Wednesday, April 17, 2024
Novel

ലയനം : ഭാഗം 10

Spread the love

എഴുത്തുകാരി: ദുർഗ ലക്ഷ്മി

Thank you for reading this post, don't forget to subscribe!

അമ്പലത്തിൽ നിന്നും തിരികെ വീട്ടിൽ എത്തിയിട്ടും എല്ലാവരുടെയും മുഖത്തു നിരാശ നിറഞ്ഞു നിന്നു.ഭക്ഷണം കഴിക്കുമ്പോഴും കിടക്കാൻ പോകുമ്പോഴും ഒന്നും ആരും പരസ്പരം ഒന്നും മിണ്ടിയില്ല.ലെച്ചുവിന് അച്ഛമ്മയോടും അമ്മയോടും എല്ലാം സംസാരിക്കാൻ തോന്നി എങ്കിലും അവൾ എന്തെങ്കിലും പറഞ്ഞാൽ ഉടനെ തന്നെ പദം പറഞ്ഞു കരയുന്ന അവരുടെ കാര്യം ഓർത്തു ലെച്ചുവും ഒന്നും മിണ്ടാതെ കിടക്കാൻ പോയി. പതിവില്ലാതെ കണ്ണുകൾ അടച്ചു ബെഡിൽ ചാരി ഇരിക്കുന്ന അർജുനെ കണ്ടാണ് ലെച്ചു റൂമിലേക്ക് കയറിയത്.

അവൾ അർജുനെ വിളിച്ചില്ല എങ്കിലും അവൾ വന്നതറിഞ്ഞു അവൻ കണ്ണുകൾ തുറന്നു. “ലെച്ചു,നീ എന്തൊക്കെ പറഞ്ഞാലും എല്ലാം അറിഞ്ഞു വെച്ചിട്ട് നീ ഇങ്ങനെ ഒന്നും ചെയ്യേണ്ടിയിരുന്നില്ല”,തലയിണയും ബെഡ് ഷീറ്റും എടുത്തു താഴെ ഇട്ട് കിടക്കാൻ പോകുന്ന ലെച്ചുവിനോട് അർജുൻ പറഞ്ഞത് കേട്ട് ലെച്ചു തല ഉയർത്തി അവനെ ഒന്ന് നോക്കി. “ഓഹ്,എന്റെ സാർ…ഞാൻ പറഞ്ഞില്ലേ ഇനി അതിനെ പറ്റി ഒരു സംസാരം വേണ്ട എന്ന്.ഇനിയും ഇത് തന്നെ പറഞ്ഞോണ്ട് ഇരുന്നാൽ നമ്മൾ തമ്മിൽ അടിയാവും ട്ടോ… “,

ലെച്ചു ദേഷ്യപ്പെട്ടു അവനോട് പറഞ്ഞു .”എന്നാലും…ഞാൻ കാരണം നിന്റെ ജീവിതം പോയത് പോലെ തോന്നുവാ എനിക്ക് “, അർജുൻ സങ്കടത്തോടെ പറഞ്ഞു.അത് കേട്ട് ലെച്ചു ഗൗരവത്തിൽ എഴുന്നേറ്റു ബെഡിൽ ഇരുന്നു. “അതെ സാർ,ഈ ജാതകം ഒക്കെ മനുഷ്യൻ ഉണ്ടാക്കിയ സാധനം അല്ലേ…എനിക്ക് അതിൽ ഒന്നും വലിയ വിശ്വാസം ഇല്ല,നമ്മൾ എന്ത് പ്രവർത്തിക്കുന്നു അതാണ് നമുക്ക് തിരികെ കിട്ടുക എന്നാണ് ഞാൻ കരുതുന്നത്….പിന്നെ ജനിച്ചാൽ ഒരു ദിവസം മരിക്കും എന്ന് പറയാൻ ഏതെങ്കിലും ജ്യോൽസ്യൻ വേണോ…. ”

ഗൗരവത്തിൽ ആണ് പറഞ്ഞു തുടങ്ങിയത് എങ്കിലും പൊട്ടിച്ചിരിച്ചു കൊണ്ട് ലെച്ചു പറഞ്ഞവസാനിപ്പിച്ചത് കേട്ട് അർജുന് കുറച്ചു സമാധാനം വന്നത് പോലെ തോന്നി ,”താൻ പറയുന്നത് ഒക്കെ സത്യം ആണ്… എനിക്കും ഇതിൽ ഒന്നും വിശ്വാസം ഇല്ല.എന്നാലും 2 ആളുകൾ ഒക്കെ ഇങ്ങനെ പറഞ്ഞു എന്ന് പറയുമ്പോൾ അതിൽ കുറച്ചു കാര്യം ഒക്കെ ഉണ്ട് എന്നാ എനിക്ക് തോന്നുന്നത്”, മനസ്സിൽ ബാക്കിയുള്ള ആശങ്കയുടെ വഴി പിടിച്ചു കൊണ്ട് അർജുൻ വീണ്ടും പറഞ്ഞു.”കാര്യം ഉണ്ടെങ്കിൽ നല്ലതല്ലേ…സാറിനു സാറിന്റെ ആ പാവം കുട്ടിയെ കിട്ടുമല്ലോ…

