നും, എന്നാൽ ആർമി റിസർച് ആൻഡ് റെഫെറൽസിലേക്ക് പോകുന്നവരെ അദേഹത്തിന് ശ്വാസം ഉണ്ടായിരുന്നെന്നും മറ്റു ആറു കമാൻഡോകളേയും സാക്ഷികളാക്കി പരാതിയുടെ ഫോർമാറ്റ് തയാറാക്കി.

കൂടെ, ഡൽഹി റജ്‌മെൻറ്റിൽ വെച്ചു ബ്രിഗേഡിയർ രാജശേഖര പൊതുവാൾ പലതവണ സിദ്ധാർത്ഥിനെ കൊലപ്പെടുത്തുമെന്നും അതിന്റെ പ്രതികാരം എന്നതാണ് സിയച്ചിനിലേക്ക് ട്രാൻസ്ഫർ എന്നും പറയുന്നത് നേരിട്ടു കേട്ടതായി കമാൻഡോ ചേതൻ ശാസ്ത്രി, സുബേദാർ അർപ്പിത് ശർമ്മ, ഹാവിൽദാർ സുധീഷ് ഭേരി എന്നിവരുടെ സ്റ്റേറ്റ്മെന്റുകളും അറ്റാച്ച് ചെയ്തു.

ഇതിനൊക്കെ പുറമെ, സിയാചിനിലെ ഓപ്പറേഷൻ ഏരിയായിൽ നിന്നും മുന്നറിയിപ്പൊന്നും ഇല്ലാതെ തന്നെ തിരിച്ചു വിളിച്ചതായും പകരം മേജർ വിക്രം പ്രതാപ് സിങ്നെ തനിക്കു പകരം അവിടേക്കയച്ചതിന്റെ കാരണം ബോധിപ്പിക്കണം എന്നൊരു പരാതി കൂടി മേജർ സഹ്യാദ്രി ശിവ് റാം തയാറാക്കി.

അങ്ങനെ,

മേജർ സഹ്യാദ്രി ശിവ് രാം
ക്യാപ്റ്റിൻ അഖിൽ സുദർശൻ
കമാൻഡോ ചേതൻ ശാസ്ത്രി
സുബേദാർ അർപ്പിത് ശർമ്മ
ഹാവിൽദാർ സുധീഷ് ഭേരി …തുടങ്ങിയവരും അവർക്ക്പുറമെ മറ്റു ആറു കമാൻഡോകളും കൂടി തയാറാക്കിയ, ബ്രിഗർഡിയർ രാജശേഖര പൊതുവാളിനെതിരെ പഴുത്തുകളടച്ച പരാതിയുടെ ഫോർമാറ്റ് കോപ്പി മൂന്നു മണിക്കൂറിനുള്ളിൽ ഇന്ദുമിത്രയുടെ കയ്യിലിരുന്ന വിറകൊണ്ടു.

അതു വായിച്ചു നോക്കിയ ശേഷം നിറകണ്ണുകളുയർത്തി അവൾ ഓരോരുത്തരെയും മാറിമാറി നോക്കി.

കുറച്ചു സമയം കൂടി പലതും സംസാരിച്ചും തയാറാക്കിയും കടന്നുപോയി.

രാവിലെ എട്ടുമണിയോടു കൂടി അഖിൽ അവരെയും കൂട്ടി തിലക് നഗറിൽ അവർക്ക് വേണ്ടി റൂം ബുക്ക്‌ ചെയ്ത ഹോട്ടൽ ഇന്ദ്രപ്രസ്ഥയിലേക്ക് യാത്രയായി.

അവരെ അവിടെയാക്കി പിന്നീട് വിളിക്കാം എന്നറിയിച്ചു അഖിൽ യാത്ര തിരിച്ചു.

ഹോട്ടലിന്റെ നാലാം നിലയിലെ മുറിക്കുള്ളിൽ ജനാലാക്കരുകിൽ അവർ നിന്നു.

അരവിന്ദനും ഇന്ദുമിത്രയും…

കഴിഞ്ഞു പോയ രാത്രിയുടെ ഓരോ നിമിഷവും ഒരു കടൽക്കറ്റുപോലെ ഇരുവരുടെയും ഇടനെഞ്ചിൽ അലയടിക്കുന്നുണ്ടായിരുന്നു. എ സി യുടെ തണുപ്പിലും അവളുടെ മേൽചുണ്ടിൽ വിയർപ്പുകണങ്ങൾ നേർത്തുപൊങ്ങി. വിറയാർന്ന വിരലുകൾ അവൾ ജനൽപ്പടിയിൽ മുറുക്കിപിടിച്ചിരുന്നു.

