തുലാമഴ : ഭാഗം 10
നോവൽ
എഴുത്തുകാരി: പാർവതി പിള്ള
അമ്മൂ നീ സൂരജേട്ടനോട് സംസാരിച്ചോ.
ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി. കണ്ടപ്പോഴേ എനിക്ക് തോന്നി.
ശീതൾ ഫോൺ വാങ്ങി സൂരജിന്റെ നമ്പർ തന്റെ ഫോണിലേക്ക് സേവ് ചെയ്തിട്ടു.
അമ്മു ഇതൊന്നുമറിയാതെ ഗാഢമായ ചിന്തയിലായിരുന്നു..
തിങ്കളാഴ്ച അമ്മുവും ശീതളും
കാറിലാണ് കോളേജിലേക്ക് പോയത്.
കിരൺ എറണാകുളത്തുനിന്നും എത്തിയിട്ടില്ലായിരുന്നു.
ആഴ്ചകൾ കടന്നുപോയി.
സൂരജും അമ്മുവും മാനസികമായി
ഒരുപാട് അടുത്തു എങ്കിലും അർജുനെ കുറിച്ച് ഒരു വാക്ക് പോലും സൂരജ്
അമ്മുവിനോട് ചോദിച്ചില്ല.
ഒരു ഞായറാഴ്ച പതിവുപോലെ
എല്ലാവരും വരുണിന്റെ ഫ്ലാറ്റിൽ
ഒത്തുകൂടി. ജോബി കുക്കിംഗിൽ
ആണ്.
ജോബിയെ സഹായിച്ചുകൊണ്ട് സൂരജും വരുണും അടുത്ത് തന്നെയുണ്ട്. സലാഡിന് അരിയുകയാണ് വരുൺ.
അപ്പോഴാണ് സൂരജ് ഓർത്തത് ഇന്നലെ തൈരു വാങ്ങിയത് സൂരജിന്റെ ഫ്ലാറ്റിൽ ഫ്രിഡ്ജിൽ ആണല്ലോ എന്ന്. എടാ ഞാൻ പോയി തൈര് എടുത്തിട്ട് വരാം
സൂരജ് ഇറങ്ങി. അപ്പോഴാണ് ഹാളിൽ
ഇരുന്ന് സൂരജിന്റെ ഫോൺ
ബെല്ലടിക്കുന്നത് കേട്ടത്.
വരുൺ ഹാളിലേക്ക് ചെന്ന് ഫോൺ
എടുത്തു. നമ്പരാണ്. ഇത് ആരാണാവോ. ആവശ്യക്കാർ ആണെങ്കിൽ വീണ്ടും വിളിച്ചോളും. ഫോൺ കട്ടായി. അവൻ തിരികെ പോകാനായി തുടങ്ങിയപ്പോഴാണ് വീണ്ടും ഫോൺ അടിച്ചത്. അവൻ കാൾ എടുത്തു.
ഹലോ…
ഹലോ… സൂരജേട്ടനാണോ.
മനോഹരമായ ഒരു ശബ്ദം കാതിൽ വന്നലച്ചു.
അവൻ ഫോണിലേക്ക് നോക്കി.
ഇത് ആരാണ്.
ഹലോ സൂരജേട്ടാ ഇത് ഞാനാണ്.
ശീതൾ . അമ്മുവിന്റെ ഫ്രണ്ട്.
അപ്പോഴാണ് സൂരജ് അകത്തേക്ക് വന്നത്. വരുൺ ഒന്നും മിണ്ടാതെ ഫോൺ അവന്റെ കയ്യിലേക്ക് നീട്ടി. പിന്നെ മെല്ലെ പറഞ്ഞു. ഏതോ ഒരു ശീതൾ ആണ്.
സൂരജ് ഫോൺ വാങ്ങി കാതോട് ചേർത്തു. ഹലോ ശീതൾ എന്തുണ്ട് വിശേഷം.
സുഖം സൂരജേട്ടാ.
ഞാൻ ഒരു കാര്യം പറയാനാ ഏട്ടനെ വിളിച്ചത്.
എന്താടോ എന്താ കാര്യം.
അത് ഏട്ടാ അമ്മുവിന്റെ കാര്യമാ.
സൂരജിന് വല്ലാത്ത ടെൻഷൻ തോന്നി.
അവൻ ശീതൾ എന്താണ് പറയുന്നത് എന്ന് അറിയാൻ കാതോർത്തു.
ശീതൾ പറഞ്ഞുതുടങ്ങി.
കോളേജിൽ വന്ന അവരുടെ
ആദ്യ ദിനങ്ങളെ കുറിച്ച്.
കോളേജിൽ ആദ്യമായി എത്തിയപ്പോൾ എല്ലാവരെയും പോലെ പേടിയായിരുന്നു അമ്മുവിനും. റാഗിംഗ് ഉണ്ടാകുമോ
എന്നപേടിയോടെയാണ് കോളേജിലേക്ക് വരുന്നത് തന്നെ.
