Monday, April 29, 2024
Novel

താദാത്മ്യം : ഭാഗം 3

Spread the love

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

Thank you for reading this post, don't forget to subscribe!

MV


“കൊരങ്ങനെ പോലുണ്ട്… ഹി…ഹി…ഹി…”

മിഥുന ഫോണിൽ സംസാരിച്ചുകൊണ്ട് ഉറക്കെ ചിരിച്ച്, വീട്ടിനകത്തേക്ക് കയറി. ശബ്ദം കേട്ട് എല്ലാവരും അവളെ തിരിഞ്ഞു നോക്കി..

“എങ്കിൽ ശരി ഡി, ഞാൻ വൈകിട്ട് വിളിക്കാം..”

ഫോൺ കട്ട്‌ ചെയ്തുകൊണ്ട് ഒരു ചെറു പുഞ്ചിരിയോടെ അവൾ അവർക്കരികിലേക്ക് നടന്നു..

“മിഥു.. ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കിയേ..”

ശോഭ സിദ്ധുവിനെ നോക്കികൊണ്ട് പറഞ്ഞു..

അവൾ അവനെ സംശയത്തോടെ നോക്കി.. പക്ഷെ അവൾക്ക് ആരാണെന്ന് മനസ്സിലായില്ല..

“നോക്ക് സിദ്ധു.. മിഥുനയ്ക്ക് പോലും നിന്നെ കണ്ടിട്ട് മനസ്സിലാവുന്നില്ല..”

ശോഭയുടെ വാക്കുകൾ കേട്ട് മിഥുന ഒഴികെ ബാക്കി എല്ലാവരും പൊട്ടിച്ചിരിച്ചു..

“എന്ത്.. സിദ്ധുവോ…? ”

അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി.

“കുഞ്ഞിലേ ഒരു എലി കുഞ്ഞിനെ പോലെ ഇരുന്ന ചെക്കൻ ഇപ്പൊ ആറടി ഉയരത്തിൽ പുലി പോലെ വന്നു നിൽക്കുന്നു..അന്ന് തല എറിഞ്ഞു പൊട്ടിച്ചത് ഇപ്പഴും മനസ്സിൽ ഉണ്ടാവുമോ.. ഇപ്പൊ പകരം വീട്ടിയാൽ എന്റെ ഗതി എന്താവും..?”

മിഥുനയുടെ മനസ്സിൽ പല ചിന്തകളും ഓടി നടന്നു.

“ഞാൻ മാത്രമാണോ അമ്മായി.. ദേ ഇവളും ഒരുപാട് മാറി.. മത്തങ്ങാ പോലിരുന്ന പെണ്ണാ.. ഇപ്പൊ മുരിങ്ങക്കോലുപോലുണ്ട്..”

ചിരിയടക്കി പിടിച്ചുകൊണ്ട് സിദ്ധു പറഞ്ഞു..

“എന്ത്…? ഞാൻ മുരിങ്ങക്കോലോ…? ഒരു രാജകുമാരൻ വന്നിരിക്കുന്നു.. ഉരുളക്കിഴങ്ങിന് തുണിയുടുപ്പിച്ചത് പോലുണ്ട്..”

അവൾ പല്ല് കടിച്ചുകൊണ്ട് പറഞ്ഞു..

“മിഥൂ… മൂത്തവരോട് ഇങ്ങനെയാണോ സംസാരിക്കുന്നത്..”

ശോഭ അവളെ ശാസിച്ചു.

“അത് അങ്ങേരോടും കൂടി പറ..”

കണ്ണുകൾ ഉരുട്ടികൊണ്ട് അവൾ മുറിയിലേക്ക് നടന്നു..

“എന്തിനാടാ വെറുതെ അവളെ ദേഷ്യം പിടിപ്പിക്കുന്നെ… വീണ്ടും കല്ലിനെറി കൊള്ളണോ..”

