ഋതു ചാരുത : ഭാഗം 4
എഴുത്തുകാരി: സേഷ്മ ധനേഷ്
പിറ്റേന്ന് ഋതു ഹോസ്പിറ്റലിൽ വളരെയേറെ സന്തോഷത്തിലാണ് എത്തിയത്. അനുവിന് പൈസ എങ്ങനെ തിരികെ കൊടുക്കുമെന്ന് ഒരു ഊഹവും അവൾക്കുണ്ടായില്ല. പക്ഷെ പലിശക്കാരന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട സന്തോഷമായിരുന്നു അവൾക്കു.
അവരും ഏടത്തിയും പറയുന്ന പൈസ കൊടുക്കുന്നുണ്ട് ഇതുവരെ കണക്കു നോക്കിയിട്ടില്ല.
അവരപ്പോൾ പറയുന്നതാണ് കണക്കു. അനു ഇതിന്റെ പേരിൽ പലവട്ടം അവളോട് വഴക്ക് വച്ചിരുന്നു. കൊടുക്കുന്ന കാശിനു കണക്കു വയ്ക്കണമെന്ന്.
ഋതു ഹോസ്പിറ്റലിൽ കൊറിഡോറിലൂടെ നടന്നു വരുമ്പോൾ വീർപ്പിച്ചു കെട്ടിയ മുഖവുമായി അനുവും അവനോടു എന്തൊക്കെയോ പറഞ്ഞു കൊണ്ടു തോളിൽ കൈയിട്ടു അനന്തുവും വരുന്നുണ്ട്.
ഋതുവിനെ കണ്ടിട്ടും മുഖത്തെ കനത്തിനു ഒരു കുറവുമുണ്ടായില്ല.
അവളെ മറി കടന്നു അവൻ നടന്നു നീങ്ങിയപ്പോൾ ഋതു അവന്റെ കൈകളിൽ പിടിച്ചു നിർത്തി.
അവളെ ദേഷ്യത്തോടെ നോക്കി കൈകൾ പറിച്ചു കളയും വിധം തട്ടി തെറിപ്പിച്ചു ദേഷ്യത്തിൽ നടന്നു നീങ്ങി.
ഋതുവിന് കൈകൾ നന്നായി വേദനിച്ചിരുന്നു. അതവളുടെ ചുളിഞ്ഞ മുഖ ഭാവത്തിൽ നിന്നും മനസിലാക്കാൻ പറ്റുമായിരുന്നു.
അതുകണ്ട് അനന്തു വായ പൊത്തി ചിരിച്ചു ഋതുവിനെ കളിയാക്കി അനുവിന്റെ പുറകെ പോകുന്നത് കണ്ടു.
ഇവനിത് എന്താ പറ്റിയതെന്നു ആത്മഗതം പറഞ്ഞു കൊണ്ട് മുന്നോട്ടു നടക്കുമ്പോൾ കണ്ടു തനിക്ക് എതിരായി വരുന്ന ആളെ… ഓഹ് വെറുതെയല്ല ചെക്കൻ കലി പൂണ്ടത്.
“ഹായ് ഋതു… ഞാൻ ഇന്നെത്തി കേട്ടോ”
“ചേട്ടന്റെ കല്യാണം എങ്ങനെയുണ്ടായിരുന്നു ശ്രീക്കുട്ടി… എല്ലാം ഭംഗിയായില്ലേ”
“ഉം… അടിച്ചു പൊളിച്ചു… നിങ്ങൾ വന്നില്ലലോ അതൊരു വിഷമമായി..”
“ഞങ്ങൾ വരാത്തത് ആണോ… അല്ലെങ്കി ആ പോയ കലിപ്പൻ വരാത്തതാണോ വിഷമം ആയതു” നാണം കൊണ്ട് ചുവന്നു തുടുത്ത ശ്രീകുട്ടിയുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ടു ഋതു ചോദിച്ചു.
“പോ … പെണ്ണേ” ഋതുവിനെ നോക്കി പറഞ്ഞു കൊണ്ടു അവൾ നിന്നു.
ഋതു ഒന്നമർത്തി മൂളികൊണ്ടു മുന്നോട്ടു നടന്നു നീങ്ങി. പെട്ടന്ന് തന്നെ ശ്രീകുട്ടിയുടെ ചുണ്ടിലെയും കണ്ണുകളിലെയും ചിരിയും നാണവും എങ്ങോ പോയി ഓടി ഒളിച്ചു.