വന്ന അന്നുതന്നെ സുന്ദരിയായ അമൃത സീനിയേഴ്സിൽ പലരുടെയും
കണ്ണിൽ ഉടക്കി.
ആൺകുട്ടികൾ ആരെങ്കിലും അടുത്ത് വരികയാണെങ്കിൽ ഉടനെ പേടിയോടെ വിറച്ചു ശരീരം മുഴുവനും
വിയർത്തു ഒഴുകും അമ്മുവിന്.
മുത്തശ്ശനെയും മുത്തശ്ശിയെയും വിട്ട് അവൾ എവിടെയും മാറി
നിന്നിട്ടില്ലായിരുന്നു.
വെളിയിൽ ആരോടും വലിയ
പരിചയവുമില്ലായിരുന്നു.
അതിന്റെതായ അകൽച്ച അവൾക്ക് എല്ലാവരോടും ഉണ്ടായിരുന്നു. കോളേജിൽ വന്ന് ക്ലാസ്സിൽ ഒറ്റയ്ക്ക് ഇരിക്കുന്ന
അവൾക്കരികിലേക്ക് ആണ്
വായാടിയായ ശീതൾ എത്തുന്നത്.
അന്നു തുടങ്ങിയ കൂട്ടാണ് ശീതളുമായി.
ശീതൾ ഏതുകാര്യത്തിനും അമ്മുവിന് ഒരു വലയം ആയി നടന്നു.
പഠിക്കാൻ മിടുക്കിയായിരുന്ന അമ്മു ഒരു വർഷത്തിനിടയിൽ തന്നെ ടീച്ചേഴ്സിനും കുട്ടികൾക്കും ഇടയിൽ ഒരുപോലെ പ്രിയപ്പെട്ടവളായി.
സെക്കൻഡ് ഇയറിലേക്ക് കയറുമ്പോഴാണ് അർജുൻ അമ്മുവിന്റെയും ശീതളിന്റെയും ഇടയിലേക്ക് ഇടിച്ചു കയറിയത്.
എം എസ് സി ആയിരുന്നു അർജുൻ.
ഒരുദിവസം ക്ലാസ് മുറിയിൽ ഇരുന്ന് ഡസ്കിലേക്ക് തലചായ്ച്ച് വെച്ച് പുറത്തു പെയ്യുന്ന മഴയെ നോക്കി അമ്മു വെറുതെ മൂളി കൊണ്ട് കിടന്നു…
എന്തോ മൊഴിയുവാനുണ്ടാകുമീ മഴക്കെന്നോട് മാത്രമായി….
ഏറെ സ്വകാര്യമായി….
നന്നായി പാടുമായിരുന്ന
അമ്മുവിന്റെ പാട്ട് മുഴുവനും
കേൾക്കാൻ കുട്ടികൾ വട്ടം കൂടി.
കണ്ണടച്ച് പാട്ടു മുഴുവൻ
പാടിക്കഴിഞ്ഞപ്പോൾ ക്ലാസിന്
അകത്തും പുറത്തും നിന്ന് കുട്ടികൾ
ഒന്നിച്ചു കൈയ്യടിച്ചു.
അവിടെ ഇടനാഴിയിൽ നിന്ന്
കണ്ണുചിമ്മാതെ അമ്മുവിനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു അർജുൻ.
അവിടെനിന്നാണ് അർജുൻ അമ്മുവിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. എല്ലാവരോടും എപ്പോഴും വായലച്ച് നടക്കുന്ന
ശീതളിനെയാണ് അർജുൻ ആദ്യം
കമ്പനി ആക്കിയത്.
പതിയെ പതിയെ അർജുൻ അവരിലൊരാളായി.
ഫ്രണ്ടായി പതിയെ അമ്മുവിന്റെ എല്ലാ കാര്യങ്ങളിലും അർജുൻ ഇടപെടാൻ തുടങ്ങി.
പിന്നീട് എപ്പോഴോ രണ്ടുപേരും തമ്മിൽ അടുത്തു.
പക്ഷേ ഒരു പരിധിവിട്ട് ആരോടും അടുക്കാത്ത അമ്മു അർജ്ജുനുമായി
ഒരു അകലം എപ്പോഴും ഇട്ടിരുന്നു.
മറ്റുള്ള പ്രണയജോഡികൾ ക്യാമ്പസിൽ എപ്പോഴും തൊട്ടും തലോടിയും ഇരിക്കുമ്പോൾ അർജുൻ അമ്മുവിനോട് പരാതി പറയുമായിരുന്നു.
അവളോട് ഒന്ന് ചേർന്നിരിക്കാൻ പോലും
അനുവദിക്കാത്തതിന്.