മഹേന്ദ്രൻ അവനെ കളിയാക്കിക്കൊണ്ട് പറഞ്ഞു..

“എന്റെ പൊന്നോ വേണ്ടേ…. ഞാൻ അറിയാതെ പറഞ്ഞു പോയതാ… ഇതും കൂടി കേട്ടാൽ ചിലപ്പോൾ അമ്മാവന്റെ മോള് വാളുമായി ഒരംഗത്തിനു വരെ വന്നെന്നിരിക്കും..”

അവന്റെ തമാശകേട്ട് മഹേന്ദ്രൻ പൊട്ടിച്ചിരിച്ചു..

“സിദ്ധുവേട്ടാ..”

മൃദുലമായ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.

“മിലുക്കുട്ടി… ”

അവൻ സന്തോഷത്തോടെ അവളെ അരികിലേക്ക് വിളിച്ചു.. അവളും പുഞ്ചിരിയോടെ അവനരികിലേക്ക് ഓടി വന്നു..

“സിദ്ധുവേട്ടാ…എന്തൊക്കെയുണ്ട് വിശേഷം…”

“സുഖമായി പോകുന്നെടാ… നിനക്ക് സുഖമല്ലേ..? നീ അങ്ങ് വളർന്ന് സുന്ദരികുട്ടിയായല്ലോ… ആ മുഖത്തെ കുട്ടിത്തം മാത്രം മാറിയിട്ടില്ല… എത്ര വളർന്നാലും നീ എന്റെ മിലുക്കുട്ടി തന്നെയാ..”

അവളുടെ ചോദ്യത്തിന് അവൻ സ്നേഹത്തോടെ മറുപടി പറഞ്ഞു..

” എത്ര നാളായി കണ്ടിട്ട്..എന്നാലും സിദ്ധുവേട്ടന് എന്നെ കാണാൻ വരണമെന്ന് തോന്നിയില്ലല്ലോ..”

അവൾ അല്പം സങ്കടത്തോടെ പറഞ്ഞു.

“വരാനുള്ള സാഹചര്യം അല്ലായിരുന്നെടാ… എന്തായാലും ഇപ്പൊ വന്നില്ലേ.. ഇനി എല്ലാ വർഷവും വന്ന് നിന്നെ കണ്ടോളാം..പോരെ..”

അത് കേട്ട് മൃദുല സന്തോഷത്തോടെ തലയാട്ടി.

“ഊണ് തയ്യാറായി…. ഇനി കഴിച്ചിട്ട് സംസാരിക്കാം..”

“വാ സിദ്ധുവേട്ടാ കഴിക്കാം… അമ്മയുടെ കൈപ്പുണ്യം സൂപ്പെറാ..”

മൃദുല അവനെയും കൊണ്ട് ഡൈനിങ്ങ് ടേബിളിലേക്ക് നടന്നു..

“മിഥു… എവിടെ…? ”

മഹേന്ദ്രൻ ഇരുന്നുകൊണ്ട് ചോദിച്ചു..

“അവൾക്ക് വിശപ്പില്ലെന്ന്…”

ശോഭ പറഞ്ഞുകൊണ്ട് മഹേന്ദ്രനും സിദ്ധുവിനും വിളമ്പി കൊടുത്തു…മൃദുല അമ്മയെ സഹായിച്ചു കൊടുത്തു.

“അമ്മായി… സാമ്പാർ സൂപ്പർ… പാവക്ക വറുത്തത് അതിനേക്കാൾ അടിപൊളി.. രസം ഒന്നും പറയാനില്ല.. പിന്നെ പായസം.. തേൻ പോലെ ഉണ്ട്..”

എല്ലാം ആസ്വദിച്ചു കഴിച്ചികൊണ്ട് സിദ്ധു പറഞ്ഞു.. ശോഭ സ്നേഹത്തോടെ അവന് വിളമ്പി കൊടുത്തു..

