Mr. കടുവ : ഭാഗം 19
എഴുത്തുകാരി: കീർത്തി
ചന്ദ്രുവേട്ടൻ പോയി കുറച്ചു കഴിഞ്ഞതും അച്ഛനും അമ്മയും കൂടി വന്നു. ഇപ്പൊ എങ്ങനെയുണ്ടെന്നു അറിയാൻ വന്നതാണ്.
അച്ഛൻ ഓഫിസിലേക്ക് പോകാനിറങ്ങിയതാണ്. രാധിക വീട്ടിൽ പോയെന്ന് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു – വയ്യാത്തതല്ലേ സ്കൂളും ഇല്ലല്ലോ ഒറ്റയ്ക്കിരിക്കണ്ട അമ്മയുടെ കൂടെ വീട്ടിലേക്ക് ചെല്ലാൻ. അതുകൊണ്ട് അവരോടൊപ്പം ഞാനും ഔട്ട് ഹൗസിൽ നിന്നിറങ്ങി.
അച്ഛനെ യാത്രയാക്കി ഞാനും അമ്മയും വീടിനകത്തേക്ക് കടന്നപ്പോൾ ചന്ദ്രവേട്ടൻ മുകളിൽ നിന്നും ഇറങ്ങിവരുന്നത് കണ്ടു. അച്ഛൻ മംഗലത്ത് ഗ്രൂപ്പിന്റെ ഹെഡ് ഓഫീസിലേക്കാണ് ദിവസവും പോകുന്നത്.
അവിടെയിരുന്ന് കാര്യങ്ങൾ നോക്കും. എന്നാൽ ചന്ദ്രുവേട്ടൻ ഓരോ ദിവസവും അവരുടെ ഓരോ സ്ഥാപനത്തിലും കയറിയിറങ്ങും. ഇന്നിനി എങ്ങോട്ടാണോ എന്തോ?
റാങ്ക് ഹോള്ഡറൊക്കെയല്ലേ, പോരാത്തതിന് എന്നോടുള്ള പോലെ കടുവ സ്വഭാവവും വെച്ച് ബിസിനസ് നല്ല രീതിയിൽ തന്നെ നോക്കികൊണ്ടു പോകുന്നുണ്ട്.
അതിന്റെയൊരു ആശ്വാസവും സംതൃപ്തിയുമൊക്കെ ഇപ്പോൾ അച്ഛന്റെ മുഖത്തുണ്ട്. ജോലിക്കാർക്കൊക്കെ അച്ഛനെക്കാളും പേടി കടുവയെ ആണത്രേ.
എങ്ങനെ ആവാതിരിക്കും അച്ഛൻ കർക്കശക്കാരനാണ് എങ്കിലും സൗമ്യമായ പെരുമാറ്റമാണ് എല്ലാവരോടും. പക്ഷെ കടുവ……തനി കാട്ടുക്കടുവ!!! ഒരു തരം മൂരാച്ചി!!!. സൗമ്യയെ അറിയപോലും ഇല്ല.
എന്തൊക്കെയായാലും എക്സിക്യൂട്ടീവ് ലുക്കിൽ കോണിപ്പടിയിറങ്ങിയുള്ള ആ വരവ് കണ്ടപ്പോൾ സത്യം പറയാലോ…. വായിനോക്കി നിന്നുപോയി.
എന്തുചെയ്യാനാ അതൊരു പ്രകൃതിനിയമമല്ലേ? ഞാനായിട്ട് തെറ്റിക്കണ്ട ന്ന് വെച്ചു. കേട്ടിട്ടില്ലേ ഓപ്പോസിറ്റ് സൈൻസ് ആർ ആൽവേസ് അട്ട്രാക്ടസ് ന്ന്.
കൂടാതെ ഒടുക്കത്തെ ഗ്ലാമറും. ആ കാടുവേടെ സ്വഭാവം പോയിട്ട് രണ്ടു ദിവസം മുന്നേ കിട്ടിയ തല്ല്പോലും ഞാൻ മറന്നുപോയി.