ഋതു പോയ വഴിയേ നോക്കും തോറും അവൾക്കുള്ളിൽ ദേഷ്യവും പകയും നുരഞ്ഞു പൊങ്ങാൻ തുടങ്ങിയിരുന്നു.
സൂര്യ ഡോക്ടറുടെ കൂടെ തന്നെയായിരുന്നു ഋതുവിന് ഇന്നും ഡ്യൂട്ടി. ഡ്യൂട്ടിയും തിരക്കുമൊക്കെ കഴിഞ്ഞു ഇറങ്ങിയപ്പോൾ ഒരു ബഹളം കേട്ടു.
അനുവിനോടും അനന്തുവിനോടും ഒക്കെ ആരൊക്കെയോ തട്ടി കേറുന്നു.
ഋതു അവിടേക്ക് ചെന്നു. അനുവിന്റെ മുന്നിൽ തിരിഞ്ഞു നിന്നയാൾ പെട്ടന്ന് തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ ഋതുവിനെ കണ്ടു.
അയാളെ കണ്ടതും ഋതുവിന്റെ ഉള്ളൊന്നു ആളിപോയി. പലിശക്കാരൻ മുരുകേശൻ.
കാണുമ്പോൾ തന്നെ അറപ്പുളവാക്കുന്ന നോട്ടവും ഭാവവുമാണ് അയാൾക്ക്.
ഋതുവിനെ കണ്ടതും തേടിയ മുഖം കണ്മുന്നിൽ വന്നു നിൽക്കുന്നത് കണ്ട മുരുകേശന്റെ മുഖം ഒന്നു വിടർന്നു.
അവളെ കണ്ടതും ഉച്ചി മുതൽ പാദം വരെ കണ്ണുകൾകൊണ്ടു അവളെ ഉഴിയാൻ തുടങ്ങി. ഋതുവിന് അയാളോട് അറപ്പു തോന്നി.
“മാലാഖ കൊച്ചു ഇവിടെ ഉണ്ടായിരുന്നോ. ഞാൻ അന്വേഷിക്കുകയായിരുന്നു. അതിനിടക്ക് ഇവന്മാർ” പറഞ്ഞും കൊണ്ടു മുരുകേശൻ അനുവിനെയും അനന്തുവിനെയും ചിറങ്ങനെ നോക്കി.
“അപ്പൊ മോളെ… വന്ന കാര്യം പറയാം… എവിടെ എന്റെ പലിശ കാശു” അയാളുടെ ചോദ്യം കേട്ടു ഋതുവും ഒപ്പം അനുവും ഒന്നു ഞെട്ടി.
“പൈസ ഞാൻ ഏടത്തിയുടെ കൈകളിൽ ഇന്നലെ തന്നെ കൊടുത്തിരുന്നു” ഋതു പറയുന്നതിനൊപ്പം കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.
“ഞാൻ ഇന്ന് വീട്ടിൽ ചെന്നപ്പോൾ പറഞ്ഞതു നീ കൊടുത്തില്ലയെന്നാണല്ലോ… ഇവിടെ വന്നാൽ കിട്ടുമെന്നും പറഞ്ഞു”
ഋതുവിന് മനസിലായി ഏടത്തി പറ്റിക്കുകയാണെന്നു. അനു അവളുടെ കൈകളിൽ പിടിച്ചു നിന്നു. അവന്റെ മുഖത്തു നോക്കുംതോറും അവൾക്കു സങ്കടം അധികരിച്ചു.
“അനു… ഇന്നലെ തന്നെ പൈസ ഞാൻ അവരെ ഏല്പിച്ചതാണ്.
ഇതു ചതിയ അനു…” ഋതു കരഞ്ഞു കൊണ്ടു അവന്റെ തോളിൽ ചാഞ്ഞു. അപ്പോഴേക്കും കാഴ്ചക്കാരുടെ എണ്ണം കൂടിയിരുന്നു.
“പലിശക്കാശ് എളുപ്പത്തിൽ വാങ്ങാൻ നിനക്കു ഞാൻ ഒരു എളുപ്പവഴി പറഞ്ഞു തരട്ടെ…” അയാളുടെ കറപിടിച്ച പല്ലുകൾ കാട്ടിയുള്ള വൃത്തികെട്ട ചിരിയിൽ എല്ലാവർക്കും കാര്യം മനസിലായി എന്താ പറയാൻ വരുന്നതെന്ന്. ഋതു മുഖം പൊത്തി കരഞ്ഞു.