“ദിവസവും അമ്മയുടെ കൈക്കൊണ്ട് രുചിയുള്ള ഭക്ഷണം കഴിക്കുന്നെണ്ടെങ്കിലും അമ്മായിയുടെ കൈപ്പുണ്യം ഒന്ന് വേറെ തന്നെയാ..അല്ലെ അമ്മാവാ..”

അവൻ മഹേന്ദ്രനെ ഇടം കണ്ണിട്ട് നോക്കികൊണ്ട് പറഞ്ഞു..

“പിന്നല്ലാതെ..”

മഹേന്ദ്രൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു..

“ദേ…അമ്മായി…. അമ്മായീടെ കൈപ്പുണ്യത്തെ പറ്റി പറയുമ്പോ.. ഈ അമ്മാവൻ വെറുതെ ചിരിക്കുന്നു..”

കഴിച്ചു കൊണ്ടിരുന്ന മഹേന്ദ്രൻ ഒന്ന് ഞെട്ടി..

“ഡാ… എന്നോട് ഈ ചതി വേണമായിരുന്നോ..”

ഹാസ്യം കലർന്ന പരിഭ്രമത്തോടെ മഹേന്ദ്രൻ അവനോട് ചോദിച്ചു..

“എന്താടാ… എന്താ നിന്റെ അമ്മാവൻ പറയുന്നത്..”

പുരികങ്ങൾ ഉയർത്തി നിൽക്കുന്ന ഭാര്യയെ കണ്ടതും മഹേന്ദ്രൻ പരുങ്ങി…

അത് കണ്ട് സിദ്ധുവിന് ചിരി അടക്കാതിരിക്കാൻ കഴിഞ്ഞില്ല..

“അയ്യോ… അമ്മായി… അമ്മാവൻ ഒന്നും പറഞ്ഞില്ല… ഞാൻ വെറുതെ.. അമ്മാവന് അമ്മായിയെ പേടിയാണോ എന്നറിയാൻ പറഞ്ഞതാ… സാരമില്ല അത്യാവശ്യത്തിന് പേടിയൊക്കെയുണ്ട്..”

ചിരിച്ചുകൊണ്ടുള്ള അവന്റെ വാക്കുകൾക്ക് ശോഭയ്ക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല..

കഴിച്ചു കഴിഞ്ഞതും മൃദുല മിഥുനയുടെ അടുത്തേക്ക് ചെന്നു..

“ചേച്ചി..സിദ്ധുവേട്ടനെ കണ്ടില്ലേ..”

സന്തോഷത്തോടെ മൃദുല മിഥുനയോട് ചോദിച്ചു.

“ദേ.. ഞാനിവിടെ പ്രാന്ത് പിടിച്ചു നിൽക്കുക.. അതിന്റെ ഇടയിൽ നീ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ..”

മിഥുനയുടെ ഗൗരവത്തോടെയുള്ള വാക്കുകൾ കേട്ട് മൃദുലയുടെ മുഖം വാടി..
അവൾ മറിച്ചൊന്നും പറയാതെ പുറത്തേക്ക് നടന്നു..

“ഹേയ്.. മിലു…സോറിഡി… ഞാൻ ആകെ പ്രാന്ത് പിടിച്ചു നിൽക്കുവാ… അതാ..”

അവൾ അയഞ്ഞ സ്വരത്തിൽ മൃദുലയോട് പറഞ്ഞു.

“ഉം… എന്താ ചേച്ചിക്ക് ഇന്ന് ഇത്ര ദേഷ്യം…? ”

മൃദുല സംശയത്തോടെ ചോദിച്ചു.

“അതൊ… വന്നിട്ടുണ്ടല്ലോ ഒരു വാനരൻ..”

അവൾ പല്ല് കടിച്ചുകൊണ്ട് പറഞ്ഞു..