അതിൽ എനിക്ക് സന്തോഷം ആണ്, പിന്നെ എന്റെ കാര്യം…ഇത്ര കാലം എങ്ങനെ ആണോ അത് പോലെ ഒക്കെ അങ്ങ് പൊയ്ക്കോളും “,അവൾ പറഞ്ഞത് കേട്ട് അർജുന്റെ കണ്ണുകൾ വിടർന്നു. “ആഹാ,കുട്ടിയുടെ കാര്യം പറഞ്ഞപ്പോഴേക്ക് മുഖം ഒക്കെ അങ്ങു തുടുത്തല്ലോ”,അർജുന്റെ തുടുത്ത മുഖം കണ്ടു ലെച്ചു അവനെ കളിയാക്കിയത് കേട്ട് അവൻ ചിരിക്കുക മാത്രം ചെയ്തു. “പിന്നെ ആ ലവ് സ്റ്റോറി പറയാൻ ഉണ്ട് ട്ടോ…ഇപ്പോൾ ഞാൻ ചോദിക്കുന്നില്ല…തത്കാലം സാർ ആ കാര്യങ്ങൾ എല്ലാം ഓർത്ത് കിടന്നോ…ഗുഡ് നൈറ്റ്‌”,അർജുൻ കാര്യമായ ചിന്തയിലേക്ക് പോകുന്നത് കണ്ടു ലെച്ചു വേഗം അവനോട് പറഞ്ഞു കിടന്നു.

സത്യത്തിൽ ലെച്ചു ആ പറഞ്ഞത് ഒന്നും അർജുൻ കേട്ടിരുന്നില്ല….അവന്റെ മനസ്സ് മുഴുവൻ ലെച്ചു ചോദിച്ച ആ പ്രണയ കഥയിൽ മുഴുകി ഇരിക്കുകയായിരുന്നു. പിറ്റേന്ന് മുഴുവൻ അച്ഛമ്മയുടെയും അമ്മയുടെയും പുറകെഒരു കുഞ്ഞി മോളെ പോലെ ഓടി നടന്നു ലെച്ചു ഒരുവിധം അവരെ ശരിയാക്കി എടുത്തു.ഉച്ച വരെ അമ്മയുടെ അവിടെ ഉള്ള കൂട്ടുകാരികളുടെ വീട്ടിലും തൊടിയിലും മറ്റും ആയി കറങ്ങി നടന്നു അവർ സമയം കളഞ്ഞു.വൈകിട്ടു ഉത്സവത്തിന്റെ അവസാന ദിവസം ആയത് കൊണ്ട് അമ്പലത്തിലേക്ക് പോയി എങ്കിലും പെട്ടെന്ന് തന്നെ അവർ തിരികെ വന്നു.

മനസ്സിൽ ആകെ സന്തോഷം നിറഞ്ഞു നിന്നു എങ്കിലും പക്ഷെ രാത്രി ആയപ്പോഴെക്കും അവിടെ നിന്നും നാളെ തിരികെ പോകേണ്ട കാര്യം ഓർത്ത് ലെച്ചുവിന് പതിയെ സങ്കടം ആവാൻ തുടങ്ങി. എങ്കിലും അതെല്ലാം ഉള്ളിൽ ഒതുക്കി അവൾ സന്തോഷം അഭിനയിച്ചു തന്നെ അച്ഛമ്മയുടെ മുന്നിൽ നിന്നു.ഭക്ഷണം കഴിക്കുമ്പോൾ അവളുടെ ആ സങ്കടം അർജുന് പെട്ടെന്ന് മനസിലായി.. സത്യത്തിൽ അവനും തിരികെ പോരാൻ മനസ് ഉണ്ടായിരുന്നില്ല.ഇത്രയും നാൾ അച്ഛമ്മയെ കാണാൻ വരാതെ ഇരുന്നത്തിൽ അവന് കുറ്റബോധം തോന്നി എങ്കിലും അതിലും കൂടുതൽ ആയി അവിടെ നിന്നും 2 ദിവസം കൊണ്ട് കിട്ടിയ സന്തോഷം ആലോചിച്ചു ആ സന്തോഷം ആണല്ലോ ഇത്രയും കാലം ഉപേക്ഷിച്ചത് എന്ന് ഓർത്തു അവന് സങ്കടം തോന്നി.

രാത്രി ഏറെ വൈകിയിട്ടും ലെച്ചുവിനെ കാണാതെ അർജുൻ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.അച്ഛമ്മയെ കാണുന്നത് പോലെ തന്നെ ലെച്ചുവിനെ സൂക്ഷിക്കണം എന്ന് രാഹുൽ പറഞ്ഞത് അതെ പോലെ കാതിൽ ആരോ പിന്നെയും പിന്നെയും പറയുന്നത് കേട്ടാണ് ഒന്നും നോക്കാതെ വണ്ടിയും എടുത്തു അർജുൻ വീട്ടിൽ നിന്നും ഇറങ്ങിയത്. ഈ രണ്ട് ദിവസവും കണ്ണ് മുന്നിൽ നിന്നും മാറാതെ ആണ് അർജുൻ ലെച്ചുവിനെ നോക്കിയത്.അവൾ തനിക്ക് വേണ്ടി ഏറ്റെടുത്ത റിസ്ക് ആലോചിക്കുമ്പോൾ അവളെ സംരക്ഷിക്കുന്നത് ഒന്നും വലിയ കാര്യം അല്ല എന്ന് അച്ഛമ്മയുടെ മുറിയിലേക്ക് ലെച്ചുവിനെയും നോക്കി നടക്കുമ്പോൾ അർജുൻ ആലോചിച്ചു.