അനു വർധിച്ചു വന്ന ദേഷ്യത്തിൽ അവന്റെ നെഞ്ചിൽ നോക്കി ആഞ്ഞു ചവിട്ടി വീഴ്ത്തി.
“വൃത്തികേട് പറയുന്നോടാ…” അവന്റെ നെഞ്ചിൽ കാലുകൾ വചമർത്തി അനു അലറി. അനന്തു വേഗം അവനെ പിടിച്ചു മാറ്റി. അപ്പോഴേക്കും ചാരുവും സൂര്യയും അവിടേക്ക് എത്തിയിരുന്നു.
“എന്താ ഇവിടെ നടക്കുന്നെ” ചാരു ദേഷ്യത്തിൽ മുന്നോട്ടു വന്നു ചോദിച്ചു. സൂര്യ തൊട്ടുപുറകിൽ ചാരുവിന്റെ കൈകൾ പിടിച്ചു നിന്നിരുന്നു.
“ഇതൊരു ചന്തയല്ല. ഹോസ്പിറ്റൽ ആണ്.
മിസ്റ്റർ എന്തു കാര്യമാണെങ്കിലും അതൊക്കെ ഈ ഹോസ്പിറ്റലിൽ നിന്നും പുറത്തുവച്ചു…. ഇപ്പൊ പോകണം ഇവിടെനിന്നും അല്ലെങ്കി… പോലീസിനെ വിളിക്കും”
ചാരുവിനെ ഇത്രയും ദേഷ്യത്തിൽ ആദ്യമായാണ് എല്ലാവരും കണ്ടത്.
മുരുകേശന്റെ നേർക്ക് കൈ ചൂണ്ടി സംസാരിക്കുമ്പോൾ ചാരുവിന്റെ കണ്ണുകളിൽ ചുവപ്പു പടർന്നിരുന്നു….
“ഒരു പെണ്ണ് എന്റെ നേർക്ക് കൈ ചൂണ്ടി സംസാരിക്കുന്നോ…” മുരുകേശനും ദേഷ്യത്തിൽ ചാരുവിന്റെ കൈകൾ തട്ടി ചാരുവിന്റെ കവിളുകളിൽ കുത്തി പിടിക്കാൻ കൈ നീട്ടി….
പെട്ടന്ന് ചാരുവിന്റെ മുന്നിൽ ഒരു പുരുഷരൂപം ഒരു മിന്നൽ പോലെ കടന്നു വന്നു.
“ചേതൻ സാർ” ഋതുവിന്റെ മനസു മന്ത്രിച്ചു.
ചേതന്റെ കത്തുന്ന മിഴികൾ… അവന്റെ നോട്ടത്തിൽ മുരുകേശന്റെ കൈ അവൻപോലുമറിയാതെ പുറകിലേക്ക് വലിഞ്ഞു.
തൊണ്ട വറ്റിയപ്പോലെ തോന്നി ചേതന്റെ കത്തുന്ന നോട്ടത്തിനു മുന്നിൽ.” അല്ലെങ്കിലും എനിക്ക് ദേ ഈ നിൽക്കുന്ന മാലാഖ കൊച്ചിനെ മതി”. ഋതുവിനെ ചൂണ്ടി മുരുകേശൻ പറഞ്ഞു.
ചേതൻ തിരിഞ്ഞു നോക്കുമ്പോൾ കരഞ്ഞു കലങ്ങിയ മിഴികളുമായി നിൽക്കുന്ന ഋതുവിനെയാണ് കണ്ടത്. അവന്റെ മുഖത്തു ദേഷ്യത്തിനു അല്പം പോലും അയവുണ്ടായിരുന്നില്ല.
“ഋതുവിനെയല്ലേ വേണ്ടത്… നീ തൊട് അവളെ” ചേതൻ ശൗര്യതോടെ മുരുകേശനോട് പറഞ്ഞു. എല്ലാവരും ഒരു നിമിഷം ഒന്നു അന്താളിച്ചു.
“ചേതൻ…” ചാരുവിന്റെ വിളിയെ രൂക്ഷമായ നോട്ടതോടെ തന്നെ ചേതൻ നേരിട്ടു.
