Monday, April 29, 2024
Novel

രുദ്രഭാവം : ഭാഗം 10

Spread the love

നോവൽ
എഴുത്തുകാരി: തമസാ

Thank you for reading this post, don't forget to subscribe!

 അന്തിമഹാകാളൻ ‘ ബാലെയും കഴിഞ്ഞപ്പോഴേക്കും സമയം അഞ്ചു മണി കഴിഞ്ഞിരുന്നു…. അത്രയും നേരം ഇണക്കിളിയുടെ ചൂടേറ്റ് ഭാവയാമി ഇരുന്നു…. രുദ്രനോടൊപ്പമുള്ള ഓരോ നിമിഷവും അവൾക്ക് സ്വപ്ന സാക്ഷാത്കാരം പോലെ ആയിരുന്നു…. പോകാമെന്നു പറയുമ്പോഴും രുദ്രനോടൊപ്പം എണീക്കാൻ അവൾക്ക് മടി തോന്നി…

രുദ്രന്റെ ചുവന്ന ബുള്ളറ്റിന്റെ പുറകിൽ മഞ്ഞിനേയും കൂട്ടുപിടിച്ചുകൊണ്ടിരുന്നു പോകുമ്പോൾ അവർ രണ്ടും ഒരുമിച്ചുള്ളൊരു ജീവിതം സ്വപ്നം കണ്ടു….

തന്റെ വയറിൽ ചുറ്റിപ്പിടിച്ച വിരലുകളെ രുദ്രൻ പ്രണയത്തോടെ വേദനിപ്പിച്ചുകൊണ്ടിരുന്നു…….. കൈ പിൻവലിക്കാതെ ഭാവയും മുറുകുന്ന കൈവിരൽ സ്പർശത്തെ ആസ്വദിച്ചു….

കോവിലിനുള്ളിലെ രുദ്രൻ പോലും അവരുടെ പ്രണയത്തിനു കൂട്ടുനിൽക്കുകയാണെന്ന് തോന്നി… ആരെയും അറിയിക്കാതെ അവരുടെ പ്രണയം രുദ്രനും കാത്തു വെച്ചു….

തിരുമേനിയുടെ മകനായ രുദ്രന്റെയും ഭാവയാമിയുടെയും പ്രണയം എല്ലാവർക്കും അജ്ഞാതമായിരുന്നു…..

പക്ഷേ………..

” തിരുമേനീ….അമ്പലത്തിൽ മിക്കപ്പോഴും വരാറുള്ള പെൺകുട്ടിയില്ലേ…?..
അതെവിടെയുള്ളതാ? ”

അമ്പലത്തിലെ ഖജാൻജിയായ സത്യനാരായണൻ ചോദിച്ചു…..

ഏതാ സത്യാ… ഇന്നലെ രാവിലെ ഭജന പാടിയ കുട്ടിയാണോ?

അതേ…… അത് തന്നെ….. ഇവിടെ ഈ നാട്ടിൽ എങ്ങും മുൻപ് കണ്ടിട്ടില്ല… പക്ഷേ ഈയിടെ ആയിട്ട് പലപ്പോഴും ഇവിടെ കാണാറുണ്ടല്ലോ…

തിരുമേനി : അത് ഇവിടെ ഉള്ള കുട്ടിയല്ല… എറണാകുളംകാരിയാ.. പഠിക്കാൻ വന്നതാ പട്ടത്ത്….. ഇടയ്ക്ക് ഇടയ്ക്ക് വരാറുണ്ട് ഇവിടെ… നല്ല ഭക്തി ഉള്ള കുട്ടിയാ….

തിരുമേനീ…. ഇവിടെ ഒരു ചർച്ച നടക്കുന്നുണ്ടേ…. ആ വരവ് അത്ര നല്ലതല്ലെന്ന്…. ആ കുട്ടിയുടെ ഓരോ മട്ടും ഭാവവുമൊക്കെ കണ്ടിട്ട് അത് ശരിയായ പോക്കല്ല…. ഭക്തി അല്ലെന്നാ ഇവിടെ എല്ലാവരും പറയുന്നത്…. തിരുമേനി ഇതൊന്നും അറിയാഞ്ഞിട്ടാ….