എന്നിരുന്നാലും അമ്മുവിന് അർജുനെ ഇഷ്ടമായിരുന്നു. അർജുനും അങ്ങനെതന്നെയായിരുന്നു
അവളുടെ അടുത്തെത്തുമ്പോൾ ഒക്കെ അവളെ കൊണ്ട് ഒരു പാട്ട് പാടിക്കാതെ അവൻ വിടില്ലായിരുന്നു.
അങ്ങനെ തേഡിയർ തുടങ്ങി രണ്ടു മാസം കഴിഞ്ഞപ്പോൾ അമ്മുവിന്റെ
പിറന്നാൾ വന്നു. രാവിലെ ക്ഷേത്രത്തിൽ പോയിട്ട് കുറച്ച് താമസിച്ചാണ് അമ്മു കോളേജിൽ എത്തിയത്.
ക്ലാസ് തുടങ്ങിയതിനാൽ അർജുനെ കാണാൻ അവൾക്ക് പറ്റിയില്ല
ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിനാണ് സമയം കിട്ടിയത്.
അർജ്ജുനനെ തിരക്കി
ഇറങ്ങിയ അമ്മു അവൻ താഴെ വാക ചുവട്ടിൽ നിൽക്കുന്നതാണ് കണ്ടത്.
അമ്മു അവന്റെ അടുത്തേക്ക് ചെന്നു.
അമ്മു എന്തൊക്കെ ചോദിച്ചിട്ടും തിരികെ മറുപടിയൊന്നും ഉണ്ടായില്ല.
കുട്ടികൾ ശ്രദ്ധിക്കുന്നത് കണ്ടു തിരികെ പോകാൻ തുടങ്ങി.
പെട്ടെന്നാണ് അർജുൻ അവളെ പിടിച്ച് തന്നിലേക്ക് ചേർത്ത് ആ കവിളിൽ ചുണ്ടുകൾ ചേർത്തത്.
ഒരു നിമിഷം അമ്പരന്നു പോയ
അമ്മുവിന്റെ കൈകൾ നിമിഷ നേരത്തിനുള്ളിൽ അർജുന്റെ കവിളിൽ പതിഞ്ഞു.
കുട്ടികൾ ചുറ്റും കാഴ്ചക്കാരായി.
അപമാനഭാരം മൂലം അർജുന്റെ തല കുനിഞ്ഞു.
അമ്മു കരഞ്ഞുകൊണ്ട് ക്ലാസിലേക്കോടി. പിന്നീട് അവർ രണ്ടാളും തമ്മിൽ സംസാരിച്ചിട്ടില്ല.
അവളുടെ അനുവാദമില്ലാതെ ദേഹത്ത് തൊട്ട അർജ്ജുനോട് അവൾക്ക് ദേഷ്യം ആയിരുന്നു എങ്കിലും അത്രയും പേരുടെ മുൻപിൽ വെച്ച് അർജുനെ അടിച്ചതോർത്ത് അവൾക്ക് വിഷമം ഉണ്ടായിരുന്നു.
അർജുൻ പിന്നീട് ഞങ്ങളുടെ കൂട്ടത്തിലേക്ക് വന്നതേയില്ല. സെക്കൻറിയറിലുള്ള
നീതുവുമായി അടുപ്പമാണ് എന്ന് കുട്ടികൾ പറഞ്ഞ് അറിഞ്ഞു.
അതുകേട്ട് അമ്മു ഒരുപാട് വിഷമിച്ചു. അമ്മുവിനെ കാണിക്കാനായി ഓരോ തവണയും
നീതുവിനെയും കൊണ്ട് നടന്നു.
അവളുമായി അടുത്തിടപഴകി.
എന്നും നിറഞ്ഞ കണ്ണുകളോടെ ആണ്
അമ്മു അവിടെ നിന്നും പോയിരുന്നത്.
നിശ്ചയം കഴിഞ്ഞ കഴിഞ്ഞ ശേഷമാണ് അവളുടെ മുഖത്ത് സന്തോഷം കണ്ടത്. സൂരജേട്ടൻ ഇന്ന് അവളുടെ പ്രാണനാണ്.
അർജുൻ അവളെ ഭീഷണിപ്പെടുത്തിയതിന്റെ പേടിയാണ് പനി ആയിട്ട് അവൾക്ക് ഹോസ്പിറ്റലിൽ ആകേണ്ടി വന്നത്
അവളോട് പറഞ്ഞതാ ഏട്ടനോട് പറയാൻ. ഭയമാണ് അവൾക്ക്.
ഒരു പാവമാ അവൾ. ഒരു പക്വതയും ഇല്ല.
എന്തു ചെയ്യാനും ഭയമാണ് അവൾക്ക്.
ഒരു പക്ഷേ മുത്തശ്ശിയുടെയും മുത്തശ്ശന്റെയും അരുമ കുട്ടിയായി
വളർന്നത് കൊണ്ട് ആവും. ശീതൾ പറഞ്ഞുനിർത്തി.
