Saturday, April 27, 2024
Novel

തുലാമഴ : ഭാഗം 11

Spread the love

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

Thank you for reading this post, don't forget to subscribe!

പരീക്ഷ ചൂടിലാണ് അമ്മുവും ശീതളും. അതുകൊണ്ടുതന്നെ സൂരജ് അമ്മുവിനോട് അധികം സംസാരിക്കാറില്ല. വിളിച്ചാൽ തന്നെ പെട്ടന്ന് ഫോൺ വെക്കാറ് ആണ് പതിവ്. ശീതളും കൂടി ഉണ്ടായതുകൊണ്ട് രണ്ടാളും ഒരുമിച്ചിരുന്നാണ് പഠിക്കുന്നത്.

ഒപ്പം വിവാഹത്തിന്റെ ഒരുക്കങ്ങളും നടക്കുന്നുണ്ട്. പരീക്ഷ കഴിഞ്ഞ് കൃത്യം പത്താമത്തെ ദിവസം വിവാഹമാണ്. അമ്മുവിന്റെ സമയം വച്ച് നീട്ടിക്കൊണ്ടു പോകാൻ പറ്റില്ല.

വിവാഹവും കഴിഞ്ഞേ ശീതൾ
മടങ്ങുന്നുള്ളൂ.ശീതളിന്റെ വീട്ടിൽ നിന്നും എല്ലാവരും വിവാഹത്തിന് എത്തും.

ഇന്ന് പരീക്ഷ തുടങ്ങുകയാണ്.
അമ്മൂ ശീതളിനെ കൂട്ടി രാവിലെ തന്നെ മഹാദേവരെ കണ്ടു തൊഴാനായി പോയി.

തിരികെ വന്ന് ബ്രേക്ഫാസ്റ്റ് കഴിച്ചു. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അനുഗ്രഹവും വാങ്ങി രണ്ടാളും കോളേജിലേക്ക് ഇറങ്ങി.

അമ്മുവിനും ശീതളിനും രണ്ട് ഹാളിൽ ആയിരുന്നു പരീക്ഷ.

അവസാന പരീക്ഷയുടെ അന്ന് വീട്ടിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോൾ മുത്തശ്ശൻ വന്ന് പറഞ്ഞു അമ്മൂട്ടിയെ നാളെ സ്വർണവും വസ്ത്രവും എടുക്കാനായി പോകണം. ഇനി കുറച്ചു ദിവസമേ ഉള്ളൂ.അമ്മു തലയാട്ടി.
രണ്ടാളും കോളേജിലേക്ക് പോയി.

പരീക്ഷ കഴിഞ്ഞ് ശീതളിനെ തിരക്കി ഇറങ്ങിയതാണ് അമ്മു. പെട്ടെന്നാണ് ഇടനാഴിയിൽ വച്ച് അർജുൻ അവളുടെ മുൻപിലേക്ക് വന്നത്.

അവൾ ഭയത്തോടെചുറ്റും നോക്കി.
ആരുമില്ല. അവൾക്ക് ആകെ പരവേശം തോന്നി.
അമ്മു…… അവൻ വിളിച്ചു..
എന്റെ ജീവനാണ് നീ.
എനിക്ക് നിന്നെ വേണം.
നിന്നെ ആദ്യം ഇഷ്ടപ്പെട്ടത് ഞാനാണ്. ഒരുത്തനും നിന്നെ താലികെട്ടാൻ ഞാൻ സമ്മതിക്കില്ല. എനിക്ക് നീ എന്ന് വെച്ചാൽ ജീവനാ. അവൻ അവളുടെ കയ്യിൽ ഇറുകെ പിടിച്ചു.

വിട് അർജുൻ. അമ്മു കൈ കുടഞ്ഞു.
പക്ഷേ അവന്റെ കരുത്തിനു മുൻപിൽ അവൾക്ക് ഒന്നും ചെയ്യാൻ ആയില്ല.
അവൻ അവളെ ഭിത്തിയിലേക്ക്
ചേർത്തു വെച്ചു. അവളിലേക്ക് മുഖം അമർത്താൻ തുടങ്ങി.
നിമിഷനേരംകൊണ്ട് അമ്മു അവന്റെ കയ്യിൽ കടിച്ചു. വേദനകൊണ്ട് ഒരു നിമിഷം ശ്രദ്ധ മാറിയ അവനെ പിടിച്ചു
തള്ളികൊണ്ട് അവൾ സ്റ്റെപ്പ് ഓടി കയറി.

അർജുൻ ഭ്രാന്തനെ പോലെ അവളുടെ പിന്നാലെ ചെന്നു.
കുട്ടികൾ നാനാഭാഗത്തുനിന്നും ഓടിയെത്തി.

സ്റ്റാഫ് റൂമിൽ നിമിഷത്തിനുള്ളിൽ
വിവരം ചെന്നു. പരീക്ഷ കഴിഞ്ഞ് വെളിയിലിറങ്ങാൻ തുടങ്ങിയ ശീതൾ
കണ്ടു താഴെ കുട്ടികൾ ഓടുന്നത്.

ഓഫീസിൽ നിന്നും ടീച്ചേഴ്സ്
ഓടിവരുന്നതും. അവളും വേഗം അവിടെക്ക് ചെന്നു.