അങ്ങനൊന്നും ഇല്ല സത്യാ….. അതിന്റെ സത്യസന്ധമായ ഭക്തി ആണ്… വെറുതെ അതിനെ പ്രതിക്കൂട്ടിൽ ആക്കണ്ട..

സത്യൻ :
പണ്ട് അമ്പലങ്ങളിൽ ഇങ്ങനെ ഓരോ സ്ത്രീകൾ വന്നു മൂർത്തിയെ തന്നെ അടിച്ചുകൊണ്ടു പോകും…

അവര് ഉദ്ദേശിക്കുന്നിടത്തേക്ക് കൊണ്ട് പോയി ഇരുത്തും എന്നൊക്കെ ആൾക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്… ഇത് അങ്ങനെ ഏതോ ഉദ്ദേശത്തിൽ വന്നതാവാനാ സാധ്യത…. അവള് നമ്മുടെ രുദ്രനെ കൊണ്ട് പോവാൻ വന്നവളാ തിരുമേനീ…

നമ്മുടെ ഈ ദേശം കാക്കുന്ന മൂർത്തിയാ…. അതിനെ കണ്ട വരത്തന്മാർക്ക് വിട്ടു കൊടുക്കണോ…. സംശയം ഉണ്ടെങ്കിൽ തിരുമേനി തന്നെ ആ പെണ്ണ് ഇനി വരുമ്പോൾ ശ്രദ്ധിച്ചു നോക്ക്…

സത്യൻ പറഞ്ഞ സ്ഥിതിക്ക് ഞാനൊന്ന് ശ്രദ്ധിച്ചേക്കാം….. ഞാൻ ഇറങ്ങട്ടെ ഏതായാലും… ഇന്നലെ മുതൽ ഓടിയോടി ഞാനാകെ മടുത്തു…. ഒന്ന് കിടക്കണം ചെന്നിട്ട്…

പുറത്ത് കാത്തുനിന്ന ശാന്തിസ്വരൂപിന്റെ ബൈക്കിലേക്ക് അയാൾ കയറി…..

എന്തായിരുന്നു അച്ഛാ….. സത്യൻചേട്ടൻ ആയിട്ട്… ഇന്നലത്തെ കണക്കുകൾ വല്ലതും ആണോ….? .. കാര്യായിട്ടുള്ള ചർച്ച ആയിരുന്നു എന്ന് തോന്നുന്നു….

അത് ഞാൻ വീട്ടിൽ വന്നു പറയാറുള്ള ഡോക്ടറാവാൻ പഠിക്കുന്ന കുട്ടിയില്ലേ… അതിന്റെ കാര്യം പറഞ്ഞതാ….

എന്താ… അതിനു വല്ല കല്യാണാലോചനയും ആയിട്ട് വന്നതാണോ?

അതൊക്കെ ആണെങ്കിൽ സമാധാനിക്കാമായിരുന്നുലോ….

ഇതതൊന്നുമല്ലാ സ്വരൂപേ… ആ കുട്ടി നമ്മുടെ രുദ്രനെ കൊണ്ട് പോവാൻ വന്നതാണെന്നും പറഞ്ഞു വാലിന് തീപിടിച്ചപോലെ നടപ്പാത്രെ അമ്പലക്കമ്മറ്റിക്കാര്….

ഇതിപ്പോ ഞാൻ മാത്രേ അറിയാത്തതായുള്ളു….

ഏത് രുദ്രനെ കൊണ്ട് പോകുമെന്നാണോ ആവോ?

ചിരി കടിച്ചു പിടിച്ചു ശാന്തിസ്വരൂപ് ചോദിച്ചു….