ഒന്നും മിണ്ടാതെ നിന്ന സൂരജിനെ അവൾ വിളിച്ചു. ഏട്ടാ….. ദേഷ്യം ഉണ്ടോ ഏട്ടന് അവളോട്…
സൂരജ് ഒന്നു ചിരിച്ചു….
ദേഷ്യമോ എന്റെ അമ്മുസിനോടോ….
ഒരിക്കലുമില്ല……..
കിരണും വീട്ടുകാരും ഞായറാഴ്ച
ശീതളിന്റെ വീട്ടിലേക്ക് ചെല്ലുമെന്ന് പറഞ്ഞതുകൊണ്ട് ശീതൾ വെള്ളിയാഴ്ച വീട്ടിലേക്ക് പോയി.
അവർ പോയതിനു ശേഷം വിവരം വിളിച്ച് അറിയിക്കണമെന്ന് ചട്ടംകെട്ടി ആണ് അമ്മു അവളെ വിട്ടത്.
ഞായറാഴ്ച വൈകുന്നേരം ആയിട്ടും കാൾ വന്നില്ല. ഇനിയും കാത്തിരിക്കാൻ വയ്യാത്തത് കാരണം അവൾ അങ്ങോട്ട് വിളിച്ചു.
രണ്ടുമൂന്നു തവണ ഫോൺ അടിച്ചിട്ടും അവിടെനിന്നും അനക്കം ഒന്നും ഉണ്ടായില്ല.
ആകെ ടെൻഷനായി. അവൾ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടേയിരുന്നു.
രാത്രിയിൽ സൂരജ് വിളിച്ചപ്പോൾ പതിവുപോലെയുള്ള ഉത്സാഹം സംസാരത്തിൽ ഇല്ലെന്ന് മനസ്സിലായി.
കാര്യം ചോദിച്ചപ്പോൾ അമ്മു വിവരം പറഞ്ഞു. നാളെ ശീതൾ കോളേജിൽ വരുമ്പോൾ വിവരം അറിയാം. ഒന്ന് സമാധാനിക്കെന്റെ അമ്മൂസെ. അവൻ അവളെ ആശ്വസിപ്പിച്ചു.
എന്നാൽ പിറ്റേ ദിവസവും പിന്നീട് രണ്ടു ദിവസത്തേക്കും ശീതൾ കോളേജിൽ വന്നില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അമ്മുവിന് മനസ്സിലായി.
ഒരാഴ്ചകൊണ്ട് ശീതൾ ഇല്ലാത്തത് കാരണം അമ്മു ആകെ മൂഡ് ഓഫ് ആയിരുന്നു.പതിവുപോലെ തിങ്കളാഴ്ച
ക്ലാസ് മുറിയിൽ എത്തിയ അമ്മു കണ്ടത് ക്ലാസ്സിൽ ഇരിക്കുന്ന ശീതളിനെയാണ്.
ക്ഷീണിച്ച മുഖവും തളർച്ച ബാധിച്ച കണ്ണുകളും അവൾഒരുപാട് മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്ന് അമ്മുവിന് മനസ്സിലായി.
അവൾ ശീതളിന്റ അരികിലേക്ക് ചെന്നു. ശീതൾ അവളെ നോക്കി പുഞ്ചിരിച്ചു.
അമ്മുവിന് അവളോട് ഒന്നും സംസാരിക്കാൻ പറ്റിയില്ല. അപ്പോഴേക്കും സാർ ക്ലാസ്സിൽ വന്നിരുന്നു.
പിന്നെയുള്ള ഫ്രീ പീരീഡ് ആയിരുന്നു അവർക്ക് സംസാരിക്കാൻ പറ്റിയത്. അമ്മു അവളെയും കൊണ്ട് വെളിയിലേക്കിറങ്ങി. എന്തുപറ്റി..
ശീതൾ ഒന്നും മിണ്ടാതെ ദൂരേക്ക് കണ്ണും നട്ട് ഇരുന്നു. പിന്നെ മുഖം പരമാവധി
പ്രസന്നമാക്കികൊണ്ട് പറഞ്ഞു. വിവാഹം നടക്കില്ല അമ്മു.
അമ്മു ഞെട്ടലോടെ അവളെ നോക്കി. നടക്കില്ലെന്നോ. നീ എന്തൊക്കെയാ ഈ പറയുന്നത്.
അത് നടക്കില്ല. വന്നപ്പോഴേ കിരണിന്റെ വീട്ടുകാരുടെ മുഖത്ത് ഇഷ്ടമില്ലായിരുന്നു.
ഉയർന്ന നിലയിലുള്ള അവർ ഇടത്തരം സാമ്പത്തികമുള്ള ശീതളിന്റെ വീട്ടിലെത്തിയപ്പോൾ പുച്ഛത്തോടെയാണ് എല്ലാവരെയും നോക്കിയത്.