ഈ പ്രിയ ഒരു പിടക്കോഴയാണെന്നൊന്നും ആരും കരുതണ്ട. കടുവയോട് മാത്രമേ എനിക്ക് ഇങ്ങനെയൊക്കെ തോന്നീട്ടുള്ളൂ. അതാണെങ്കിൽ പുറത്തെടുക്കാനും പറ്റാത്ത അവസ്‌ഥ. എന്റെയൊരു വിധി നോക്കണേ !.
താഴെ എത്തിയതും കടുവ അമ്മയോട് പറഞ്ഞു.
“ഞാൻ ടെക്സ്റ്റൈൽസിലേക്കാണ് ”
“മ്മ്… നേരത്തെ വരുവോ? ”
“നോക്കട്ടെ. സ്കൂളിൽ പോണം. നാളത്തെ പരിപാടിക്കുള്ള അറേൻജ്മെന്റ്സ് ശെരിയാക്കീട്ടെ വരുള്ളൂ. ”
അതും പറഞ്ഞ് കടുവ എന്നെനോക്കി പുഞ്ചിരിച്ചു. തിരിച്ചു ഞാനും. കടുവ അപ്പോൾ ശെരിക്കും മാറിയിട്ടുണ്ട്. അല്ലെങ്കിൽ എന്നെനോക്കി ചിരിക്കില്ലല്ലോ.ഇങ്ങനെ കടുവ സ്നേഹത്തോടെ പെരുമാറുമെങ്കിൽ ഒന്നല്ല ഒരു നാലഞ്ചു തല്ല് വാങ്ങാനും ഞാൻ റെഡിയാ.
“പനിയൊന്ന് ഭേദമായെന്ന് വെച്ച് സർകീട്ടിന് ഇറങ്ങിയതാണോ? ”
എന്നോടുള്ള കടുവയുടെ ചോദ്യത്തിന് ഒരു അധികാരഭാവം ഉണ്ടായിരുന്നു. ഞാൻ അല്ലെന്ന് തലയാട്ടി.
“അവിടെ ഒറ്റയ്ക്കിരുന്ന് മുഷിയണ്ടാ ന്ന് കരുതി കൂട്ടിയതാണ്. ”
അമ്മ പറഞ്ഞതു കേട്ട് എന്റടുത്തേക്ക് കുറച്ചു നീങ്ങിനിന്നുകൊണ്ട് കടുവ പറഞ്ഞു.
“മ്മ്…. കവിളിലെ പാടൊക്കെ കുറഞ്ഞിട്ടുണ്ട് ലെ. അപ്പൊ ചേട്ടൻ വരുമ്പോഴേക്കും ഇവിടിരുന്ന് അടുത്ത തല്ലിനുള്ള വഴി ആലോചിച്ചുവെക്ക്. കേട്ടോ. ”
“എന്താടാ ഇത്? ഇത്രയും നാളും വഴക്കേ ഉണ്ടായിരുന്നുള്ളൂ ഇപ്പൊ ദാ തല്ലും തുടങ്ങി. ഈ തല്ലും വഴക്കൊന്നുമില്ലാതെ നിങ്ങളെയൊന്ന് കാണാൻ പറ്റുവോ ഞങ്ങൾക്ക്? ”
“എനിക്കും ആഗ്രഹമുണ്ട് അമ്മേ. പക്ഷെ അമ്മേടെ ഈ പ്രിയമോളും കൂടി വിചാരിക്കണ്ടേ? ”
ഒരു കുസൃതിചിരിയോടെ അതുപറഞ്ഞ് എന്നെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ച് കടുവ പുറത്തേക്ക് പോയി. ഞാനത് കണ്ട് കടുവ പോയ വഴിനോക്കി വായുംപൊളിച്ചു നിന്നു.