അച്ഛമ്മയെ കെട്ടിപിടിച്ചു കിടക്കുന്ന ലെച്ചുവിനും അവളെ കെട്ടിപിടിച്ചു കിടക്കുന്ന അമ്മയ്ക്കും പുതപ്പ് പുതച്ചു കൊടുത്തു ലൈറ്റ് ഓഫ്‌ ചെയ്ത് അർജുൻ പുറത്തിറങ്ങുമ്പോൾ അവൻ വന്നതറിഞ്ഞു കണ്ണുകൾ അടച്ചു കിടന്ന അച്ഛമ്മയുടെ കണ്ണുകളിൽ മിഴി നീരിന്റെ തിളക്കം ഉണ്ടായി…അവർ ലെച്ചുവിനെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു കണ്ണുകൾ അടച്ചു. ————- അർജുനും ലെച്ചുവിനും ഓഫീസിൽ പോകേണ്ടത് കൊണ്ട് രാവിലെ തന്നെ അവർ അച്ഛമ്മയോട് യാത്ര പറഞ്ഞിറങ്ങി.

“സാർ അമ്മയെ കൊണ്ട് വിട്ടിട്ട് വന്നാൽ മതി…ഞാൻ നേരെ ഓഫീസിലേക്ക് പോയ്കോളാം…ഇന്ന് നല്ല തണുപ്പ് ഉണ്ട് പുറത്ത്…സ്കൂട്ടിയിൽ വന്നാൽ അമ്മക്ക് സുഖം ഇല്ലാതെ ആയാലോ…”,ഇറങ്ങാൻ നേരം സ്കൂട്ടിയിൽ കയറാൻ ആയി വന്ന ഇന്ദു അമ്മയെ മൈൻഡ് ചെയ്യാതെ ലെച്ചു അർജുനോട്‌ പറഞ്ഞത് കേട്ട് അമ്മയുടെ കണ്ണ് മിഴിഞ്ഞു…. “ഇങ്ങോട്ട് വരുമ്പോൾ ഉള്ള തണുപ്പ് ഇല്ലല്ലോ മോളെ ഇന്ന്…പിന്നെ എന്താ…”,ഇന്ദു അമ്മ പതുക്കെയാണ് ലെച്ചുവിനോട് അത് ചോദിച്ചത്.കാരണം ഒന്നും മുന്നിൽ കാണാതെ അവൾ അങ്ങനെ പറയില്ല എന്ന് അമ്മക്ക് അറിയാമായിരുന്നു… “കാറിന്റെ മുന്നിൽ ഇരുന്ന് കുറച്ചു നേരം യാത്ര ചെയ്യാൻ അമ്മക്ക് ബുദ്ധിമുട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ എന്റെ കൂടെ തന്നെ പോരെ…

ഇല്ലെങ്കിൽ അതാ അച്ചു മോൻ റെഡി ആണ്…വേഗം പോയി കയറിക്കോ…”,കള്ള ചിരിയോടെ അമ്മയുടെ ചെവിയിൽ ലെച്ചു പതിയെ പറഞ്ഞത് കേട്ട് അടുത്ത നിമിഷം തന്നെ അവരുടെ കണ്ണുകൾ നിറഞ്ഞു. “അമ്മ…കരയാതെ പോയി കയറു…സാർ ചോദിക്കും ട്ടോ…കണ്ണ് തുടക്ക്…”,അവൾ ലെച്ചു അമ്മയെ സമാധാനിപ്പിച്ചു വണ്ടിയിൽ കയറ്റി…. അമ്മ വന്നു വണ്ടിയിൽ കയറിയതോ,വണ്ടി സ്റ്റാർട്ട്‌ ചെയ്തതോ ഒന്നും അർജുൻ അറിഞ്ഞില്ല…അവന്റെ കണ്ണുകൾ മുന്നിൽ പോകുന്ന ലെച്ചുവിൽ തന്നെ ആയിരുന്നു.