അരവിന്ദന് അവളുടെ വേവലാതി മനസിലാകുന്നുണ്ടായിരുന്നു.

അവൻ മെല്ലെ കയ്യുയർത്തി അവളുടെ വിരലുകൾക്കു മേലേക്കമർത്തി.

അവളുടെ നിറമിഴികൾ അരവിന്ദന് നേരെയുർന്നു…ഏതാനും നീർത്തുള്ളികൾ അവളുടെ കവിളിൽ വീണുടഞ്ഞു.

അരവിന്ദന്റെ ഹൃദയം പിടഞ്ഞുപോയി.
******** ********* ********

ആ സമയം ഡൽഹി കന്റോണ്മെന്റിന്റെ അഞ്ച് കിലോമീറ്ററിനപ്പുറത്തുള്ള ഡൽഹി എയർപോർട്ടിൽ നിന്നും പറന്നുയർന്ന ബാംഗ്ലൂർ ഫ്ലൈറ്റിൽ ഇരുന്നു ബ്രിഗേഡിയർ രാജശേഖര പൊതുവാൾ പുഞ്ചിരിച്ചു.
********* ********** ********
നാട്ടിൽ ആ സമയം..

തൃപ്പങ്ങോട് മഹാദേവന്റെ കൊടിയേറ്റിനുള്ള ഒരുക്കങ്ങൾ അവസാന നിമിഷങ്ങളിലേക്ക് എത്തുകയായിരുന്നു..

ഇന്നേക്ക് എട്ടാം നാൾ കുന്നത്തുകാവിലേക്ക് വിളക്കെടുപ്പിന് പോകാനായി എല്ലാ വഴിയോരങ്ങളും ചെത്തി വെടിപ്പാക്കി അലങ്കരിക്കാൻ തുടങ്ങിയിരുന്നു.

തിരുവാതിര ഞാറ്റുവേല തുടങ്ങുമ്പോൾ വെളുപ്പിന് ഒരുമണിയോടെ തൃപ്പങ്ങോട്ട് മഹാദേവർ തലപ്പൊലിയുടെ അകമ്പടിയോടെ പരിവാരസമ്മേതം കുന്നത്തുകാവിലേക്ക് തിരിക്കും…അവിടെ കാവിൽ നിന്നും തൃപ്പടിയോട്ടേ അവകാശി വിളക്ക് ഏറ്റുവാങ്ങി നാലു കരകളിലും ദീപം കൊളുത്തി തിരികെ വൈകിട്ട് അഞ്ചുമണിയോടെ തൃപ്പങ്ങോട്ട് എത്തി ഭദ്രദീപത്തിൽ വിളക്ക് കൊളുത്തി കൊടിയേറും…തുടർന്ന് അഞ്ചു ദിവസം ഉത്സവം…അഞ്ചാം ദിവസം തൃപ്പടിയോട്ട് കുടുംബവക തെക്കേപ്പാട്ടു കുളത്തിൽ ആറാടി തേവർ തിരികെയെത്തി കൊടിയിറക്കുമ്പോൾ ഉത്സവം സമാപിക്കും.

ഇരുപത്തിയെട്ട് വര്ഷങ്ങൾക്ക് മുൻപ് അരവിന്ദന്റെ ‘അമ്മ മുങ്ങി മരിച്ചു എന്നു കരുതുന്ന അതേ കുളം….!

അന്നത്തെ സംഭവത്തിനു ശേഷം ഉത്സവ സമയത്തു ആറാട്ടിനായി പ്രത്യേകം കുളം നിർമ്മിക്കുകയാണ് പതിവ്.

ഉത്സവക്കമ്മറ്റി ഓഫീസിൽ നിന്നും ഇറങ്ങി വലിയവരമ്പിലൂടെ തെക്കേപ്പാട്ടു കുളത്തിലേക്ക് നടക്കുമ്പോൾ ഇടക്കാട്ടു മാരാരുടെ ‘മേളപ്പെരുമ’ എന്നുപേരെഴുതിയ വണ്ടി അമ്പലത്തിലേക്ക് തിരിയുന്നത് കണ്ടു ഹരിയുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. അയാളുടെ കണ്ണുകളിൽ പകയുടെ പൂത്തിരികത്തുന്നുണ്ടായിരുന്നു.