കിരണിന്റെ അച്ഛൻ ശീതളിന്റെ അച്ഛനെ
ഇൻസൾട്ട് ചെയ്യുന്നതുപോലെയാണ് സംസാരിച്ചത്.
അവരുടെ മകനെ വലവീശി എടുത്തു എന്ന മട്ടിലായിരുന്നു അവരുടെയൊക്കെ സംസാരം. ഒടുവിൽ നാളു നോക്കിയപ്പോൾ ചേരില്ല പോലും.
കിരൺ പോലും നിസ്സഹായനായിട്ടാണ് നോക്കി നിന്നത് എന്ന് കേട്ടപ്പോൾ അമ്മു അന്തംവിട്ടു നിന്നു.
ഏറ്റവും വിഷമം ആയത് കിരണിന്റെ ഭാഗത്തുനിന്നും ഒരു ആശ്വാസവാക്ക് പോലും ഉണ്ടായില്ല എന്നതാണ്.
ഫോൺ അമ്മയുടെ കയ്യിൽ ആയിരുന്നു.
ഇന്ന് രാവിലെയാണ് തന്നത്.
അപ്പോൾ അമ്മ അവളോട് പറഞ്ഞു അത്രേ 25 വർഷം കൊണ്ട് അച്ഛന്റെ കൂടെ ജീവിക്കുന്നു. ഇന്നുവരെ ആരുടേയും മുൻപിൽ ഇങ്ങനെ തലകുനിച്ചിരുന്നു കണ്ടിട്ടില്ലെന്ന്.
ഏറ്റവും പ്രിയപ്പെട്ട മകൾ കാരണം ഇന്ന് അതും ഉണ്ടായെന്ന്.
ശീതൾ മുഖം പൊത്തി വിങ്ങി കരഞ്ഞു. അമ്മുവിന്റെ മിഴികൾ നിറഞ്ഞു.
അവൾക്ക് ശീതളിനെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആയില്ല.
ആദ്യം ഇനി ഇങ്ങോട്ട് വരണ്ട എന്നാ തീരുമാനിച്ചത്. പിന്നെ ഓർത്തു ആർക്കുവേണ്ടി. തോറ്റു പിന്മാറാൻവയ്യ. കോഴ്സ് കംപ്ലീറ്റ് ചെയ്യണം. ഇനി അച്ഛൻ പറയുന്ന പോലെ. അവൾ മുഖം അമർത്തി തുടച്ചു.
വൈകിട്ട് ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങിയ ശീതളിനെ അമ്മു ആശ്വസിപ്പിച്ചു.
എല്ലാം മറക്കണം.
റൂമിൽ ചെന്ന്
വിഷമിച്ചിരിക്കരുത്. ശീതൾ പുഞ്ചിരിച്ചു. ഇല്ലെടി ഞാൻ ഓക്കേ ആണ്.
അപ്പോഴാണ് ശീതളിന്റെ ഫോൺ റിംഗ് ചെയ്തത്. അവൾ ഫോൺ എടുത്തു നോക്കി. അവൾ അമ്മുവിന്റെ മുഖത്തേക്ക് നോക്കി.
കിരൺ ഏട്ടൻ. അവൾഫോൺ സ്വിച്ച് ഓഫ് ചെയ്തു.
അമ്മുവിനോട് യാത്ര പറഞ്ഞു അവൾ വെളിയിലേക്കിറങ്ങി. മുൻപിൽ നിൽക്കുന്ന ആളെ കണ്ട് അവൾ തറഞ്ഞു നിന്നു.
കിരൺ ഏട്ടൻ.
ശീതൾ…
അവൻ വിളിച്ചു.
അവൾ ദൃഷ്ടി മറ്റെങ്ങോ പായിച്ചു.
ഒന്ന് എന്റെ മുഖത്തേക്ക് നോക്കഡോ. ഇത്രപെട്ടെന്ന് എന്നെ മറന്നോ.
ക്ഷമിച്ചു കൂടെ തനിക്ക്.
അറിയാം തന്നെയും തന്റെ വീട്ടുകാരെയും ഒരുപാട് ഇൻസൾട്ട് ചെയ്തുഅച്ഛൻ. അച്ഛന്റെ പേരിൽ ഞാൻ സോറി ചോദിക്കുന്നു.
എനിക്ക് അച്ഛനെ
ധിക്കരിച്ചു ശീലമില്ല അതാ ഞാൻ ഒന്നും മിണ്ടാതെ ഇരുന്നത്. ഞാൻ വീട്ടിൽ ഒന്നു കൂടെ പറയാം. എനിക്ക് നീ ഇല്ലാതെ പറ്റില്ല.