ഡാ…. ഇത് തമാശയല്ല….ഭാവയാമി നമ്മുടെ ഭഗവാനേ കൊണ്ട് പോകുമെന്നാ അവര് പറയുന്നത്…. ദേവനെ വശീകരിച്ച് കൊണ്ടുപോകാൻ വന്നതാ ആ മോളെന്നാണ് അയാൾ പറയുന്നത്…

വീടിന്റെ മുറ്റത്ത് അപ്പോഴേക്കും എത്തിയിരുന്നു….

ഇക്കാലത്തു ഭഗവാനെ വശീകരിച്ചെടുക്കാൻ പെണ്ണ് വരുമെന്ന് പറയുന്ന ആൾക്കാർ ഒക്കെ ഉണ്ടോ അച്ഛാ ?

ദേഷ്യത്തോടെ ചോദിക്കാനേ അയാൾക്ക് പറ്റിയിരുന്നുള്ളൂ…

കാലം മാറിയാലും മാറാത്ത ചില മനുഷ്യ മനസ്സുകളുണ്ട്മോനേ.. … ഞാനൊന്ന് അന്വേഷിക്കട്ടെ എന്താ കാര്യമെന്ന്….

അച്ഛൻ കയറിപ്പൊയ്ക്കോളൂ… എനിക്ക്… എനിക്കിത്തിരി തിരക്കുണ്ട്… ഒരാളെ വിളിക്കണം …

ഫോണിൽ നമ്പർ ഡയൽ ചെയ്തുകൊണ്ട് ശാന്തിസ്വരൂപ് മുറ്റത്തേക്കിറങ്ങി നടന്നു…….

☸️☸️☸️☸️☸️☸️☸️☸️☸️☸️☸️☸️☸️☸️☸️☸️☸️

അടുത്ത ദിവസം അമ്പലത്തിൽ എത്തിയ ഭാവയാമിക്ക് മുന്നിൽ ഒരാൾ തടസ്സമായി നിന്നു…

” കുട്ടി ഇനി ഈ അമ്പലത്തിൽ വരരുത്….ഇത് കമ്മറ്റി തീരുമാനമാണ്….. തിരിച്ചു പോകണം ”

അതെന്താ ചേട്ടാ… എന്തെങ്കിലും പ്രശ്നമുണ്ടോ….

അത് കുട്ടിക്ക് കയറാൻ പറ്റില്ലാന്ന് ഉള്ളു… പൊയ്ക്കോ…

എനിക്ക് അശുദ്ധി ഒന്നുമില്ലല്ലോ.. പിന്നെന്താ…

കണ്ട വരത്തന്മാര് വന്നു കമ്മറ്റി തീരുമാനത്തെ ചോദ്യം ചെയ്യുന്നോടീ… കേറാൻ പറ്റില്ലെന്ന് നിന്നോടല്ലേ പറഞ്ഞത്…..

അത് ചേട്ടൻ മാത്രം അങ്ങോട്ട് തീരുമാനിച്ചാൽ മതിയോ…..

അവന്റെ തീരുമാനം അല്ല കുട്ടീ… ഞങ്ങളെല്ലാവരും കൂടി ഒരുമിച്ചു തീരുമാനമെടുത്തതാ….

ശബ്ദം കേട്ട ഭാഗത്തേക്ക് ഭാവ തിരിഞ്ഞ് നോക്കി…

അമ്പലത്തിൽ പലപ്പോഴായി കണ്ടിട്ടുള്ള അഞ്ചാറുപേരും ഉണ്ടായിരുന്നു…

അങ്കിളേ… ഞാനെന്ത് തെറ്റ് ചെയ്തിട്ടാ…. ഞാനൊന്ന് കേറി തൊഴുതോട്ടെ?….. പ്ലീസ്…

നിനക്ക് പറഞ്ഞാൽ മനസിലാവില്ലേടീ…. നീയാരാണെന്നാ നിന്റെ വിചാരം… മോഹിനിയോ…. രംഭയോ…. ഏഹ്… ആരാ…..