ചെന്നപ്പോൾ കണ്ടത് രണ്ടുമൂന്ന് ആൺകുട്ടികളുടെ കയ്യിൽ
കിടന്നു കുതറുന്ന അർജുനെയാണ്. അവന്റെ കയ്യിൽ നിന്നും
ചോരപൊടിയുന്നുണ്ടായിരുന്നു.

ശീതൾ പെട്ടെന്ന് അമ്മുവിനെ തിരഞ്ഞു. അവൾ ഓടി മുകളിലേക്ക് കയറി.
അവിടെ ഒരു ക്ലാസ് മുറിയിൽ
ഭയത്തോടെ ഇരിക്കുന്ന അമ്മുവിന്റെ അടുത്തേക്ക് ഓടിച്ചെന്നു. അമ്മൂ മോളെ എന്താടി എന്തുപറ്റി .

അമ്മു വിതുമ്പലോടെ ശീതളിനെ
ചുറ്റിപ്പിടിച്ചു. അവളെ ആകെ വിറക്കുന്നുണ്ടായിരുന്നു. ടീച്ചേഴ്സും കുട്ടികളും അമ്മുവിന്റെ
അടുത്തേക്ക് വന്നു. എല്ലാവരും അവളെ സമാധാനിപ്പിക്കാൻ നോക്കി.

പ്രിൻസിപ്പാൾ അർജുന്റെ അച്ഛനെയും അമ്മുവിന്റെ മുത്തശ്ശനെയും കോളേജിലേക്ക് വിളിപ്പിച്ചു.

അരമണിക്കൂറിനുള്ളിൽ മുത്തശ്ശൻ എത്തി അർജുന്റെ വീട്ടിൽ നിന്നും അച്ഛനും എത്തി.
ഒടുവിൽ ഇരുവീട്ടുകാരും കൂടി ഒത്തുതീർപ്പ് നടത്തി. അർജുന്റെ അച്ഛൻ മകനുവേണ്ടി അമ്മുവിനോടും മുത്തശ്ശനോടും ക്ഷമ ചോദിച്ചു.

ഇരു കൂട്ടരും പരാതിയില്ലാതെ പിരിഞ്ഞു.വെളിയിലേക്കിറങ്ങിയ അർജുൻ
പകയോടെ അമ്മുവിനെ നോക്കി.

വീട്ടിലെത്തിയ അമ്മുവിനോടും
ശീതളിനോടും മുത്തശ്ശി തൽക്കാലം
ഒന്നും അറിയേണ്ട എന്ന് മുത്തശ്ശൻ പറഞ്ഞു.

ശീതൾ പക്ഷേ സൂരജിനെ വിളിച്ച് അന്നുതന്നെ വിവരങ്ങളെല്ലാം പറഞ്ഞു. സൂരജ് ദേഷ്യം കൊണ്ട് വിറച്ചു.
അവൻ മുഷ്ടിചുരുട്ടി ഭിത്തിയിൽ ആഞ്ഞടിച്ചു. കലി തീരുന്നതുവരെ.
എന്റെ പെണ്ണിനെ വേദനിപ്പിച്ച നിന്നെ ഞാൻ വെറുതെ വിടില്ല. കൈയുടെ തൊലി ഉരഞ്ഞു ചോര വന്നിട്ടും അവൻ
അടങ്ങുന്നുണ്ടായിരുന്നില്ല.
വരുണും ജോബിയും കൂടെയാണ് അവനെ പിടിച്ചു മാറ്റിയത്.

രാത്രിയിൽ സൂരജ് അമ്മുവിനെ വിളിച്ച് സമാധാനിപ്പിച്ചു. ശീതൾ എല്ലാ വിവരവും സൂരജ് ഏട്ടനോട് പറഞ്ഞിരുന്നു എന്ന് അറിഞ്ഞപ്പോൾ അമ്മു തേങ്ങലോടെ
ശീതളിനെ കെട്ടിപ്പിടിച്ചു….

പിന്നീട് അവിടെ ആകെ തിരക്കായിരുന്നു.
ആഭരണം ഒരുപാടൊന്നും എടുക്കാൻ ഇല്ലായിരുന്നു. പാരമ്പര്യമായി
കൈമാറി വന്ന നാഗപടത്താലി കാശുമാല ലക്ഷ്മി മാല എല്ലാമുണ്ടായിരുന്നു. അതെല്ലാം പോളിഷ് ചെയ്തു കൊണ്ട് അത്യാവശ്യത്തിനു മാത്രം മാറ്റി വാങ്ങി.

വിവാഹത്തിന് ഒരാഴ്ച മുൻപ് സൂരജും വരുണും ജോബിയും എത്തി.
വന്നതിന്റെ പിറ്റേന്ന് തന്നെ അമ്മുവിനെ കാണാൻ മൂന്നാളും എത്തി. വരുണിന്റെ കണ്ണുകൾ ശീതളിന്റെ പിന്നാലെ ആയിരുന്നു. കുറെ നേരം എല്ലാവരുമായും സംസാരിച്ച് ഇരുന്നിട്ട് ആണ് സൂരജ് കൂട്ടുകാരും ഇറങ്ങിയത്.

തിരക്കിനിടയിലും സൂരജ് അമ്മുവിനെ വിളിക്കാൻ സമയം കണ്ടെത്തി. അതുകാണുമ്പോൾ സതീഷ് കളിയാക്കാൻ തുടങ്ങും.