മുറ്റത്തെത്തി തിരിഞ്ഞുനോക്കിയ കടുവ എന്റെ നിൽപ്പ് കണ്ട് കൈകൊണ്ടു വായ അടക്കാനുള്ള ആംഗ്യം കാണിച്ചു.
എന്നിട്ട് കാറിൽകയറി പോയി. ദേഷ്യം മാത്രം കണ്ടിട്ടുള്ള കടുവയുടെ മുഖത്ത് ആ നേരമത്രയും ചിരിയും സന്തോഷവും മാത്രമേ ഞാൻ കണ്ടുള്ളൂ. ചമ്മിയ മുഖത്തോടെ അമ്മയെ നോക്കിയപ്പോൾ അവിടെയും ഉണ്ടായിരുന്നു ഒരു കുസൃതിചിരി.
അടുക്കളയിൽ സീത ചേച്ചിയും ഉണ്ടായിരുന്നു. ഞങ്ങൾ മൂന്നുപേരും കൂടി ഓരോരോ വിശേഷങ്ങളും കഥകളുമൊക്കെ പറഞ്ഞ് സമയം ചിലവഴിച്ചു.
ഇടയ്ക്ക് രാധു വന്നപ്പോൾ ഞാൻ ഉഷാറായത് കണ്ട് അവൾക്കും സന്തോഷമായി. കുറച്ചു നേരം ഞങ്ങളോടൊപ്പം ചിലവിട്ട് നാളത്തെ ഓണാഘോഷത്തിന് ഉള്ള എന്തൊക്കെയോ ഒരുക്കാനുണ്ടെന്ന് പറഞ്ഞ് അവള് പോയി.
ഞാൻ വന്നതിനു ശേഷമുള്ള സ്കൂളിലെ ആദ്യത്തെ പരിപാടിയാണ്. അതിൽ എനിക്ക് പങ്കെടുക്കാൻ പറ്റാതെയായത് ഓർത്ത് വിഷമം തോന്നി.
അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു “അടുത്ത വർഷത്തെ ആഘോഷത്തിന് ആ കുറവ് നികത്താ” ന്ന്.
അടുത്ത വർഷം ഈ നാട്ടിൽ ഉണ്ടാവുമെന്ന് ഒരുറപ്പും ഇല്ല. എന്തിന് ഞാൻ ഉണ്ടാവുമെന്ന് തന്നെ ഉറപ്പില്ല.
വൈകിട്ട് ഒന്ന് ഫ്രഷാവാൻ വേണ്ടിയാണ് പിന്നെ ഞാൻ ഔട്ട് ഹൗസിലേക്ക് പോയത്. ഫ്രഷായി ഒരു ദാവണിയും ഉടുത്ത് വീണ്ടും അമ്മയുടെ അടുത്തേക്ക് തന്നെ വന്നു. അച്ഛൻ വരുന്നതും നോക്കി ഞാനും അമ്മയും ഉമ്മറത്തിരുന്നു.
ചന്ദ്രുവേട്ടൻ പിന്നെ വൈകുമെന്ന് പറഞ്ഞിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ഓണത്തെക്കുറിച്ചും പഴയ ഓണക്കാല ഓർമകളെ കുറിച്ചുമൊക്കെ അമ്മ വാ തോരാതെ പറഞ്ഞുകൊണ്ടിരുന്നു.
“ഇത് തറവാടല്ലേ? അപ്പൊ ബന്ധുക്കളൊക്കെ വരില്ലേ ഓണായിട്ട്?”
ഞാൻ ചോദിച്ചു.
“വിശ്വേട്ടന് ഒരനിയനും രണ്ടു പെങ്ങന്മാരും ആണുള്ളത്. ചെറിയ പെങ്ങള് മാത്രം ചെന്നൈലുണ്ട്. മറ്റുള്ളവരൊക്കെ വിദേശത്താണ്. എനിക്ക് ഒരനിയനാണ്.