നിന്റെ സൗന്ദര്യം കാട്ടി ഇവിടെനിന്നും ഈ ദേശം കാക്കുന്ന മൂർത്തിയെ കൊണ്ടുപോകാമെന്ന് ഒരുത്തിയും കരുതണ്ട… അതിന് ഞങ്ങളൊക്കെ മരിക്കണം…

ഞാനൊന്ന് തൊഴുതിട്ടു വേഗം പൊയ്ക്കൊള്ളാം…

ഞാൻ ഒരു ഉപദ്രവവും ചെയ്യുന്നില്ലല്ലോ ആർക്കും… ഒന്ന് കണ്ടാൽ മതി ഭഗവാനെ … അല്ലെങ്കിൽ ചിലപ്പോൾ… ഭ്രാന്താവുമെനിക്ക്…. ഒരുവട്ടം കണ്ടോട്ടെ ഞാൻ……

തിരുമേനിയോട് ചോദിച്ചു നോക്ക്….. ഞാൻ എന്തെങ്കിലും നിഷ്ഠ തെറ്റിച്ചെന്നു തോന്നുന്നുണ്ടോ ഇവിടെ നിൽക്കുന്ന ആർകെങ്കിലും…..

പറ്റില്ല…… കുട്ടി പോ……. ഇനി ആരോടും ഒന്നും ചോദിക്കാൻ താല്പര്യമില്ല ആർക്കും…. ഞങ്ങളുടെ അമ്പലത്തിലെ കാര്യം തീരുമാനിക്കുന്നത് ഞങ്ങളാ…..

വയസ്സായ ഒരാളുടെ അവസാന തീരുമാനം കൂടി വന്നതോടെ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നവൾക്ക് മനസിലായി…..

മനസ്സിൽ രുദ്രനെ ഓർത്തുകൊണ്ട് അവൾ തിരിഞ്ഞു നടന്നു… ഇടയ്ക്ക് ഇടയ്ക്ക് രുദ്രന്റെ കോവിലിലേക്ക് തിരിഞ്ഞു നോക്കി നടന്ന അവളുടെ കണ്ണിൽ നിന്നും തുള്ളികൾ മണ്ണിൽ വീണുടഞ്ഞു……

അന്നത്തെ രാത്രി രുദ്രനും ഭാവയാമിക്കും ഒരുപോലെ നിദ്രാവിഹീനമായിരുന്നു…..

തന്റെ രുദ്രനെ കാണാൻ പറ്റാത്ത വിഷമത്തിൽ വെന്തുരുകി ഭാവയും, ഉണ്ണാൻ നേരത്ത് എല്ലാവരുടെയും നടുവിലിരുന്ന് അച്ഛൻ ഇന്ന് അമ്പലത്തിൽ വെച്ച് അവൾക്ക് നേരിട്ട അപമാനമറിഞ്ഞിട്ടും എന്തിനി ചെയ്യേണ്ടെന്നറിയാതെ പിടയുകയായിരുന്നു അവളുടെ രുദ്രനും..

രണ്ടാഴ്ചയോളം രുദ്രനെ കാണാതിരുന്ന ഭാവയാമി, സങ്കടത്തിന്റെ മറുതീരം കാണാ കടലിൽ പെട്ടു നിൽക്കുകയായിരുന്നു….

ശിവരാത്രിയുടെ രണ്ടാഴ്ചയ്ക്ക് ശേഷം അവൾ പിന്നെയും ചെന്നു അരിയന്നൂർ ക്ഷേത്രത്തിൽ…. പക്ഷേ അന്നവൾ വരുന്നതും കാത്ത് ആരുമുണ്ടായിരുന്നില്ല, അമ്പലമുറ്റത്ത്….

വാരിച്ചുറ്റിയ സാരിയും ഉറക്കം കിട്ടാതെ അവശരായ കണ്ണുകളും ഇക്കഴിഞ്ഞ ദിവസങ്ങൾ കൊണ്ട് അവൾ അനുഭവിച്ചതൊക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു….