പക്ഷേ എനിക്ക് പറ്റും. ഒരാഴ്ച വേണ്ടി വന്നോ എന്നോട് ക്ഷമ ചോദിക്കാൻ.
എന്നോട് അല്ല ചോദിക്കേണ്ടിയിരുന്നത്. എന്റെ അച്ഛനോട് ആയിരുന്നു. എനിക്ക് എന്റെ അച്ഛൻ കഴിഞ്ഞേയുള്ളൂ മറ്റാരും.
അച്ഛൻ പറഞ്ഞത് എന്താണെന്ന് അറിയുമോ. പ്രേമിച്ചപ്പോൾ ആൺകുട്ടിയെ പ്രേമിച്ചൂടായിരുന്നോ മോൾക്ക് എന്ന്.
എനിക്ക് വേണ്ടതും ആൺകുട്ടിയെ തന്നെയാ.
കിരണേട്ടൻ നിങ്ങളുടെ
സ്റ്റാറ്റസിന് ചേർന്ന ഒരു കുട്ടിയെ വിവാഹം കഴിക്ക്. എന്നെ വിട്ടേക്ക്. ഞാൻ മറക്കാൻ ശ്രമിക്കുകയാണ്. ഇനി ഒരു തിരിച്ചുവരവ് ഇല്ല.
അവൾ നടന്നകന്നു. കിരണിന് ഒന്നും മിണ്ടാതെ നോക്കി നിൽക്കാനേ ആയുള്ളൂ.
ഹോസ്റ്റൽ റൂമിൽ ചെന്ന ശീതൾ തലയിണയിൽ മുഖമമർത്തി വിങ്ങിപ്പൊട്ടി.
അപ്പോഴാണ് അമ്മു വിളിച്ചത്.
അവൾ സ്വരം പരമാവധി ശരിയാക്കി കൊണ്ട് കോൾ എടുത്തു.
നീ എന്തെടുക്കുകയാ.
ഞാനിവിടെയുണ്ട് അമ്മു.
നീ ഓക്കേ ആണല്ലോ അല്ലേ.
ഞാൻ ഒക്കെയാണ്. എനിക്ക് ഒരു കുഴപ്പവുമില്ല. ഇനി നീ ആയിട്ട് കുഴപ്പം ഉണ്ടാക്കാതിരുന്നാൽ മതി. അവൾ ചിരിയോടെ പറഞ്ഞു.
എനിക്ക് ഒരു സമാധാനവും ഇല്ല.
അതാ ഞാൻ വിളിച്ചത്. പിന്നെ നിന്റെ അച്ഛന്റ്റെ നമ്പർ എനിക്ക് ഒന്ന് തരണേ.
എന്തിനാടീ.. ആവശ്യമുണ്ട്. വാട്സ് ചെയ്തേക്കാം. എങ്കിൽ ശെരി.
സൂരജ് വിളിച്ചപ്പോൾ അമ്മു ശീതളിന്റെ വിശേഷം പറഞ്ഞു. ആകെ വിഷമം തോന്നി അവന്. അമ്മുവിനോട് പറഞ്ഞിട്ട് ശീതളിനു കാൾ ചെയ്തു.
സൂരജിന്റെ കാൾ എടുത്ത ശീതളിന് കേൾക്കാൻ കഴിഞ്ഞത് ഏട്ടന്റെ ശീതു മോൾ വിഷമിച്ച് ഇരിക്കുവാണോ എന്ന ചോദ്യമാണ്. അവളുടെ കണ്ണ് നിറഞ്ഞു.
സങ്കടം കൊണ്ട് അവൾക്ക് ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല. അവൻ അവളെ ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. ഒടുവിൽ അവളെ ചിരിപ്പിച്ചിട്ടാണ് അവൻ ഫോൺ വെച്ചത്.
ശീതൾ ഓർത്തു അമ്മുവിനെ പോലെ ഒരു സുഹൃത്ത് തന്റെ ഭാഗ്യമാണ്. ആ ഭാഗ്യത്തിൽ നിന്നാണ് ഒരു ഏട്ടന്റെ സ്നേഹം തരാൻ ഇന്ന് സൂരജ് ഏട്ടനും വന്നത്. അവൾക്ക് മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി.
രണ്ടുദിവസം കഴിഞ്ഞപ്പോൾ ക്ലാസ്സ് നടന്നു കൊണ്ട് ഇരുന്നപ്പോൾ ശീതളിനെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു.
അവൾ ചെന്നപ്പോൾ കണ്ടത് സാറിനോട് സംസാരിച്ചിരിക്കുന്ന അച്ഛനെയാണ്. സാറിനോട് യാത്ര പറഞ്ഞ് വെളിയിലേക്ക് ഇറങ്ങിയ അവളെയും കൊണ്ട് അച്ഛൻ ഹോസ്റ്റലിലേക്കാണ് പോയത്.