അവനും വിദേശത്താ. ലണ്ടനിൽ. ചന്ദ്രു അവരുടെ കൂടെ നിന്നാണ് MBA പഠിച്ചത്. എല്ലാരും കഴിഞ്ഞ ഓണത്തിന് വന്നുപോയതാ.
പിന്നെയുള്ള ബന്ധുക്കൾ എന്തെങ്കിലും വിശേഷം ഉണ്ടാവുമ്പോൾ ക്ഷണിച്ചാൽ വരുമെന്നല്ലാതെ…… ഓണത്തിനും വിഷനൊന്നും വരാറില്ല. ”
“ഇത്തവണയും അവരെല്ലാവരും വരില്ലേ? ”
“വിഷുന് വന്നട്ടില്ല. ഈ ഓണത്തിനും വരില്ല. ”
“അതെന്താ? ”
“ഇനി ഒരാഘോഷത്തിന് ഒത്തുകൂടുന്നുണ്ടെങ്കിൽ അത് ചന്ദ്രുന്റെ കല്യാണത്തിനായിരിക്കും ന്നുള്ള വാശിയിലാണ് എല്ലാവരും. അതുകൊണ്ട് അവന്റെ കല്യാണത്തിന് മാത്രമേ ഇനി അവരെല്ലാം നാട്ടിലേക്ക് വരുള്ളൂ. ”
“അപ്പോൾ എത്രയും പെട്ടന്ന് ചന്ദ്രുവേട്ടനെ ഒരു കല്യാണം കഴിപ്പിക്കണം ”
“അവൻ സമ്മതിക്കുന്നില്ലല്ലോ. അതുകൊണ്ടല്ലേ അവരെല്ലാം ഇങ്ങനൊരു തീരുമാനം എടുത്തത്. ഒരിക്കൽ
മണ്ഡപം വരെ എത്തിയതാണ് ന്റെ കുട്ടീടെ വിവാഹം. മുഹൂർത്തത്തിന് തൊട്ടുമുൻപ് അത് മുടങ്ങി.
പിന്നെയൊരു വിവാഹത്തിന് അവൻ സമ്മതിച്ചതുമില്ല. അമ്മാവന്മാര് നിർബന്ധിച്ച് രണ്ടുമൂന്നു കുട്ട്യോളെ കാണാൻ പോയി.
എന്തൊക്കെയോ കാരണങ്ങൾ പറഞ്ഞ് അവൻതന്നെ അതൊക്കെ മുടക്കി. എന്നിട്ടിപ്പോ കല്യാണമേ വേണ്ടെന്ന് പറഞ്ഞ് നടക്കാണ്. ദാ ഈ കാണുന്ന ചെടികളും അവയുടെ ശുശ്രൂഷയും നോക്കി നടക്കല്ലേ.
അന്ന് നമ്മള് അമ്പലത്തിൽ പോയിവന്നതിന് ശേഷം അവന് നല്ല മാറ്റമുണ്ട്. കൂട്ടുകാരോടുള്ള പിണക്കം മാറി, അച്ഛന്റെ കൂടെ ബിസിനസിൽ വീണ്ടും സഹായിക്കാൻ തുടങ്ങി.
നല്ല ബുദ്ധി തോന്നിത്തുടങ്ങിയോ ആവോ? ഇനി ഒരു വിവാഹത്തിനും കൂടി സമ്മതിച്ചാൽ മതിയായിരുന്നു.
അപ്പൊ എല്ലാവരും വരും. കുട്ട്യോൾ പോലും വരാറില്ല. ഏട്ടന്റെ സ്വഭാവം മാറണം ന്നാണ് അവർക്കും. എന്റെയും വിശ്വേട്ടന്റെയും കുടുംബത്തിൽ വെച്ച് മൂത്തത് ചന്ദ്രുവാണ്. കുട്ട്യോളെയൊക്കെ കാണാൻ തോന്നുന്നുണ്ട്. ”
നേര്യതിന്റെ തലപ്പുകൊണ്ട് കണ്ണുതുടച്ചുകൊണ്ട് അമ്മ പറഞ്ഞവസാനിപ്പിച്ചു.