“ചേച്ചി… സിദ്ധുവേട്ടനെ അങ്ങനൊന്നും വിളിക്കല്ലേ… ഏട്ടൻ അത് കേട്ടാൽ എത്ര വിഷമിക്കും..എത്ര നാളുകൾക്ക് ശേഷമാ.. നമ്മളെ കാണാൻ വരുന്നത്, വെറുതെ എന്തിനാ ഏട്ടനെ വഴക്ക് പറയണേ..”

മൃദുല വിഷമത്തോടെ പറഞ്ഞു.

“ഇല്ലടി മിലു.. ഇതിന് മുൻപ് ഞാൻ ആരോടെങ്കിലും ഇങ്ങനെ പെരുമാറിയിട്ടുണ്ടോ..? ആ ഞാൻ ഇങ്ങനെ പറയണമെങ്കിൽ, ഞാൻ എത്രമാത്രം ഇറിറ്റേറ്റ് ആയിട്ടുണ്ടാകും എന്ന് ചിന്തിച്ചു നോക്ക്..”

സിദ്ധു തന്നെ കളിയാക്കിയ കാര്യവും മിഥുന മൃദുലയോട് പറഞ്ഞു..

“അത് ചുമ്മാ..സിദ്ധുവേട്ടൻ തമാശ പറഞ്ഞതാവും.. അത് ഇത്ര വലിയ കാര്യമാക്കണ്ട… ഇപ്പൊ വാ ഊണ് കഴിക്കാം…”

മൃദുല അവളെ കട്ടിലിൽ നിന്നും പിടിച്ചെഴുന്നേൽപ്പിച്ചിട്ട് പറഞ്ഞു..

“എനിക്ക് വേണ്ട… വിശക്കുന്നില്ല”

“എങ്കിൽ ഞാനും കഴിക്കുന്നില്ല… പക്ഷെ എനിക്ക് നല്ല വിശപ്പുണ്ടാട്ടോ..”

മൃദുല വയറ്റിൽ കൈവെച്ചുകൊണ്ട് പറഞ്ഞു..

“അപ്പൊ നീയൊന്നും കഴിച്ചില്ലേ..”

“ഇല്ല.. ചേച്ചി കഴിക്കാതെ ഞാനെങ്ങനാ കഴിക്കാ”

മൃദുലയുടെ മുഖത്ത് ശോകം നിറഞ്ഞു..

“ഇങ്ങനൊരു മണ്ടി പെണ്ണ്… എങ്കിൽ വാ.. കഴിക്കാം..”

ചെറു പുഞ്ചിരിയോടെ മിഥുന മൃദുലയേയും കൂട്ടി അടുക്കളയിലേക്ക് നടന്നു… സിദ്ധുവും മഹേന്ദ്രനും പുറത്തേക്ക് പോയിരിക്കുകയാണെന്ന് അറിഞ്ഞപ്പോൾ മിഥുനയ്ക്ക് പാതി ആശ്വാസമായി.

ശോഭ രണ്ട് പേർക്കും വിളമ്പി കൊടുത്തു..

“ചേച്ചി ഈ മുരിങ്ങക്ക തോരൻ നന്നായിട്ടുണ്ട്..കഴിച്ച് നോക്ക്..”

മിഥുനയുടെ പാത്രത്തിലേക്ക് രണ്ട് കഷ്ണം കോൽ ഇട്ടുകൊണ്ട് മൃദുല പറഞ്ഞു..മിഥുനയ്ക്ക് ദേഷ്യം വരാൻ വേറെന്തെങ്കിലും വേണോ..

“എനിക്കൊന്നും വേണ്ട.. ഇനി മുരിങ്ങക്ക എന്ന പേര് ഈ വീട്ടിൽ പറഞ്ഞു പോകരുത്..”