ആഴ്ചകളായി മുടങ്ങിയ ട്യൂഷനും ഉറക്കമില്ലായ്മയും പഠനത്തിലെ ശ്രദ്ധക്കുറവും ആയിരുന്നു അവൾക്ക് കഴിഞ്ഞ ദിവസങ്ങളിലെ സമ്പാദ്യം….

മിഴിയടക്കുമ്പോഴുമെന്നിൽ നിറയും
ശ്രീനീലകണ്ഠനേ….. പെരുമാളേ….
കൈകൂപ്പി നിൽപ്പൂ ഞാൻ നിന്റെ മുന്നിൽ….
തൊഴുതു കൊതിതീരില്ലെൻ ദേവാ…
ചന്ദ്രകലാധരാ നിൻ മുഖം കണ്ടിട്ടും….

( കടപ്പാട് : എന്നോട് തന്നെ )

വിഗ്രഹത്തിൽ കണ്ണും നട്ടുറക്കെ പാടുന്ന ഭാവയെ കണ്ടു വേഗം തന്നെ അകത്തു നിന്നും തിരുമേനി ഇറങ്ങി വന്നു… അപ്പോഴേക്കും ചാലിട്ട് കണ്ണുനീർ ഒഴികിയിറങ്ങി ഭാവയുടെ കണ്ണിൽ നിന്നും…..

എന്തിനാ കുട്ടീ നീയിങ്ങോട്ട് വന്നത്….. അന്ന് നേരിട്ട് കണ്ടതല്ലേ നീ ഇവിടത്തെ ആൾക്കാരുടെ സ്വഭാവം… എന്നിട്ടും എന്തിനാ മോളേ…… (തിരുമേനി )

കാണാതിരിക്കാൻ വയ്യാത്തതുകൊണ്ടാ തിരുമേനീ… അത്രയ്ക്ക് ഇഷ്ടാ ഈ രുദ്രനെ…. നെഞ്ചുപൊട്ടിപോകുമെന്ന് തോന്നിയിട്ടാ ഞാൻ ഓടിവന്നത്…

ഇന്നും കൂടി ഈ രൂപം കണ്ടില്ലായിരുന്നെങ്കിൽ പിന്നേ ഞാൻ ഭ്രാന്തി ആയിട്ടുണ്ടാകുമായിരുന്നു… അതാ ഞാൻ ഓടിവന്നത്…

ഞാൻ വല്ല അപരാധവും ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ കാലു പിടിക്കാം തിരുമേനീ ഞാൻ… പക്ഷെ കാണരുതെന്ന് മാത്രം പറയല്ലേ എന്നോട്….

ഇത്ര ധൈര്യം ഉണ്ടായിരുന്നോ നിനക്ക്…. അന്യ നാട്ടിൽ വന്നു പൂണ്ടു വിളയാടാമെന്നു വെറുതെ കരുതണ്ട കൊച്ചേ…. നിനക്ക് നോവും….

ഇറങ്ങിക്കോ ഈ നിമിഷം ഇവിടെ നിന്ന്….. നീ ഇറങ്ങിയിട്ട് വേണം തന്ത്രിയെ വിളിച്ചു ശുദ്ധി കലശം നടത്താൻ….

അവളുടെ അടുത്തേക്ക് വന്നു നിന്ന് കൊണ്ട് അന്ന് അവളെ അപമാനിച്ച അതേ ചെറുപ്പക്കാരൻ അലറി…..

ഭാവ : അങ്ങനൊന്നും ഭാവ പോവില്ല…. നിങ്ങളുടെ മാത്രമല്ല രുദ്രൻ…. എന്റെ കൂടിയാ…. എന്റെ പ്രാണനും വിശ്വാസവും പ്രതീക്ഷയുമാണ് ആ നാല് ചുവരുകൾക്കുള്ളിൽ ഇരിക്കുന്നത് … എന്നെ ഇവിടിന്നിറക്കി വിട്ടിട്ട് ഏത് കലശം നടത്തിയാലും ഇവിടെ ശുദ്ധി വരില്ല…

രുദ്രന്റെ ഭാവയാ പറയുന്നത്….. എന്നെപ്പോലെ ഈ രുദ്രനെ സ്നേഹിച്ചവരാരും ഈ കൂട്ടത്തിലുണ്ടാവില്ല…. ഉണ്ടെങ്കിൽ പറയ്…..