വരുണിനും ജോബിക്കും അത്ഭുതമായിരുന്നു. ഇത്രയും തിരക്കേറിയ ഒരു ഡോക്ടറായ സതീഷ് ഇങ്ങനെ തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നത്.

ഒപ്പം ദീപ്തിയുടെ പെരുമാറ്റവും അവർക്ക് അത്ഭുതമായിരുന്നു. സൂരജിനോട് ഇടപെടുന്ന അതേ രീതിയിലാണ് വരുണിനോടും ജോബിയോടും ദീപ്തി ഇടപെട്ടത്.

വിവാഹത്തിന് രണ്ടു ദിവസം മുൻപ് വരുൺ വീട്ടിലേക്ക് പോയി. അമ്മയെ കൂട്ടിക്കൊണ്ടുവരാൻ. ഒപ്പം ശീതളിനെ കാണിക്കാനും.

വിവാഹത്തിന്റെ അന്ന് വെളുപ്പിനെ
തന്നെ മുത്തശ്ശി അമ്മുവിനെ വിളിച്ചുണർത്തി.

അമ്മൂട്ടി എഴുന്നേറ്റെ..
കുറച്ചുനേരം കൂടി മുത്തശ്ശി..
പിറകെ വന്ന അമ്മമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു. ഇന്ന് നിന്റെ കല്യാണം ആണ് പെണ്ണേ..

ഇപ്പോഴേ കുളിച്ചെങ്കിലേ മുടിയൊക്കെ ഉണക്കാൻ പറ്റൂ.

അമ്മു ചാടിയെഴുന്നേറ്റു. ഈശ്വരാ
ഇന്ന് തന്റെ വിവാഹമാണ്.
നേരെ ചൊവ്വേ ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടും എത്ര ദിവസമായി.
സൂരജ് ചേട്ടനോട് സംസാരിച്ചു ഒരുപാട് അടുത്തെങ്കിലും വിവാഹം എന്നു കേൾക്കുമ്പോൾ ഭയം ആണ്.

അവൾ ക്ലോക്കിലേക്ക് നോക്കി.
നാലുമണി ആകുന്നതേയുള്ളൂ അമ്മമ്മേ.
സമയം ഒന്നുമായില്ല. കഷ്ടമുണ്ട് ഇത്തിരി നേരം കൂടി ഞാൻ കിടന്നോട്ടെ.

അമ്മൂട്ടാ ഇനി കിടന്നാൽ ശരിയാവില്ല. എഴുന്നേറ്റേ.. അമ്മു മടിയോടെ എഴുന്നേറ്റ് കുളിക്കാൻ കയറി.

ഇറങ്ങുമ്പോഴേക്കും ചൂട് കാപ്പിയുമായി
അമ്മമ്മ മുറിയിലെത്തിയിരുന്നു.
തണുത്തു വിറച്ചു വന്ന അമ്മു കാപ്പി വാങ്ങി ഊതി കുടിച്ചു. അവൾക്ക് അല്പം ആശ്വാസം തോന്നി.

അവൾ നേരെ ശീതളിന്റെ മുറിയിലേക്ക് കയറി.ചുരുണ്ടു കൂടി കിടക്കുന്ന അവളെ കണ്ടപ്പോൾ അമ്മുവിന് ചിരി വന്നു. രണ്ടു മൂന്നു പ്രാവശ്യം തട്ടി വിളിച്ചിട്ടും അവൾ എഴുന്നേറ്റില്ല. ഒടുവിൽ ഒരു കപ്പ് വെള്ളം വേണ്ടിവന്നു അവൾ ഉണരാൻ.

ചാടി എഴുന്നേറ്റ അവൾ അമ്മുവിനെ രൂക്ഷമായി നോക്കി. നനഞ്ഞ കോഴിയെ പോലെ ഇരിക്കുന്ന അവളെ കണ്ട് അമ്മു ചിരി കടിച്ചുപിടിച്ചു.

അങ്ങോട്ട് എഴുന്നേൽക്ക്. എന്നെ നാലുമണിക്ക് എഴുന്നേൽപ്പിച്ചു.
അത് നിന്റെ കല്യാണം ആയതുകൊണ്ടല്ലേ. ഞാൻ എന്തിനാ എഴുന്നേൽക്കുന്നത്. അങ്ങനെ ഇപ്പം നീ സുഖിച്ചു കിടന്നു ഉറങ്ങണ്ടാ.

അങ്ങോട്ട് എഴുന്നേറ്റേ. ശീതളിനെ ഉന്തിത്തള്ളി ബാത്റൂമിലേക്ക് കയറ്റി.
അമ്മു റെഡി ആവാൻ ആയി റൂമിലേക്ക് പോയി.

മഹാദേവനെയും ദേവിയെയും നിറഞ്ഞമനസ്സോടെ തൊഴുത് നിന്നു അമ്മു. എല്ലാം ഭംഗിയായി നടക്കാൻ പ്രാർത്ഥിച്ചു. നല്ലൊരു ജീവിതം കിട്ടണം എന്ന് അവൾ ഭഗവാനോട് അപേക്ഷിച്ചു. എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു.