ഒപ്പം ചുറ്റുപാടും അർജുന്റെ കഴുകൻ കണ്ണുകൾ ഓടി നടന്നു.എന്നാൽ ഇന്ദു അമ്മയാവട്ടെ മറ്റൊരാഗ്രഹവും കൂടി സാധിച്ച സന്തോഷത്തിൽ പുറത്തെ കാഴ്ചകളിൽ മുഴുകി ഇരുന്നു. അമ്മയെ വീട്ടിൽ വിട്ട് അർജുൻ തിരികെ ഓഫീസിൽ എത്തിയപ്പോൾ ലെച്ചുവിനെ കൂടാതെ ജിഷ്ണുവും അഞ്ചുവും ഉണ്ടായിരുന്നു അവന്റെ ക്യാബിനിൽ. “ഹാ വന്നോ…ഒന്നിങ്ങോട്ട് മാറി നിൽക്ക് കാമുകാ,ഞങ്ങൾ ഒന്ന് ശരിക്ക് കാണട്ടെ…”, അർജുൻ കയറി വന്ന ഉടനെ ജിഷ്ണു അവനെ നോക്കി കളിയാക്കി കൊണ്ട് പറഞ്ഞത് കേട്ട് അർജുൻ ലെച്ചുവിനെ ഒന്ന് നോക്കി. “അറിയാതെ പറ്റി പോയി, മാപ്പാക്കണം “, എന്ന ഭാവത്തിൽ ലെച്ചു കൈ കൂപ്പി അവനെ തൊഴുതു നില്കുന്നത് കണ്ടപ്പോൾ അർജുന് സത്യത്തിൽ ചിരി വന്നു.

“കാണാൻ മാത്രം എന്താ ജിമ്മാ…എത്ര കാലം ആയി നമ്മൾ ഇങ്ങനെ ഒരുമിച്ച്…എന്നിട്ടും നിനക്കു എന്നെ കണ്ടത് പോരെ…”,ജിഷ്ണു പറഞ്ഞ അതെ ടോണിൽ മറുപടി പറഞ്ഞു കൊണ്ട് അർജുൻ സീറ്റിൽ ഇരുന്നു. “കാണാൻ അല്ല അജു ഏട്ടാ,കേൾക്കാൻ ആണ് വന്നത്…ലെച്ചു എല്ലാം പറഞ്ഞു.ആദ്യം ഒന്നും ഉൾകൊള്ളാൻ പറ്റിയില്ല എങ്കിലും ഇനി ഞങ്ങളും ഉണ്ട് ഏട്ടന്റെ കുട്ടിയെ കണ്ടു പിടിക്കാൻ…ബട്ട്‌ ഫുൾ സ്റ്റോറി ഇപ്പോൾ തന്നെ ഞങ്ങളോട് പറയണം…”, ജിഷ്ണു പറഞ്ഞു കുളം ആകും എന്ന് തോന്നി അഞ്ചു വേഗം തന്നെ അർജുനോട്‌ പറഞ്ഞു.അത് കേട്ട് അവൻ ഒന്നും മിണ്ടിയില്ല എങ്കിലും ബാക്കി രണ്ട് പേരുടെ മുഖത്തുള്ളതിനെക്കാൾ ആകാംഷ ലെച്ചുവിന്റെ മുഖത്തു കണ്ടു അർജുൻ കഥ പറയാൻ തന്നെ തീരുമാനിച്ചു.

“ആദ്യം തന്നെ പറയാം,ഫുൾ കേട്ട് കഴിഞ്ഞു മാത്രം ഇങ്ങോട്ട് എന്തെങ്കിലും പറഞ്ഞാൽ മതി…ഇല്ലെങ്കിൽ ബാക്കി ഞാൻ പറയില്ല…”,ഗൗരവത്തിൽ അർജുൻ പറഞ്ഞത് കേട്ട് അവർ മൂന്നു പേരും പരസ്പരം നോക്കി. “ഹോ, അധികം ജാട ഇടാതെ ഒന്ന് പറഞ്ഞു തീർക്ക് നീ…എന്നിട്ട് വേണം എനിക്ക് നിന്നെ ശരിക്ക് ഒന്ന് കാണാൻ, “, ജിഷ്ണു പല്ല് കടിച്ചു കൊണ്ട് പറഞ്ഞു… അത് കണ്ടു അർജുൻ അവനെ നോക്കി കണ്ണടച്ച് കാണിച്ചു സീറ്റിലേക്ക് ചാരി ഇരുന്നു. “കാര്യം പഠിക്കാനും വായിക്കാനും ഒക്കെ എനിക്ക് വല്യ ഇഷ്ടം ആണ് എങ്കിലും നമ്മുടെ കോളേജ് ലൈബ്രറി എനിക്ക് എന്തോ അത്ര ഇഷ്ടം അല്ല…

അതിനുള്ളിലേക്ക് കയറുമ്പോൾ ഫീൽ ചെയ്യുന്ന ഒരു നെഗറ്റീവ് എനർജി കൊണ്ട് അത്രയും അത്യാവശ്യം വരുമ്പോൾ മാത്രമേ ഞാൻ ലൈബ്രറിയിൽ പോകാറുള്ളൂ”, അർജുന്റെ നീണ്ട ലൈബ്രറി വിവരണം കേട്ട് സത്യത്തിൽ ആദ്യം തന്നെ അഞ്ചുവിനും ജിഷ്ണുവിനും ബോർ അടിച്ചു എങ്കിലും കണ്ണുകൾ പോലും ചിമ്മാതെ ലെച്ചു അവന്റെ ഓരോ വാക്കും കേട്ടിരുന്നു. “അങ്ങനെ നീ ഇവളെയും കൊണ്ട് ലൈബ്രറിയിലേക്ക് പോയൊരു ദിവസം വേറെ പണി ഒന്നും ഇല്ലാത്തതു കൊണ്ട് ഞാനും നിന്റെ കൂടെ വന്നു.കറക്റ്റ് ആയി പറഞ്ഞാൽ അന്ന് നിങ്ങൾ സെറ്റ് ആയി 2 മാസം തികഞ്ഞ ദിവസം ആയിരുന്നു.”, അർജുൻ ജിഷ്ണുവിനെ നോക്കി പറഞ്ഞത് കേട്ട് അവന് പെട്ടെന്ന് തന്നെ ആ ദിവസം ഓർമ്മ വന്നു.

