Thursday, January 2, 2025
Novel

നിഴലായ് മാത്രം : ഭാഗം 13

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

“ഇതു അമ്പാടിക്കു ഉള്ളത് ആണ്. പിന്നെ…നല്ല ആലോചനയാണെങ്കിൽ പാറുവിനെ ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം…

ഞാൻ പറഞ്ഞാൽ അവൾ കേൾക്കും” മിഴിനീർ തുളുമ്പുമെന്നു തോന്നിയപ്പോൾ അവൻ ഗോപന്റെ മറുപടിക്ക് കാക്കാതെ തിരികെ നടന്നു.

രാത്രിയിൽ ആരുമാരും ഭക്ഷണം കഴിക്കാതെയാണ് കിടന്നത്. മീനാക്ഷി അമ്പാടിയെ ഉറക്കി കിടത്തി എഴുനേറ്റു. ഗോപൻ മുറിയിലെ ടേബിളിൽ കൈകൾ ഊന്നി ഇരിക്കുകയായിരുന്നു.

താൻ ഇന്നുവരെ അവളെ തന്റെ കുഞ്ഞി പെങ്ങളെ നുള്ളി പോലും നോവിച്ചിട്ടില്ല. അതിനുള്ള അവസരം അവൾ ഒരിക്കലും ഉണ്ടാക്കിയിരുന്നില്ല എന്നതാണ് സത്യം.

അവളുടെ മനസ്സ് അറിഞ്ഞിട്ടും അറിയാത്തതായി ഭാവിക്കേണ്ടി വരുന്നു. അതവളുടെ നല്ല ഭാവിക്ക് വേണ്ടിയല്ലേ.

ബാലുവിനെ എനിക്ക് ഇഷ്ടം തന്നെയാണ്. പക്ഷെ ….പാറു.. അവൾ വാശിയിൽ… ഓർക്കാനും കൂടി വയ്യ.

തോളിൽ മീനുവിന്റെ കൈകൾ പതിഞ്ഞപ്പോൾ അവൻ ചിന്തയിൽ നിന്നും എഴുന്നേറ്റുവന്നു. മീനാക്ഷിയുടെ മുഖത്തേക്കു നോക്കി നിന്നു.

ലവലേശം പരിഭവം പോലും കാണുന്നില്ലല്ലോ. പെങ്ങള് കുറുമ്പ് പറഞ്ഞതല്ലേ…

“ഏട്ടൻ എന്താ എന്റെ മുഖത്തു നോക്കി മനസ്സിൽ പറയുന്നേ…. ഞാൻ കൂടി കേൾക്കട്ടെ”

“അല്ല പെണ്ണേ…. നിന്റെ മുഖത്തു ഒരു ലവലേശം പരിഭവം പോലും കാണുനില്ല. അതു ഞാൻ ചിന്തിക്കുകയായിരുന്നു. സാധാരണ ഒരു പെണ്ണ് ആണെങ്കി ഇന്ന് സൗര്യം തരില്ല”

ഗോപന് അറിയാം അവളുടെ മറുപടി എന്താകുമെന്നു എങ്കിലും മുഖത്തെ ഇല്ലാത്ത ദേഷ്യം മീനാക്ഷി വരുത്തുന്നത് കാണുവാൻ വേണ്ടി ചോദിച്ചതായിരുന്നു.

അവൾ പക്ഷെ ഒന്നു അമർത്തി ചിരിച്ചുകൊണ്ട് ഉണങ്ങിയ തുണികൾ ഓരോന്നായി മടക്കി അലമാരയിൽ വയ്ക്കുന്നതിലായി ശ്രദ്ധ.

അവൾ ചെയ്യുന്നത് നോക്കി കൊണ്ടു ഗോപനും ഇരുന്നു. കുറച്ചു നേരത്തിനു ശേഷം മീനാക്ഷിയുടെ അടുത്തു വന്നിരുന്നു അവളോടായി പറയും പോലെ ഗോപൻ തുടർന്നു.

“ഞാൻ തെറ്റു ചെയ്‌തോ എന്റെ പാറുവിനോട്”

മീനാക്ഷി മറുപടി പറഞ്ഞില്ല. പക്ഷെ അവന്റെ ഉള്ളിൽ വല്ലാത്തൊരു പിടിവലി നടക്കുന്നത് അവൾ അറിഞ്ഞു. മനസ്സിലെ വാഗ്വാദം അവന്റെ മുഖത്തു നന്നായി പ്രതിഫലിച്ചു കാണാമായിരുന്നു.