തിരുമേനിയുടെ കയ്യിൽ നിന്നും പ്രസാദം വാങ്ങി ക്ഷേത്രത്തിന് വലം വച്ച് അവർ കാറിലേക്ക് കയറി. വീട്ടിൽ ചെന്നപ്പോൾ ഒരുക്കാനായി സിന്ധു ചേച്ചി എത്തിയിരുന്നു.

സൂരജിന്റെ വീട്ടിൽ നിന്നു തിരിയാൻ സ്ഥലം ഇല്ലായിരുന്നു. ബന്ധുക്കൾ എല്ലാവരും തന്നെ എത്തിയിട്ടുണ്ട്. സൂരജും ജോബിയും കൂടിയാണ് കിടന്നത്. ദീപ്തി വന്ന് രണ്ടാളെയും എഴുന്നേൽപ്പിച്ചു.

വരുൺ അമ്മയുടെ കൂടെയാണ് കിടന്നത്. ജോബി ഉറക്കച്ചടവോടെ അങ്ങോട്ടേക്ക് വെച്ചുപിടിച്ചു. അമ്മ എഴുന്നേറ്റു എന്ന് തോന്നുന്നു. വരുൺ നല്ല ഉറക്കമാണ്.
ജോബി അവന്റെ കൂടെ കയറി കിടന്നു ഉറക്കം തുടങ്ങി.

കുളിച്ചു ഡ്രസ്സ് മാറി വന്ന സൂരജ്
ജോബിയെ അവിടെയൊക്കെ നോക്കിയെങ്കിലും കണ്ടില്ല.
അപ്പോഴാണ് സതീഷ്‌ അങ്ങോട്ടേക്ക്
വന്നത്.
എടാ നിന്നെ താഴെ വിളിക്കുന്നുണ്ട്. സ്റ്റുഡിയോക്കാർ എത്തിയിട്ടുണ്ട്.
ദാ വരുന്നു ഏട്ടാ. അവൻ വരുൺ കിടക്കുന്ന മുറിയിലേക്ക് ചെന്നു.

വരുണിന്റെ പുറത്ത് കാലെടുത്തുവെച്ച് വായും തുറന്നു കിടക്കുന്ന ജോബിയെ കണ്ടു സൂരജിനു ചിരിവന്നു. അവന്റെ പുറത്തിട്ട് ഒന്നു കൊടുത്തു സൂരജ്.

ജോബിയുടെ അലർച്ച കേട്ടാണ് വരുൺ ഞെട്ടിയുണർന്നത്…. തന്റെ പുറത്ത് എന്തോ ഭാരം തോന്നി ചാടിയെഴുന്നേറ്റു വരുൺ….

ജോബി സൂരജിനെ അടിമുടി നോക്കി..
നീ എങ്ങോട്ടാ ഈ കൊച്ചുവെളുപ്പാൻ കാലത്ത്.

താഴെ താഴെ സ്റ്റുഡിയോക്കാർ വന്നിട്ടുണ്ട്. ഞാൻ അങ്ങോട്ടേക്ക് പോകുവാണ്.
വേഗം പോയി റെഡിയായി വാടാ..
കൃത്യം ഒൻപതു മണി ആയപ്പോൾ എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് പുറപ്പെട്ടു..

അമ്മുവിന്റെ വീട്ടിൽ നിന്നും എല്ലാവരും ഓഡിറ്റോറിയത്തിൽ എത്തിയിട്ടുണ്ടായിരുന്നു. വരന്റെ ആൾക്കാരെ അവർ സ്വീകരിച്ചിരുത്തി.

അച്ഛനും അമ്മയും കൈപിടിച്ച് സൂരജിനെ മണ്ഡപത്തിലേക്ക് ഇരുത്തി.

അല്പസമയത്തിനകം താലപ്പൊലിയുടെ അകമ്പടിയോടെ കയ്യിൽ താലവും ഏന്തി പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞ്
തല നിറയെ മുല്ലപ്പൂവും ചൂടി
ചുവന്ന കാഞ്ചിപുരം പട്ടുസാരിയുടുത്ത് അതിസുന്ദരിയായി വരുന്ന അമ്മുവിനെ സൂരജ് കണ്ണെടുക്കാതെ നോക്കിനിന്നു….

സൂരജിന്റെ അച്ഛനും അമ്മയ്ക്കും മുത്തശ്ശനും മുത്തശ്ശിക്കും അമ്മമ്മക്കും അമ്മച്ചനും ദക്ഷിണ നൽകി അവൾ സൂരജിന് അരികിലായി ഇരുന്നു. നന്നായി വിറക്കുന്നുണ്ടായിരുന്നു അവളെ.

തിരുമേനി പൂജിച്ചു നൽകിയ
മഞ്ഞ ചരടിൽ കോർത്ത ആലിലത്താലി അഗ്നിസാക്ഷിയായി അമ്മുവിന്റെ കഴുത്തിൽ കോർത്ത് കെട്ടി സൂരജ്….

അതിനുശേഷം സീമന്തരേഖയിൽ സിന്ദൂരം ചാർത്തി….

കണ്ണു രണ്ടും ഇറുകെ അടച്ചു കൈരണ്ടും കൂപ്പി മഹാദേവനോട് പ്രാർത്ഥിച്ചു. മരണംവരെ തന്റെ നെഞ്ചോട് ചേർന്ന് കിടക്കണേ ഈ താലി എന്ന്…

സൂരജ് അവളുടെ നെറുകയിൽ
സ്നേഹ ചുംബനം നൽകി.