“അമ്മ വിഷമിക്കണ്ട.എത്രയും പെട്ടന്ന് അമ്മയ്ക്ക് അവരെയൊക്കെ കാണാൻ പറ്റും. ചന്ദ്രുവേട്ടൻ ഇത്രയൊക്കെ മാറിയില്ലേ? ഇനി വൈകാതെ കല്യാണത്തിനും സമ്മതിക്കും. സമാധാനമായിട്ടിരിക്ക് അമ്മേ. ”
“മോള് അവധിക്ക് നാട്ടിലേക്ക് പോണില്ലേ? അച്ഛനും അമ്മയും അല്ലെ പോയിട്ടുള്ളൂ വേറെ ബന്ധുക്കൾ….? ”
അമ്മയുടെ ചോദ്യത്തിന് നിറം മങ്ങിയൊരു ചിരിയായിരുന്നു ആദ്യം എന്റെ മറുപടി. ശേഷം ഞാൻ പറഞ്ഞു.
“ബന്ധുക്കൾ… !ബന്ധം ന്ന് പറയാൻ എനിക്ക് അച്ഛനും അമ്മയും ഏട്ടനും പിന്നെ അച്ചാച്ചനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അച്ഛമ്മയെ ഞാൻ കണ്ടിട്ടില്ല. ഏട്ടന് രണ്ടു വയസുള്ളപ്പോഴാണത്രെ അച്ഛമ്മ മരിച്ചത്. അച്ഛനും അമ്മയും അധ്യാപകരായിരുന്നു. അച്ഛൻ ഒറ്റമോനാണ്. അമ്മയ്ക്ക് ആരും ഇല്ല. പഠിച്ചതും വളർന്നതുമൊക്കെ ഒരു ഓർഫനേജിലാണ്.
സ്കൂളിൽ പുതുതായി പഠിപ്പിക്കാൻ വന്ന അനാഥയായ ടീച്ചറോട് തോന്നിയ സിമ്പതി പിന്നീട് എപ്പോഴോ പ്രണയമായി.
അച്ഛന്റെ ഏതാഗ്രഹത്തിനും കൂടെനിന്നിട്ടുള്ള അച്ചാച്ചനും അച്ഛമ്മയും ഈ ആഗ്രഹവും സാധിച്ചുകൊടുത്തു.
ഇപ്പൊ എല്ലാരും പോയി. ആരും ഇല്ല ഇപ്പൊ. സ്വന്തം ന്ന് പറയാൻ ആരും ഇല്ല. ഞാൻ മാത്രം… ഏട്ടൻ എവിടെയാണെന്ന് അറിയില്ല.
ഒരുപക്ഷെ ജീവിച്ചിരിപ്പുണ്ടോ ന്ന് പോലും… എന്തോ ആവശ്യത്തിന് വേണ്ടി മുംബൈലേക്ക് പോയതാ. പിന്നെ ഒരു വിവരവും ഇല്ല. ഏട്ടനെ കാണാതായ വിഷമത്തിൽ അറ്റാക്ക് വന്നാണ് അച്ഛാച്ചൻ…
അതുകഴിഞ്ഞു അഞ്ചാറു വർഷം കഴിഞ്ഞപ്പോൾ….
അച്ഛനും…..
അമ്മയും…….
അന്ന് ഞാനും വരണുണ്ടെന്ന് ഒരുപാട് പറഞ്ഞതാ….
രണ്ടാളും സമ്മതിച്ചില്ല…..
അല്ലെങ്കിൽ…. ഞാനിങ്ങനെ… ഒറ്റ….