ഒരുഭാഗത്തു തന്റെ സഹോദരിയുടെ ഭാവി ജീവിതം മറു ഭാഗത്തു അതേ സഹോദരിയുടെ ഇഷ്ടവും. ബാലുവിനെ ഒരുപാട് ഇഷ്ടമാണ് ഗോപന്. അനാഥത്വം നിലനിൽക്കുമ്പോഴും സംസാരശേഷി ഇല്ലാതിരുന്നിട്ടും അവൻ ജീവിതത്തോടു പടവെട്ടി കയറുന്നത് കാണുമ്പോൾ അത്ഭുതവും അതിലേറെ അഭിമാനവുമൊക്കെ തോന്നിയിട്ടുണ്ട്.

പല സ്കൂളുകളിലും കോളേജുകളിലുമൊക്കെ ക്ലാസ് എടുക്കാൻ പോകുമ്പോൾ താൻ ബാലുവിന്റെ ജീവിത വിജയ കഥ പറയാറുണ്ട്. കുട്ടികൾക്ക് ഒരു മോട്ടിവേഷൻ കൊടുക്കാൻ വേണ്ടി.

പക്ഷെ…എത്രയൊക്കെ ആണെങ്കിലും എന്തുകൊണ്ടോ പാറുവിന്റെ നല്ല പാതിയായി അവനെ കാണാൻ കഴിയുന്നില്ല.

ഗോപന്റെ ഇരുപ്പ് മീനാക്ഷിയിലും വിഷമം ഉണ്ടാക്കി. മീനാക്ഷി പതുക്കെ അവന്റെ തോളിലേക്കു തല ചായ്ച്ചു. ഗോപൻ മറു കൈകൊണ്ടു അവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.

“വിഷമിക്കല്ലേ ഏട്ടാ… എന്തായാലും എന്റെ അഭിപ്രായത്തിൽ പാറുവിനു ഇത്ര വേഗം ഒരു കല്യാണം നോക്കണ്ട. പഠിപ്പു കഴിയട്ടെ. അപ്പോഴേക്കും എന്തെങ്കിലും തീരുമാനിക്കാം.”

“ഉം” അവൻ അമർത്തിയൊന്നു മൂളികൊണ്ടു അവളെ ഒന്നുകൂടി ഇറുകെ ചേർത്തു പിടിച്ചു.

“വേണ്ടാട്ടോ…” മീനാക്ഷി ചുണ്ടുകളിലും കണ്ണുകളിലും ഒരു കള്ള ചിരി ഒളിപ്പിച്ചു കൊണ്ടു പറഞ്ഞു.

“അതെന്താ…” അവൻ വേവലാതിയോടെ ചോദിച്ചു.

അപ്പോൾ തന്നെ അവരുടെ വാതിലിൽ മുട്ടു കേട്ടു….

“ദാ.ഇതുകൊണ്ട്..”

അവൻ മനസിലാകാത്ത പോലെ നിന്നു.

“പാറുവാണ് അതു. അന്നേരം എന്നോട് അങ്ങനെയൊക്കെ പറഞ്ഞതിനു ക്ഷമ പറയാനും ഇന്ന് നമ്മുടെയൊപ്പം കിടക്കാനും..

കുറച്ചു കഴിഞ്ഞാൽ അനിയൻ കുട്ടനും എത്തും. അതുകൊണ്ടു നമുക്കുള്ള പായയും പുതപ്പും ദാ അവിടെ എടുത്തു വച്ചിട്ടുണ്ട്”

ഗോപന്റെ കണ്ണുകളിൽ സന്തോഷം കൊണ്ട് മിഴിനീർ തിളങ്ങി. മീനാക്ഷി അവന്റെ കൈകൾ വിടർത്തികൊണ്ടു വാതിൽ തുറക്കുവാനായി എഴുനേറ്റു.

അവൾ ഒരടി വച്ചപ്പോഴേക്കും അവളുടെ കൈകളിൽ പിടിച്ചു ഗോപൻ നിർത്തി. അവൾ തിരിഞ്ഞു കണ്ണുകൾ കൂർപ്പിച്ചു നോക്കി.

അപ്പോഴും ചുണ്ടുകളിൽ കുസൃതി ചിരി തട്ടി കളിക്കുന്നുണ്ടായിരുന്നു. വാതിൽ മുട്ടു വീണ്ടും. അവൾ ചുണ്ടുകൾ കൊണ്ടു ഉമ്മ എന്നു കാണിച്ചു അവന്റെ കൈകൾ വിടീച്ചു വാതിൽ തുറക്കാൻ നടന്നു.

വാതിൽ തുറന്നു നോക്കുമ്പോൾ നിറ കണ്ണുകളോടെ പാറു. കവിൾ സ്വൽപ്പം വീങ്ങിയിട്ടുണ്ട്.

“എന്താ മോളെ…” പരിഭവം ഒട്ടുമില്ലാതെ മീനാക്ഷി ചോദിച്ചു.