കൂടിനിന്ന എല്ലാവരുടെയും ചിരികണ്ട അമ്മുവിന് നാണം തോന്നി.

സൂരജിന്റെ കാലു തൊട്ടു വന്ദിച്ചു
മന്ത്രകോടി ഏറ്റുവാങ്ങി അവൾ.

ചെറുമകളുടെ കൈപിടിച്ച് സൂരജിന്റെ കയ്യിലേക്ക് ചേർത്തുവച്ചു മുത്തശ്ശൻ.
എന്റെ പൊന്നിനെ നന്നായി നോക്കണേ എന്ന് പറയാതെ പറയുന്നുണ്ടായിരുന്നു ആ പാവം.

അമ്മുവിന്റെ കൈ മുറുകെ പിടിച്ചു സൂരജ്. ഒരിക്കലും കൈവിടില്ല എന്ന മട്ടിൽ………

താലികെട്ടു കഴിഞ്ഞു ഫോട്ടോയെടുപ്പിന്റെ ബഹളമായിരുന്നു. ഇതിനിടയിൽ വരുൺ അമ്മയ്ക്ക് ശീതളിനെ കാണിച്ചുകൊടുത്തു.

കൂട്ടുകാരോടൊപ്പം അമ്മുവിന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു ശീതൾ. അവൾ ഇതൊന്നും അറിഞ്ഞില്ല.

വരുണിന്റെ അമ്മ ശീതളിന്റെ വീട്ടുകാരുമായി സംസാരിച്ചു.അവളുടെ അച്ഛൻ ഫോൺ നമ്പർ കൈമാറി.

കൂട്ടുകാരോടൊപ്പം ചിരിച്ചു കളിച്ചു നടക്കുന്ന ശീതളിനെ വരുൺ കണ്ണിമയ്ക്കാതെ
നോക്കി നിന്നു.

ജോബിയുടെ വിളിയാണ് ബോധത്തിലേക്ക് കൊണ്ടുവന്നത്..
അവർ രണ്ടാളും സ്റ്റേജിലേക്ക് കയറി സൂരജിന്റെയും അമ്മുവിന്റെയും ഒപ്പം ഫോട്ടോ എടുത്തു. അവരുടെ ഒപ്പംതന്നെ ശീതളിനെയും സൂരജ് പിടിച്ചു നിർത്തി.

വിഭവസമൃദ്ധമായ സദ്യയായിരുന്നു ഒരുക്കിയിരുന്നത്. പ്രശസ്തമായ ആറന്മുള വള്ള സദ്യയ്ക്ക് ഒരുക്കുന്ന അതേ വിഭവങ്ങൾ തന്നെയാണ് ഒരുക്കിയത്.

ഊണ് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഫോട്ടോഗ്രാഫറുടെ നിർദ്ദേശപ്രകാരം സൂരജ് അമ്മുവിന് നെയ്യൊഴിച്ച് പരിപ്പുകറിയിൽ പർപ്പടകം ഉടച്ച് ഉരുളയാക്കി വായിലേക്ക് വെച്ച് കൊടുത്തു.

തിരികെ അമ്മു അവന്റെ വായിലേക്കും ഒരു ഉരുള വച്ചുകൊടുത്തു. സൂരജ് അവളുടെ വിരലിൽ മൃദുവായി കടിച്ചു. അമ്മു ഞെട്ടലോടെ കൈ പിൻവലിച്ചു.

സൂരജ് കുസൃതി നിറഞ്ഞ കണ്ണുകളോടെ അവളെ കണ്ണടച്ചു കാണിച്ചു. അമ്മു നാണത്തോടെ മുഖം കുനിച്ചു.

ആഹാരം കഴിച്ചതിനുശേഷം മന്ത്രകോടി ഉടുത്ത വന്ന അമ്മുവിനെ വീണ്ടും ഫോട്ടോ എടുക്കാനായി കൂട്ടിക്കൊണ്ടുപോയി.

രണ്ടാൾക്കും ഇറങ്ങാനുള്ള സമയമായപ്പോൾ സതീഷ് അവരെ കൂട്ടിക്കൊണ്ടുവന്നു. എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങാൻ പറഞ്ഞപ്പോൾ അമ്മു പൊട്ടിക്കരഞ്ഞുകൊണ്ട് മുത്തശ്ശനെ കെട്ടിപ്പിടിച്ചു.

മുത്തശ്ശന്റെയും മുത്തശ്ശിയുടെയുംഅമ്മച്ചന്റെയും
അമ്മമ്മയുടെയും കാലുതൊട്ട് വന്ദിച്ചു. എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു. ശീതളിനെ നോക്കി കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു.

സൂരജ് അവളെ കാറിലേക്ക് പിടിച്ചുകയറ്റി.

സതീഷും ദീപ്തിയും ആയിരുന്നു ഫ്രണ്ടിൽ. അമ്മു കണ്ണുകൾ അമർത്തി തുടയ്ക്കുന്നത് കണ്ട് സതീഷ് സൂരജിനോട് പറഞ്ഞു എടാ ആ കൊച്ചിനെഒന്ന് ആശ്വസിപ്പിക്ക്.
ഞാനെങ്ങനെ ആശ്വസിപ്പിക്കാനാ.

