Thursday, November 21, 2024
Novel

അഗ്നി : ഭാഗം 5

എഴുത്തുകാരി: വാസുകി വസു


ബുളളറ്റിനു പിന്നിലിരുന്നു ഞാൻ പപ്പക്കായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു.. വൈകിട്ട് ആറുമണിക്ക് മുമ്പായി ഞങ്ങൾ ഹോസ്പിറ്റൽ എത്തിച്ചേർന്നു. വണ്ടിയിൽ നിന്നിറങ്ങിയ ഞാൻ ഓടുകയായിരുന്നു.എനിക്ക് പിന്നാലെ ടെസ്സയും….

റിസപ്ഷനു മുമ്പിൽ ചെന്ന് ഞാൻ പപ്പയുടെ പേര് പറഞ്ഞതും അവർ ഐസിയൂവിനു മുന്നിലേക്ക് വിരൽ ചൂണ്ടി.ഞാനും ടെസ്സയും കൂടി അങ്ങോട്ടോടി….

അവിടെ ഐസിയൂവിനു മുമ്പിൽ മമ്മിയും ആങ്ങളയും ശരണും.എന്നെ കണ്ടതും അവരുടെ മുഖത്ത് അവഞ്ജത നിറഞ്ഞു…

“നിന്നോടാരാടീ പറഞ്ഞത് ഇങ്ങോട്ട് വരാൻ”

മുഖം ചുവപ്പിച്ചു മമ്മ എനിക്ക് മുന്നിലേക്ക് നീങ്ങി നിന്നു…

“കടക്കെടീ പുറത്ത്..നിന്റെയാരാ ഇവിടെയുളളത്”

അവർ ദേഷ്യത്തോടെ എനിക്ക് നേരെ വിരൽ ചൂണ്ടി…

“മിണ്ടരുത് നിങ്ങൾ.എന്തെങ്കിലും ഒരക്ഷരം പറഞ്ഞാൽ മമ്മിയാണെന്നൊന്നും നോക്കില്ല”

“എന്തു പറഞ്ഞെടീ നീ തെരുവിന്റെ സന്തതി”

അലറിക്കൊണ്ടവർ എനിക്ക് നേരെ ചീറി.എനിക്കാണെങ്കിൽ സമനിലയും തെറ്റി…

പെട്ടെന്ന് ശരൺ വന്ന് അവരെ പിടിച്ചു മാറ്റി..

“ആന്റി ഇത് ഹോസ്പിറ്റലാണ് മറക്കരുത്”

അവൻ മമ്മിയെ ശ്വാസിച്ചു.എന്നിട്ട് എനിക്ക് അരുകിലെത്തി..

“നിന്നോടാരാ ഇവിടെ വരാൻ പറഞ്ഞത്”

മമ്മിയോടുളള എന്റെ കലിപ്പ് മുഴുവനും ഞാൻ ശരണിനോട് തീർത്തു…

“നിനക്ക് സ്ത്രീധനമായി പതിച്ചു കിട്ടിയതാണ് ഈ ഹോസ്പിറ്റലെന്ന് ഞാൻ അറിഞ്ഞില്ലെടാ”

“ഡീ..ഡീ..”

“ഡീ എന്നൊക്കെ വിളിക്കുന്നത് മറ്റ് വല്ലവളുമാരെയും ചെന്ന് വിളിക്ക്..I am അഗ്നി.. തൊട്ടാൽ നിന്നെയും ഭസ്മമാക്കിയേ പിന്മാറൂ”

സ്വരത്തിലെ കലിപ്പ് മനസ്സിലായതോടെ അവൻ ഒതുങ്ങി.ശരണിന്റെ പപ്പ എന്നെ നോക്കി പല്ലിറുമ്മി…

ഞാൻ ഐസിയൂവിന്റെ ഗ്ലാസിലൂടെ എന്റെ പപ്പയെ കണ്ടു.തലയിലും ശരീരവും മുഴുവനുമായി ബാൻഡേജ് ചുറ്റി കിടക്കുന്ന പപ്പയെ കണ്ടതും എന്റെ ഉടലാകെ നീറിപ്പുകഞ്ഞു…

കുറച്ചു നേരത്തെ കാത്ത് നിൽപ്പിനുശേഷം അകത്ത് നിന്ന് ഒരു ഡോക്ടർ പുറത്തേക്ക് വന്നതും ഞാൻ അങ്ങോട്ട് ചെന്നു…

“ഡോക്ടർ I am agni.Daughter of Nandan Menon ,എന്റെ പപ്പക്ക് എങ്ങനെയുണ്ട്”

ഡോക്ടർ എന്നെയൊന്ന് നോക്കീട്ടാണു മറുപടി തന്നത്…

“ക്രിട്ടിക്കലാണ്.24 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ കഴിയില്ല”

പറഞ്ഞു കഴിഞ്ഞതോടെ ഡോക്ടർ ധൃതിയിൽ നടന്നകന്നു….