“അതു ..പിന്നെ.. ഞാൻ ഇന്ന് അമ്പാടിയുടെ കൂടെ കിടന്നോട്ടെ…”

“ഉം” മീനാക്ഷിക്കു കാര്യം മനസിലായി. അവൾ മുറിയിലേക്ക് കടന്നപ്പോൾ ഗോപൻ തലതിരിച്ചു പിണക്കം നടിച്ചു. പാറു അമ്പാടിയെ കിടത്തിയതിനു അരികിലായി ഇരുന്നു. തല കുമ്പിട്ടു തന്നെ ഇരുപ്പാണ്. കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട്.

മീനാക്ഷി അടുത്തു ചെന്നു അവളുടെ മുഖമുയർത്തി ….” എന്താടാ” മീനാക്ഷി അവളുടെ കണ്ണുകളും കവിളുമൊക്കെ തുടച്ചുകൊണ്ടു ചോദിച്ചു..

“ഏടത്തി….എന്നോട് ക്ഷമിക്കൂ…ഞാൻ… പെട്ടന്ന് അപ്പോളത്തെ ദേഷ്യത്തിനു…” മീനാക്ഷിയുടെ വയറിൽ ചുറ്റി പിടിച്ചു പാറു വാക്കുകൾ കിട്ടാതെ വല്ലാതെ വിതുമ്പി കരഞ്ഞു.

കരച്ചിൽ അടക്കാൻ പാട് പെടുന്നതുകൊണ്ടു ശ്വാസം പോലും മന്ദഗതിയിലായി… ഏങ്ങി ഏങ്ങി കരഞ്ഞു കൊണ്ടിരുന്നു. മീനാക്ഷി അവളുടെ മുടിയിൽ തലോടി ക്ഷമയോടെ കാത്തിരുന്നു പാറുവിന്റെ കരച്ചിൽ അടങ്ങുന്നതുവരെ.

മീനാക്ഷി തല ചെരിച്ചു ഗോപനെ നോക്കിയപ്പോൾ അവരെ തന്നെ നോക്കി നിൽക്കുന്നതാണ് കണ്ടത്. അവന്റെ നെഞ്ചു നീറുന്നത് മീനാക്ഷി അറിഞ്ഞു. കാരണം പാറു കുഞ്ഞിപെങ്ങൾ ആയിരുന്നില്ല അവനു സ്വന്തം മകൾ തന്നെയായിരുന്നു.

കുറച്ചു നേരത്തെ കരച്ചിലിന് ഒടുവിൽ പാറുവിനു കുറച്ചു സമാധാനം കിട്ടി. മീനാക്ഷി ഒരു ചിരിയോടെ പാറുവിന്റെ മുഖം ഉയർത്തി നോക്കി….

ഒന്നും പറയാതെ രണ്ടു പേരും മുഖത്തേക്കു നോക്കി നിന്നു കുറച്ചു നേരം… അവരുടെ ചുണ്ടുകളിൽ അവർ അറിയതെ തന്നെ നറു ചിരി വിടർന്നു.

“മോളെ…പാറൂട്ടി… നിന്റെ ചേട്ടനും ഏടത്തിയും ആദ്യം കാണുമ്പോൾ പാറൂട്ടി എത്ര പൊടി കുട്ടിയായിരുന്നു. ഏട്ടനെക്കാളും എന്നെ ആകർഷിച്ചത് നിന്റെ അന്നത്തെ കുസൃതി ചിരിയും എപ്പോഴും പുഞ്ചിരിക്കുന്ന ഈ കണ്ണുകളുമായിരുന്നു.

നിന്നെ നോക്കി നോക്കിയാണ് ഞാൻ ഏട്ടനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. തമ്മിൽ ഇഷ്ടം പറയുമ്പോഴും ഏട്ടൻ ഒന്നേ പറഞ്ഞുള്ളു അച്ഛനും അമ്മയെക്കാളും ഏട്ടനെക്കാളും തന്റെ സഹോദരങ്ങളെ സ്നേഹിക്കണമെന്നു.

അതിൽ ഈ കുറുമ്പി വായാടി പാറുട്ടിയെ അധികം സ്നേഹിക്കണമെന്നു…ഒരു അമ്മയെപ്പോലെ.

ഇന്ന് ഈ നിമിഷം വരെ ഏടത്തിക്കു നിങ്ങളോടു സ്നേഹം മാത്രമേയുള്ളു. എനിക്കറിയാം എന്റെ മോളെ… വിഷമികണ്ടാട്ടോ..

അപ്പോഴത്തെ വിഷമത്തിലും ദേഷ്യത്തിലും പറഞ്ഞു പോയതാണെന്ന് ഏടത്തിക്കു അറിയാം…സാരമില്ലെടോ” പാറുവിന്റെ മൂക്കു പിടിച്ചു വലിച്ചുകൊണ്ട് മീനാക്ഷി പറഞ്ഞു.