ഒച്ചപൊക്കുന്നോടീ അസത്തെ……

കൈ വീശി ഒരു അടി ആയിരുന്നു ഭാവയ്ക്ക് കിട്ടിയത്… അയാളുടെ നഖം കൊണ്ട് അവളുടെ കണ്ണിനുള്ളിൽ പോറി… രണ്ടു കണ്ണുകളും രക്തവർണം പ്രാപിച്ചു….

രുദ്രാ…. നിന്റെ ഭാവയാണ് സർവം തകർന്ന് നില്കുന്നത്… ഇനിയും വേണോ രുദ്രാ നിനക്കീ മൗനം…. നിന്നെ കാണാതെ വെമ്പുന്ന എന്റെ മനസ് കാണാതെ പോവാണോ നീ…

രുദ്രന്റെ നടയിലേക്ക് വീണവൾ പൊട്ടിക്കരഞ്ഞു….

അപ്പോഴേക്കും ചുറ്റും നിൽക്കുന്ന ആൾക്കാരുടെ എണ്ണവും കൂടിക്കൂടി വന്നു… എല്ലാവരുടെയും കണ്ണുകൾ അവളിലായിരുന്നു…

എണീക്ക്…. എണീക്കടീ…… മതി കരഞ്ഞത്… ഇല്ലെങ്കിൽ കൊന്ന് ആറ്റിലിടും…..

അവളുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് അയാൾ മുറ്റത്തേക്കിറങ്ങി….

പെട്ടെന്നവൾ അയാളെ തള്ളിമാറ്റി മഹാദേവന്റെ മുന്നിലുള്ള നന്തി ശില്പത്തിന്റെ അടുത്തേക്ക് ഓടി…..

അയാൾ തിരിഞ്ഞു വരുമ്പോഴേക്കും അവളവിടെ എത്തിയിരുന്നു… നന്തിയുടെ ചെവിയിലേക്കവൾ ചുണ്ട് ചേർത്തു…

മഹാദേവാ….. നന്തിയുടെ ചെവിയിൽ പറഞ്ഞാൽ നീയും കേൾക്കുമെന്നല്ലേ…ഒന്ന് വാ ദേവാ… നീയെന്റെ രുദ്രനായിട്ട്…

നിന്റെ മുന്നിൽ വെച്ചെന്നെ സങ്കടപ്പെടുത്തുന്നത് കണ്ടിട്ടും കണ്ണടയ്ക്കുവാണോ നീ…. ഒരിക്കൽക്കൂടി വാ രുദ്രാ നീ എന്റെ മുന്നിൽ… കണ്ണ് നിറയെ കണ്ടോട്ടെ ഞാനൊന്ന്….

രണ്ടു കൈകൊണ്ടും അവൾ കണ്ണുനീർ തുടച്ചു..

ആ നേരം കൊണ്ട് അയാൾ ഓടി വന്നവളുടെ നീണ്ട മുടിയിൽ പിടിച്ചു വലിച്ചുയർത്തി കറക്കിയിട്ട് മുറ്റത്തേക്കെറിഞ്ഞു .. മെറ്റൽ പാകിയ തറയിലമർന്നു നെറ്റിയും ചുണ്ടും പൊട്ടി…

കൽച്ചീളുകൾ കൊണ്ട് പോറി കവിളുകൾ നീറി… എന്നിട്ടും മടങ്ങാൻ അവളൊരുക്കമായിരുന്നില്ല…

അജയ്… ആ കുട്ടിയെ ഇനി ഒന്നും ചെയ്യല്ലേ… മോളേ… തിരുമേനി പറയട്ടെ മോളോട്… മോളു തിരിച്ചു പോ…

ഇവിടെ നിന്നാൽ അവരിനിയും നിന്നെ ഉപദ്രവിക്കും…. എനിക്കൊന്നും പറയാൻ പറ്റില്ല… ശമ്പളക്കാരനായ ഞാൻ പറഞ്ഞാലൊന്നും ഇവർ കേൾക്കില്ല….