അതുവരെ ഞാൻ സംഭരിച്ച ധൈര്യമെല്ലാം ചോർന്നു തുടങ്ങി. ആശ്രയത്തിനെന്നവണ്ണം ഞാൻ ടെസ്സയുടെ കൈകളിൽ മുറുക്കി പിടിച്ചു…

“വാ ഇവിടെ ഇരിക്കാം”

കുറച്ചു മാറിയുളള സന്ദർശകർക്കുളള ഇരിപ്പടങ്ങളിൽ ഞങ്ങൾ സ്ഥാനം പിടിച്ചു…

സമയം കടന്നു പോയി കൊണ്ടിരുന്നു. സന്ധ്യ കഴിഞ്ഞു രാത്രിയായി…

“അഗ്നി ഇങ്ങനെ വിശന്നിരിക്കാതെ വാ എന്തെങ്കിലും കഴിക്ക്”

“എന്റെ പപ്പയിങ്ങനെ കിടക്കുമ്പോൾ എനിക്ക് സഹിക്കാൻ കഴിയുന്നില്ല”

ഞാൻ വിങ്ങിപ്പൊട്ടി കരഞ്ഞു…

“കരയാതെടീ നിന്റെ പപ്പക്കൊന്നും പറ്റില്ല..നീ വാ”

ടെസ്സയെന്നെ നിർബന്ധിപ്പിച്ച് എഴുന്നേൽപ്പിച്ചു.പുറത്തെ ഹോട്ടലിൽ ലൈറ്റായിട്ട് ഭക്ഷണം കഴിച്ചു ഞങ്ങൾ തിരികെ വീണ്ടുമെത്തി…

“ഇവിടെ നിന്നിട്ടിനി കാര്യമില്ല.. രാവിലെ വന്നാൽ മതി”

ഒരു നേഴ്സ് വന്നു പറഞ്ഞതോടെ ഞങ്ങൾ പോകാൻ തയ്യാറെടുത്തു… ഞാനും ടെസ്സയും കൂടി ബുളളറ്റിനു അരുകിലെത്തിയതും മമ്മിയും ശരണുമെല്ലാം കാർ കിടക്കുന്ന ഭാഗത്തേക്ക് വരുന്നത് ഞാൻ കണ്ടു…

ടെസ്സയുടെ കൈ വിടീച്ച് ഞാൻ മമ്മിയുടെ അരുകിൽ ഓടിയെത്തി…

“മമ്മിയൊന്ന് നിന്നേ”

അവരെല്ലാം കൂടി തിരിഞ്ഞ് നിന്നു…

“നിങ്ങളൊരുത്തിയാണ് പപ്പയുടെ ആക്സിഡന്റിനു കാരണക്കാരിയെന്ന് എനിക്ക് അറിയാം.പപ്പക്ക് എന്തെങ്കിലും പറ്റിയാലുണ്ടല്ലോ ഞാനൊരു വരവ് വരും അന്ന് നിങ്ങൾ ലാസ്റ്റ് ഡേ ആയിരിക്കും.. പറഞ്ഞില്ലെന്ന് വേണ്ട”

ഞാൻ വിരലുകൾ അവർക്ക് നേരെ ചൂണ്ടി…

“നീയെന്താടി ഞങ്ങളെ ഞൊട്ടുവോ..നീ പെണ്ണാടി വെറും പെണ്ണ്”

ശരൺ വീണ്ടും കലിപ്പിച്ചതോടെ എന്റെ സമനില തെറ്റി…

“അതേടാ ഞാൻ പെണ്ണ് തന്നെയാണ്. എനിക്ക് അഭിമാനത്തോടെ പറയാം ഞാനൊരു സ്ത്രീയാണെന്ന്..നിന്റെ അമ്മയും പെങ്ങളുമൊന്ന് പെണ്ണല്ലാന്നുണ്ടോ.

അഥവാ നിനക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ വീട്ടിൽ ചെന്ന് അമ്മയോട് ചോദിക്ക് പെണ്ണെന്ന പദത്തിന്റെ മഹനീയത.ചില സ്ത്രീകൾക്ക് അതൊരു അലങ്കാരമാകും ഇവരെപ്പോലെ”

അവസാന വാചകം ഞാൻ മമ്മിയെ നോക്കിയാണ് പറഞ്ഞത്.അവരുടെ മുഖം ചൂളിപ്പോയി.ദേഷ്യപ്പെട്ടു അവർ കാറിന്റെ ഡോർ ശക്തിയായി അടച്ചു.എന്നിട്ടത് മിന്നൽ വേഗതയിൽ ഓടിച്ചു പോയി….