ഏട്ടന്റെ കണ്ണ് എപ്പോഴും പുറകോട്ട് അല്ലേ. ദീപ്തി സൂരജിന്റെ സംസാരം കേട്ട് പൊട്ടിച്ചിരിച്ചു. അമ്മുവിന്റെ ചുണ്ടിലും ചിരി വിരിഞ്ഞു.

മുക്കാൽ മണിക്കൂറത്തെ യാത്രയ്ക്ക് ഒടുവിൽ കാർ സൂരജിന്റെ വീട്ടുമുറ്റത്തെത്തി. ഡോർ തുറന്ന് വെളിയിൽ ഇറങ്ങിയ സൂരജ് അമ്മുവിന്റെ കയ്യിൽ പിടിച്ച് വെളിയിലേക്ക് ഇറക്കി.

ഗായത്രി മരുമകളെ ആരതി ഉഴിഞ്ഞ് നിലവിളക്ക് അമ്മുവിന്റെ കൈകളിലേക്ക് കൊടുത്തു. ഗായത്രിയുടെ കാൽതൊട്ട് വന്ദിച്ച് നിലവിളക്ക് കൈകളിലേക്ക് വാങ്ങി വലതുകാൽ വച്ച് അകത്തേക്ക് കയറി അമ്മു.

പൂജാമുറിയിൽ വിളക്ക് കൊണ്ട് വെച്ച് അവൾ കണ്ണടച്ച് തൊഴുതു. അതിനുശേഷം മധുരം വെപ്പ് ചടങ്ങായിരുന്നു.

രണ്ടാളെയും ഒരുമിച്ചിരുത്തി ഗായത്രി രണ്ടാൾക്കും മധുരം നൽകി. അമ്മുവിന്റെ നിറുകയിൽ അവർ സ്നേഹത്തോടെ ചുംബിച്ചു.

പിന്നെയും ഫോട്ടോഗ്രാഫർ അവരെയും കൊണ്ട് വെളിയിലേക്കിറങ്ങി. അമ്മു
ആകെ തളർന്നിരുന്നു.

ഒടുവിൽ അമ്മുവിന്റെ തളർച്ച കണ്ടു സൂരജ് ആണ് പറഞ്ഞത് മതിയാക്കാൻ. ഫോട്ടോഷൂട്ട് കഴിഞ്ഞു അകത്തേക്ക് കയറിയ അമ്മുവിന്റെ അടുത്തേക്ക് ദീപ്തി വന്നു.

അമ്മു ഞാൻമുറി കാണിച്ചു തരാം. ഡ്രസ്സ് ഒക്കെ മാറുമ്പോൾ കുറച്ച് ആശ്വാസമാകും. ദീപ്തിയുടെ കൂടെ മുകളിലേക്ക് കയറിയ അമ്മു സൂരജിന്റെ മുറിയാകെ കണ്ണോടിച്ചു.

അവളോർത്തു തന്റെയും മുറിയാണ്.
ഇനി ഇവിടെയാണ് തന്റെ ജീവിതം.

അമ്മുവിനെ കട്ടിലിലേക്ക് ഇരുത്തി തലയിൽനിന്നും മുല്ലപ്പൂ അഴിച്ചുമാറ്റി ദീപ്തി. അമ്മു ഇതൊക്കെ മാറ്റിയിട്ട് ഒന്ന് കുളിച്ചു ഡ്രസ്സ് മാറുമ്പോൾ ക്ഷീണം ഒക്ക
മാറും കേട്ടോ. അമ്മു ചിരിയോടെ തലയാട്ടി.

ദീപ്തി അവൾക്ക് കബോർഡ് ചൂണ്ടിക്കൊണ്ട് പറഞ്ഞു ഇടാനുള്ള ഡ്രസ്സ് ഒക്കെ അതിലുണ്ട്. ആഭരണം ഒക്കെ കബോർഡിൽ വച്ച് ലോക്ക് ചെയ്തേക്കൂ. കല്യാണവീട് അല്ലെ.. ഞാൻ താഴേക്ക് പോവാണ്. അമ്മു കുളിച്ചു കഴിയുമ്പോഴേക്ക് വരാം. ദീപ്തി താഴേക്ക് പോയി.

അമ്മു കബോർഡ് തുറന്നു ആഭരണങ്ങൾ അതിലേക്ക് വെച്ചു. ഇടാനുള്ള ഡ്രസ്സ് എടുത്തു കൊണ്ട് ബാത്രൂമിലേക്ക് കയറി.

തണുത്ത വെള്ളം തലയിൽ വീണപ്പോൾ ആകെ ഒരു ഉന്മേഷം തോന്നി. കുളി കഴിഞ്ഞ് ഇറങ്ങി വന്ന് തലയിൽ നിന്നും തോർത്ത് അഴിച്ചു മുടി തോർത്തി.

കണ്ണാടിയിലെ തന്റെ രൂപം കണ്ട് അവൾക്ക് അത്ഭുതം തോന്നി. ഒരുപാട് മാറ്റങ്ങൾ വന്ന പോലെ. രാവിലെ സൂരജ് അണിയിച്ച സിന്ദൂരം ചുവന്ന കളറിൽ കിടക്കുന്നു.