പാത്രത്തിലെ മുരിങ്ങക്ക എടുത്ത് മാറ്റിക്കൊണ്ട് മിഥുന അവളെ നോക്കി കണ്ണുരുട്ടി…

“ചേച്ചിക്ക്.. ഇന്ന് ഇതെന്തു പറ്റി..”

മനസിൽ ചിന്തിച്ചുകൊണ്ട് മൃദുല ഭക്ഷണം കഴിക്കുന്നതിൽ മുഴുകി..

“അമ്മേ… ഞാനൊന്ന് പുറത്ത് പോകുവാ… വൈകിട്ടെ വരൂ…”

കഴിച്ച് കഴിഞ്ഞതും സ്കൂട്ടറിന്റെ താക്കോലുമായി മിഥുന പുരത്തേക്ക് ഇറങ്ങി..

“അധികം താമസിക്കരുത് കേട്ടോ..”

ശോഭ അവൾക്ക് സ്നേഹത്തോടെ നിർദ്ദേശം നൽകി.

**********

“അമ്മായി… അമ്മാവാ.. ഞാൻ ഇറങ്ങട്ടെ.. അടുത്ത ആഴ്ച എല്ലാരും കൂടി അങ്ങ് എത്തിയേക്കണം.. ഞങ്ങൾ കാത്തിരിക്കും…”

പുഞ്ചിരിയോടെ സിദ്ധു പറഞ്ഞു..

“തീർച്ചയായും… എങ്കിലും ഒരു ദിവസം നിനക്ക് ഇവിടെ നിന്നൂടെ… ഇന്ന് തന്നെ തിരിച്ചു പോണോ..”

ശോഭ പരിഭവത്തോടെ ചോദിച്ചു.

“നാട്ടിൽ ഒരുപാട് ജോലികൾ ബാക്കി ഉണ്ട് അമ്മായി.. ഉത്സവം അടുത്തില്ലേ… ഞാൻ ഇനിയൊരു ദിവസം വരാം..”

അവൻ ആദരപൂർവ്വം ഇരുവരുടെയും കാലിൽ തൊട്ട് വന്ദിച്ചു..

“നന്നായി വരും മോനെ..”

ഇരുവരും അവനെ ആശീർവദിച്ചു..

“ദാ..ഇത് നിങ്ങൾക്ക്..”

ഒരു സഞ്ചി അവൻ അവർക്ക് നേരെ നീട്ടി..

“എന്താടാ ഇത്.. ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു..”

“അതൊന്നും പറഞ്ഞിട്ട് കാര്യമില്ല… ഞാൻ അമ്പലത്തിലെ പുനഃപ്രതിഷ്ടയ്ക്ക് ക്ഷണിക്കാൻ വന്നതല്ലേ… ഇത് ഇട്ടിട്ട് വേണം അന്ന് അമ്പലത്തിൽ പോകാൻ..”

അവൻ സ്നേഹത്തോടെ പറഞ്ഞു..

“ശരി… നിന്റെ ഇഷ്ടം അതാണെങ്കിൽ.. അങ്ങനെ..”

ഇരുവരും പുഞ്ചിരിച്ചു..

“ഇതെന്റെ മിലുകുട്ടിക്ക്… ഇഷ്ടയോ..? ”

“നന്നായിട്ടുണ്ട്.. സിദ്ധുവേട്ടാ..”

സഞ്ചി തുറന്ന് നോക്കിക്കൊണ്ട് അവൾ പറഞ്ഞു..

“ഇത്.. മിഥുനയ്ക്ക്..അവള് വന്നാൽ കൊടുക്ക്..”

മറ്റൊരു പൊതി അവളുടെ കയ്യിലേക്ക് കൊടുത്തു..

“ശരി.. സിദ്ധുവേട്ടാ..”

അവൾ സന്തോഷത്തോടെ അതും സ്വീകരിച്ചു.

“ദാ.. ഇത് നിനക്ക്..”

ശോഭ ഒരു പൊതി അവന് നേരെ നീട്ടി.