ഞാൻ ടെസ്സയുടെ അടുത്തെത്തി..

“എവിടാടീ ഇന്നൊന്ന് തങ്ങുന്നത്..വീട്ടിലേക്ക് ഞാനില്ല”

ടെസ്സയൊരു നിമിഷം ആലോചിച്ചു..

“നമുക്ക് വെളിയിൽ റൂമൊന്നും എടുക്കേണ്ടാ.നമുക്ക് ആലപ്പുഴയിലെ നിന്റെ വീട്ടിലേക്ക് പോയാലോ”

“ടീ അതിനു അവിടെയെല്ലാം പൊടി പിടിച്ചു കിടക്കുകയായിരിക്കും‌.നമുക്ക് ഏതെങ്കിലും ലോഡ്ജിൽ തന്നെ മുറിയെടുക്കാം.എന്തായാലും നീ വാ”

ഞാൻ ടെസ്സയും വിളിച്ചു അടുത്തുള്ള അത്യാവശ്യം നല്ലതെന്ന് തോന്നുന്നൊരു ലോഡ്ജിലെത്തി..ബുളളറ്റ് ഹോസ്പിറ്റലിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്ത് തന്നെ വെച്ചു….

ഞങ്ങൾ റിസപ്ഷനു മുമ്പിലെത്തി.. ഞങ്ങളെ കണ്ടതും കൗണ്ടറിലെ ചെറുപ്പക്കാരൻ അത്ഭുതപ്പെട്ടു…

“ഒരു സിംഗിൾ റൂം..വിത്ത് ഏസി”

ഞാൻ അഡ്രസ് എഴുതി കൊടുത്തു. അവനത് കമ്പ്യൂട്ടറിൽ ഫീഡ് ചെയ്തു…

ഞങ്ങൾക്ക് ലഭിച്ച റൂം നമ്പർ 5 നു മുമ്പിലെത്തി. ഡോർ തുറന്നു അകത്ത് കയറി…

അത്യാവശ്യം നല്ല രീതിയിലുള്ള റൂമാണ്.ടിവിയും മറ്റ് എല്ലാ സൗകര്യവുമുണ്ട്….

“ടെസ്സാ നമുക്ക് മാറിയുടുക്കാൻ ഡ്രസ്സൊന്നും ഇല്ലല്ലൊ. രണ്ടു ജോഡി എടുക്കാം”

ടെസ്സ യെസ് മൂളിയതും ഞങ്ങൾ റൂം ലോക്ക് ചെയ്തു വെളിയിലേക്ക് ഇറങ്ങി. ഏറ്റവും മുന്തിയ ടെക്സ്റ്റയിൽ ഷോപ്പിൽ നിന്നും രണ്ടു ജോഡി ഇന്നർവെയറും ജീൻസും ടി ബനിയനും എടുത്തു. ഡെബിറ്റ് കാർഡ് വെച്ച് ബില്ല് സെറ്റിൽ ചെയ്തു തിരികെ റൂമിലെത്തി…

“ഇനിയൊന്ന് ഫ്രഷാകാം”

പെട്ടെന്ന് ടെസ്സയൊരു സംശയം പറഞ്ഞു..

“ടീ ബാത്ത് റൂമൊന്ന് ചെക്ക് ചെയ്തേക്ക്.വല്ല ഒളിക്യാമറയും ഉണ്ടോന്ന് അറിയില്ലല്ലോ?”

ശരിയാണവൾ പറഞ്ഞത്..ചിലതൊക്കെ അനുഭവങ്ങൾ ആയിട്ട് മുന്നിലുണ്ട്…

ഞാൻ ബാത് റൂമിൽ കയറി ലൈറ്റ് ഓഫ് ചെയ്തു. മൊബൈൽ ക്യാമറാ ഫ്ലാഷ് ഇല്ലാതെ ഓൺ ചെയ്തു സുരക്ഷിതമെന്ന് ഉറപ്പാക്കി….

റൂമിലും സംശയ ആസ്പ്ദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.ഞാൻ കുളിച്ചു കഴിഞ്ഞു ടെസ്സയും ഫ്രീയായിട്ടു വന്നു…

റൂംബോയി ഫുഡ് നു ഓർഡർ എടുക്കാൻ എത്തിയപ്പോൾ ടെസ്സ അവൾക്ക് ഇഷ്ടമുള്ളത് ആവശ്യപ്പെട്ടു. ഞാൻ ഒരു ആപ്പിൾ ജ്യൂസും..എനിക്ക് വിശപ്പ് അനുഭവപ്പെട്ടില്ല….