എന്താ കാര്യം എന്ന് ചോദിക്കാനുള്ള ധൈര്യം ശീതളിന് ഉണ്ടായില്ല. താൻ തന്നെയാണ് തനിക്ക് തന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തത്.
പഴയതുപോലെ അച്ഛനോട് സംസാരിക്കാൻ എന്തോ ഒരു വിഷമം. അച്ഛനും ഒന്നും മിണ്ടുന്നില്ല.
അവൾക്ക്സങ്കടം തോന്നി. കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഹോസ്റ്റലിൽ ചെന്ന് മേട്രനോട് റൂം വെക്കേറ്റ് ചെയ്യുകയാണെന്ന് പറഞ്ഞപ്പോൾ അവൾ അമ്പരപ്പോടെ അച്ഛനെ നോക്കി.
സാധനങ്ങളെല്ലാം പായ്ക്ക് ചെയ്യാൻ
അച്ഛൻ അവളോട് പറഞ്ഞു.
പിന്നെ
മേട്രനോട് സംസാരിച്ചു കൊണ്ടിരുന്നു.
ഒരുപാട് ഒന്നുമുണ്ടായിരുന്നില്ല.
മൂന്നു ബാഗിൽ കൊള്ളാൻ ഉള്ളതെ ഉണ്ടായിരുന്നുള്ളൂ. ഏകദേശം ഒരു മണിക്കൂറിനുള്ളിൽ അവർ കോളേജിൽ തിരികെ എത്തി.
ക്ലാസിൽ പോകാൻ അച്ഛൻ പറഞ്ഞു. ഒരു മണിക്കൂർ കൂടി ഉണ്ട് ക്ലാസ് കഴിയാൻ. അവൾ സാറിനോട് അനുവാദം വാങ്ങി അമ്മുവിന്റെ അരികിലേക്ക് ഇരുന്നു.
അമ്മു അവളെ നോക്കി. സാർ ക്ലാസ്സിൽ ഉണ്ടായിരുന്നതുകൊണ്ട് അവർക്ക് ഒന്നും സംസാരിക്കാൻ പറ്റിയില്ല.
ക്ലാസ്സ് കഴിഞ്ഞ് എല്ലാവരും പുറത്തിറങ്ങിയതും ശീതൾ അമ്മുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അച്ഛൻ വന്നു അമ്മു.
ഹോസ്റ്റൽ വെക്കേറ്റ്ചെയ്തു.
പഠിപ്പ്നിർത്തുകയാണ് എന്ന് തോന്നുന്നു.
എന്റെ കുഴപ്പം കൊണ്ടാണ് എല്ലാം സംഭവിച്ചത്. അവൾ വിങ്ങിക്കരഞ്ഞു. അമ്മു അവളെ ആശ്വസിപ്പിച്ചു കൊണ്ട് വെളിയിലേക്കിറങ്ങി.
ശീതളിന്റെ അച്ഛന്റെ അരികിലേക്ക് ചെന്നു. അച്ഛൻ അമ്മുവിന്റെ തലയിൽ തലോടി.
കുരുത്തക്കേട് കാണിച്ചെങ്കിലും മോളെ പോലെ ഒരു കൂട്ടുകാരിയെ കിട്ടിയത് ഇവളുടെ ഭാഗ്യംആണ്.
നമുക്ക് പോകാം അച്ഛാ. ഞാൻ സ്കൂട്ടി എടുക്കട്ടെ അവൾ ചിരിയോടെ ശീതളി നോക്കി കൊണ്ട് കൂട്ടി എടുക്കാൻ പോയി.
ശീതൾ ഒന്നും മനസ്സിലാകാതെ അച്ഛനെയും അമ്മുവിനെയും നോക്കി.
വാ കയറ്. അച്ഛൻ കാറിലേക്ക് കയറി.
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി അമ്മുവിന്റെ വീട്ടിലെക്കാണെന്ന്.
അവരെയും പ്രതീക്ഷിച്ചപോലെ മുത്തശ്ശനും മുത്തശ്ശിയും പൂമുഖത്ത് തന്നെ ഉണ്ടായിരുന്നു. കാറിൽ നിന്നും ഇറങ്ങിയശീതളിന്റെ നിറുകയിൽ
ചുംബിച്ചു മുത്തശ്ശി.
ശീതളിന്റെ ബാഗെടുത്തു വെളിയിൽ വെയ്ക്കാൻ അച്ഛനൊപ്പം അമ്മുവും ചെന്നു അമ്പരപ്പോടെ നോക്കി നിന്ന ശീതളിനെ അമ്മു വിളിച്ചു.
നോക്കി നിൽക്കാതെ ബാഗ് എടുത്ത് വെക്കടി. ശീതൾ ചെന്ന് ബാഗ് എടുത്തു അകത്തേക്ക് വെച്ചു.