ഋതുവിന്റെ കൈ പിടിക്കാൻ മുരുകേശനു അപ്പോഴും ഒരു പേടിയുണ്ടായിരുന്നു. എങ്കിലും വിറയലോടെ ഋതുവിന്റെ നേർക്ക് നീട്ടിയ കൈകൾ ചേതൻ പിടിച്ചു തിരിച്ചു ഒടിച്ചു… വേദനകൊണ്ട് മുരുകേശൻ അലറി വിളിച്ചു.
അപ്പോഴേക്കും അവിടേക്ക് പോലീസുകാരും എത്തിയിരുന്നു. മുരുകേശനെ തൂക്കിയെടുത്തു കൊണ്ടുപോയി.
എല്ലാം പെട്ടന്ന് തന്നെ നടന്നു. കൂടിയിരുന്ന ആളുകളും പതുക്കെ പതുക്കെ പിരിഞ്ഞു പോകാൻ തുടങ്ങി. ഋതു മുഖം പൊത്തി ശബ്ദമില്ലാതെ നിന്നു കരഞ്ഞു.
“ഋതു… come to my ക്യാബിൻ ” ചേതൻ ഒരു ആജ്ഞയെന്നോണം പറഞ്ഞു. ഋതു കണ്ണുകൾ താഴ്ത്തി തലയാട്ടി. ഒരു നിമിഷം ശ്വാസമെടുത്തു നിന്നു. തന്റെ ഹൃദയമിടിപ്പിനെ സാധാരണഗതിയിലാക്കാൻ കുറച്ചു നിമിഷങ്ങൾ വേണ്ടി വന്നു അവൾക്കു.
കണ്ണുനീർ ഒഴുകിയുണങ്ങിയ കവിളുകൾ തുടച്ചു കൊണ്ട് തോരാത്ത മിഴികളുയർത്തി നോക്കിയപ്പോൾ കണ്മുന്നിൽ ഒരു കാഴ്ചകാരന്റെ വേഷത്തിൽ അരുൺ ഡോക്ടർ നിൽക്കുന്നത് കണ്ടു.
പക്ഷെ അരുണിന്റെ കണ്ണുകൾ അവളെ ചേർത്തു പിടിച്ചിരുന്ന അനുവിനിലായിരുന്നു.
വേദനയിൽ കലർന്ന ഒരു ചിരി അരുണിനു നൽകിക്കൊണ്ട് ഋതു ചേതന്റെ ഓഫീസിലേക്ക് നടന്നു. അനുവും കൂടെ വരാമെന്നു പറഞ്ഞിട്ടു ഋതു സമ്മതിച്ചില്ല.
ചേതന്റെ കണ്ണുകളിലെ ദേഷ്യത്തിനു ഒരു അയവും കണ്ടില്ല. തെല്ലൊരു പേടിയോടെ ചാരു ചേതനരികിലേക്കു ചെന്നു. അവന്റെ തലയിൽ പതുക്കെ കൈകൾ ചലിപ്പിച്ചു. മുഖം താഴ്ത്തിയിരുന്ന ചേതൻ മിഴികളുയർത്തി അവളെ നോക്കി.
അവളുടെ ഇന്ദ്രനീലിമയിൽ നോക്കും തോറും തന്നിലെ ഹൃദയത്തിലും കണ്ണുകളിലും പ്രണയം ഒഴുകി നിറയുന്നതവനറിഞ്ഞു.
പ്രണയത്തിൽ ചാലിച്ച ഒരു പുഞ്ചിരി അവന്റെ ചുണ്ടുകളിൽ സ്ഥാനം പിടിച്ചു. നിശബ്ദമായി പരസ്പരം കണ്ണുകൾകൊണ്ടും പുഞ്ചിരികൾകൊണ്ടും തലോടൽകൊണ്ടും അവർ പ്രണയിക്കാൻ തുടങ്ങി….
“ഹലോ… ഹലോ… ഇവിടെ ഇങ്ങനെ ഒരാൾ കൂടി ഇരിക്കുന്നുണ്ട്…. ഇതു ഓഫീസാണ്. അതു മറക്കല്ലേ നിങ്ങൾ” അവരുടെ കണ്ണുകളുടെ പ്രണയം അതിരുകടക്കുന്നുവെന്നു തോന്നിയ നിമിഷം സൂര്യ തടഞ്ഞു.
ചാരു ചിരിച്ചു കൊണ്ടു സൂര്യയുടെ അടുത്തു വന്നിരുന്നു.