കിടക്കാൻ നേരത്ത് ഞാൻ എന്റെ സംശയങ്ങൾ ടെസ്സയുമായി പങ്കുവെച്ചു..സംസാരിച്ചു ഇടക്കെപ്പഴൊ അവൾ ഉറങ്ങിപ്പോയി. എനിക്കാണെങ്കിൽ ഉറക്കവും വന്നില്ല….

ഇതുവരെയുള്ള എന്റെ ലൈഫ് ഓർത്തങ്ങനെ കിടന്നു.പപ്പയുടെയും മമ്മിയുടെയും മകളായി ജീവിച്ചിട്ട് പെട്ടന്നൊരു ദിവസം ഞാൻ സ്വന്തം മകളല്ലെന്ന് വിളിച്ചു പറഞ്ഞാൽ എങ്ങനെ സഹിക്കാൻ കഴിയും…

19 വർഷം വളർത്തിയട്ട് മമ്മിക്ക് എങ്ങനെ എന്നെ തള്ളിപ്പറയാൻ കഴിഞ്ഞു. ഇപ്പോഴും എവിടെക്കയോ അവ്യക്തമായി നില നിൽക്കുന്നു. ഊഹിക്കാനും കഴിയുന്നില്ല….

“മമ്മിയുടെ മാറ്റത്തിന്റെ ശരിക്കുമുളള പൊരുൾ എങ്ങനെയെങ്കിലും കണ്ടെത്തണം.എങ്കിലേ എല്ലാത്തിനും ഒരുത്തരം കണ്ടെത്താൻ കഴിയൂ….

” അങ്ങനെയെങ്കിൽ പപ്പക്ക് ഒരാപത്തും വരാൻ പാടില്ല…

പപ്പയുടെ ജീവനായി കണ്ണീരോടെ ഞാൻ പ്രാർത്ഥിച്ചു…

“അഗ്നിയെന്ന പേരുപോലെയാണ് എന്റെ സ്വഭാവമെങ്കിലും എന്റെ ഉള്ളിലും സാധാരണ പെണ്ണിന്റെ സങ്കടവും ദുഖവുമെല്ലാം ഉണ്ട്.അതാരും കാണുന്നില്ലെന്ന് മാത്രം…

താമസിച്ചാണ് എഴുന്നേറ്റത്..ഫ്രഷായിട്ട് ഞങ്ങൾ ഹോസ്പിറ്റൽ എത്തി.ഞങ്ങൾ പോയില്ലെന്ന് അറിഞ്ഞതും മമ്മിയുടെ മുഖത്തെ ഞെട്ടൽ ഞാൻ ശ്രദ്ധിച്ചു….

ഉച്ചയോടു കൂടി പപ്പയുടെ നിലയിൽ മാറ്റമുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞത് ഞങ്ങൾക്ക് ആശ്വാസമായി….

രണ്ടു സർജറി തലക്ക് വേണ്ടി വരുമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകി. കാരണം തലക്കാണ് നല്ല പരിക്ക്..രണ്ടു ദിവസം കഴിഞ്ഞേ സർജറി നടക്കൂന്നും ഡോക്ടർ അറിയിച്ചു….

” ടെസ്സേ നമ്മൾ ഇന്നു വരുമെന്ന് വാർഡൻ ചേച്ചിയോടൊന്ന് വിളിച്ചു പറയൂ”

ടെസ്സ ഉടനെ ഫോണെടുത്ത് ചേച്ചിയെ വിവരം ധരിപ്പിച്ചു. ഇന്നലെ ഒന്നും ധരിപ്പിക്കാൻ കഴിഞ്ഞില്ല….

പെട്ടന്നാണ് എന്റെ മനസ്സിലൊരു സംശയം ഉണ്ടായത്.ഇന്നലെ എന്റെ ഫോണിൽ പപ്പക്ക് ആക്സിഡന്റ് ഉണ്ടായതെന്ന് വിളിച്ചു പറഞ്ഞതാരാണ്.പരിചയമില്ലാത്ത നമ്പർ ആയിരുന്നു….

“ഡീ അഗ്നി ആ നമ്പരിലൊന്ന് വിളിച്ചേ ”

ഞാൻ ആ നമ്പർ പരിശോധിച്ച് ഉറപ്പാക്കിയട്ട് അതിലേക്ക് വിളിച്ചു…

“എന്തു പറ്റിയെടീ”

ടെസ്സയുടെ മുഖത്ത് ആകാംഷ നിറഞ്ഞു….