ജിഷ്ണു പതുകെ തല തിരിച്ചു അഞ്ചുവിനെ നോക്കിയപ്പോൾ അവളും അന്നത്തെ ദിവസം ഓർത്തത് പോലെ അവനെ നോക്കി ചിരിച്ചു. എന്നാൽ ലെച്ചു ആവട്ടെ ഇവിടെ ഇപ്പോൾ എന്താ നടക്കുന്നത് എന്ന ഭാവത്തിൽ 3 പേരെയും മാറി മാറി നോക്കി. “അന്ന് പുറത്തു ആർത്തു പെയ്യുന്ന മഴ കണ്ട് ലൈബ്രറിയിൽ കയറിയ എനിക്ക് ആദ്യം ആയി ഒരു പോസിറ്റീവ് ഫീലിംഗ് തോന്നി….” “സാധാരണ ഏതെങ്കിലും ബുക്ക്‌ എടുത്തു വായിക്കാൻ പോകുന്ന ഞാൻ അന്ന് എന്നും ഇരിക്കാറുള്ള ചെയറിൽ ബുക്ക്‌ ഒന്നും ഇല്ലാതെ പോയിരുന്നു.പക്ഷെ പെട്ടെന്ന് തന്നെ പറഞ്ഞറിയിക്കാൻ കഴിയാത്തോരു വീർപ്പു മുട്ടൽ അനുഭവപ്പെട്ടു ഞാൻ വേഗം ജനലുകൾ തുറന്നിട്ടു.

തകർത്തു പെയ്യുന്ന മഴയുടെ കുളിരിൽ പുറത്തെ കാഴ്ച്ചകൾ കണ്ടു കൊണ്ട് നിൽക്കേ ആണ് ഞാൻ കൈ വെച്ച മേശയുടെ ഓപ്പോസിറ്റ് ആയി കാറ്റിൽ തിരയിളകുന്നത്ത് പോലെ അലകൾ തീർത്തു കളിക്കുന്ന പേജുകൾ ഉള്ള ഒരു നോട്ട് ബുക്ക്‌ ഞാൻ കണ്ടത് ” “ശ്രദ്ധിക്കാതെ തുറന്നിട്ട ജനലിനുള്ളിൽ കൂടി വീശി അടിക്കുന്ന മഴ തുള്ളികൾ എന്നേയെയും ആ നോട്ട് ബുക്കിനെയും ഒരുപോലെ നനച്ചപ്പോൾ ആണ് പെട്ടെന്ന് എനിക്ക് ജനൽ അടക്കാൻ ബോധം വന്നത്…” “ബുക്കിന് ഉടമ അടുത്ത് എവിടെ എങ്കിലും കാണും എന്ന് കരുതി ടെൻഷനിൽ ഞാൻ ചുറ്റും നോക്കി എങ്കിലും ആരെയും കാണാത്ത ആശ്വാസത്തിൽ വേഗം അവിടെ നിന്നും എഴുന്നേറ്റു വരാൻ നോക്കുമ്പോൾ ആണ് ആ ബുക്കിന് ചുറ്റും ചിതറി കിടക്കുന്ന മഞ്ഞാടി കുരുകളും ഒരു കുഞ്ഞു മയിൽ പീലിയും ഞാൻ കണ്ടത്…”

“വെറുതെ തോന്നിയ കൗതുകതിന് തലച്ചോർ വേണ്ട എന്ന് പറഞ്ഞിട്ടും മനസ്സ് പറഞ്ഞത് കേട്ടു ഞാൻ ആ ബുക്ക്‌ കൈയിൽ എടുത്തു മറിച്ചു നോക്കി…വടിവോത്ത കൈ അക്ഷരത്തിൽ ഭംഗിയായി എഴുതി ചേർത്ത അതിലെ ഓരോ പേജുകളിലും പക്ഷെ കണ്ണുനീർ കഥ മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ…” “ഒരുപാട് സ്വപ്നങ്ങൾ ഉള്ളിൽ കൊണ്ട് നടന്നു എന്തൊക്കെയോ പ്രശ്നങ്ങൾ കാരണം അതെല്ലാം ഉപേക്ഷിക്കാൻ തയ്യാറായി നിൽക്കുന്ന ആരുടെയോ കഥ, അല്ല അനുഭവം ആണ് അതിൽ എന്ന് മനസിലാക്കിയ ഉടനെ തന്നെ അപ്പോൾ തോന്നിയ കുസൃതി, അല്ലെങ്കിൽ എനിക്ക് അത് പോലെ ഒരു ഫ്രണ്ട് ഉണ്ടെങ്കിൽ അവരോട് എന്ത് പറയുമോ അത് ഞാൻ ആ ബുക്കിന്റെ അവസാന പേജിൽ എഴുതി ബുക്ക്‌ അവിടെ തന്നെ വെച്ച് തിരികെ നടന്നു. ”