നെഞ്ചോട് ചേർന്നു കിടക്കുന്ന താലിയിൽ വിരലോടിച്ചു. അവൾക്ക് പെട്ടെന്ന് സൂരജിനെ ഓർമ്മവന്നു. അപ്പോഴാണ് വാതിൽ തുറന്ന് ദീപ്തി അകത്തേക്ക് വന്നത്.

ദാ ഈ ചായ കുടിച്ചോ. ക്ഷീണം മാറും. അമ്മുവിന്റെ കയ്യിലേക്ക് ചായകപ്പ് കൊടുത്തുകൊണ്ട് ദീപ്തി പറഞ്ഞു.

അമ്മു ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ ദീപ്തി ആഭരണപ്പെട്ടി പുറത്തെടുത്തു. ദീപ്തി അതിൽ നിന്നും സൂരജ് അണിയിച്ച മാല പുറത്തേക്ക് എടുത്തു. അമ്മു തൽക്കാലത്തേക്ക് താലി ഇതിലേക്ക് ഇടാം.

പിന്നെ ഒരു ചെറിയ മാല വാങ്ങി അതിലേക്ക് ഇടാം.

ഇന്ന് താലി ചരടിൽ നിന്നും അഴിച്ചില്ലെങ്കിൽ പിന്നെ ഏഴു ദിവസം കഴിഞ്ഞേ അഴിക്കാവൂ എന്നാ പറയുന്നത്. ശരി ഏട്ടത്തി. ദീപ്തി താലി മാലയിൽ കോർത്തു അമ്മുവിന്റെ കയ്യിലേക്ക് കൊടുത്തു. ഇത് ഇട്ടോളൂ.
അമ്മു മാല വാങ്ങി കഴുത്തിലേക്ക് ഇട്ടു.

അമ്മൂ ഈ താലി ഒരു വാഗ്ദാനമാണ്. നമ്മുടെ ഭർത്താവ് നമ്മുടെ കൂടെ ജീവിതകാലം മുഴുവൻ കാണും എന്നുള്ളതിന് .

ദിവസവും രാവിലെ എഴുന്നേറ്റ് താലി രണ്ടു കണ്ണിലും വെച്ച് പ്രാർത്ഥിക്കണം. ഇത് എന്നും മരണംവരെ തന്നോടു ചേർന്നു കിടക്കണം എന്ന്

ദീപ്തി അവളുടെ കവിളിൽ തലോടി.അവിടെ ഇരുന്ന സിന്ദൂരം അമ്മുവിന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു. അവൾ അത് വാങ്ങി സീമന്തരേഖയിൽ ചാർത്തി.

അമ്മുവും ദീപ്തിയും താഴേക്ക് ഇറങ്ങി വരുമ്പോൾ ആണ് സൂരജ് വിവാഹ വേഷത്തിൽ മുകളിലേക്ക് കയറുന്നത് കണ്ടത്.

അവൻ അമ്മുവിനെ നോക്കി. കുളി കഴിഞ്ഞ് നീണ്ട മുടി വിടർത്തിയിട്ടിരിക്കുന്നു.

നെറുകയിൽ ചുവപ്പ്.
താൻ അണിയിച്ച മാലയിൽ താലി
നെഞ്ചോട് ചേർന്ന് കിടക്കുന്നു.
പഴയ അമ്മുവിൽ നിന്നും തന്റെ ഭാര്യയിലേക്കുള്ള മാറ്റം. അവൻ പുഞ്ചിരിയോടെ അവളെ നോക്കി.

അമ്മുവും അവനെ നോക്കുകയായിരുന്നു. വിവാഹവേഷം മാറ്റിയിട്ടില്ല ഇതുവരെ. മുഖത്താകെ ക്ഷീണം.

അപ്പോഴാണ് താഴെ നിന്നും സതീഷ് വിളിച്ചു പറഞ്ഞത്. മതി ഇനി പിന്നെ നോക്കാം. ഇവിടെ തന്നെയുണ്ടല്ലോ. സൂരജ് തിരിഞ്ഞുനോക്കാതെ തന്നെ
മുകളിലേക്ക് കയറി.
അമ്മുവിന് ആകെ ചമ്മൽ തോന്നി.

താഴെ ചെന്നപ്പോൾ കുറച്ചു ബന്ധുക്കളൊക്കെ ഉണ്ട്. അച്ഛന്റെ പെങ്ങന്മാർ ആണ് രണ്ടു പേര് .
അമ്മയുടെ ആങ്ങളയുംകുടുംബവും ഉണ്ട്.

ദീപ്തി ഉണ്ടായിരുന്നതുകൊണ്ട് അമ്മുവിന് ഒരു വിഷമവും തോന്നിയില്ല. എപ്പോഴും അമ്മുവിന്റെ ഒരു കയ്യിൽ പിടിച്ചിരുന്നു അവൾ.

അമ്മുവിനോട് എല്ലാവരും ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് മുകളിൽനിന്നും സതീഷിന്റെ വിളി കേട്ടത്.

ദീപ്തി അങ്ങോട്ടേക്ക് പോകാനായി എഴുന്നേറ്റപ്പോൾ അമ്മുവും അവളുടെ ഒപ്പം എഴുന്നേറ്റു. ദീപ്തി ചിരിയോടെ അവളെയും കൂട്ടി മുകളിലേക്ക് കയറി.