“Out off range”

“ഒന്നുകൂടി വിളിച്ചേ”

രണ്ടു മൂന്നു പ്രാവശ്യവും വിളിച്ചിട്ട് അത് തന്നെ ആയിരുന്നു മറുപടി. ഞാൻ നിരാശയോടെ ഫോൺ കയ്യിൽ പിടിച്ചു എഴുന്നേറ്റു…

“ആണായിരുന്നോ പെണ്ണായിരുന്നോ വിളിച്ചത്”

ടെസ്സയുടെ കണ്ണുകളിൽ സംശയത്തിന്റെ നിഴൽ പരന്നു…

“ആണു തന്നെയാണ്.. ഏറിയാൽ മുപ്പതു വയസ്സിൽ താഴെയുള്ളൊരു ചെറുപ്പക്കാരന്റെ ശബ്ദം.”

“മം” ടെസ്സ മൂളി…

എനിക്ക് ഒരിക്കലും പരിചയമില്ലാത്ത സ്വരമാണ് അതെന്ന് എനിക്ക് ഉറപ്പാണ്.ആരാണത്….

ഓർമ്മയിൽ മുങ്ങി തപ്പിയട്ടും എനിക്ക് അങ്ങനെയൊരു ശബ്ദത്തിന്റെ ഉടമയെ കണ്ടെത്താൻ കഴിഞ്ഞില്ല….

സന്ധ്യയോടെ ഞങ്ങൾ റൂം വെക്കേറ്റ് ചെയ്തു ട്രിവാൻഡ്രം ലക്ഷ്യമാക്കി ബുളളറ്റ് വിട്ടു..ഇടക്കിടെ സിഗ്നലും തിരക്കിലും പെട്ട് ചേർത്തലയിൽ എത്തുമ്പോൾ സമയം പത്തര കഴിഞ്ഞു…

ടെസ്സയാണ് ബുളളറ്റ് ഓടിക്കുന്നത്..കുറച്ചു തിരക്കൊഴിഞ്ഞ സ്ഥലം എത്തിയതും ടയോട്ടാ ഞങ്ങൾക്ക് കുറുകെ വിലങ്ങനെ നിന്നത്…

അപകടം മനസ്സിലാക്കുമ്പോഴും അതിൽ നിന്ന് കുറച്ചു ആൾക്കാർ ഇറങ്ങി ഞങ്ങളെ അറ്റാക്ക് ചെയ്തു…

ഞങ്ങളും ശക്തമായി പ്രതിരോധിച്ചെങ്കിലും ശത്രുക്കളുടെ എണ്ണം കൂടുതൽ ആയിരുന്നു…

ഞങ്ങളെ പിടിച്ചു ടയോട്ടയിൽ പിടിച്ചു കയറ്റാൻ ശ്രമിക്കുമ്പോൾ ഒരു എൻഫീൽഡ് അതിനു സമീപം വന്നു നിന്നു…

ഹെൽമറ്റ് ധരിച്ചതിനാൽ മുഖം വ്യക്തമല്ല..പോരെങ്കിൽ ലൈറ്റിന്റെ പ്രകാശം അവിടെങ്ങുമില്ല.റോഡിലൂടെ പാഞ്ഞു പോകുന്ന വണ്ടികളുടെ ലൈറ്റ് മാത്രം ഞങ്ങളിൽ പതിഞ്ഞു….

വാഹനങ്ങളിൽ പോകുന്നവർ ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന മട്ടിൽ പാഞ്ഞു കൊണ്ടിരുന്നു…

“എന്തുവാ ചേട്ടാ പ്രശ്നം… രണ്ടു പെൺകുട്ടികളെ രാത്രിലാണോ കടത്തുന്നത്”

എൻഫീൽഡിൽ നിന്ന് ആ ചെറുപ്പക്കാരൻ ഇറങ്ങി…

“അത് ചോദിക്കാന്‍ നീയാരാടാ”

ഗുണ്ടകൾ ചീറിക്കൊണ്ട് അയാൾക്ക് നേരെ തിരിഞ്ഞു…

“ചെകുത്താൻ…നിന്റെയൊക്കെ കാലൻ…”

ഒപ്പം അയാൾ പല്ല് ഞെരിക്കുന്ന ഒച്ചയും ഞങ്ങൾ കേട്ടു..

തുടരും…

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

അഗ്നി : ഭാഗം 1

അഗ്നി : ഭാഗം 2

അഗ്നി : ഭാഗം 3

അഗ്നി : ഭാഗം 4