ഒറ്റയ്ക്കാവില്ലാർന്നു……
ഇങ്ങനെ ആരും…. ഇല്ലാതെ….. ഒറ്റയ്ക്ക്…… ”
തൊണ്ടയിലെ ഇടർച്ചയും കണ്ണിലെ പേമാരിയും കാരണം പലപ്പോഴും എനിക്ക് വാക്കുകൾ മുറിഞ്ഞു പോയികൊണ്ടിരുന്നു.
കരഞ്ഞുകൊണ്ട് അമ്മ വന്ന് എന്നെ ചേർത്തു പിടിച്ചു.
“കരയല്ലേ മോളെ. മോൾക്ക് ഈ അമ്മയില്ലേ അച്ഛനില്ലേ… ഞങ്ങളെല്ലാരും ഉണ്ട്. പിന്നെങ്ങനെയാ ന്റെ മോള് ഒറ്റയ്ക്കാവണേ… മോളിവിടെ വന്ന അന്ന് മുതൽ ഞങ്ങളുടെ മോളായിട്ടേ കണ്ടിട്ടുള്ളൂ. എന്നും അതങ്ങനെ തന്നെയാണ്. ഞങ്ങളുടെ മോളാ… ”
അമ്മക്കിളിയുടെ ചിറകിനടിയിൽ പറ്റിച്ചേർന്നിരിക്കുന്ന ഒരു കുഞ്ഞിക്കിളിയെ പോലെ ഞാൻ അമ്മയോട് കൂടുതൽ ചേർന്നുനിന്നു. എത്രനേരം അങ്ങനെ നിന്നുവന്ന് അറിയില്ല.
“അമ്മേടെ കുട്ടി ഇനി കരയരുത്. ആ കണ്ണൊക്കെ തുടച്ചെ. കരഞ്ഞു കരഞ്ഞു ഭേദമായ പനി തിരിച്ചുവരുത്തണ്ട. ”
ശാസനയോടെ എന്റെ കണ്ണുകൾ തുടച്ചുകൊണ്ട് അമ്മ അത് പറഞ്ഞപ്പോൾ ആ സ്നേഹത്തിനു മുന്നിൽ ഞാനൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ വന്നു. പിന്നെ ഞങ്ങൾ മൂന്നുപേരും കൂടി വിശേഷങ്ങളും പറഞ്ഞ് ചന്ദ്രുവേട്ടനു വേണ്ടിയുള്ള കാത്തിരിപ്പിലായി.
പറഞ്ഞതുപോലെ ഏറെ വൈകിയാണ് ചന്ദ്രുവേട്ടൻ വന്നത്. ചന്ദ്രുവേട്ടൻ വന്നപ്പോൾ ഞാനും അമ്മയും കേൾവിക്കാരായി.
അച്ഛനും മകനും കൂടി നാളത്തെ പരിപാടിയെക്കുറിച്ചായി ചർച്ച. വർഷങ്ങൾക്ക് ശേഷം ചന്ദ്രുവേട്ടന്റെ നേതൃത്വത്തിൽ മറ്റ് നാല് വാനരന്മാരും (അച്ചുവേട്ടനും സംഘവും )കൂടിയാണത്രെ ആഘോഷപരിപാടികൾ കോർഡിനേറ്റ് ചെയ്തിരിക്കുന്നത്. മിക്കവാറും അച്ചുവേട്ടൻ നാളെ നല്ല ബിസിയായിരിക്കുമെന്ന് ഞാനോർത്തു.
എന്റെ ആഘോഷം തകർന്നുതരിപ്പണമായ സങ്കടത്തിൽ നിൽക്കുമ്പോളാണ് ചന്ദ്രുവേട്ടൻ കുറച്ചു കവറുകൾ കൊണ്ടുവന്ന് സോഫയിൽ വെച്ചത്.
അതിൽനിന്നും ഓരോന്നെടുത്ത് അച്ഛനും അമ്മയ്ക്കും കൊടുത്തു. ഓണക്കോടിയാണത്രെ. അതും വര്ഷങ്ങളായി മുടങ്ങികിടന്നിരുന്ന ചടങ്ങാണ്.