മോള് തിരിച്ചു പോ…. അച്ഛന്റെ സ്ഥാനത്തു നിന്ന് പറയുവാ… പോ മോളേ… ഇനിയുമിങ്ങനെ ദേഹം മുറിക്കല്ലേ…..

അവളുടെ രണ്ടു കവിളിലും സ്നേഹത്തോടെ പിടിച്ചു കൊണ്ട് തിരുമേനി പറഞ്ഞു….

തിരുമേനീ…. അങ്ങ് കൂടി കണ്ടതല്ലേ… ഞാനെഴുതിയ ഓരോ കത്തിനും രുദ്രൻ മറുപടി എഴുതിയത്…

ആ രുദ്രനെ ആണോ ഞാൻ കൊണ്ടുപോകുമെന്നിവർ പറയുന്നത്….. എന്റെ കത്തിന് രുദ്രൻ മറുപടി തരുമെന്ന് പറഞ്ഞെന്നെ രുദ്രനോടടുപ്പിച്ചത് തിരുമേനി അല്ലേ…

എനിക്ക് രുദ്രന്റെ കഥ പറഞ്ഞു തന്നെന്നെ ഇങ്ങോട്ട് എന്നെ ആദ്യ ദിവസം തന്നെ പറഞ്ഞു വിട്ടത് ചേട്ടനല്ലേ… നിങ്ങൾക്കൊക്കെ ഞാനെപ്പൊഴാ ചതുർത്ഥിയായത്…

കൗണ്ടറിൽ ഇരിക്കാറുള്ള ആളെയും നോക്കി അവളൊന്നുകൂടി എങ്ങി….

ചുറ്റിനും ഉള്ള ആൾക്കാർ പറഞ്ഞു പറഞ്ഞ്, അമ്പലത്തിലെ കാര്യമറിഞ്ഞു ശാന്തിസ്വരൂപ് എത്തിയപ്പോൾ കാണുന്ന രംഗം, ഭാവയാമിയുടെ കവിളിൽ കൂട്ടിപ്പിടിച്ചു നിൽക്കുന്ന അജയനെ ആയിരുന്നു…..

തിരുമേനി ഇതിൽ ഇടപെടേണ്ട… ഇനി എന്ത് ചെയ്യണമെന്നെനിക്കറിയാം…. ഈ പിഴച്ചവൾക്ക് മനസ്സിലാകുമോ അമ്പലത്തിലെ ശുദ്ധിയും അശുദ്ധിയുമൊക്കെ… നശിപ്പിക്കാൻ കച്ച കെട്ടി ഇറങ്ങിയതല്ലേ ഇവള്….

പുറത്തൊന്നും ആണുങ്ങളെ മയക്കാൻ കിട്ടാത്തത്കൊണ്ടാകും അവള് ദേവന്മാരെ അന്വേഷിച്ചിറങ്ങിയത്…. എന്നിട്ട് ഓരോ ദൈവകോപം ഉണ്ടാക്കിവെച്ച് ഈ നാട് കൂടെ മുടിപ്പിച്ചേ അവളടങ്ങൂ….

അവളെ നോക്കി പറയുന്ന അജയന്റെ കൈക്കുള്ളിലിരുന്ന് ആ കുഞ്ഞു മുഖം പിടയ്ക്കുകയായിരുന്നു…..

എല്ലാം കണ്ടു നിന്ന ശാന്തിസ്വരൂപ് ഫോൺ എടുത്തു ചെവിയോട് ചേർത്ത്കൊണ്ടു അച്ഛൻ തിരുമേനിയുടെ അടുത്തേക്ക് വേഗത്തിൽ നടന്നു…

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8

രുദ്രഭാവം : ഭാഗം 9