“കാര്യം വെറുതെ ഒരു രസത്തിന് എഴുതിയതാണ് എങ്കിലും അന്ന് രാത്രി എനിക്ക് കിടന്നിട്ട് ഉറക്കമേ വന്നില്ല.അത്രയും പ്രശ്നങ്ങൾ അനുഭവിക്കുന്നു എന്ന് എഴുതിയത് സത്യം ആണ് എങ്കിൽ ആളെ ഒന്ന് കാണാതെ വരാൻ തോന്നിയതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം വന്നു അന്ന്… അങ്ങനെ പിറ്റേന്നും സെയിം ടൈമിൽ തന്നെ ഞാൻ ലൈബ്രറിയിൽ പോയി.പക്ഷെ അന്ന് എനിക്ക് ആ ബുക്ക്‌ അവിടെ കാണാൻ പറ്റിയില്ല “, “ഒരു പേരോ അടയാളമോ ഒന്നും ഇല്ലാതെ ആൺകുട്ടി ആണോ പെൺകുട്ടി ആണോ എന്ന് പോലും അറിയാതെ ആ വ്യക്തിയെ അന്വേഷിച്ചു ലൈബ്രറിയിൽ പോകുന്നത് ഞാൻ പതിവാക്കി…

കേൾക്കുമ്പോൾ നിങ്ങൾക്ക് തോന്നും എനിക്ക് വട്ട് ആണോ എന്ന്…ഇപ്പോൾ മുഴുത്ത ഭ്രാന്തിൽ നിൽക്കുന്ന എന്റെ വട്ടിന്റെ തുടക്കം അതാണ് എന്ന് പറയാം സത്യത്തിൽ…”, “എടാ കള്ളാ…അപ്പോൾ അതിനു വേണ്ടി ആണ് ഇല്ലേ നീ ഇടക്കിടെ ലൈബ്രറിയിൽ പോയി കൊണ്ടിരുന്നത്…എന്നിട്ട് ചോദിച്ചപ്പോൾ എന്തൊക്കെ ആയിരുന്നു… ഇതു പറഞ്ഞു തീർന്നാൽ നിന്നെ ഞാൻ കൊല്ലും ടാ…അത്രയും വലിയ ചതിയൻ ആണ് നീ “, അർജുൻ പറഞ്ഞു നിർത്തിയ ഗ്യാപ്പിൽ ജിഷ്ണു പറഞ്ഞത് കേട്ട് അവൻ ഒന്ന് ചിരിച്ചു… “ഒന്ന് മിണ്ടാതെ ഇരിക്ക് ഏട്ടാ… അജു ഏട്ടൻ നല്ല രസത്തിൽ പറഞ്ഞു വന്നതായിരുന്നു…ആ ഫ്ലോ പോയി “, അഞ്ചു ജിഷ്ണുവിനോട് വഴക്കിട്ടു കൊണ്ട് പറഞ്ഞു…

“രണ്ടു പേരും ഒന്ന് നിർത്തു…സാർ ബാക്കി പറയട്ടെ…”, ലെച്ചു വേഗം അവരുടെ വഴക്കിൽ ഇടപെട്ടു കൊണ്ട് പറഞ്ഞു. “അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞിട്ടും എനിക്ക് ആളിനെ കുറച്ചു യാതൊരു സൂചനയും കിട്ടിയില്ല….പക്ഷെ ആ പ്രാവിശ്യത്തെ ഓണം സെലിബ്രേഷന്റെ അന്ന് ആ ബുക്ക്‌ വീണ്ടും എന്റെ കണ്ണിൽ പെട്ടു…ലൈബ്രറിയിലെ അതെ ടേബിളിൽ…ഞാൻ ഒരുപാട് നേരം അതിനടുത്ത് പോയി ഇരുന്നു എങ്കിലും ആരും അത് എടുക്കാൻ വന്നില്ല… പക്ഷെ അതിനിടയിൽ ഇവൻ വന്നു ഫോട്ടോ എടുക്കാൻ എന്നെ വിളിച്ചു കൊണ്ട് പോയി ഞാൻ തിരിച്ചു വന്ന ആ 5 മിനിറ്റിൽ ആ ബുക്ക്‌ അവിടെ നിന്നും കാണാതെ ആയി…” “അന്ന് സത്യത്തിൽ എനിക്ക് വന്ന ദേഷ്യം ഉണ്ടല്ലോ…അത് ഇപ്പോഴും മാറിയിട്ടില്ല…”,