“സൂര്യ… ഇവൾക്ക് വല്ല കാര്യവുമുണ്ടായിരുന്നോ അയാളോട് പോയി dialogue അടിക്കാൻ”
“ചേതൻ… നമ്മുടെ ഹോസ്പിറ്റലിൽ ഇത്തരത്തിൽ സംഭവം ആദ്യമായല്ലേ… ആ പെണ്കുട്ടിയെ അങ്ങനെയൊക്കെ പറയുന്നത് കേട്ടിട്ടു …” ചാരു വാക്കുകൾ മുഴുവനാക്കാതെ തല കുമ്പിട്ടിരുന്നു.
“ഋതു ഒരു പാവം കുട്ടിയാണ് ചേതൻ. എന്തു നല്ല സ്വഭാവമാണെന്നോ. ഇവിടെയുള്ള മിക്ക പെഷ്യൻറ്‌സ് ഋതുവിനെ എന്നും അന്വേഷിക്കും.
ശരിക്കും ഭൂമിയിലെ മാലാഖ തന്നെയാണ് ഋതു. ഒട്ടുമിക്ക പെഷ്യൻറ്‌സ് പറയാറുണ്ട് ആ കുട്ടിയുടെ പുഞ്ചിരിയോടെയുള്ള വരവ് കാണുമ്പോൾ തന്നെ പകുതി വേദന എങ്ങോ പോയി മറയാറുണ്ടെന്നു”. സൂര്യയും ചാരുവിന് സപ്പോർട്ട് ആയി പറഞ്ഞു.
ചേതൻ അവർ പറഞ്ഞതെല്ലാം അമർത്തി മൂളി കേട്ടു. അവന്റെ മനസിലും കരഞ്ഞു കലങ്ങിയ മിഴികളുമായി നിൽക്കുന്ന ഋതുവിന്റെ മുഖം തെളിവോടെ നിന്നു.
ഋതു ഓഫീസ് റൂമിലേക്ക് കയറിയത് ഭയന്നുകൊണ്ടായിരുന്നു. ഇന്നത്തോടെ ചിലപ്പോ ഈ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങേണ്ടി വരുമെന്നു അവൾ കണക്കു കൂട്ടി.
പക്ഷെ നിറഞ്ഞ ചിരിയോടെ സൂര്യയും ചാരുവും അവളെ വരവേറ്റു.
ചാരു അവളെ കൈകളിൽ പിടിച്ചു അടുത്തിരുത്തി. സൂര്യ ഒരു ഗ്ലാസ് വെള്ളം എടുത്തു ഋതുവിന് നേരെ നീട്ടി. ഋതു വാങ്ങാതെ മടിച്ചു നിന്നു.
“ആദ്യം താൻ കുറച്ചു വെള്ളം കുടിക്കു കുട്ടി” ഒരു ശാസനയോടെ സൂര്യ പറഞ്ഞപ്പോൾ ഋതു മിഴികളുയർത്തി ചേതനെ നോക്കി.
അവന്റെ ചുണ്ടിലെ പുഞ്ചിരി അവളുടെ ഭയത്തെ നീക്കുന്നത് അവളറിഞ്ഞു. സൂര്യ കൊടുത്ത വെള്ളം മുഴുവൻ കുടിച്ചു.
“ഇനി പറ… എന്തായിരുന്നു പ്രശ്‌നമെന്ന്” ചാരു കൈകളിൽ പിടിച്ചു അവൾക്കു കൂടുതൽ ഉറപ്പു കൊടുക്കുംപോലെ… ഇന്നത്തെ പ്രശ്‌നത്തിന്റെ കാരണം ആരാഞ്ഞു.
ഋതു ഇതുവരെയുള്ള തന്റെ കഥ പറഞ്ഞു കൊടുത്തു. അനുവാണ് പൈസ തന്നു സഹായിച്ചത് എന്നു വരെ.
“ആ പലിശക്കാരനെ താൻ ഇനി പേടിക്കേണ്ട… അവനുള്ളത് ഞങ്ങൾ നിയമം വഴി കൊടുത്തുകൊള്ളാം” ചാരു ഋതുവിന്റെ കവിളിൽ തട്ടി പറഞ്ഞു.
“ഇപ്പൊ ഡ്യൂട്ടി സമയമല്ലേ… ഋതു ചെല്ലു” അത്രയും പറഞ്ഞു കൊണ്ടു കൂടുതൽ കേൾക്കാൻ താൽപര്യമില്ലാത്ത പോലെ ചേതൻ ഫയലിലേക്കു മുഖം പൂഴ്ത്തി.ഋതു സമാധാനത്തോടെ റൂമിൽ നിന്നും പുറത്തേക്കിറങ്ങി.