“ഇതെന്താ അമ്മായി..”

അവൻ പറയാൻ തുടങ്ങിയതും ശോഭ ഇടക്ക് കയറി.

“അത് ഞങ്ങളുടെ കുടുംബക്ഷേത്രം കൂടിയാണ്, അത് മറക്കണ്ട.. നീ വേറൊന്നും പറയണ്ട.. ഇത് അങ്ങോട്ട് വാങ്ങിയേ..”

അവൻ മറിച്ചൊന്നും പറയാതെ അത് വാങ്ങി..

എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് അവൻ ഇറങ്ങി.. മഹേന്ദ്രൻ അവന്റെ കൂടെ റെയിൽവേ സ്റ്റേഷൻ വരെ പോയി..

“അമ്മയെ തിരക്കിയെന്നു പറ.. അവളെ കാണാൻ കൊതിയാവുന്നു..അവൾക്ക് സുഖം തന്നെയല്ലേ..”

അല്പം സങ്കടത്തോടെ മഹേന്ദ്രൻ ചോദിച്ചു..

“അമ്മയ്ക്ക് അവിടെ ഒരു സുഖ കുറവും ഇല്ലമ്മാവാ… നിങ്ങളെ എല്ലാവരെയും കണ്ടാൽ കൂടുതൽ സന്തോഷിക്കും..എല്ലാരും വരുന്നൂന്ന് അറിഞ്ഞപ്പോ… ഓരോന്നും മുന്നിൽ നിന്ന് നോക്കി കണ്ട് ചെയ്യാ അമ്മ..”

“അമ്മയെ നന്നായി നോക്കണംട്ടോ..അവിടെ എത്തിയിട്ട് ഫോൺ ചെയ്..”

എന്ന് പറഞ്ഞ് മഹേന്ദ്രൻ അവനെ യാത്രയാക്കി..

************

“ചേച്ചി ഈ ഡ്രസ്സ്‌ എങ്ങനെ ഉണ്ട്.. ചേച്ചിക്കുള്ളതാ..”

മിഥുന വീട്ടിലേക്ക് കയറിയതും മൃദുല സിദ്ധു കൊടുത്ത സഞ്ചി അവളുടെ കയ്യിലേക്ക് കൊടുത്തു..

“കൊള്ളാലോ മിലു.. ഉത്സവത്തിന് പോകാനാണോ..”

“അതെ…സിദ്ധുവേട്ടൻ തന്നതാ..”

മൃദല അത് പറഞ്ഞതും അവളുടെ കണ്ണിൽ കോപം നിറഞ്ഞു.

“അയ്യേ.. എനിക്ക് ഈ കളർ ഇഷ്ടമല്ല.. എനിക്ക് വേണ്ട..”

അവൾ അത് മൃദുലയുടെ കയ്യിലേക്ക് തന്നെ തിരിച്ചുകൊടുത്തു..

“അമ്മായി ഇഷ്ടത്തോടെ നമുക്ക് വേണ്ടി വാങ്ങി കൊടുത്ത് വിട്ടതാ.. വേണ്ടെന്ന് പറഞ്ഞാൽ അമ്മായിക്ക് വിഷമമാകില്ലേ..
ഞാൻ പറഞ്ഞൂന്ന് ഉള്ളു ബാക്കിയൊക്കെ ചേച്ചീടെ ഇഷ്ടം..”

“ശരി… ഇങ്ങ് താ..ഇത് തന്നെ ഇട്ടോളാം.. അതും നിന്നെ ഓർത്ത് മാത്രം..”

“എന്റെ ചുന്ദരി ചേച്ചി..”

മൃദുല അവളെ കെട്ടിപിടിച്ച് അവളുടെ കവിളിൽ മുത്തം നൽകി. മിഥുനയുടെ ദേഷ്യം മെല്ലെ പുഞ്ചിരിയായി മാറി..

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2