മുറിയിലേക്ക് കാലെടുത്തുവച്ച ദീപ്തിയെ എടുത്തുയർത്തി കൊണ്ട് സതീഷ് അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തു.

അവൾ കുതറിമാറാൻ നോക്കിയെങ്കിലും അവൻപിടി വിടുന്നുണ്ടായിരുന്നില്ല.

അമ്മു ആകെ അമ്പരപ്പോടെ നിൽക്കുകയായിരുന്നു.ദീപ്തിയും അമ്മുവും മുറിയിലേക്ക് പോകുന്നത് കണ്ടാണ് സൂരജ് പിറകെ വന്നത്.

വാതിൽക്കൽ അമ്പരന്നു നിൽക്കുന്ന അമ്മുവിനെ നോക്കിക്കൊണ്ട് അകത്തേക്ക് നോക്കിയ അവനും അന്തംവിട്ടു.

ദീപ്തിയുടെ മുഖത്തേക്ക് മുഖം അടുപ്പിക്കുന്ന സതീഷ്.

അവൻ അമ്മുവിന്റെ കണ്ണുകൾ രണ്ടും പൊത്തിപ്പിടിച്ചു. എന്റെ പൊന്ന് ഏട്ടാ വാതിൽ അടച്ചിട്ടു പോരേ ഇതൊക്കെ.

സതീഷ് ദീപ്തിയെ താഴെ നിർത്തി.
സൂരജിനൊപ്പം അമ്മുവിനെയും കണ്ട അവൻ ആകെ ചമ്മി.

പിന്നെ ചമ്മൽ മറച്ചു കൊണ്ട് ചോദിച്ചു. നീ എന്തിനാടാ ഇവിടെ വന്ന് നിൽക്കുന്നത്. നിന്റെ റൂമിൽ സ്ഥലമില്ലേ.

ദേ ഏട്ടൻ ആണെന്നൊന്നും ഞാൻ
നോക്കില്ല. എന്റെ ഭാര്യയെ ഇവിടെ നിർത്തിക്കൊണ്ട് ഭാര്യയെ ഉമ്മിക്കാൻ പോയതും പോര ഇപ്പം കുറ്റം എനിക്ക് ആയോ.

സതീഷ് ദീപ്തിയെ നോക്കി.
ദേഷ്യം കൊണ്ടും നാണക്കേട് കൊണ്ടും ചുവന്നിരിക്കുന്നു മുഖം.
സംഭവം കൈവിട്ടു എന്ന് സതീഷിന് മനസ്സിലായി. അവൻ തലയിൽ കൈ വെച്ചു.

സൂരജ് അമ്മുവിന്റെ കൈപിടിച്ചുകൊണ്ട് താഴേക്കിറങ്ങാൻ തുടങ്ങി.
അല്ല ഏട്ടത്തി….
അമ്മു സൂരജിനെ നോക്കി..
അവരു വന്നോളും. താൻ ഇങ്ങോട്ട് വാ..

ഇങ്ങനെ എന്തെങ്കിലും ഒക്കെ കാണുമ്പോൾ വായും തുറന്ന് അവിടെ നിൽക്കാതെ ഇങ്ങു മാറിപ്പോന്നൂടെ. സൂരജ് അവളുടെ കാതിൽ പതിയെ ചോദിച്ചു. അമ്മു ചമ്മലോടെ മുഖം കുനിച്ചു.

കതകടച്ചു തിരിഞ്ഞ സതീഷിനെ പുറത്തും നെഞ്ചിലും അടിക്കുകയും ഇടിക്കുകയും ചെയ്തു ദീപ്തി. ഞാൻ ഇനി എങ്ങനെ അമ്മുവിന്റെ മുഖത്ത് നോക്കും ഈശ്വരാ…..

ഈ സതീഷേട്ടൻ എന്നെ നാണംകെടുത്തി. അവൻ കട്ടിലിൽ അവളുടെ അടുത്തിരുന്നു. അവളെയും കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു.

നിന്നെ എത്ര ദിവസമായി മര്യാദയ്ക്ക് ഒന്ന് അടുത്ത് കിട്ടിയിട്ട്. നിനക്ക് അങ്ങനെ ഒരു ചിന്തയും ഇല്ലല്ലോ. ഞാൻ ഒരാൾ ഇവിടെയുണ്ടോ എന്നുപോലും
തിരക്കുന്നുമില്ലല്ലോ.

ഞാനും ഒരു മനുഷ്യനല്ലേ.

അവൻ കൊച്ചുകുട്ടികളെ പോലെ പരാതി പറഞ്ഞു. ദീപ്തിക്ക് ചിരിവന്നു. അവൾ ചിരിയോടെ അവന്റെനെഞ്ചിൽ ചേർന്നു..

(തുടരും )

തുലാമഴ : ഭാഗം 1

തുലാമഴ : ഭാഗം 2

തുലാമഴ : ഭാഗം 3

തുലാമഴ : ഭാഗം 4

തുലാമഴ : ഭാഗം 5

തുലാമഴ : ഭാഗം 6

തുലാമഴ : ഭാഗം 7

തുലാമഴ : ഭാഗം 8

തുലാമഴ : ഭാഗം 9

തുലാമഴ : ഭാഗം 10