ഋതു വരുന്നതും നോക്കി അനു നഖം കടിച്ചു കൊണ്ടു പുറത്തു നിൽക്കുന്നുണ്ടായിരുന്നു. അവനെ കണ്ടതും ഋതു അവനരികിലേക്കു ഓടിച്ചെന്നു തോളിൽ മുഖമമർത്തി നിന്നു കരഞ്ഞു. അനു അവളെ സമാധാനപ്പെടുത്തി കൊണ്ടിരുന്നു.
ശ്രീക്കുട്ടി മുന്നിൽ വന്നു നിന്നിട്ടും അവളെ ഒന്നു പാളി പോലും നോക്കാതെ ഋതുവിനേയും കൂട്ടി അനു നടന്നിരുന്നു.
ഡ്യൂട്ടി കഴിയാൻ സമയമാകും മുന്നേ അരുൺ ഡോക്ടർ ഋതുവിനെ വിളിക്കുന്നുവെന്നു ശ്രീക്കുട്ടി വന്നു ഋതുവിനോട് പറഞ്ഞു.
ആദ്യം ഒരു സംശയം തോന്നിയെങ്കിലും ഋതു മനസിൽ ഒന്നു ഉറപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ അരുൺ ഡോക്ടറുടെ മുറിയിലേക്ക് നടക്കുമ്പോൾ ദൃഢമായിരുന്നു അവളുടെ മനസും ശരീരവും.
ക്യാബിൻ ഡോർ തുറന്നു ഋതു അകത്തേക്ക് കടന്നു.
“അതു ലോക് ചെയ്തേക്കു ഋതു” അരുൺ തടിയിൽ വിരലോടിച്ചുകൊണ്ടു അവളെ ചുഴിഞ്ഞു നോക്കി പറഞ്ഞു.
ഋതുവിന്റെ മുഖത്തു പ്രത്യേകിച്ചു ഭാവവ്യത്യാസം ഒന്നുമുണ്ടായില്ല. മുന്പായിരുനെങ്കിൽ അരുൺ ഡോക്ടറുടെ നോട്ടത്തിൽ പോലും താൻ ചുവന്നു തുടുക്കുമായിരുന്നുവെന്നു അവളോർത്തു.
ഡോറടച്ചു ഋതു വരുമ്പോഴേക്കും അരുൺ ചെയറിൽ നിന്നും എഴുനേറ്റു അവൾക്കരികിലേക്കു വന്നിരുന്നു.
അവളുടെ കൈകളിൽ പിടിചു നെഞ്ചിലേക്ക് ചേർത്തു പിടിച്ചു അരുൺ. അപ്പോഴും അവളുടെ മുഖത്തു ഒരു ഭാവവ്യത്യാസവും ഉണ്ടായില്ല. കനപ്പിച്ചു വെച്ച പോലെയുള്ള മുഖഭാവം.
പ്രണയത്തിന്റെ അലകൾ ലവലേശം അവൾക്കുണ്ടായില്ല. അതവളുടെ കണ്ണുകളിൽ പോലും കണ്ടിരുന്നില്ല.
അവളിലേക്ക് അടുത്ത അരുണിന്റെ മുഖം തടഞ്ഞു കൊണ്ടു അവൾ സംസാരത്തിനു തുടക്കമിട്ടു.
“ഡോക്ടർ എന്തിനാ എന്നെ വിളിപ്പിച്ചത്”
“നിന്റെ ശബ്ദത്തിനു എന്താ ഇത്ര കനം” ഋതു ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായിരുന്നില്ല അരുൺ കൊടുത്തതു.
“കണ്ണുകൾ ചിമ്മി ഒരു സമാധാനപ്പെടുത്തൽ… അതെങ്കിലും ഞാൻ പ്രതീക്ഷിച്ചു… മറ്റുള്ളവരുടെ കൂട്ടത്തിൽ ഒരു കാഴ്ചക്കാരനായി നിന്നതല്ലാതെ…”
സങ്കടത്തിന്റെ വെളിയേറ്റത്തിൽ ഋതുവിന് വാക്കുകൾ ചിലമ്പിച്ചിരുന്നു. അരുൺ അവളുടെമേലുള്ള പിടി അയച്ചു. ‘ഇതാണോ’ എന്ന ഭാവത്തിലുള്ള ഒരു പുച്ഛം അവനിലുണ്ടായി.