അർജുൻ പല്ല് കടിച്ചു കൊണ്ട് ജിഷ്ണുവിനെ നോക്കി പറഞ്ഞത് കേട്ട് അവൻ അർജുനെ നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചു. “പക്ഷെ അന്നത്തെ ആ സംഭവം കൊണ്ട് ആ ആള് ഒരു പെൺകുട്ടി ആണ് എന്ന് എനിക്ക് മനസിലായി “,അർജുൻ ചിരിയോടെ പറഞ്ഞു. “അതെങ്ങനെയാ സാർ കണ്ടു പിടിച്ചേ…”,ലെച്ചു പെട്ടെന്ന് ചോദിച്ചു… “ഞാൻ സിസി ടീവി നോക്കി…പക്ഷെ ഒരു ട്വിസ്റ്റ്‌ എന്താണ് വെച്ചാൽ അവള് എന്നേക്കാൾ ഒരുപടി മുന്നിൽ ചിന്തിച്ചു മുഖം കാണാത്ത വിധം ആണ് ആ ബുക്കും എടുത്തു പോയത്… അതോടെ എനിക്ക് ഒരു കാര്യം കൂടി മനസിലായി,അവൾക്ക് എന്നെ അറിയാം എന്ന്…”, “എന്നിട്ട് അജു ഏട്ടൻ എങ്ങനെയാ ആ കുട്ടിയെ കണ്ടു പിടിച്ചത്… അത് പറയു…

അതാ ഞങ്ങൾക്ക് കേൾക്കേണ്ടത്… “,കഥ പിന്നെയും തുടരുന്നത് കണ്ടു അഞ്ചു ആകാംഷ സഹിക്കാൻ പറ്റാതെ ചോദിച്ചത് കേട്ട് അത്രയും നേരം ചിരിയോടെ നിന്ന അർജുന്റെ മുഖം മാറി… “ആഹാ,കഥ കേട്ടോണ്ട് ഇരിക്കുവാ 3 പേരും… പോയി ജോലി ചെയ്യ്…എന്നിട്ട് ആലോചിക്കാം ബാക്കി പറയണോ വേണ്ടയോ എന്ന്… “, ഇനിയും അവിടെ ഇരുന്നാൽ പണി പാളും എന്ന് മനസിലാക്കി അഞ്ചുവും ജിഷ്ണുവും ലെച്ചുവും നിരാശയോടെ എഴുന്നേറ്റു…”പേരെങ്കിലും പറഞ്ഞു താടാ എന്നാൽ “,പോകുന്നതിന് മുന്നേ ജിഷ്ണു അവസാന ശ്രമം എന്ന പോലെ വളരെ വിനയത്തോടെ അവനോട് ചോദിച്ചു….

“അതൊന്നും തത്കാലം പറയാൻ പറ്റില്ല…എന്നാലും ഇപ്പോൾ നിങ്ങൾ അവളെ പീലി എന്ന് വിളിച്ചോ… “,ചെറു ചിരിയോടെ അർജുൻ അത് പറഞ്ഞപ്പോൾ നൂറായിരം പ്രാവിശ്യം ലെച്ചു ആ പേര് മനസ്സിൽ ഉരുവിട്ടു. സീറ്റിൽ ഇരുന്ന് ലാപ് തുറന്നപ്പോഴും കുറച്ചു സമയം ലെച്ചുവിന് ഒന്നും ചെയ്യാൻ പറ്റിയില്ല, അവളുടെ മനസ്സിൽ കോറി ഇട്ട പെൺകുട്ടി ഒരുപിടി മഞ്ഞാടി കുരുവും ഒരു കുഞ്ഞു മയിൽ പീലിയും ആയി രൂപം പ്രാപിക്കുന്നത് അത്ഭുതത്തോടെ കണ്ണുകൾ അടച്ചു ലെച്ചു നോക്കി ഇരുന്നു. കുറച്ചു സമയം കഴിഞ്ഞു കണ്ണുകൾ തുറന്ന ലെച്ചു ജോലിയിൽ മുഴുകി ഇരിക്കുന്ന അർജുനെ കണ്ടു വേഗം തന്നെ സ്വന്തം വർക്ക്‌ ചെയ്യാൻ തുടങ്ങി.

ഇതേ സമയം ബീച്ചിലെ റിസോർട്ടിലേക്ക് പ്രിയക്കൊപ്പം പോവുകയായിരുന്നു അശ്വതി.”പ്രിയ ഇനി എങ്കിലും പറ,നമ്മൾ ആരെ കാണാൻ ആണ് ഈ പോകുന്നത് “, ഏതോ ഒരു മുറിയുടെ ചാവി വാങ്ങി ലിഫ്റ്റ് നോക്കി നടക്കുന്ന പ്രിയയോട് അശ്വതി കുറച്ചു ദേഷ്യത്തോടെ ചോദിച്ചു. “ഇതാ നമ്മൾ എത്തി അശ്വതി…ആള് നമുക്ക് വേണ്ടി വെയ്റ്റിങ് ആണ്.താൻ വാ… “, പ്രിയ വീണ്ടും അവർ ആരെയാണ് കാണാൻ പോകുന്നത് എന്ന് പറയാതെ അശ്വതിയും ആയി ലിഫ്റ്റിൽ കയറി കൊണ്ട് പറഞ്ഞു. റൂമിൽ കയറി പ്രിയ വാതിൽ അടക്കുന്നതിന് മുന്നേ തന്നെ മനു അങ്ങോട്ട് വന്നിരുന്നു.