മോളേ… ശീതളിന്റെ അച്ഛൻ വിളിച്ചു.ഇനി കുറച്ചല്ലേ ഉള്ളു. അതുവരെ ഇവിടെ നിന്നാൽ മതി എന്ന് പറഞ്ഞു അമ്മുവിന്റെ മുത്തശ്ശൻ.
അവൾ ഞെട്ടലോടെ അമ്മുവിനെ നോക്കി. ശീതളിന്റെ കണ്ണുകൾ നിറഞ്ഞു.
അച്ഛന് മോളോട് ഒരു ദേഷ്യവും ഇല്ല.
മക്കൾ തെറ്റ് ചെയ്താൽ അച്ഛനമ്മമാര് അല്ലാതെ ആരാ അവരോട് ക്ഷമിക്കുക. എന്റെ മോൾ വിഷമിക്കേണ്ട. സാരമില്ല.
നന്നായി പഠിക്കണം കേട്ടോ. അച്ഛൻ അവളെ ചേർത്തു പിടിച്ചു.
ശീതൾ വിങ്ങി പൊട്ടി ക്കൊണ്ട് അച്ഛന്റെ നെഞ്ചോട് ചേർന്നു. ചായകുടി കഴിഞ്ഞ് ശീതളിന്റെ അച്ഛൻ പോകാൻ ഇറങ്ങി.
ശീതളിനായി അമ്മുവിന്റെ മുറിയുടെ അടുത്തുള്ള മുറിയാണ് റെഡി ആക്കിയത്. പിന്നീട് ശീതൾ പഴയ വായാടി ആവുകയായിരുന്നു.
അമ്മുവിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായി…. സൂരജിന് ഒരു സഹോദരിയായി… അവളുടെ വിഷമങ്ങൾ ഒക്കെ മറക്കുകയായിരുന്നു.
എന്നും സൂരജ് വീഡിയോകോൾ ചെയ്യുമ്പോൾ ശീതളും ഒപ്പം കൂടും. വരുണും ജോബിയും ആയും നല്ലൊരു സൗഹൃദത്തിൽ എത്തിയിരുന്നു അമ്മു.
ജോബി ശീതളുമായി നല്ല കമ്പനിയായി. എന്നാൽ വരുൺ ശീതളിനോട് ഒന്നും സംസാരിച്ചില്ല. പക്ഷേ മനസ്സിന്റെ ഒരുകോണിൽ ശീതളിനെ അവൻ
എന്നോ കോറിയിട്ടു.
സൂരജിനോടും ജോബിയോടുംഅവൾ കൊഞ്ചി കൊണ്ടു സംസാരിക്കുന്നത് മാറിയിരുന്നു അവൻ കേട്ടുകൊണ്ടിരുന്നു.
വീഡിയോകോൾ ചെയ്യുമ്പോൾ ദൂരെ നിന്ന് അവളെ നോക്കി നിന്നു. അവളുടെ കുട്ടിത്തം നിറഞ്ഞ മുഖവും നിർത്താതെയുള്ള സംസാരവും അവനെ മറ്റൊരു ലോകത്ത് എത്തിച്ചു.
പിന്നെ ഒന്നു കൂടി മനസ്സിലായി തങ്ങൾക്ക് സൂരജിനോടുള്ള പോലെ കറകളഞ്ഞ സുഹൃത്ത് ബന്ധമാണ് അമ്മുവിന് ശീതളുമായും എന്ന്.
വരുൺ സൂരജിനോടാണ്
ശീതളിനോടുള്ള ഇഷ്ടം ആദ്യം സൂചിപ്പിച്ചത്. സൂരജ് വരുണിനോട് കിരണിനെ കുറിച്ചു
സൂചിപ്പിച്ചു. ശീതളിന്റെ വീട്ടുകാരോട് മുത്തശ്ശനെ കൊണ്ട് സംസാരിപ്പിക്കാം
എന്നും സൂരജ് പറഞ്ഞു.
ഇപ്പോഴേ വേണ്ടെന്ന് വരുൺ പറഞ്ഞു. അവരുടെ ക്ലാസ് കഴിയട്ടെ. അതിനുശേഷം ആലോചനയുമായി മുൻപോട്ട് പോകാം.
പിന്നെ അമ്മുവിനോട് ഇപ്പോൾ ഒന്നും പറയേണ്ട സൂരജേ. അവൻ വരുണിനെ നോക്കി ചിരിച്ചു.
അഞ്ചുവർഷമായി ഇവരുമായുള്ള സൗഹൃദത്തിന്.
തനിക്ക് നന്നായി അറിയാം അവനെ. ശീതൾ അവന്റെ കൂടെ സന്തോഷവതിയായിരിക്കും നല്ല മനസ്സുള്ള കുട്ടിയാണ് അവൾ.
അവൻ ഓർത്തു.
(തുടരും )