“ഋതു… സമൂഹത്തിൽ അത്യാവശ്യം പേരുകേട്ട ഒരു ഫാമിലിയാണ് എന്റേതു… പിന്നെ എന്റെ പ്രൊഫഷൻ… ഇതുപോലുള്ള കാര്യത്തിലൊക്കെ ഇടപെടാനും സാധിക്കില്ല…” അരുൺ തന്റെ നയം വ്യക്തമാക്കാൻ തുടങ്ങി.
“അങ്ങനെ വരുമ്പോൾ…. ഇപ്പൊ ഈ കാണിക്കുന്നത്” ഋതു സംശയത്തോടെ ചോദിച്ചു.
“എനിക്ക് നിന്നോട് പ്രണയമുണ്ട്… അടക്കാൻ കഴിയാത്ത അത്രയും പ്രണയം… പക്ഷെ നിന്നെ ജീവിതത്തിലേക്ക് കൂട്ടുവാനൊന്നും… നോക്കു… നിനക്കു കാര്യം പറഞ്ഞാൽ മനസിലാകുമല്ലോ… നമുക്ക് ഇങ്ങനെയങ്ങു ജീവിച്ച പോരെഡോ” അരുൺ പറഞ്ഞു നിർത്തി.
ഋതു മാറിൽ കൈകൾ പിണച്ചു കെട്ടി അരുണിനെ കേൾക്കുകയായിരുന്നു.
“അപ്പൊ ഞാൻ സാറിന്റെ വെപ്പാട്ടി ആകണം എന്നാണോ ഉദേശിക്കുന്നത്. നിങ്ങളുടെ കല്യാണം ഏതാണ്ട് ഉറപ്പിക്കറായെന്നു ഞാൻ അറിഞ്ഞു.” ഋതുവിനോട് മറച്ചു വച്ച സത്യം അവൾ അറിഞ്ഞുവെന്നു മനസിലായിട്ടും അരുണിന് പ്രത്യേകിച്ചു അത്ഭുതം ഒന്നും തോന്നിയില്ല.
“ഹേയ്.. നീയെന്തിനാ ഇങ്ങനത്തെ ചീത്ത വാക്കുകൾ ഉപയോഗിക്കുന്നത്. കല്യാണം ഒരിക്കലും നമ്മുടെ ബന്ധത്തിന് ഒരു തടസമാകാതെ ഞാൻ നോക്കിക്കൊള്ളാം.
നീ കൂടെ ഇണ്ടായാൽ മാത്രം മതി” അരുണിന്റെ വാക്കുകൾക്ക് ഋതു വെറുപ്പോടെ മുഖം തിരിച്ചു. അരുൺ പിന്നെയും അവൾക്കരികിലേക്കു നീങ്ങി. “നിന്നെ സമാധാനിപ്പിക്കാനും ചേർത്തുപിടിക്കാനും അവിടെ വേറെയും ആളുകൾ ഉണ്ടായിരുന്നല്ലോ” .
അർത്ഥം വച്ചുള്ള അരുണിന്റെ വാക്കുകൾ അനുവിനെ കുറിച്ചായിരുന്നുവെന്നു അവൾക്കു മനസിലായി.
“നിങ്ങൾക്ക് നന്നായി അറിയാം ഞാനും അനുവും തമ്മിലുള്ള ബന്ധം എത്തരത്തിലുള്ളതാണെന്നു.
ഇനി അറിയില്ല എങ്കിൽ അതു താങ്കളെ ബോധ്യപ്പെടുത്തേണ്ട ആവശ്യകത ഇപ്പൊ എനിക്കില്ല. പിന്നെ താൻ പറഞ്ഞല്ലോ നിങ്ങളുടെ കല്യാണം നമുക്കിടയിൽ ഒരു തടസവും ഉണ്ടാക്കില്ലയെന്നു….
ഈ വാക്കുകൾ കേട്ടിട്ടും നിങ്ങളുടെ മുഖത്തു കാർക്കിച്ചു തുപ്പാത്തതു… എന്റെയാ എച്ചിൽ പോലും നിങ്ങളുടെ മുഖത്തു വീഴാനുള്ള അര്ഹതയില്ലാത്തത് കൊണ്ടാണ്. ” ഋതുവിന്റെ ശബ്ദം വല്ലാതെ ഉയർന്നിരുന്നു.