“അശ്വതി,ഇതാണ് മനു…എന്റെ ഫ്രണ്ട് ആണ്…ലക്ഷ്മിയെ ഒഴിവാക്കാൻ ഇവൻ സഹായിക്കും നമ്മളെ “,മനുവിനെ അശ്വതിക്ക് പരിചയപ്പെടുത്തി കൊണ്ട് പ്രിയ പറഞ്ഞു. “എന്താ പ്ലാൻ….അറിയാലോ അർജുൻ കൂടി ഉണ്ട് അവളുടെ കൂടെ… സൊ എന്തെങ്കിലും കാര്യം ആയി പ്ലാൻ ചെയ്തേ മുന്നോട്ട് പോകാൻ പറ്റു “, അശ്വതി ആദ്യം തന്നെ അവളുടെ അഭിപ്രായം പറഞ്ഞത് കേട്ട് മനുവിന്റെ മുഖത്ത് പുച്ഛം നിറഞ്ഞു. “അർജുൻ…അവനാണ് എന്റെ എല്ലാ പ്ലാനും നശിപ്പിച്ചത്…ഇല്ലെങ്കിൽ അവൾ എന്റെ കൈയിൽ കിടന്നു പിടഞ്ഞെനെ ഇപ്പോൾ “,ദേഷ്യം കൊണ്ട് വിറച്ചു മനു പറഞ്ഞത് കേട്ട് സത്യത്തിൽ അശ്വതിക്ക് ചെറിയ പേടിയൊക്കെ തോന്നി.

എന്നാൽ പ്രിയ ഒരു പ്രശ്നവും ഇല്ലാതെ ഇരിക്കുന്നത് കണ്ടു ഒരേസമയം അവൾക് അത്ഭുതവും തോന്നി…. “അച്ചു ഏട്ടന് അവളിൽ ഉള്ള വിശ്വാസം തകർക്കണം…അതാണ് നമ്മൾ ആദ്യം ചെയ്യേണ്ടത്…അതിന് ഏറ്റവും നല്ല മാർഗം ലക്ഷ്മിയുടെ കാമുകന്റെ എൻട്രി ആണ്”, പ്രിയ പറഞ്ഞത് കേട്ട് ഒന്നും മനസിലാവാത്തത് പോലെ അശ്വതിയും മനുവും അവളെ ഒരു പോലെ നോക്കി . “അവൾക്ക് ഒരു കാമുകൻ ഉണ്ട് എന്നും അവർ തമ്മിൽ ഇപ്പോഴും ബന്ധം ഉണ്ട് എന്നും നമുക്ക് വരുത്തി തീർക്കണം….തത്കാലം നമുക്ക് ചെറിയ പ്ലാനിൽ നിന്ന് തുടങ്ങാം…

ഇങ്ങനെ ഒരു കാര്യം അമ്മമ്മയുടെ ചെവിയിൽ എത്തിയാൽ തന്നെ മതിയാവും,അച്ചു ഏട്ടന് പിന്നെ അവളെ വീട്ടിൽ നിന്ന് പുറത്താക്കാതെ വേറെ വഴി ഒന്നും ഉണ്ടാവില്ല.ഇങ്ങനെ ഒരു കാര്യം കൊണ്ടാണ് അവൾ പുറത്താകുന്നത് എങ്കിൽ തന്റെ വീട്ടിലും അവളെ ഏതായാലും കയറ്റില്ല… ” പ്രിയ പ്ലാൻ പറഞ്ഞ ഉടനെ തന്നെ അശ്വതിയുടെയും മനുവിന്റെയും മുഖം ഒരുപോലെ തെളിഞ്ഞു .”ഇതിന് വേണ്ട കാര്യങ്ങൾ ഒക്കെ ഞാൻ റെഡി ആക്കി തരാം…നാളെ തന്നെ…എനിക്ക് അറിയാം എന്താ ചെയ്യേണ്ടത് എന്ന്.താൻ വാ”, മനസ്സിൽ എന്തോ വഴി തെളിഞ്ഞത് പോലെ ഇരിപ്പിടത്തിൽ നിന്ന് ചാടി എഴുന്നേറ്റു അശ്വതി പ്രിയയെയും കൊണ്ട് പുറത്തേക്ക് നടന്നപ്പോൾ മനുവിന്റെ മുഖത്തും പുതിയ വഴികൾ തുറന്നു കിട്ടിയ ആവേശം ആയിരുന്നു. ബാഗ് തുറന്ന് മയക്കു മരുന്ന് നിറച്ച സിറിൻജെടുത്ത് ഞരമ്പിൽ കുത്തി ഇറക്കുമ്പോൾ ലെച്ചു അടിച്ച ഓരോ അടിയും മനുവിന്റെ മനസ്സിൽ തെളിഞ്ഞു വന്നു…ഒപ്പം അവനെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന അർജുന്റെ മുഖവും

(തുടരും ) ഇനി പറയാൻ ഉള്ളത് വലിയ ഒരു കാര്യം ആയത് കൊണ്ട് തത്കാലം എവിടെ നിർത്തുന്നു…ഇനി അങ്ങോട്ട് നമുക്ക് സന്തോഷം മാത്രമേ ഉള്ളൂ കുറച്ചു കാലം…❣️എന്ന് സ്വന്തം ലക്ഷ്മി ❣️

ലയനം : ഭാഗം 9