ചെറിയച്ഛനെ ചന്ദ്രോത്തു വരെ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചവരെ വിളിച്ചുവരുത്തുകയായിരുന്നു താൻ എന്നവർ അറിയുന്നില്ലല്ലോ എന്നോർത്തുകൊണ്ട്‌ മുണ്ട് മാടിക്കുത്തി മപ്പു കടിച്ചു പിടിച്ചു കുളക്കരയിലേക്ക് നടന്നു മേലെവീട്ടിൽ തൃപ്പടിയോട്ട് ഹരിശങ്കർ.

നെഞ്ചിൽ കൈകൾ പിണച്ചുവെച്ചു ഇളകിക്കിടക്കുന്ന കാൽപ്പടവുകളിൽ ഒന്നിൽ നിന്നു നിശ്ചലമായിക്കിടക്കുന്ന കറുത്ത ജലപ്പരപ്പിലേക്ക് നോക്കി നിന്നു ഹരി.

‘ചെറിയമ്മേ…ന്നോട് ക്ഷമിക്കണം…ഇത്ര വൈകിപ്പിച്ചതിനു….കണക്കുകൾ ഓരോന്നായി ഹരി കൊടുത്തു തീർക്കാൻ പോകുകയാണ്…ഒക്കെ കഴിയുമ്പോൾ ന്റെ ജീവൻ …ന്റെ കുട്ടികൾക്കായി തിരികെ വെക്കാൻ ഞാൻ ചെറിയമ്മേ ഏല്പിക്കുകയാണ്….കാവലായി കൂടെ ഉണ്ടാവണേ…’ അയാൾ നിശബ്ദമായി വെള്ളത്തിലേക്ക് തന്നെ നോക്കിനിന്നു.

എവിടെ നിന്നോ പറന്നുവന്നു ഒരുകൂട്ടം അമ്പലപ്രാവുകൾ കുളത്തിനു വട്ടം ചുറ്റി ഹരിയുടെ തലക്ക് മീതെ പറന്നുപോയി.

“ഹരീ… നീയിവിടെ ഉണ്ടായിരുന്നോ… ഞാനെവിടൊക്കെ നോക്കി..” പിന്നിൽ ശ്രീയുടെ ശബ്ദം കേട്ട് അയാൾ തിരിഞ്ഞു.

” ന്താടാ…ഒരു വല്ലായ്മ..” നെറ്റി ചുളുക്കി ശ്രീ ഹരിക്ക് നേരെ കൈ നീട്ടി.

” ഏയ്..ഒന്നൂല്യടാ..” ശ്രീയുടെ കൈ പിടിച്ചു പടവുകൾ കേറി അയാൾ.

” ടാ… ആ ഇടക്കാട്ട് മാരാർ എത്തിയിട്ടുണ്ട്… ഞാൻ മെല്ലെ ഇങ്ങുപോന്നു. ഇപ്പോ കാണണ്ടാ ന്നു വെച്ചു.”

” മ്മ്….” ഹരിയൊന്നു അമർത്തിമൂളി. പിന്നെ കുളത്തിനു കരയിൽ നിന്നു ചുറ്റുപാടും ഒന്നു വീക്ഷിച്ചു. അയാളുടെ മനസിൽ ചില കണക്കുകൂട്ടലുകൾ നടക്കുകയായിരുന്നു.

അന്നുവരെയും ഒന്നും മറച്ചുവച്ചിട്ടില്ലാത്ത തന്റെ പാതി ജീവനായ ശ്രീകാന്ത് പോലും അറിയാതെ……!!

തുടരും….

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

അറിയാതെ ഒന്നും പറയാതെ – ഭാഗം 1

അറിയാതെ ഒന്നും പറയാതെ – ഭാഗം 2

അറിയാതെ ഒന്നും പറയാതെ – ഭാഗം 3

അറിയാതെ ഒന്നും പറയാതെ – ഭാഗം 4

അറിയാതെ ഒന്നും പറയാതെ – ഭാഗം 5

അറിയാതെ ഒന്നും പറയാതെ – ഭാഗം 6

അറിയാതെ ഒന്നും പറയാതെ – ഭാഗം 7

അറിയാതെ ഒന്നും പറയാതെ – ഭാഗം 8

അറിയാതെ ഒന്നും പറയാതെ – ഭാഗം 9

അറിയാതെ ഒന്നും പറയാതെ – ഭാഗം 10

അറിയാതെ ഒന്നും പറയാതെ – ഭാഗം 11

അറിയാതെ ഒന്നും പറയാതെ – ഭാഗം 12

അറിയാതെ ഒന്നും പറയാതെ – ഭാഗം 13

അറിയാതെ ഒന്നും പറയാതെ – ഭാഗം 14

അറിയാതെ ഒന്നും പറയാതെ – ഭാഗം 15