ദേഷ്യം കൊണ്ടു അടിമുടി വിറച്ചു നിന്നിരുന്ന അവളുടെ ചെന്നിയിൽ കൂടി വിയർപ്പൊഴുക്കി. മൂക്കിൽ ദേഷ്യത്തിന്റെ മൂടുപടമായ വെള്ളത്തുള്ളികൾ പൊതിഞ്ഞിരുന്നു.
ചുണ്ടും താടിയുമെല്ലാം വിറ കൊണ്ടു നിൽക്കുന്ന ഋതുവിനെ കാണുമ്പോൾ അരുണിന്റെ ഉള്ളിൽ വികരതള്ളിച്ച അലയടിക്കുകയായിരുന്നു. നിയന്ത്രിക്കാനാകാത്ത വിധം.
“നിങ്ങൾ പറഞ്ഞല്ലോ എന്നോട് അടങ്ങാത്ത പ്രണയമാണെന്നു…. പ്രണയമല്ല നിങ്ങൾക്ക് കാമമാണ്. കാമം മാത്രം… അതിനു ഈ ഋതുവിനെ കിട്ടുമെന്ന് നിങ്ങൾ കരുതേണ്ട…. ജീവിക്കാൻ വേണ്ടി തന്നെയാണ് ഇവിടെ വരുന്നത്.
ഞങ്ങളെ പോലുള്ളവർക്ക് കിട്ടുന്ന സമ്പാദ്യം എന്നു പറയുന്നത് മറ്റുള്ളവരുടെ വേദന ശമിപ്പിച്ചു കഴിയുമ്പോൾ അവരുടെ ചുണ്ടുകളിൽ വിരിയുന്ന നന്ദിയിൽ കുതിർന്ന പുഞ്ചിരി… അവരുടെ പ്രാർത്ഥനകൾ… അനുഗ്രഹം…
ഇതൊക്കെയാണ് ഇപ്പോഴും ഈ ജോലിയിൽ തുടരാൻ പ്രേരിപ്പിക്കുന്നത്… അതു നിങ്ങളെപോലുള്ള വൃത്തികെട്ടവന്മാർ…. ചെ… ” ഋതു വാക്കുകൾ പൂർത്തിയാക്കാതെ മുഖം തിരിച്ചു.
“ഇനി… ഇനി മേലാൽ… എന്റെ മുന്നിൽ വന്നാൽ… ” അത്രയും പറഞ്ഞു കൊണ്ടു വേണ്ടയെന്നു അരുണിന്റെ നേരെ ചൂണ്ടുവിരൽ ചൂണ്ടികൊണ്ടു ഋതു ഡോർ വലിച്ചു തുറന്നു പുറത്തേക്ക് ഇറങ്ങി. ഋതുവിന്റെ കണ്ണിൽ കോപത്തിന്റെ അഗ്നിയായിരുന്നു…
അരുണിന്റെ കണ്ണിൽ ഒരു നഷ്ടമായിരുന്നു… അനുഭവിക്കാൻ കഴിയാതെ കയ്യിൽ നിന്നും വഴുതിപോയ ഋതുവിനെ നോക്കി തന്നെ നിന്നു.
അരുൺ ചെയറിൽ ആലോചനയോടെ ഇരിക്കുമ്പോഴാണ്… പതിവില്ലാതെ ശ്രീക്കുട്ടി അവന്റെ ക്യാബിനിൽ എത്തിയത്.
“എന്താ ശ്രീക്കുട്ടി” അരുൺ അര്ഥഗര്ഭമായി അവളെ നോക്കി.
“ശത്രുവിന്റെ ശത്രു മിത്രം എന്നാണല്ലോ… ഫ്രണ്ട്‌സ്” അരുണിന് നേരെ കൈകൾ നീട്ടിക്കൊണ്ടു ചിരിയോടെ അവൾ ചോദിച്ചു….!
“തേടി നടന്ന സുഹൃത്തിനെ കിട്ടി…. ഫ്രണ്ട്‌സ്” ശ്രീകുട്ടിക്ക് കൈ കൊടുക്കുമ്പോൾ ക്രൂരമായ ചിരി അവന്റെ ചുണ്ടിലും ശ്രീകുട്ടിയുടെ കണ്ണുകളിലും തിളങ്ങി നിന്നു.
തുടരും