പാറുവിനു വലിയ മഴ തോർന്നപോലെ സമാധാനം തോന്നി. ഏട്ടന്റെ മുഖത്തേക്കു മിഴികൾ നീണ്ടപ്പോൾ തന്നെ തന്നെ നോക്കി നിൽക്കുന്ന ഗോപനെ അവൾ കണ്ടു. അവൾ ഒന്നും പറയാതെ ഓടിച്ചെന്നു ഗോപനെ വട്ടം പിടിച്ചു ആ നെഞ്ചിൽ ചേർന്നു നിന്നു.

തന്റെ നെഞ്ചിലെ ചൂടുപ്പറ്റിയാണ് പാറു വളർന്നത്. ഗോപന്റെ ശരീരത്തിൽ വാത്സല്യത്തിന്റെ തണുപ്പ് പടർന്നു. അവൻ അവളെ തോളിൽ തട്ടി സമാധാനിപ്പിച്ചു.

ഒരു കൈ മുടികളെയും തലോടി നിന്നു. അപ്പോഴാണ് വാതിൽ പടിയിൽ ഒരു ഇണ്ടാക്കി ചുമ കേട്ടത്. നോക്കിയപ്പോൾ ഹർഷൻ പുതപ്പുമായി നിൽക്കുന്നു.

ഹർഷനെ കണ്ട പാറു തന്റെ മുഖം ഗോപന്റെ നെഞ്ചിൽ പൂഴ്ത്തി വച്ചു.

“ആഹാ…അതുശരി…എന്ന ഞാനും…” അതും പറഞ്ഞു അവനും നേരെ അവരുടെ അടുത്തു നിന്നു തന്റെ തോളുകൊണ്ടു പാറുവിനെ തട്ടിയിട്ട് ഹർഷൻ ഗോപന്റെ നെഞ്ചിൽ ചേർന്നു നിന്നു.

“ഇതു കണ്ട ഏട്ടാ…പോ” പാറു പിണങ്ങി നീങ്ങി പോകുവാൻ പോയപ്പോൾ ഹർഷൻ തന്റെ കൈകൾ കൊണ്ട് അവളെ ചേർത്തു പിടിച്ചിരുന്നു.

മൂവരും ഒരുമിച്ചു നിൽക്കുന്നത് നിറമിഴികളോടെ മീനാക്ഷി നോക്കി നിന്നു.

“അതേ…മതി..മതി…സ്നേഹിച്ചത്… കിടക്കാൻ നോക്കു…” മീനാക്ഷി അപ്പോഴേക്കും താഴെ കിടക്കാനുള്ള പായയും ഷീറ്റും വിരിച്ചു കഴിഞ്ഞിരുന്നു.

അമ്പാടിയെ നടുക്ക് കിടത്തി ഒരു ഭാഗത്തു ഹർഷനും ഗോപനും മറു ഭാഗത്തു മീനാക്ഷിയെ വട്ടം ചുറ്റി പിടിച്ചു പാറുവും ഉറക്കത്തിലേക്കു വീണു.

ഉറങ്ങും മുന്നേ ഗോപന്റെ കണ്ണുകൾ മീനാക്ഷിയുമായി കൊരുത്തു. അവളും പ്രേമാതുരമായി നോക്കി. അവളുടെ ആ നോട്ടം മാത്രം മതിയായിരുന്നു… ഗോപൻ ഒരു ചിരിയോടെ കണ്ണുകൾ അടച്ചു…

തന്റെ മക്കൾ ഒരുമിച്ചു കിടക്കുന്നത് കണ്ട സന്തോഷത്തിൽ ആ അച്ഛനും അമ്മയും കണ്ണുകളിലെ ഈറൻ തുടച്ചു മുറിയിലേക്കു നടന്നു.

ഇതേ സമയം തന്റെ മനസ്സിൽ ചേക്കേറിയ പാർവതി ദേവിയായ…തന്റെ പാറുവിന്റെ ഓർമകൾ എന്നേക്കുമായി മനസ്സിന്റെ പടി കടത്താൻ വിഫലശ്രമം നടത്തുകയായിരുന്നു ബാലു… തനിക്കു ഒരിക്കലും അതിനു കഴിയില്ലെന്ന് അറിഞ്ഞിട്ടും…!!

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 3

നിഴലായ് മാത്രം : PART 4

നിഴലായ് മാത്രം : PART 5

നിഴലായ് മാത്രം : PART 6

നിഴലായ് മാത്രം : PART 7

നിഴലായ് മാത്രം : PART 8

നിഴലായ് മാത്രം : PART 9

നിഴലായ് മാത്രം : PART 10

നിഴലായ് മാത്രം : PART 11

നിഴലായ് മാത്രം : PART 12