സന്തോഷം കൊണ്ട് അവരുടെ കണ്ണ് നിറഞ്ഞു. ഞാനതെല്ലാം ചിരിയോടെ കണ്ടുനില്കുമ്പോളാണ് ചന്ദ്രുവേട്ടൻ ഒരു കവറെടുത്ത് എനിക്ക് നേരെ നീട്ടിയത്.
‘ഇതെന്താ’ ന്ന് ചിന്തിച്ചു അത്ഭുതത്തോടെ ഞാനാ മുഖത്തേക്ക് നോക്കി.
“ഇത് നിനക്കാണ്. ഇഷ്ടവുമൊന്ന് അറിയില്ല. കണ്ടപ്പോൾ ചേരുമെന്ന് തോന്നി. ഇഷ്ടായില്ലെങ്കിൽ മാറ്റിയെടുക്കാം. ”
പഴയ ദേഷ്യമോ രൗദ്രതയൊന്നും ഇപ്പോൾ ആ മുഖത്തില്ല. പകരം കണ്ണുകളിൽ നല്ല തിളക്കവും ചുണ്ടിൽ നിറഞ്ഞ ചിരിയും മാത്രം.
ഞാനത് സന്തോഷത്തോടെ വാങ്ങിച്ചു. കൂടെ അച്ഛനും അമ്മയും ഇതെല്ലാം കണ്ട് ചിരിച്ചോണ്ട് നിൽക്കുന്നു. അച്ഛന്റെ ചിരി അത്ര പന്തിയല്ലല്ലോ??? മ്മ്… കണ്ടുപിടിച്ചോളാം…
ശേഷം സീത ചേച്ചിക്കും വാസുവേട്ടനും ഉള്ളത് അമ്മയുടെ കൈയിൽ കൊടുത്തേൽപ്പിച്ചു. എല്ലാവരും കൂടിയിരുന്ന് ഭക്ഷണമൊക്കെ കഴിച്ച് ചന്ദ്രുവേട്ടൻ തന്ന കവറുമെടുത്ത് ഔട്ട് ഹൗസിലേക്ക് പോകാനിറങ്ങിയപ്പോൾ ഫോണിൽ തോണ്ടിക്കൊണ്ട് ചന്ദ്രുവേട്ടൻ ഉമ്മറക്കോലായിൽ നിൽപ്പുണ്ടായിരുന്നു. എവിടെ ഒരു മൈൻഡും ഇല്ല.
ഞാനും നോക്കാൻ പോയില്ല. ഞാൻ ഔട്ട് ഹൗസിലെത്തി വാതിലടയ്ക്കാൻ തുനിഞ്ഞപ്പോൾ വെറുതെ ഒന്നങ്ങോട്ടു നോക്കി.
പുള്ളി ഇപ്പോഴും അതേ നിൽപ്പുതന്നെ. പക്ഷെ നോട്ടം ഫോണിലേക്കായിരുന്നില്ല. ഞാൻ കണ്ടുവെന്ന് മനസ്സിലായതും വേഗം അകത്തേക്ക് പോയി.
റൂമിലെത്തി കവർ തുറന്നു നോക്കി. വിടർന്ന മയിൽപ്പീലിയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ഒരു ദാവണി സെറ്റായിരുന്നു അത്.
നിറയെ സിംപിൾ സ്റ്റോൺ വർക്കും. കടുവയുടെ സെലെക്ഷൻ കൊള്ളാം. സന്തോഷം കൊണ്ട് ഞാനത് നെഞ്ചോടു ചേർത്തുപിടിച്ചു നിന്നു.
സൂരജേട്ടന്റെ മുഖം ഓർമയിൽ തെളിഞ്ഞതുവരെ മാത്രമേ ആ സന്തോഷത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ. ഉടനെ അതെടുത്ത് കബോർഡിൽ വെച്ച് ഞാൻ ഉറങ്ങാൻ കിടന്നു.
(തുടരും )